August 11 Tuesday 2026

ഫലസ്തീന്‍: പ്രതിരോധവും പ്രതികരണങ്ങളും

Palestine Rubbles

ഫലസ്തീൻ ഇന്ന് സുപ്രധാനമായൊരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാലാകാലമായി അടിച്ചമർത്തപ്പെടുന്ന ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ സായുധ ഭാഷ്യത്തെ പ്രയോഗവത്കരിച്ച ഹമാസിന്റെ നേതൃത്വം വീരേതിഹാസങ്ങൾ രചിക്കുന്ന സമയമാണിത്. അതേസമയം, ഇസ്രയേൽ എന്ന കൊളോണിയൽ അധിനിവേശ അപാർതീഡ് രാജ്യം ഗസ്സയെന്ന പ്രതീക്ഷയുടെ ചെറു തുരുത്തിനെ ചരിത്രത്തിൽനിന്ന് മായ്ച്ചു കളയാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. 2006 മുതൽ തങ്ങളുടെ വരുതിയിൽ നിൽക്കാൻ തയ്യാറാവാതിരുന്ന, ഹമാസിനെ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഗസ്സയിലെ ജനങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ അവർ കാത്തിരിക്കുകയായിരുന്നു.

ഇതുവരെ നടന്ന പോരാട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി, ഒക്ടോബർ 7 നു നടന്നത് ആസൂത്രിതമായി തയ്യാറാക്കപ്പെട്ട സായുധ നടപടിയാണ്. ‘അല്‍-അഖ്‌സ പ്രളയ പദ്ധതി’ (തൂഫാന്‍ അല്‍ അഖ്‌സ) എന്നു പേരിട്ട ഈ പദ്ധതി ഇസ്രയേലിനു മേൽ തദ്ദേശീയ ജനതയുടെ അപ്രതീക്ഷിമായൊരു തിരിച്ചടിയായിരുന്നു. ഹമാസ്, ‘ഇസ്‌ലാമിക് ജിഹാദ്’, ‘പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ’, ‘ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ’, ലയൺസ് ഡെൻ എന്നീ പ്രതിരോധ പ്രസ്ഥാനങ്ങളുടെ സംഘടിത പദ്ധതിയാണിത്. 1973ല്‍ നടന്ന അറബ് – ഇസ്രായേല്‍ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷിക വേളയിലാണ് ഇത് നടപ്പാക്കിയതെന്നത് ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. അന്ന് അറബ് രാജ്യങ്ങള്‍ ഒന്നടങ്കം അമേരിക്കന്‍ പിന്തുണയുള്ള ഇസ്രായേലിനു മുമ്പില്‍ പരാജയപ്പെടുകയായിരുന്നു. ഈ പരാജയമാണ് പിന്നീട് ഈജിപ്തടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലുമായി സന്ധി സംഭാഷണത്തിന് തയ്യാറാകാന്‍ കാരണം. ഈയടുത്തായി യു.എ.ഇ, ബഹ്‌റൈന്‍, മൊറോക്കോ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ‘അബ്രഹാം അക്കോര്‍ഡ്’ എന്ന പേരില്‍ നോര്‍മലൈസെഷന്‍ ഉടമ്പടി ഒപ്പു വെച്ചു. അതിനാല്‍ത്തന്നെ, അറബ് രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ഇസ്രായേല്‍ ഭ്രമം ഇത്തരമൊരു സൈനിക നടപടിയിലേക്ക് ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനങ്ങളെ നയിച്ചിരിക്കാം എന്ന് അനുമാനിക്കാവുന്നതാണ്.

ഫലസ്തീൻ എന്ന ഭൂപ്രദേശം പൗരാണിക കാലം മുതലേ ഒരു സംഘർഷ ഭൂമിയായാണ് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. വിവിധ കാലങ്ങളിൽ പല ജനതകളും കുടിയേറിപ്പാർക്കുകയും മറ്റു ചിലർ അധിനിവേശം നടത്തുകയും ചെയ്ത ജെറുസലേം എന്നും ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മൂന്ന് പ്രധാന സെമിറ്റിക് മതങ്ങളുടെ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ജറുസലേം. ജൂതരുടെ പുരാതന ആരാധനാലയവും അതിൻെറ പശ്ചിമ മതിലും, ക്രിസ്ത്യാനികളുടെ ഹോളി സെപൽക്കർ ചർച്ചും, മുസ്‌ലിംകളുടെ ബൈത്തുൽ മഖ്ദിസും ജറുസലേമിലാണ്. ഈയൊരു പവിത്രതയെ മാനിച്ചുകൊണ്ടാണ് ജറുസലേമിനെ കുറിച്ചുള്ള സംവാദങ്ങൾ മുന്നോട്ടുപോകുന്നത്.

1967 മുതൽ ജോർദാനിയൻ വഖ്ഫ് ബോർഡിന്റെ കീഴിലാണ് ജറൂസലേം. അഖ്‌സ പള്ളിയിൽ മുസ്‌ലിംകൾക്ക് നമസ്കരിക്കുകയും ജൂതർക്ക് അവരുടെ ആരാധനാ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യാമെന്ന കരാറാണ് നിലവിലുള്ളത്. പക്ഷേ, പലപ്പോഴും ജൂതർ ഈ പ്രദേശങ്ങളിൽ അതിക്രമിച്ചു കടക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്യുന്നത് സംഘർഷങ്ങൾ രൂപപ്പെടാൻ കാരണമായിട്ടുണ്ട്. അൽ അഖ്‌സ പ്രദേശത്തെ ഇസ്രായേലി നയങ്ങൾ ക്രമാനുഗതമായ ആക്രമണത്തിന്റെയും നിയന്ത്രണത്തിന്റെയും നിരീക്ഷണത്തിന്റേതുമാണ്. പലപ്പോഴും മുസ്‌ലിം ആരാധനാലയത്തിൽ പ്രവേശിക്കാനുള്ള നിയന്ത്രണങ്ങൾ ആഗോള സാഹചര്യങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി.

Balfour Declaration 1917
1917ലെ ബാല്‍ഫര്‍ പ്രഖ്യാപനം

‘ജനത ഇല്ലാത്ത ഭൂമിയിൽ ഭൂമിയില്ലാത്ത ഒരു ജനത’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സയണിസം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ കടന്നുവന്നത്. പിന്നീട് ഒന്നാം ലോക യുദ്ധത്തിന്റെ സമയത്ത് ബാൽഫർ പ്രഖ്യാപനത്തോടു കൂടി ഒരു ‘ജൂത സ്വരാജ്യം’ എന്ന ബ്രിട്ടീഷ് വാഗ്ദാനം യുദ്ധാനന്തര നടപടികളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി. അതിനു വേണ്ടി മറ്റു വാഗ്ദാനങ്ങൾ പലതും ലംഘിക്കപ്പെട്ടു. പിന്നീട് ബ്രിട്ടീഷ് മാൻഡേറ്റ്  ഭരണകൂടത്തിന്റെ സഹായത്തോടു കൂടിയുള്ള ജൂതപലായനവും രണ്ടാം ലോക യുദ്ധസമയത്തുണ്ടായ നാസികളുടെ ഹോളോകോസ്റ്റും ജൂതസ്വരാജ്യത്തെ കുറിച്ചുള്ള അനുകൂല അഭിപ്രായം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. വൻതോതിലുള്ള ജൂത കുടിയേറ്റം ഫലസ്തീനി മുസ്‌ലിംകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിൽ അധിനിവേശ സ്വഭാവം സ്വീകരിച്ചപ്പോൾ, ഹഗാന, ഇർഗുൻ തുടങ്ങിയ ജൂത തീവ്രസംഘങ്ങൾ സ്ഥലങ്ങൾ കൈയേറുവാനും കോളനികൾ സ്ഥാപിക്കുവാനും തുടങ്ങി. അതിനെതിരെ ഫലസ്തീനി അറബികൾ നടത്തിയ പോരാട്ടങ്ങൾ അടിച്ചമർത്തപ്പെട്ടു. പിന്നീട് 1948ൽ ബ്രിട്ടൻ ഫലസ്തീനിൽ നിന്ന് പിൻവാങ്ങുകയും മാൻഡേറ്റ് പ്രദേശം ഐക്യരാഷ്ട്രസഭയെ ഏൽപിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭ വിഭജനപദ്ധതി തയ്യാറാക്കിയപ്പോൾ ജറുസലേമിനെ അന്താരാഷ്ട്ര മേഖലയായി പരിഗണിച്ചു. ഭൂരിപക്ഷം പ്രദേശങ്ങളും ജൂതർക്ക് നൽകാനുള്ള യു.എൻ തീരുമാനം അറബികൾ എതിർത്തെങ്കിലും 1948ൽ ഇസ്രയേൽ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടു. ഇസ്രയേൽ നിലവിൽ വന്നതിനു ശേഷം മൂന്നു ദിവസങ്ങൾക്കുള്ളിൽത്തന്നെ അതിനെ തത്ത്വത്തിൽ അംഗീകരിക്കുന്ന ആദ്യരാജ്യം സോവിയറ്റ് യൂണിയൻ ആയിരുന്നു.

ഇലാൻ പാപ്പേ
ഇലാൻ പാപ്പേ

ഫലസ്തീനിന്റെയും ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളുടെയും ചരിത്രപരമായ പരിവർത്തനങ്ങൾ ഇസ്രായേലിന്റെ സ്വേച്ഛാധിപത്യത്തിന്റെയും ക്രൂരതയുടെയും മുഖമാണ് പ്രതിഫലിപ്പിക്കുന്നത്. 1948ലെ വംശീയ ശുദ്ധീകരണവും (നക്ബ) ഇസ്രായേലി ഭരണകൂടത്തിന്റെ രൂപീകരണവും ഫലസ്തീനികളെ പുറത്താക്കുകയും അവരെ അഭയാർത്ഥികളാക്കുകയും ചെയ്തു. 1956, 1967, 1973 വർഷങ്ങളിലെ യുദ്ധങ്ങൾ ഫലസ്തീനികളുടെ ഭാവിനിലനിൽപ്പിനെ സാരമായി ബാധിച്ചു. ഇസ്രായേലി ഭരണകൂടങ്ങൾ ഫലസ്തീനികളെ അവരുടെ നാട്ടിൽനിന്ന് പുറത്താക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള വിവിധ മാർഗങ്ങൾ ഇന്നും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഫലസ്തീനികളോടുള്ള വലതുപക്ഷ അല്ലെങ്കിൽ ലിബറൽ ഭരണകൂടങ്ങളുടെ നയങ്ങളിൽ സവിശേഷമായ ഒരു മാറ്റവും ഇവിടെ കാണാൻ കഴിയില്ല. നിലവിൽ, നഫ്താലി ബെനറ്റിന് കീഴിൽ ഇസ്രായേലിൽ ഒരു തീവ്ര വലതുപക്ഷ സർക്കാർ ഉയർന്നുവന്നതോടെ മുഴുവൻ സാഹചര്യവും വലിയ ഭീഷണിയിലാണ്. ഇലാൻ പാപ്പേ പറയുന്നത്, “കൊളോണിയലിസ്റ്റ് ചരിത്രത്തിന് പൊതുവായ നിരവധി അധ്യായങ്ങളുണ്ട്. വർണ വിവേചന വ്യവസ്ഥയുടെ (അപ്പാർതീഡ്) ചില സവിശേഷതകൾ ഇസ്രായേൽ നയങ്ങളിൽ സ്വന്തം ഫലസ്തീൻ ന്യൂനപക്ഷത്തോടും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ജനതയോടും കാണാം” എന്നാണ്.

ഇസ്രായേൽ എന്ന സയണിസ്റ്റ് രാജ്യം അവരുടെ കുടിയേറ്റ നയത്തിന്റെ ഭാഗമായി കൂടുതൽ ഫലസ്തീൻ സ്ഥലങ്ങൾ പിടിച്ചെടുക്കുകയും അവിടെ ജൂതകോളനികൾ (സെറ്റിൽമെന്റ്) ആക്കി മാറ്റുകയും ചെയ്യുന്നത് തുടരുമ്പോൾ ഫലസ്തീൻ എന്നൊരു പ്രദേശം ഭൂപടത്തിൽ നിന്നും മാഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ ഫലസ്തീനിലെ അവശേഷിക്കുന്ന സ്ഥലങ്ങളായ വെസ്റ്റ് ബാങ്കിനെയും ഗസ്സയെയും കിഴക്കൻ ജറുസലേമിനെയും ഇസ്രായേൽ-കുടിയേറ്റ ഭാഗങ്ങളിൽനിന്ന് വേർതിരിക്കുവാൻ ഒരു അപാർതീഡ് മതിൽ നിർമാണവും നടന്നു കൊണ്ടിരുന്നു. ദിനേനയുള്ള ജൂതകുടിയേറ്റവും ചെറുത്തു നിൽക്കുന്ന ഫലസ്തീനികൾക്കെതിരായ അതിക്രൂരമായ കൊലകളും ജയിൽ പീഡനങ്ങളും ആഗോള സംഘടനകളുടെ അപലപനങ്ങൾക്കിടയിലും ഇസ്രായേൽ അവിരാമം തുടർന്നുകൊണ്ടിരിക്കുന്നു.

Mahmood Abbas
മഹ്‍മൂദ് അബ്ബാസ്
Ismail Haniyeh
ഇസ്‍മയില്‍ ഹനിയ്യ

2005ല്‍ ഗസ്സയില്‍ നിന്നുള്ള ഇസ്രായേലിന്റെ പിന്‍മാറ്റമാണ് നിലവിലെ സായുധ നടപടിയുടെ പശ്ചാത്തലമായി പൊതുവെ വിലയിരുത്തപ്പെടുന്നത്. അതേ കാലയളവിലാണ് ദക്ഷിണ ലബനാനില്‍ നടന്ന യുദ്ധത്തില്‍ ഹിസ്ബുല്ല എന്ന സംഘം ഇസ്രായേലിനെ പരാജയപ്പെടുത്തിയത്. 2006ല്‍ ഫലസ്തീനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് പ്രധാന വിജയിയായി അധികാരത്തിലേറിയപ്പോള്‍  തെരഞ്ഞെടുപ്പ് ഫലം ഇസ്രായേല്‍ അംഗീകരിച്ചില്ല. ഹമാസിന്റെ ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയായും ഫതഹിന്റെ മഹമൂദ് അബ്ബാസ് പ്രസിഡന്റായും നിലവില്‍ വന്ന ഭരണകൂടത്തിന് കൂടുതല്‍ ആയുസ്സില്ലായിരുന്നു. പിന്നീട് തങ്ങളുടെ ശക്തികേന്ദ്രമായ ഗസ്സ ഹമാസ് ഏറ്റെടുത്തപ്പോള്‍ വെസ്റ്റ് ബാങ്ക് പ്രദേശം ഫതഹ് ഏറ്റെടുത്തു. 2006 മുതല്‍ ഇസ്രായേല്‍ ഗസ്സയെ തുറന്ന ജയിലാക്കി മാറ്റി. അതിര്‍ത്തിയുടെ രണ്ടു ഭാഗം കരപ്രദേശങ്ങളും കടലും ഇസ്രായേല്‍ അധീനതയിലും ഒരു ഭാഗം ഈജിപ്തില്‍ നിന്നുള്ള റഫ അതിര്‍ത്തിയുമാണ്. ദിനേനയുള്ള പരിശോധനകളും ചെക്പോസ്റ്റുകളും പിന്നിട്ടാണ് ഗസ്സയിലെ ജനങ്ങള്‍ അതിജീവിക്കുന്നത്. ഫതഹിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ ഇസ്രായേലി കുടിയേറ്റം നിര്‍ബാധം തുടർന്നുകൊണ്ടിരിക്കുന്നു. മസ്ജിദുല്‍ അഖ്‌സയിലുള്ള നിയന്ത്രണങ്ങള്‍ പലപ്പോഴും അക്രമങ്ങളില്‍ കലാശിക്കുന്നു. ഒരു വംശീയ-കൊളോണിയല്‍- സുരക്ഷാ ദേശ രാഷ്ട്രത്തിന്റെ കീഴിലുള്ള അതിജീവനമാണ് ഫലസ്തീന്‍ ജനത നടത്തിക്കൊണ്ടിരിക്കുന്നത്.

1948ൽ യു.എന്നിൽ അവതരിപ്പിക്കപ്പെട്ട ഫലസ്തീൻ വിഭജന പദ്ധതിയെ ജനറൽ അസംബ്ലിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളുമായി ചേർന്ന് എതിർത്തു. അത് മറ്റൊരു രീതിയിൽ ഇസ്രായേലിന്റെ സ്ഥാപനത്തെയും എതിർക്കുന്നതായിരുന്നു. അന്നത്തെ പ്രധാന അവലോകനങ്ങൾ വീക്ഷിക്കുന്നത്, ‘ഒരു കൊളോണിയൽ കാലഘട്ടത്തെ പിന്നിട്ടു കൊണ്ട് സ്വതന്ത്രയായി കടന്നു വന്നതിനാൽ ഫലസ്തീൻ ജനതയുടെ പ്രശ്നങ്ങളെ സഹാനുഭൂതിയോടെ കാണുവാൻ ഇന്ത്യക്ക് കഴിഞ്ഞു’ എന്നതാണ്. മതാടിസ്ഥാനത്തിൽ ഒരു ജൂതരാജ്യം നിർമിക്കുന്നതിന് ഇന്ത്യ എതിരായിരുന്നു. 1950ൽ തന്നെ ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചെങ്കിലും നയതന്ത്രപരമായ ഇടപെടലുകൾ നടത്തിയിരുന്നില്ല. 1953ൽ മുംബൈയിൽ ഇന്ത്യ ഒരു കോൺസുലേറ്റ് സ്ഥാപിച്ചെങ്കിലും അത് പ്രധാനമായും ഇന്ത്യയിലെ ജൂത-ക്രൈസ്തവ സമുദായങ്ങൾക്ക് അവരുടെ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാൻ വേണ്ടി മാത്രമായിരുന്നു. 1967ലും 1973ലും ഇസ്രായേൽ നടത്തിയ ഫലസ്തീൻ അധിനിവേശത്തെ ഇന്ത്യ അപലപിച്ചു. 1970 കളിൽ ഫലസ്തീൻ ജനതയുടെ ഔദ്യോഗിക പ്രതിനിധിയായി പി.എൽ.ഒ (ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ)യെ അംഗീകരിക്കുന്നതിന് വേണ്ട പദ്ധതികൾ ഇന്ത്യയാണ് യു.എന്നിൽ മുന്നോട്ടുവെച്ചത്. 1974ൽ ഫലസ്തീൻ ജനതയുടെ പ്രതിനിധിയായി പി.എൽ.ഒ അംഗീകരിക്കപ്പെട്ടപ്പോൾ പിന്തുണ നൽകിയ ആദ്യത്തെ അറബ് ഇതര രാജ്യവും ഇന്ത്യയാണ്. 1982ൽ ഇന്ത്യൻ വിദേശ നയത്തിന് എതിരെയുള്ള കോൺസുൽ ജനറലിന്റെ അഭിപ്രായത്തോട്  വിയോജിച്ചു കൊണ്ട് കോൺസുലേറ്റ് അടച്ചുപൂട്ടിയ ഇന്ത്യ പിന്നീട്  ആറ് വർഷങ്ങൾക്ക് ശേഷം മാത്രമാണ് അത് തുറക്കാൻ അനുമതി നൽകിയത്. 1988ൽ കിഴക്കൻ ജറൂസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം പ്രഖ്യാപിച്ചപ്പോൾ അംഗീകരിച്ച ആദ്യരാജ്യങ്ങളിൽ ഇന്ത്യയും പെടുന്നു. ഒരു അഖണ്ഡ ഫലസ്തീന് വേണ്ടിയുള്ള ആവശ്യത്തിന് ബദലായി ദ്വിരാഷ്ട്ര പദ്ധതിയെ പി.എൽ. ഒ അംഗീകരിച്ചതിന്റെ തെളിവ് കൂടിയായിരുന്നു ഈ പ്രഖ്യാപനം. യാസിർ അറഫാത്ത് ഇന്ത്യ സന്ദർശിച്ചപ്പോഴൊക്കെ ഫലസ്തീൻ രാഷ്ട്രത്തിന്റെ തലവനായിട്ടാണ് അദ്ദേഹത്തെ രാജ്യം പരിഗണിച്ചത്. ഫലസ്തീൻ പ്രശ്നത്തിന് ഇന്ത്യ ഒരു രാഷ്ട്രീയ പരിഹാരം നിർദേശിക്കുകയും ദ്വിരാഷ്ടനയത്തെ ശാശ്വത പരിഹാരമായി അംഗീകരിക്കുകയും ചെയ്തു.

ഇസ്രായേൽ നിലവിൽ ഗസ്സയിലും വെസ്റ്റ് ബാങ്കിലും അനുസ്യൂതമായി അക്രമങ്ങൾ അഴിച്ചുവിടുകയാണ്. ഇതെഴുതുമ്പോൾ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. അതിൽ നാലായിരത്തി അഞ്ഞൂറോളം കുട്ടികളാണ്. ആശുപത്രികളും ആരാധനാലയങ്ങളും തകർത്ത ഇസ്രായേൽ പലായനം ചെയ്യുന്നവരെ പോലും കൊന്നൊടുക്കുന്നു. വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ പലവട്ടം തള്ളിക്കളഞ്ഞ അവർ ഇപ്പോൾ ദിനംപ്രതി  നാലു മണിക്കൂർ മാത്രം വെടിനിർത്തൽ അംഗീകരിച്ചിരിക്കുകയാണ്. വെടിനിർത്തലിനായി ഐക്യരാഷ്ട്ര സഭ നടത്തിയ വോട്ടെടുപ്പിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ എതിരായി നിന്നപ്പോൾ ഇന്ത്യ പങ്കെടുക്കാതെ മാറി നിന്നു. ഇസ്‌ലാമോഫോബിയയും ഇസ്രായേൽ പ്രേമവും ഒരുപോലെ കൊണ്ടുനടക്കുന്ന സംഘ്പരിവാർ, സയണിസത്തെ വാരിപ്പുണരുമ്പോൾ തന്നെയും, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഫലസ്തീൻ രാഷ്ട്രത്തിനനുകൂലമായി നിലകൊള്ളുന്നു എന്നത് വൈരുധ്യമായി നില നിൽക്കുന്നു.

ഫലസ്തീന്റെ വിമോചനത്തിന് വേണ്ടിയുള്ള പ്രതിരോധ പദ്ധതികളെ പലരും സാമുദായികമായാണ് വീക്ഷിക്കുന്നത്. അതിന്റെ ഒരു സുപ്രധാന കാരണം ഹമാസും മറ്റു സംഘങ്ങളും നടത്തുന്ന സായുധ പ്രതിരോധമാണ്. 1982ലെ യു.എൻ പ്രമേയം 37/ 43, “കൊളോണിയൽ, വിദേശ അധിനിവേശത്തിൽ നിന്നുമുള്ള വിമോചനത്തിനും സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത, ദേശീയ ഐക്യം എന്നിവയ്‌ക്കുമായുള്ള സായുധ പോരാട്ടം ഉൾപ്പെടെ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയുമുള്ള ജനങ്ങളുടെ പോരാട്ടത്തിന്റെ നിയമസാധുതയെ” അടിവരയിടുന്നു. ഫലസ്തീനിലെ അറബ് – മുസ്‌ലിം ജനതയെ നിരന്തരം വംശഹത്യ നടത്തി ഭൂപ്രദേശങ്ങൾ അധീനതയിലാക്കുവാൻ ഇസ്രായേൽ നിരത്തുന്ന ന്യായം ഒരു അഖണ്ഡ ഇസ്രായേലിന്റെ നിർമാണമാണ്. ഫലസ്തീനികളെ ഭൂമിയില്ലാത്ത ഒരു ജനതയാക്കി അഭയാർഥികളാക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, കേവല സന്ധി സംഭാഷണങ്ങളോട് പോലും ധാർഷ്ട്യത്തോടെ പെരുമാറുന്ന ഇസ്രായേലിനോട് ഹിംസയുടെ ഭാഷയിലല്ലാതെ മറുപടി പറയാൻ സാധ്യമല്ല എന്നൊരു ഘട്ടത്തിലാണ് ഹമാസിന്റെ ഈ നടപടിയെ നോക്കിക്കാണേണ്ടത്.

മേഖലയിലെ ഒരേയൊരു ജനാധിപത്യ രാജ്യമെന്ന് മേനി നടിക്കുന്ന ഇസ്രായേൽ തന്നെയാണ് മേഖലയിലെ ഒരേയൊരു ആണവ ശക്തിയും. ഇസ്രായേൽ-അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ നിർമിക്കപ്പെട്ട മതിലുകളും നിയന്ത്രിത യാത്രാ സ്വാതന്ത്ര്യവും ആ രാജ്യത്തെ ഒരു അപാർതീഡ് (വർണ്ണവിവേചനം) കേന്ദ്രമാക്കി മാറ്റുന്നു.  അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രാദേശിക താൽപര്യങ്ങളും ജൂത സയണിസ്റ്റ് ലോബിയുടെ സ്വാധീനവും മറ്റ് രാജ്യങ്ങളുടെ എല്ലാ നീക്കങ്ങളിൽനിന്നും ഇസ്രായേലിനെ പ്രതിരോധിക്കാൻ അമേരിക്കയെ നിർബന്ധിതമാക്കുന്നു. അതേസമയം, ഫലസ്തീനെ പിന്തുണക്കുന്ന രാജ്യങ്ങളും പ്രസ്ഥാനങ്ങളും ആഗോള തലത്തിൽ ഉപരോധത്തിന്റെയും സമ്മർദ്ദത്തിന്റെയും വെല്ലുവിളികൾ നേരിടുന്നുണ്ട്. ‘ബോയ്‌കോട്ട്, ഡിവെസ്റ്റ്മെന്റ്, സാങ്ഷൻ’ (BDS) എന്ന പ്രസ്ഥാനം ഇസ്രായേലിന്റെ ഉൽപന്നങ്ങളും അവരുമായുള്ള നയതന്ത്ര ബന്ധങ്ങളും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. തങ്ങളുടെ ശാക്തിക സ്വാധീനത്താലും അമേരിക്കൻ പിന്തുണയോടും കൂടി ഒരു ജനതയെ കൊന്നു തീർക്കാൻ ഇസ്രായേൽ കച്ചകെട്ടുമ്പോൾ ആഗോളതലത്തിൽ പ്രതിരോധത്തിന്റെ ശക്തമായ ജനകീയമുന്നണി ഒരുക്കുവാനാണ് നാം ശ്രമിക്കേണ്ടത്.

 

(ലേഖകൻ മദ്രാസ് സർവകലാശാല അധ്യാപകനാണ്.)

Related