August 9 Sunday 2026

മോദിയുടെ വൈകിയ വേളയിലെ മണിപ്പൂര്‍ സന്ദര്‍ശനം

”ഞാനും കേന്ദ്രസര്‍ക്കാരും നിങ്ങളോടൊപ്പമുണ്ട് മണിപ്പൂര്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”

സെപ്റ്റംബര്‍ 13ന് മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിത്. വാക്കുകള്‍ പ്രതീക്ഷാ നിര്‍ഭരമെങ്കിലും ഇങ്ങനെയൊരു വര്‍ത്തമാനം കലാപ മണ്ണില്‍ ഇറങ്ങി നിന്ന് പറയാന്‍ നമ്മുടെ പ്രധാനമന്ത്രിക്ക് വേണ്ടിവന്നത് 27 മാസങ്ങളാണ്. മണിപ്പൂരിന്റെ കലാപ മണ്ണില്‍ മോദി പ്രസ്തുത വാക്കുകള്‍ പറഞ്ഞുവെക്കുമ്പോഴേക്കും ഇതിനോടകം മണിപ്പൂരില്‍ 270 പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ടായിരുന്നു. ചുരാചന്ദ്പുരിലും ഇംഫാലിലെയും ജനങ്ങള്‍ പരസ്പരം വിഭജിക്കപ്പെട്ട രണ്ടു തുരുത്തുകളിലായി ശത്രുതാമനോഭാവത്തോടുകൂടിയാണ് ജീവിക്കുന്നത്. രണ്ടു കൂട്ടരും തമ്മിലെ വിശ്വാസം ദൃഢമാക്കാനുള്ള പ്രധാനമന്ത്രിയുടെ വൈകിയ വേളയിലെ സന്ദേശം എങ്ങനെയാണ് മണിപ്പുരിലെ ജനത ഉള്‍ക്കൊണ്ടിട്ടുണ്ടാവുക?

കുക്കി മേഖലയിലേക്ക് മെയ്തികള്‍ക്കോ മെയ്തി മേഖലയിലേക്ക് കുക്കികള്‍ക്കോ ഇന്നും മണിപ്പൂരില്‍ പ്രവേശനമില്ല. 400 ഓളം ക്രൈസ്തവ ആരാധനാലയങ്ങളും ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളും മണിപ്പൂരില്‍ കലാപ നാളുകളില്‍ കത്തിയമര്‍ന്നു. മണിപ്പൂരല്‍ ആകെയുള്ള രണ്ട് ലോക്‌സഭ സീറ്റുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തോല്‍വിയുടെ പ്രഹരമേറ്റു. ബിജെപി ഭരണത്തില്‍ നരകസമാനമായ മണിപ്പൂരില്‍ കലാപം കത്തിപ്പടരുന്ന പ്രാരംഭഘട്ടങ്ങളില്‍ ഒന്നും തന്നെ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കലാപം കത്തിപ്പടര്‍ന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് ആദ്യമായി പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞത്. അതും ശക്തമായ സമ്മര്‍ദ്ദങ്ങളുടെ ഫലമായി.

കലാപം തുടങ്ങി ഇത്രകാലമായിട്ടും പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് പ്രതിപക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു. ഈ കാലയളവില്‍ പ്രധാനമന്ത്രി 47 തവണ വിദേശരാജ്യങ്ങളും 310 തവണ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചു. സന്ദര്‍ശനത്തില്‍ കുക്കി ഗോത്ര വിഭാഗങ്ങള്‍ സ്വാഗതം ചെയ്യുമ്പോഴും മെയ്തികളുടെ സമീപനം വ്യത്യസ്തമാണ്. കുക്കി സായുധ ഗ്രൂപ്പുകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമാധാന കരാര്‍ ഒപ്പിട്ടതാണ് കുക്കികളുടെ നീരസത്തിന് കാരണം.

കുക്കീ സ്വാധീന മേഖലകളെ പ്രത്യേക കേന്ദ്ര ഭരണ പ്രദേശമാക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ മോദിയുടെ സന്ദര്‍ശനത്തെ കുക്കീ സംഘടനകള്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുമില്ല. കുക്കികള്‍ക്ക് സ്വാധീനമുള്ള ചുരാചന്ദ്പ്പുരില്‍ മോദിയുടെ ഫ്‌ളക്‌സുകളും ബോര്‍ഡുകളും തല്ലിത്തകര്‍ത്തുകൊണ്ടാണ് കുക്കികളില്‍ ചിലര്‍ പ്രധാനമന്ത്രിയെ വരവേറ്റത്.

മോദി ഗോബാക്ക് എന്ന മുദ്രാവാക്യവുമായി മെയ്തി വനിതകളും കലാപ നാളുകളില്‍ മണിപ്പൂരിനെ അവഗണിച്ച് ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്ന മോദിയുടെ നടപടി പ്രഹസനമാണ് എന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസും മണിപ്പൂരില്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 3000 കോടിയുടെ പ്രത്യേക പാക്കേജ് മണിപ്പൂരിന്റെ മുറിവിനെ ഉണക്കാന്‍ പ്രാപ്തമല്ല. മുഖ്യമന്ത്രി ബീരേന്‍ സിംങ്ങിന്റെ രാജിയെത്തുടര്‍ന്ന് രാഷ്ട്രപതി ഭരണം നിലവില്‍ വന്ന മണിപ്പൂരില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയിലും ക്രമസമാധാനം സാധാരണ നിലയിലേക്ക് മടങ്ങിയിട്ടില്ല. കലാപകാരികള്‍ സര്‍ക്കാര്‍ ശേഖരത്തില്‍ നിന്നും കൊള്ളയടിച്ച ആയുധങ്ങളില്‍ ഭൂരിഭാഗവും തിരിച്ചെത്തിക്കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുമില്ല എന്നിരിക്കെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്തുമാറ്റമാണ് സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ കൊണ്ടുവരുന്നതെന്ന ചോദ്യമാണ് സന്ദര്‍ശനാനന്തരം ബാക്കിയാകുന്നത്.

 

 

 

 

 

 

Related