August 9 Sunday 2026

ഫലസ്തീനും ഇന്ത്യയും

സ്വതന്ത്ര ഇന്ത്യയും ഇസ്രായേലും അടുത്തടുത്ത വർഷങ്ങളിലാണ് നിലവിൽ വരുന്നത്. 1947ലും 48ലും. രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന കൊളോണിയൽ വിരുദ്ധ സമരത്തിലൂടെയാണ് സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നതെങ്കിൽ ഇസ്രായേൽ നിലവിൽ വന്നത്  കൊളോണിയൽ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു.  വിഭവചൂഷണത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ കൊളോണിയലിസത്തിൽ നിന്ന് പശ്ചിമേഷ്യയിൽ ‘സെറ്റ്ലർ കൊളോണിയലിസം’ എന്ന പുതിയ തരം കൊളോണിയലിസത്തിൻ്റെ തുടക്കമായിരുന്നു ഇസ്രായേലിൻ്റെ പിറവി. പുറത്തു നിന്ന് വന്ന കുടിയേറ്റക്കാർ തദ്ദേശീയ ജനതയെ അവരുടെ ഭൂമിയിൽ നിന്ന് ആട്ടിയോടിച്ചോ കൂട്ടക്കൊല ചെയ്തോ അവിടെ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതാണ് സെറ്റ്ലർ കൊളോണിയലിസം. ഇത്തരത്തിലുള്ള സെറ്റ്ലർ കൊളോണിയലിസത്തിൻ്റെ ഏറ്റവും ക്ലാസിക്കൽ മാതൃക വടക്കും തെക്കും അമേരിക്കകളാണ്. ഈ രണ്ട് അമേരിക്കകളും യൂറോപ്പിൽ നിന്ന് കുടിയേറിയ വെള്ളക്കാർ അവിടെയുള്ള തദ്ദേശീയ ജനതയെ കൊന്നും ആട്ടിപ്പായിച്ചും രൂപവത്കരിച്ച രാജ്യങ്ങളാണ്. അപ്പാർത്തീഡ് കാലത്തെ ദക്ഷിണാഫ്രിക്കയും യൂറോപ്യരുടെ സെറ്റ്ലർ കോളനിയായിരുന്നു.

അതുപോലെ 1948 ൽ നിലവിൽവന്ന ഇസ്രായേലും പടിഞ്ഞാറ് നിന്ന് വന്ന ജൂതന്മാരുടെ ഒരു സെറ്റ്ലർ കോളനിയാണ്. പക്ഷേ, രണ്ട് അമേരിക്കകളും യൂറോപ്യൻ കുടിയേറ്റക്കാർ നേടിയെടുത്തത് സ്വന്തം ബലത്തിലാണെങ്കിൽ ജൂത കുടിയേറ്റക്കാർ സ്വന്തം ബലത്തിലല്ല   മറിച്ച്, പടിഞ്ഞാറിൻ്റെ മതപരവും സാമ്പത്തികവുമായ താൽപര്യം മുൻ നിർത്തി അവർ അവരുടെ ശക്തിയും സമ്പത്തും ഉപയോഗിച്ച് ജൂതർക്ക് നേടിക്കൊടുത്തതാണ് ഇസ്രായേൽ. അതേ താൽപര്യം മുൻനിർത്തി ഇന്നും ഇസ്രായേലിനെ നിലനിർത്തുന്നുതും അതേ ശക്തികൾ തന്നെ. പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തി, പാശ്ചാത്യരുടെ – പ്രത്യേകിച്ച് അമേരിക്കയുടെ – ആയുധ വിപണി കൊഴുപ്പിക്കുകയെന്നതാണ് ഇസ്രായേലിൻ്റെ മേഖലയിലെ സാന്നിധ്യത്തിലൂടെ അമേരിക്ക ലക്ഷ്യമിട്ടത്. ഇസ്രായേൽ നിലവിൽ വന്നതിന് ശേഷം ഇന്നോളം മധ്യ – പൗരസ്ത്യ ദേശം അവർ മുഖാന്തിരം അശാന്തമായി തുടരുന്നതിലൂടെ അമേരിക്കയുടെ ലക്ഷ്യം പിഴച്ചിട്ടില്ല എന്നുവേണം മനസ്സിലാക്കാൻ.

കൊളോണിയൽ അനുഭവങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഇന്ത്യക്ക്  സയണിസം ലക്ഷ്യമിട്ട സെറ്റ്ലർ കൊളോണിയലിസത്തെ തുടക്കത്തിലേ  അംഗീകരിക്കാൻ കഴിയാതിരുന്നത്   സ്വാഭാവികമാണ്. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കൊളോണിയൽ വിരുദ്ധ സമരം ഇന്ത്യയിൽ മൂർഛിച്ച ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽത്തന്നെയാണ് തിയോഡർ ഹെർസൽ രൂപംനൽകിയ രാഷ്ട്രീയ സയണിസം ഇസ്രായേലിലേക്കുള്ള ജൂത കുടിയേറ്റ പ്രസ്ഥാനത്തെ ബ്രിട്ടീഷ് പിന്തുണയോടെ ശക്തിപ്പെടുത്തിയത്. അതിനാൽത്തന്നെ ഈ കുടിയേറ്റം തികഞ്ഞ അനീതിയും അക്രമവുമാണെന്ന് തിരിച്ചറിയാൻ  ഇന്ത്യയുടെ ദേശീയ പ്രസ്ഥാന നായകരായ ഗാന്ധിജിക്കോ നെഹ്റുവിനോ ഒരു പ്രയാസവുമുണ്ടായില്ല.

മഹാത്മാഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 20 വർഷത്തോളം ദക്ഷിണാഫ്രിക്കയിലായിരുന്നല്ലോ. അവിടെ അദ്ദേത്തിന് പ്രമുഖരായ ചില ജൂത സുഹൃത്തുക്കളുണ്ടായിരുന്നു.  ഹെർമൻ, കലൻ ബാഷ്, ദീർഘകാലം ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന സോൻജ ഷെൽസിൻ, ഹെൻട്രി പോളാക്, യു.എസിലെ ജൂത പുരോഹിതനും ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരകനുമായ ജോൺ ഹൈൻസൻ, റബ്ബി സ്റ്റീഫൻ വൈസ് ബ്രീട്ടീഷ് രാഷ്ട്രീയ പ്രവർത്തകൻ സിഡ്നി സിൽവർ മാൻ

അമേരിക്കയിലെ യഹൂദ പത്ര പ്രവർത്തകനും ഗാന്ധിജിയെ കുറിച്ച ‘ലൈഫ് ഓഫ് മഹത്മ’ എന്ന കൃതിയുടെ കർത്താവുമായ ലൂയിസ് ഫിഷർ, ജൂത ഫിലോസഫറായ മാർട്ടിൻ ബൂബർ തുടങ്ങിയവരിലൂടെ ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെയും സയണിസത്തെയും പിന്തുണക്കുന്ന ഒറ്റ വരി പ്രസ്താവനയെങ്കിലും ഗാന്ധിയിൽ നിന്ന് സംഘടിപ്പിക്കാൻ സയണിസം പരമാവധി സമ്മർദ്ദം ചെലുത്തിയിട്ടും അദ്ദേഹം വഴങ്ങിയില്ല. ജൂവിഷ് ഏജൻസിയുടെ ചെയർമാനും പിന്നീട് ബെൻഗൂരിയന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രിയുമായ മോശ ഷാരെറ്റിൻ്റെ നിർദേശ പ്രകാരം 1937ൽ ഗാന്ധിയെ സന്ദർശിച്ച കലൻ ബാഷിനോടുള്ള ഗാന്ധിയുടെ മറുപടി ജൂതരുടെ യാതനക്ക് കാരണം അറബികളോ മുസ് ലിംകളോ അല്ല, ക്രിസ്ത്യാനികളാണ് എന്നായിരുന്നു. ഗാന്ധിയുടെ ഈ നിലപാട് മാറ്റാൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഹെർമാൻ പല തവണ സമീപിച്ചപ്പോൾ ഗാന്ധി ബോംബെ ക്രോണിക്കിളിൽ ഇത്തരം ഒരു പ്രസ്താവന നൽകി:

“ഫലസ്തീൻ തീർച്ചയായും ഇസ്‌ലാമിക പരമാധികാരത്താൽ നിയന്ത്രിക്കപ്പെടണം. ഫലസ്തീൻ രാജ്യം യഹൂദർക്ക് പാരിതോഷികമായി നൽകുന്നത് നിയമപരമായോ ധാർമികമായോ അല്ലെങ്കിൽ സൈനികമായോ സാധൂകരിക്കാവുന്നതല്ല.

ജറൂസലേമിന് മേലുള്ള അവകാശവാദവുമായി ബന്ധപ്പെട്ട ചരിത്രപരമോ ബൈബിൾ സംബന്ധമോ ഉള്ള പരാമർശങ്ങൾ ഭൂമിശാസ്ത്രപരമായ ചിഹ്നങ്ങളല്ല. മറിച്ച്, ആത്മീയമാണ്.”

ഇപ്രകാരം പല കോണിൽനിന്നും സയണിസത്തെ പിന്തുണക്കാൻ ഗാന്ധിയുടെ മേൽ സമ്മർദം മുറുകിയപ്പോളാണ് 1938 നവംബർ 26 ലെ ഹരിജനിൽ തൻ്റെ നിലപാട് വെട്ടിത്തുറന്ന് പറയുന്ന ലേഖനം അദ്ദേഹത്തിന് എഴുതേണ്ടി വന്നത്. അതിൻ്റെ സംക്ഷേപം താഴെ കൊടുക്കുന്നു:

“ജർമനിയിലെ ജൂത വേട്ടയെയും അറബ് – ജൂത പ്രശ്നത്തെയും കുറിച്ചുള്ള എൻ്റെ അഭിപ്രായം പ്രകടിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ധാരാളം കത്തുകൾ എനിക്ക് ലഭിച്ചിരുന്നു. വളരെ പ്രശ്നം പിടിച്ച ഈ ചോദ്യത്തിന് മറുപടി പറയാൻ തുനിയുന്നത് ശങ്കയില്ലാതെയല്ല. എനിക്ക് യഹൂദരോട് അനുതാപമുണ്ട്. ദക്ഷിണാഫ്രിക്കയിൽ വെച്ച് ഞാനവരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. അവരിൽ ചിലർ ആത്മസുഹൃത്തുക്കളായി മാറി. കാലങ്ങളായി അവരനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് ഈ സുഹൃത്തുക്കളിലൂടെയാണ് ഞാൻ കൂടുതൽ അറിയുന്നത്. ക്രിസ്തു മതത്തിലെ അസ്പ്രശ്യരായിരുന്നു അവർ. ക്രിസ്ത്യാനികളുടെ അവരോടുള്ള പെരുമാറ്റവും തൊട്ടുകൂടാത്തവരോടുള്ള ഹിന്ദുക്കളുടെ പെരുമാറ്റവും തമ്മിൽ വലിയ വ്യത്യാസമില്ല. ഈ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് രണ്ട് കൂട്ടർക്കും മതപരമായ പ്രചോദനവും ഉണ്ട്. പക്ഷേ, അവരോടുള്ള എൻ്റെ സഹതാപം എൻ്റെ നീതിബോധത്തെ ഇല്ലാതാക്കുന്നില്ല. അതിനാൽ യഹൂദരുടെ ദേശഗേഹത്തിനുള്ള മുറവിളി എന്നെ ഒട്ടും വശീകരിക്കുന്നില്ല. ഭൂമിയിലെ മറ്റു മനുഷ്യരെ പോലെ അവർ ജീവിക്കുന്ന, അവർ ജനിച്ച, അവർ ജീവിത മാർഗം സമ്പാദിക്കുന്ന ദേശം തന്നെ അവരുടെ മാതൃരാജ്യമാക്കിക്കൂടേ? ഫ്രഞ്ചുകാർക്ക് ഫ്രാൻസ് എന്ന പോലെ, ഇംഗ്ലീഷുകാർക്ക് ഇംഗ്ലണ്ട് എന്ന പോലെ ഫലസ്തീൻ അറബികളുടേതാണ്.”

“യഹൂദരെ അറബികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് മനുഷ്യത്വ രഹിതമായ അന്യായമാണ്. ഇന്ന് ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്നത് ഒരു ധാർമിക ചട്ടം കൊണ്ടും ന്യായീകരിക്കാനാവില്ല. അഭിമാനികളായ അറബികളെ ഇല്ലാതാക്കിയിട്ട് ഫലസ്തീനിൽ ഭാഗികമായോ മുഴുവനായോ തങ്ങളുടെ മാതൃദേശം സ്ഥാപിക്കുകയെന്നത് മനുഷ്യകുലത്തിനുതന്നെ എതിരായ അനീതിയാണ്. ഏറ്റവും നീതിയുക്തമായ മാർഗം എന്നത് ജൂതർ, അവർ ജനിച്ച് വളർന്നത് എവിടെയാണോ അവിടെ നീതിപൂർവം ഇടപെടുകയെന്നതാണ്. ഫ്രാൻസിൽ ജനിച്ച യഹൂദർ ഫ്രഞ്ചുകാരാണ്. ഫലസ്തീൻ അല്ലാതെ യഹൂദർക്ക് മറ്റൊരു ഗേഹവുമില്ലെങ്കിൽ ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവർ അവരുടെ നാടും വീടും ഉപേക്ഷിക്കേണ്ടി വരുന്നത് അവർക്ക് താൽപര്യമുണ്ടാകുമോ? അതല്ല അവർക്ക് വേണ്ടത് അവരുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാൻ രണ്ട് മാതൃദേശങ്ങൾ വേണമെന്നാണോ? മാതൃദേശത്തിനായുള്ള ഈ ആക്രോശം ജർമനി ജൂതരെ പുറത്താക്കിയതിനെ ചായം പൂശി ന്യായീകരിക്കുന്നതിന് തുല്യമാണ്.”

സയണിസ്റ്റ് പദ്ധതികളെ കുറിച്ച ഗാന്ധിയുടെ ഈ നിലപാട് മാറ്റാൻ സയണിസ്റ്റുകൾ പിന്നെയും  ശ്രമിച്ചെങ്കിലും അതിൽ അവർ വിജയിച്ചില്ല. ഒടുവിൽ അവർ ഗാന്ധിയെ പരസ്യമായി വിമർശിച്ചു. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിയുടെ അടുത്ത സുഹൃത്തും ജൂതനുമായിരുന്ന ഫെർമാനുമായി ഗാന്ധിക്ക് സ്വവർഗാനുരാഗ ബന്ധമുണ്ടെന്ന് ആക്ഷേപിക്കുക വരെയുണ്ടായി. പക്ഷേ, ഗാന്ധി കുലുങ്ങിയില്ല. സയണിസ്റ്റ് പദ്ധതിക്കെതിരെ 1946 ൽ അദ്ദേഹം ഇപ്രകാരം കുറിച്ചു:

“ജൂതർ ക്രൂരമായി ആക്രമിക്കപ്പെട്ടു എന്ന് എനിക്കുറപ്പായും അറിയാം. പക്ഷേ, അമേരിക്കയുടെയും ബ്രിട്ടൻ്റെയും പിന്തുണയോടെ ഇപ്പോൾ ഫലസ്തീനികളുടെ മേൽ തങ്ങളെ നിവേശിപ്പിക്കാൻ ശ്രമിക്കുന്നത് അവർ ചെയ്യുന്ന ദാരുണമായ തെറ്റാണ്. എന്തിനാണ് സ്വാഗതം ചെയ്യപ്പെടാത്ത ഒരു നാട്ടിലേക്ക് അമേരിക്കയുടെ പണവും ബ്രിട്ടൻ്റെ ആയുധവും ഉപയോഗിച്ച് പോകാൻ അവരെ നിർബന്ധിക്കുന്നത്? ഫലസ്തീനിൽ അവരുടെ ആഗമനം ഉറപ്പിക്കാൻ ഭീകരത പ്രയോഗിക്കുന്നത് എന്തിന്?”

ജവഹർലാൽ നെഹ്റുവിനും ഫലസ്തീൻ പ്രശ്നത്തിൽ ഗാന്ധിയുടെ നിലപാട് തന്നെയായിരുന്നു. ബാൽഫർ പ്രഖ്യാപനത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. 1937 മുതൽ കോൺഗ്രസ് ഔദ്യോഗികമായി എടുത്ത നിലപാടും ഗാന്ധിജിയുടെ നിലപാടിന്റെ ചുവടുപിടിച്ചായിരുന്നു. 1937ൽ കൽക്കത്തയിൽ വെച്ച് നടന്ന സമ്മേളനത്തിൻ്റെ സമാപനത്തിൽ നടത്തിയ പ്രസ്താവനയിൽ ഫലസ്തീൻ വിഭജിക്കാനുള്ള പദ്ധതി തള്ളിക്കളയുകയും ഫലസ്തീനിൽ അറബികളുടെ അവകാശത്തെയും അത് സംരക്ഷിക്കാനുള്ള പോരാട്ടത്തെയും പിന്തുണക്കുകയും ചെയ്തു.

1938 ൽ ഡൽഹിയിൽ വെച്ച് നടന്ന കോൺഗ്രസിൻ്റെ വാർഷിക സമ്മേളനത്തിൽ ഫലസ്തീൻ പ്രശ്നം ചർച്ച ചെയ്യുകയും കോൺഗ്രസും ഇന്ത്യയിലെ ജനങ്ങളും ഫലസ്തീൻ ജനതക്ക് പിന്തുണ നൽകുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രശ്നത്തിൽ നിന്ന് മാറിനിൽക്കാൻ ബ്രിട്ടനോടും ബ്രിട്ടീഷ് സാമ്രാജ്യത്തോട് സഹായം തേടരുതെന്ന് ജൂതരോടും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്യ പ്രഖ്യാപനത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, 1947 മാർച്ചിൽ ഡൽഹിയിൽ നടന്ന ഏഷ്യൻ റിലേഷൻസ് കോൺഫറൻസിൽ ഫലസ്തീൻ അറബ് രാഷ്ട്രമാണെന്നും അറബികളുടെ സമ്മതമില്ലാതെ ഫലസ്തീനെ കുറിച്ച് ഒരു തീരുമാനവും പാടില്ലെന്നും നെഹ്റു പ്രഖ്യാപിച്ചു.

1948 ൽ ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കപ്പെട്ടപ്പോൾ ഇന്ത്യ സ്വാഭാവികമായും അതിനെ അംഗീകരിച്ചില്ല. ലോകപ്രശസ്ത ശാസ്ത്രജ്ഞനും ജൂതനുമായിരുന്ന അൽബർട്ട് ഐൻസ്റ്റൈൻ ഇസ്രായേലിനെ ഇന്ത്യ പിന്തുണക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നാല് പേജ് വരുന്ന ഒരു കത്ത് പ്രധാനമന്തി നെഹ്റുവിന് അയച്ചെങ്കിലും അദ്ദേഹം അതിന് ചെവി കൊടുത്തില്ല. 1949 ൽ ഇസ്രായേലിന്റെ യു.എൻ പ്രവേശനത്തെ എതിർത്തു കൊണ്ടാണ് ഇന്ത്യ വോട്ട് ചെയ്തത്.

എങ്കിലും, ഇന്ത്യയിലെ വലതുപക്ഷ വിഭാഗം തുടക്കം മുതലേ ഇസ്രായേലിന് വേണ്ടി ഗവൺമെൻ്റിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ഹിന്ദു മഹാസഭ നേതാവ് സവർക്കർ ഇസ്രായേലിനെ അംഗീകരിക്കാത്ത ഇന്ത്യൻ നിലപാടിനെ അപലപിക്കുകയും ഗോൾവാൾക്കർ ഇസ്രായേലിൻ്റ കയ്യേറ്റ അജണ്ടകളെ പിന്തുണക്കുകയും ചെയ്തു. ഇത്തരം സമ്മർദ്ദങ്ങളെ തുടർന്ന് 1952 ൽ ബോംബെയിൽ ഇസ്രായേലിന്റെ ഒരു കോൺസുലേറ്റ് തുറക്കാൻ ഇന്ത്യ അനുമതി നൽകി. എങ്കിലും, പൂർണ നയതന്ത്ര ബന്ധം ഉണ്ടായിരുന്നില്ല. ഫലസ്തീൻ വിമോചന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ പി.എൽ.ഒ നിലവിൽവന്നപ്പോൾ അതിന് ആദ്യമായി ഔദ്യോഗിക അംഗീകാരം നൽകിയ മുസലിമേതര രാജ്യം ഇന്ത്യയായിരുന്നു. 1967 ലെ ആറ് ദിന യുദ്ധത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഫലസ്തീനികൾക്ക് കൂടുതൽ ശക്തിയായി പിന്തുണ നൽകുന്ന നയമാണ് സ്വീകരിച്ചത്. ഇസ്രായേലിനുള്ള ഇന്ത്യൻ പിന്തുണയുടെ തന്ത്രപ്രാധാന്യത്തെ കുറിച്ച് സയണിസ്റ്റ് ലോബിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ, അവർ ഇന്ത്യയിലെ വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ അതിനുവേണ്ടി ഗവൺമെൻ്റിൽ ശക്തമായ സമ്മർദ്ധമുണ്ടാക്കിയിട്ടും അതിന്  വഴങ്ങാതെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശേഷം പ്രധാന മന്ത്രിയായ രാജീവ് ഗാന്ധിയും ഫലസ്തീൻ പക്ഷത്ത് ഉറച്ചുനിന്നു. 1980 ൽ ഇന്ത്യ പി.എൽ.ഒ ക്ക് പൂർണ നയതന്ത്ര പ്രാതിനിധ്യപദവി നൽകുകയും പി.എൽ.ഒ യുടെ ഓഫീസ്  ഇന്ത്യയിലെ ഫലസ്തീൻ എംബസിയായി അംഗീകരിക്കുകയും ചെയ്തു.

പക്ഷേ നരസിംഹറാവു പ്രധാനമന്ത്രിയായതോടെ സാമ്പത്തിക രംഗത്തുണ്ടായ മാറ്റവും സോവിയറ്റ് യൂണിയൻ്റെ തകർച്ചയെ തുടർന്ന്  അമേരിക്കയുടെ ഏകധ്രുവലോകം നിലവിൽ വന്നതും മൂലം ഇന്ത്യയുടെ ഇസ്രായേൽ നയത്തിൽ പതുക്കെ മാറ്റങ്ങൾ വന്നു തുടങ്ങി. നരസിംഹറാവു തുടങ്ങിവെച്ച നവ ലിബറൽ നയങ്ങൾക്കനുസൃതമായി ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇന്ത്യക്ക് വായ്പ ലഭിക്കണമെങ്കിൽ അമേരിക്ക മുന്നോട്ടുവെച്ച പ്രധാന ഉപാധി ഇസ്രായേലുമായി പൂർണ നയതന്ത ബന്ധം സ്ഥാപിക്കുകയെന്നതായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവും ഓസ്ട്രിയയിലുള്ള ജൂതബിസിനസുകാരനും തീവ്ര സയണിസ്റ്റുമായ ജോസഫ് ലൈബ്ലറും അമേരിക്കയുടെ ആസൂത്രണത്തിൽ 1991 നവംബറിൽ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയാണ് ഇന്ത്യയുടെ ഇസ്രായേൽ നയത്തിൽ പ്രധാന വഴിത്തിരിവായത്. ഈ കൂടിക്കാഴ്ച്ചക്ക് ശേഷം യു.എൻ പൊതുസഭ 1975ൽ കൈക്കൊണ്ട 3379 പ്രമേയം തള്ളിക്കളയുന്നതിന് ഇന്ത്യ വോട്ട് ചെയ്തു. സയണിസത്തെ വംശീയതയുമായി തുലനപ്പെടുത്തുന്ന പ്രമേയമായിരുന്നു അത്. 1975 ൽ ഈ പ്രമേയത്തിന് അനുകൂലമായിട്ടായിരുന്നു ഇന്ത്യ വോട്ട് ചെയ്തിരുന്നത്.

Narendra Modi and Benjamin Netanyahu
നരേന്ദ്ര മോദി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം

സയണിസത്തിന് വംശീയതയിൽ നിന്ന് മുക്തി നൽകുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് രണ്ടു ദിവസത്തിന് ശേഷം പ്രധാനമന്ത്രി പാർലമെൻ്റിൽ പറഞ്ഞത് വിദേശനയങ്ങളെ ഒരു ഉപകരണമാക്കിക്കൊണ്ട് ഇന്ത്യ അതിൻ്റെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും ശീതയുദ്ധാനന്തര ലോകത്ത് ഇന്ത്യക്ക് അതിൻ്റെ വികസന നയങ്ങൾക്ക് പുതിയ ചട്ടക്കൂട് പ്രദാനം ചെയ്യണമെങ്കിൽ വിദേശനയത്തിൽ പൊളിച്ചെഴുത്ത് ആവശ്യമാണെന്നുമാണ്.

1993 മേയിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയുമായ ഷിമോൺ പെരസിൻ്റെ ഇന്ത്യാ സന്ദർശനത്തോടെ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തോടൊപ്പം വാണിജ്യ ബന്ധവും ശക്തിപ്പെട്ടു. വാജ്പേയി പ്രധാനമന്ത്രിയായപ്പോൾ അടുപ്പം വീണ്ടും വർധിച്ചു. കാർഗിൽ യുദ്ധകാലത്ത് ഇസ്രായേലിൻ്റെ ഇൻ്റലിജൻസ് സഹായം ഇന്ത്യ സ്വീകരിച്ചു. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും അടുത്ത നയതന്ത്ര പങ്കാളിയാണ് ഇസ്രായേൽ. ഇസ്രായേലിൽ സന്ദർശനം നടത്തിയ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ ഇസ്രായേൽ അനുകൂല നിലപാട് രാജ്യത്തിൻ്റെ പൊതുബോധത്തിൽ മുമ്പൊന്നുമില്ലാത്ത വിധം ഇസ്‌ലാമോഫോബിയ പടർത്തിയിരിക്കുന്നു. ഒക്ടോബർ 7 ന് ഇസ്രായേൽ ആക്രമിക്കപ്പെട്ടപ്പോൾ ഇസ്രായേലിന് ഉപാധി കൂടാതെയുള്ള ഐക്യദാർഢ്യമാണ് മോദി നൽകിയത് . യുദ്ധം ഒരു വംശഹത്യയുടെ തലത്തിലേക്ക് ഇസ്രായേൽ കൊണ്ടു പോയപ്പോഴും വെടിനിർത്തലിന് ആവശ്യപ്പെട്ട് പൊതുസഭയിൽ അവതരിച്ച പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുകയാണ് ഇന്ത്യ ചെയ്തത്. ഇന്ത്യയുടെ കഴിഞ്ഞ കാല പ്രഖ്യാപിത നിലപാടുകൾക്ക്‌ വിരുദ്ധമായിരുന്നു അത്. അതേ സമയം, വംശീയ ദേശീയതയിൽ വിശ്വസിക്കുന്ന സയണിസവും സംഘ്പരിവാറും ഒരേ തൂവൽപക്ഷികളായതിനാൽ ഈ ബന്ധം സ്വാഭാവികവുമാണ് താനും.

Related