August 9 Sunday 2026

മേയ് 01- ബുദ്ധപൂര്‍ണിമ ദിനം: ജ്ഞാനോദയത്തിന്റെ ബുദ്ധപൂര്‍ണിമ

പ്രജ്ഞയുടെയും കരുണയുടെയും മൈത്രിയുടെയും സാര്‍വലൗകിക സ്‌നേഹത്തിന്റെയും അഹിംസയുടെയും സമാധാനത്തിന്റെയും മഹാസന്ദേശവുമായി ലോകത്തെമ്പാടും ബുദ്ധപൂര്‍ണിമ ആഘോഷിക്കുകയാണ് . 2570 വര്‍ഷങ്ങള്‍ക്ക് മുന്‍പ് , ലോകം ദര്‍ശിച്ച എക്കാലത്തെയും അനശ്വരമായ ജീവിത ദര്‍ശനത്തിന് ജന്മം നല്‍കിയ ഭഗവാന്‍ ബുദ്ധന്‍ ജനിക്കുകയും ജ്ഞാനോദയം ആര്‍ജ്ജിക്കുകയും മഹാപരിനിര്‍വാണം പ്രാപിക്കുകയും ചെയ്ത വിശുദ്ധദിനമാണ് ബുദ്ധപൂര്‍ണിമ . ബി.സി 563-ലെ ഒരു വൈശാഖ മാസത്തിലെ പൗര്‍ണമിയിലായില്‍ മഹാഗുരു ബുദ്ധന്റെ ജനനവും ജ്ഞാനോദയവും മഹാപരി നിര്‍വാണവും.ജീവിതത്തിന്റെ സത്യാ അസത്യവും നന്മയും തിന്മയും അന്വേഷിച്ച് ദു:ഖനിവാരണത്തിനും ശാശ്വതമായ സന്തോഷത്തിനും സമതയ്ക്കും സ്വാതന്ത്ര്യത്തിനും നീതിയ്ക്കും മനുഷ്യരാശിയുടെ ശാശ്വത സമാധാനത്തിനും അതിജീവനത്തിനും വേണ്ടി അധികാരത്തിന്റെ ചെങ്കോലും കിരീടവും ഉപേക്ഷിച്ച മഹാപരിത്യാഗത്തിലൂടെയായിരുന്നു ഗൗതമ സിദ്ധാര്‍ത്ഥന്‍ മനുഷ്യരാശിയുടെ സമുദ്ധാരണത്തിന്റെ ജ്ഞാന വെളിച്ചം കണ്ടെത്തി ലോകത്തിന് മാര്‍ഗദര്‍ശിയായ ബുദ്ധനായത്.

സിദ്ധാര്‍ത്ഥ ഗൗതമന്‍ അദ്ദേഹത്തിന്റെ ഇരുപത്തിയൊന്‍പതാമത്തെ വയസ്സിലായിരുന്നു ചെങ്കോലും കിരീടവും ഉപേക്ഷിച്ച് മഹാപരിത്യാഗിയായതെന്ന് ബുദ്ധസാഹിത്യ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ പരമസത്യം കണ്ടെത്തുകയായിരുന്നു മഹാപരിത്യാഗത്തിന്റെ ലക്ഷ്യം. തന്റെ ലക്ഷ്യ സാക്ഷാത്കാരത്തിനായി ശരീര പീഡനത്തിന്റെയും കഠിന തപസ്സിന്റെയും വഴികളിലൂടെ വര്‍ഷങ്ങളോളം അദ്ദേഹം സഞ്ചരിച്ചു. ബോധോദയം ലഭിച്ചതിന് ശേഷം സാരാഥില്‍ എത്തി ആദ്യ പ്രബോധനം നടത്തിയ ബുദ്ധന്‍ പിന്നീട് നീണ്ട 45 വര്‍ഷക്കാലം ജനപഥങ്ങളിലൂടെ സഞ്ചരിച്ച് പ്രബോധനം നടത്തി പുതിയൊരു ലോക നിര്‍മിതിക്കായി യജ്ഞി ച്ചു. ജ്ഞാനോദയം ആര്‍ജ്ജിച്ച് ബുദ്ധനായ ശേഷം മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകളെ തഥാഗതന്‍ ലോകത്തിന് വെളിപ്പെടുത്തി. സ്വയാര്‍ജ്ജിതമായിരുന്നു കരുണയുടെ മഹാപ്രവാചകനായ മഹാബോധിസത്വന്റെ ജ്ഞാനോദയം.താന്‍ തന്നെയാണ് തന്റെ ഗുരുവെന്ന് വെളുപ്പെടുത്തിയ തഥാഗതന്‍ തന്റെ മാര്‍ഗം മധ്യമാര്‍ഗമാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. സംസാരസാഗരത്തെ നീന്തിക്കടക്കാന്‍ ശാക്യമുനി കണ്ടെത്തിയ മഹാസത്യത്തെ പ്രബോധനം ചെയ്യാന്‍ തഥാഗതന്‍ ഒരിക്കലും താന്‍ ദൈവത്തിന്റെ സന്ദേശവാഹകനെന്നോ ദൈവപുത്രനെന്നോ ദൈവത്തിന്റെ പ്രതിപുരുഷനെന്നോ അവകാശപ്പെട്ടില്ല. മനുഷ്യജീവിതത്തിലെ നിത്യസാന്നിധ്യമായ ദു:ഖത്തിന്റെ സമസ്യകള്‍ കെട്ടഴിക്കുന്നതിലേക്കായിരുന്നു ജ്ഞാനപ്രബോധകന്‍ തന്റെ വിരള്‍ചൂണ്ടിയത്. പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്നതിനപ്പുറം പ്രപഞ്ചത്തെ പുതുക്കി പണിയുന്നതിനാണ് തന്റെ സാരോപദേശങ്ങളിലൂടെ ബുദ്ധന്‍ ശ്രമിച്ചത്. ചിന്തയെ മാറ്റിപ്പണിയുന്നതിലൂടെ കരുണയുടെ ,സ്‌നേഹത്തിന്റെ ,മൈത്രിയുടെ പുതുലോകം നിര്‍മിക്കാനാവുമെന്ന് മഹാശ്രമണകന്‍ വിശദീകരിച്ചു. കരുണയുടെ പനിനീര്‍പ്പൂക്കളായ ബുദ്ധസാരോപദേശങ്ങള്‍ അജ്ഞതയുടെ അന്ധകാരത്തിലാണ്ടു കിടന്നിരുന്ന ലോകത്ത് വെളിച്ചം പകര്‍ന്നു.നീണ്ട 45 വര്‍ഷത്തെ പ്രബോധനങ്ങള്‍ക്കു ശേഷം ബി.സി 483- ല്‍ ബിഹാറിലെ കുശിനരയില്‍ വച്ച് ബുദ്ധന്‍ മഹാപരിനിര്‍വാണം പ്രാപിച്ചു.

ബോധോദയം മുതല്‍ മഹാപരിനിര്‍വാണം വരെ സുദീര്‍ഘമായ 45 വര്‍ഷങ്ങള്‍ ധമ്മ പ്രബോധനാര്‍ഥം തന്റെ ശിക്ഷ്യഗണങ്ങള്‍ക്കൊപ്പം നിരന്തരം സഞ്ചരിച്ച ബുദ്ധന്‍ പക്ഷേ തന്റെ പ്രബോധനങ്ങളെ ലിഖിത രൂപത്തില്‍ സമാഹരിച്ചിരുന്നില്ല. ഈ യാത്രയില്‍ ജാതി, ലിംഗ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും തന്റെ സംഘത്തില്‍ അംഗമാക്കിയും സാധാരണക്കാരുെടെ ഭാഷയായ പാലിയില്‍ സാരോപദേശം നല്‍കിയുമാണ് ബുദ്ധന്‍ തന്റെ ദര്‍ശനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. ഭിക്ഷുക്കള്‍ക്കോ അനുയായികള്‍ക്കോ സംശയം ഉണ്ടാകുമ്പോള്‍ തഥാഗതന്‍ തന്നെ നേരിട്ട് സംശയ നിവാരണം വരുത്തുകയായിരുന്നു പതിവ്. ചിലപ്പോഴെല്ലാം പ്രധാന ശിക്ഷ്യന്മാരും സംശയ നിവാരണം നടത്തിയിരുന്നു. മഹാപരിനിര്‍വാണാനന്തരം പല കാലങ്ങളില്‍ പല സ്ഥലങ്ങളില്‍ വച്ച് നടന്ന ബുദ്ധഭിക്ഷുക്കളുടെ കോണ്‍ഫറന്‍സുകളിലൂടെയാണ് ( ബുദ്ധിസ്റ്റ് കൗണ്‍സില്‍ ) പില്ക്കാലത്ത് ബുദ്ധന്റെ സാരോപദേശങ്ങള്‍ ത്രിപിടകങ്ങളായി (വിനയ പിടകം ,സുത്തപിടകം ,അഭിധമമ പിടകം ) ക്രോഡീകരിക്കപ്പെട്ടത്.

ലോകം അജ്ഞതയുടെ തടവറയിലാണെന്നു പ്രബോധനം ചെയ്ത ബുദ്ധന്‍ പ്രജ്ഞയെ വികസിപ്പിക്കുന്നതിലൂടെ മാത്രമെ ഇതിനെ അതിജീവിക്കാന്‍ കഴിയൂ എന്ന് ലോകത്തോട് ആഹ്വാനം ചെയ്ത മഹാ ചിന്തകനായിരുന്നു. തന്റെ ധമ്മത്തിന്റെ ഉദ്ദേശ്യം അജ്ഞതയുടെ നിര്‍മാര്‍ജന മാണെന്ന് ഭാഗവാന്‍ ബുദ്ധന്‍ തന്നെ ഉദ്‌ബോധനം ചെയ്തിട്ടുണ്ട്. കരുണക്ക് ബുദ്ധിസം നല്‍കുന്ന പ്രാധാന്യവും മഹനീയമാണ്. മിക്കപ്പോഴും കരുണയുടെ മതമാണ് ബുദ്ധമതം എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അഹിംസക്ക് വേണ്ടി ആദ്യം വാദിച്ചതും ബുദ്ധനായിരുന്നു. ബുദ്ധിസം മുന്നോട്ട് വച്ച പഞ്ചശീല തത്വങ്ങളില്‍ അഹിംസക്ക് നല്‍കിയ പ്രാധാന്യം മഹത്തരമായിരുന്നു. .യാതൊന്നിനെയും കൊല്ലുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യരുതെന്ന് ബുദ്ധന്‍ നിഷ്‌കര്‍ഷിച്ചു. ജനസമൂഹത്തിന്റെ സമാധാനപരമായ വികാസത്തിന് നിയതമായൊരു സദാചാരസംഹിത ആദ്യമായി അവതരിപ്പിച്ചതും മനുഷ്യനെയും അവന്റെ പ്രശ്‌നങ്ങളെയും മതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചതും ആത്മ- ബ്രഹ്മവിശ്വാസങ്ങള്‍ക്കപ്പുറം യുക്തിബോധത്തിന് പ്രാധാന്യം നല്‍കിയതും ബുദ്ധനായിരുന്നു. ജീവിതവും ജീവിതവീക്ഷണങ്ങളും ധാര്‍മികതയിലും യുക്തിയിലും അധിഷ്ഠിതമായിരിക്കണമെന്നും ബുദ്ധന്‍ വാദിച്ചു. യുക്തിയുടെ ഉരകല്ലില്‍ ഉരച്ചു നോക്കി ബോധ്യപ്പെടാതെ യാതൊന്നും അവ എത്ര തന്നെ കാലപ്പഴക്കം ചെന്നതായാലും ആര് പറഞ്ഞതായാലും വിശ്വസിക്കരുതെന്നു് ബുദ്ധന്‍ സാരോപദേശം ചെയ്തു.

ബുദ്ധന്റെ പ്രബോധനങ്ങളെ പ്രധാനമായും ദുഃഖത്തെക്കുറിച്ചുള്ള മഹത് സത്യങ്ങള്‍, ,കാര്യകാരണ വാദം, പഞ്ചശീലതത്വങ്ങള്‍, അഷ്ടാംഗമാര്‍ഗം എന്നിങ്ങനെ നാലായി വിഭജിക്കാം . ദു:ഖത്തെ സംബന്ധിക്കുന്ന സത്യങ്ങളില്‍ ദു:ഖം ,ദു:ഖ കാരണം, ദുഃഖനിവാരണം, ദു:ഖ നിവാരണ മാര്‍ഗം എന്നിവ ഉള്‍പ്പെടുന്നു. ജീവിതത്തിന്റെ സ്ഥായീഭാവങ്ങളില്‍ ഒന്നായി ദു:ഖമുണ്ട്. ആസക്തിയാണ് ദു:ഖ കാരണം എന്നതിനാല്‍ ആസക്തിയുടെ ഉന്മൂലനത്തിലൂടെ ദു:ഖത്തെ ഉന്മൂലനം സാധ്യമാണ്. അഷ്ടാംഗമാര്‍ഗത്തിലൂടെ ഇതിന് കഴിയും.പഞ്ചശീല തത്വങ്ങളും അഷ്ടാംഗമാര്‍ഗ്ഗവും അവലംബിച്ചു ജീവിതം നയിക്കുന്നവര്‍ക്ക് തീര്‍ച്ചയായും നിര്‍വാണത്തിലെത്തിച്ചേരാനാകും.അഹിംസയിലും ധാര്‍മികതയിലും ആധിഷ്ഠിതമായ ജീവിതമാണ് പഞ്ചശീല തത്വങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. കൊല്ലുകയോ മുറിവേല്പിക്കുകയോ ചെയ്യരുത് ,മോഷ്ടിക്കരുത് ,കള്ളം പറയരുത് ,അസാന്മാര്‍ഗിക ജീവിതം നയിക്കരുത്, ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത് എന്നിവയത്രെ പഞ്ചശീല തത്വങ്ങള്‍ . ശരിയായ വീക്ഷണം ,ശരിയായ സങ്കല്പം ,ശരിയായ സംഭാഷണം ,ശരിയായ പെരുമാറ്റം, ശരിയായ ജീവിത രീതി ,ശരിയായ പരിശ്രമം ,ശരിയായ ചിന്ത ,ശരിയായ ഏകാഗ്രത എന്നിവയത്രെ അഷ്ടാംഗ മാര്‍ഗങ്ങള്‍ ചരിത്രപരമായി ബ്രാഹ്മണി സത്തിനെതിരെ ആഞ്ഞടിച്ച സാംസ്‌കാരിക വിപ്‌ളവത്തിന്റെ കൊടുങ്കാറ്റായിരുന്നു ബുദ്ധ ദര്‍ശനം. ബ്രാഹ്മണ മേല്‍ക്കോയ്മയെയും ചാതുര്‍വര്‍ണ്യത്തെയും അപ്പാടെ നിഷേധിച്ച ബുദ്ധിസം മനുഷ്യരെല്ലാം തുല്യരാണെന്നും മൈത്രിയിലൂടെ സമത്വം എന്ന സങ്കല്പത്തെ സാധൂകരിക്കാനാവുമെന്നും നിഷ്‌കര്‍ഷിച്ചു.

ബ്രാഹ്മണസത്തിന്റെ നീതിബോധത്തെ നിരാകരിച്ച ബുദ്ധിസം സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടിയും നിലകൊണ്ടു. ആര്യാധിനിവേശത്തിനും ബ്രാഹ്മണാധിപത്യത്തിനുമെതിരെ പ്രാചീന ഇന്ത്യയില്‍ നടന്ന മഹത്തായ സാംസ്‌കാരിക വിപ്‌ളവമായിരുന്നു ബുദ്ധമതത്തിന്റെ ഉദയം എന്ന ബാബാസാഹേബ് ഡോ.ബി.ആര്‍ അംബേദ്ക്കറുടെ ചരിത്രനിരീക്ഷണം പ്രസക്തമാണ്. ബ്രാഹ്മണനും പശുവിനും സുഖം ഭവിച്ചാല്‍ ലോകത്തിന് സുഖം ഭവിക്കുമെന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ എല്ലാവര്‍ക്കും നല്ലത് ഭവിക്കട്ടെ, എല്ലാവര്‍ക്കും സുഖം ഭവിക്കട്ടെ (ബഹുജന ഹിതായ ബഹുജന സുഖായ ) എന്ന മഹത് സന്ദേശവുമായിട്ടായിരുന്നു ബുദ്ധനും അദ്ദേഹത്തിന്റെ ശിക്ഷ്യഗണങ്ങളും സമൂഹമധ്യത്തിലൂടെ സഞ്ചരിച്ച് പുതിയൊരു ലോകക്രമത്തിന് വേണ്ടി സാരോപദേശം നല്‍കിയത്. ജാതി, വര്‍ണ, വര്‍ഗ വ്യവസ്ഥകളെയും തത്ജന്യമായ ഉച്ചനീചത്വങ്ങളെയും മേല്‍ക്കോയ്മകളെയും വേദാധികാര അപ്രമാദിത്യത്തെയും ചോദ്യം ചെയ്ത ആദ്യത്തെ തത്വദര്‍ശനവും ബുദ്ധി സമായിരുന്നു. വര്‍ണവ്യവസ്ഥയെയും ഹിംസയെയും അനീതിയെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നിരാകരിച്ച ബുദ്ധിസം പ്രജ്ഞയുടെ വെളിച്ചവുമായാണ് ജനസമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിച്ചത്. നന്മയും തിന്മയും എന്തെന്നും ധര്‍മവും അധര്‍മവും എന്തെന്നും ഹിംസയും അഹിംസയും എന്തെന്നും ജ്ഞാനവും അജ്ഞതയും എന്തെന്നും ബുദ്ധന്‍ ലോകത്തെ സാരോപദേശം ചെയ്തു. യുക്തിയുടെ ഉരകല്ലില്‍ പരിശോധിച്ച് ബോധ്യപ്പെടാത്ത ഒന്നിനെയും ഉള്‍ക്കൊള്ളരുതെന്ന് തഥാഗതന്‍ ഉപദേശിച്ചു. കരുണയും പ്രജ്ഞയും സമതയും മൈത്രിയുമാണ് ബുദ്ധിസത്തിന്റെ ലാവണ്യ ശാസ്ത്രം.

ജാതിബോധത്തെയും വര്‍ണാശ്രമ നീതിയെയും നിരാകരിച്ച ബുദ്ധന്‍ സമതയും സാഹോദര്യവും സ്വാതന്ത്ര്യവുമായിരിക്കണം സാമൂഹത്തിന്റെ ആധാരശിലകള്‍ എന്നു നിഷ്‌കര്‍ഷിച്ചു. സ്ത്രീ പുരുഷ ഭേദമെന്യെ ബ്രാഹ്മണന്‍ മുതല്‍ ചണ്ഡാളന്‍ വരെ സമൂഹത്തിലെ സകല മനുഷ്യര്‍ക്കും വേണ്ടി തന്റെ സംഘത്തിന്റെ വാതിലുകള്‍ തുറന്നിട്ടു കൊണ്ടായിരുന്നു തഥാഗതന്‍ സമതയുടെ പാഠം ലോകത്തെ പഠിപ്പിച്ചത്. സ്വകാര്യ സ്വത്തിനെതിരെ പോരാടിയ ബുദ്ധന്‍ ലോകത്ത് നിന്നും അസമത്വത്തെ സമാധാനത്തിലൂടെയും അഹിംസയിലൂടെയും നീക്കം ചെയ്യണമെന്നു പ്രഖ്യാപിച്ചു. സ്വര്‍ഗം, നരകം, മരണാനന്തര ജീവിതം, ദൈവം, ആത്മാവ് തുടങ്ങിയ സങ്കല്പങ്ങളെ നിരാകരിച്ച ബുദ്ധന്‍ മനുഷ്യനിലും അവന്റെ പ്രശ്‌നങ്ങളിലുമാണ് തന്റെ വിരലുകള്‍ ചൂണ്ടിയത്. താന്‍ ദൈവദൂതന്‍ എന്നോ പ്രവാചകന്‍ എന്നോ ബുദ്ധന്‍ അവകാശപ്പെട്ടില്ല. മനുഷ്യജീവിതം എങ്ങനെ സന്തോഷപ്രദമാക്കാം എന്നാണ് ബുദ്ധിസം സംവദിക്കുന്നത്. ഇതിനായി പഞ്ചശീലങ്ങളിലും അഷ്ടാം മാര്‍ഗങ്ങളിലും അധിഷ്ഠിതമായൊരു ജീവിതസംഹിതയും 10 സദ്ഗുണങ്ങളും ബുദ്ധന്‍ വിഭാവനം ചെയ്തു. മനുഷ്യന്‍ അവന്റെ ചിന്തയുടെ ഫലമാണെന്ന് ബുദ്ധിസം സാരോപദേശം ചെയ്യുന്നു. ആകയാല്‍ മനുഷ്യ ചിന്തയിലും വീക്ഷണത്തിലും പ്രവര്‍ത്തിയിലും മാറ്റം വരുത്തുന്നതിലൂടെ ലോകത്ത് പരിവര്‍ത്തനവും ശാശ്വത സമാധാനവും സ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിക്കുന്ന ബുദ്ധദര്‍ശനം ജ്ഞാന വിപ്‌ളവത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗരേഖയായി നിലകൊള്ളുന്നു. ബുദ്ധന് ശേഷം മഹാനായ അശോക ചക്രവര്‍ത്തിയും ബോധിസത്വ ബാബാസാഹേബ് അംബേദ്ക്കും ബുദ്ധമതത്തിന്റെ നവോത്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. അശോക ചക്രവര്‍ത്തി ഏഷ്യയിലാകെ ബുദ്ധിസത്തിന്റെ വെളിച്ചം പകര്‍ന്നപ്പോള്‍ ബാബാസാഹേബ് അംബേദ്കര്‍ ആറുലക്ഷത്തോളം അനുയായികള്‍ക്കൊപ്പം ബുദ്ധിസം ആശ്ശേഷിച്ച് നവയാനത്തിന് തുടക്കം കുറിച്ചു. ജീവിക്കുന്ന നവോത്ഥാന മുന്നേറ്റമായി നവയാന ബുദ്ധിസം ഇപ്പോഴും ചരിത്രനിര്‍മിതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

 

Related