August 13 Thursday 2026

നിതിന്‍ രാജ്: കേരളത്തിലെ ജാതി-വംശീയതയുടെ ജിയോഗ്രഫി വീണ്ടും തുറന്നു കാണിക്കപ്പെടുന്നു

ഒരു മുപ്പത് വര്‍ഷം മുമ്പ് ഞങ്ങള്‍ പയ്യന്നൂര്‍ കോളജില്‍ പഠിച്ച് കൊണ്ടിരുന്നപ്പോള്‍ സ്ഥിരമായി സഹപാഠികളില്‍ നിന്നും കേട്ടത് ‘നിങ്ങള്‍ക്ക് സംവരണം ഉണ്ടല്ലോ’ എന്നും അധ്യാപകരില്‍ നിന്നും ‘സംവരണത്തില്‍ കയറി വന്ന നീയൊക്കെ ബാക്കിയുള്ളവരെ കൂടി നാശമാക്കും’ എന്ന വര്‍ത്തമാനങ്ങളായിരുന്നു. അതായത് ദലിതരായ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസം എന്ന ഒരു ശുദ്ധിയുടെ ഇടത്തെ മലിനമാക്കുന്ന ‘ഇമ്പ്യൂരിറ്റി’ ആയി ആ സമൂഹം മനസ്സിലാക്കി; ഇത് ഒരു വ്യക്തിഗത അനുഭവമെന്നതിലുപരി, ഒരു സാമൂഹിക ഘടനാപരമായ വ്യവസ്ഥയുടെ ഭാഗമായി പ്രവര്‍ത്തിച്ച ഒരു ഡിസ്‌കോഴ്സായി നിലനിന്നിരുന്നു. അത് കൂടെ പഠിച്ച വിദ്യാര്‍ത്ഥികളും അധ്യാപകരും ഓഫീസും അധികാരവും ഒക്കെ ചേര്‍ന്നുള്ള ഒരു സിസ്റ്റം തന്നെ അങ്ങനെ ആയിരുന്നു. കേരളം അതില്‍ നിന്നും മാറി പല രൂപത്തിലുള്ള അശുദ്ധിയിലൂടെ വികസിക്കുന്ന തലത്തിലേക്ക് അട്ടിമറിഞ്ഞിട്ടുണ്ട്; ഇത് ഒരു ട്രാന്‍സ്‌ഫോര്‍മേറ്റീവ് സോഷ്യല്‍ പ്രോസസ്സായും കാണാം. പ്രത്യേകിച്ച് രണ്ടായിരത്തി പത്തിലൊക്കെ രൂപപ്പെട്ട സാമൂഹിക മാധ്യമങ്ങളുടെ കമ്മ്യൂണിക്കേഷനുകളിലൂടെ പലതരം പുതിയ ചിന്തകളുടെ അശുദ്ധികളും കേരളീയ പരിസരത്തെ ഡിജിറ്റല്‍ പബ്ലിക് സ്ഫിയറിലൂടെ അടക്കം പല വിധത്തില്‍ മുന്നോട്ട് നയിച്ചിട്ടുമുണ്ട്. ദലിതുകള്‍, ആദിവാസികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ഇസ്‌ലാമോഫോബിയക്കെതിരെ ഉള്ള ചിന്തകള്‍ എന്നിവയിലൂടെ ഉള്ള ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനിലൂടെ കേരളത്തിലെ ‘പൊതു’ എന്ന ഇടം പലതരം മിക്‌സഡ് കള്‍ച്ചറല്‍ തിങ്കിംഗിലൂടെ ഒരു പോസ്റ്റ്-സ്ട്രക്ച്ചറല്‍ സ്പേസ് ആയി രൂപപ്പെട്ടിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു സ്പേസിലേക്കാണ് ദലിത് സി ജെനെറേഷന്‍ സാമ്പത്തികമായും സാമൂഹികമായും ഡിജിറ്റല്‍ മോഡിലും എല്ലാം ഉയര്‍ന്നത്; ഇത് ഒരു സോഷ്യല്‍ മൊബിലിറ്റിയും ഐഡന്റിറ്റി റീകോണ്‍ഫിഗറേഷനും ഒരുമിച്ച് സംഭവിക്കുന്ന ഒരു ഘട്ടം കൂടെ ആണ്.

അതിനോട് ഒട്ടും അഡ്രസ് ചെയ്യാന്‍ പറ്റാത്ത പലതരം സമൂഹങ്ങള്‍ പാരലല്‍ ആയി തന്നെ കേരളത്തെ പിന്നോട്ടു വലിച്ചിരുന്നുവെന്നതാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങള്‍, സവര്‍ണ്ണ ജാതി പ്രത്യയശാസ്ത്രങ്ങള്‍, കേരളത്തില്‍ ജാതി ഇല്ല എന്ന പ്രയോഗങ്ങള്‍, ഇടതുപക്ഷ രാഷ്ട്രീയങ്ങളുടെ ദലിത് വിരുദ്ധത, ഇടതുപക്ഷ ഭരണത്തിലെ ദലിത് കൊലപാതകങ്ങള്‍, അവരുടെ ഇസ്‌ലാമോഫോബിയകള്‍, സവര്‍ണ്ണ സംവരണങ്ങള്‍ തുടങ്ങിയവ ഈ കേരളത്തില്‍ വേറെ തലത്തിലും ഓപ്പറേറ്റ് ചെയ്തു, ഇത്തരം ഐഡിയോളജിക്കല്‍ ഹെജിമണി പല തരത്തിലുള്ള സമൂഹങ്ങളില്‍ ഒട്ടും അപ്ഡേറ്റഡ് ആകാത്ത ഒരു കൂട്ടമായി നിലനില്‍ക്കുന്ന ഒരു വിഭാഗമാണ് കേരളത്തിലെ അധ്യാപകരിലെ ഒരു കൂട്ടം; ഇത് ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ ലാഗ് കൂടെ ആണ്. ഈ അധ്യാപകരിലേ പല വിഭാഗങ്ങളിലുള്ള (identity) മനുഷ്യര്‍ തങ്ങളുടെ ഇടം പിടിക്കുന്നതിലൂടെ പലതരം ജനാധിപത്യവല്‍ക്കരണങ്ങള്‍ നടത്തുമ്പോഴും ‘മാതാ പിതാ ഗുരു ദൈവം’ എന്ന കൃത്യമായ അധികാരം നിലനിന്നുപോകണം എന്ന് വിചാരിക്കുന്ന ഫാസിസ്റ്റ് മനോഭാവമുള്ള ഒരു കൂട്ടവും ഇവിടെ നിലനിന്നു; ഇത് ഒരു ഓതോറിറ്റേറിയന്‍ പെഡഗോഗി കൂടെ ആണ്. അവരുടെ മൂലധനം എന്ന് പറയുന്നത് ഹിന്ദുത്വത്തിന്റെയും സവര്‍ണ്ണ ജാതി പ്രത്യയശാസ്ത്രങ്ങളുടെയും പഴയ ചിന്തകളായിരുന്നു. ഇത് അവരുടെ ഒരു കള്‍ച്ചറല്‍ ക്യാപിറ്റല്‍ ആയി അവര്‍ നില നിര്‍ത്തി. എകെപിസിടിഎ, കെഎസ്ടിഎ പോലുള്ള സംഘടനകള്‍ക്കും ഇത്തരം പ്രത്യയശാസ്ത്രപരമായ ചിന്തകളെ അട്ടിമറിക്കാനോ വിചിന്തനം ചെയ്ത് പുനര്‍നിര്‍മ്മിക്കാനോ കഴിഞ്ഞിട്ടില്ല; ഇതിന്റെ ഒക്കെയും ഒരു കല്‍മിനേഷന്‍ ആണ് നിതിന്‍ രാജ് എന്ന ഒരു വിദ്യാര്‍ഥിയുടെ കൊലപാതകത്തിലേക്ക് നയിക്കപ്പെടുന്നത്.

കഴിവ്, അച്ചടക്കം, അധികാരം എന്നീ ടൂളുകളിലൂടെ ആണ് പ്രധാനമായും തങ്ങളുടെ വംശീയത കുട്ടികളുടെ മുകളില്‍ (കുട്ടികള്‍ ദലിതര്‍ ആയാലും അല്ലെങ്കിലും) ഈ അധ്യാപകര്‍ ഓപ്പറേറ്റ് ചെയ്യുന്നത്; ഇത്തരം അധ്യാപകര്‍ പവര്‍-നോളജ് ഡൈനാമിക് എപ്പോഴും ഓപ്പറേറ്റ് ചെയ്യും. സംവരണം എന്നത് കഴിവില്ലാത്തവരുടെ ഒരു കുറുക്കുവഴിയാണെന്ന് വിചാരിക്കുന്നവരാണ് ഇവിടെയുള്ള ഭൂരിഭാഗം അധ്യാപകരും, അതുപോലെ കേരളീയ സമൂഹവും ഇത്തരം മെറിറ്റോക്രാറ്റിക് മിത്ത് എന്ന ചിന്തയിലൂടെ ആണ് പ്രവര്‍ത്തിക്കുക. അവരുടെ ഒളിവര്‍ത്തമാനങ്ങളില്‍ എപ്പോഴും, ഒരു സബ്ടെക്സ്റ്റ്വല്‍ ഡിസ്‌കോഴ്സായി അത് പറഞ്ഞുകൊണ്ടേയിരിക്കും. പിന്നെ അവര്‍ അച്ചടക്കത്തിന്റെ അപ്പോസ്തലന്മാരായി ഈ അധ്യാപകര്‍ മാറുകയും ചെയ്യും. അധ്യാപകത്വത്തിലെ ഗൈഡ്ഷിപ്പ്, കോ-റിലേഷന്‍, ജനാധിപത്യവല്‍ക്കരണം എന്നിവ ഒന്നും അഡ്രസ് ചെയ്യാത്ത വംശീയമായ അടിച്ചമര്‍ത്തലിന്റെ പഴയ ഫാസിസ്റ്റ്-ഹിന്ദുത്വ കാഴ്ച്ചകളില്‍ ജീവിക്കുന്ന സവര്‍ണ്ണ ജാതി വംശീയതായിലുള്ള ജീര്‍ണിച്ച മനുഷ്യരാണ് നിതിനെ കൊന്നവരും എന്നതാണ് വാസ്തവം; ഇത് ഒരു സ്ട്രക്ചറല്‍ ഒപ്രഷന്‍ കൂടെ ആണ്.

കേരളത്തിലെ ദലിത് സമൂഹങ്ങള്‍ കാര്‍ഷിക അടിമത്ത തൊഴിലില്‍ നിന്നും ഭൂമിയുടെ അധികാരത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും, വിദ്യാഭ്യാസത്തിലൂടെയും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലൂടെയും നഗരങ്ങളിലേക്കുള്ള ഡിസ്‌പ്ലേസ്‌മെന്റുകളിലൂടെയും പലതരത്തില്‍ ഉയര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലേക്ക് എത്തിയിട്ടുണ്ട്. കോളേജ് അധ്യാപകരാകുന്നതിലൂടെയും മറ്റും പൊതു ഇടങ്ങളില്‍ വീട് വെച്ച് താമസിക്കുന്നതിലൂടെയും മധ്യവര്‍ഗ ദലിതര്‍ അവരുടെ സ്‌പേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ഡിജിറ്റല്‍ ഇടങ്ങളിലൂടെയും പലതരം ഐഡന്റിറ്റികളുടെ, ദലിതരുടെയും ആദിവാസികളുടെയും പ്രെസന്‍സ് അവര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അത് കേരളത്തിലെ എഴുത്തുകളില്‍, സിനിമകളില്‍, മാധ്യമ ചര്‍ച്ചകളില്‍, രാഷ്ട്രീയങ്ങളില്‍ ഒക്കെ പ്രതിഫലിച്ചിട്ടുമുണ്ട്. പഴയ അടിമത്തത്തിന്റെ ഹിസ്റ്റോറിക്കല്‍ മെമ്മറിയില്‍ നിന്ന് അട്ടിമറിഞ്ഞ് പുതിയ ദലിത് സമൂഹത്തിന്റെ ഒരു ഓര്‍ഗാനിക് സോഷ്യല്‍ ഫോര്‍മേഷന്‍ രൂപപ്പെടുന്നുണ്ട്; ഇത് ഒരു ഹിസ്റ്റോറിക്കല്‍ റീആര്‍ട്ടിക്കുലേഷന്‍ കൂടെ ആണ്. പക്ഷേ, കേരളത്തിലെ ഇടതുപക്ഷം അടക്കമുള്ള സവര്‍ണ്ണ രാഷ്ട്രീയധാരകള്‍ ഇതിനോട് വലിയ ഫ്രസ്ട്രേഷന്‍ അടിത്തട്ടില്‍ ഇപ്പോഴും കടിച്ചമര്‍ത്തുന്നുണ്ട്. അതിന്റെ ഒരു പൊട്ടിത്തെറിയായിട്ടാണ് എസ്എഫ്‌ഐ നേതാവൊക്കെ ഒരു ദലിത് പെണ്‍കുട്ടിയെ ‘തന്തയില്ലാത്ത കുഞ്ഞിനെ ഉണ്ടാക്കി തരും’ എന്നൊക്കെ ആക്രോശിക്കുന്നത്. ഒരേ സമയം ദലിതരും ആദിവാസികളും ഡിജിറ്റല്‍ സ്‌പേസ് അടക്കം രൂപപ്പെടുത്തുന്ന പൊതു ഇടം പിടിച്ചടക്കുമ്പോള്‍ അതിനെ പല തരത്തില്‍ പ്രതിരോധിക്കുന്ന ഫാസിസ്റ്റ് കൌണ്ടര്‍ പബ്ലിക് മനസ്സാക്ഷികള്‍ ഇവിടെ രൂപപ്പെടുന്നു. അത് കൊണ്ടാണ് പിണറായി വിജയന്റെ പൊലീസ് ബിന്ദു എന്ന ദലിത് സ്ത്രീയെ മോഷണ കുറ്റം ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ ഇരുത്തി ടോയ്‌ലറ്റിലെ വെള്ളം കുടിക്കാന്‍ ആക്രോശിക്കുന്നത്.

കേരളത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകളാല്‍ ശക്തിപ്പെട്ട ഒരു പുതിയ ദലിത് തലമുറയുടെ ഉദയം, മുമ്പ് കാര്‍ഷിക തൊഴിലാളികളുടെ ശരീരങ്ങളോട് ചേര്‍ന്നു നിന്നിരുന്ന ‘ജാതി ശരീരങ്ങളെ’ അട്ടിമറിക്കുന്നുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഇയര്‍ഫോണുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍, Google Meet പോലുള്ള പ്ലാറ്റ്ഫോമുകള്‍, സാമൂഹിക മാധ്യമ ശൃംഖലകള്‍ എന്നിവയിലേക്കുള്ള ദലിതരുടെ പ്രവേശനം, ചരിത്രപരമായി അവര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന പൊതു ഇടങ്ങളില്‍ അവര്‍ പിടിച്ചു കയറി അവരുടെ സ്‌പേസ് നിര്‍ണയിക്കുന്നുണ്ട്. അവിടെ അവരുടെ പേര്‍ഫോമെറ്റീവ് ഐഡന്റിറ്റി രൂപപ്പെടുത്തുന്നുമുണ്ട്. ദലിതുകളെ കൈത്തൊഴില്‍, ദാരിദ്ര്യം, ‘പരമ്പരാഗത’ വേഷധാരണം എന്നിവയില്‍ കുടുക്കിയ സവര്‍ണ ‘കാഴ്ചകളെ’ ഇത് വെല്ലുവിളിക്കുന്നു; അതിന് പകരം വസ്ത്രധാരണത്തിലെ മാറ്റങ്ങള്‍, ഡിജിറ്റല്‍ സാന്നിധ്യം, നഗര-വെര്‍ച്വല്‍ ഇടങ്ങളിലേക്കുള്ള സഞ്ചാരശേഷി എന്നിവയിലൂടെ സബാള്‍ട്ടണ്‍ സബ്ജക്ടിവിറ്റി ദലിതര്‍ നിര്‍മിച്ചിട്ടുമുണ്ട്. ഇതൊക്കെ കേരളത്തിന്റെ പൊതു സമൂഹത്തിന്റെ സവര്‍ണ്ണതയ്ക്ക് ഒട്ടും സഹിക്കാവുന്നതിനും അപ്പുറമാണ്. നിതിന്‍ രാജിനെപോലുള്ള കുട്ടികള്‍ ഇത്തരം സ്‌പേസിലേക്ക് കയറുന്നതും ഈ ജാതി കേരളത്തിന് സാഹിക്കാവുന്നതിനും അപ്പുറം ആകും.

ഞങ്ങളുടെ വ്യക്തിജീവിതത്തില്‍ എണ്‍പതുകളില്‍ മധ്യവര്‍ഗമായ ഞങ്ങള്‍ ദലിത് സമൂഹത്തില്‍ നിന്ന് ഇംഗ്ലീഷ് മീഡിയത്തില്‍ പഠനം നടത്തിയിരുന്നു. അന്ന് ഞങ്ങളുടെ ദേശത്ത് നിന്ന് തന്നെ ഇംഗ്ലീഷ് മീഡിയം പ്രൈവറ്റ് സ്‌കൂളില്‍ പഠിച്ചിരുന്ന ചുരുക്കം ചിലര്‍ ഞങ്ങള്‍ ആയിരുന്നു. ഇവിടത്തെ ഇടതുപക്ഷം അടക്കം ഞങ്ങളെ ‘ഇംഗ്ലീഷുകാര്‍, ഇംഗ്ലീഷ് പറഞ്ഞാലേ മനസ്സിലാകൂ’ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു. ഇന്നാകട്ടെ പ്രൊഫഷണല്‍ കോളേജുകളിലും സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകളിലും ഡെന്റല്‍ കോളേജുകളിലേക്കും വിദേശ യൂണിവേഴ്‌സിറ്റികളിലേക്കും എജുക്കേഷണല്‍ മോബിലിറ്റിയുടെ ഭാഗമായി എല്ലാം ദലിത്-ആദിവാസി സമൂഹങ്ങളിലുള്ള കുട്ടികള്‍ ‘മൈഗ്രേറ്റ്’ ചെയ്യാനും തുടങ്ങി. അവര്‍ ഈ ഇടങ്ങളില്‍ തങ്ങളുടെ സ്‌റ്റൈല്‍, ബോഡി, സെക്‌സ്വാലിറ്റി, പ്രണയം, ആഘോഷങ്ങള്‍ തുടങ്ങിയവയെല്ലാം പല തരത്തില്‍ രൂപപ്പെടുത്തുന്നുമുണ്ട്. അങ്ങനെ മള്‍ട്ടി-കള്‍ച്ചറല്‍ ഇമ്പ്യൂരിറ്റിയിലേക്കും ഡിജിറ്റല്‍ ഇമ്പ്യൂരിറ്റിയിലേക്കും കടന്നു പോകുന്ന ഒരു മിക്‌സഡ് കള്‍ച്ചറല്‍ സ്ട്രീമിലേക്ക് സമൂഹം പുതിയ ലോകത്തേക്ക് പോകുമ്പോള്‍, അതിനെ തടയിടാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് വംശീയ ശക്തികള്‍ ഇതേ സമൂഹത്തിനു കൊടുക്കുന്ന ഇന്‍ഡിക്കേഷനും കൂടെയാണ് കേരളം എന്നൊരു ‘പുരോഗമന ഇടം’ എന്ന കള്ളത്തരത്തിന്റെ ജിയോഗ്രഫിയില്‍ നടക്കുന്ന നിതിന്റെത് പോലുള്ള വംശീയ കൊലപാതകങ്ങള്‍.

ഇത്തരം പ്രത്യക്ഷമായ കൊലപാതകങ്ങള്‍ നടത്തുന്നത് പോലെ തന്നെ ഇവര്‍ ജാതി-വംശീയതയുടെ മൈന്യൂട്ട് ആയ മൈക്രോ-അഗ്രഷന്‍ ഓപ്പറേഷനുകളും നടത്തും. ‘ഞങ്ങള്‍ക്ക് ജാതി ഇല്ല’, ‘ഞങ്ങളുടെ വീട്ടില്‍ പണിക്ക് വരുന്നവരോട് ഞങ്ങളുടെ പേര് വിളിക്കാന്‍ അനുവദിക്കാറുണ്ട്’, ‘എനിക്ക് കോളനികളില്‍ കൂട്ടുകാരുണ്ട്’ തുടങ്ങിയ വര്‍ത്തമാനങ്ങളിലൂടെയും സംവരണം V/s മെറിറ്റ് ഡിസ്‌കഷനുകളിലൂടെയും, സവര്‍ണ്ണ സംവരണങ്ങളിലൂടെയും, മന്ത്രിസഭകളില്‍ പ്രാതിനിധ്യം ഇല്ലായ്മയിലൂടെയും, മാധ്യമങ്ങളില്‍ മരുന്നിനു പോലും റെപ്രസെന്റേഷന്‍ കൊടുക്കാതെയും (നിഥിന്റെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളിലെ സവര്‍ണ്ണ ലിബറലുകള്‍ ഒക്കെ അതീവ തമാശയാണ്), രാജു പി. നായര്‍ എന്ന ‘നായര്‍’ പ്രമാണിത്തത്തിന്റെ ‘പുരോഗമന കേരളം മണ്ണാങ്കട്ട’ എന്ന പോസ്റ്റിലൂടെയും ഒക്കെ, ദലിതരുടെ പ്രെസന്‍സിനെ അവഗണിക്കുന്നതിലൂടെയും, നിറത്തിനെയും വേഷത്തിനെയും കളിയാക്കുന്നതിലൂടെയും, അവര്‍ ജീവിക്കുന്ന ഇടത്തെയും കോളനിയെയും ഒക്കെ കളിയാക്കുന്നതിലൂടെയും അവര്‍ പല തരത്തില്‍ ജാതിയെ ഓപ്പറേറ്റ് ചെയ്യും. ഇവിടെ ഇപ്പോള്‍ കാര്‍ഷിക പണിക്ക് ആളെ കിട്ടുന്നില്ല എന്ന ആധി അതിന്റെ ഒരു കല്‍മിനേഷനാണ്; കാര്‍ഷിക തൊഴില്‍ ചെയ്ത മനുഷ്യര്‍, ദലിതര്‍ വിദ്യാഭ്യാസം നേടിയതിനെ ചെറുക്കാന്‍ ഈ വംശീയമായ പ്രസ്താവനയിലേക്ക് എലൈറ്റുകള്‍ പോകും. ഒരു ലേബര്‍-കാസ്റ്റ് ആശയത്തിലൂടെ ദലിതരുടെ ആത്മാഭിമാനത്തിന്റെ പ്രകാശനത്തെ അവരുടെ അഹങ്കാരമായി ഇവര്‍ വിലയിരുത്തും.

രോഹിത് വെമുലയുടെ ജാതി-വംശീയതയുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകത്തിന് ശേഷം ഇന്ത്യയില്‍ പലതരത്തിലുള്ള പൊളിറ്റിക്കല്‍ മുന്നേറ്റങ്ങളും അതിനു സമാനമായ സാമൂഹികമായ ഒരു ബൈഫര്‍ക്കേഷനും ഡിജിറ്റല്‍ വിപ്ലവങ്ങളും പല തരത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷേ, കേരളത്തില്‍ എന്താണ് സംഭവിച്ചത്? ദലിത് വിദ്യാര്‍ത്ഥികളുടേതായ കോടിക്കണക്കിന് രൂപയുടെ ഗ്രാന്റുകള്‍ ഇവിടത്തെ ഇടതുപക്ഷ സര്‍ക്കാര്‍ തടഞ്ഞുവെച്ചുവെന്ന ആരോപണങ്ങളും ഉയര്‍ന്നു. സവര്‍ണ്ണ സംവരണം നടപ്പിലാക്കി. നിതിന്റെ മരണത്തിനു ശേഷം പോലും ഇവിടെ ജാതി നില നില്‍ക്കുന്നുവോ എന്ന് പറഞ്ഞു അവര്‍ അത്ഭുതപ്പെട്ടു. ഇടതുപക്ഷത്തിന്റെ സാംസ്‌കാരിക നായകരും സാമൂഹിക ചിന്തകരും പൊളിറ്റിക്കല്‍ ഫോഴ്‌സുകളും വിദ്യാര്‍ത്ഥി സംഘടനകളും കേരളത്തില്‍ ഡീപ്പ്-റൂട്ടഡ് ആയി ജാതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഒരു സുസ്ഥിരമായ അനാലിസിസ് ഇവിടെ നടത്താറില്ല. കാരണം പുരോഗമന ഇടതുപക്ഷത്തിന്റെ ഭൂപരിഷ്‌കരണം മുതല്‍ ഇങ്ങോട്ടുള്ള രാഷ്ട്രീയ ചരിത്രം അനലൈസ് ചെയ്താല്‍ കേരളത്തിലെ ജാതി-വംശീയത സവര്‍ണ്ണ അനുകൂലമായി ഇടതുപക്ഷം എങ്ങനെ രൂപപ്പെടുത്തിയെന്നതിന്റെ ഒരു ഓഡിറ്റിങ് ആവശ്യമായി വരും. ഇടതുപക്ഷത്തോട് ഇത്തരം ഒരു ചോദ്യം ഉന്നയിക്കാനുള്ള സ്പേസ് പോലും അത് ഉള്‍ക്കൊള്ളാനുള്ള ഒരു തലവും ഇടതുപക്ഷത്തില്‍ രൂപപ്പെട്ടിട്ടില്ല. അധികാരത്തില്‍ നിന്ന് തങ്ങളെ തടയിടുന്നതില്‍ ജാതി-വംശീയത പ്രയോഗിക്കുന്നതില്‍ കോണ്‍ഗ്രസും വ്യത്യസ്തമല്ല എന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തെളിയിച്ചിട്ടുണ്ട്. രോഹിത് വെമുലയുടെ മരണം ഉണ്ടാക്കിയ സോഷ്യല്‍ റീ-തിങ്കിങ് കേരളത്തില്‍ ഒട്ടും അതിന്റെ പൊതു ഇടങ്ങളിലെ അധികാര ഘടനകളില്‍ നടപ്പിലാക്കപ്പെട്ടിട്ടില്ല എന്ന് വേണം പറയാന്‍.

അത് പോലെ കണ്ണൂരിനെയും ഉത്തര മലബാറിനെയും ജാതിയില്ലാത്ത പുരോഗമന ഇടത്തിന്റെ ജിയോഗ്രഫിയായി ആണ് കേരളത്തിന്റെ ഇമാജിനേഷനില്‍ രൂപപ്പെടുത്തുന്നത്. അത് കേരളം മാത്രമല്ല, ലോകം കണ്ട ഏറ്റവും വലിയ തമാശയാണ്. ഇടതുപക്ഷത്തിന്റെ മാനവികത എന്നൊക്കെ പുരപ്പുറത്ത് കൂവി മരിക്കുന്ന കണ്ണൂരിലൊക്കെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെയും സാമുദായിക മുന്നേറ്റങ്ങളുടെയും ഒരു സ്ഥിരതയുള്ള സാധ്യതകളും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അവിടെ ജാതി ഇല്ല എന്ന് പറയുമ്പോള്‍ കാര്‍ഷിക അടിമത്തത്തില്‍ നിന്ന് തുടങ്ങി കോളനികളുടെ ജിയോഗ്രാഫിക്കല്‍ പ്ലേസ്‌മെന്റുകള്‍ വഴി ഭക്ഷണത്തില്‍ വരെ ജാതി നോക്കുന്ന ഇടമാണ് കണ്ണൂര്‍ (അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് നിലനില്‍ക്കുന്ന ഇടം) എന്ന് നമുക്ക് മനസ്സിലാകും. ഇത് ഒരു സ്‌പെഷ്യല്‍ കാസ്റ്റ് ഓര്‍ഡറിംഗ് ആണ്. അവിടെ ജീവിച്ച ദലിതരോട് ചോദിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ. കണ്ണൂരിലെ ഇടതുപക്ഷ പാര്‍ട്ടി ഗ്രാമങ്ങളില്‍ ദലിതരുടെ വിവാഹത്തിന് പോലും പോയി ഭക്ഷണം കഴിക്കാത്ത ഇടതുപക്ഷ ഇടങ്ങളിലെ കാരണവന്മാര്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഒരു ഇടം കൂടെയാണ് ഇത്.

അതുപോലെ തന്നെ ഇതേ കണ്ണൂരില്‍ നിന്നാണ് ഒരു പൊലീസ് ഓഫീസര്‍ നിതിന്‍ മരിച്ച ഉടനെ ‘ലോണ്‍ ആപ്പില്‍ നിതിന്‍ പണം എടുത്തു’ എന്ന പേരില്‍ ഒരു ദലിത് വിദ്യാര്‍ത്ഥിയുടെ മോറല്‍ ഇന്റഗ്രിറ്റിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കാരണം, കള്‍പ്രിറ്റായി അവന്റെ കൊലപാതകത്തിന് കാരണക്കാരായി അവിടെ നിലനില്‍ക്കുന്നത് നമ്പ്യാര്‍ സമുദായത്തിലും ഉയര്‍ന്ന ജാതിയില്‍ പെട്ടവരുമാണ് എന്നതാണ്. അവര്‍ക്കു രാഷ്ട്രീയ ബന്ധം ഉണ്ടെന്നും സംശയിക്കുന്നു/അതുപോലെ ഉത്തര മലബാറിലെ ‘പുരോഗമന’ പ്രസ്ഥാനമായ ഇടതുപക്ഷത്തിന്റെ നമ്പ്യാര്‍ അധികാര ഘടന ഒക്കെ പരിശോധന വിധേയമാക്കിയാല്‍, ഒരു പക്ഷേ കേരളം കാണുന്ന ഏറ്റവും വലിയ സ്ലാപ്സ്റ്റിക് കോമഡിയായി, ഐഡിയോളജിക്കല്‍ സറ്റയര്‍ ആയി അത് മാറും.

നിതിന്‍, രോഹിത് വെമുലയെ പോലെ തന്നെ, ഇന്‍സ്റ്റിറ്റിയൂഷണല്‍ ആയി കൊലചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ തിരോധാനത്തോടെ കേരളം എന്ന ‘പുരോഗമന നവോത്ഥാനം’ എന്ന് പറഞ്ഞു പുരപ്പുറത്ത് കോണകം തൂക്കുന്ന ജാതി-വംശീയതയുടെ ഒരു ജിയോഗ്രഫി വീണ്ടും തുറന്നു കാണിക്കപ്പെടുകയാണ്. ഇവിടെ ജാതി-വംശീയത കളിയാക്കല്‍, അവഗണിക്കല്‍, പേഴ്‌സണല്‍ സ്‌പേസിലെ വംശീയ ഫാസിസ്റ്റ് അധികാരങ്ങളുടെ പ്രയോഗങ്ങള്‍ എന്നിവയിലൂടെ, അധ്യാപകത്വം എന്ന അധികാര-ജാതി ഘടനയിലൂടെ, ബോഡി ഷെയ്മിംഗിലൂടെ, കാസ്റ്റ് ഷെയ്മിംഗിലൂടെ ഒക്കെ നടത്തിക്കൊണ്ട് വംശീയമായി മാനസികമായി തകര്‍ക്കുന്ന, മരണത്തിനു ശേഷവും മോറല്‍ പവറിലൂടെ തകര്‍ക്കുന്ന ഒരു വംശീയ പ്രോജക്ടായി സിസ്റ്റമിക് പ്രഷന്‍ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്

രണ്ടു അധ്യാപകരെ കുറ്റവാളികളാക്കി ശിക്ഷിച്ചു ആഘോഷിച്ചു കൊണ്ടും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി കൊണ്ടും തീരുന്ന പ്രശ്‌നമല്ല അത്. കേരളത്തിന്റെ പുരോഗമന മനസ്സിന്റെ അടിത്തട്ടില്‍ പുതുതായി ഓപ്പറേറ്റ് ചെയ്യുന്ന പോസ്റ്റ്-സ്ട്രക്ച്ചറല്‍, പോസ്റ്റ്-മോഡേണ്‍ ജാതികളുടെ ഓപ്പറേഷനുകളെ അഡ്രസ് ചെയ്തു കൊണ്ടുമാത്രമേ ഈ സമൂഹത്തിന് അതിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിയൂ. ‘മാതാ പിതാ ഗുരു ദൈവം’ ആണ് എന്ന് മാധ്യമങ്ങള്‍ക്ക് ബൈറ്റ് കൊടുക്കുന്ന കെഎസ്‌യുവിനെ കൊണ്ടോ, കാമ്പസില്‍ രാഷ്ട്രീയം വേണം എന്ന് പറയുന്ന ഇടതുപക്ഷത്തിന്റെ കോമിക് സ്റ്റേറ്റ്‌മെന്റുകള്‍ കൊണ്ടോ ഒന്നും അതിന് പരിഹാരം ഉണ്ടാകില്ല. കേരളത്തിലെ ഇടതുപക്ഷം, പുരോഗമനം അടക്കം ഉള്ള ഇടങ്ങളിലെ ജാതി-വംശീയതയെ അധികാരം, ജിയോഗ്രഫി, റെപ്രസെന്റേഷന്‍ എന്നീ തലങ്ങളില്‍ പുനഃസംഘടിപ്പിച്ചു (reform) മാത്രമേ കേരളത്തിലെ ജാതി-വംശീയതയില്‍ ഏതെങ്കിലും ചെറിയ പുരോഗമനപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയൂ; അതിനു ഒരു സ്ട്രക്ചറല്‍ സോഷ്യല്‍ റീഫോം എന്ന ദിശയിലാണ് ചിന്തിക്കേണ്ടത്.

Related