August 14 Friday 2026

മായാത്ത മോഹവുമായി ഫാസില്‍ റസാക്ക് | IFFK 2025

ഒരു വര്‍ഷത്തിന്റെ ഇടവേളയില്‍ തന്റെ ആദ്യ ചിത്രത്തെപ്പോലെ തന്നെ കഥയിലും മേക്കിങ്ങിലും ഉന്നത നിലവാരം പുലര്‍ത്തുന്ന രണ്ടാമതൊരു ചിത്രവുമായി ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ‘തടവ്’ എന്ന ആദ്യ ചലച്ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള 2023ലെ ഐഎഫ്എഫ്‌കെ അവാര്‍ഡ് നേടിയ ഫാസില്‍ റസാക്കിന്റെ രണ്ടാമത്തെ ചലച്ചിത്രമായ ‘മോഹം’ എന്ന സിനിമയ്ക്കും മികച്ച സ്വീകാര്യതയാണ് ഐഎഫ്എഫ്‌കെയില്‍ നേടിയെടുക്കാന്‍ സാധിച്ചത്.

സ്ത്രീ കേന്ദ്രിതമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പല സിനിമകളും മുദ്രാവാക്യ സ്വഭാവമുള്ളതായി മാറുകയോ കൃത്യമായ ഒരു സ്ഥലകാല സമീകരണത്തിലേക്ക് ചുരുങ്ങിപ്പോവുകയോ ചെയ്യാറുണ്ട്. ‘തടവ്’ വിവാഹമോചിതയായ ഒരു സ്ത്രീയുടെ അതിജീവനത്തിനുള്ള ശ്രമങ്ങള്‍ ആയിരുന്നെങ്കില്‍ ‘മോഹം’ സ്ത്രീ പുരുഷ ബന്ധങ്ങളുടെ വൈചിത്ര്യങ്ങളുടെയും കുടുംബ ബന്ധങ്ങളിലെ പൊരുത്തക്കേടുകളുടെയും സമൂഹത്തിന്റെ നിഷ്‌കര്‍മണ്യതയുടേയും നേര്‍ചിത്രമാണ്.

ചലച്ചിത്രത്തിലെ നായികയായ അമലയുടെയും ഷാനുവിന്റെയും കണ്ടുമുട്ടലുകളിലെ യാദൃച്ഛികതയും അമലയുടെ പ്രായത്തിനു ചേരാത്ത കുട്ടിത്തം നിറഞ്ഞ പെരുമാറ്റവും വലിയ ആശങ്കകള്‍ പ്രേക്ഷകരില്‍ നിറയ്ക്കുന്നുണ്ട്. ഏതു ടൂവീലര്‍ കണ്ടാലും ഓടിച്ചു നോക്കാനുള്ള അവളുടെ കൗതുകവും എന്നാല്‍ തയ്യല്‍ ജോലിക്കാരിയായ അമ്മ അതില്‍ വലിയ അസാധാരണത്വം കാണാത്തതും കൂട്ടിന് ആളെ നിര്‍ത്താതെ പോകുന്നതും സിനിമയുടെ ആദ്യ പകുതിയില്‍ വിചിത്രമായി തോന്നുമെങ്കിലും അമലയുടെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള അറിവ് രണ്ടാം പകുതിയില്‍ ഒരു നടുക്കമായി മാറുന്നുണ്ട്.

പ്രണയനഷ്ടവും പ്രതികാരവും വാര്‍ത്തകളില്‍ പഞ്ഞമില്ലാത്ത കാലത്ത് ഷാനുവിന്റെ പ്രതികാരത്തിനുള്ള ശ്രമങ്ങള്‍ ആദ്യ ഘട്ടങ്ങളില്‍ ഭയത്തോടൊപ്പം ഒരേ സമയം തീയേറ്ററില്‍ ചിരി പടര്‍ത്തുന്നവ കൂടിയായി മാറി. ഷാനുവായി അഭിനയിച്ച ഇസ്ഹാക്ക് മുസാഫിറും അമലയായി അഭിനയിച്ച അമൃത കൃഷ്ണകുമാറും പ്രതീക്ഷകള്‍ നല്‍കുന്ന അഭിനേതാക്കളാണ്. ‘തടവ്’ സിനിമയിലെ നായികയായി പ്രേക്ഷകഹൃദയങ്ങളില്‍ കുടിയേറിയ ബീന ആര്‍ ചന്ദ്രന് ‘മോഹ’ത്തില്‍ വേണ്ടത്ര തിളങ്ങാനാവാതിരുന്നത് ആ ക്യാരക്ടര്‍ സ്‌കെച്ചില്‍ എഴുത്തുകാര്‍ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നത് കൊണ്ടാകാം. മറ്റൊന്ന് തന്റെ മകളുടെ അവസ്ഥയെക്കുറിച്ചോ അവള്‍ കടന്നു പോകുന്ന ആപല്‍ക്കരമായ പാതകളെക്കുറിച്ചോ ചിന്തിക്കാന്‍ കഴിയാത്ത അനേകശതം രക്ഷകര്‍ത്താക്കളുടെ പ്രതിനിധിയായി അവര്‍ പ്രത്യക്ഷപ്പെടുന്നത് കൊണ്ടു കൂടിയാവാം.

ഷാനുവിന്റെ കാമുകിയായിരുന്ന സുല്‍ഫിയും അമൃതയുടെ ഭര്‍ത്താവായ പോളും തോക്കു വില്‍പനക്കാരനായി അവതരിച്ച ജിയോ ബേബിയുടെ ബാബു സാറും മികച്ച കഥാപാത്രങ്ങളാണ്. ഐഎഫ്എഫ്‌കെയിലെ മലയാള ചലച്ചിത്രങ്ങള്‍ പലതും പുതിയ ഴോണറുകള്‍ കൊണ്ട് വ്യത്യസ്തത സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ കഥയും കഥാപാത്രങ്ങളുമാണ് ഫാസില്‍ റസാക്കിന്റെ സിനിമകളെ മികച്ചതാക്കുന്നത്. വടക്കന്‍ പറവൂരും കൊടുങ്ങല്ലൂരും സമീപപ്രദേശങ്ങളുമാണ് സിനിമയിലെ ലൊക്കേഷന്‍. അമലയുടെ സംഭാഷണങ്ങളില്‍ അവിടത്തെ സ്ലാങ്ങ് കൊണ്ടുവന്നതും നന്നായിട്ടുണ്ട്. മൃദുല്‍ വി എമ്മിന്റെ ക്യാമറയും എടുത്തു പറയേണ്ടതാണ്.

 

Related