October 14 Wednesday 2026

നിതിന്‍ രാജിന്റെ മരണം: ഏപ്രില്‍ 28ന് കേരള ഹര്‍ത്താല്‍

കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബി.ഡി.എസ്. വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരായും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 28-ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിന്‍ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്.

കെ.കെ. സുരേഷ് ചെയര്‍മാനും സണ്ണി എം. കപിക്കാട് ജനറല്‍ കണ്‍വീനറുമായി വിവിധ ദലിത്-ആദിവാസി സമുദായ-രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകൃതമായ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. നിരവധി രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി ഹര്‍ത്താലിന് പുന്തുണ പ്രഖ്യാപിച്ചു.

Related