August 9 Sunday 2026

നാല്‍പ്പത് ഊണാണ് പറഞ്ഞിരുന്നത് എന്നതാണ് എത്രയാളുകള്‍ ഉണ്ടായിരുന്നു എന്നതിനുള്ള ഉത്തരം! – പ്രമോദ് പുഴങ്കര

ഉച്ചയ്ക്ക് നാല്‍പ്പത് ഊണാണ് പറഞ്ഞിരുന്നത് എന്നതാണ് നിരവധി തൊഴിലാളികള്‍ പണിയെടുത്തിരുന്ന, അതീവ അപകടസാധ്യതയുള്ള ഒരു വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയില്‍ എത്രയാളുകള്‍ ഉണ്ടായിരുന്നു എന്നതിനുള്ള ഔദ്യോഗിക വിവരം! വന്‍തോതില്‍ വെടിമരുന്നും പൊട്ടിക്കാന്‍ പാകത്തിലുള്ള വെടിക്കോപ്പുകളും ഉണ്ടായിരുന്ന ഒരു വെടിക്കെട്ട് നിര്‍മ്മാണശാലയിലേക്ക് അപകടം നടന്നപ്പോള്‍ അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സമീപത്തുള്ള മതില് പൊളിക്കേണ്ടിവന്നു. അപകടം സംഭവിച്ചപ്പോള്‍ അഗ്നിശമനസേനാ വാഹനങ്ങള്‍ക്ക് സുഗമമായി എത്താന്‍ പാകത്തിലൊരു വഴിപോലുമുണ്ടായിരുന്നില്ല! എന്നിട്ടിപ്പോള്‍ അതിഭീകരമായ ദുരന്തം നടന്നപ്പോള്‍, കതിന തിരയുന്ന നായയും ശരീരഭാഗങ്ങള്‍ പെറുക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരുമൊക്കെയായി വന്ന ഉന്നതോദ്യഗസ്ഥരെയും മന്ത്രിമാരെയും തെരുവില്‍ തടഞ്ഞുനിര്‍ത്തി സമാധാനം പറയിപ്പിക്കുകയാണ് വേണ്ടത്.

തൃശൂര്‍ പൂരം സുഗമമായി നടത്തുന്നതിനും വെടിക്കെട്ടടക്കമുള്ള കാര്യങ്ങളില്‍ വേണ്ട സുരക്ഷ ഉറപ്പാക്കുന്നതിനും മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം മാസങ്ങള്‍ക്ക് മുമ്പേ ചേരുന്നു. കളക്ടറും ജില്ലാ പൊലീസ് നേതൃത്വവും അടങ്ങുന്ന സംഘം നിരന്തരം മേല്‍നോട്ടം നടത്തുന്നു. നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നു. ഇത്രയൊക്കെയുണ്ടെന്നാണ് വെപ്പ്. എന്നിട്ടാണ് അതീവ അപകടസാധ്യതയുള്ള വെടിക്കെട്ട് നിര്‍മാണ ശാലയില്‍ എത്രപേര്‍ പണിയെടുത്തിരുന്നു എന്നറിയാന്‍ ഉച്ചക്ക് കൊണ്ടുപോയ പൊതിച്ചോറിന്റെ എണ്ണമെടുക്കുന്നത്! കലക്ടറേയും പൊലീസ് മേധാവിയെയും ദേവസ്വം ഭാരവാഹികളെയും പ്രതികളാക്കിയാണ് കേസെടുക്കേണ്ടത്.

ഒരു ചെറുതീപ്പൊരിയില്‍ പ്രദേശം മുഴുവന്‍ കത്താവുന്നത്ര വെടിമരുന്ന് സൂക്ഷിച്ചിട്ടുള്ള ഒരു വെടിക്കെട്ട് നിര്‍മ്മാണശാലയുടെ അടുത്തായി അപകടമുണ്ടായാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ എത്താന്‍ പാകത്തില്‍ അഗ്‌നിശനസേനയുടെ രണ്ട് വാഹനങ്ങള്‍പ്പോലും പ്രത്യേകമായി നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല. ചുറ്റുമുള്ള വീട്ടുകാര്‍ക്ക് എന്തെങ്കിലും മുന്നറിയിപ്പുകളോ അപകടം വന്നാല്‍ എങ്ങനെ നേരിടണമെന്ന മുന്നറിയിപ്പോ നല്‍കിയിരുന്നില്ല. എന്തുതരം സുരക്ഷാ സന്നാഹമാണ് ഇവരൊക്കെ ഒരുക്കുന്നത്.

അപകടം സംഭവിക്കുന്നതിനു മുമ്പ് ആ വെടിക്കെട്ട് പുരകളില്‍ പണിയെടുത്തിരുന്ന തൊഴിലാളികളെ കണ്ടില്ലേ. ഒരുതരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളുമില്ലാതെ, കയ്യുറകളോ മുഖം മറയ്ക്കാന്‍ ഒരു തുണിയോ പോലും ഉപയോഗിക്കാതെയാണ് ഇത്രയും വിഷാംശങ്ങള്‍ നിറഞ്ഞ രാസവസ്തുക്കളുടെ, വെടിമരുന്നുമായി അവര്‍ പണിയെടുക്കുന്നത്.അപകടം നടന്ന് മനുഷ്യര്‍ പൂക്കുറ്റിപോലെ ചിതറിത്തെറിച്ചാല്‍ വീടായി, സഹായദാനസമ്മേളനമായി, മന്ത്രിമാരുടെ കണ്ണീരായി, കളക്ടര്‍ ഉറക്കമൊഴിച്ച വാര്‍ത്തകളായി. അതിനാണ് വൈകാരിക വാര്‍ത്താവിപണനമൂല്യം. സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കുന്നതിലെ വരണ്ട മടുപ്പ് ആര്‍ക്കുവേണം!

പൂരത്തിന്റെ കൊടിനാട്ടല്‍ മുതല്‍ ഉപചാരം ചൊല്ലി പകല്‍വെടിക്കെട്ട് തീരുംവരെ ദേവസ്വം ഭാരവാഹികളുടെ താളത്തിനു തുള്ളി നടക്കുന്നവരാണ് തൃശൂരില്‍ നിന്നുള്ള ജനപ്രതിനിധികള്‍. കൊടിനാട്ടല്‍ കര്‍മ്മത്തിന് സ്വര്‍ണക്കരയുള്ള നേരിയതും പുതച്ചു നില്‍ക്കുന്ന ഇവര്‍ അബദ്ധത്തില്‍പ്പോലും ദേവസ്വം ഭരണസമിതിക്കാരോട് എന്തെങ്കിലും മറുത്ത് ചോദിക്കില്ല. അത് പൂരപ്രേമം കൊണ്ടുമാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. പൂരക്കളികള്‍ വേറെയാണ്. ഈ കൊടുംചൂടില്‍ ലക്ഷക്കണക്കിനു മനുഷ്യരുടെ സുരക്ഷാ മാത്രമല്ല യാതൊരുവിധത്തിലും ഒരു ആധുനിക സമൂഹത്തിനു ഉള്‍ക്കൊള്ളാനാകാത്ത തരത്തില്‍ ആനയെന്ന ഒരു സംരക്ഷിത വന്യമൃഗത്തിനെ കൊടുംപീഡനങ്ങള്‍ക്ക് വിധേയനാക്കി ചങ്ങലക്കിട്ട് നിരന്തരമായി പീഡിപ്പിച്ച് എഴുന്നള്ളിക്കുന്ന പരിപാടിയില്‍ എന്തെങ്കിലുമൊരു ചെറിയ ഭേദഗതിക്കുപോലും തയ്യാറാകാതെ, ആചാരസംരക്ഷണത്തിനും പൂരസംരക്ഷണത്തിനുമായി ഇടതുപക്ഷവും വലതുപക്ഷവുമൊക്കെ കൈകോര്‍താണ് തേക്കിന്‍കാട്ടില്‍ സമ്മേളനം നടത്തി ആക്രോശിച്ചത്. യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്തവുമില്ലാത്ത വേഷംകെട്ടുകാര്‍ മാത്രമാണ് ഈ രാഷ്ട്രീയ നേതൃത്വം.
ഇപ്പോള്‍ വിരമിച്ച ഹൈക്കോടതി ന്യായാധിപന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ അന്വേഷണ കമീഷനായി വെച്ചെന്നറിയുന്നു. രാമചന്ദ്രന്‍ നായര്‍ ഏതാണ്ട് അന്വേഷണ കമ്മീഷനായി സ്ഥിരം സര്‍ക്കാര്‍ ജോലികിട്ടിയ പോലെയായി മാറിയിട്ടുണ്ട്. വിഴിഞ്ഞം, മുനമ്പം, ശമ്പള കമ്മീഷന്‍, മുന്നാക്ക സംവരണം അങ്ങനെയങ്ങനെ സര്‍ക്കാരിന്റെ സ്വന്തം അന്വേഷണ കമ്മീഷനാകും ഇതൊക്കെയെന്ന് തോന്നിയാല്‍ കുറ്റം പറയാനാകില്ല. കളക്ടറും പോലീസ് അധികാരികളും അടക്കമുള്ള ഉന്നത സര്‍ക്കാര്‍ സംവിധാനത്തിന്റെയും ദേവസ്വം ഭരണസമിതികളുടെയും നേരിട്ടുള്ള വീഴ്ചകളാണ് ഈ അപകടത്തിന് ഇടയാക്കിയത്. അതിഭീകരമായ ശബ്ദത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ അപകടകരമായ സാഹചര്യത്തില്‍ വെടിക്കെട്ട് നടത്തുമ്പോള്‍ ഒരുതരം ആള്‍ക്കൂട്ടഹിംസയുടെ അബോധനിര്‍വ്വഹണം മാത്രമാണ് നടക്കുന്നത്. ആനയെന്നൊരു സാധുജീവിയെ കാട്ടില്‍നിന്നും പിടിച്ചുകൊണ്ടുവന്ന് തെച്ചിക്കോട്ട് രാമചന്ദ്രനെന്നൊക്കെ പേരിട്ട്, അതിനു കണ്ണുകണ്ടില്ലെങ്കിലും എഴുന്നെള്ളിക്കുമെന്ന തരത്തില്‍ നടത്തുന്ന കുടിലപാപത്തിന് നമ്മള്‍ വിളിക്കുന്ന പേര് ആനപ്രേമമെന്നും പൂരപ്രേമമെന്നുമാണ്. ഇത് സംരക്ഷിക്കുമെന്നാണ് തേക്കിന്‍കാട്ടില്‍ സര്‍വ്വകക്ഷി സംഘവും ദേവസ്വം പ്രമാണിമാരും അലറിയത്.

വെടിക്കെട്ട് വലിയ അപകടമുണ്ടാക്കുന്ന ഇപ്പോഴത്തെ രീതികളില്‍നിന്നും മാറ്റി മറ്റ് തരത്തിലേക്ക് മാറ്റേണ്ടതുണ്ട്. ആനയെഴുന്നള്ളിപ്പ് എന്ന ക്രൂരമായ ആഘോഷം പൂര്‍ണ്ണമായും നിര്‍ത്തേണ്ടതുണ്ട്. അതിനൊക്കെ മുന്‍കയ്യെടുക്കേണ്ട മതേതര, ജനാധിപത്യ രാഷ്ട്രീയം അവകാശപ്പെടുന്ന രാഷ്ട്രീയനേതൃത്വം പൂരം നടത്തിപ്പിന്റെ കൊടിമരം കയറ്റുമ്പോള്‍മുതല്‍ ഇറക്കും വരെയും ശേഷം കാലം പരിസരങ്ങളിലുമായി നടത്തുന്ന കൊട്ടിപ്പാടിസേവയും നേരമ്പോക്കുകളും അവസാനിപ്പിക്കേണ്ടതുണ്ട്. നിരവധി മനുഷ്യരെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെ മരണത്തീയിലേക്ക് എറിഞ്ഞിട്ട ഉദ്യോഗസ്ഥ നേതൃത്വത്തെയും ദേവസ്വം ഭാരവാഹികളെയും പ്രതികളാക്കി കേസെടുക്കണം.

 

Related