August 9 Sunday 2026

മുസ്‌ലിം സ്ത്രീ സര്‍ഗാത്മകത: ആഖ്യാനങ്ങളുടെ ഇടത്താവളം

noora-pf

‘മുസ്‌ലിം സ്ത്രീ’ എന്ന പദം ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീജനങ്ങളെ സൂചിപ്പിക്കുന്നത് എന്ന ലളിതനിലയില്‍ നിന്നും വിപുലമായ അര്‍ഥങ്ങളിലേക്ക്, ഉപയോഗിക്കുന്നവരുടെ സാമൂഹിക രാഷ്ട്രീയ മതബോധങ്ങള്‍ക്കനുസരിച്ച് വിവിധ മാനങ്ങളിലേക്ക്, ചോദ്യങ്ങളിലേക്ക്, ഉത്തരങ്ങളിലേക്ക്, തീര്‍പ്പുകളിലേക്ക്, തുറസ്സുകളിലേക്ക് പലതായി ചിതറുന്നതും വികസിക്കുന്നതും നാം നോക്കിനോക്കിയിരിക്കയാണ്. വിവിധ സന്ദര്‍ഭങ്ങളില്‍ ഈ പദം കടന്നുവരുമ്പോള്‍ അതിന്റെ ഊന്നലുകളുടെ വൈവിധ്യം കണ്ട് കൗതുകം തോന്നാറുണ്ട്. അടുത്ത നിമിഷം ആ കൗതുകം തമാശയായോ സമാധാനമായോ ഭയമായോ വേദനയായോ പരിണമിക്കും. ഒരു സര്‍ജിക്കല്‍ ബ്ലെയ്ഡ് പോലെ അത്രയും സൂക്ഷ്മമാണ് വാക്കിന്റെ രാഷ്ട്രീയം. അടുത്തിടെ തികച്ചും അപരിചിതയായ ഒരാള്‍ അപരിചിതമായ ഒരിടത്തുനിന്ന് എന്നോട് നിങ്ങള്‍ ഒരു മുസ്‌ലിം സ്ത്രീ ആണല്ലേ എന്ന് ചോദിച്ചു. അവരുടെ നിഘണ്ടുവില്‍ ആ വാക്കിന്റെ അര്‍ഥമെന്താണെന്ന് ഒരു പിടിയും കിട്ടാതെ ഞാന്‍ എന്റെ അര്‍ഥത്തിന്റെ തട്ടം വലിച്ചിട്ട് അതെ എന്ന് മറുപടി പറഞ്ഞു. നിങ്ങള്‍ക്ക് നിങ്ങളുടെ അര്‍ഥം എനിക്ക് എന്റെയും എന്നുകൂടി മറ്റൊരിക്കല്‍ അപരിചിതത്വം മാറി ആ ചോദ്യകര്‍ത്താവിന്റെ നിഘണ്ടു വെളിപ്പെട്ടുകിട്ടിയപ്പോള്‍ ഞാന്‍ ഉത്തരം വിപുലീകരിക്കുകയുണ്ടായി. അവര്‍ക്ക് മലയാളം അറിയുമായിരുന്നെങ്കില്‍ ‘മുസ്‌ലിം സ്ത്രീ സര്‍ഗാത്മകത’ എന്ന ഫൗസിയ ശംസിന്റെ ഈ പുസ്തകം അയച്ചുകൊടുത്ത്, മുസ്‌ലിം സ്ത്രീ എന്ന പദത്തിന്റെ ഓജസ്സുള്ള, കരുത്തുള്ള, ചരിത്രത്തിലൂന്നിയ ഒരര്‍ഥത്തെ പരിചയപ്പെടുത്തുമായിരുന്നു.

‘മുസ്‌ലിം സ്ത്രീ സര്‍ഗാത്മകത’ എന്ന ഈ പുസ്തകം മാത്രമല്ല ഫൗസിയ ശംസിന്റെ പത്രാധിപ ജീവിതവും എഴുത്തുജീവിതവും മുസ്‌ലിം സ്ത്രീ എന്ന പദത്തിന്റെ അര്‍ഥത്തെ അതിന്റെ ഏറ്റവും ഔന്നത്യമുള്ള നിലയില്‍ പ്രകാശിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങളാണ്. അതിനായി അവര്‍ ചരിത്രത്തിലൂളിയിടുന്നതും തെളിവുകള്‍ ശേഖരിക്കുന്നതും വര്‍ത്തമാനപരിസരത്തിനുതകുന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നതും കണ്ടുപരിചയമുണ്ട്. ആ ശ്രമങ്ങളുടെ ഒരിടത്താവളമാണ് ‘മുസ്‌ലിം സ്ത്രീ സര്‍ഗാത്മകത’ എന്ന ഈ പുസ്തകം.

മുസ്‌ലിം സ്ത്രീ, സര്‍ഗാത്മകത എന്നീ രണ്ടു വാക്കുകളെ ഒരു തലക്കെട്ടിനകത്ത് ഒരുമിച്ച് കണ്ടുമുട്ടുമ്പോള്‍ അപരിചിതത്വം തോന്നുന്നവരുണ്ടാകാം. പലകാലങ്ങളില്‍ പലദേശങ്ങളില്‍ മുസ്‌ലിം സ്ത്രീ ജീവിച്ച സര്‍ഗാത്മകതജീവിതത്തിനെ അസംഭവ്യമെന്ന് ചിറികോട്ടി തള്ളിക്കളഞ്ഞവരും അസന്മാര്‍ഗികമെന്ന് പുരികം ചുളിച്ചവരുമാണ് ഏറെയും. എന്നാല്‍, തന്നോടും സമുദായത്തിനോടും പുറം ലോകത്തിനോടും നിരന്തരം ഉല്‍ക്കര്‍ഷേഛയോടെ സംവാദത്തിലേര്‍പ്പെട്ട ഒരു മുസ്‌ലിം സ്ത്രീയെ ഈ പുസ്തകത്തില്‍ സന്ധിക്കാം. തലക്കെട്ടിലെ സര്‍ഗാത്മകത സംവാദാത്മകത തന്നെയാണ്. കേരളത്തിലെ മുസ്‌ലിം സ്ത്രീജീവിതം അവളുടെ കാലത്തോട് സര്‍ഗാത്മകമായി സംവാദത്തിലേര്‍പ്പെട്ട വിധം അന്വേഷിക്കുകയാണ് എഴുത്തുകാരി. പഴയകാല മുസ്‌ലിം സ്ത്രീ എഴുത്തുകാര്‍, മുസ്‌ലിം സ്ത്രീ കഥാപാത്രങ്ങള്‍, സ്ത്രീ മാസികകള്‍, മഹിളാ സമാജങ്ങള്‍ തുടങ്ങി പല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും മുസ്‌ലിം സ്ത്രീ എക്കാലത്തും മുന്നോട്ട് ചലിക്കാന്‍ കുതറിയിരുന്നു എന്ന ഏകതാനമായ അകക്കാമ്പിനെ ഉള്‍വഹിക്കുന്നവയാണ് എല്ലാ ലേഖനങ്ങളും.

മണപ്പുറം മുസ്‌ലിം മഹിളാ സമാജത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഫൗസിയ ശംസ് എഴുതുന്നുണ്ട്- ”കേരളത്തിന്റെ സാമൂഹിക പരിസരം വികാസം പ്രാപിക്കാത്ത 1930 കളില്‍ ഇരുട്ട് മറനീക്കി പുറത്തുവരാന്‍ ശ്രമിച്ചവരുടെ കൂട്ടത്തിലും മുസ്‌ലിം സ്ത്രീകള്‍ ഉണ്ടായിരുന്നു തമ്മില്‍ കണ്ടാല്‍ വഴിമാറി നടക്കാനും മറയാനും വിധിക്കപ്പെട്ട ആണും, മാറ് മറച്ചാല്‍ ജീവന്‍ പോകുന്ന പെണ്ണും ഉള്ള കാലത്താണ് മാറും തലയും മറച്ച്, കൈ ചൂണ്ടി ഒരുപറ്റം സ്ത്രീകള്‍ സ്വസമുദായത്തിലെ ദൈവികമല്ലാത്ത അനീതിക്കെതിരെ ശബ്ദിച്ചത്. അതിലെ ഗാംഭീര്യമാര്‍ന്ന ശബ്ദമായിരുന്നു 1936 ല്‍ കൊടുങ്ങല്ലൂരില്‍ മുഴങ്ങിക്കേട്ട ഒരുപറ്റം സ്ത്രീകളുടേത്. കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് തങ്കലിപികളാല്‍ എഴുതിവെക്കപ്പെടേണ്ട ആ വീറുറ്റ ശബ്ദങ്ങളെ കേള്‍ക്കാനുള്ള കര്‍ണപഥങ്ങള്‍ സ്ത്രീ വിമോചനത്തിന്റെ പുരോഗമനനാട്യങ്ങള്‍ അണിഞ്ഞവര്‍ക്ക് തീരെയുണ്ടായില്ല. ഒരുഭാഗത്ത്, ചരിത്രത്തെ വിസ്മൃതിയിലാക്കാന്‍ ശ്രമിക്കുന്നവരും മറുഭാഗത്ത് മൂല്യവത്തായൊരു വിശ്വാസസംഹിതയേയും അതുള്‍ക്കൊള്ളുന്ന മനവികമായൊരു ജീവിതരീതിയെയും സ്വാംശീകരിക്കാനാകാതെ പെണ്ണിനെ പുറംപോക്കില്‍ നിര്‍ത്താന്‍ കാരണക്കാരായ അക്കാല മത ‘മേധാ’വികളും. ഇവര്‍ക്കിടയിലൂടെയാണ് അവര് ചരിത്രത്തിന്റെ വഴികളിലൂടെ നടന്നു നീങ്ങിയതൊക്കെയും.” ഇത്രയും ദീര്‍ഘമായ ഭാഗം എടുത്തെഴുതുന്നത് മുസ്‌ലിം സ്ത്രീ ചരിത്രത്തെ ചികയുമ്പോള്‍ ചെയ്യുമ്പോള്‍ എഴുത്തുകാരി കാണിക്കുന്ന ആര്‍ജ്ജവം വ്യക്തമാകാനാണ്. മുസ്‌ലിം സ്ത്രീക്ക് എക്കാലത്തും നേരിടേണ്ടി വന്ന ഈ രണ്ടു ദ്വന്ദങ്ങളെ പലവിധത്തില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട് എഴുത്തുകാരി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ പോരാടിയ അതേ ആശയധാരകളോട് തന്നെ വര്‍ത്തമാന സാഹചര്യങ്ങളിലെ മുസ്‌ലിം സ്ത്രീയും പൊരുതേണ്ടിവരുന്ന സവിശേഷ സാഹചര്യമാണ് നമ്മുടേത്. ഒരുപാട് ‘അഭ്യുദയകാംക്ഷികളുള്ള’ ഒരു പ്രത്യേകതരം ജീവിയെന്ന് മുസ്‌ലിം സ്ത്രീക്ക് അര്‍ഥം വെക്കേണ്ടിവരുന്നു.

”കേരളീയ പരിസരത്ത് ഹലീമ ബീവി എന്ന വനിത വെറുതെ ജീവിച്ചുപോയതല്ല എന്നതിന് കാലം ബാക്കിവെച്ച അടയാളങ്ങള്‍ ആര് ബോധപൂര്‍വം മറവിയിലാഴ്ത്താന്‍ ശ്രമിച്ചാലും അതിന്റെ വിലയറിയുന്നവര്‍ അത് വീണ്ടെടുക്കുക തന്നെ ചെയ്യും” എന്നാണ് ‘മുസ്‌ലിം വനിത’ യെക്കുറിച്ചെഴുതിയ ലേഖനം ആരംഭിക്കുന്നത്. ഈ വാക്യത്തില്‍ ഒരു വാശിയുടെ ലാഞ്ഛനയുണ്ട്. വര്‍ത്തമാനത്തോട്, ചരിത്രം കൊണ്ട് സംവാദത്തിനിറങ്ങിയ ഒരാളുടെ ഭാഷയാണിത്. പുസ്തകത്തിലെ എല്ലാ ലേഖനങ്ങളും അകത്തോ പുറത്തോ ഈ വാശി, ഒരുപക്ഷേ ‘നല്‍വാശി’ എന്ന് വിളിക്കാവുന്നത് പ്രകടിപ്പിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീക്ക് ചരിത്രത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും നിതാന്തം അബലജീവിതയോഗമാണെന്ന ആഖ്യാനം ഹലീമ ബീവിയുടെ പിന്‍ഗാമിയൊരുത്തി കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ?

ഇതേ ലക്ഷ്യത്തോടെതന്നെയാണ് എഴുത്തുകാരി അരനൂറ്റാണ്ടിനിപ്പുറം കേരളത്തിലെ ആദ്യ അറബി മലയാള വനിതാ മാസികയായ നിസാഉല്‍ ഇസ്‌ലാമിനെ വായിക്കാന്‍ ശ്രമിക്കുന്നതും. ആധുനിക ജനാധിപത്യ മൗലികാവകാശങ്ങളുടെ ഗുണങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന തിരിച്ചറിവ് മാത്രമല്ല വ്യക്തിയെന്ന നിലയില്‍ ഇസ്‌ലാം നല്‍കിയ അന്തസ്സോടെ ജീവിക്കാനുള്ള പരിരക്ഷ സ്ത്രീക്ക് ലഭിക്കുന്നില്ല എന്ന മതബോധമുള്ള തോന്നല്‍കൂടിയാണ് നിസാഉല്‍ ഇസ്‌ലാമിന്റെ ആരംഭത്തിലേക്ക് നയിച്ചതെന്ന് അവര്‍ നിരീക്ഷിക്കുന്നു. നിസാഉല്‍ ഇസ്‌ലാമിന്റെ വിവിധ ലക്കങ്ങളുടെ തിരഞ്ഞെടുത്ത ഭാഗങ്ങളുടെ വിശകലനങ്ങളും ലേഖനത്തിലുണ്ട്.

നേരിട്ട് തന്നെ സര്‍ഗാത്മകതപ്പട്ടമുള്ള, മുസ്‌ലിം സ്ത്രീയെ പ്രതിനിധീകരിക്കുന്ന പഴയകാല കഥകളെയും എഴുത്തുകാരെയും വായിച്ചെടുക്കാന്‍ എഴുത്തുകാരി ശ്രമിക്കുന്നുണ്ട്. പല കഥകളും ഇങ്ങനെയൊരു വിശകലനത്തിന് വിധേയമാകുന്നത് ആദ്യമാകും. കെ.ടി.സിയുടെ അവളാണ് പെണ്ണ് എന്ന കഥാസമാഹാരത്തിലെ രണ്ട് മൊഴിമാറ്റ കഥകള്‍, അബൂ നജീബിന്റെ സഹോദരി. എം അഹമ്മദ് കണ്ണിന്റെ കുമാരി സഫിയാ, തങ്കമ്മ മലികിന്റെ കഥകള്‍ എന്നിവ ഉദാഹരണം. ഉല്‍പതിഷ്ണുക്കളായ, വിദ്യാഭ്യാസമുള്ള വനിതാരത്‌നങ്ങള്‍, സാമൂഹ്യ നവീകരണ ശ്രമങ്ങളുടെ പശ്ചാത്തലം, അന്ധവിശ്വാസങ്ങളാലും ദുരാചാരങ്ങളാലും മലീമാസമായ സമുദായ ജീവിതത്തില്‍നിന്നുള്ള കുതറല്‍, ഒരേസമയം സമുദായത്തിനകത്തും പുറത്തും ആശയയുദ്ധം നടത്തേണ്ടിവരുന്ന അവസ്ഥ തുടങ്ങിയവയൊക്കെ ഈ കഥകളുടെ പൊതുസവിശേഷതകളാണ്. മുസ്‌ലിം സമുദായ ജീവിതത്തിനകത്തേക്ക് നവോത്ഥാനത്തിന്റെ വെളിച്ചം കടന്നുവരുന്നതിന്റെ സര്‍ഗാത്മകയാവിഷ്‌കാരങ്ങളായി എഴുത്തുകാരി ഈ കഥകളെ നിരീക്ഷിക്കുന്നു.

മുകളിലൊരിടത്ത് മുസ്‌ലിം സ്ത്രീ എന്ന പദത്തിന്റെ ഓജസ്സുള്ള അര്‍ഥം വെളിപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളുടെ ഒരിടത്താവളം എന്ന് ഈ പുസ്തകത്തേക്കുറിച്ച് പറഞ്ഞു. ഇടത്താവളം എന്ന പദം മനപ്പൂര്‍വം ഉപയോഗിച്ചതാണ്. കാരണം ഈ അര്‍ഥപ്രകാശനസപര്യക്ക് ഇറങ്ങിത്തിരിച്ച ലോകത്തുള്ള, ഉണ്ടായിട്ടുള്ള, അനേകം സ്വാഭിമാനികളായ മുസ്‌ലിം സ്ത്രീകളില്‍ ഒരു കണ്ണിയാണ് ഫൗസിയ ശംസ്. ഈ പുസ്തകമകട്ടെ, അവരുടെ നിരന്തര അന്വേഷണത്തിന്റെ ഒരു എളിയ ഉപലബ്ധിയും. ഇതൊരു തുടക്കമോ ഒടുക്കമോ ഒരു മാസ്റ്റര്‍പീസോ അല്ല. മേലാളര്‍ എഴുതിയ ചരിത്രത്തിന്റെ മറവില്‍ നിന്നും കണ്ടെടുക്കുന്ന ശക്തിയാര്‍ന്ന, ധീരമായ, മുസ്‌ലിം സ്ത്രീയുടെ നവചരിത്രം, വര്‍ത്തമാനം, ഭാവി, ഒക്കെയും എഴുത്തുകാരിയുടെ എഴുത്തുജീവിതത്തില്‍ നിന്നും നിരന്തരം വന്നുകൊണ്ടേയിരിക്കട്ടെ.

(കോഴിക്കോട് ബുക്ക് എന്‍ പ്രിന്റ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. വില 160 രൂപ)

Related