August 13 Thursday 2026

വേണു , ശിവപ്രിയ , സുമയ്യ ആരോഗ്യ കേരളത്തിലെ രക്തസാക്ഷികൾ

നവംബർ ഒന്ന് കേരളപ്പിറവി ദിനം. കൊല്ലം ഇടപ്പള്ളികോട്ടയിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ തൊഴിലാളിയായ വേണുവിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ഉടനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊല്ലം ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചതിനെ തുടർന്ന് ഹോസ്പിറ്റൽ അധികൃതർ വേണുവിനെ അടിയന്തരമായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നു.10 മിനിറ്റ് പോലും പാഴാക്കാനില്ല എന്ന് പറഞ്ഞതുകൊണ്ടാണ് തന്നെ ഇവിടെ നിന്ന് സ്വകാര്യ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതെന്ന് വേണു തന്നെ പറയുന്നുണ്ട്.

ഇവിടെ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ചോദ്യം കൊല്ലത്തെ പാരിപ്പള്ളിയിൽ ഒരു മെഡിക്കൽ കോളേജ് ഉണ്ടായിരിക്കെ സമയത്തിന് ഏറെ പ്രാധാന്യമുള്ള വേണുവിന്റെ കേസിൽ എന്തുകൊണ്ടാണ് തിരുവനന്തപുര മെഡിക്കൽ കോളേജ് റഫർ ചെയ്തത് എന്ന്?. ഉത്തരം നിസ്സാരം.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ സൗകര്യം ഇല്ല എന്നതുതന്നെ. ഉടൻ ആൻഡ്ബുലൻസിൽ അന്നേദിവസം രാത്രി വേണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുന്നു. നാലുദിവസത്തിനുശേഷം നവംബർ 5 വൈകിട്ട് വേണു മരണത്തിന് കീഴടങ്ങുന്നു.

എന്താണ് വേണുവിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഭവിച്ചത്. വേണു തന്നെ പറയട്ടെ. വേണു തന്റെ സുഹൃത്തിനെ അയച്ച സന്ദേശം ഇങ്ങനെയായിരുന്നു

“ ഒരു ആന്‍ജിയോഗ്രാമും എക്കോയും എടുക്കുന്നതിന് വേണ്ടിയാണോ ഈ അഞ്ചു ദിവസം. ഈ ദിവസത്തിനുള്ളിൽ ഈ ശരീരത്തിന് എന്തെങ്കിലും സംഭവിച്ചാൽ, ആരോഗ്യം വഷളായാൽ എന്തു ചെയ്യും. എന്റെ കുടുംബത്തിന് സംഭവിക്കുന്ന നഷ്ടം ഇവരെക്കൊണ്ട് നികത്താൻ സാധിക്കുമോ. എന്തൊരു മര്യാദയില്ലാത്ത ഇടപെടലാണ് ഇവർ കാണിക്കുന്നത്. എനിക്കിത് രക്ഷപ്പെടാനുള്ള അവസാന അവസരമാണ് ”

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം തിരുവനന്തപുര മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിലാണ് എന്നും ശബ്ദസന്ദേശത്തിൽ വേണു പറയുന്നുണ്ട്.
അടുത്തതായി നമ്മൾ ചർച്ച ചെയ്യുന്നത് ശിവപ്രിയയെ കുറിച്ചാണ്. കഴിഞ്ഞമാസം ഒക്ടോബർ 22ന് പ്രസവ വേദനയെ തുടർന്ന് തിരുവനന്തപുരം SAT ആശുപത്രിയിൽ എത്തിയതാണ് തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ ശിവപ്രിയ.

പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ശിവപ്രിയ
നവംബർ നവംബർ 9ന് മരണപ്പെട്ടു.SAT ആശുപത്രിയിൽ നിന്നും ഏറ്റ അണുബാധയാണ് മരണത്തിന്റെ കാരണം എന്ന് തെളിവുകൾ നിരത്തി കുടുംബം സ്ഥാപിക്കുന്നുണ്ട്.

വേണുവും ശിവപ്രിയയും ആരോഗ്യ കേരളത്തിന്റെ രക്തസാക്ഷികൾ ആണെങ്കിൽ സുമയ്യ ജീവിക്കുന്ന രക്തസാക്ഷിയാണ് എന്ന് പറയേണ്ടിവരും. എന്താണ് സുമയ്യയ്ക്ക് സംഭവിച്ചത് എന്നല്ലേ പറയാം.

 

ര​ണ്ടു​വ‌​ർ​ഷം മു​മ്പ് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കായി എത്തിയതാണ് കാട്ടാക്കട കിള്ളി സ്വദേശി സുമയ്യ. ശസ്ത്രക്രിയക്ക്‌ ശേഷം അനുഭവപ്പെട്ട കഫക്കെട്ടിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ശസ്ത്രക്രിയക്കിടെ നെഞ്ചിൽ സ്ഥാപിച്ച ഗൈഡ് വയർ നീക്കം ചെയ്യാൻ ഡോക്ടർ മറന്നുപോയതായും അത് നിലവിൽ നെഞ്ചിനുള്ളിൽ ഒട്ടിച്ചേർന്നു പോയതായും കണ്ടെത്തുന്നത്. നിലവിൽ ആ ഗൈഡ് വയർ മാറ്റുന്നത് ജീവൻ അപകടത്തിലാക്കും എന്ന കണ്ടെത്തലാണ് ഡോക്ടർമാർ സുമയ്യയോട് പറഞ്ഞത്.

കേസുകൾ പരിശോധിക്കുകയാണെങ്കിൽ ഇത് ഇവിടം കൊണ്ട് നിൽക്കില്ല. പട്ടിക ഇനിയും നീളും. അടിക്കടി സംഭവിക്കുന്ന സർക്കാർ ആശുപത്രികളിലെ മരണങ്ങളും ചികിത്സാ പീഴവുകളും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന CAG റിപ്പോർട്ട് പറഞ്ഞുവെക്കുന്നത് ഭൂരിഭാഗം പ്രസംഗങ്ങളും കേരളത്തിൽ ഇപ്പോൾ നടക്കുന്നത് സ്വകാര്യ ആശുപത്രികളിൽ ആണ് എന്നത് ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. ആരോഗ്യസേവന ഡയറക്ടറേറ്റിന്റെ കണക്ക് പ്രകാരം കേരളത്തിൽ പൊതുജനാരോഗ്യ മേഖലയിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം 40891 ആണ്. ഇതേ സമയം സ്വകാര്യ ആശുപത്രികളിലെ പ്രസവങ്ങളുടെ എണ്ണം 100449. അതായത് കേരളത്തിൽ ആകെ നടക്കുന്ന പ്രസവങ്ങളിൽ പൊതുജനാരോഗ്യ മേഖലയിൽ നടക്കുന്ന പ്രസവങ്ങൾ വെറും 29 ശതമാനം മാത്രമാണ്. എന്നാൽ സ്വകാര്യമേഖലയിൽ നടക്കുന്ന പ്രസംഗങ്ങളുടെ എണ്ണം 71% ആണ്. വളരെ വലുതാണ് ഈ അന്തരം. അതിവേഗം വ്യാവസായികവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ഹോസ്പിറ്റലുകളിലേക്ക് മലയാളിയെ കൊണ്ടെത്തിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.പൊതുജന ആരോഗ്യ മേഖലയിലുള്ള പൊതുജനത്തിന്റെ വിശ്വാസത്തിനേറ്റ പ്രഹരമാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആരോഗ്യ കേരളത്തെക്കുറിച്ച് മേനി നടിക്കുന്ന പിണറായി സർക്കാരും വകുപ്പ് മന്ത്രിയും പ്രസ്തുത സിഎജി റിപ്പോർട്ടിലും സമീപകാല സംഭവങളിലും പ്രതികളാണ് എന്നത് പറയാതെ വയ്യ.

തുടരെത്തുടരെ സർക്കാർ ഹോസ്പിറ്റലിൽ നിന്നും ഉണ്ടാകുന്ന ഇത്തരം അനാസ്ഥകൾ ഒറ്റപ്പെട്ട സംഭവം എന്ന ലേബലിൽ ചുരുക്കി കെട്ടാൻ കഴിയാത്തവയാണ്.ആയിരക്കണക്കിന് സാധാരണക്കാരാണ് പൊതു ആരോഗ്യ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി വീക്ഷിക്കുമ്പോൾ കേരളത്തിന്റെ ആരോഗ്യമേഖല ഒരു പരിധിവരെ മാതൃകായോഗ്യമാണെങ്കിലും കേരളത്തിനുള്ളിൽ നില പരിതാപകരമാണ് എന്ന നിഗമനത്തിലേക്കാവും എത്തിച്ചേരേണ്ടി വരിക.ആവശ്യ മരുന്നുകളുടെ ദൗർലഭ്യവും ഡോക്ടർമാരുടെ ക്ഷാമവും പൊതു ആരോഗ്യ മേഖലയെ അലട്ടുന്ന നിർണായക പ്രശ്നങ്ങളാണ്. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ആകെ നിലവിൽ 2680 ഡോക്ടർമാരാണുള്ളത്.3,216 ഡോക്ടർമാർ ആവശ്യമുള്ള ഇടത്താണ് നിലവിൽ 2680 ഡോക്ടർമാറുള്ളത് എന്നുകൂടി ഓർക്കേണ്ടതുണ്ട്. അതായത് കൃത്യം 536 ഡോക്ടർമാരുടെ ഒഴിവ് മെഡിക്കൽ കോളജുകളിൽ നികത്തപ്പെടാനുണ്ട്. രോഗി ഡോക്ടർ അനുപാദത്തിലും ഈ വ്യത്യാസം കാണാം.ശസ്ത്രക്രിയ ഉപകരണങ്ങൾ രോഗി തന്നെ വാങ്ങിക്കേണ്ടി വരിക, ശസ്ത്രക്രിയ ഉപകരണങ്ങൾ നിലവിലില്ലാത്തത് മൂലം ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നു എന്ന് മെഡിക്കൽ കോളേജ് വകുപ്പ് മേധാവി തന്നെ ജനങ്ങളോട് വിളിച്ചുപറയുക, കെട്ടിടം പൊളിഞ്ഞുവീണ് ബൈ സ്റ്റാൻഡർ മരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ സമീപകാലത്ത് കേരളം ചർച്ച ചെയ്തവയാണ്.

Related