ഓണത്തിന് തൊട്ടു മുമ്പുള്ള ദിവസം പുറത്തുവന്ന പഴയ ഒരു സി.സി.ടി.വി ദൃശ്യം കേരള സമൂഹത്തെ നടുക്കിയിരിക്കുകയാണ്. കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ നാലു പൊലീസുകാര്‍ പൊലീസ് സ്റ്റേഷന്റെ കോറിഡോറിലൂടെ വലിച്ചിഴച്ച്, ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍. അയാള്‍ ‘നിയമലംഘകന്‍’ ആണോ, ‘പാര്‍ട്ടി നേതാവോ’ എന്നത് ചര്‍ച്ചാവിഷയമാകാതെ, എല്ലാവരും ചോദിക്കേണ്ട ചോദ്യം പൊലീസിന് ഒരാളെ ഇങ്ങനെ മര്‍ദിച്ചു രസിക്കാന്‍ അവകാശമുണ്ടോ? എന്നതാണ്.
സംഭവം പുതിയ ഒന്നല്ല. കാലങ്ങളായി സ്റ്റേഷനുകളില്‍ നടക്കുന്നതാണ് ഇതൊക്കെ. എന്നാല്‍, കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത കാലത്ത് ഇത്തരം ക്രൂരതകള്‍ കേരളത്തില്‍ പതിവായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോക്കപ്പ് മരണങ്ങള്‍, തെരുവുകളില്‍ കൂട്ടമര്‍ദനങ്ങള്‍, മനുഷ്യാവകാശങ്ങളെ പരസ്യമായി വെല്ലുവിളിക്കല്‍ തുടങ്ങി കേരള ജനാധിപത്യത്തിന്റെയും ഭരണഘടനാപരമായ ഭരണ സംവിധാനത്തിന്റെയും വിശ്വാസ്യത തന്നെ തകര്‍ക്കുന്ന അവസ്ഥയിലാണ്.
ലോക്കപ്പ് മരണങ്ങളുടെ ഭീകരകാലം
കേരളത്തില്‍ പോലീസ് ലോക്കപ്പുകളില്‍ മനുഷ്യര്‍ മരിക്കുന്നത് ആദ്യമല്ല. . 2006-ല്‍ തിരുവനന്തപുരത്തെ ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാറിന്റെ ‘ഉരുട്ടിക്കൊല’ കേരളത്തിലെ അധികാര മാറ്റത്തിന് പോലും ഇടയാക്കിയ കേസാണ്. എല്ലാ കാലത്തും കസ്റ്റഡി മരണങ്ങള്‍ പൊലീസിന്റെ വകയായി ഉണ്ടായിട്ടുണ്ട്. എന്നാല്‍, 2016 മുതല്‍ ഇന്നുവരെ കസ്റ്റഡി മരണങ്ങളുടെ നിരക്ക് ഇരട്ടിയായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് (2016-2021) 11 ലോക്കപ്പ് മരണങ്ങളും, രണ്ടാം പിണറായി സര്‍ക്കാര്‍ (2021-2025) കാലത്ത് ഇതുവരെ ആറ് കസ്റ്റഡി മരണങ്ങളുമാണ് ഉണ്ടായത്.
കോഴിക്കോട് റീജ്യണല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന പി. രാജന്‍ കക്കയം പൊലിസ് ക്യാമ്പില്‍ ഉരുട്ടിക്കൊലക്ക് വിധേയമാകപ്പെട്ടതോടെയാണ് കേരളത്തില്‍ കസ്റ്റഡി മരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അതാകട്ടെ അടിയന്തിരാവസ്ഥാ കലത്താണ്. അക്കാലത്ത് സമ്പൂര്‍ണ്ണ പൊലീസ് രാജായിരുന്നു കേരളത്തിലേത്. അതിനു ശേഷം പൊലീസ് അതിക്രമങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ഉണ്ടായിട്ടുണ്ടെങ്കിലും പൊലീസ് രാജ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നത് 2016 ല്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കൈയാളിത്തുടങ്ങിയത് മുതലാണ്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റശേഷം പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിശ്ചയിച്ചിരുന്നു. സെന്‍കുമാറിനെ സംബന്ധിച്ച് സംഘ്പരിവാര്‍ ബന്ധം ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ, പകരം നിയമിച്ചത് നേരിട്ട് അമിത്ഷായുമായും മോദിയുമായും ബന്ധമുള്ള ലോക്‌നാഥ് ബെഹ്‌റയെ ആയിരുന്നു. സുപ്രിം കോടതി വിധിപ്രകാരം 2017 ല്‍ വീണ്ടും സെന്‍കുമാര്‍ തിരിച്ചുവന്നെങ്കിലും ഏതാവും മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം റിട്ടയറാകുകയും പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ വീണ്ടും വരികയും ചെയ്തു. ഇതിനിടയില്‍ ചരിത്രത്തിലെങ്ങും ഇല്ലാത്ത വിധം മുഖ്യമന്ത്രിക്ക് പ്രത്യേക പൊലീസ് ഉപദേഷ്ടാവിനെ നിശ്ചയിച്ചു. പാലക്കാട് സിറാജുന്നിസ വധം അടക്കമുള്ള സംഭവങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച രമണ്‍ ശ്രീവാസ്തവയെ ആണ് ഇടതുപക്ഷ മുഖ്യമന്ത്രി തന്റെ പൊലീസ് ഉപദേഷ്ടാവാക്കിയത്. ഇടതുപക്ഷ-മതേതര നിലപാടുള്ളവരെല്ലാം നെറ്റി ചുളിച്ച നിയമനമായിരുന്നു ഇത്. അന്നു മുതല്‍ പൊലീസിന്റെ മോഡി ചെയ്ഞ്ചാവുകയാണ് ഉണ്ടായത്. വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം, വിനായകന്‍ എന്ന ചെറുപ്പക്കാരന് നേരെ പൊലിസ് നടത്തിയ അതിക്രമത്തെ തുടര്‍ന്ന് അയാള്‍ അത്മഹത്യ ചെയ്തത്, ഇടുക്കി കോലഹലമേട് സ്വദേശിയായി രാജ്കുമാര്‍, മലപ്പുറത്തെ താമിര്‍ ജിഫ്രി, തൃശൂരിലെ ഷമീറിന്റെ കസ്റ്റഡി മരണം, നെടുങ്കണ്ടത്തെ രാജ്കുമാര്‍ ഇങ്ങനെ പേരും സ്ഥലവും മാറുമെങ്കിലും കസ്റ്റഡി മരണങ്ങള്‍ അനുസ്യൂതം തുടരുകയാണ്.
പൊലിസ് കസ്റ്റഡികളിലെ ഭീകരത – അഞ്ചാലുംമൂട് രാജീവ്, ഷിബു എന്നിവരുടെ അനുഭവം
കേരളം മുഴുവന്‍ കോളിളക്കമുണ്ടാക്കിയ കസ്റ്റഡി മര്‍ദ്ദമനാണ് കൊല്ലം അഞ്ചാലും മൂട്ടിലെ രാജീവ്, ഷിബു എന്നിവര്‍ നേരിട്ടത്. 2017 ഒക്ടോബര്‍ 17 തിങ്കളാഴ്ച രാത്രിയാണ് ഇതില്‍ രാജീവിനെ ഷാഡോ പൊലീസ് ജോലിസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുന്നത്. അവിടെ നിന്ന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തിച്ചതു. എത്തിയ പാടെ മര്‍ദനം ആരംഭിച്ചു. രണ്ട് മാസങ്ങള്‍ക്കു മുമ്പ് രാജീവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് 1,80,000 രൂപ കളവ് പോയിരുന്നു. ആ സമയം രാജീവ് അവിടെയല്ല ജോലി ചെയ്യുന്നത്. ആ പണം മോഷ്ടിച്ചത് രാജീവാണ് എന്നാരോപിച്ചാണ് മര്‍ദനം തുടങ്ങിയത്. ഇതിനിടയില്‍ ബന്ധുവായ ഷിബുവിനെയും സ്റ്റേഷനിലെത്തിച്ചു. ഇരുവരെയും പരിപൂര്‍ണ്ണ നഗ്‌നരാക്കി നിര്‍ത്തിയാണ് മര്‍ദനം തുടങ്ങിയത്. സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറയില്ലാത്ത ഭാഗത്തെ ഒരു മുറിയല്‍ വെച്ചാണ് മര്‍ദനം അരങ്ങേറിയത്. മഫ്തിയിലെത്തിയ ഒരു പൊലീസുകാരന്റെ കൈയിലുണ്ടായിരുന്ന ലാപ് ടോപ് ബാഗില്‍ നാം കഥകളിലും സിനിമകളിലുമൊക്കെ മാത്രം കണ്ടും കേട്ടു പരിചയിച്ച ചില മര്‍ദനോപകരണങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്താണ് മര്‍ദനം നടത്തിയതെന്ന് രാജീവ് മാധ്യമങ്ങളോട് വിവരിച്ചിരുന്നു.
കൈവിരലുകള്‍ കെണിപോലെയുള്ള ഒരു ഉപകണത്തില്‍ കയറ്റി മുകളിലും താഴെയും മുറുക്കുക, ജനനേന്ദ്രിയത്തില്‍ സ്പ്രിംഗ് പോലെയുള്ള ഉപകരണം കൊളുത്തി മുറുക്കി. അത് ഒരു പൊലീസുകാരന്‍ ശക്തിയായി വലിക്കുകയും അപ്പോള്‍ അകത്തി വച്ചിരിക്കുന്ന രണ്ട് കാലിലും ബൂട്ടിട്ട് പൊലീസുകാര്‍ നില്‍ക്കുക, കമിഴ്ത്തി കിടത്തി മുതുകത്ത് ബൂട്ടിട്ട് നൃത്തം ചവിട്ടുക തുടങ്ങിയ കേട്ടാല്‍ രക്തമുറഞ്ഞുപോകുന്ന മര്‍ദനമുറകളാണ് അരങ്ങേറിയത്. സബ് ഇന്‍സ്പക്ടര്‍ പ്രശാന്ത് കവിളത്ത് അതിശക്തിയായി പ്രഹരിക്കുമ്പോള്‍ നിലവിളിക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നു. സ്റ്റേഷനിലെത്തിയ ഭാര്യയോടും ബന്ധുക്കളോടും ഇങ്ങനെ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടിാ എന്നു പറയുന്നത് തൊട്ടടുത്ത മുറിയില്‍ ഒരു നൂല്‍ ബന്ധം പോലുമില്ലാതെ കേള്‍ക്കുന്നുണ്ടായിരുന്നു രാജീവനും ഷിബുവും. ഇങ്ങനെ അഞ്ചു ദിവസവും തുടര്‍ന്നു മര്‍ദനം. മൂന്നു ദിവസം രാത്രി വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കൊണ്ടു പോയത്. അവിടെ നാണം മറക്കാന്‍ ഒരു ന്യൂസ് പേപ്പറിന്റെ താള്‍ നല്‍കിയത്രെ. ഒക്ടോബര്‍ 17 തിങ്ങള്‍ മുതല്‍ 21 വെള്ളിവരെ ഈ പ്രകടനങ്ങള്‍ ആവര്‍ത്തിച്ചു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ നൂറു രൂപ വീതം കൈയില്‍ വച്ചു കൊടുത്ത് സബ് ഇന്‍സ്‌പെക്ടര്‍ അവരോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.
കേരളത്തിലെ ലോക്കപ്പുകളില്‍ ചെന്നുപെടുന്നവരുടെ അവസ്ഥ ഏതാണ്ട് ഇതുപോലെയാണ്. മരണപ്പെട്ട മിക്കവരുടെയും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സമാനമായ മര്‍ദന മുറകള്‍ നേരിട്ടതായി സൂചിപ്പിക്കുന്നുണ്ട്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 (Right to Life and Liberty) അനുസരിച്ച്, ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നത് സ്റ്റേറ്റിന്റെ കടമയാണ്. എന്നാല്‍, പൊലീസിന്റെ പ്രവൃത്തികള്‍ തെളിയിക്കുന്നത്, സ്റ്റേറ്റ് തന്നെ ക്രിമിനലല്‍ പ്രവര്‍ത്തനങ്ങളുടെ പ്രമോട്ടര്‍മാരായി മാറുന്ന അവസ്ഥയാണ്.
ആഭ്യന്തര വകുപ്പിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം
പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്തിമ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. 2016 മുതല്‍ ഇന്നുവരെ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ട് നിയന്ത്രണത്തിലാണ്. ഓരോ തവണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പ്രതിപക്ഷം അടിയന്തര ചര്‍ച്ചകള്‍ ആവശ്യപ്പെടും. മുഖ്യമന്ത്രിയാകട്ടെ എല്ലായ്‌പ്പോഴും ‘പൊലീസ് നല്ല സേവനം ചെയ്യുന്നു’ എന്നും പൊലീസിന്റെ ആത്മവീര്യം ചോരരുത് എന്നും പറഞ്ഞ് കുറ്റക്കാരെ രക്ഷപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ആര്‍.എസ്.എസ്-പൊലീസ് നെക്‌സസ്: ജനാധിപത്യത്തിന് ഭീഷണി
പൊലീസിനെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സംഘ്-രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. കേരളത്തിലെ പൊലീസ് ആര്‍.എസ്.എസ് ബന്ധവും അതില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന അനുഭാവ സമീപനവും ഉയര്‍ത്തിക്കാട്ടി കലാപം ഉണ്ടാക്കിയാണ് പി.വി അന്‍വര്‍ എം.എല്‍.എ, ആ സ്ഥാനം രാജിവെച്ചത്. ആര്‍.എസ്.എസ് നേതാവ് ദത്താത്രെയ ഹൊസബെലയുമായി എ.ഡി.ജി.പി അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ച വിവരങ്ങള്‍ ആദ്യം പറഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. പിന്നീട് പൂരം കലക്കലിലേക്കും സുരേഷ് ഗോപിയ്ക്ക് തൃശൂരില്‍ വിജയിക്കാനുള്ള സാമൂഹ്യാന്തരീക്ഷം രൂപപ്പെടുത്തുന്നതിലേക്കും എത്തിയത് ഈ ബന്ധമാണ്.
മലപ്പുറം ജില്ലയെ രാജ്യത്തെ ക്രമസമാധന പ്രശ്‌നമുള്ള ജില്ലയായി കാണിക്കാന്‍ കേസുകളുടെ എണ്ണം പൊലീസ് പെരുപ്പിക്കുന്നതും കിരപ്പൂര്‍ എയര്‍പോര്‍ട്ടിലെ സ്വര്‍ണ്ണം പിടിക്കല്‍ പരിപാടിയുമെല്ലാം പി.വി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലിലുണ്ട്. 2016 മുതല്‍ കേരള പൊലീസിന്റെ നടപടികള്‍ പിരശോധിച്ചാല്‍ കേരളത്തില്‍ ഹിന്ദുത്വക്ക് അനുകൂലമായ സമൂഹ്യ പശ്ചാത്തലം ഒരുക്കും വിധം പരാതികളെയും കേസുകളെയും കൈകാര്യം ചെയ്യുന്നതായി കാണാം.
മനുഷ്യാവകാശവും നിയമതത്വങ്ങളും
D.K. Basu vs State of West Bengal (1997) കേസിലെ വിധിയില്‍ സുപ്രിം കോടതി നടത്തിയ പരാമര്‍ശമാണ് – ‘Custodial torture is unconstitutional, it destroys the soul of democracy.’ (കസ്റ്റഡിയിലെ പീഡനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്, അത് ജനാധിപത്യത്തിന്റെ ആത്മാവ് തകര്‍ക്കും) കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് സുപ്രിം കോടതി ഭയപ്പെട്ട കാര്യമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനം കൂടിയാണ് ഇത്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നതാണ് ആര്‍ട്ടിക്കിള്‍ 14. നിലവില്‍ പൊതുജനങ്ങള്‍ക്ക് മേല്‍ നിയമം നടപ്പാക്കുന്നവെന്ന വ്യാജേനെ അക്രമങ്ങള്‍ അഴിച്ചുവിടുന്ന പൊലീസ് ഒരു നിയമവും പാലിക്കുന്നില്ല. കഴിഞ്ഞകാലത്ത് ലോക്കപ്പ് മരണത്തിനും മര്‍ദനത്തിനും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ എന്ത് നടപടി എടുത്തു എന്ന ചോദ്യമുയര്‍ത്തിയാല്‍ ആഭ്യന്തര മന്ത്രിക്കോ സര്‍ക്കാരിനോ യാതൊരു വ്യക്തതയുള്ള ഉത്തരവും നല്‍കാനാവില്ല. കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനത്തിന്റെ ദൃശ്യം പുറത്തു വന്നപ്പോള്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ, നേരത്തേ നടപടിയെടുത്തു എന്നു വ്യാഖ്യാനമാണ് സൃഷ്ടിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് ഇന്‍ക്രിമെന്റും പ്രൊമോഷനും തടഞ്ഞുവത്രെ; അതാണ് ശിക്ഷ. കൊടും ക്രിമനല്‍ കുറ്റം ചെയ്ത ആ പൊലീസുകാര്‍ സര്‍വ്വീസില്‍ തുടരുകയാണ്.
മേല്‍ പാരമര്‍ശിക്കപ്പെട്ട ഉദയന്‍ ഉരുട്ടിക്കൊല കേസില്േ#ല്‍ പ്രതികളായ പൊലീസുകാരെ സി.ബി.ഐ കോടതി വധശിക്ഷയ്ക്ക വിധിച്ച ഒന്നാം പ്രതി ഉള്‍പ്പടെ എലാലവരെയും വെറുതെ വിട്ട കോടതി ഉത്തരവ് വന്നത് ഈ ദൃശ്യങ്ങള്‍ പുറത്തു വരുന്നതിന്റെ തലേ ദിവസമാണ്. വാരാപ്പുഴ ശ്രീജിത്ത് ലോക്കപ്പ് കൊല കേസടക്കം നിരവധി കേസുകളിലെ പ്രതികളായ പോലീസുദ്യോഗസ്ഥര്‍ ഏതാനും ദിവസം സസ്‌പെന്‍ഷനോ ഒന്നോ രണ്ടെ ഇന്‍ക്രിമ്‌ന്റെ് തടയപ്പെട്ടോ രക്ഷപ്പെട്ട് പോകും. അതും അത്ര പ്രമാദമായ കേസാണെങ്കില്‍ മാത്രം.
സാമൂഹ്യ-രാഷ്ട്രീയ ആഘാതങ്ങള്‍
ക്രൂരതകള്‍ കൊണ്ട് പോലീസിലുള്ള സാമൂഹിക വിശ്വാസം തകര്‍ന്നിരിക്കുന്നു.മുസ്ലിങ്ങള്‍, ആദിവാസികള്‍, പട്ടിജാതിക്കാര്‍ തുടങ്ങിയ മാര്‍ജിനലൈസ് ചെയ്യപ്പെട്ടവരാണ് പോലീസിന്റെ ടാര്‍ഗെറ്റ് ഗ്രൂപ്പുകളായി മാറുന്നത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ എതിരാളികളും പട്ടികയിലുണ്ടാകും. രാഷ്ട്രീയമായി വിമര്‍ശിക്കുന്നവര്‍ക്കെതിരെ കള്ളക്കേസെടുക്കുക എന്നത് പോലീസിന്റെ സ്ഥിരം കലാപരിപാടിയാണ്.
പോലിസിനെതിരെ പരാതിപ്പെടാന്‍ പോലീസ് ക്ംപ്ലയിന്റെ അതോറിറ്റി എന്നൊന്നുണ്ട്. പക്ഷേ ഇത് കേരളത്തില്‍ വെറും കോമഡിയാണ്. പരാതിപ്പെട്ടാല്‍ ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ ഒരു ഹിയറിംഗിനു വിളിക്കും. പോലീസിനനുകൂലമായി മാത്രേ അതില്‍ നിന്ന് നടപടിയുണ്ടാകൂ. മാറിയിരിക്കുന്നു.
വേണം പോലീസില്‍ പരിഷ്‌കരണം
കേരളത്തിലെ പോലീസ് സേനയെ ആധുനികവത്കരിക്കണം എന്നു പറയുമ്പോള്‍ അത് പുതിയ സാങ്കേതിക സൌകര്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ പരിമിതപ്പെട്ടു പോകുന്നു. ജനാധിപത്യപരമായും സാസ്‌കാരികപരമായും പോലിസിനെ പരിഷ്‌കരിക്കാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല എന്നുമാത്രമല്ല പഴയ ഇടിയന്‍ കുട്ടന്‍പിള്ളയുടെ വാട്‌സപ്പ് പതിപ്പുകള്‍ മാത്രമാണ് നിലവിലെ പോലീസ് സേന.
പോലിസിന്റെ മേല്‍ ആരോപിക്കുന്ന കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസിനെത്തന്നെ ചുമതലപ്പെടുന്നതിന്റെ ദുരന്തം കൂടയാണ് ആവര്‍ത്തിക്കുന്ന പോലീസ് അതിക്രമങ്ങള്‍. സ്വതന്ത്രമായ പോലീസ് കമ്മീഷന്‍ ഉണ്ടാകേണ്ടത് അനിവാര്യതയാണ്. ലോക്കപ്പിലടക്കം പൊതു സമൂഹത്തിന് അക്‌സസുള്ള സി.സി.ടി.വി ഫൂട്ടേജ് ലഭ്യമാക്കണം. ഇടമുറികളും പ്രാകൃതമായ മര്‍ദ്ദന ഉപകരണങ്ങളും പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ഇല്ലാതാക്കണം. പോലീസിനെതിരെ പരാതി കൊടുക്കുന്നവരെ സംരക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകണം.
കുന്നംകുളത്തെ സുജിത്തിന്റെ മര്‍ദ്ദനവും, നീണ്ട വിവരാവകാശ നിയമ പോരാട്ടങ്ങളിലൂടെ അതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴുള്ള പ്രതികണങ്ങളും അതിനു ശേഷം പുറത്തു വരുന്ന വിവരങ്ങളും ഒക്കെ കാണുമ്പോള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ലോക്കപ്പ് മരണങ്ങളും, ആര്‍.എസ്.എസ് പോലീസ് നെക്‌സസ് ആരോപണങ്ങളും എല്ലാം കൂടി തെളിയിക്കുന്നത് കേരള പോലീസിനെക്കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും നഷ്ടമായിക്കഴിഞ്ഞു എന്നതാണ്. ഈ 9 വര്‍ഷക്കാലയളവില്‍ 17 ലോക്കപ്പ് മര്‍ദ്ദന മരണങ്ങള്‍ക്കു പുറമേ 9 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍കൂടി പോലീസ് നടത്തിയിട്ടുണ്ട്.
പോലീസ് ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍, മാഫിയ രീതിയില്‍ നിയമലംഘനം ചെയ്യുന്നവരായി മാറുമ്പോള്‍, ജനാധിപത്യം തന്നെ തടവറയിലാക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ കരുത്ത്, ഭരണഘടനയുടെ ആത്മാവ് – ജനങ്ങളുടെ ജീവന്‍, സ്വാതന്ത്ര്യം, അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലാണ്. ”കേരള മാതൃക” എന്ന് അഭിമാനത്തോടെ പറയാനുള്ള നൈതികാവകാശം നമുക്ക് നഷ്ടപ്പെടും. അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനമേറ്റ പിണറായി വിജയന്‍ മുഖ്യമന്ത്രിയായും പോലീസ് മന്ത്രിയായും ഇരിക്കുമ്പോള്‍ അന്ന് മര്‍ദ്ദനമേറ്റയാള്‍ മര്‍ദ്ദകരുടെ സംരക്ഷക റോളില്‍ ഇരിക്കുന്നു എന്ന മാറ്റം മാത്രമാണ് കേരളാ പോലീസിന് സംഭവിച്ചത്.
