സംഘ്പരിവാറിൻറെ മുസ്ലിം വിദ്വേഷ-വംശീയ അജണ്ടകൾ കുത്തിനിറച്ച് എൻ.സി.ഇ.ആർ.ടി ഒമ്പതാം ക്ലാസിലേക്കുള്ള പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിക്കുന്നു. ഒൻപതാം ക്ലാസിനായി അവതരിപ്പിക്കുന്ന പുതിയ പാഠപുസ്തകങ്ങളുടെ ഭാഗമായാണ്, ‘Understanding Society: India and Beyond, Social Science Textbook for Grade 9, Part 2’ എന്ന പുസ്തകം പുറത്തിറക്കിയത്. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (NCF-SE) 2023, നാഷണൽ എഡ്യൂക്കേഷൻ പോളിസി (NEP) 2020 എന്നിവ പ്രകാരമുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് ഒൻപതാം ക്ലാസിലെ പുതിയ പുസ്തകങ്ങൾ അവതരിപ്പിക്കുന്നത്.
എ.ഡി 1000 മുതൽ 1700 വരെയുള്ള 700 വർഷത്തെ ഇന്ത്യൻ ചരിത്രമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും” കാലം എന്ന് വിശേഷിപ്പിക്കുന്ന പുസ്തകത്തിൽ ഈ കാലഘട്ടത്തെ മുഴുവൻ ‘നമ്മളും’ ‘അവരും’ തമ്മിലുള്ള ഒരു നീണ്ട പോരാട്ടമായാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. അതായത് ഹിന്ദു രാജാക്കന്മാരും മുസ്ലീം ഭരണാധികാരികളും തമ്മിലുള്ള പോരാട്ടം.
ഡൽഹി സുൽത്താനേറ്റിനെക്കുറിച്ച് ഒരു പേജ് മാത്രമാണ് പുസ്തകത്തിലുള്ളത്. ആ പേജിലാകട്ടെ, സുൽത്താന്മാരോട് പ്രാദേശിക രാജാക്കന്മാർ ചെറുത്തുനിൽക്കുന്നതിനെക്കുറിച്ച് മാത്രമാണ് പറയുന്നത്. മുഗൾ കാലഘട്ടത്തെ കുറിച്ച് കൂടുതൽ പേജുകൾ ഉണ്ടെങ്കിലും, അവയിലധികവും മുഗളന്മാർക്കെതിരായ ചെറുത്തുനിൽപ്പുകളെക്കുറിച്ചാണ് വിവരിക്കുന്നത്. അംബറിലെ രജപുത്രർ മുഗളന്മാരുമായി സഹകരിച്ചു പ്രവർത്തിച്ചതിനെക്കുറിച്ച് ഒരൊറ്റ വരിയിൽ മാത്രം ഒതുക്കിയിരിക്കുന്നു.
സംഘർഷങ്ങളിലൂടെയും സഹകരണങ്ങളിലൂടെയുമാണ് ഇന്ത്യ വളർന്നതെന്നാണ് കഴിഞ്ഞ 50 വർഷത്തിലേറെയായി നമ്മുടെ കുട്ടികൾ പഠിച്ചുകൊണ്ടിരുന്നത്. എന്നാൽ, ആ സഹകരണത്തിന്റെ ചരിത്രം ഇപ്പോൾ പുസ്തകത്തിൽ നിന്നും പൂർണ്ണമായി പുറത്താക്കപ്പെട്ടിരിക്കുന്നു.
ഏഴാം നൂറ്റാണ്ട് മുതൽ യുദ്ധങ്ങളിൽ സംരക്ഷണം ലഭിക്കാൻ രാജാക്കന്മാർ കാളിയോടും ദുർഗ്ഗയോടും ഭവാനിയോടും പ്രാർത്ഥിച്ചിരുന്നതായി പുസ്തകം പറയുന്നു. ബസ്തറിലെ അന്നമരാജാവിന് ദന്തേശ്വരി ദേവിയിൽ നിന്നാണ് വാൾ ലഭിച്ചതെന്നും പുസ്തകത്തിലുണ്ട്. മധുരയിലെ സുൽത്താനേറ്റിനെതിരെ വിജയനഗരത്തിലെ കുമാര കമ്പനൻ ഉപയോഗിച്ചത് ദേവി നൽകിയ വാളാണെന്നും അതിൽ പറയുന്നു. ശിവാജിക്ക് വാൾ നൽകിയത് തുൽജാ ഭവാനി ദേവിയാണെന്നും പറയുന്നു.
തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെയും അവിടെ നിർമ്മിക്കപ്പെട്ട പള്ളികളുടെയും വലിയൊരു നിര തന്നെ പുസ്തകത്തിൽ നൽകിയിട്ടുണ്ട്. ഔറംഗസേബ് കാശി വിശ്വനാഥ ക്ഷേത്രം തകർത്തത് എങ്ങനെയെന്നും വിവരിക്കുന്നതാണ് അതിലൊന്ന്. ക്ഷേത്രങ്ങൾ തകർക്കപ്പെടുകയോ അവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തതുകൊണ്ടാണ് ഭക്തിപ്രസ്ഥാനം വളർന്നതെന്നാണ് പുസ്തകം പറയുന്നത്.
ഇസ്ലാമിന്റെ സഹിഷ്ണുതയും സ്വാത്വികതയും സംഗീതവുമൊക്കെ പ്രതിഫലിപ്പിച്ച സൂഫിസത്തെപ്പോലും, ഇസ്ലാം മതം ‘വ്യാപിപ്പിക്കാനുള്ള’ ഒരു മാർഗ്ഗമായി മാത്രമാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഓരോ പേജിലും കുട്ടികളെ പഠിപ്പിക്കുന്നത് ഒരൊറ്റ സന്ദേശമാണ്: മുസ്ലിംകൾ പുറത്തുനിന്നുവന്നവരും ശത്രുക്കളുമാണെന്ന സന്ദേശം.
ചരിത്രം തിരുത്തിയെഴുതുക മാത്രമല്ല, ഒഴിവാക്കുകയും ചെയ്തിരിക്കുന്നു പുസ്തകത്തിൽ. പഴയ നാല് പാഠപുസ്തകങ്ങൾക്ക് പകരമായാണ് ഈ പുതിയ പുസ്തകം വന്നിരിക്കുന്നത്. ആ പഴയ പുസ്തകങ്ങൾ നമ്മുടെ കുട്ടികളെ പഠിപ്പിച്ചിരുന്നത് ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചും യൂറോപ്പിലെ സോഷ്യലിസത്തെക്കുറിച്ചും റഷ്യൻ വിപ്ലവത്തെക്കുറിച്ചും നാസിസത്തിന്റെ വളർച്ചയെക്കുറിച്ചും ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചുമാണ്. ഹിറ്റ്ലർ എങ്ങനെയാണ് അധികാരത്തിൽ വന്നതെന്ന് കുട്ടികളെ പഠിപ്പിച്ചിരുന്ന പാഠഭാഗം വരെ ഒഴിവാക്കപ്പെട്ടിരിക്കുന്നു.
നൂറ്റാണ്ടുകളോളം ജനങ്ങൾ ഒരുമിച്ചു ജീവിച്ച സഹവർത്തിത്തത്തിൻറെ ചരിത്രം, പരസ്പരം പങ്കുവെക്കുകയും ആസ്വദിക്കുകയും ചെയ്ത സംഗീതം കല, ഭക്ഷണം ഭാഷ തുടങ്ങിയവയെല്ലാം ഏതാണ്ട് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
വിശ്വാസം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്നാൽ, ഒരു ചരിത്ര പുസ്തകം പഠിപ്പിക്കേണ്ടത് വസ്തുതകളും തെളിവുകളും യുക്തിയുമാണ്. വിശ്വാസങ്ങളെ ചരിത്രമായി കുത്തിവെക്കാനുള്ള ഇടമല്ല ചരിത്ര പുസ്തകങ്ങൾ. എന്തിനാണ് അവർ ചരിത്രം തിരുത്തിയെഴുതുന്നതെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമെയുള്ളൂ. അത് സംഘപരിവാറിന് വേണ്ടത് ചോദ്യങ്ങൾ ചോദിക്കാത്ത ഒരു തലമുറയെയാണ് എന്നതുതന്നെ.
സയൻസ്, ഗണിതം, സോഷ്യൽ സയൻസ് എന്നിവയ്ക്കുള്ള NCERT-യുടെ ഒൻപതാം ക്ലാസ് സിലബസ്, സെക്കൻഡറി സ്റ്റേജ് – ഫേസ് I – പാർട്ട് 2-ന്റെ ഭാഗമാണ്. ശേഷി-അധിഷ്ഠിത പഠനം (competency-based learning), അനുഭവപരമായ പഠനം, വിവിധ വിഷയങ്ങൾ തമ്മിലുള്ള ബന്ധം, സാംസ്കാരികമായ വേരുകൾ, ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനം എന്നിവയ്ക്ക് പുതിയ പാഠപുസ്തകങ്ങളുടെ ഘടന ഊന്നൽ നൽകുന്നുവെന്നാണ് വിശദീകരണം.
