October 10 Saturday 2026

ജന്മി-കുടിയാന്‍ മനോഭാവത്തിന്റെ പ്രതിഫലനമാണ് പട്ടയമേളകള്‍ – ഭൂസമര നേതാവ് ഷാജഹാന്‍ ചേലക്കര സംസാരിക്കുന്നു

1999 ലെ കേന്ദ്ര വിജ്ഞാപനത്തിലെ അംഗീകൃത വനഭൂമി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അവരുടെ അവകാശമായ വനഭൂമിപട്ടയം കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും, ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർണമായും പൂത്തീകരിച്ചതിന് ശേഷവും,നാളിതുവരെ പൂർണ്ണമായും വിതരണം ചെയ്തിട്ടില്ല. ഭരണകൂടം അതിന് താല്‍പര്യമെടുക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത് വ്യക്തമായും ഭരണകൂടത്തിന്റെ പരാജയമാണ്. ഇപ്പോള്‍ വരാനിരിക്കുന്ന തദ്ധേശ-നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഏതാനും പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുതന്നെ ലക്ഷങ്ങള്‍ ചെലവഴിച്ച്, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അണിനിരത്തി പട്ടയമേളകളായി നടത്തുവാനാണ് അധികാരികളുടെ തീരുമാനം. ഇത്തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ജനങ്ങളെ കരുവാക്കുകയാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വരവുവെക്കാനാകുന്ന ഒന്നാക്കി ഇതും മാറ്റുവാനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് വേണം മനസ്സിലാക്കാന്‍.

കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തൃശൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് ഏതാനും പേര്‍ക്ക് നേരിട്ട് പട്ടയം ലഭിച്ചു. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരുപാട് കാലം പോരാടിയാണ് പട്ടയം അനുവദിച്ചുകിട്ടിയത്. അങ്ങനെ അനുവദിക്കപ്പെട്ട പട്ടയം ആവശ്യപ്പെടുമ്പോള്‍ പട്ടയമേളയില്‍ കൈമാറാനാണ് ഉത്തരവെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. പൗരന്റെ അവകാശങ്ങള്‍ സര്‍ക്കാരിന്റെ ഔദാര്യമെന്ന നിലയില്‍ പട്ടയമേളകള്‍ പോലെ ആള്‍ക്കൂട്ടശ്രദ്ധ നേടുന്ന പരിപാടികള്‍ നടത്തി വിതരണം ചെയ്യുന്നത് പഴയ ജന്മി-കുടിയാന്‍ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ പട്ടയമാര്‍ച്ചിന് നേതൃത്വം നല്‍കിയ ഷാജഹാന്‍ ചേലക്കര പറയുന്നു:

” ” തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് തൃക്കണായ യൂണിറ്റ് യോഗത്തിലാണ് ആദ്യമായി വനഭൂമിപട്ടയ വിഷയം ഉന്നയിക്കപ്പെട്ടതോടെയാണ് ഞാന്‍ ഈ വിഷയത്തില്‍ കാര്യമായി ഇടപെടുന്നത്. പ്രശ്‌നം നേരിടുന്ന കുറച്ച് ആളുകളുടെ അഡ്രസ് വാങ്ങി താലൂക്ക് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊടുത്ത അപേക്ഷകളില്‍ പോലും സർവ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല എന്നു മനസ്സിലായി. റവന്യൂ വകുപ്പിന്റെയും വനംവകുപ്പിന്റെയും സംയുക്ത സര്‍വ്വേ പൂര്‍ത്തീകരിച്ച് കേന്ദ്രസര്‍ക്കാരിന് കളക്ടര്‍ പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുക എന്ന പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക എന്ന് ആവശ്യപ്പെട്ട് താലൂക്ക് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ഇതിനിടയില്‍ തലപ്പിള്ളി താലൂക്കിലെ പട്ടയ അപേക്ഷകരുടെ ലിസ്റ്റ് ചോദിച്ച് വിവരാവകാശം കൊടുത്തിരുന്നു.

ജില്ലയിലെ വനഭൂമി പട്ടയ വിതരണത്തിന് വേണ്ടി ഒരു പ്രത്യേക ഓഫീസ് കളക്ടറേറ്റില്‍ ആരംഭിക്കുകയും ആ ഓഫീസിലേക്ക് എല്ലാ താലൂക്കുകളില്‍ നിന്നുള്ള അപേക്ഷകള്‍ മാറ്റുകയും ചെയ്തിട്ടുണ്ടായിരുന്നു. കളക്ടറേറ്റിലെ ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസില്‍ എത്തിയിട്ടുള്ള മൂവ്വായിരത്തിലധികം അപേക്ഷകള്‍ എത്രയും പെട്ടെന്ന് സംയുക്ത സര്‍വ്വേ പൂര്‍ത്തീകരിച്ച് കേന്ദ്രസര്‍ക്കാറിന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കലക്ടറേറ്റിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും കലക്ടര്‍ക്ക് നിവേദനം നല്‍കുകയും റവന്യൂമന്ത്രിയെ കാണുകയും ചെയ്തിരുന്നു. ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മന്ദഗതിയിലായിരുന്നു. ജീവനക്കാര്‍ കുറവായിരുന്നു, വാഹന സൗകര്യമാണെങ്കില്‍ പരിമിതവും. ഈ വിഷയങ്ങളെല്ലാം പൊതുസമൂഹത്തിന് മുന്നിലെത്തിച്ചു.

കലക്ട്രേറ്റിലെ എല്‍.എ ഓഫിസില്‍ നിന്ന് വിവിധ താലൂക്കുകളില്‍ നിന്നായി ലഭിച്ച അപേക്ഷകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. ഇങ്ങനെ കിട്ടിയ ലിസ്റ്റില്‍ ആളുകളുടെ പേരുമാത്രമാണുണ്ടായിരുന്നത്, വീട്ടുപേരുണ്ടായിരുന്നില്ല. 1999 ല്‍ അവസാനമായി കേന്ദ്രാനുമതി വന്ന ലിസ്റ്റ് ചെമ്പൂകാവിലെ എല്‍.എ ഓഫീസ് (പട്ടയം വിതരണം) വിവരാവകാശ പ്രകാരം വാങ്ങി. 25 വര്‍ഷം പിന്നിട്ടിട്ടും ആ ലിസ്റ്റില്‍ ഒട്ടനവധി ആളുകള്‍ ഇനിയും പട്ടയം വാങ്ങാന്‍ ഉണ്ടായിരുന്നു. പട്ടയ വിതരണത്തിലെ കാലതാമസമായിരുന്നു പ്രധാന വില്ലന്‍. അപേക്ഷകന്‍ മരണപ്പെടുക, അനന്തരാവകാശി തര്‍ക്കം പോലുള്ള സങ്കേതിക തടസ്സം, സ്ഥലം കൈമാറ്റം ചെയ്യപ്പെടുന്ന കൈവശ രേഖയില്‍ മുന്‍ അപേക്ഷകരുടെ പേര് രേഖപ്പെടുത്താതെ പോവുക തുടങ്ങി നിരവധി തടസ്സങ്ങള്‍ നേരിട്ടു.

കലക്ട്രേറ്റിലെ എല്‍.എ ഓഫിസില്‍ നിന്ന് വിവിധ താലൂക്കുകളില്‍ നിന്നായി ലഭിച്ച അപേക്ഷകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. ഇങ്ങനെ കിട്ടിയ ലിസ്റ്റില്‍ ആളുകളുടെ പേരുമാത്രമാണുണ്ടായിരുന്നത്, വീട്ടുപേരുണ്ടായിരുന്നില്ല. 1999 ല്‍ അവസാനമായി കേന്ദ്രാനുമതി വന്ന ലിസ്റ്റ് ചെമ്പൂകാവിലെ എല്‍.എ ഓഫീസ് (പട്ടയം വിതരണം) വിവരാവകാശ പ്രകാരം വാങ്ങി. 25 വര്‍ഷം പിന്നിട്ടിട്ടും ആ ലിസ്റ്റില്‍ ഒട്ടനവധി ആളുകള്‍ ഇനിയും പട്ടയം വാങ്ങാന്‍ ഉണ്ടായിരുന്നു. പട്ടയ വിതരണത്തിലെ കാലതാമസമായിരുന്നു പ്രധാന വില്ലന്‍. അപേക്ഷകന്‍ മരണപ്പെടുക, അനന്തരാവകാശി തര്‍ക്കം പോലുള്ള സങ്കേതിക തടസ്സം, സ്ഥലം കൈമാറ്റം ചെയ്യപ്പെടുന്ന കൈവശ രേഖയില്‍ മുന്‍ അപേക്ഷകരുടെ പേര് രേഖപ്പെടുത്താതെ പോവുക തുടങ്ങി നിരവധി തടസ്സങ്ങള്‍ നേരിട്ടു.

ഏറ്റവും ഒടുവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച എത്ര പട്ടയം ഓഫിസില്‍ ഉണ്ടെന്ന് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചതിനെ തുടര്‍ന്ന് 149 പട്ടയങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി അറിഞ്ഞു. അവരുടെ അഡ്രസ് ശേഖരിച്ചു. ഇതിലെ അവകാശികളെ ബന്ധപ്പെടുകയും അവരെകൊണ്ട് പത്ര സമ്മേളനം നടത്തുകയും അടുത്ത ദിവസം തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്പൂകാവ് താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. അന്ന് മാര്‍ച്ചില്‍ പങ്കെടുത്ത കുടുംബങ്ങള്‍ക്കാണ് തഹസില്‍ദാറില്‍ നിന്ന് നേരിട്ട് പട്ടയം ലഭിച്ചത്.

പുറമ്പോക്ക് പട്ടയം, വനഭൂമി പട്ടയം, ഇറിഗേഷന്‍ പട്ടയം തുടങ്ങി വിവിധങ്ങളായ പട്ടയങ്ങള്‍ക്ക് അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന നിരവധിയാളുകള്‍ ഇനിയുമുണ്ട്. വോട്ട് ബാങ്ക് നിലനിര്‍ത്തുക എന്നത് മത്രമാണ് ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും ഭരണപക്ഷ പാര്‍ട്ടികളുടെയും താല്‍പര്യം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രാദേശിക തലത്തിലുള്ള നേതാക്കളെ വിട്ട് ജനങ്ങളില്‍ നിന്ന് അപേക്ഷ വാങ്ങുക, സര്‍വേ എന്ന പേരില്‍ വില്ലേജ് ഓഫിസറെ കൊണ്ട് സന്ദര്‍ശനം നടത്തിക്കുക എന്നിങ്ങനെയുള്ള നാടകങ്ങളാണ് അരങ്ങേറുന്നത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭവന പദ്ധതി, വീട് റിപ്പയറിങ് തുടങ്ങി അവര്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും അവകാശങ്ങളും രേഖകളില്ലാത്തതുകൊണ്ട് നിഷേധിക്കപ്പെടുകയാണ്. വിദ്യഭ്യാസം, ചികിത്സ തുടങ്ങിയവയിലും ഈ പ്രതിസന്ധി നേരിടേണ്ടി വരുന്നു.

തൃശൂര്‍ ജില്ലയിലെ തന്നെ തലപ്പിള്ളി താലൂക്കിലെ ഇറിഗേഷന്‍ഡിപ്പാർട്ട്മെന്റിനോട് ഇറിഗേഷൻ പട്ടയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഇനി വികസനത്തിന് ഭൂമി ആവശ്യമില്ലെന്നാണ് അറിയിച്ചത്. ഏകദേശം രണ്ടായിരത്തിലധികം കുടുംബങ്ങള്‍ ഇറിഗേഷന്‍ പട്ടയവുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ കൊടുത്ത് കാത്തിരിക്കേയാണ് ഉദ്യോഗസ്ഥരുടെ ഈ നിലപാട്. പണ്ടുകാലത്ത്, വില്ലേജില്‍ അപേക്ഷ കൊടുക്കുമ്പോള്‍ അപേക്ഷകള്‍ വാങ്ങിവെച്ച് റെസിപ്റ്റ് കൊടുക്കുന്നത് പതിവില്ലാതിരുന്നതുകൊണ്ട് അപേക്ഷകരുടെ പക്കല്‍ യാതൊരു തെളിവുമില്ലെന്ന ഒരു പ്രതിസന്ധിയും മുന്നിലുണ്ട്.

പട്ടയവിതരണത്തെ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന് പറയാം. പട്ടയമേളകള്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഒന്നാണ്. ഈ പട്ടയ മേളകള്‍ ഒരു മാര്‍ക്കറ്റിങ് തന്ത്രമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് വാരാനുള്ള വിദ്യ.”

 

Related