ഒരു പഴയ പള്ളി, ഒരു ഉന്നത കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്ന കോടതി ഉത്തരവിന്റെ മറവിൽ സഹാറൻപൂർ ഭരണകൂടം പൊളിച്ചുമാറ്റി. മുസ്ലിംകള് നിയമലംഘനമോ കുറ്റകൃത്യമോ നടത്തുമ്പോൾ ഭരണകൂടം വളരെ പക്ഷപാതപരമായി പെരുമാറുകയും “നിയമവാഴ്ച” നടപ്പിലാക്കാൻ വേഗത്തിൽ ശ്രമിക്കുകയും ചെയ്യുന്നത് കാണുന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്. അന്ധത ബാധിച്ച ഹിന്ദു സമൂഹത്തിലെ ചിലർ നിയമം കൈയിലെടുക്കുകയും നിയമം ലംഘിക്കുകയും ചെയ്യുമ്പോൾ ഭരണകൂടം കണ്ണടയ്ക്കുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം തുറന്നതും പ്രകടവുമായ നടപടികള്‍ ലജ്ജാകരം മാത്രമല്ല, അത്യന്തം അപകടകരവും ഭരണഘടനാ വിരുദ്ധവുമാണ്.
റെയിൽവേ, വിമാനത്താവളങ്ങൾ, ഹൈവേകൾ, പൊലീസ് സ്റ്റേഷനുകള്‍ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ തുടങ്ങിയ പ്രധാനപ്പെട്ട പൊതു ഇടങ്ങളെ തടസ്സപ്പെടുത്തുന്ന ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ പ്രശ്നം നിലവിലുണ്ട്. എന്നാൽ, ഈ പ്രശ്നങ്ങൾ വളരെ ശ്രദ്ധയോടെയും മാന്യതയോടെയും ബന്ധപ്പെട്ട സമൂഹങ്ങളുടെ പങ്കാളിത്തത്തോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. അത്തരം നിയമങ്ങൾ ന്യായമായി നടപ്പിലാക്കണം.
എന്നിരുന്നാലും, മിക്കവാറും പൊലീസ് സ്റ്റേഷന് പരിതിക്കുള്ളിലും ഹൈന്ദവ ഉത്സവങ്ങൾ ആഘോഷിക്കുകയും അവയുടെ സമുച്ചയങ്ങൾക്കുള്ളിൽ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാണ്. അവിടങ്ങളിലൊക്കെ ജന്മാഷ്ടമി ആഘോഷിക്കപ്പെടുന്നു, കൂടാതെ പോലീസ് ഉദ്യോഗസ്ഥർ എല്ലാ മതപരമായ പ്രവർത്തനങ്ങൾക്കും സൗകര്യമൊരുക്കുന്നു. എന്നാൽ, ഒരു മുസ്ലീം നമസ്കാരം വ്യക്തിപരമായി ചെയ്താലും അത് ഒരു “ഭീഷണി”യായി മാറുന്നു.
ആയിരക്കണക്കിന് കൻവാരി യാത്രകള്‍ റോഡുകളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു, യാത്രക്കാർ ദിവസങ്ങളോളം പ്രയാസം നേരിടുന്നു. എന്നിട്ടും അവരെ “സ്വാതന്ത്ര്യ സമര സേനാനികൾ” പോലെയാണ് കാണുന്നത്, ശത്രുക്കളോട് ഏതോ യുദ്ധം ജയിച്ചതുപോലെ, ഭരണകൂടം അവരുടെ മേൽ പുഷ്പവൃഷ്ടി നടത്തുന്നു.
സാവൻ ഉത്സവം കഴിഞ്ഞതിനുശേഷം ഹരിദ്വാറിൽ എന്താണ് സംഭവിക്കുന്നതെന്ന് നാമെല്ലാവരും കണ്ടിട്ടുണ്ട്. കോടിക്കണക്കിന് ടൺ മാലിന്യങ്ങൾ അവശേഷിക്കുന്നു, അത് എവിടേക്ക് ഒഴുകുമെന്ന് നമുക്കറിയില്ല. എന്നിരുന്നാലും “മത” വികാരങ്ങളുടെയും പഴക്കമുള്ള പാരമ്പര്യങ്ങളുടെയും പേരിൽ ഇതെല്ലാം സ്വീകാര്യമാണ്.ആരും ഇത് നിഷേധിക്കുന്നില്ല, സർക്കാർ അത് സമ്മതിക്കുന്നുമുണ്ട്. എന്നാൽ, ഭരണകൂടം മറ്റുള്ളവരുടെ മതപരമായ വികാരങ്ങളെയും ബഹുമാനിക്കാൻ ആവശ്യപ്പെടേണ്ടതല്ലേ?
സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും “മതേതര”മായി തുടരണമെന്ന് നമ്മൾ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു – അതായത് എല്ലാ മതങ്ങളോടും അവർക്ക് തുല്യ ബഹുമാനമോ തുല്യ അകലമോ ഉണ്ടായിരിക്കണം. എന്നാൽ ഇന്ന്, മുഴുവൻ സംവിധാനങ്ങളും ആദിവാസികൾക്കും പ്രത്യേകിച്ച് മുസ്ലീങ്ങൾക്കും, ദലിതർക്കുംഎതിരായി വിദ്വേഷത്തിന്റെ ലഹരി ബാധിച്ചവരായി മാറിക്കൊണ്ടിരിക്കുകയാണ്.
ഗുജറാത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ഒരു പ്രതിയെ പൊലീസ് പരസ്യമായി മർദ്ദിച്ചത് നോക്കൂ. ചാട്ടവാറടിക്ക് ഇരയായ വ്യക്തി ഒരു മുസ്ലീമായിരുന്നു, അയാൾ ലിവ്-ഇൻ ബന്ധത്തിൽ ആയിരുന്ന തന്റെ ഹിന്ദു പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി. ഇപ്പോൾ, അത്തരമൊരു വ്യക്തിയോട് അതേ രീതിയിൽ പെരുമാറണമെന്ന് ആളുകൾ വാദിക്കുന്നു, അത് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക്, തങ്ങളുടെ നടപടിയെ “ഹൈന്ദവ വിശ്വാസികള്‍ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് നന്നായി അറിയാമായിരുന്നു.
അതുപോലെ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയിൽ നിന്ന് പ്രതികരണം തേടിയതിന്റെ പേരിൽ രണ്ട് വനിതാ പത്രപ്രവർത്തകരെ പോലീസ് മർദ്ദിക്കുന്നത് നമ്മൾ കണ്ടു.
സോഷ്യൽ മീഡിയയും പുതിയ തലമുറയിലെ “പത്രപ്രവർത്തകരും” പലപ്പോഴും മനഃപൂർവ്വം പ്രകോപനപരമായി റിപ്പോർട്ട് ചെയ്യുന്നു, പ്രതികരണം തേടുന്നു എന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം. പ്രതികരിക്കുന്നത് ഒഴിവാക്കുന്ന ഒരാളുടെ മുന്നിൽ അവർ നിലവിളിക്കുന്നു. ഇതൊരു പ്രശ്നമാണെന്നും ഉത്തരം ആവശ്യമാണെന്നും നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, ഈ രണ്ട് സ്ത്രീകളെയും മർദിച്ചത് അവർ മാധ്യമപ്രവർത്തകരായതുകൊണ്ടല്ല; അവർ മുസ്ലീങ്ങളായതുകൊണ്ടാണ്. ഈ വിഷയങ്ങൾ ഗൗരവമുള്ളതാണ്, ഭരണകൂട സംവിധാനത്തിൽ നിന്ന് തിരുത്തൽ നടപടികൾ ആവശ്യമാണ്. ആരാണ് ശരി, ആരാണ് തെറ്റ് എന്നതിനെക്കുറിച്ച് ഞാൻ ഇവിടെ എഴുതുന്നില്ല. സ്വയം വിധി പറയുക എന്നത് പോലീസിന്റെയോ ഭരണകൂടത്തിന്റെയോ സമൂഹത്തിന്റെയോ കടമയല്ല. അതിനായി ഒരു നടപടിക്രമമുണ്ട്, നീതിന്യായ വ്യവസ്ഥയും ഉണ്ട്.
പലതവണ കീഴ്ക്കോടതി വിധികൾ ഉയർന്ന കോടതികൾ റദ്ദാക്കിയത് നീതിന്യായ വ്യവസ്ഥയുടെ ശക്തിയാണ്. സഹാറൻപൂരിൽ പള്ളി പൊളിക്കാൻ എന്തായിരുന്നു തിടുക്കം? പള്ളി കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഭരണകൂടത്തിന് നന്നായി അറിയാമായിരുന്നു, പക്ഷേ, അവർ അതിനുള്ള തയ്യാറെടുപ്പിലായിരുന്നില്ലേ?
സുപ്രീം കോടതി ഇപ്പോൾ ഒരു തിരുത്തൽ നടപടി സ്വീകരിക്കണം. ന്യൂനപക്ഷങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും എതിരായ മുൻവിധികൾ നമ്മുടെ ഭരണ ഘടനയിൽ തുടർന്നാൽ നമ്മുടെ ഭരണഘടനയ്ക്കും സമൂഹത്തിനും സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കാനാവില്ല.
എസ്ഐആർ പ്രക്രിയ ആളുകൾക്കിടയിൽ, പ്രത്യേകിച്ച് മുസ്ലിംകൾക്കിടയിൽ ഗുരുതരമായ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഒരു നിസ്സാര പരാതികൊണ്ട് ചില വ്യക്തികൾക്ക് ആയിരക്കണക്കിന് ആളുകളുടെ അവകാശങ്ങൾ നിഷേധിക്കാൻ കഴിയുന്ന ഘടന എങ്ങനെ അനുവദിക്കാൻ കഴിയും? ഒരുകാലത്ത് ഭരണകൂടത്തിന്റെയും അതിന്റെ ഉപകരണത്തിന്റെയും തെറ്റായ പ്രവർത്തനങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും വലിയ ഉപകരണങ്ങളായിരുന്നു നിയമവും ഭരണഘടനയും. എന്നാൽ ഇന്ന്, നമ്മുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുപകരം ജനങ്ങളെ ഭയപ്പെടുത്താൻ നിയമങ്ങൾ ആയുധമാക്കപ്പെടുന്നു.
ഇതുവരെ, രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതികരണം വളരെ ജാഗ്രതയോടെയാണ്. അവരിൽ ഭൂരിഭാഗവും “ട്വീറ്റ്” ചെയ്യുകയും സ്വയം തൃപ്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ സർക്കാരിൽ നിന്ന് ഉത്തരവാദിത്തം തേടേണ്ട നിരവധി പ്രശ്നങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. ഉത്തർപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ധ്രുവീകരണ ശ്രമങ്ങൾ ഉണ്ടാകുന്നത് നിരന്തരം നമ്മള് കണ്ടുകൊണ്ടിരിക്കുന്നു.
