August 11 Tuesday 2026

മരിയ കൊറീന മച്ചാഡോ, തീവ്ര വലതിനും ഇടതിനും സ്വീകാര്യയാകാനിടയില്ല

ഇത്തവണത്തെ സമാധാന നൊബേല്‍ ജേതാവില്‍ ഇന്ത്യക്കൊരു തെരഞ്ഞെടുപ്പ് കൗതുകമുണ്ട്. ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തിന് പ്രിയങ്കരിയാകേണ്ടയാളാണ് കൊറീന മച്ചാഡോ. പക്ഷെ, അവരത്ര സ്വീകാര്യയാകാനിടയില്ല. കാരണം, അവരുടെ പോരാട്ടം വെനിസ്വേലയിലെ വോട്ട് ചോരിക്കെതിരെയായിരുന്നു. അക്കാരണത്താല്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന് അവര്‍ സ്വീകാര്യയാകേണ്ടതായിരുന്നു. പക്ഷെ, അതുമുണ്ടാകില്ല. കാരണം, അമിതാധികാര പ്രയോഗത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച മദുറോ സര്‍ക്കാറിന്റെയും അവരുടെ പാര്‍ട്ടിക്കാരുടെയും അപ്രഖ്യാപിത ജനാധിപത്യ അട്ടിമറികള്‍ക്കെതിരെയായിരുന്നു അവരുടെ പോരാട്ടം.

മദുറോ വിരുദ്ധതയില്‍ മച്ചാഡോ ട്രംപിനൊപ്പമാണ്. അമേരിക്കന്‍ പക്ഷത്താണ്. അതിലുപരി ഇസ്രായേല്‍ പക്ഷപാതിയാണ്. ഇസ്രായേലും വെനിസ്വേലയും നേരിടുന്നത് ഒരേ തരം ഭീകരതയാണ് എന്ന് വാദിക്കുന്നയാളാണ്. എന്തുവിലകൊടുത്തും ഒക്ടോബര്‍ ഏഴിന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെടുന്നയാളാണ്. ലികുഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് രാഷ്ട്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ച നേതാവാണ്. അതുകൊണ്ടും ഇന്ത്യയില്‍ അവര്‍ക്ക് കടുത്ത വിരോധികളുണ്ടാകും. എന്നാലും തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരായ പോരാട്ടം ഇന്ത്യക്കാര്‍ ശ്രദ്ധിക്കണം.

മദുറോ സര്‍ക്കാറിന്റെയും അവരുടെ പാര്‍ട്ടിക്കാരുടെയും അതിശക്തമായ ഭരണകൂട സംവിധാനങ്ങളെ സമാന്തര പദ്ധതികളിലൂടെ തന്ത്രപൂര്‍വം മറികടന്നാണ് അവരവിടെ തെരഞ്ഞെടുപ്പ് അട്ടിമറിയെ നേരിട്ടത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ പോളിങ് മെഷീനുകളിലെ ടാലി ഷീറ്റിന്റെ പകര്‍പ്പ് സംഘടിപ്പിച്ചാണ് അവര്‍ ഈ പദ്ധതി നടപ്പാക്കിയത്. അക്ട എന്നാണ് ഈ ടാലി ഷീറ്റ് അറിയപ്പെടുന്നത്. ആകെ സജ്ജീകരിച്ചിരുന്ന 30,026 ഇലക്ട്രോണിക് പോളിങ് മെഷീനുകളില്‍ 24,532 എണ്ണത്തില്‍നിന്നും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ അക്ടയുടെ പകര്‍പ്പ് സ്‌കാന്‍ ചെയ്‌തെടുത്തു. അഥവാ, 81 ശതമാനം മെഷീനുകളിലെ ഡാറ്റ. ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ട് ഇതില്‍നിന്നറിയാം. അറുപതിനായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് ഈ ഉദ്യമത്തിനായി രംഗത്തിറങ്ങിയത്. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഫലം അനുസരിച്ച് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി എഡ്മുണ്ടോ ഗൊണ്‍സാലെസിന് ലഭിച്ചത് 87 ശതമാനം വോട്ട്. മദുറോക്ക് 30 ശതമാനത്തില്‍ താഴെ. പക്ഷെ, ഔദ്യോഗിക ഫലപ്രകാരം 51.9 ശതമാനം വോട്ട് നേടി മദുറോ വിജയിച്ചു. പ്രതിപക്ഷ സഖ്യം ശേഖരിച്ച അക്ടകള്‍ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് അത് ലോകത്തിന് മുന്നില്‍ അട്ടിമറി രേഖയായി അവര്‍ തുറന്നുവച്ചു. ഈ സൈറ്റ് പിന്നീട് വെനിസ്വേലന്‍ സര്‍ക്കാര്‍ മരവിപ്പിച്ചു.

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം അക്ടകളുമായി പ്രതിഷേധ പ്രകടനം നടത്തുന്ന മച്ചാഡോയും ഗൊണ്‍സാലെസും.

അമിതാധികാരത്താല്‍ ഭയം വിതച്ച് ജനാധിപത്യം അട്ടിമറിക്കുന്ന ഭരണകൂടങ്ങളെ നേരിടുന്നതില്‍ ലോകത്ത് വിജയിച്ച മാതൃകകളുണ്ട് എന്നതിലാണ് ഈ നൊബേല്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ പ്രസക്തമാകുന്നത്.

(എന്‍.പി ജിഷാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)

 

Related