August 11 Tuesday 2026

ഇന്ത്യന്‍ സിനിമയില്‍ പുതുവഴി തുറന്ന് മഞ്ഞുമ്മല്‍ ബോയ്‌സും വേടനും

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിലാണ് ദളപതി, ഗുണ എന്നീ രണ്ടു സിനിമകള്‍ പുറത്തിറങ്ങുന്നത്. അന്നു ഞങ്ങള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരന്നു. ഏകദേശം തമിഴ് സംസ്‌കാരത്തിനോട് അടുത്ത് കിടക്കുന്ന പീരുമേട് എന്ന ഇടുക്കി ജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയത്തില്‍ ആയിരുന്നു ഞങ്ങള്‍ അന്ന് പഠിച്ച് കൊണ്ടിരുന്നത്. അന്ന് ഞങ്ങള്‍ ദൂരദര്‍ശനില്‍ കൊടൈക്കനാല്‍ എന്ന ഒരു തമിഴ് ചാനല്‍ ആയിരുന്നു കണ്ടു കൊണ്ടിരുന്നത്. എം.ജി.ആര്‍ മുതല്‍ അന്നത്തെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് വരെ ഉള്ളവരുടെ സിനിമകള്‍ ഞങ്ങള്‍ എല്ലാ ഞായറാഴ്ചയും ടിവിയില്‍ കണ്ടു. ഞങ്ങളുടേ ക്ലാസില്‍ തന്നെ അന്ന് തമിഴ്നാട്ടുകാരായ സുഹൃത്തുക്കളും തമിഴ് സിനിമ പ്രേമികളുമായ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ദളപതിയും ഗുണയും അന്ന് റിലീസ് ആകുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ചര്‍ച്ചയായിരുന്നു. സിനിമ/മലയാളം സിനിമ അതിനു പുറമെ ഉള്ള തമിഴ് സിനിമ എന്നിവയായിരുന്നു തൊണ്ണൂറുകളില്‍ ഞങ്ങളുടെ മോഡേണിറ്റിയിലേക്കുള്ള ഒരു വലിയ മാധ്യമം. ടെലിവിഷന്‍ ഞങ്ങള്‍ അന്ന് ഉപയോഗിച്ച് തുടങ്ങിയത് മാത്രമേ ഉള്ളൂ.

കേരളത്തിലെ ദലിതരുടെ മോഡേണിറ്റിയുടെ തുറവിയിലേക്കുള്ള ഏറ്റവും വലിയ മാധ്യമം തൊണ്ണൂറുകളില്‍ സിനിമ തന്നെ ആയിരുന്നു. അന്ന് ടെലിവിഷന്‍ അത്ര വ്യാപകമായിട്ടുണ്ടായിരുന്നില്ല. ടെലിവിഷന്‍ കാഴ്ച തന്നെ ഗ്രാമത്തിലെ ഏതെങ്കിലും വലിയ വീട്ടില്‍ പോയി ഭിക്ഷക്കാരെ പോലെ കാത്തിരുന്നു കൂട്ടം കൂടി കാണേണ്ട ഒരു ഫ്യൂഡല്‍ പരിപാടി കൂടിയായിരുന്നു. ആ കാലത്ത് ഒരു രൂപ-രണ്ടു രൂപ നിരക്കില്‍ സിനിമ എന്നത് ദലിത് സമൂഹത്തിന്റെ ഒരു ആഹ്ലാദത്തിന്റെ മീഡിയം ആയി. അന്ന് ഇറങ്ങിയ മലയാളം സിനിമകള്‍, തമിഴ് ഹിന്ദി സിനിമകള്‍ ജാതി സമൂഹത്തിലെ അടിത്തട്ടിലുള്ളവര്‍ക്ക് വേറെ ലോകം കാണിച്ചു തന്നു. ഇന്ദിരാ ഗാന്ധി നമ്മളുടെ പ്രധാനമന്ത്രി ആണ് എന്നത് ഞങ്ങളില്‍ പോസ്റ്റര്‍ ചെയ്ത് അറിയിച്ചത് അവരുടെ മരണാനന്തര ചടങ്ങ് ഞങ്ങള്‍ ദൂരദര്‍ശനിലൂടെ കണ്ടതിലൂടെ ആയിരുന്നു. ഒരു മിഡില്‍ ക്ലാസ് സമൂഹത്തില്‍ പെട്ട അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതു കൊണ്ട് ഞങ്ങള്‍ പിന്നീട് നിരന്തരം ക്രിക്കറ്റ് കളികള്‍ ടിവിയിലൂടെ കണ്ടുകൊണ്ട് ദലിത് സമൂഹത്തില്‍പെട്ട ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. ക്രിക്കറ്റ് നന്നായി കളിക്കുന്നതിലൂടെ ഞങ്ങള്‍ കോളനികളില്‍ നിന്ന് ഗ്രാമത്തിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് ഗ്രൗണ്ടില്‍ താരങ്ങള്‍ ആയി. അവിടെ ജാതീയമായി അധിക്ഷേപങ്ങളും ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ അത് ബാറ്റുകൊണ്ടും ബോളുകൊണ്ടും നേരിട്ട് അതിനെ അട്ടിമറിച്ചു. ഞങ്ങളുടെ തലമുറയിലെ ഞങ്ങളെ പോലുള്ളവര്‍ ഒരു ജാതിയെ തകര്‍ത്തത് ക്രിക്കറ്റിലൂടെ ആയിരുന്നു. ഞങ്ങള്‍ ക്രിക്കറ്റിലൂടെയും മോഡേണിറ്റിയിലേക്ക് കടന്നു വന്നു. പക്ഷേ, അതുപോലെ തന്നെ ദലിതരുടെ കീഴാളരുടെ ഏറ്റവും വലിയ ആഹ്ലാദങ്ങളില്‍ ഒന്നായിരുന്നു സിനിമ. ഗ്ലോബലൈസേഷന് ശേഷം അത് ഹോളിവുഡ് സിനിമകളിലേക്കും മാറി.
സിനിമ എന്ന മാധ്യമത്തില്‍ തൊണ്ണൂറുകളില്‍ രണ്ട് ദ്വന്ദങ്ങളായി നിന്ന രജനീകാന്ത്, കമലഹാസന്‍ എന്ന സൂപ്പര്‍ഹീറോകളുടെ കാലത്ത്, അന്ന് ഞങ്ങള്‍ രജനീകാന്തിനെ ഇഷ്ടപ്പെട്ടു. കമലഹാസന്‍ ഒരു ഇന്റലക്ച്വല്‍ ഇമേജ് ആയിരുന്നു. പക്ഷേ ഗുണ എന്ന സിനിമയും ഞങ്ങള്‍ ആസ്വദിച്ചു. ഗുണ എന്ന സിനിമയും കേരളത്തിലെയും തമിഴിലെയും പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായിരുന്നു. പോപ്പുലര്‍ കള്‍ച്ചറില്‍ അതിലെ പ്രണയ രംഗങ്ങളും പാട്ടുകളും ഹിറ്റ് ആയി.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ നിര്‍വഹിക്കുന്നത് പോപ്പുലര്‍ കള്‍ച്ചര്‍ (പണ്ടുകാലത്ത് പൈങ്കിളി എന്നു ബുദ്ധിജീവികള്‍ വിളിച്ചിരുന്ന) ഭാഗമായ സാധാരണക്കാരുടെ മാധ്യമമായ ഒരു സിനിമയെ എടുത്ത് വീണ്ടും ഐക്കണിക് ആക്കി പുനഃസ്ഥാപിക്കുകയെന്നതാണ്. തൊണ്ണൂറുകളില്‍ സിനിമ എന്ന തുറവിയിലൂടെ അടിത്തട്ടിലെ മനുഷ്യര്‍ ആഹ്ലാദിച്ച് ആസ്വദിച്ച ഒരു സിനിമയെ വീണ്ടും തിരിച്ചു കൊണ്ടുവന്നതാണ്. ഒരു വിഭാഗം സമൂഹം മോഡേണിറ്റിയെ കണ്ടെത്തിയ സിനിമ എന്ന മാധ്യമത്തിലെ ഗുണ എന്ന ഒരു ടെക്സ്റ്റിനെ മഞ്ഞുമ്മല്‍ ബോയ്‌സ് തിരിച്ചു കൊണ്ടുവരികയാണ്. ഈ സിനിമയിലെ ചെറുപ്പക്കാരുടെ യാത്രയില്‍ തന്നെ, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ നിന്ന് രണ്ടായിരത്തി അഞ്ചിലോ ആറിലോ എത്തുമ്പോഴേക്കും, ആ സിനിമയിലെ പാട്ട് ‘സി.ഡി.’ യിലേക്ക് മാറുകയാണ്. ടെക്‌നിക്കാലിറ്റിയുടെ വികാസത്തിലൂടെ സി.ഡി. എന്ന ഒരു ടൂളിലൂടെ ആ സിനിമയെയും പാട്ടിനെയും കൊടൈക്കനാലിലേക്ക് പോകുന്ന ഒരു കൂട്ടം കീഴാളരായ ചെറുപ്പക്കാര്‍ തിരിച്ചു പിടിക്കുകയും ചെയ്യുന്നു.

ഇവിടെ സിനിമപാട്ട് എന്ന ഒരു ആഹ്ലാദം വളരെ അടിത്തട്ടിലുള്ള മനുഷ്യര്‍ എങ്ങനെ ആണ് ആസ്വദിച്ചത് എന്നതിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിനും ഒരു എവല്യൂഷന്‍ ഉണ്ടാകും. അത് അവരുടെ സാമൂഹിക ജീവിതത്തിലെ വികാസങ്ങളുടെ ടെക്‌നിക്കാലിറ്റിയുടെ ഒരു പരിണാമം കൂടിയാണ്. ആകാശവാണിയില്‍ നിന്ന് തുടങ്ങി കാസറ്റിലൂടെ വളര്‍ന്നു, പിന്നെ സി.ഡിയിലേക്കും പെന്‍ഡ്രൈവിലേക്കും വളര്‍ന്ന സാധാരണക്കാരായ മനുഷ്യരുടെ പാട്ട് ശീലങ്ങളിലെ സി.ഡി കാലത്തെ കാഴ്ചകളാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ കാണിക്കുന്നത്. കൊച്ചിയിലെ വളരെ ജാതീയമായും അടിത്തട്ടിലെ ഒരു ജീവിതപരിസരത്തില്‍ നിന്നും യാത്ര ചെയ്യുന്ന ഒരു കൂട്ടം മനുഷ്യര്‍ തങ്ങളുട ആഹ്ലാദത്തിനുവേണ്ടി സി.ഡിയിലെ പാട്ട് ഇട്ട് കേള്‍ക്കുകയാണ്. സാമ്പത്തികമായി താഴേക്കടിയിലുള്ള മനുഷ്യര്‍ക്ക് താങ്ങാവുന്ന നിലയിലേക്ക് സി.ഡിയുടെ വിലയുടെ ക്രമീകരണം നടക്കുന്നതിലൂടെ സിനിമാപാട്ട് ഈ മനുഷ്യരിലേക്കു പടര്‍ന്നു കയറുകയും ചെയ്യുന്നു. ടെക്‌നിക്കാലിറ്റിയുടെ ജനകീയത സിനിമ എന്ന മാധ്യമത്തെയും അതിലെ പാട്ടുകളെയും വീണ്ടും ജനകീയമാക്കുന്നു. ഗുണ എന്ന സിനിമയിലെ പാട്ടുകള്‍ ഈ സിനിമയില്‍ അങ്ങനെ സി.ഡിയിലൂടെയും, ഈ സിനിമയിലെ ആദ്യത്തെ ഒരു ദൃശ്യത്തില്‍ ആനിമേഷനില്‍ നിന്നു പിന്നീട് ടി.വിയിലൂടെയും എത്തുന്നു. വളരെ അടിത്തട്ടിലുള്ള മനുഷ്യരുടെ ഇടയിലേക്ക് ടെക്‌നിക്കാലിറ്റി ജനകീയമാകുന്നതിലൂടെ ആണ് അത്തരത്തിലുള്ള വികാസങ്ങള്‍ നടക്കുന്നത്. അതായത് അടിത്തട്ടിലെ സമൂഹങ്ങളില്‍ ഒരു പോപ്പുലര്‍ കള്‍ച്ചര്‍ സിനിമയുടെ ഗുണ എന്ന ടെക്സ്റ്റ് ആനിമേഷന്‍, ടെലിവിഷന്‍, സി.ഡി എന്നീ മാധ്യമങ്ങളിലൂടെ ചരിത്രപരമായ തുടര്‍ച്ചയില്‍ കള്‍ട്ട് ആകുന്നത് എങ്ങനെ എന്ന് ഈ സിനിമ കാണിക്കുന്നുണ്ട്.

കേരളത്തിലെ പൊതുസമൂഹങ്ങളും സബാള്‍റ്റേണ്‍ സമൂഹങ്ങളും സ്‌കൂളുകളിലെ വിനോദയാത്രകള്‍ക്ക് പുറമെ മറ്റ് പല തരത്തിലുള്ള യാത്രകളും ജീവിതത്തിന്റെ ഭാഗമാക്കാന്‍ തുടങ്ങിയ കാലഘട്ടം കൂടെയായിരുന്നു പുതിയ നൂറ്റാണ്ട്. പ്രവാസങ്ങള്‍, ആഭ്യന്തര പ്രവാസങ്ങള്‍, തൊഴില്‍ സംബന്ധമായ യാത്രകള്‍ എന്നിവയ്ക്ക് അപ്പുറം ജീവിത ആഹ്ലാദത്തിനായി നടത്തിയ യാത്രകള്‍ എന്നത് മനുഷ്യരുടെ ജീവിതനിലവാരങ്ങളുടെ അവരുടേതായ നിര്‍ണ്ണയങ്ങളുടെ വേറെ ഒരു താളം കൂടെയായിരുന്നു. ഞങ്ങള്‍ ഒക്കെ ജീവിച്ചിരുന്ന കോളനികളിലെ കൂലിപ്പണിക്കാരായ ചെറുപ്പക്കാര്‍ തങ്ങളുടെ കൂലി കൂട്ടിവച്ച് കിട്ടുന്ന പണത്തിലൂടെ യാത്രകള്‍ ചെയ്തിരുന്നു. ഇപ്പോള്‍ അത് വികസിച്ച് പല സ്ത്രീ കൂട്ടായ്മകള്‍ അടക്കം വിമാനത്തില്‍ യാത്ര ചെയ്യുന്ന തലത്തിലേക്ക് തന്നെ വളര്‍ന്നിട്ടുണ്ട്. ജീവിതത്തിലെ യാത്രകളിലൂടെ അതിന്റെ സന്തോഷത്തിന്റെ ഇന്‍ഡക്‌സ് മാറ്റുവാനും കീഴാളമായ അടിത്തട്ട് സമൂഹങ്ങള്‍ ആണ് തുടക്കത്തില്‍ തന്നെ പരിശ്രമിച്ചിരുന്നത്. അങ്ങനെ ജീവിതം വേറെ ഒരു ആഹ്ലാദത്തിന്റെ ലെവലിലേക്ക്, ഒരു ഫീല്‍ ഗുഡ് മോഡിലേക്ക്, ദലിതരും രൂപപ്പെടുത്താന്‍ തുടങ്ങിയിരുന്നു. അതിന്റെ ഒരു മാനിഫെസ്റ്റേഷന്‍ കൂടിയാണു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലെ അടിത്തട്ടിലെ മനുഷ്യരായ ചെറുപ്പക്കാര്‍ നടത്തുന്ന ആഹ്ലാദത്തിന്റേതായ ഈ യാത്ര.

അത് പോലെ വാഹനങ്ങള്‍ ഈ ജീവിതങ്ങളുടെ ഭാഗമാകുന്നതും വേറെ ഒരു തരത്തിലുള്ള മോഡേണിറ്റിയുടെ ഭാഗം കൂടെയാണ്. ഞങ്ങളുടെ വീട്ടില്‍ അച്ഛന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായത് കൊണ്ട് തൊണ്ണൂറ്റി എട്ടില്‍ തന്നെ ഒരു സ്‌കൂട്ടര്‍ വാങ്ങിയിരുന്നു. അത് ഞങ്ങളുടെ ജീവിതത്തില്‍ വലിയ കുതിച്ചുചാട്ടം ആണ് ഉണ്ടാക്കിയത്. ‘കോളനിയില്‍ ജീവിക്കുന്നവന്‍ സ്‌കൂട്ടര്‍ ഓടിക്കുകയോ?’ എന്ന ചോദ്യമുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ട് കോളജിലേക്ക് പോവുകയും നാട് കാണാന്‍ പോവുകയും സിനിമയ്ക്ക് പോവുകയും ചെയ്തു. സ്‌കൂട്ടറില്‍ മറ്റ് ജാതിക്കാര്‍ കയറുകയും ചെയ്തു. അതോടെ അത്തരത്തിലുള്ള സൗഹൃദങ്ങള്‍ ഉണ്ടായി. അത് പിന്നീട് യമഹയുടെ ആര്‍എക്‌സ് 100 ബൈക്കിലേക്ക് മാറുകയും ചെയ്തു. അതില്‍ ഞങ്ങള്‍ പല ഇടങ്ങളിലും യാത്ര ചെയ്തു. ജീവിതം മാറി. ഈ സിനിമയിലും ഈ ചെറുപ്പക്കാരായ മനുഷ്യരുടെ വാഹനത്തിന്റെ ഒരു പ്രധാനപ്പെട്ട ടൂള്‍ ബൈക്ക് തന്നെയാണ്. ആ തരത്തില്‍ അവരുടെ ജീവിതവും ആ ബൈക്ക് പോലുള്ള വാഹനങ്ങള്‍ മാറ്റിയിട്ടുണ്ടാകാം. ജീവിതം കൂടുതല്‍ ഈസി ആക്കിയിട്ടുണ്ടാകാം. പുതിയ നൂറ്റാണ്ടിന്റെ കാലത്ത് കേരളത്തില്‍ ബൈക്ക് ഉപയോഗം എന്നത് ഒരു വ്യാപകമായ അവസ്ഥ കൂടി ആയിരുന്നു. ദലിത് സമൂഹത്തിലെ ചെറുപ്പക്കാരൊക്കെ ചെറിയ രീതിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് രൂപത്തിലെങ്കിലും ഇരുചക്രവാഹനങ്ങള്‍ വാങ്ങി. അതുപോലെ വളരെ പ്രധാനപ്പെട്ടതാണ് ഇവര്‍ കൊടൈക്കനാലിലേക്ക് പോകുന്ന വാഹനം. ടൊയോട്ടയുടെ ഒരു വാഹനത്തിലാണ് അവര്‍ പോകുന്നത്. അങ്ങനെ ഉള്ള വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഇത്തരം ദീര്‍ഘദൂര യാത്രകളിലേക്ക് അത്തരം സമൂഹങ്ങള്‍ ഉയര്‍ന്നിരിന്നു. അതിനുപുറമെ ഈ വാഹനങ്ങള്‍ എന്ന ടൂളുകള്‍ അവരുടെ ജീവിതം മാറ്റുന്നതിനോടൊപ്പം തന്നെ അവരുടെ ജീന്‍സ്, ടി-ഷര്‍ട്ട് പോലുള്ള വസ്ത്രങ്ങള്‍, ക്യാമറ, ടിപ്പി (ടീപ്പി?), സിഗരറ്റ്, മീഡിയം തുടങ്ങിയവ ഒക്കെ ഒരു പുതിയ നിലവാരമുള്ള ജീവിതത്തിലേക്ക് അവരെ കൊണ്ടെത്തിക്കുന്നു.

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലൊക്കെ ഉയര്‍ത്തെത്തിയ സബാല്‍ട്ടേണ്‍ പൊളിറ്റിക്‌സിന്റെ വലിയ അലയൊലികള്‍ വളരെ വ്യാപകമായി തുടങ്ങിയത് രണ്ടായിരത്തി പത്തില്‍ ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, ഡിജിറ്റല്‍ മീഡിയയില്‍ സിനിമ ചെയ്യുന്ന ചെറിയ സിനിമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ആക്ടിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍, രോഹിത് വിമുല പോലുള്ള ചരിത്രം, തൊഴിലാളികള്‍ തുടങ്ങിയ പല തരത്തിലുള്ള മനുഷ്യര്‍ ഫേസ്ബുക്കിലൂടെ സബാല്‍ട്ടേണ്‍ ആയ ഒരു രാഷ്ട്രീയം വിളിച്ചുപറയാന്‍ തുടങ്ങി. അത് ഇവിടത്തെ ‘പൊതു’ എന്ന് അവകാശപ്പെടുന്ന പലതെയും ആട്ടിമറിച്ചു. ഇതുവരെ മലയാളി ആഘോഷിച്ച ‘പൊതു’ എന്ന ഒരു രൂപത്തിന്റെ അടിയിലുള്ള ജാതി, വംശീയതയെ കുറിച്ചു സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് പലരും എഴുതി. സിനിമകളിലെ ജാതിയെ കീറി മൂറിക്കപ്പെട്ട്. അത് സിനിമയില്‍ പോലും പുതിയ ഒരു സൗന്ദര്യശാസ്ത്രം രൂപപ്പെടേണ്ട ഒരു ചര്‍ച്ചയിലേക്ക് രൂപപ്പെട്ടു. അങ്ങനെ ഒറ്റപ്പാലത്തിലെ തറവാടുകളില്‍ നിന്നു കൊച്ചിയിലേക്ക് സിനിമ ഷിഫ്റ്റ് ചെയ്യുന്നതിന് ഇത്തരം ചര്‍ച്ചകള്‍ കാരണമായി. കൊച്ചിയിലെ ദലിത് സമൂഹങ്ങളില്‍ പെട്ട അപരസമൂഹങ്ങളുടെ പ്ലോട്ടുകള്‍ ഒക്കെ സിനിമയില്‍ വരുവാന്‍ തുടങ്ങി.

അതേസമയം തമിഴ് സിനിമയില്‍ വേറെ തരത്തിലുള്ള പ്രത്യക്ഷമായ രാഷ്ട്രീയം പറയുന്ന ജാതി വിരുദ്ധ സിനിമകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. പ. രഞ്ജിത്ത്, മാരി സെല്‍വരാജ് തുടങ്ങിയ സിനിമ പ്രവര്‍ത്തകര്‍ രാഷ്ട്രീയ സിനിമകള്‍ നിര്‍മിച്ചപ്പോള്‍, അവയ്ക്ക് പൊതുവേ സ്വീകാര്യതയും വിമര്‍ശനങ്ങളും ആക്രമണങ്ങളും നേരിട്ടു. പക്ഷേ, ഇന്ത്യന്‍ സിനിമയിലെ ഭൂരിഭാഗം ഇത്തരം ദലിത് സിനിമകളും പ്രത്യക്ഷ രാഷ്ട്രീയം പറയുന്ന നരച്ച ടെക്സ്റ്റുകള്‍ ആയി മാറി. ദലിതര്‍ പല യുദ്ധങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ, കളികളിലൂടെ, ഗെയിമുകളിലൂടെ, അണ്ടര്‍ വേള്‍ഡിലൂടെ, വയലന്‍സിലൂടെ ഒക്കെ നരച്ച രീതിയില്‍ അംബേദ്കര്‍ രാഷ്ട്രീയം പറഞ്ഞു ജാതിക്കെതിരെ പോരാടേണ്ട ഉത്തരവാദിത്വം എടുക്കേണ്ട ബെര്‍ഡന്‍ ഉള്ളവരായി ഈ സിനിമകളിലെ ദലിതര്‍ മാറി. പക്ഷേ, ഞങ്ങളുടെ തലമുറയില്‍പ്പെട്ട ദലിതരോക്കെ വളരെ feel good ആയി ജീവിച്ച മനുഷ്യര്‍ കൂടെ ആയിരുന്നു. യാത്രകള്‍ ചെയ്തു, പ്രണയിച്ചു, സൗഹൃദങ്ങളില്‍ ജീവിച്ചു, തമാശ പറഞ്ഞു, കുസൃതി കാട്ടി, ബന്ധങ്ങളുടെ ഊഷ്മളതയില്‍ ഒക്കെ ജീവിച്ച തലമുറകളും ഇവിടെ ഉണ്ടായിരുന്നു. ഇരുപത്തിനാല് മണിക്കൂറും യുദ്ധം ചെയ്തവരോന്നുമല്ല ഞങ്ങള്‍. അത്തരം യുദ്ധം ചെയ്തവരെ നിരസിച്ചു കൊണ്ടുമല്ല ഈ എഴുത്ത്. ഞങ്ങളുടെ തൊണ്ണൂറുകളിലെ അതിനു ശേഷമുള്ള ജീവിതങ്ങളിലെ പ്രണയങ്ങള്‍, തമാശകള്‍, മറ്റ് വിഭാഗങ്ങളുമായുള്ള ജനങ്ങളുമായുള്ള ഇടപെടലുകള്‍, അതിനിടയിലെ കളിയാക്കലുകള്‍, ബന്ധങ്ങള്‍ ഒക്കെയാണ് ഒരു feel good മോഡില്‍ യുദ്ധവും വയലന്‍സും ഇല്ലാതെ സിനിമയില്‍ വരിക എന്നത് ഞങ്ങള്‍ ചിന്തിച്ചിട്ടുള്ളത്. Feel good എന്നത് നായന്മാരുടെ മാത്രം കുത്തക അല്ലല്ലോ. രണ്ടു ദിവസം മുമ്പ് തലവര എന്ന ഒരു സിനിമ കണ്ടു. അത് ഒരു motivation speech ആയിരുന്നെങ്കിലും അടിത്തട്ടിലെ മനുഷ്യരുടെ കുടുംബം, സൗഹൃദം, പ്രണയം എന്നിവയെ ചേര്‍ത്തുവെച്ച, പൊളിറ്റിക്കല്‍ മസില്‍ പിടുത്തം ഇല്ലാത്ത ഒരു feel good സാധാനമായി ആ സിനിമ വന്നിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി ഞാന്‍ കാണുന്നത് അടിത്തട്ടിലെ, കീഴാളരായ, ദലിതരായ ചെറുപ്പക്കാരുടെ ആഘോഷങ്ങള്‍ കൊണ്ട് ആറാടിയ സിനിമയാണ് എന്നതാണ്. അതാണ് ഇന്ത്യന്‍ സിനിമയില്‍ പൊളിറ്റിക്കല്‍ ആയി ഈ സിനിമയുടെ പ്രാധാന്യം.

കൊച്ചിയിലെ പൊതു സമൂഹങ്ങള്‍ക്ക് പുറത്തു നിലക്കുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് കീഴാള സമൂഹങ്ങളുടെ നോളഡ്ജിന്റേയും അവരുടെ ആഹ്ലാദങ്ങളുടെയും കഴിവിന്റെയും പവര്‍ കൃത്യമായി മനസ്സിലായിട്ടുണ്ട്. അത്തരമൊരു കോ-ഓര്‍ഡിനേഷന്‍ ഇത്തരം സിനിമാക്കാര്‍ കീഴാളരായ മനുഷ്യരുമായി രൂപപ്പെടുത്തിയിട്ടുണ്ട്. വേടനെ പോലുള്ളവരെ മാറ്റിനിരത്തിയാല്‍ ഇനി തങ്ങള്‍ക്ക് തന്നെ നഷ്ടം എന്നത് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെ വേടനെ പോലുള്ളവരെ മഞ്ഞുമ്മല്‍ ബോയ്‌സ്ലേക്ക് ക്ലബ് ചെയ്യുമ്പോഴാണ് ഈ സിനിമ വേറൊരു ഹൈറ്റിലേക്ക് മാറുന്നത്. ജാസി ഗിഫ്റ്റിന് ശേഷം ‘റാപ്പ്’ വഴി മലയാള സിനിമ പാട്ടിന്റെ മൊത്തം സ്ട്രക്ചറിനെ തന്നെ ആട്ടിമറിച്ച വേടന്റെ പാട്ടുകള്‍ കള്‍ട്ട്കള്‍ ആയി തുടങ്ങുകയും ചെയ്തു. പൊതുസമൂഹം അതിനെ ഏറ്റെടുത്തു. ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ മാത്രമല്ല പൊതു സമൂഹത്തിന്റെയും നാഡീ-ഞരമ്പ് ആകുന്നതും അങ്ങനെയാണ്.
ദലിതര്‍ ഒരു ഭാഗത്ത് മറ്റുള്ളവരെ ശത്രുക്കളായി കാണുന്നതിന് പകരം, സിനിമ എന്ന സ്‌പേസില്‍ മറ്റ് സമുദായങ്ങളോട് ചേര്‍ന്ന് സഹോദര്യത്തിലൂടെ പൊളിച്ചത് കൊണ്ടുതന്നെ വേടനെ പോലുള്ളവര്‍ മലയാളത്തിലെ മെയിന്‍സ്ട്രീം സിനിമയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി. അതേസമയം വേടന്‍ അടക്കമുള്ള ദലിത് സമൂഹങ്ങളിലുള്ളവര്‍ ആര്‍ജിതമാക്കിയ പവറിനെ നിരാകരിച്ചു കൊണ്ട് കേരളത്തിലെ പൊതുബോധത്തിന് ഇനി മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാണ്. അത്തരമൊരു കോ-ഓര്‍ഡിനേഷന്റെ, സഹോദര്യത്തിന്റെ ബൈ-പ്രൊഡക്റ്റ് തന്നെയാണ് ദലിതരുടെ കീഴാളരുടെ ആഘോഷങ്ങള്‍, യാത്രകള്‍, സൗഹൃദങ്ങള്‍, സ്‌നേഹം, ആത്മാര്‍ത്ഥത എന്നിവ ചേര്‍ത്തുവെച്ച മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ രൂപപ്പെട്ടത്. ദലിതരുടെ ജീവിതം പകര്‍ത്തുക എന്നത് ജാതിക്കെതിരായ യുദ്ധം മാത്രം പകര്‍ത്തുക എന്ന രീതിയെ ആട്ടിമറിച്ച മറ്റൊരു സിനിമ കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഒരു ബഹുജന രൂപം ഈ സിനിമയ്ക്ക് ഉണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ ഇന്ത്യയിലെ പോപ്പുലര്‍ കള്‍ച്ചറില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പൊളിറ്റിക്കല്‍ ടെക്സ്റ്റ് ആയി കണക്കാക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ദലിത് സിനിമാറ്റിക് ടെക്സ്റ്റുകളില്‍ ഒരു ഷിഫ്റ്റ് കൂടിയാണ് ഈ സിനിമ. ദലിതരുടെ ആഘോഷങ്ങള്‍, സ്‌നേഹങ്ങള്‍, അവരുടെ മോഡേണിറ്റി ഒക്കെ റെക്കോര്‍ഡ് ചെയ്ത ഒരു സിനിമ. അത് ഇന്ത്യയിലെ ജാതി സമൂഹത്തില്‍ വലിയ പോപ്പുലര്‍ വിജയം നേടി എന്നത് ചില്ലറ കാര്യമല്ല. അതിലെ ചെറുപ്പക്കാരായ അഭിനേതാക്കളുടെ ബോഡി ലാംഗ്വേജ് അതിന് സഹായിച്ചിട്ടുണ്ട്. അങ്ങനെ ഇന്ത്യന്‍ സിനിമയിലും തന്നെ ചരിത്രപരമായ ഒരു പൊളിറ്റിക്കല്‍ ടെക്സ്റ്റിന് ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടേണ്ട തരത്തില്‍ സമൂഹവും മാറി. അത് ഒരു പോസിറ്റീവ് ചലനവുമാണ്.

Related