പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനുവേണ്ടി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അവസാന ലാപ്പില്‍ അപ്രതീക്ഷിത വിവാദങ്ങളിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗം.
വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കുരുക്ക് മുറുകിയതോടെ, ദൃശ്യങ്ങള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ചു ശോഭ സുരേന്ദ്രന്‍. ആരോപണം നിഷേധിച്ച ശോഭ പത്താം തിയ്യതിക്ക് ശേഷം കേരളം യഥാര്‍ഥ കളി കാണാനിരിക്കുന്നുവെന്ന ഭീഷണി സ്വഭാവത്തിലുള്ള പ്രതികരണവും നടത്തിയിരിക്കുന്നു.
പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട മീഡിയവണ്‍ ചാനലിന് എങ്ങനെ ലഭിച്ചു എന്ന് ചോദിച്ച ശോഭ, വാര്‍ത്ത പുറത്തുവിട്ട റിപ്പോര്‍ട്ടറെ ചോദ്യം ചെയ്യണമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, പുറത്തുവന്ന ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ കൃത്യമായ മറുപടിയില്ലാതെ ശോഭ സുരേന്ദ്രന്‍ പതറുന്ന നാടകീയ രംഗങ്ങള്‍ക്കാണ് പാലക്കാട് ഇന്ന് സാക്ഷ്യം വഹിച്ചത്.
അതേസമയം പാലക്കാട് ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തില്‍ പ്രാഥമിക പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ഇടപെടുകയായിരുന്നു. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കണ്ണാടി മേഖലയില്‍ ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് പിരായിരിയില്‍ വോട്ടര്‍മാര്‍ക്ക് സാരി വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് ചൂട് മുറുകുന്നതിനിടെ ഒന്നിനുപിറകെ ഒന്നായി പുറത്തുവരുന്ന ഈ ദൃശ്യങ്ങള്‍ ബിജെപി ക്യാമ്പിനെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്.
