August 13 Thursday 2026

മലബാറിലെ ആനവണ്ടിക്കണക്ക് പറയുന്നു; സൗജന്യ കെഎസ്ആർടിസി യാത്ര മലബാറിലെ വനിതകൾക്ക് ​ഗുണമില്ല

ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ഓർഡിനറി ബസിൽ വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യായത്ര അനുവദിച്ചുകൊണ്ടുള്ള തീരുമാനം മന്ത്രിസഭ കൈകൊണ്ടിരിക്കുന്നു. എന്നാൽ, മലബാർ ജില്ലകളിലെ വനിതകൾക്ക് സൗജന്യയാത്ര അത്രമാത്രം ​ഗുണം ചെയ്യില്ല എന്നാണ് കണക്കുകൽ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ആകെയുള്ള കെഎസ്ആർടിസ് ബസ് 5765 ആണെന്നാണ് കഴിഞ്ഞ ദിവസം ​ഗതാ​ഗത മന്ത്രി സിപി ജോൺ നിയമസഭയിൽ പറഞ്ഞത്. അതിൽ 1406 ബസുകൾ മാത്രണ് വടക്കൻ ജില്ലകളിൽ സർവീസ് നടത്തുന്നുള്ളൂ. 36 ഡിപ്പോകളിൽ 28 എണ്ണവും തെക്കൻ ജില്ലകളിൽ ആണ്. മലബാറിലെ ആറ് ജില്ലകളിലുള്ളത് കേവലം എട്ട് ഡിപ്പോകൾ മാത്രമാണ്. തെക്കൻ ജില്ലകലിൽ 41 സബ് ഡിപ്പോകളും 18 ഓപറേറ്റിങ് സെന്ററുകളും ഉള്ളപ്പോൾ വടക്കൻ ജില്ലകളിൽ ഇത് യഥാക്രമം 41, എട്ട് എന്നിങ്ങനെയാണ്. മുപ്പത്തിമൂന്ന് ശതമാനം സർവീസ് മാത്രമെ വടക്കൻ ജില്ലകളിൽ ഉള്ളൂ.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ യാത്രാ സൗകര്യം സംസ്ഥാനത്തെ എല്ലാവരിലും ഒരുപോലെ എത്തിക്കുന്നതിനായി വടക്കൻ ജില്ലകളിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകൾ ആരംഭിക്കണമെന്ന് വി.ടി ബൽറാം എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. വി.ടി ബൽറാം ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അതീവ ഗൗരവമുള്ളതാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ മറുപടിയും നൽകി. വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസുകൾ താരതമ്യേന വളരെ കുറവാണെന്ന വസ്തുത മന്ത്രി സഭയിൽ സമ്മതിച്ചു. നിലവിലെ കണക്കുകൾ പ്രകാരം കെഎസ്ആർടിസിയുടെ ആകെ ബസുകളിൽ 24.3 ശതമാനം മാത്രമാണ് മലബാർ മേഖലയിലുള്ളത്. സർവീസുകളുടെ കാര്യത്തിലാകട്ടെ ഇത് വെറും 33 ശതമാനം മാത്രമാണ് എന്നും അദ്ധേഹം പറഞ്ഞു. മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസ് ബസ് സർവീസ് തന്നെ ഇല്ല എന്നും അദ്ധേഹം എടുത്തു പറഞ്ഞു.

അതേസമയം, മലബാറിലെ വനിതകളുടെ സൗജന്യയാത്ര സംബന്ധിച്ച വിവേചനമുള്ളതായി സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച് ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരിച്ചു.

Related