മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ഔദ്യോഗിക കണക്കനുസരിച്ച് 1394000 ആയിരുന്നു ജനസംഖ്യ. 2011ലെ സെന്‍സസ് അനുസരിച്ച് ജില്ലയിലെ ജനസംഖ്യ 4112920 ആണ്. മലപ്പുറത്തെ ജനസംഖ്യ വര്‍ധനയുടെ നിരക്ക് 13.45 ശതമാനം ആണ്. ഇതനുസരിച്ച് 2025 ല്‍ 45 ലക്ഷത്തിനും മുകളില്‍ 50 ലക്ഷംവരെ ജില്ലയിലെ ജനസംഖ്യ എത്തിയിട്ടുണ്ടാകും. ഇന്ത്യയുടെ ചില സംസ്ഥാനങ്ങളെക്കാള്‍ വലിയ ജനസംഖ്യയാണിത്. ത്രിപുരയില്‍ 37 ലക്ഷം, മേഘാലയില്‍ 30 ലക്ഷം, മണിപ്പൂരില്‍ 28 ലക്ഷം, നാഗാലാന്‍ഡില്‍ 20 ലക്ഷം, ഗോവയില്‍ 15 ലക്ഷം, അരുണാചല്‍പ്രദേശില്‍ 14 ലക്ഷം, മിസോറാമില്‍ 11 ലക്ഷം, സിക്കീമില്‍ ആറ് ലക്ഷം എന്നിങ്ങനെയാണ് ജനസംഖ്യ. അതായത് മലപ്പുറം ജില്ലയേക്കാള്‍ ജനസംഖ്യ കുറവുള്ള എട്ട് സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. മലപ്പുറം ജില്ലയുടെയത്രപോലും ജനസംഖ്യയില്ലാത്ത ഈ സംസ്ഥാനങ്ങള്‍ക്കായി നിയമസഭയും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉണ്ടെന്നര്‍ഥം. മലപ്പുറം ജില്ലയെക്കാള്‍ ജനസംഖ്യ കുറഞ്ഞ ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ത്യയിലുണ്ട്.
പത്തനംത്തിട്ടയിലെ ജനസംഖ്യ 1197412, ഇടുക്കിയിലെ ജനസംഖ്യ 1108974, കോട്ടയം ജില്ലയിലെ ജനസംഖ്യ 1974551. ഈ മൂന്ന് ജില്ലകളിലുമായുള്ള മൊത്തം ജനസംഖ്യ 4280937 ആണ്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഈ മൂന്ന് ജില്ലകളിലുമായി സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പദ്ധതികളുടെ എണ്ണം മലപ്പുറം ജില്ലക്ക് മാത്രമായി അനുവദിക്കേണ്ടതുണ്ട്. അതൊരിക്കലും ഉണ്ടായിട്ടില്ല എന്നതുതന്നെ ഒരു ജനത നേരിടുന്ന അനീതിയുടെ അടയാളമാണ്.
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ അനുവദിക്കുന്ന വികസന പ്രൊജക്ടുകളും ക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തുന്നത് റവന്യൂ-പഞ്ചായത്ത് മുന്‍സിപ്പല്‍ സ്ഥാപനങ്ങള്‍ വഴിയാണ്. ജില്ലയിലെ ജനസംഖ്യയനുസരിച്ചല്ല നിലവിലെ ഈ ജനസേവന കേന്ദ്രങ്ങളുള്ളത്. വികസന പദ്ധതികള്‍ മലപ്പുറം ജില്ലയിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഇത് വലിയ തടസ്സം ഉണ്ടാക്കുന്നുണ്ട്. ജനസംഖ്യാനുപാതികമായി ഈ സംവിധാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു.
ജില്ലാ ഭരണകൂടത്തിന്റെ തലവന്‍ കലക്ടര്‍ ആണ്. ജില്ലയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയും ജില്ലാ മജിസ്‌ട്രേറ്റും കൂടിയാണ് കലക്ടര്‍. മലപ്പുറം ജില്ലയിലെ കലക്ടര്‍ 41 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ടിവരുമ്പോള്‍ ഇടുക്കി, പത്തനംതിട്ട കലക്ടര്‍മാര്‍ക്ക് 11 ലക്ഷം ജനങ്ങളുടെ കാര്യം ശ്രദ്ധിച്ചാല്‍ മതി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 41 ലക്ഷം ജനങ്ങളുടെ സേവനത്തിനായി മൂന്നു കലക്ടര്‍മാരും അനുബന്ധ ഓഫീസുകളുമുണ്ട്. എന്നാല്‍, അതേ 41 ലക്ഷം ജനങ്ങളുള്ള മലപ്പുറത്ത് ഒരു കലക്ടറും മൂന്നിലൊന്ന് ഓഫീസ് സംവിധാനവും ആണുള്ളത്. ഭൂമിശാസ്ത്രത്തേക്കാള്‍ ജനാധിപത്യത്തില്‍ ജനങ്ങളുടെ എണ്ണമാവണം ജനസേവനകേന്ദ്രങ്ങളുടെ എണ്ണത്തിന്റെ മാനദണ്ഡം.
കലക്ടറേറ്റ് കഴിഞ്ഞാല്‍ മുഖ്യ റവന്യൂ ഓഫീസുകളായ താലൂക്കുകളുടെയും വില്ലേജുകളുടെയും കണക്കെടുത്താലും ഈ പരിമിതി ജില്ലയില്‍ കാണാം. പത്തനംതിട്ട ജില്ലയില്‍ ആറു താലൂക്കുകളുണ്ട്. ശരാശരി 199256 പേര്‍ക്ക് ഒരു താലൂക്ക് സംവിധാനം ആ ജില്ലയിലുണ്ട്. ഇത് മലപ്പുറം ജില്ലയിലെത്തുമ്പോള്‍ ശരാശരി 587279 പേര്‍ക്ക് ഒരു താലൂക്ക് സംവിധാനമായി മാറും. ഒരു താലൂക്കില്‍ മാത്രമുള്ള ജനസംഖ്യ പരിശോധിച്ചാലും ഈ വ്യത്യാസം കാണാം. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ ജനസംഖ്യ 134219. എന്നാല്‍, മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ജനസംഖ്യ 928672 ആണ്.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് വില്ലേജുകള്‍. 31 ലക്ഷം ജനസംഖ്യയുള്ള തൃശ്ശൂര്‍ ജില്ലയില്‍ 255 വില്ലേജുകളുണ്ട്. 45 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് 138 വില്ലേജുകള്‍ മാത്രമാണുള്ളത്. തൃശൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ശരാശരി 19,000 ജനങ്ങള്‍ക്ക് ഒരു വില്ലേജ് ലഭ്യമാണ്. എന്നാല്‍, മലപ്പുറത്ത് ആ ശരാശരി 30,000 ആണ്. മലപ്പുറം ജില്ലയില്‍ നാലു പുതിയ താലൂക്കുകള്‍ എങ്കിലും പുതുതായി രൂപീകരിക്കേണ്ടതുണ്ട്. 26 പുതിയ വില്ലേജുകള്‍ മലപ്പുറം ജില്ലയില്‍ പുതുതായി അനുവദിക്കണമെന്ന് സര്‍ക്കാര്‍ തന്നെ നിശ്ചയിച്ച കമ്മീഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശുപാര്‍ശ ചെയ്തതുമാണ്.
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ജനസംഖ്യാടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുനഃക്രമീകരിക്കേണ്ടതാണ്. എന്നാല്‍, കോവിഡ് പ്രതിസന്ധി കാരണം 2020 ല്‍ അവസാന നിമിഷം സംസ്ഥാന സര്‍ക്കാര്‍ പുനഃക്രമീകരണത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. 2025 ല്‍ നടക്കുമെന്ന് കരുതിയെങ്കിലും അതും സംഭവിച്ചില്ല. വാര്‍ഡ് വിഭജനം മാത്രമാണ് ഇപ്പോള്‍ നടന്നത്. 2020 ല്‍ പുനഃക്രമീകരണം പഠിക്കാന്‍ നിയോഗിച്ച സെക്രട്ടറി സമിതി നല്‍കിയ റിപ്പോര്‍ട്ടിലിങ്ങനെ കാണാം: ‘നിലവിലുള്ള 941 ഗ്രാമപഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യയായ 27430 ല്‍ അധികരിച്ചുള്ള ധാരാളം ഗ്രാമപഞ്ചായത്തുകള്‍ സംസ്ഥാനത്തുണ്ട്. ഇങ്ങനെയുള്ളവയെ വിഭജിക്കുകയോ രണ്ടോ മൂന്നോ ഗ്രാമപഞ്ചായത്തുകളിലെ ഭാഗങ്ങള്‍ വേര്‍പ്പെടുത്തി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കുകയോ ചെയ്യേണ്ടതാണ്. ‘
ഇതനുസരിച്ച് വിഭജനം നടനിരുന്നൂവെങ്കില്‍ മലപ്പുറത്ത് പുതിയ പല പഞ്ചായത്തുകളും വരുമായിരുന്നു. അതുവഴി പുതിയ പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, ഹോമിയോ-ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍, മൃഗാശുപത്രി, കൃഷിഭവന്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയും വരുമായിരുന്നു. ഒരു ഗവണ്‍മെന്റ്/എയ്ഡഡ് ഹൈസ്‌കൂളും ഹയര്‍സെക്കന്ററിയും ഒരു പഞ്ചായത്തില്‍ ഉണ്ടാവണമെന്ന് മാനദണ്ഡം നടപ്പാക്കിയാല്‍ പുതിയ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങള്‍ വരാനും അത് നിമിത്തമാകുമായിരുന്നു. പുന_ക്രമീകരണം നടക്കാതെ പോയതോടെ ഇത്രയും സ്ഥാപനങ്ങള്‍ കൂടിയാണ് ജില്ലക്ക് നഷ്ടമായത്.
മലപ്പുറം ജില്ലയേക്കാള്‍ ജനസംഖ്യ കുറവുള്ള എട്ട് സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. മലപ്പുറം ജില്ലയുടെ അത്രപോലും ജനസംഖ്യയില്ലാത്ത ഈ സംസ്ഥാനങ്ങള്‍ക്കായി നിയമസഭയും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉണ്ടെന്നര്‍ഥം. മലപ്പുറം ജില്ലയെക്കാള്‍ ജനസംഖ്യ കുറഞ്ഞ ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ത്യയിലുണ്ട് – ബഷീര്‍ തൃപ്പനച്ചി എഴുതുന്നു.
