സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി തുടര്‍ച്ചയായി പത്തു വര്‍ഷം ഭരണത്തിന് നേതൃത്വം നല്കിയ കാലഘട്ടമാണ് പിന്നിടുന്നത്. ഇതിനു മുമ്പ് തുടര്‍ ഭരണം ലഭിച്ചത് അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനായിരുന്നെങ്കിലും, അച്യുതമേനോന് തുടര്‍ച്ചയായി 10 വര്‍ഷം മുഖ്യമന്ത്രി ആകാനായില്ല. ആ നിലയ്ക്ക് സവിശേഷമായ റെക്കോര്‍ഡിന് ഉടമയായിരിക്കുന്നു പിണറായി വിജയന്.
ജനാധിപത്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ‘പോപ്പുലിസ്റ്റ്’ ഏകാധിപതികളുടെ ഉദയമാണ്. ജനപ്രിയ പദ്ധതികളുടെ മറവില്‍ അധികാരം വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുകയും, ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കി അധികാരം നിലനിര്‍ത്തുകയും ചെയ്യുന്ന രീതി ആഗോളതലത്തില്‍ ദൃശ്യമാണ്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപും (ഒരിടവേള വന്നെങ്കിലും), ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബനും, ഇന്ത്യയില്‍ നരേന്ദ്ര മോദിയും പ്രതിനിധാനം ചെയ്യുന്നത് ഈ പ്രവണതയെയാണ്. വിദ്വേഷ രാഷ്ട്രീയവും വ്യക്തിപൂജയും സമന്വയിപ്പിച്ച്് വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന ഈ രീതിയാണ് കേരളത്തില്‍ പിണറായി വിജയനും പിന്തുടരുന്നത്. ഉത്തര്‍പ്രദേശിലും ഒഡീഷയിലും കണ്ടതുപോലെയുള്ള തുടര്‍ഭരണ ഓളം (Incumbency wave) കേരളത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ ബി.ജെ.പി മുന്നോട്ടുവെക്കുന്ന അതേ ‘സ്ട്രോങ്ങ് മാന്‍’ ഇമേജും പി.ആര് തന്ത്രങ്ങളുമാണ് പിണറായി വിജയനും ആയുധമാക്കിയത്.
പിണറായി സര്‍ക്കാറും സോഷ്യല്‍ എഞ്ചിനിയറിംഗും
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുപക്ഷം അധികാരത്തില്‍ വന്നതെങ്കിലും, കഴിഞ്ഞ പത്തു വര്‍ഷം സാക്ഷ്യം വഹിച്ചത് മൂല്യങ്ങളുടെ രാഷ്ട്രീയക്കച്ചവടത്തിനായിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല കോടതി വിധി വന്നപ്പോള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി തന്നെ ആവേശത്തോടെ നേരിട്ടിറങ്ങി. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രഖ്യാപിച്ച് ‘വനിതാ മതില്’ പണിയുകയും ‘നവോത്ഥാന മൂല്യ സംരക്ഷണ സമിതി’ രൂപീകരിക്കുകയും ചെയ്ത സര്‍ക്കാര്‍ വൈകാതെ വലിയൊരു ‘യു-ടേണ്‍’ എടുത്തു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് നവോത്ഥാന നിലപാടുകളെ പാതിവഴിയില്‍ ഉപേക്ഷിച്ചത് കേരളീയ സമൂഹത്തോടുള്ള വഞ്ചനയായിരുന്നു. ഭരണത്തുടര്ച്ച്ക്കായി 2018-ലെ പ്രളയകാലം മുതല്‍ സി.പി.എം ആവിഷ്കരിച്ച ‘സോഷ്യല്‍ എന്‍ജിനീയറിങ്’ പദ്ധതികള്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സാമൂഹിക ഐക്യത്തെയാണ് തകര്‍ത്തത്. മുസ്ലിം-ക്രൈസ്തവ-പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരവിശ്വാസം തകര്‍ക്കുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ഭരണകൂടം പരോക്ഷമായി പിന്തുണ നല്കി.
മുസേ്ലിംകളെക്കുറിച്ച വംശീയമായ മുന്‍വിധികളിലേക്ക് (Islamophobia) കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ നയിക്കാന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ സംഘപരിവാറിന് വലിയ സഹായമായി മാറി. മുസ്ലിം ഭീതി വളര്‍ത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് പകരം, അത്തരം വിദ്വേഷ പ്രചാരണങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ന്യൂനപക്ഷ വിഭാഗങ്ങളെ അപരവത്കരിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടകള്‍ സുഗമമായി നടപ്പിലാക്കാന്‍ ഇടതു ഭരണത്തിലെ പൊലീസ് നയവും രാഷ്ട്രീയ സമീപനങ്ങളും വഴിമരുന്നിട്ടു. ആര്.എസ്.എസ് നിര്‍മിച്ചെടുക്കുന്ന നുണകളെ ഭരണകൂടം മൗനത്തിലൂടെയോ പരോക്ഷമായ ഇടപെടലുകളിലൂടെയോ ശരിവെക്കുന്ന കാഴ്ചയാണ് ഈ ദശകത്തില്‍ കണ്ടത്.
കിഫ്ബിയും വികസന മോഹങ്ങളും
കഴിഞ്ഞ പത്തു വര്‍ഷത്തെ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ ‘വികസന നായകന്’ എന്ന പ്രതിച്ഛായ നിര്‍മിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, ഈ പദ്ധതികളുടെ പിന്നിലെ സാമ്പത്തിക സുതാര്യതയും ജനകീയ പങ്കാളിത്തവും വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ഗെയില്‍ പൈപ്പ്ലൈന് പദ്ധതിയും (444 കി.മീ) ദേശീയപാത 66-ന്റെ വികസനവും (കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ) യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടപ്പെടുന്നു. ഭൂമി ഏറ്റെടുക്കുന്നതിലെ വേഗതയും നഷ്ടപരിഹാര വിതരണവും ഇതിന് സഹായിച്ചു.
യഥാര്‍ഥത്തില്‍ കിഫ്ബി (KIFB), ഓഫ് ബജറ്റ് കടമെടുപ്പിന്റെ പരീക്ഷണശാലയാണ്. ബജറ്റിന് പുറത്തുനിന്നുള്ള ഫണ്ട് ഉപയോഗിച്ച് വികസനം നടത്താന്‍ രൂപീകരിച്ച കിഫ്ബി വഴി ഏകദേശം 62,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. എന്നാല്‍, ഇതിന്റെ തിരിച്ചടവ് ഭാരം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ വരുംകാല വരുമാനത്തെ (പെട്രോള്‍ സെസ്സ്, മോട്ടോര്‍ വാഹന നികുതി) ആശ്രയിച്ചാണെന്നത് സംസ്ഥാനത്തെ വലിയ കടക്കെണിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. സി.എ.ജി (CAG) റിപ്പോര്‍ട്ടുകള്‍ പ്രകാരം കിഫ്ബി വഴിയുള്ള കടമെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന കണ്ടെത്തല്‍ കേന്ദ്ര സര്‍ക്കാരുമായുള്ള കടുത്ത സാമ്പത്തിക-നിയമ പോരാട്ടങ്ങള്‍ക്ക് വഴിതെളിച്ചു.
പിണറായി സര്‍ക്കാറിന്റെ കെ-റെയില്‍ (SilverLine) എന്ന സ്വപ്നം ജനകീയ പ്രതിരോധത്തിന് മുന്നില്‍ തകരുകയായിരുന്നു. ഏകദേശം 64,000 കോടി രൂപ (നീതി ആയോഗിന്റെ കണക്ക് പ്രകാരം ഇത് ഒരു ലക്ഷം കോടിക്ക് മുകളില്‍ വരും) ചിലവ് പ്രതീക്ഷിച്ച സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ കെ-റെയില്‍ ഈ ദശകത്തിലെ ഏറ്റവും വലിയ വിവാദമായിരുന്നു. പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച പഠനമില്ലായ്മയും, ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ ജനകീയ പ്രക്ഷോഭവും കാരണം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമങ്ങള്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ മുഖം തുറന്നുകാണിച്ചു.
റീബില്‍ഡ് കേരളയും പ്രളയാനന്തര പുനര്‍നിര്‍മാണവും സംശയത്തിന്റെ നിഴലിലാണ്. 2018-ലെ മഹാപ്രളയത്തിന് ശേഷം പ്രഖ്യാപിച്ച ‘റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്’ വഴി ലഭിച്ച ആയിരക്കണക്കിന് കോടി രൂപയുടെ വിദേശ സഹായവും ഫണ്ടും എവിടെ ചെലവഴിച്ചു എന്നതിന് വ്യക്തതയില്ല. പല പ്രളയബാധിത പ്രദേശങ്ങളും ഇന്നും പഴയ അവസ്ഥയില്‍ തുടരുന്നു എന്നത് ഭരണപരമായ അനാസ്ഥയുടെ തെളിവാണ്.
വര്‍ധിക്കുന്ന പൊതു കടം
സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിയ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തിക ഭദ്രത തകര്‍ന്നതാണ്. വികസനത്തിന്റെ തിളക്കം പറയുമ്പോഴും ഓരോ മലയാളിയുടെയും മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കടബാധ്യത ഭീമമാണ്. 2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ ആകെ കടം ഏകദേശം 1.57 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍, പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഇത് 4.50 ലക്ഷം കോടി രൂപക്ക് മുകളിലെത്തിയിരിക്കുന്നു. പത്ത് വര്‍ഷം കൊണ്ട് കടബാധ്യതയില്‍ ഉണ്ടായ വര്‍ധനവ് ഏകദേശം 185ശതമാനമാണ്!
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ വലിയൊരു ഭാഗം കടത്തിന്റെ പലിശ തിരിച്ചടക്കാന്‍ മാത്രമായി ചിലവാകുന്നു. 2016-ല്‍ പലിശയിനത്തില്‍ ചിലവാക്കിയിരുന്ന തുകയേക്കാള്‍ ഇരട്ടിയിലധികമാണ് നിലവിലെ അവസ്ഥ. നികുതി പിരിവിലെ പരാജയവും അമിത ധൂര്‍ത്തും കാരണം റവന്യൂ കമ്മി (Revenue Deficit) നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യമുണ്ടായി. ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൃത്യസമയത്ത് നല്കാന് കഴിയാത്ത അവസ്ഥയിലേക്ക് കേരളം ഒരു ഘട്ടത്തിലെത്തി. ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം കുടിശ്ശികയായത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ദൈനംദിന ചിലവുകള്‍ക്ക് പോലും കടമെടുക്കേണ്ടി വരുന്ന, ‘കടമെടുത്ത് മുടിയുന്ന’ സാമ്പത്തിക നയമാണ് ഈ ദശകത്തില്‍ കണ്ടത്. ഇപ്പോള്‍ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുന്നത് കടമെടുത്തുകൊണ്ടാണ്. പത്തു വര്‍ഷത്തിനിടയില്‍ ഭൂരിഭാഗം സമയവും ട്രഷറിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതും വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. കേരളം ഒരു ‘ഡെറ്റ് ട്രാപ്പില്‍’ (Debt Trap) അകപ്പെട്ടിരിക്കുന്നു. വികസനത്തിന് വേണ്ടിയുള്ള കടമെടുപ്പ് എന്ന വാദമുയര്‍ത്തുമ്പോഴും, ഉല്‍പ്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനേക്കാള്‍ ഉപഭോഗ ചിലവുകള്‍ക്കും പി.ആര് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് പണം ചെലവാക്കപ്പെട്ടത് എന്ന വിശകലനം പ്രസക്തമാണ്.
ഭവന പദ്ധതിയും ഭൂമി വിതരണവും
‘ലൈഫ് മിഷന്’ വഴി ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീട് നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നേരത്തേയുണ്ടായിരുന്ന വിവിധ ഭവന പദ്ധതികള്‍ ഈ ഒരൊറ്റ പേരില്‍ ഏകോപിപ്പിച്ചു എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. പത്തു വര്‍ഷം കൊണ്ട് 4 ലക്ഷത്തിലധികം പേര്‍ക്ക് ഭവനങ്ങള്‍ നല്കി എന്നാണ് സര്‍ക്കാര്‍ വാദം. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മാത്രം 4.2 ലക്ഷം ഭവനങ്ങള്‍ പുതുതായി നല്‍കിയിരുന്നുവെന്ന് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വിദേശ സഹായം സ്വീകരിച്ചതിലെ നിയമലംഘനങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.
ദലിത്-ആദിവാസി വിഭാഗങ്ങളുടെ ഭൂമി വിതരണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടാക്കാന്‍ ഈ ദശകത്തിലും സാധിച്ചില്ല. വലിയ തോതില്‍ വന്‍കിട കുത്തകകള്‍ കൈവശം വെച്ച ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ യാതൊരു നീക്കവും ഉണ്ടായില്ല. ഭൂരഹിതരില്ലാത്ത കേരളം എന്ന പേരില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി അവസാനിപ്പിച്ച് ഭൂരഹിതര്‍ക്ക് ഫ്ളാറ്റ് നല്‍കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതോടെ ഭൂപ്രശ്നത്തെ കേവലം പാര്‍പ്പിട പ്രശ്നമാക്കി മാറ്റിത്തീര്‍ത്തു പിണറായിയുടെ ഇ സര്‍ക്കാര്‍.
മദ്യനയത്തിലെ മലക്കംമറിച്ചിലും ലഹരിയുടെ കരാളഹസ്തങ്ങളും
കേരളത്തിന്റെ സാമൂഹിക ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമായ മദ്യനയത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം കണ്ടത് വലിയ അട്ടിമറികളാണ്. 2011-16 കാലഘട്ടത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പത്തു വര്‍ഷം കൊണ്ട് ‘സമ്പൂര്‍ണ്ണ മദ്യനിരോധനം’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 700-ലധികം ബാറുകള്‍ പൂട്ടുകയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി മദ്യവിതരണം പരിമിതപ്പെടുത്തുകയും ബിവറേജസ് കോര്‍പ്പറേഷന്റെ ഒട്ടലെറ്റുകളില് 10 ശതമാനം അടച്ചു പൂട്ടുകയും ചെയ്തു. എന്നാല്‍, ഈ നയത്തിന്റെ തുടര്‍ച്ചയല്ല പിണറായി സര്‍ക്കാരില്‍ നിന്നും കേരളം ഉണ്ടായത്.
‘മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് ലക്ഷ്യം’ എന്ന് പ്രഖ്യാപിച്ചാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൂട്ടിച്ച ബാറുകളെല്ലാം ഘട്ടംഘട്ടമായി തുറന്നു കൊടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മദ്യശാലകളുടെ ദൂരപരിധി കുറച്ചും, ഐ.ടി പാര്‍ക്കുകളില്‍ മദ്യം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചും കേരളത്തെ മദ്യത്തില്‍ മുക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടര്ന്നത്. വരുമാനം വര്‍ധിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെ മദ്യവില്പനയെ പ്രോത്സാഹിപ്പിച്ചപ്പോള്‍, തകര്‍ന്നുപോയത് ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സമാധാനമാണ്. ജനങ്ങളുടെ എതിര്‍പ്പും നിയമ വ്യവസ്ഥകളും മറികടന്ന് കുപ്രസിദ്ധ മദ്യ രാജക്കന്മാരുടെ മദ്യ നിര്‍മാണ ശാല പാലക്കാട് തുറക്കാനുള്ള പരിപാടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. മദ്യം ധാരാളമായി ഒഴുക്കി മദ്യ വര്‍ജ്ജനമാണ് തങ്ങളുടെ ലക്ഷ്യം എന്ന് പറയുന്ന ശുദ്ധ കാപട്യമാണ് സര്‍ക്കാരിന്റേത്.
മദ്യത്തിന്റെ ലഭ്യത വര്‍ധിച്ചതിനൊപ്പം തന്നെ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തം മയക്കുമരുന്നുകളുടെ അനിയന്ത്രിതമായ വ്യാപനമാണ്. ‘ലഹരി വിമുക്ത കേരളം’ എന്ന പേരില്‍ കോടികള്‍ ചെലവാക്കി പരസ്യങ്ങള്‍ നല്കുമ്പോഴും, സംസ്ഥാനത്തെ വിദ്യാലയങ്ങളിലും തെരുവുകളിലും എം.ഡി.എം.എ (MDMA) ഉള്‍പ്പെടെയുള്ള മാരക ലഹരിമരുന്നുകള്‍ സുലഭമായി മാറി. മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതില്‍ മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. മുന്‍പ് കഞ്ചാവ് പോലുള്ള പ്രകൃതിദത്ത ലഹരികളില്‍ ഒതുങ്ങിയിരുന്ന കേരളം, സിന്തറ്റിക് ലഹരിമരുന്നുകളുടെ ഹബ്ബായി മാറിയത് ഈ പത്തു വര്‍ഷത്തിനിടയിലാണ്. ലഹരി മരുന്ന് കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ പത്തിരട്ടിയിലധികം വര്‍ധനവ് ഈ കാലഘട്ടത്തിലെ ‘പൊലീസ് നയത്തിന്റെ’ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും മൂലം നിരാശരായ യുവതലമുറ ലഹരിയുടെ കെണിയില്‍ വീഴുമ്പോള്‍, അത് തടയാനാവശ്യമായ സാമൂഹിക സുരക്ഷാ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. ലഹരി മാഫിയയും ഇടതു രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടരുന്നതായി ഈ നീക്കങ്ങളെല്ലാം സംശയിക്കപ്പെടാവുന്നതാണ്. ചുരുക്കത്തില്‍, മദ്യവര്‍ജ്ജനമെന്ന വ്യാജേന മദ്യശാലകള്‍ വാരിക്കോരി നല്‍കുകയും, മയക്കുമരുന്ന് മാഫിയകള്‍ക്ക് വളരാന്‍ പാകത്തിലുള്ള സാമൂഹിക അന്തരീക്ഷം ഒരുക്കുകയും ചെയ്ത പത്തു വര്‍ഷങ്ങളാണ് കടന്നുപോയത്. ഇത് കേരളത്തിന്റെ വരുംതലമുറയെ ശാരീരികമായും മാനസികമായും തകര്‍ക്കുന്ന വലിയൊരു ചതിക്കുഴിയായി അവശേഷിക്കുന്നു.
ആഭ്യന്തര വകുപ്പും പൊലീസ് നയവും
ഭരണകൂടത്തിന്റെ നിയമനിര്‍വ്വഹണ സംവിധാനത്തെ സംഘ്പരിവാര്‍ താല്‍പ്പര്യങ്ങള്‍ക്കായി വിട്ടുകൊടുത്തുവെന്നതാണ് കഴിഞ്ഞ പത്ത് വര്‍ഷം മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പിന്റെ റെക്കോര്‍ഡ്. ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയാക്കിയതും, വിവാദനായകന്‍ രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി നിയമിച്ചതും തുടക്കം മുതല്‍ വലിയ വിവാദമുണ്ടാക്കി. ഉന്നത പൊലീസ് മേധാവികള്‍ ആര്.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തുന്നത് പതിവായത് ഈ കാലയളവിലാണ്. പൊലീസ് സേനയുടെ പൂര്‍ണ്ണ നിയന്ത്രണം ആര്.എസ്.എസിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിട്ടുകൊടുത്തു എന്ന ആക്ഷേപം ഇടതുപക്ഷത്തിന് അകത്തുനിന്ന് പോലും ഉയര്‍ന്നു. വിദ്വേഷ പ്രചാരകര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ കാട്ടുന്ന വിമുഖതയും, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ വേട്ടയാടലും ഈ ബന്ധത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളം ഇതുവരെ കാണാത്ത ‘വ്യാജ ഏറ്റുമുട്ടല്‍’ കൊലകള്‍ ഈ പത്ത് വര്‍ഷത്തിനിടയിലുണ്ടായി. നിലമ്പൂര്‍ കാടുകളിലും അട്ടപ്പാടിയിലും മാവോയിസ്റ്റുകള്‍ക്കെതിരെ എന്ന പേരില്‍ നടന്ന കൊലപാതകങ്ങള്‍ ജനാധിപത്യ വിശ്വാസികളെ ഞെട്ടിച്ചു. നിയമവാഴ്ച സംരക്ഷിക്കേണ്ട പൊലീസ് തന്നെ നിയമലംഘകരായി മാറുകയായിരുന്നു. കസ്റ്റഡി മരണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ പത്തു വര്‍ഷത്തിലുണ്ടായത്. വരാപ്പുഴയിലെ ശ്രീജിത്ത്, നെടുങ്കണ്ടത്തെ രാജ്കുമാര് തുടങ്ങി നിരവധിയാളുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. പൊലീസിനെ രാഷ്ട്രീയവത്കരിച്ചതും അവര്‍ക്ക് നല്കിയ അമിത സ്വാതന്ത്ര്യവുമാണ് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിവെച്ചത്.
യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ വ്യാപകമായി പ്രയോഗിച്ചു. പന്തീരങ്കാവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുന്നതായിരുന്നു. സംഘ്പരിവാര്‍ വിരുദ്ധ നിലപാടുള്ളവരെ അടിച്ചമര്‍ത്താന്‍ പൊലീസ് ഈ നിയമങ്ങളെ ആയുധമാക്കി. ആസൂത്രിതമായി വിദ്വേഷം പടര്‍ത്തുന്ന വ്യക്തികളെ നിയമം വഴി നേരിടുന്നതിന് പകരം അവര്‍ക്ക് പൊലീസ് സംരക്ഷണം നല്കി ആഭ്യന്തര വകുപ്പ്. ഇങ്ങനെ കേരളത്തിന്റെ സാമൂഹിക ധ്രുവീകരണത്തിന് പൊലീസ് തന്നെ കൂട്ടുനിന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ്. ആഭ്യന്തര വകുപ്പിനെ പിണറായി സര്‍ക്കാര്‍ സംഘ്പരിവാറിന്് സൗകര്യപ്പെടുത്തി നല്‍കുകയായിരുന്നു. ഒരു ജനാധിപത്യ സമൂഹത്തില്‍ പൊലീസിനുണ്ടാകേണ്ട സുതാര്യതയും നിഷ്പക്ഷതയും ഈ പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.
ആരോഗ്യ രംഗത്തെ അതിജീവനവും വീഴ്ചകളും
നിപ (2018), കോവിഡ്-19 (2020-22) മഹാമാരികളുടെ കാലത്ത് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു കേരളത്തിന്റെ ആരോഗ്യരംഗം. ഈ പ്രതിസന്ധികളെ ഭരണകൂടം ‘ഇമേജ് ബില്‍ഡിംഗിനുള്ള’ (Image Building) അവസരമാക്കി മാറ്റിയെന്ന വിമര്‍ശനവും അതോടൊപ്പം ശക്തമാണ്. 2018-ലെ നിh ബാധയെ വിജയകരമായി പ്രതിരോധിച്ചത് ലോകശ്രദ്ധ നേടിയെങ്കില്‍, കോവിഡ് കാലത്ത് വൈകുന്നേരങ്ങളിലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതിനേക്കാള്‍ സര്‍ക്കാരിന്റെ പി.ആര് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ് കണ്ടത്. കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാര്‍ വലിയ അലംഭാവം കാട്ടി. പതിനായിരക്കണക്കിന് മരണങ്ങള് പട്ടികയില്‍ നിന്ന് പുറത്തായതും സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്ന് പട്ടിക പുതുക്കേണ്ടി വന്നതും സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ത്തു. യഥാര്‍ഥ മരണസംഖ്യ മറച്ചുവെച്ച് ‘കേരള മോഡല്‍’ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് ഭരണകൂടം ശ്രമിച്ചത്.
കഴിഞ്ഞ ദശകത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഉണ്ടായ ചികിത്സാ പിഴവുകള്‍ ഞെട്ടിക്കുന്നതായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും വലിയ വീഴ്ചയായി. സമാനമായ നിരവധി കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എങ്ങും ദൃശ്യമാണ്. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ ഇപ്പോഴും അത്യാധുനിക സജ്ജീകരണങ്ങളുടെ കുറവുണ്ട്. സ്കാനിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത് പതിവായതോടെ സാധാരണക്കാര്‍ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവും മരുന്നുകളുടെ ക്ഷാമവും ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി. കോവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് (KMSCL) വഴി പി.പി.ഇ കിറ്റുകളും മാസ്കുകളും വാങ്ങിയതില്‍ ഭീമമായ അഴിമതി നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. മൂന്നിരട്ടിയിലധികം വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയത് ഭരണകൂടത്തിന് കീഴില്‍ നടന്ന ആസൂത്രിത അഴിമതിയുടെ തെളിവാണ്.
ആരോഗ്യപ്രവര്‍ത്തകരെ ‘കൊറോണ വാരിയേഴ്സ്’ എന്ന് പുകഴ്ത്തുമ്പോഴും അവര്‍ക്ക് ശമ്പള വര്‍ധനവോ ആനുകൂല്യങ്ങളോ നല്കുന്നതില് സര്‍ക്കാര്‍ വൈമുഖ്യം കാട്ടി. പി.എസ്.സി വഴി സ്ഥിരം നിയമനങ്ങള്‍ നടത്തുന്നതിന് പകരം കരാര്‍ നിയമനങ്ങള്‍ പ്രോത്സാഹിപ്പിച്ചത് ആരോഗ്യ സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചു. പരസ്യങ്ങള്‍ക്കും പി.ആര് വര്‍ക്കുകള്‍ക്കും നല്കിയ പ്രാധാന്യം ആരോഗ്യരംഗത്തെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ നല്‍കിയില്ല. ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടായ ഭരണപരമായ അനാസ്ഥയും സുതാര്യതയില്ലായ്മയും ‘കേരള മോഡല്‍’ എന്നത് വെറുമൊരു മരീചികയായിരുന്നുവെന്ന് തെളിയിക്കുന്നു.
പാര്‍ട്ടി-ഭരണകൂട ലയനം
ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടിയും രണ്ട് തട്ടുകളിലായി നില്ക്കേണ്ടതാണ്. എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ മെഷിനറിയെ സി.പി.എമ്മിന്റെ പോഷക സംഘടനയെപ്പോലെ ഉപയോഗിക്കുന്ന കാഴ്ചയാണ് കണ്ടത്. ഭരണത്തുടര്‍ച്ചക്കായി തയ്യാറാക്കിയ ‘സോഷ്യല്‍ എന്‍ജിനീയറിങ്’ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിച്ച പരിപാടികള്‍ വലിയ വിവാദമായി. നവകേരള സദസ്സ് പോലുള്ള പരിപാടികള്‍ക്ക് വേണ്ടി പൊതു ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് ചെലവിട്ടത്. ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനെന്ന വ്യാജേന നടത്തിയ പാര്‍ട്ടി പ്രചാരണമാണിതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നു.
ആഗോളതലത്തില്‍ സമഗ്രാധിപത്യ സ്വഭാവമുള്ള നേതാക്കള്‍ സ്വീകരിക്കുന്ന ‘സ്ട്രോങ്ങ് മാന്‍’ ഇമേജ് നിര്‍മിച്ചെടുക്കാന്‍ കോടികളാണ് പി.ആര്. ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. മുഖ്യമന്ത്രിയെ രക്ഷകനായി ചിത്രീകരിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മുന്‍ഗണന നല്കി. വിദ്വേഷം പ്രചരിപ്പിക്കുന്ന നേതാക്കളെപ്പോലും പുകഴ്ത്താന്‍ മുഖ്യമന്ത്രി തയ്യാറായത് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചായിരുന്നു. അധികാരത്തുടര്‍ച്ചക്ക് വേണ്ടി ജനാധിപത്യ മര്യാദകളെ കാറ്റില്‍ പറത്തുകയും സര്‍ക്കാര്‍ സംവിധാനങ്ങളെ പാര്‍ട്ടിയുടെ ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്ത പത്തു വര്‍ഷങ്ങളാണ് കടന്നുപോയത്. ഇത് കേരളത്തിന്റെ സാമൂഹിക ഘടനക്ക് തിരിച്ചുപോകാന്‍ സാധ്യമല്ലാത്ത വിധത്തിലുള്ള ആഘാതം സൃഷ്ടിച്ചിട്ടുണ്ട്.
തൊഴിലും സര്‍ക്കാര്‍ ജീവനക്കാരും
കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കളുടെ പ്രതീക്ഷയായ പി.എസ്.സിയെ നോക്കുകുത്തിയാക്കി, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി നിയമനങ്ങളെ അട്ടിമറിച്ച ദശകമാണിത്. എല്‍.ജി.എസ് (LGS), സി.പി.ഒ (CPO) തുടങ്ങിയ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ മാസങ്ങളോളം നടത്തിയ സമരം കറുത്ത അധ്യായമാണ്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിലോ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലോ സര്‍ക്കാര്‍ കാട്ടിയ അനാസ്ഥ അര്‍ഹരായ ആയിരക്കണക്കിന് യുവാക്കളുടെ പ്രായപരിധി കഴിയാന്‍ കാരണമായി. പി.എസ്.സി വഴി നിയമനം നടക്കേണ്ട തസ്തികകളില്‍ ‘കരാര്‍ നിയമനം’ എന്ന പേരില്‍ പാര്‍ട്ടി കേഡര്‍മാരെ തിരുകിക്കയറ്റുന്ന രീതി വ്യാപകമായി. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലികക്കാരെ മാനുഷിക പരിഗണനയുടെ പേരില്‍ സ്ഥിരപ്പെടുത്തുന്നത് വഴി പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ അവസരങ്ങള്‍ ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടു.
പ്രധാന പ്രോജക്റ്റുകളില്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പുകളെ നിയോഗിക്കുകയും അവര്‍ വഴി പി.എസ്.സിക്ക് പുറത്ത് നിയമനങ്ങള്‍ നടത്തുകയും ചെയ്തു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഐ.ടി വകുപ്പിലെ നിയമനം ഇത്തരത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് നടന്ന പിന്‍വാതില്‍ നിയമനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ആയിരക്കണക്കിന് ഒഴിവുകള്‍ നിലവിലുണ്ടായിട്ടും അവ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ താല്‍ക്കാലികക്കാരെ വെച്ച് ഭരണം മുന്നോട്ട് കൊണ്ടുപോയി. ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ നിയമസഭയില്‍ പോലും കൃത്യമായി നല്‍കിയില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് പകരം, സര്‍വ്വീസ് സംഘടനകളെ പാര്‍ട്ടിയുടെ പോഷക ഘടകങ്ങളായി മാറ്റാനാണ് ഭരണകൂടം ശ്രമിച്ചത്. ഭരണവിരുദ്ധമായി സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയും പീഡിപ്പിച്ചും നിശബ്ദരാക്കി. സര്‍ക്കാര്‍ വിലാസം സര്‍വ്വീസ് സംഘടനകള്‍ ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് പറയുന്നതിന് പകരം മുഖ്യമന്ത്രിയുടെ അപദാനങ്ങള്‍ പാടുന്ന കവിതാലാപന സംഘങ്ങളായി മാറി.
സര്‍വ്വകലാശാലകളിലെ അധ്യാപക നിയമനങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് മുന്‍ഗണന നല്കുന്ന രീതി ഈ പത്തു വര്‍ഷത്തിനിടയില്‍ വലിയ നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറന്നു. തൊഴിലില്ലാത്ത യുവാക്കളുടെ വോട്ട് വാങ്ങി അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍, സ്വന്തം പാര്‍ട്ടിക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ജോലി നല്കുന്ന ‘എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്’ ആയി സെക്രട്ടേറിയറ്റിനെ മാറ്റി. ഇത് കേരളത്തിലെ യുവജനങ്ങളുടെ ഭാവിക്ക് മേല്‍ ഏല്‍പ്പിച്ച ആഘാതം വരും ദശകങ്ങളിലും നിഴലിക്കും.
വികസനത്തിന്റെ മരീചികകള്‍ കാട്ടി അധികാരത്തിലേറിയ പിണറായി വിജയന് സര്‍ക്കാര്‍, കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് കേരളത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത സാമൂഹിക തകര്‍ച്ചയും സാമ്പത്തിക അടിമത്തവുമാണ്. ക്ഷേമ പെന്ഷന്, റേഷന്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി യഥാര്‍ഥ കേരളത്തിന്റെ മുഖം മറയ്ക്കാനാവില്ല. പത്തുവര്‍ഷം കൊണ്ട് സ്വാഭാവികമായി മാറുന്ന ആധുനികവത്കരണത്തിനപ്പുറം ഇന്ഫ്രാസ്ടക്ചറുകളിലോ ഘടനയിലോ വിപ്ലവകരമായ പരിവര്‍ത്തനം നടത്താന്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ക്കായില്ല.
