August 13 Thursday 2026

മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയില്‍ മോചിതനായി; പുറത്തിറങ്ങുന്നത് 11 കൊല്ലത്തിന് ശേഷം

മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയില്‍ മോചിതനായി. 11 വര്‍ഷത്തിനു ശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. 43 യുഎപിഎ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. അതില്‍ 15 കേസുകളിലെ നടപടിക്രമങ്ങള്‍ അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ കൂടി രൂപേഷിന് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് ജയില്‍ മോചിതനാവുന്നത്. 11 കൊല്ലം മുമ്പാണ് രൂപേഷ് പിടിയിലാവുന്നത്. കോയമ്പത്തൂര്‍ കറുമത്താപ്പേട്ടിയില്‍ നിന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ച് ആണ് രൂപേഷിനെ അറസ്റ്റ് ചെയ്തത്.

അന്ന് അറസ്റ്റിലായ പലരും മോചിതരായിരുന്നെങ്കിലും രൂപേഷ് ജയിലില്‍ തുടരുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രൂപേഷിന്റെ പുസ്തകത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ജയിലിലിരുന്നുകൊണ്ട് രണ്ട് നോവലുകളാണ് രൂപേഷ് എഴുതിയത്. ആദ്യ നോവല്‍ കറന്റ് ബുക്‌സ് ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ പ്രസാദകന്‍മാര്‍ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തെ പുസ്‌കത്തിന് പ്രകാശനാനുമതി നല്‍കാത്ത ജയില്‍ വകുപ്പിന്റെ നിലപാടിനെതിരെ നിരവധി തവണ രൂപേഷ് പ്രതിഷേധിച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെയാണ് വിയ്യൂര്‍ ജയിലില്‍ നിന്ന് മോചിതനായ രൂപേഷിനെ സ്വീകരിക്കാന്‍ ഭാര്യ ഷൈന ഉള്‍പ്പടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

Related