ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിലാണ് നാം ദിയോ ധാസൽ, അർജ്ജുൻ ഡാംഗ്ല, ജെ.വി പവാർ തുടങ്ങിയ എഴുത്തുകാരുടെ നേതൃത്വത്തിൽ മഹാരാഷ്ട കേന്ദ്രീകരിച്ച് ദലിത് സാഹിത്യ പ്രസ്ഥാനം ആവിർഭവിക്കുന്നത്. അതിജീവനത്തിനു വേണ്ടിയുള്ള ദലിതരുടെ പോരാട്ടങ്ങളും പ്രതീക്ഷയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ അദമ്യമായ അഭിലാഷവും എഴുത്തിലൂടെ പ്രതിഫലിക്കപ്പെട്ടപ്പോൾ സാഹിത്യ ലോകത്തിന് അതൊരു പുതിയ അനുഭവമായി മാറുകയായിരുന്നു. വളരെപ്പെട്ടന്ന് തന്നെ ദലിത് സാഹിത്യം ഒരു കൊടുങ്കാറ്റിൻ്റെ പ്രഹരശക്തിയോടെ ഇന്ത്യയിലാകെ അലയടിച്ചു.
എന്നാൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് ദലിത് സാഹിത്യം ഒരു സാംസ്കാരിക നവോത്ഥാന മുന്നേറ്റമായി വികസിക്കുന്നതിനും ഒരു പതിറ്റാണ്ടിന് മുൻപെ കേരളക്കരയിൽ ദലിത് സാഹിത്യ മുന്നേറ്റത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു യശ്ശശരീരനായ പോൾ ചിറക്കരോട് (1938-2008). പൊതുസമൂഹം ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട നിരാലംബരുമായ മനുഷ്യർക്കിടയിൽ ജനിച്ച്, അവരുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിച്ച്, അനന്യമായ സാഹിത്യ രചനകളിലൂടെ അവരുടെ ജീവിതം ആവിഷ്ക്കരിച്ച്, മലയാള സാഹിത്യ ചക്രവാളത്തിൽ ദലിത് സാഹിത്യത്തിന് സ്വന്തമായ സിംഹാസനം സൃഷിച്ചെടുക്കുന്നതിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയ പോൾ ചിറക്കരോട് എന്ന അനുഗൃഹീത എഴുത്തുകാരൻ്റെ 87 മത് ജന്മദിനമാണ് സെപ്തംബർ നാല്.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സാഹിത്യ നിരൂപകൻ, ലേഖകൻ, പത്രപ്രവർത്തകൻ, വിവർത്തകൻ, പ്രഭാഷകൻ,അദ്ധ്യാപകൻ, സാമൂഹ്യ – രാഷ്ടീയ, മനുഷ്യാവകാശ പ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പോൾ ചിറക്കരോട് നാല് പതിറ്റാണ്ട് കാലം നീണ്ടുനിന്ന അനുപമസുന്ദരമായ തൻ്റെ സർഗാത്മക രചനകളിലൂടെയാണ് പ്രതിസന്ധികളെ മറികടന്ന് സാഹിത്യ ലോകത്ത് ഒരിക്കലും ഒളിമങ്ങാത്ത തൻ്റെ കൈയൊപ്പ് അടയാളപ്പെടുത്തിയിട്ടുള്ളത്. നോവലുകൾ, ചെറുകഥാ സമാഹാരങ്ങൾ, ജീവചരിത്രങ്ങൾ, സാഹിത്യ പഠനങ്ങൾ, ദാർശനിക, സാമൂഹ്യ രാഷ്ട്രീയ പഠനങ്ങൾ എന്നിങ്ങനെ വിവിധ സാഹിത്യ മേഖലകളിലായി എണ്ണപ്പെട്ട അറുപതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ് പോൾ ചിറക്കരോട്. വാഗ്മി, ആക്ടിവിസ്റ്റ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ധൈഷണിക വ്യക്തിത്വത്തിൻ്റെ ഉടമ കൂടിയാണ് പോൾ ചിറക്കരോട്. മലയാളത്തിലെ ദലിത് സാഹിത്യത്തിൻ്റെ സുവർണ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അദ്ദേഹത്തിൻ്റെ രചനകൾ ഇപ്പോഴും നമ്മുടെ നോവൽ – കഥാ രചനാ ലോകത്തെ സവിശേഷ സൃഷ്ടികളായും ദലിത് സാഹിത്യത്തിലെ ഉദാത്ത രചനകളായും സ്മാരകശിലകളായി നിലകൊള്ളുന്നു.
1938, സെപ്തംബർ 4-ന് കോട്ടയം ജില്ലയിലെ തിരുവല്ലക്കടുത്ത് മരാമണിൽ റവ.സി.റ്റി. ദാനിയേലിൻ്റെയും ഏലിക്കുട്ടിയുടെയും പുത്രനായിട്ടാണ് പോൾ ചിറക്കരോട് എന്ന അനുഗൃഹീത സാഹിത്യകാരൻ്റെ ജനനം. മരാമണിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കോഴഞ്ചേരി സെൻ്റ് തോമസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തേവര സേക്രട്ട് ഹാർട്ട് കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലായാണ് സർവകലാശാലാ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
കോളജ് വിദ്യാഭ്യാസ കാലത്താണ് പോൾ ചിറക്കരോട് വായനയെയും എഴുത്തിനെയും പ്രസംഗത്തെയും ഗൗരവമായെടുക്കുന്നതും തൻ്റെ എഴുത്ത് ജീവിതത്തിന് ആരംഭം കുറിക്കുന്നതും. കോളജ് വിദ്യാഭ്യാസക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്നെങ്കിലും പിന്നീട് അദ്ദേഹം ദലിത് മുന്നേറ്റങ്ങളോട് സമരസപ്പെടുകയും പ്രസ്തുത മുന്നേറ്റങ്ങളുടെ ചരിത്രപ്രധാന്യം തിരിച്ചറിഞ്ഞ് ആ മുന്നേറ്റങ്ങൾക്കൊപ്പം അതിൻ്റെ അമരക്കാരിൽ ഒരാളായി അടിസ്ഥാന ജനവിഭാഗങ്ങൾക്കൊപ്പം സഞ്ചരിക്കുകയുമായിരുന്നു.
ദലിത് മുന്നേറ്റങ്ങളുടെ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിക്കുമ്പോഴും സമരമുഖങ്ങളിൽ ഒരു സൈദ്ധാന്തികനും പ്രക്ഷോഭകനും പ്രഭാഷകനുമായി പ്രത്യക്ഷപ്പെടുമ്പോഴും സാമൂഹ്യ-രാഷ്ടീയ മണ്ഡലങ്ങളിൽ ദലിതർ നേരിടുന്ന വെല്ലുവിളികളെയും അവഗണനയെയും വിവേചനത്തെയും കേന്ദ്ര പ്രമേയമാക്കി അദ്ദേഹം നിരന്തരം എഴുതി കൊണ്ടിരുന്നു. തത്ഫലമായി ദലിത് സാഹിത്യത്തിലെ ക്ലാസ്സിക്കുകൾ എന്നു വിശേഷിപ്പിക്കാവുന്ന നിരവധി ഉത്കൃഷ്ട സൃഷ്ടികൾ അദ്ദേഹത്തിൽ നിന്നു മലയാളത്തിന് ലഭിക്കുകയുണ്ടായി.
ജാതി സമ്പ്രദായത്തെ ആത്മനിശ്വാസമായി ഉൾക്കൊള്ളുന്ന ഹിന്ദു മതത്തിനുള്ളിലും ജാതിവിവേചനത്തിൻ്റെ കെടുതികൾ പേറുന്ന ക്രിസ്തുമതത്തിനുള്ളിലും ജാതിയുടെ പേരിൽ ദലിതർ നേരിടുന്ന വിവേചനത്തെയും അവഗണനയെയും തുറന്നുകാട്ടി അതിനെതിരെ കലഹിക്കാൻ ദലിതരെ നിരന്തരം ഉദ്ബോധിപ്പിച്ചു കൊണ്ടുമായിരുന്നു പോൾ ചിറക്കരോട് എഴുത്തിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. ഈ അർഥത്തിൽ എഴുത്ത് എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സമൂഹത്തിൽ ആഴത്തിൽ വേരുറച്ചുപോയ മനുഷ്യത്വരഹിതമായ വ്യവസ്ഥിതികൾക്കും തീട്ടൂരങ്ങൾക്കുമെതിരെയുള്ള കലാപവും കലാപത്തിനുള്ള ആഹ്വാനവുമാകുന്നു. ഇതു തന്നെയാണല്ലോ ദലിത് സാഹിത്യത്തിൻ്റെ അന്തസത്തയും. യഥാതഥ വ്യാഖ്യാനങ്ങൾക്കപ്പുറം പ്രതിഷേധത്തിൻ്റെയും വിപ്ലവത്തിൻ്റെയും സാഹിത്യമാണ് ദലിത് സാഹിത്യം എന്ന് പോൾ ചിറക്കരോട് തന്നെ പില്ക്കാലത്ത് എഴുതിയിട്ടുണ്ട്.
ക്രിസ്തീയ സഭകൾക്കകത്തും പുറത്തും ദലിതർ നേരിടുന്ന വിവേചനത്തെയും അവർ നേരിടുന്ന സ്വത്വപ്രതിസന്ധിയെയും കേന്ദ്ര പ്രമേയമാക്കി 1962-ൽ പ്രസിദ്ധീകരിച്ച പുലയത്തറ എന്ന നോവൽ ഒരു ഉദാഹരണം മാത്രം. ഇന്ത്യൻ ദലിത് സാഹിത്യ ചരിത്രത്തിലെ ക്ലാസ്സിക് നോവലുകളിൽ ഒന്നായി എന്നു വിലയിരത്തപ്പെട്ടിട്ടുള്ള പുലയത്തറ തന്നെയാണ് പോൾ ചിറക്കരോടിൻ്റെ മാസ്റ്റർപീസും (2019-ൽ പുലയത്തറക്ക് ഇംഗ്ലീഷ് വിവർത്തനം ഉണ്ടായിട്ടുള്ളതും സ്മരണീയമാണ്).
1957- ൽ ഇൻ്റർമീഡിയറ്റിന് പഠിക്കുന്ന കാലത്ത് എഴുതിയ അലിഞ്ഞു തീർന്ന ആത്മാവാണ് പോൾ ചിറക്കരോടിൻ്റെ ആദ്യ രചന. ഈ നോവലിനെത്തുടർന്ന് നോവലുകളുടെയും ചെറുകഥകളുടെയും ഒരു പ്രവാഹം തന്നെ അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നുണ്ടായി. പ്രവാസം, ആവരണം, സത്യത്തിൻ്റെ മുഖം, മതിൽ, നിഴൽ, ഏകാന്തതയുടെ ദ്വീപ് എന്നീ നോവലുകൾ പിറവി കൊള്ളുന്നതും ഇതേ കാലഘട്ടത്തിൽ തന്നെ.ഭൂരഹിതരും കർഷക തൊഴിലാളികളുമായ ദലിതരുടെ ജീവിത യാഥാർഥ്യങ്ങൾ, ഭൂമിക്കുവേണ്ടിയുള്ള അവരുടെ വിലാപങ്ങൾ, അതിജീവന സംബന്ധിയായ ആകുലതകൾ തുടങ്ങി അവരുടെ വികാരവിചാരങ്ങളെയെല്ലാം ദീപ്തവും ഭാവതീവ്രവുമായി ഈ കൃതികളിലൂടെ ഇദംപ്രഥമായി പോൾ ചിറക്കരോട് മലയാളികളെ പരിചയപ്പെടുത്തി.
ഒരു പക്ഷേ ഭൂപരിഷ്കരണത്തിലൂടെ വഞ്ചിക്കപ്പെട്ട് ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി അന്യവത്ക്കരിക്കപ്പെട്ട മണ്ണിൻ്റെ മക്കളായ ദലിതരുടെ ദയനീയത ഇത്രയേറെ സൂക്ഷമതയോടും ഭാവസാന്ദ്രതയോടും തീഷ്ണതയോടും കൂടി മറ്റേതെങ്കിലും കൃതികളിൽ ഇതിന് മുൻപോ പിൻപോ ആരെങ്കിലും ചിത്രീകരിച്ചിട്ടിട്ടുണ്ടോ എന്നത് സംശയമാണ്.
അന്നുവരെ നിലനിന്നിരുന്ന രചനാ രീതികളെയും ജീവിത പരിസരങ്ങളെയും സർവോപരി സൗന്ദര്യ സങ്കല്പങ്ങളെയുമെല്ലാം ഉലംഘിച്ചുകൊണ്ടായിരുന്നു പോൾ ചിറക്കാരോട് തികച്ചും വ്യത്യസ്തമായ തൻ്റെ ആഖ്യാനശൈലിയിലൂടെയും പ്രമേയാവതരണത്തിലൂടെയും മലയാള നോവൽ രചനാ സമ്പ്രദായത്തെ വെല്ലുവിളിച്ചത് എന്നതും ശ്രദ്ധേയമാണ്. മണ്ണിനും അതിജീവനത്തിനും വേണ്ടി ദലിതർ നേരിടുന്ന വെല്ലുവിളികളാൽ മുഖരിതമാണ് പോൾ ചിറക്കരോടിൻ്റെ രചനകളിൽ ഭൂരിഭാഗവും. അദ്ദേഹത്തിൻ്റെ ഏറ്റവും അധികം വായിക്കപ്പെട്ടിട്ടുള്ള നോവലുകളിൽ ഒന്നായ പുലയത്തറയിലും കുടിയിറക്കലിൻ്റെ ഭീതിദമായ അന്തരീക്ഷവും ക്രിസ്തീയ സഭകൾക്കുള്ളിലെ ജാതീയമായ വിവേചനവും മറയില്ലാതെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ജീവിതം ഹോമിച്ച കുറുമ്പ എന്ന ദലിത് വനിതയുടെ ത്യാഗപൂർണമായ ജീവിതവും അവസാനം അവർക്ക് നേരിടേണ്ടി വന്ന അവഗണനയുമാണ് നായികയുടെ പേരിൽ എഴുതപ്പെട്ട കുറുമ്പ എന്ന നോവലിൻ്റെ പ്രമേയം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എങ്ങനെയാണ് ദലിതരെ കൈകാര്യം ചെയ്തത് എന്നതിൻ്റെ നേർചിത്രം കൂടിയാണ് ഈ നോവൽ. തനിക്കുണ്ടായ അവഗണനയെ കുറുമ്പ അവസാനം വിലയിരുത്തുന്നത് ഇപ്രകാരമാണ്. “ഏങ്ങളെല്ലാം വെറും ഏണികളായിരുന്നു. എനതറിഞ്ഞില്ല, ഏങ്ങളെ ചവിട്ടിച്ചവിട്ടി അവരെല്ലാം മോളിക്കേറിപ്പോയി. ഏങ്ങളിപ്പോഴും താഴെത്തന്നെ കിടക്കുന്നു”.
പുലയത്തറ എന്ന ക്ലാസ്സിക്ക് നോവലിനെ തുടർന്ന് പോൾ ചിറക്കരോട് എഴുതിയ നോവലുകളാണ് മതിൽ, നിഴൽ, വെളിച്ചം എന്നിവ. വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ; ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്നീ കൃതികളുടെ സ്വാധീനം ഈ നോവലുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവയെ തുടർന്നെഴുതിയ ഒരു കുടുംബം പറിച്ചുനട്ടു, ആവരണം, ന്യായാസനം എന്നീ നോവലുകളിലും കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ടീയ മണ്ഡലങ്ങളിൽ ദലിതർ നേരിടുന്ന വിവേചനവും അവഗണനയുമാണ് ഭാവ സാന്ദ്രമായി പ്രമേയവത്ക്കരിക്കപ്പെട്ടിട്ടുള്ളത്.
നോവലുകൾ കഴിഞ്ഞാൽ പോൾ ചിറക്കരോട് ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിൻ്റെ ചെറുകഥകളിലൂടെയും പഠനങ്ങളിലൂടെയും ജീവചരിത്ര രചനകളിലൂടെയുമാണ്. ഒലിച്ചു പോകുന്ന മൺകൂനകൾ, നനഞ്ഞ ഭൂമി എന്നീ ചെറുകഥാ സമാഹാരങ്ങൾക്ക് പുറമെ സമാഹരിക്കപ്പെട്ടിട്ടില്ലാത്ത ജീവിതഗന്ധികളായ നിരവധി കഥകളും അദ്ദേഹത്തിൻ്റേതായുണ്ട്. പോൾ ചിറക്കരോടിൻ്റെ കഥകളിൽ ക്ലാസ്സിക് എന്നു വിശേഷിപ്പിക്കാവുന്ന കഥയാണ് 1981 പ്രസിദ്ധീകരിച്ച ഏലി, ഏലി, ലമമ ശബ്ഗ്ദാനി. ക്രൈസ്തവ മതത്തിൽ ആഴ്ന്നിറങ്ങിപ്പോയ ജാതീയമായ വിവേചനത്തെയും ജാതീയതയുടെ നീരാളിപ്പിടുത്തത്തിൽ ക്രിസ്തുമതത്തിന് സംഭവിച്ച അപചയത്തെയും തുറന്നാക്ഷേപിക്കുന്ന ഈ കഥ ക്രിസ്തുമതത്തിനുള്ളിൽ ഇപ്പോഴും ദലിതർ നേരിട്ടു കൊണ്ടിരിക്കുന്ന വിവേചനത്തിൻ്റെ നേർചിത്രമാണ് അനാവരണം ചെയ്യുന്നത്.
ജീവചരിത്ര പഠനങ്ങളിൽ ബർട്ടൻറ് റസ്സൽ: മാനവരാശിയുടെ മനസാക്ഷി, രവീന്ദ്രനാഥ ടാഗോർ, അംബേദ്കർ: ബൗദ്ധിക വിക്ഷോഭത്തിൻ്റെ തീജ്വാല, ഡേവിസ് ലിവിങ് സ്റ്റൺ എന്നിവ ശ്രദ്ധേയങ്ങളാണ്. റസ്സലിൻ്റെ ജീവിതത്തെയും ദാർശനിക ലോകത്തെയും പരിചയപ്പെടുത്തുന്ന ബർട്ടൻ്റ് റസ്സൽ: മാനവരാശിയുടെ മനസാക്ഷി എന്ന കൃതി റസ്സലിനെപ്പറ്റി മലയാളത്തിൽ എഴുതപ്പെട്ട എക്കാലത്തെയും ഉത്കൃഷ്ട കൃതിയാണ് . ഒരു ദാർശനിക വിമർശകൻ എന്ന നിലയിൽ ഡോ.അംബേദ്ക്കറുടെ ധൈഷണിക ജീവിതത്തെ അടയാളപ്പെടുത്തുന്ന അസാധാരണ രചനയാണ് അംബേദ്കർ ബൗദ്ധിക വിക്ഷോഭത്തിൻ്റെ തീജ്വാല. ദാർശനിക പഠനമായ കറുത്ത വിപ്ളവവും സവിശേഷമായ കൃതിയാകുന്നു.
“ദലിത് ക്രൈസ്തവർ കേരളത്തിൽ” എന്ന കൃതിയാകട്ടെ കേരളത്തിലെ ദലിത് ക്രൈസ്തവരുടെ സാമൂഹ്യ ചരിത്രത്തെയാണ് അടയാളപ്പെടുത്തുന്നത്. ദലിത് സാഹിത്യ പഠനങ്ങൾ (രണ്ട് വാല്യം ), Dalits and the left, The Subaltern uprising എന്നിവയും സവിശേഷമായ രചനകൾ തന്നെ. പടവുകൾ മാസികയുടെ എഡിറ്ററായി പ്രവർത്തിക്കവെ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ച അലൻ പേറ്റൻ്റെ കേഴുക പ്രിയ നാടെ (Cry my Beloved Country ) ആണ് പോൾ ചിറക്കരോടിൻ്റെ അവസാനത്തെ രചന. ഇവക്ക് പുറമെ സമാഹരിക്കപ്പെട്ടിട്ടില്ലാത്ത നിരവധി ലേഖനങ്ങളും ചെറുകഥകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട് എന്നതും വസ്തുതയാണ്. ഇവയെല്ലാം കൂടി ശേഖരിച്ച് പ്രസിദ്ധീകരിക്കുമ്പോൾ മാത്രമെ അദ്ദേഹത്തിൻ്റെ സാഹിത്യ ലോകത്തെ സമ്പൂർണമായി അടയാളപ്പെടുത്താനാകൂ.
