പ്രാതിനിധ്യ ജനാധിപത്യമാണ് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാനം. അത് ഉറപ്പാക്കുന്നതിനാണ് ഭരണഘടനയില്‍ സംവരണം വ്യവസ്ഥ ചെയ്തിരിക്കുന്നത്. സ്വാഭാവികമായ രീതിയില്‍ അത് ലഭ്യമാവില്ല എന്ന തിരിച്ചറിവിലാണ് ജനസംഖ്യാനുപാതിക സംവരണം ഈ വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിഭവങ്ങളുടെ പങ്കുവെക്കലിലും ഇതു ഉറപ്പാക്കുന്ന തരത്തിലാണ് ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തുന്നത്. അത് കൂടുതല്‍ കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കുന്നതിനാണ് പ്രത്യേക ഘടക പദ്ധതി (SCP) രൂപീകരിച്ചത്. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക 10 ശതമാനവും പട്ടികജാതിക്കാര്‍ക്ക് തന്നെ പ്രയോജനപ്പെടണമെന്നാണ് വ്യവസ്ഥ. പല പദ്ധതികളും നടപ്പാക്കുമ്പോള്‍ ചെറിയ ചെറിയ ഇളവുകള്‍ അനുവദിച്ച് 51 ശതമാനം ഗുണഭോക്താക്കള്‍ പട്ടികജാതിക്കാരായാല്‍ പദ്ധതി നടപ്പാക്കാം എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. നമ്മുടെ നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പല വകുപ്പുകളും നടപ്പാക്കുന്ന റോഡുകളും പാലങ്ങളും വൈദ്യുതീകരണവും ഉള്‍പ്പെടെ പല പദ്ധതികളും ഫലത്തില്‍ പട്ടികജാതിക്കാരെക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ക്ക് പ്രയോജനം ഉണ്ടാവുന്ന രീതിയിലായി മാറിക്കഴിഞ്ഞു.
ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പലപ്പോഴും വലിയ വെല്ലുവിളികള്‍ പട്ടികജാതി വികസന ഓഫീസര്‍മാര്‍ നേരിടാറുണ്ട്. രാഷ്ട്രീയ സ്വാധീനവും അഴിമതിയും ഇതിന്റെ ഭാഗമായി വര്‍ധിച്ചുവരുന്നുണ്ട്. പ്രത്യേക ഘടക പദ്ധതിക്ക് വേണ്ടിയുള്ള പ്രത്യേക കേന്ദ്ര സഹായം (SCA to SCP) ഒരു കാരണവശാലും പട്ടികജാതിക്കാര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി വിനിയോഗിക്കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം ഉണ്ട്. ഇത്തരം പദ്ധതി പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 46 പ്രകാരം പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
കേരള സംസ്ഥാനത്ത് 1980കളില്‍ സ്ഥാപിച്ച പ്രിയദര്‍ശനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്ന സ്ഥാപനം പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് വലിയ തോതില്‍ പ്രയോജനം ചെയ്തിട്ടുണ്ട്. ഒരു പതിറ്റാണ്ട് മുമ്പ് പാലക്കാട് സ്ഥാപിച്ച മെഡിക്കല്‍ കോളജും ഈ രീതിയില്‍ ഗുണകരമായിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുമായി ഒരു വര്‍ഷം 100-120 സീറ്റുകള്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമ്പോള്‍ 70 സീറ്റ് പട്ടികജാതിക്കാര്‍ക്ക് പാലക്കാട് മെഡിക്കല്‍ കോളജില്‍ മാത്രം പ്രത്യേകമായി ലഭിച്ചിരുന്നു. മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ പോകുന്ന താഴ്ന്ന റാങ്കിലുള്ള സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ പാലക്കാട് മെഡിക്കല്‍ കോളജിലെ ഒരു സീറ്റ് കിട്ടിയാല്‍ എംബിബിഎസ് ഉറപ്പാകുമെന്ന് പ്രതീക്ഷയില്‍ പലപ്പോഴും 70 ശതമാനം സംവരണത്തിന് എതിരായി പ്രതികരിക്കാറുണ്ടായിരുന്നു. പാലക്കാട് മെഡിക്കല്‍ കോളജിന് സമാനമായ രീതിയില്‍ ഉത്തര്‍പ്രദേശില്‍ പട്ടികജാതിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഘടക പദ്ധതി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിരുന്ന നാല് മെഡിക്കല്‍ കോളജുകളില്‍ പട്ടിക ജാതിക്കാര്‍ക്ക് 73 ശതമാനം സംവരണം അനുവദിച്ചിരുന്നു.
ഒരു മാസം മുമ്പ് അലഹബാദ് ഹൈക്കോടതിയില്‍ ചില വിദ്യാര്‍ഥികള്‍ പട്ടിക വിഭാഗ സംവരണം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയും കോടതി അത് അനുവദിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ നിലവിലുള്ള സംവരണ നിയമം അനുസരിച്ച് 21 ശതമാനമാണ് അനുവദിക്കാവുന്ന സംവരണം. 73 ശതമാനം സംവരണം അനുവദിച്ച സ്ഥാപനത്തില്‍ 100 ശതമാനം പട്ടികജാതിക്കാര്‍ക്ക് തന്നെ അനുവദിക്കേണ്ടതാണെന്ന യാഥാര്‍ഥ്യം കോടതി പരിഗണിച്ചില്ല. ഇപ്പോള്‍ കേരളത്തില്‍ പട്ടികജാതി സംവരണം പ്രൊഫഷണല്‍ കോളജുകളില്‍ എട്ട് ശതമാനം ആണ്. പാലക്കാട് മെഡിക്കല്‍ കോളേജിലും ആ തോതില്‍ വേണമെന്ന് ആവശ്യപ്പെടുന്നതിനും അനുവദിക്കുന്നതിനും സമാനമാണ് അലഹബാദ് ഹൈക്കോടതി വിധി. സംവരണം അട്ടിമറിക്കുന്നതിനുള്ള ആസൂത്രിതമായ ഒരു ശ്രമം അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജിക്കാര്‍ നടത്തിയിട്ടുണ്ടാവും എന്ന് കരുതേണ്ടിയിരിക്കുന്നു. ഒട്ടും വൈകാതെ ഇതേ അവസ്ഥ കേരളത്തിലും വന്നുകൂടായ്കയില്ല. സംവരണ സമുദായങ്ങള്‍ പൊതുവേയും പട്ടിക വിഭാഗങ്ങള്‍ പ്രത്യേകിച്ചും ജാഗ്രതയോടെ ഇടപെടേണ്ട സമയം ആണ് ഇത്.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. ഭരണഘടനാ വിദഗ്ധനും നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ മുന്‍ ഡയറക്ടറുമായ പ്രൊഫ. (ഡോ.) മോഹന്‍ ഗോപാല്‍ ആണ് ഈ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ സൗജന്യമായി കേസ് വാദിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് കേസ് ഫയലില്‍ സ്വീകരിക്കുകയും നോട്ടീസ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രൊഫ. മോഹന്‍ ഗോപാല്‍ നിരന്തരമായി ഇടപെട്ട് വരുന്നു. ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ സേവനങ്ങള്‍ ശ്രീനാരായണ മനവ ധര്‍മ്മം പ്രവര്‍ത്തകര്‍ക്ക് ഏറെ അഭിമാനം നല്‍കുന്നു.
