പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയയെ ലക്ഷ്യം വെച്ച് സൈബറിടങ്ങളില്‍ പുതിയ നുണ പ്രചാരണം. ‘ആര്‍എസ്എസിന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ നൂറുവര്‍ഷങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്തത് ഫാത്തിമ തഹ്‌ലിയയാണെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.
‘ മതേതര സംരക്ഷണം എങ്ങനെയാണ് ലീഗ് പഠിപ്പിച്ച് തരുന്നതെന്ന് കാണുന്നില്ലേ. ലീഗ് നേതാവ് തഹ്ലിയ താത്ത കൈമാറുന്നത് ഭരണഘടനയല്ല. RSS ന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നൂറുവര്‍ഷങ്ങള്‍ എന്ന പുസ്‌കതമാണ് പ്രകാശനം ചെയ്യുന്നത്’ എന്ന അടിക്കുറിപ്പോടെ പുസ്തക പ്രകാശനത്തിന്റെ ചിത്രസഹിതമാണ് പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ സെപ്തംബറില്‍ തൃശൂരില്‍ സാഹിത്യ അക്കാദമിയില്‍ വെച്ച് നടന്ന ഐ. ഗോപിനാഥ് എഡിറ്റ് ചെയ്ത ‘RSS ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നൂറുവര്‍ഷം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന്റെ ചിത്രമാണ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഹിന്ദുത്വരാഷ്ട്രം ലക്ഷ്യമിട്ട് ആര്‍എസ്എസ് രൂപീകരിച്ച് 100 വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍, അവരുടെ ലക്ഷ്യങ്ങള്‍ക്കെതിരെ, The Critic യു ട്യൂബ് ചാനല്‍ സംപ്രേക്ഷണം ചെയ്ത പ്രഭാഷണങ്ങളുടെ സമാഹാരമാണ് പ്രസ്തുത പുസ്തകം. ഐ. ഗോപിനാഥ് ആണ് പുസ്തകത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത്.
കെ. വേണു, കെ. സച്ചിദാനന്ദന്‍, കല്‍പ്പറ്റ നാരായണന്‍, കെ. മുരളി, ഡോ. കെ. അരവിന്ദാക്ഷന്‍, സണ്ണി എം. കപിക്കാട്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ. സുനില്‍ പി. ഇളയിടം, ഡോ. മാളവിക ബിന്നി, ജെ. രഘു, പി. എന്‍ ഗോപീകൃഷ്ണന്‍, ഡോ. ടി.എസ് ശ്യാംകുമാര്‍, സജീവന്‍ അന്തിക്കാട്, ടി. മുഹമ്മദ് വേളം, ഡോ. സോയ ജോസഫ്, ഡോ. ടി.ടി ശ്രീകുമാര്‍ എന്നിവരാണ് പ്രഭാഷകര്‍. സാഹിത്യ അക്കാദമിയില്‍ നടന്ന, ഈ പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്തത് കെ.വേണുവും ഏറ്റുവാങ്ങിയത് ഫാത്തിമ തഹിലിയയുമാണ്. സണ്ണി കപിക്കാട്, പി.എന്‍ ഗോപികൃഷ്ണന്‍, ടി. മുഹമ്മദ് വേളം, സോയാ ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കടുത്തിരുന്നു.
ഫാത്തിമ തഹിലിയയുടെ സ്ഥാനാര്‍ത്ഥിത്വം പലരേയും ചെറുതായൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നതെന്നും അതിന്റെ ഒരു ഉദാഹരണമാണ് പുതിയ നുണ പ്രചരണമെന്നും ഐ. ഗോപിനാഥ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. സാമാന്യരാഷ്ട്രീയ ബോധമുള്ളവര്‍ക്കറിയാം. ‘നുണയന്മനാര്‍’ അറിഞ്ഞാലും തങ്ങളുടെ ജോലി തുടരും. അതിന്റെ ഭാഗമാണ് ഈ പ്രചാരണവുമെന്നും അദ്ധേഹം കൂട്ടിചേചര്‍ത്തു.
നേരത്തെ തഹിലിയക്കെതിരെ, ‘ഖൗമിലെ കുട്ടിക്ക് വോട്ട്’ ചോദിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് എല്‍ഡിഎഫ് നടത്തിയ പ്രചാരണം വിവിദമാവുകയും യുഡിഎഫ് ഇലക്ഷന്‍ കമീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.
