കൊളോണിയൽ ഭരണകാലഘട്ടത്തിൽ മലബാറിന്റെ മണ്ണിൽ നവോത്ഥാനത്തിന്റെ ദീപശിഖതെളിച്ച സാമൂഹിക വിപ്ളവകാരികളിൽ പ്രധാനിയും ലിബറൽ ഡെമോക്രാറ്റുമായിരുന്നു മിതവാദി കൃഷ്ണൻ എന്ന ചങ്ങരംകുമരത്ത് കൃഷ്ണൻ വക്കീൽ.1917 മുതൽ ഏതാണ്ട് രണ്ടു ദശാബ്ദക്കാലം അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ സാമൂഹിക പരിവർത്തനത്തിന്റെ ജിഹ്വയായി നിലകൊണ്ട മിതവാദി പത്രത്തിന്റെ സ്ഥാപക പത്രാധിപർ, നാരായണ ഗുരുവിന്റെ സന്ദേശ വാഹകരിൽ പ്രധാനി, അഭിഭാഷകൻ, സമുദായോദ്ധാരകൻ, കാലിക്കറ്റ് ബാങ്കിന്റെ സ്ഥാപകൻ, യുക്തിവാദി, മികച്ച സംഘാടകൻ, ബുദ്ധമത പുനരുദ്ധാരകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വൈഭവം തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്ന മിതവാദി കൃഷ്ണന്റെ ജീവിതം, സാമൂഹിക പരിഷ്കരണത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ക്രാന്തദർശിയായ ഒരു കർമ്മയോഗിയുടേതായിരുന്നു. വിദ്യാഭ്യാസാനന്തരം അഭിഭാഷക വൃത്തിക്കൊപ്പം നാരായണ ഗുരു വിഭാവനം ചെയ്ത ജാതിരഹിത സമൂഹം യാഥാർഥ്യമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ച അദ്ദേഹം ഡോ. അംബേദ്ക്കറെ പോലെ ഒടുവിൽ ഹിന്ദുസമൂഹത്തെ പരിഷ്കരിക്കാൻ കഴിയിലെന്ന തിരിച്ചറിവോടെ 1925-ൽ സഹോദരനയ്യപ്പനോടൊപ്പം ബുദ്ധമതം സ്വീകരിച്ച് കേരളത്തിൽ ബുദ്ധമതത്തിന്റെ പുനരുദ്ധാരണത്തിനും തുടക്കം കുറിക്കുകയുണ്ടായി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഒരു വ്യാഴവട്ടക്കാലം സവർണ നീതിബോധത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ മിതവാദി കൃഷ്ണന്റെ സംഭവബഹുലമായ ജീവിതം ജാതി വ്യവസ്ഥ സൃഷ്ടിച്ച ഉച്ചനീചത്വങ്ങൾക്കും അരാജകത്വത്തിനും രാജഭരണത്തിന്റെ നെറികേടുകൾക്കുമെതിരെ വടക്കൻ കേരളത്തിലെ തിയ്യരാദി അധ:സ്ഥിത വിഭാഗങ്ങൾ നടത്തിയ ഉജ്ജ്വലമായ പോരാട്ടത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ചരിത്രം കൂടിയാണ് അടയാളപ്പെടുത്തുന്നത്.
1867 ജൂൺ 11-ന് തൃശ്ശൂർ ജില്ലയിലെ പേരുകേട്ട ജന്മികുടുംബമായ ചങ്ങരംകുമരത്ത് തറവാടിൽ പാറന്റെയും ഉണ്ണൂലിയുടെയും മകനായി ജനിച്ച മിതവാദി കൃഷ്ണൻ സ്വദേശമായ മുല്ലശ്ശേരിയിലും ചാവക്കാട്ടും കോഴിക്കോടും മദ്രാസിലുമായിട്ട് വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് അഭിഭാഷകവൃത്തിക്കും പത്രപ്രവർത്തനത്തിനുമൊപ്പം സാമൂഹിക പരിഷ്കരണ ദൗത്യത്തിലും വ്യാപൃതനാവുന്നത്. കുടുംബവീട്ടിൽ വച്ചായിരുന്നു കൃഷ്ണൻ അക്ഷരാഭ്യാസത്തിന് തുടക്കംകുറിച്ചത്. ഒൻപതാം വയസ്സിൽ ഏനാമയ്ക്കൽ സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിന് ചേർന്നു. തുടർന്ന് ചാവക്കാട് സ്കൂളിലായി പഠനം. കോഴിക്കോട്ടുകാരനായ രാമൻ എന്ന ആളുടെ വീട്ടിൽ താമസിച്ചായിരുന്നു പഠനം. ചാവക്കാട്ടെ പഠനത്തിന് ശേഷം മേൽപ്പഠിപ്പിന് പിതാവ്, മകനെ കോഴിക്കോട് സർക്കാർ സ്കൂളിൽ അപ്പർ ഫോർത്ത് ക്ലാസ്സിൽ ചേർത്തു. കോഴിക്കോടായിരിക്കുമ്പോൾ കല്ലിങ്ങൽ മഠത്തിൽ രാരുമൂപ്പന്റെ വീട്ടിലാണ് കൃഷ്ണൻ താമസിച്ചിരുന്നത്. പഠനത്തിനും താമസത്തിനും മറ്റുമുള്ള പണം എല്ലാ മാസവും പിതാവ് അയച്ചു കൊടുക്കുകയായിരുന്നു .1885 – ൽ കൃഷ്ണൻ മെട്രിക്കുലേഷൻ പാസ്സായി. 1891-ൽ ബിരുദ പഠനത്തിനായി അദ്ദേഹം മദിരാശിയിലേക്ക് യാത്രയാവുകയും അവിടത്തെ പ്രസിദ്ധമായ പ്രസിഡൻസി കോളേജിൽ എഫ്.എ.ക്ക് ചേരുകയും പരീക്ഷ പാസ്സായതിനു ശേഷം 1901-ൽ ബി.എൽ -ന് ചേരുകയും 1902-ൽ ബി.എ.ബി.എൽ .പരീക്ഷ പാസ്സായി നാട്ടിൽ തിരിച്ചെത്തിയ ശേഷം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.
1903 – ൽ അദ്ദേഹം കോഴിക്കോട് സ്ഥിരതാമസമാക്കി അഭിഭാഷകവൃത്തി ആരംഭിക്കുന്നതോടൊപ്പമാണ് സമൂഹിക പ്രശ്നങ്ങളിലും സാമുദായിക കാര്യങ്ങളിലും ഒരു പോലെ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മദിരാശിയിൽ പഠിക്കുമ്പോഴായിരുന്നു കൃഷ്ണന്റെ വിവാഹം; 1894 ഏപ്രിൽ 19-ാം തീയതി. സഹോദരീ ഭർത്താവ് രാരിച്ചൻ മൂപ്പന്റെ ബന്ധുവായ ഒരു സഹോദരിയുടെ മകൾ കുഞ്ഞിപ്പെണ്ണൂട്ടിയായിരുന്നു വധു.1897-ൽ പുത്രൻ പാറൻ ( ഉണ്ണി) പിറന്നു.1903- ൽ കുടുംബസമേതം കോഴിക്കോട് താമസമാക്കി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കുന്നതോടുകൂടിയാണ് കൃഷ്ണന്റെ സാമൂഹിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് എന്നു സൂചിപ്പിച്ചല്ലോ. വക്കീലായി പ്രാക്ടീസ് ആരംഭിച്ച കൃഷ്ണൻ വളരെപ്പെട്ടെന്ന് തന്നെ മലബാറിലെ അറിയപ്പെടുന്ന അഭിഭാഷകനായി പേരും പെരുമയും ആർജ്ജിക്കുകയുണ്ടായി. ഇതോടെ വ്യവഹാരങ്ങളുടെ എണ്ണവും സമ്പത്തും അനുദിനം വർധിച്ചുകൊണ്ടിരുന്നു. മലബാറിലെ അക്കാലത്തെ പേരുകേട്ട ക്രിമിനൽ വക്കീൽ രാമയ്യർ കൃഷ്ണൻ വക്കീലിന്റെ സുഹൃത്തായിരുന്നു. ഇടയ്ക്കിടെ വീട്ടിൽ വന്നുപോയിരുന്ന രാമയ്യർ വക്കീൽ ദീർഘനേരം വിവിധ വിഷയങ്ങളെപ്പറ്റി കൃഷ്ണൻ വക്കീലുമായി സംസാരിച്ചിരിക്കുക പതിവായിരുന്നു. 1905 ജൂലായ് മാസം 6-ന് മലബാർ സന്ദർശിക്കാൻ എത്തിയ എസ്. എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി, മഹാകവി കുമാരനാശാൻ ഏതാനും ദിവസം കൃഷ്ണൻ വക്കീലിന്റെ വസതിയായ ലക്ഷമീ വിലാസത്തിൽ താമസിച്ച് സാമൂഹിക മുന്നേറ്റത്തിന്റെയും സമുദായ സംഘാടത്തിൻ്റെയും ആവശ്യകതയെപ്പറ്റി അന്നാട്ടുകാരുമായി ആശയ വിനിമയം നടത്തിയത് കൃഷ്ണൻ വക്കീലിൻ്റെ സാമൂഹ്യ പരിഷ്കരണ ചിന്തകളെ ഉദ്ദീപിപ്പിക്കാൻ വഴിയൊരുക്കുകയുണ്ടായി.
മഹാകവിയുടെ സന്ദർശനം കൃഷ്ണൻ വക്കീൽ എന്ന സാമൂഹിക പരിഷ്കർത്താവിന്റെ മാനസിക വ്യവഹാരങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകാൻ വഴിയൊരുക്കി എന്നു വേണം കരുതാൻ. എസ്.എൻ.ഡി.പിയുടെ പ്രവർത്തനം മലബാറിൽ വ്യാപിപ്പിക്കുകയായിരുന്നു മഹാകവിയുടെ സന്ദർശന ദൗത്യം. 1906-ൽ കോഴിക്കോട് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച കൃഷ്ണൻ വക്കീൽ ഇക്കാലത്ത് എസ്.എൻ.ഡി.പി. യോഗത്തിന്റെ മുഖപത്രമായ വിവോകോദയത്തിൽ സാമൂഹിക പ്രശ്നങ്ങളെ അധികരിച്ച് നിരന്തരം ലേഖനങ്ങൾ എഴുതുക പതിവാക്കിയിരുന്നു. മദിരാശിയലെ പഠനകാലത്തുതന്നെ സാമൂഹിക മുന്നേറ്റങ്ങളിൽ വാർത്താമാധ്യമങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന കൃഷ്ണൻ വക്കീൽ അക്കാലത്ത് തന്നെ കേരള സഞ്ചാരി പോലുള്ള പത്രങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഹിന്ദുമതത്തിലെ ജാതിസമ്പ്രദായത്തിനു കീഴിൽ കേരളത്തിലെ,വിശിഷ്യാ മലബാറിലെ തീയ്യ രാദി താഴെത്തട്ടുകാർ അനുഭവിച്ചുപോരുന്ന യാതനകളും വിവേചനങ്ങളും വിശകലനം ചെയ്തു അവയ്ക്ക് പരിഹാരം ആരായുകയായിരുന്നു ഈ എഴുത്തുകളുടെയെല്ലാം കാതൽ. 1907-ൽ രാരിച്ചൻ മൂപ്പന്റെ അധ്യക്ഷതയിൽ കണ്ണൂരിൽ വച്ച് എസ്.എൻ.ഡി.പി.യോഗത്തിന്റെ നാലാമത് വാർഷിക സമ്മേളനം നടന്നതോടെ മലബാറിലും സാമൂഹിക മുന്നേറ്റത്തിന്റെ അനുരണനങ്ങൾ ദൃശ്യമായി തുടങ്ങി.ഇതേ വർഷം കേരള പത്രികയിൽ ‘ഇന്ത്യയിലെ അസ്വാസ്ഥ്യം’ എന്ന തലക്കെട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ വിമർശിച്ചു കൊണ്ട് കൃഷ്ണൻ വക്കീൽ എഴുതിയ ലേഖനം വലിയ തോതിൽ ചർച്ചയ്ക്ക് വിഷയിഭവിക്കുകയുണ്ടായി. 1907-ഡിസംബറിൽ നാരായണ ഗുരു കോഴിക്കോട് സന്ദർശിക്കുകയും ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്തു. തദ വസരത്തിൽ നടന്ന സമ്മേളനത്തിൽ നാരായണ ഗുരുവിന് സമർപ്പിച്ച മംഗളപത്രം തയ്യാറാക്കിയത് കൃഷ്ണൻ വക്കീൽ ആയിരുന്നു.
ഇക്കാലത്താണ് കൃഷ്ണൻ വക്കീൽ അഭിഭാഷകവൃത്തിയോട് ഏറെക്കുറെ വിടപറഞ്ഞ് കാലിക്കറ്റ് ബാങ്ക് എന്ന സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കരത്തിന് വേണ്ടി പൂർണമായും കർമ്മനിരതനാവുന്നത്. നെടുങ്ങാടി ബാങ്ക് എന്ന പേരിൽ മറ്റൊരു ബാങ്ക് അക്കാലത്ത് കോഴിക്കോട് പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും ബാങ്കിങ്ങിനെ സംബന്ധിച്ച് മലബാറുകാർ പൊതുവെ അജ്ഞരായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൃഷ്ണൻ വക്കീലിന്റെ പൂർണ്ണ ഉത്തരവാദത്തിൽ കാലിക്കറ്റ് ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. 1908 – ൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ച കാലിക്കറ്റ് ബാങ്ക് വളരെപ്പെട്ടെന്നു തന്നെ വളർച്ചയുടെ പടവുകൾ താണ്ടി ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റി. 1912-ൽ മേയ് മാസത്തിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒൻപതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വർക്കല ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്താനുള്ള ഒരുക്കങ്ങൾ നടത്താൻ നാരായണ ഗുരു തൻ്റെ ശിക്ഷ്യഗണങ്ങൾക്ക് നിർദേശം നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു . ഡോ.പൽപ്പുവിന്റെയും മഹാകവി കുമാരനാശാന്റെയും നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സംഘാടക സമിതിയാണ് പ്രതിഷ്ഠാ കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ ക്രമീകരിച്ചിരുന്നത്. ഒടുവിൽ മേയ് 18-ാം തീയതി രാത്രിയിൽ ആയിരങ്ങളെ സാക്ഷി നിർത്തി നാരായണ ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തുകയും ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.ശാരദാ പ്രതിഷ്ഠയോടനുബന്ധിച്ച് മൂന്നു ദിവസം നീണ്ടുനിന്ന എസ്.എൻ. ഡി.പി.യോഗത്തിന്റെ വാർഷിക സമ്മേളനത്തിൽ ഡോ.പൽപ്പുവിന്റെ നിർദ്ദേശപ്രകാരം അധ്യക്ഷത വഹിച്ചത് കൃഷ്ണൻ വക്കീലായിരുന്നു. തദവസരത്തിൽ അദ്ദേഹം ഇംഗ്ലീഷിൽ നടത്തിയ ഉജ്ജ്വലമായ പ്രസംഗം സമ്മേളനത്തിൽ സംബന്ധിക്കാൻ കേരളത്തിന്റെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന യോഗം ഭാരവാഹികളുടെയും അനുയായികളുടെയും ഗുരുഭക്തന്മാരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്ക് വിഷയീഭവിക്കുകയുണ്ടായി.
എസ്.എൻ.ഡി.പി യോഗം പ്രവർത്തനം ആരംഭിച്ച് ഒൻപത് വർഷത്തിനുള്ളിൽ യോഗം നടത്തിയ മാതൃകാപരമായ സാമുദായിക പ്രവർത്തനങ്ങളുടെ ഫലമായി ഈഴവ സമുദായത്തിനുള്ളിലും പൊതു സമൂഹത്തിലും ഉണ്ടായ പരിവർത്തനങ്ങളുടെ സ്ഥിരീകരണമായിരുന്നു കൃഷ്ണൻ വക്കീൽ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം. വാർഷിക സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗം ശ്രദ്ധിക്കപ്പെട്ടതോടെ സമുദായോദ്ധാരണ പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം പ്രകടിപ്പിച്ച കൃഷ്ണൻ വക്കീൽ കോഴിക്കോട് മടങ്ങിയെത്തിയതിനു ശേഷം യോഗത്തിന്റെ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായി മാറി. ഇക്കാലത്താണ് അദ്ദേഹം കോഴിക്കോട്ടെ തന്റെ വാസഗൃഹമായ ലക്ഷ്മീ വിലാസത്തിന് സമീപം മറ്റൊരു കൊട്ടിടം കൂടി നിർമ്മിച്ച് കെട്ടിടത്തിന്റെ മുകളിലത്തെ നിലയ്ക്ക് പാറൻ ഹാൾ എന്നു പേര് നൽകുന്നതും അവിടെ വച്ച് മലബാറിലെ സമുദായ പ്രവർത്തനങ്ങളെ ഏകീകരിക്കാൻ തുടക്കമിടുന്നതും .ഇവിടെയായിരുന്നു എസ്.എൻ.ഡി.പി ക്ലബ്ബും വായനശാലയും പ്രവർത്തിച്ചിരുന്നത്. ഇതോടപ്പം സമ്മേളനങ്ങൾ നടത്താൻ ലക്ഷ്മീ വിലാസത്തിന്റെ വിശാലമായ അങ്കണം മോടിപിടിപ്പിച്ച് പാറൻ സ്ക്വയർ എന്നു പേരിടുകയും ചെയ്തു . പില്ക്കാലത്ത് ഗാന്ധിജി ഉൾപ്പെടെയുളള നിരവധി മഹത്തുക്കൾ പാറൻ സ്ക്വയറിൽ വന്ന് പ്രസംഗിച്ചിട്ടുള്ളത് ചരിത്രത്തിന്റെ ഭാഗമാണല്ലോ.1913 ജനുവരിയിൽ കൃഷ്ണൻ വക്കീൽ 200 രൂപ പ്രതിഫലം നൽകി ടി.ശിവശങ്കരനിൽ നിന്നും മിതവാദി പത്രം വിലയ്ക്ക് വാങ്ങിയതോടെയാണ് സാമൂഹിക പ്രതിബദ്ധതയോടുകൂടിയുള്ള പത്രപ്രവർത്തനത്തിന്റെ പുതിയൊരു കാലഘട്ടത്തിന് തുടക്കം കുറിക്കപ്പെടുന്നത്. 1907 ഒക്ടോബറിലായിരുന്നു ടി. ശിവശങ്കരന്റെ ഉടമസ്ഥതയിലും മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലും തലശ്ശേരിയിൽ നിന്ന് മിതവാദി വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. രണ്ടു വർഷത്തോളം മിതവാദിയുടെ പ്രസിദ്ധീകരണം സുഗമമായി നടന്നെങ്കിലും ഉടമസ്ഥനും പത്രാധിപരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് പത്രാധിപർ രാജിവച്ച സാഹചര്യത്തിൽ വാരികയുടെ പ്രസിദ്ധീകരണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് കൃഷ്ണൻ വക്കീൽ വാരിക വിലയ്ക്കു വാങ്ങാൻ തീരുമാനിക്കുന്നത്. തുടർന്ന് 1913 ആഗസ്റ്റ് മുതൽ ‘തീയ്യരുടെ ഒരു മലയാള മാസിക ‘ എന്ന പേരിൽ കോഴിക്കോട് നിന്നും വീണ്ടും മിതവാദി പ്രസിദ്ധീകരണം പുനരാരംഭിച്ചു.ഒപ്പം ലക്ഷ്മീ വിലാസത്തോടു ചേർന്ന് മാസിക അച്ചടിക്കാൻ മിതവാദി പ്രിന്റിങ് വർക്സ് എന്ന പേരിൽ ഒരു അച്ചുകൂടവും സ്ഥാപിക്കപ്പെട്ടു.
‘തീയ്യരുടെ ബൈബിൾ’എന്നു ചില കുബുദ്ധികൾ മിതാവാദിയെ ആക്ഷേപിച്ചെങ്കിലും ഏതാണ്ട് ഏഴെട്ടുവർഷക്കാലം മിതവാദി കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളുടെ വികാരവിചാരങ്ങൾ പൊതുസമൂഹത്തെ അറിയിക്കുന്ന തീഷ്ണതയേറിയ നാവും വാക്കും പ്രതികരണവുമായി നിലകൊണ്ടു എന്നതാണ് യാഥാർഥ്യം.കമാരനാശാൻ,മുർക്കോത്ത് കുമാരൻ, സി.വി.കുഞ്ഞുരാമൻ തുടങ്ങിയ നിരവധി പ്രമുഖർ അക്കാലത്ത് മിതവാദിയിൽ നിരന്തരം എഴുതിയത് മാസികയുടെ മാറ്റ് കൂട്ടി. ഒന്നാം ലോകമഹായുദ്ധത്തെ കുറിച്ചുള്ള വാർത്തകൾ പ്രത്യേക പ്രാധാന്യത്തോടുകൂടി പ്രസിദ്ധീകരിച്ചിരുന്ന മിതവാദിയിൽ റഷ്യൻ വിപ്ളവത്തെ സംബന്ധിക്കുന്ന വാർത്തകളും അതീവ പ്രാധാന്യത്തോടുകൂടി നൽകിയിരുന്നുവെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയും സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കിയുള്ള വ്യതിരിക്തമായ സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങളിലൂടെയും ചുരുങ്ങിയ കാലത്തിനുള്ളിൽ മിതവാദി വായനക്കാരുടെ ശ്രദ്ധയാകർഷിച്ചതോടെ മാസികയും മാസികയുടെ പത്രാധിപരും മിതവാദിയുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി. 1916 മാർച്ചിൽ തൃശ്ശൂരിൽ നടന്ന ഈഴവ സമാജത്തിന്റെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കാൻ ക്ഷണിക്കപ്പെട്ടത് മിതവാദി കൃഷ്ണനെയായിരുന്നു.സമ്മേളനത്തിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും ഈഴവ പ്രമാണിമാരും പ്രവർത്തകരും സാധാരണക്കാരും എത്തിയിരുന്നു. മൂർക്കോത്ത് കുമാരനോടൊപ്പം സമ്മേളനത്തിൽ പങ്കെടുത്ത മിതവാദി കൃഷ്ണൻ ചെയ്ത പ്രസംഗം നിറഞ്ഞ ഹർഷാരവത്തോടുകൂടിയാണ് സമ്മേളനത്തിൽ പങ്കെടുത്തവർ സ്വീകരിച്ചത്. 1917-ൽ തങ്ങൾ അനുഭവിക്കുന്ന സാമൂഹികമായ അവശതകൾ പരിഹരിക്കുന്നതിനെ സംബന്ധിച്ച് ഈഴവ സമാജം കൊച്ചി രാജാവിന് നൽകിയ സങ്കട ഹർജിക്ക് പിന്നിലും മിതവാദി കൃഷ്ണന്റെ ധൈഷണിക ഇടപെടലുകൾ ഉണ്ടായിരുന്നു എന്നത് അവിസ്മരണീയമാണ്.
1927 ഒക്ടോബറിൽ ഗാന്ധിജി കോഴിക്കോട് എത്തി. ഗാന്ധിജിയെ അനുമോദിക്കാനും പ്രവർത്തന ഫണ്ടിലേക്ക് പണക്കിഴിനൽകാനും പാറൻ സ്ക്വയറിൽ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ മിതവാദി കൃഷ്ണനും പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. 1918 ഒക്ടോബറിൽ കൊച്ചിയിലെ ഈഴവരുടെ സാമൂഹിക അവശതകളെപ്പറ്റി ചർച്ച ചെയ്യാൻ പാറൻ ഹാളിൽ വച്ച് ഒരു അഖില കേരള തീയ്യ മഹായോഗം വിളിച്ചു ചേർക്കപ്പെട്ടു. കൊറ്റിയത്ത് രാവുണ്ണി വക്കീലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത യോഗത്തിൽ ടി.കെ.മാധവൻ ഉൾപ്പെടെയുള്ള നിരവധി സാമുദായ പ്രമുഖർ പങ്കെടുക്കുകയും കൊച്ചിയിലെ തീയ്യരാദി അധ:സ്ഥിത വിഭാഗങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന അതിസങ്കീർണ്ണമായ സാമൂഹിക അവശതകൾ ചർച്ചയ്ക്ക് വിധേയമാക്കുകയുണ്ടായി. മഹാസഭയുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഒരു ഫണ്ട് ശേഖരിക്കാൻ തീരുമാനിച്ചുകൊണ്ടാണ് യോഗം അവസാനിച്ചത്. 1919 മേയ് മാസത്തിൽ കായംകുളത്ത് വച്ച് നടന്ന എസ്.എൻ.ഡി.പി. യോഗത്തിന്റെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതും മിതവാദി കൃഷ്ണനായിരുന്നു. ടി.കെ.മാധവന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു കൃഷ്ണൻ വക്കീൽ കായംകുളത്ത് വച്ച് നടന്ന പ്രസ്തുത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്. 1919 നവംബറിൽ കൃഷ്ണൻ വക്കീൽ കടുത്ത ന്യൂമോണിയ ബാധിച്ചു കിടപ്പിലായി. ഒരു വേള ബോധം തന്നെ നഷ്ടപ്പെട്ടു. തീവ്ര പരിചരണത്തിനൊടുവിൽ അത്ഭുതകരമായി രോഗവിമുക്തനായ അദ്ദേഹം ശ്രീലങ്കയിലേക്കൊരു യാത്ര പുറപ്പെടുകയും കുറച്ചു നാളുകൾക്കു ശേഷം മടങ്ങിയെത്തുകയും ചെയ്തു. ശ്രീലങ്കയിൽ നിന്നും മടങ്ങിയെത്തിയ കൃഷ്ണൻ വക്കീൽ പൂർവാധികം ഊർജസ്വലതയോടെ പത്രപ്രവർത്തനത്തിനോടൊപ്പം സാമുദായ കാര്യങ്ങളിലും വ്യാപൃതനായി. എസ്.എൻ.ഡി.പി യുടെ പ്രാരംഭ ഘട്ടം മുതൽ യോഗത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം 1912 മുതൽ 1933 വരെയുള്ള കാലഘട്ടത്തിൽ യോഗത്തിന്റെ നിരവധി വാർഷിക സമ്മേളനങ്ങളിൽ അധ്യക്ഷത വഹിക്കുകയും യോഗത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്തിരുന്നു. നാരായണ ഗുരുവിന്റെ ജാതിവിരുദ്ധ, മതാതീത ആത്മീയ ദർശനങ്ങളുടെ അടിയുറച്ച വിശ്വാസിയായിരുന്ന അദ്ദേഹം, മിതവാദിയിലൂടെ ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഡോ.പൽപ്പുവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മസൗഹൃദം തന്റെ പ്രവർത്തനങ്ങളെ ഏകീകരിക്കുന്നതിൽ എപ്പോഴും തുണയായിരുന്നുവെന്ന് അദ്ദേഹം തന്നെ പില്ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്.പത്രപ്രവർത്തനത്തെ സാമൂഹിക വിപ്ളവത്തിന്റെ പടവാളായി കണ്ട മിതവാദി കൃഷ്ണൻ കേരളീയരിൽ ജനാധിപത്യബോധവും സ്വാതന്ത്ര്യാവബോധവും സർവോപരി ജാതി വിരുദ്ധചിന്തയും യുക്തിബോധവും വളർത്തിയെടുക്കാൻ മിതവാദിയിലൂടെ ബോധപൂർവം ശ്രമിച്ചുകൊണ്ടിരുന്നു . റഷ്യൻ വിപ്ളവത്തിന്റെ കാലഘട്ടത്തിൽ റഷ്യയാണ് ഇന്ന് ലോകത്തിന് മാതൃകയെന്ന് അദ്ദേഹം ഉള്ളുതുറന്നെഴുതി.റഷ്യൻ വിപ്ളവത്തിന്റെ ചരിത്രപ്രാധാന്യത്തെ വിലയിരുത്തികൊണ്ട് മിതവാദിയിൽ അദ്ദേഹം ഇപ്രകാരം എഴുതി ” റഷ്യയാണ് ഇന്ന് ലോകത്തിന് മാതൃക. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പരിശ്രമം തുടരുമെന്നാണ് ഇതിൽ നിന്നും നാം പഠിക്കേണ്ട പാഠം .ജാതിയും ജാതിക്കുള്ളിൽ ജാതിയുമായിട്ടാണ് കേരളീയ സമൂഹം മുന്നോട്ട് പോകുന്നത്, സവർണ്ണ അധീശത്വത്തെപ്പറ്റിയും പതിതരുടെ സങ്കടങ്ങളെപ്പറ്റിയും എത്ര നിലവിളിച്ചാലും കേൾക്കാത്ത ബധിരകർണങ്ങളാണ് ഇവിടെയുള്ളത്, ഇവിടെ ‘സർ ‘ പട്ടംകെട്ടി നാടുവാഴുന്ന വർഗം റഷ്യയിലെ ‘സാറി’ന്റെ മാതിരി കൊട്ടാരവും സിംഹാസനവും വിട്ടു പോകേണ്ടി വരുമെന്നുള്ളതിന് ഒരു സംശയവും വേണ്ട. അതുകൊണ്ട് അസാധ്യമായിട്ട് ജീവിതത്തിലൊന്നുമില്ല.”
1920-ൽ എസ്.എൻ.ഡി.പി യുടെ വാർഷിക യോഗം ആലപ്പുഴയിലാണ് നടന്നത്. മിതവാദി കൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പ്രസ്തുത സമ്മേളനം വൻവിജയമായിരുന്നു. 1920 നവംബറിൽ മദിരാശി നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. ഇക്കാലത്താണ് മിതവാദി മാസിക ഇംഗ്ലീഷ് – മലയാളം വാരികയായി തിങ്കളാഴ്ചകളിൽ പ്രസിദ്ധീകരണം ആരംഭിക്കുന്നത്.18 വർഷക്കാലം മിതവാദി നല്ല നിലയിൽ പ്രസിദ്ധീകരണം തുടർന്നു.ഗാന്ധിജിയുടെ നിയമ ലംഘനത്തെയും നിസ്സഹരണ പ്രസ്ഥാനത്തെയും ശക്തമായി എതിർത്ത മിതവാദി സാമൂഹിക പരിഷ്കരണത്തിൽ കോൺഗ്രസ്സിൻ്റെ പരമ്പരാഗത നിലപാടുകളെയും ചോദ്യം ചെയ്തത് ഒരു വേള നിശിതമായ വിമർശനങ്ങൾക്ക് വഴിതുറക്കുകയുണ്ടായി . അക്കാലത്ത് മൂർക്കോത്ത് കുമാരന്റെയും സഹോദരൻ അയ്യപ്പന്റെയും എഴുത്തുകൾ മിതവാദിയുടെ പേജുകളെ സമ്പന്നമാക്കിയിരുന്നു. ഇടവേളകളിൽ പെരിയോർ ഇ.വി.രാമസ്വാമിയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ലേഖനങ്ങളും മിതവാദിയിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു.
1922 ആയപ്പോഴേക്കും കൊച്ചി ഈഴവ സമാജത്തിന്റെ മാതൃകയിൽ മലബാർ കേന്ദ്രീകരിച്ച് ഒരു സമുദായ സംഘടന രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് കൃഷ്ണൻ വക്കീലിന് തോന്നി. തുടർന്ന് കൊറ്റിയത്ത് കൃഷ്ണൻ വക്കീലിനെ പോലുള്ള സമുദായ പ്രമുഖരെയും അഭ്യുദയകാംക്ഷികളെയും പാറൻ സ്ക്വയറിൽ സംലടിപ്പിച്ച് അത്തരത്തിലൊന്ന് രൂപീകരിക്കുകയും ചെയ്തു. മലബാറിലെ തീയ്യരുടെ സാമൂഹിക പ്രശ്നങ്ങൾ അധികാരികളുടെ മുന്നിൽ എത്തിക്കുകയായിരുന്നു ഈ സംഘടനയുടെ സ്ഥാപക ലക്ഷ്യം. ഹിന്ദുസമൂഹത്തിൽ നിന്നും വേറിട്ട ഒരു സ്വതന്ത്ര സമുദായമായി നിലകൊണ്ട് അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ പ്രസ്തുത യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കവെ കൃഷ്ണൻ വക്കീൽ ആഹ്വാനം ചെയ്തു. 1923 ഫെബ്രുവരിയിൽ എറണാകുളത്തു വച്ച് സംഘടിപ്പിച്ച കൊച്ചി ഈഴവ സമാജത്തിന്റെ എട്ടാമത് വാർഷിക സമ്മേള്ളത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയതും കൃഷ്ണൻ വക്കീലാ യിരുന്നു. 1928-ജനുവരിയിൽ കോട്ടയത്ത് വച്ച് നടന്ന എസ്.എൻ.ഡി.പി.യോഗത്തിന്റെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതും കൃഷ്ണൻ വക്കീലായിരുന്നു.
1921-ൽ പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങിയത് മുതൽ മിതവാദിയിൽ സാമൂഹിക പ്രാധാന്യമുള്ള ലേഖനങ്ങൾക്കൊപ്പം ബുദ്ധമത സംബന്ധിയായ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു . ഇതിൽ നിന്നും ഇക്കാലത്താണ് ചരിത്രപുരുഷൻ ബുദ്ധമതത്തിലേക്ക് ആകൃഷ്ടനാവുന്നതെന്ന് ഊഹിക്കാം. 1923 ജനുവരിയിൽ ചെറായിയിൽ നടന്ന കൊച്ചി തിയ്യ മഹാജനസഭ യുടെ 16-ാം വാർഷിക സമ്മേളനത്തിലും മിതവാദി കൃഷ്ണൻ അധ്യക്ഷപദം അലങ്കരിച്ചു പ്രസംഗിക്കുകയുണ്ടായി. സമ്മേളനത്തിൽ ജനസംഖ്യയിൽ ഭൂരിപക്ഷമായ തീയ്യർക്കെതിരെ സവർണഹിന്ദുക്കൾ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം ഹിന്ദുമതം തീയ്യരുടെ മതമല്ലെന്നും, അത് അവർക്കുമേൽ അടിച്ചേൽപ്പിച്ച അടിമത്തമാണെന്നും അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. അദേഹം തന്റെ പ്രസംഗം ഇപ്രകാരമാണ് ഉപസംഹരിച്ചത് ” ഹിന്ദുമതം നമുക്ക് അന്യമതമാണെന്നു മാത്രമല്ല, നമ്മുടെ അഭിമാനത്തെയും ഉന്നതിയെയും തടയുന്ന ശത്രു മതമാണെന്നും പറയാൻ അശേഷം മടിക്കേണ്ടതില്ല… ഹിന്ദുമതത്തിലെ അനാചാരങ്ങൾ തീർക്കുക എന്നത് ചെമ്പിന്റെ കറകളയുന്നതു പോലുള്ള ഒരു പാഴ്വേലയാകുന്നു … ” 1935 മാർച്ച് 28-ന് കേരളത്തിലെ തീയ്യരുടെ ആവലാതികൾ അക്കമിട്ട് രേഖപ്പെടുത്തി ആയത് നീക്കം ചെയ്യാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന വിശദമായൊരു നിവേദനം തയ്യാറാക്കിയ മിതവാദി കൃഷ്ണൻ അത് ബ്രിട്ടനിലെ ലേബർ പാർട്ടി നേതാക്കൾക്ക് അയച്ചുകൊടുത്തു.കേരളത്തിലെ തീയ്യർ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക അവശതകൾക്കും വിവേചനങ്ങൾക്കും വിലക്കുകൾക്കും രാഷ്ടീയമായി പരിഹാരം കാണാൻ അവർക്കായി പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യമാണ് പ്രധാനമായും ഈ നിവേദനത്തിലൂടെ കൃഷ്ണൻ വക്കീൽ ഉന്നയിച്ചത്. എന്നാൽ ഈഴവർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തുന്നത് അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ലേബർ പാർട്ടി നേതാവ് അത്തോൾ പ്രഭി, ബ്രിട്ടനിലെ തൊഴിലാളികൾ ചെയ്തതു പോലെ ഇന്ത്യയിലെ അവശവിഭാഗങ്ങൾ സംഘടിച്ച് മുന്നേറുകയാണ് വേണ്ടതെന്ന നിർദേശമാണ് മുന്നോട്ടുവച്ചത്.
കോഴിക്കോട് താമസമാക്കിയത് മുതൽ സാമുദായിക പ്രവർത്തനത്തോടൊപ്പം മലബാറിലെ ജന്മി-കുടിയാൻ പ്രശ്നങ്ങളിലും കൃഷ്ണൻ വക്കീൽ സജീവമായി ഇടപെട്ടിരുന്നതായി കാണാം. ഒരു ജന്മിയായിട്ടു കൂടി, മലബാറിലെ തന്റെ സമുദായത്തിൽപ്പെട്ട ഭൂരിഭാഗവും ജന്മിത്വത്തിന്റെ ഇരകൾ എന്ന നിലയിൽ കുടിയാന്മാരായി ജീവിതം തള്ളിനീക്കുന്നവരാണെന്ന തിരിച്ചറിവിൽ നിന്നാണ് കൂടിയാന്മാരുടെ പ്രശ്നങ്ങളിൽ അദ്ദേഹം പ്രത്യേക താല്പര്യത്തോടെ ഇടപെടാൻ ആരംഭിക്കുന്നത്. 1922-ഡിസംബറിൽ പട്ടാമ്പിയിൽ വച്ച് കുടിയാന്മാരുടെ ഒരു വലിയ സമ്മേളനത്തിന് കൃഷ്ണൻ വക്കീൽ നേതൃത്വം നൽകു കയുണ്ടായി. ജന്മിത്വത്തിൻ കീഴിൽ കാലാകാലങ്ങളായി നിസ്വരും നിരാലംബരും അസംഘടിതരുമായി ജീവിതം തള്ളിനീക്കിയിരുന്ന കുടിയാന്മാരുടെ പ്രശ്നങ്ങൾ അവരെ അണിനിരത്തികൊണ്ട് അധികാരി വർഗ്ഗത്തോട് ഉറക്കെ പറയുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. തുടർന്ന് കുടിയാന്മാരുടെ പ്രശ്നങ്ങൾ, പ്രത്യേകിച്ചും , കൈവശഭൂമിക്ക് ഉടമസ്ഥാവകാശം ആവശ്യപ്പെട്ടുകൊണ്ട് ചെറുതും വലുതുമായ നിരവധി യോഗങ്ങളും സമ്മേളനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. മദ്രാസ് നിയമസഭയിൽ മലബാർ ഗവർണർ വെല്ലിംഗ്ടൺ പ്രഭു മലബാർ കുടിയാൻ ബിൽ തള്ളിക്കളഞ്ഞതോടെ പ്രതിഷേധം ആളിക്കത്തി.ഇതിൽ പ്രതിഷേധിച്ച് 1926 നവംബർ 26-ന് പാറൻ സ്ക്വയറിൽ ചേർന്ന പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചത് കൃഷ്ണൻ വക്കീലായിരുന്നു. ഇതിനിടെ പുതിയൊരു കുടിയാൻ ബിൽ തയ്യാറാക്കുന്നതിനെ സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ മദിരാശി സർക്കാർ തിരുവിതാംകൂർ ദിവാൻ ടി.രാഘവയ്യായുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട് പക്ഷേ ജന്മിമാർക്ക് അനുകൂലമായിരുന്നതിനാൽ അതിനെതിരെയും കൃഷ്ണൻ വക്കീലിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം മലബാറിൽ അരങ്ങേറി. പ്രതിഷേധം സൃഷ്ടിച്ച പ്രതിസന്ധികളെത്തുടർന്ന് സമവായത്തിലൂടെ ബിൽ പാസ്സാക്കുന്നത് നീണ്ടുപോയി. ഒടുവിൽ കൂടിയാൻ പ്രശ്നത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് 1929 ജനുവരി 7 ന് മദിരാശിയിൽ വച്ച് നാലു ദിവസത്തെ ജന്മി-കുടിയാൻ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. കൃഷ്ണൻ വക്കീലിനെ കൂടാതെ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്ത സമ്മേളനം വൻവിജയമായാണ് പര്യവസാനിച്ചത്. പ്രതിഷേധങ്ങൾക്കും ജനമുന്നേറ്റങ്ങൾക്കുമൊടുവിൽ മലബാറിലെ വെറുംപാട്ട കുടിയാന്മാർക്കും കാണാകുടിയാ മാർക്കും കൈവശഭൂമിയിൽ സ്ഥിരാവകാശം നൽകുന്ന മലബാർ കുടിയായ്മ നിയമം പാസ്സാക്കപ്പെട്ടു.
നാരായണ ഗുരു വിഭാവനം ചെയ്ത ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന തത്വത്തെ മുറുകെപിടിച്ചുകൊണ്ടായിരുന്നു കൃഷ്ണൻ വക്കീൽ സാമൂഹിക പ്രവർത്തന രംഗത്തും പത്രപ്രവർത്തന രംഗത്തും സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗുരുവിന്റെ ദർശനങ്ങളും ആദർശങ്ങളും അദ്ദേഹത്തിന് എന്നും വഴികാട്ടിയായിരുന്നു. എസ്.എൻ.ഡി.പി. യോഗത്തിന്റെ സഹയാത്രികനായിരുന്ന അദ്ദേഹം നിരവധി വാർഷിക സമ്മേളനങ്ങൾക്ക് അധ്യക്ഷത വഹിക്കുകയും ഉജ്ജ്വലമായ തന്റെ വാഗ്ധോരണിയിലൂടെയും ശക്തമായ എഴുത്തിലൂടെയും സദസ്യരെയും വായനക്കാരെയും ഒരു പോലെ പ്രചോദിപ്പിക്കുകയും ചിന്തിക്കുകയും ചെയ്തു പോന്നു. ചാതുർവർണ്യം ശ്രേഷ്ഠമെന്നു പ്രഘോഷണം ചെയ്യുന്ന ബ്രാഹ്മണിസവുമായി ഒരിക്കലും സമരസപ്പെടാൻ തയ്യാറാകാതിരുന്ന അദ്ദേഹത്തിന്റെ ബൗദ്ധിക വ്യവഹാരങ്ങൾ എല്ലാം തന്നെ തികഞ്ഞ യുക്തിബോധത്തിൽ അടിയുറച്ചതായിരുന്നു. എന്നാൽ തീയ്യരാദി കിഴാളവിഭാഗക്കാർ ഹിന്ദുമതത്തിൽ തുടർന്നുകൊണ്ട് ജാതി വ്യത്യാസങ്ങൾ ഇല്ലാത്ത ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. ഡോ.അംബേദ്ക്കറെ പോലെ ഹിന്ദുമതം നിലനിൽക്കുന്നിടത്തോളം ജാതിയും ജാതീയമായ വിവേചനവും നിലനിൽക്കുമെന്നും ലോകാവസാനം വരെ അധഃസ്ഥിത വിഭാഗങ്ങൾ അധ:സ്ഥിത വിഭാഗങ്ങളായി തന്നെ തുടരേണ്ടിവരുമെന്നും അദ്ദേഹം ദീർഘവീക്ഷണം ചെയ്തിരിക്കാം. എങ്കിലും ജാതിരഹിത ഇന്ത്യയെ സൃഷ്ടിക്കുന്നതിന്റെ സാധ്യതകളെ സംബന്ധിച്ച് അദ്ദേഹം നിരന്തരം അന്വേഷണത്തിലേർപ്പെട്ടിരുന്നു എന്നു കാണാം. ഇത്തരമൊരു അന്വേഷണത്തിന്റെ ഫലമായിട്ടാണ് ജാതിസമ്പ്രദായത്തെ നിരാകരിക്കുന്ന, സമതയെയും മൈത്രിയെയും കരുണയെയും പ്രജ്ഞയെയും പ്രപഞ്ചനം ചെയ്യുന്ന ബുദ്ധമതത്തിലേക്ക് അദ്ദേഹം ആ കൃഷ്ടനാവുന്നത്.
1913 മുതൽ തന്നെ ബുദ്ധമതാശങ്ങൾ കൃഷ്ണൻ വക്കീലിനെ സ്വാധീനിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഡയറി കുറിപ്പുകൾ വ്യക്തമാക്കുന്നുണ്ട് .1914-ൽ ബോംബെ നഗരം സന്ദർശിക്കവെ ബുദ്ധമതവിശ്വാസിയായ പ്രൊഫസർ എൻ.കെ ഭഗത്തിനെ പരിചയപ്പെട്ടതിനെ കുറിച്ചും അവിടെ പരിചയപ്പെട്ട ചില ബുദ്ധമത സംലങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും അദ്ദേഹം ഡയറിയിൽ രേഖപ്പെടുത്തി കാണുന്നുണ്ട്. 1917-ൽ മഞ്ചേരി രാമയ്യരോടൊപ്പം സാരാനാഥും ബോധ്ഗയയും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. തുടർന്ന് 1923-ൽ പാറൻ സ്ക്വയറിൽ വച്ച് വൈശാഖ പൗർണ്ണമിയും വർണാഭമായി അദ്ദേഹം ആഘോഷിക്കുകയുണ്ടായി. ഇതെല്ലാം തന്നെ ബുദ്ധമതത്തിലേക്കുള്ള കൃഷ്ണൻ വക്കീലിന്റെ പ്രവേശനത്തിന്റെ മുന്നൊരുക്കങ്ങളായി വേണം കരുതാൻ. 1925 ഫെബ്രുവരി 19-ന് കേരളം സാക്ഷ്യം വഹിച്ച ആദ്യത്തെ ബുദ്ധമത സമ്മേളനത്തിന് പാറൻ സ്ക്വയർ വേദിയായി. കൃഷ്ണൻ വക്കീലായിരുന്നു മുഖ്യ സംഘാടകൻ. മഞ്ചേരി രാമയ്യരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കെ.അയ്യപ്പൻ, വാഗ്ഭടാനന്ദൻ, എം.കെ.ഗുരുക്കൾ ,സ്വാമി സത്യവൃതൻ എന്നിവർ മുഖ്യ പ്രഭാഷകരായി സംബന്ധിക്കുകയുണ്ടായി .തടർന്ന് 1926 – ൽ എറണാകുളത്ത് വച്ച് ബുദ്ധപൂർണിമയും വർണാഭമായി ആലോഷിക്കപ്പെട്ടു. സമ്മേളനത്തോടനുബന്ധിച്ച് ഒരു ഘോഷയാത്രയും സംഘടിപ്പിക്കുകയുണ്ടായി. ഈ സമ്മേളനത്തിൽ വച്ചാണ് കൃഷ്ണൻ വക്കീലും സഹോദരൻ അയ്യപ്പനും ബുദ്ധമതം സ്വീകരിച്ച വിവരം ആദ്യമായി പ്രഖ്യാപിക്കുന്നത്. കൃഷ്ണൻ വക്കീലിനും സഹപ്രവർത്തകർക്കും ബുദ്ധമതത്തോട് ആഭിമുഖ്യം തോന്നിയ നാൾ മുതൽ ബുദ്ധമത സംബന്ധിയായ കഥകളും കവിതകളും ലേഖനങ്ങളും മിതവാദിയിൽ സ്ഥിരമായി പ്രസിദ്ധീകരിച്ചുന്നു എന്നതും സ്മരണീയമാണ്. സഹോദരൻ അയ്യപ്പന്റെ ബുദ്ധമതാവലംബിയായ ബുദ്ധസങ്കീർത്തനം, ബുദ്ധമാർഗം, ധർമ്മമാർഗം, ദിവാസ്വപ്നം, പഞ്ചശീലം തുടങ്ങിയ കവിതകൾ ആദ്യമായി വെളിച്ചം കണ്ടതും മിതവാദിയിലൂടെയായിരുന്നു. 1926 ലെ മിതവാദിയുടെ വാർഷികപ്പതിപ്പിൽ “തീയ്യർക്കു നല്ലത് ബുദ്ധമതം തന്നെയാണ് ” എന്ന തലക്കെട്ടിൽ സി.വി.കുഞ്ഞിരാമൻ എഴുതിയ ലേഖനം അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. ഇതോടൊപ്പം തന്നെ കേരളത്തിൽ ബുദ്ധമതം പ്രചരിപ്പിക്കുന്നതിനുള്ള സംഘടിത മുന്നേറ്റങ്ങൾക്കും മിതവാദി കൃഷ്ണൻ ഇക്കാലത്ത് ആരംഭം കുറിക്കുകയുണ്ടായി.ഇതിന്റെ ഭാഗമായി വടക്കേയിന്ത്യ കേന്ദ്രീകരിച്ച് അക്കാലത്ത് പ്രവർത്തിച്ചിരുന്ന മഹാബോധി സൊസൈറ്റിയുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുകയും സൊസൈറ്റിയുടെ ഒരു ശാഖയ്ക്ക് മലബാറിൽ രൂപം നൽകുകയും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്തു പോന്നു.തുടർന്ന് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബീച്ച് റോഡിന് സമീപം ഒരു ബുദ്ധക്ഷേത്രം നിർമ്മിക്കുകയും ബുദ്ധമത ആശയങ്ങൾ പ്രചരിപ്പിക്കാൻ സംഘടിത ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതോടെയാണ് കേരളത്തിൽ ബുദ്ധമത പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാവുന്നത്.
കോഴിക്കോട് ബുദ്ധക്ഷേത്രം യാഥാർഥ്യമായതോടെ ബുദ്ധമത സംബന്ധിയായ ചർച്ചകൾക്കും സംഘാടനത്തിനും ഇവിടം ഒരു പ്രധാന വേദിയായി മാറി. വടക്കേ ഇന്ത്യയൽ നിന്നും ശ്രീലങ്കയിൽ നിന്നും നിരവധി ഭിക്ഷുക്കളും ഭിക്ഷുസംലങ്ങളും പലപ്പോഴായി ഇവിടം സന്ദർശിക്കുകയും ബുദ്ധമതത്തിന്റെ വളർച്ചയ്ക്ക് അനുപേക്ഷണീയമായ പിന്തുണ നൽകുകയും ചെയ്തു പോന്നു. ഇത്തരം പ്രവർത്തനങ്ങൾ എല്ലാം തന്നെ നിരവധി പ്രമുഖരെ ബുദ്ധമതത്തിലേക്ക് ആകർഷിക്കാൻ വഴിയൊരുക്കുകയുണ്ടായി. 1932 നവംബറിൽ പാറൻ സ്ക്വയറിൽ കൃഷ്ണൻ വക്കീലിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഒരു പ്രത്യേക ബുദ്ധമത സമ്മേളനത്തിൽ സംബന്ധിക്കവെ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ബുദ്ധ ദർശനത്തെപ്പറ്റി ആധികാരികമായി സംസാരിച്ചു.1935 ആഗസ്റ്റിൽ ശ്രീലങ്കയിൽ നിന്നും ആനന്ദ മൈത്രേയൻ ,ധർമ സ്കന്ധൻ,ജിനവരവൻ എന്നീ ബുദ്ധഭിക്ഷുക്കൾ മതപ്രചാരണാർഥം കേരളത്തിലെത്തുകയും ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്ന ബോധിവൃക്ഷ തൈ മലബാറിൽ നടുകയും ചെയ്തു. വളരെപ്പെട്ടെന്ന് കോഴിക്കോട്ടെ ബുദ്ധക്ഷേത്രം ഒരു ഗ്രന്ഥാലയമായും ബുദ്ധമത പ്രചാരണ കേന്ദ്രമായും വികസിച്ചു.പാലി, സിംഹളി, തമിഴ്, ഇംഗ്ലീഷ്, മലയാളം, സംസ്കൃതം എന്നീ ഭാഷകളിൽ എഴുതപ്പെട്ട നൂറുകണക്കിന് ബുദ്ധമത സംബന്ധിയായ പുസ്തകങ്ങൾ ഇവിടെ വായനക്കാർക്കു വേണ്ടി കൃഷ്ണൻ വക്കീൽ ശേഖരിച്ചു വച്ചു. അക്കൂട്ടത്തിൽ മഹാബോധി പോലുള്ള ബുദ്ധിസ്റ്റ് മാസികകളും ഉൾപ്പെട്ടിരുന്നു. ശ്രീലങ്കയിൽ നിന്നെത്തിയ ആനന്ദ മൈത്രേയനും ധർമസ്കന്ധനും വളരെക്കാലം മലബാറിൽ താമസിച്ച് ബുദ്ധമത പ്രചാരണം നടത്തിയിരുന്നു . ഒപ്പം മലബാറിന്റെ വിവിധ ഭാഗങ്ങളിൽ മലബാർ ബുദ്ധിസ്റ്റ് മിഷന്റെ ശാഖകളും സ്ഥാപിക്കപ്പെട്ടു.ഇതോടെ ബുദ്ധമത പുനരുദ്ധാരകൻ എന്ന നിലയിൽ കേരളത്തിന് അകത്തും പുറത്തും കൃഷ്ണൻ വക്കീലിന്റെ പ്രസിദ്ധി വ്യാപിച്ചു. ഇക്കാലത്ത് ശ്രീലങ്കയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസിക ബുദ്ധമത പുനരുദ്ധാരകൻ എന്ന നിലയിൽ മിതവാദി കൃഷ്ണന്റെ ലഘു ജീവചരിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി.
1935-ൽ ബോംബെയിലെ ബുദ്ധമത സംഘം സംഘടിപ്പിച്ച ബുദ്ധപൂർണിമാ ദിന സമ്മേളനത്തിൽ വിശിഷ്ട അതിഥിയായി കൃഷ്ണൻ വക്കീൽ ക്ഷണിക്കപ്പെട്ടെങ്കിലും അനാരോഗ്യകരമായ കാരണങ്ങളാൽ അദ്ദേഹത്തിന് പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇപ്രകാരം ബഹുജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കി ത്യാഗസന്നദ്ധതയോടെ ബുദ്ധമത പുനരുദ്ധാരണത്തിനും സമുദായോദ്ധാരണത്തിനും സാമൂഹിക പരിഷ്കരണത്തിനും പത്രപ്രവർത്തനത്തിനും ചിന്തയ്ക്കും എഴുത്തിനും വേണ്ടി ഒരു പുരുഷായുസ്സ് മുഴുവൻ ഒഴിഞ്ഞുവച്ച്, കേരളീയ നവോത്ഥാനത്തിന് യുക്തിബോധത്തിൻ്റെ വെളിച്ചം പകർന്ന് തലമുറകൾക്കു മാർഗദർശിയായി പരിലസിച്ച് നന്മയുടെ സുഗന്ധം പരത്തിയ മിതവാദി കൃഷ്ണൻ 1938 നവംബർ 29-ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
