കോക്രോച്ച് ജനതാ പാർട്ടിക്കും (സിജെപി) തമിഴ്നാട്ടിൽ അണ്ണാമലൈയുടെ ‘വി ദി ലീഡേഴ്സ്’ പാർട്ടിക്കും പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പുതിയ തരംഗമായി മാറുകയാണ് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കഡ്ജു പ്രഖ്യാപിച്ച ‘ഇഷ്ക് കരോ പാർട്ടി’ (IKP). എല്ലാവരെയും സ്നേഹിക്കണം എന്നാണ് പാർട്ടിയുടെ തലവാചകം. യുദ്ധമല്ല, സ്നേഹമാണ് വേണ്ടതെന്ന തത്വത്തെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ച പാർട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് കഡ്ജു തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ഇട്ടു.
പാർട്ടിയുടെ രക്ഷാധികാരിയാണ് കഡ്ജുവെന്നും അമേരിക്കയിലെ ന്യൂജഴ്സിയിൽ ജോലി ചെയ്യുന്ന ഇർഫാൻ അലിയാണ് ഇഷ്ക് പാർട്ടിയുടെ അധ്യക്ഷനെന്നുമാണ് എക്സ് കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. കഡ്ജു, തൃണമൂൽ കോൺഗ്രസ്സ് നേതാവ് മഹുവ മൊയ്ത്രയെ പാർട്ടിയിലേക്ക് ക്ഷണിച്ചു. എന്നാൽ, മൊയ്ത്ര ഇതിനോട് പ്രതികരിച്ചിട്ടില്ല.
