ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും, അമ്മമാര്‍ക്കും, അതിര്‍ത്തികളില്ലാത്ത ആതുരസേവകര്‍ക്കും, അന്തസ്സുള്ള പത്രപ്രവര്‍ത്തകര്‍ക്കും, നീതിയില്‍ ഇപ്പോഴും വിശ്വസിക്കുന്ന സര്‍ക്കാരുകള്‍ക്കും: ദശലക്ഷക്കണക്കിന് വരുന്ന സാധാരണ ക്യൂബന്‍ സ്ത്രീകളിലൊരാളാണ് ഞാന്‍. എനിക്ക് പ്രശസ്തിയുള്ള ഒരു പേരോ, സ്ഥാനപ്പേരുകളോ ഇല്ല. ഒരു മകള്‍, ഒരു സഹോദരി, ഒരു ദേശസ്നേഹി.
വിറയ്ക്കുന്ന കൈകളോടെയും, ആത്മാവ് കീറിമുറിയുന്ന വേദനയോടെയും ആണ് ഞാന്‍ ഇത് എഴുതുന്നത്. ഒരു ‘പ്രതിസന്ധി’യിലല്ല ഇന്ന് ഞങ്ങളുടെ ആളുകള്‍ ജീവിക്കുന്നത്. മറിച്ച് ഇത് ഒരു പതുക്കെയുള്ള കൊലപാതകമാണ്- കണക്കുകൂട്ടലുകളോടെ, മരവിച്ച ഹൃദയത്തോടെ വാഷിംഗ്ടണില്‍ നിന്ന് തീരുമാനിച്ചുറപ്പിച്ച ഒന്ന്. പക്ഷേ, ലോകം ഇതിനെ നേരെ മറിച്ചാണ് കാണുന്നത്.
എന്റെ മുത്തച്ഛന്മാര്‍ക്കുവേണ്ടി ഞാന്‍ അപലപിക്കുന്നു;
ക്യൂബയില്‍, പ്രായമായ ആളുകള്‍ സമയമെത്തുംമുന്നെ മരണപ്പെടുന്നതായി ഞാന്‍ ആരോപിക്കുന്നു. കാരണം അമേരിക്ക ഞങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഹൃദയ ചികിത്സയ്ക്കുള്ള മരുന്നുകള്‍, രക്തസമ്മര്‍ദ്ദ ഗുളികകള്‍, പ്രമേഹ ചികിത്സകള്‍ക്കുള്ള ഔഷധങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് തടയിടുന്നു. വിഭവങ്ങളുടെ അഭാവമല്ല കാരണം, മറിച്ച് മനഃപൂര്‍വമായ നിരോധനമാണ്. ക്യൂബയ്ക്ക് മരുന്നുകള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് മേല്‍ പിഴ ചുമത്തുകയും അവരെ വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാരുകള്‍ മൗനം പാലിക്കുന്നു. അതേസമയം, ഒരു ക്യൂബന്‍ മുത്തച്ഛന്‍ നെഞ്ച്പിടിച്ച് ഔഷധങ്ങള്‍ക്കായി കാത്തിരിക്കുന്നു. മരണം മുന്നറിയിപ്പ് നല്‍കാതെ കടന്നുവരുന്നു.
ക്യൂബന്‍ കൂട്ടികളുടെ പേരില്‍ ഞാന്‍ അപലപിക്കുന്നു;
ഇന്ധനത്തിന്റെ അഭാവം മൂലം ക്യൂബയില്‍ ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരുന്നതിനെ ഞാന്‍ അപലപിക്കുന്നു. ഏതൊക്കെ രാജ്യങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിയും, ഏതൊക്കെ ചെയ്യാന്‍ കഴിയില്ല എന്ന് അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ജീവനുവേണ്ടി പോരാടുന്ന നവജാതശിശുക്കളെ ക്യൂബയിലെങ്ങും കാണാം. വാഷിംഗ്ടണിലെ ഒരു ഓഫീസില്‍ ഒപ്പിട്ട ഉത്തരവ് അതിന്റെ തീരങ്ങളില്‍ നിന്ന് 90 മൈല്‍ അകലെയുള്ള ഒരു കുഞ്ഞിന്റെ നിലവിളിയേക്കാള്‍ വിലമതിക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകുന്നത് കാണേണ്ടിവരുന്ന ക്യൂബന്‍ അമ്മമാരുണ്ട്.
എവിടെ അന്താരാഷ്ട്ര സമൂഹം? ശിശുക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എവിടെയാണ്? അതോ ക്യൂബന്‍ കുട്ടികള്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്ന് അവര്‍ വിശ്വസിക്കുന്നുവോ?
ഞങ്ങളുടെ മേല്‍ മനഃപൂര്‍വ്വം വിശപ്പ് കെട്ടിയേല്‍പ്പിച്ചതായി ഞാന്‍ ആരോപിക്കുന്നു;
ഉപരോധമെന്നത് ആസൂത്രണം ചെയ്ത വിശപ്പാണെന്ന് ഞാന്‍ ആരോപിക്കുന്നു. ഭക്ഷണം ഇല്ലാതാക്കപ്പെടുന്നത് മാത്രമല്ല കാരണം. അത് വാങ്ങുന്നതില്‍ നിന്ന് ഞങ്ങളെ തടയുന്നു എന്നതാണ്. ഭക്ഷണവുമായി വരുന്ന കപ്പലുകള്‍ വേട്ടയാടപ്പെടുന്നു. ബാങ്ക് ഇടപാടുകള്‍ തടയപ്പെടുന്നു. ഞങ്ങള്‍ക്ക് ധാന്യം, ഇറച്ചി, പാല്‍ എന്നിവ വില്‍ക്കുന്ന കമ്പനികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നു. ക്യൂബയിലെ വിശപ്പ് ഒരു യാദൃശ്ചികതയല്ല. അത് അമേരിക്കന്‍ സര്‍ക്കാരിന്റെ ഭരണകൂട നയമാണ്, 60 വര്‍ഷങ്ങളായി എല്ലാ ഭരണകൂടങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും, ഡൊണാള്‍ഡ് ട്രംപ് തീവ്രമാക്കിയതും, മാര്‍ക്കോ റൂബിയോ ദുരുദ്ദേശ്യത്തോടെ നടപ്പിലാക്കിയതുമായ ഒന്നാണ്. അവര്‍ ഇതിനെ ‘സാമ്പത്തിക സമ്മര്‍ദ്ദം’ എന്ന് വിശേഷിപ്പിക്കുന്നു. ഞാന്‍ ഇതിനെ ‘വിശപ്പിലൂടെയുള്ള ഭീകരത’ എന്ന് വിളിക്കുന്നു.
എന്റെ ഡോക്ടര്‍മാരുടെ പേരില്‍ ഞാന്‍ അപലപിക്കുന്നു;
ലോകം മുഴുവന്‍ തകര്‍ന്നപ്പോള്‍ പാന്‍ഡെമിക് സമയത്ത് ജീവന്‍ രക്ഷിച്ച അതേ ഡോക്ടര്‍മാര്‍ക്ക് ഇന്ന് സിറിഞ്ചുകളോ അനസ്തേഷ്യ, എക്സ്-റേ ഉപകരണങ്ങളോ ലഭ്യമല്ല എന്നതിനെ ഞാന്‍ അപലപിക്കുന്നു. അവ എങ്ങനെ നിര്‍മ്മിക്കണമെന്ന് ഞങ്ങള്‍ക്കറിയാത്തതുകൊണ്ടല്ല. കഴിവുകളുടെ അഭാവം കൊണ്ടല്ല. പക്ഷേ ഉപരോധം; ഉപകരണങ്ങളുടെ സംഭരണം, സാങ്കേതികവിദ്യകളുടെ കൈമാറ്റം എന്നിവയ്ക്ക് തടയിടുന്നു.
ഞങ്ങളുടെ ശാസ്ത്രജ്ഞര്‍ അഞ്ച് കോവിഡ് 19 വാക്സിനുകള്‍ സൃഷ്ടിച്ചു; ആരുടെയും സഹായമില്ലാതെ. എല്ലാ സംഭാവ്യതകള്‍ക്കും എതിര്‍നിന്നുകൊണ്ട്. ഉപരോധത്തിനും നുണകള്‍ക്കും എതിര്‍നിന്നുകൊണ്ട്. എങ്കില്‍ക്കൂടിയും, അത് നേടിയെടുത്തതിന് സാമ്രാജ്യത്വം ഞങ്ങളെ ശിക്ഷിക്കുകയാണ്.
ലോകത്തോട്, ഞാന്‍ പറയുന്നു:
ക്യൂബ നിങ്ങളോട് ഭിക്ഷ ചോദിക്കുന്നില്ല; ക്യൂബ നിങ്ങളോട് സൈനികരെ ആവശ്യപ്പെടുന്നില്ല; ക്യൂബ നിങ്ങളോട് ഞങ്ങളെ സ്നേഹിക്കാന്‍ ആവശ്യപ്പെടുന്നില്ല; ക്യൂബ നിങ്ങളോട് നീതി ചോദിക്കുന്നു. അതില്‍ കൂടുതലോ, കുറവോ ആയി ഒന്നുമില്ല.
എന്റെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ സാമാന്യവത്കരിക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. ഉപരോധത്തെ, മാനവികതയ്ക്കെതിരായ കുറ്റകൃത്യമായി വിശേഷിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. ‘സംവാദം’, ‘ജനാധിപത്യം’ എന്നീ കഥകളിലൂടെ അവര്‍ ഞങ്ങളുടെ കഴുത്തില്‍ കുരുക്കിടുമ്പോള്‍ വിഡ്ഢിക്കളാക്കപ്പെടരുതെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. ഞങ്ങള്‍ക്ക് ജീവകാരുണ്യം ആവശ്യമില്ല. അവര്‍ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
മൗനം പാലിക്കുന്ന കൂട്ടുകക്ഷി സര്‍ക്കാരുകളോട്: ചരിത്രം നിങ്ങളെ ഉത്തരവാദികളായി രേഖപ്പെടുത്തും.
നുണ പറയുന്ന മാധ്യമങ്ങളോട്: സത്യം എപ്പോഴും വിള്ളലുകള്‍ കണ്ടെത്തും.
ഉപരോധങ്ങളില്‍ ഒപ്പിടുന്ന ആരാച്ചാര്‍ക്ക്: ക്യൂബന്‍ ജനത മറക്കുകയോ, ക്ഷമിക്കുകയോ ചെയ്യില്ല.
ഇപ്പോഴും ഹൃദയത്തില്‍ മനുഷ്യത്വം ഉള്ളവരോട്: ക്യൂബയെ നോക്കൂ. അവര്‍ അവളോട് എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. എന്നിട്ട് സ്വയം ചോദിക്കൂ: ചരിത്രത്തിന്റെ ഏത് വശത്ത് നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്?
ഒരു ഭീമന്‍ ജനതയുള്ള ഈ ചെറിയ ദ്വീപില്‍ നിന്ന്,
കീഴടങ്ങാന്‍ വിസമ്മതിക്കുന്ന ഒരു സാധാരണ ക്യൂബന്‍ സ്ത്രീ.
(ക്യൂബന്‍ ചലച്ചിത്ര നടിയും ആക്ടിവിസ്റ്റുമാണ് ഇകേ റൊമായ്)
(ട്രാന്‍സിഷന്‍ സ്റ്റഡീസ് കേരളക്കുവേണ്ടി കെ. സഹദേവന്‍ തയ്യാറാക്കിയത്.)
