October 14 Wednesday 2026

മഹാത്മ ഫൂലെ: കാലത്തിന് മുന്‍പെ സഞ്ചരിച്ച ചരിത്ര ശില്‍പി

ഏപ്രില്‍ 11 , ശാക്യമുനി ഗൗതമ ബുദ്ധന്റെയും കബീറിന്റെയും സാംസ്‌കാരിക വിപ്‌ളവപാത പിന്‍തുടര്‍ന്ന് ആധുനിക ഇന്ത്യയില്‍ ബ്രാഹ്മണിസത്തിനും ഹിന്ദു കൊളോണിയലിസത്തിനുമെതിരെ സാമൂഹിക വിപ്‌ളവത്തിന്റെ കാഹളം മുഴക്കി അധ:സ്ഥിത നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച സാമൂഹിക വിപ്‌ളവകാരി മഹാത്മ ജ്യോതിറ ഫൂലെയുടെ 199-മത് ജന്മദിനം. രജാറാം മോഹന്റായിയുടെയും ദയാനന്ദ സരസ്വതിയുടെയും മറ്റും നേതൃത്വത്തില്‍ ഹിന്ദുസമൂഹത്തിലെ സവര്‍ണ ജനവിഭാഗങ്ങളുടെ സാമൂഹിക പരിഷ്‌കരണം ലക്ഷ്യമാക്കി ഔദ്യോഗിക നവോത്ഥാന പ്രസ്ഥാനം കൊടിക്കൂറപാറിച്ചിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മഹാത്മ ഫൂലെ (18271890) ശൂദ്രാദിശൂദ്രരെയും സ്ത്രീകളെയും അയിത്തജാതിക്കാരെയും നൂനപക്ഷങ്ങളെയും അണിനിരത്തി ഇന്ത്യന്‍ സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ജാതിക്കതീതമായി, ജാതി വ്യവസ്ഥതയുടെ കിരാതതയില്‍ തകര്‍ന്നടിഞ്ഞ തൊഴിലാളികളെയും സ്ത്രീകളെയും പിന്നോക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ചേര്‍ത്തു നിര്‍ത്തി 1873 -ല്‍ അദ്ദേഹം ആരംഭിച്ച സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനം – സത്യഷോഡക് സമാജം (സത്യാന്വേഷകരുടെ സംഘം) ബ്രാഹണിസത്തെ നിശിതമായ സാമൂഹിക ,സാംസ്‌കാരിക വിശകലനത്തിന് വിധേയമാക്കുകയും സമത്വാധിഷ്ഠിതമായി ജാതിക്കതീതമായ ഒരു ആദര്‍ശ സമൂഹത്തിന്റെ നിര്‍മിതിക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നതോടു കൂടിയാണ് ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റ ചരിത്രത്തില്‍ വഴിത്തിരുവുകള്‍ ഉണ്ടായി തുടങ്ങുന്നത്. കൊളോണിയലിസത്തിനുള്ളിലെ കൊളോണിയലിസമാണ് ഹിന്ദുയിസം എന്ന മഹാത്മ ഫൂലെയുടെ വിലയിരുത്തല്‍ അന്നും ഇന്നും ഒരു പോലെ പ്രസക്തമാണ്. ബ്രാഹ്മണാധിപത്യ ഹിന്ദു ഇന്ത്യയില്‍ ശൂദ്രാദി ശൂദ്രര്‍ക്കും അധഃസ്ഥിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും നീതി ലഭിക്കില്ലെന്നു ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം വിദ്യാഭ്യാസമാണ് അധ:സ്ഥിത വിഭാഗങ്ങളുടെയും സ്ത്രീകളുടെയും മതന്യൂനപക്ഷങ്ങളുടെയും വിമോചനത്തിന്റെ തക്കോല്‍ എന്നു ഉദ്‌ബോധിപ്പിച്ച സാമൂഹിക വിപ്ലവകാരിയായിരുന്നു. 1848 മുതല്‍ പൂനെയിലും സമീപപ്രദേശങ്ങളിലുമായി അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി നിരവധി സ്‌കൂളുകള്‍ തുറന്നും വിദ്യാഭ്യാസ മേഖലയില്‍ മിഷണറിമാര്‍ നടത്തിയ ഉദ്യമങ്ങളെ ശ്ലാഘിച്ചും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വിദ്യാഭ്യാസ , സാമൂഹ്യ പരിഷ്‌കരണ ഇടപെടലുകളെ മുക്തകണ്ഠം പ്രശംസിച്ചുമായിരുന്നു ഇന്ത്യന്‍ സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത വര്‍ണാഞ്ചിതമായ നിരവധി അദ്ധ്യായങ്ങള്‍ അദ്ദേഹം എഴുതിച്ചേര്‍ത്തത്. അധ:സ്ഥിത നവോത്ഥാന നായകന്‍ ,അദ്ധ്യാപകന്‍, സംഘാടകന്‍ ,ഗ്രന്ഥകാരന്‍ ,പ്രഭാഷകന്‍ ,പത്രപ്രവര്‍ത്തകന്‍ ,തൊഴിലാളി നേതാവ് തുടങ്ങിയ നിലകളില്‍ ബഹുമുഖ പ്രതിഭയായിരുന്ന മഹാത്മ ജ്യോതിറ ഫൂലെ അബ്രാഹ്മണ – ജാതിവിരുദ്ധ പ്രസ്ഥാനത്തിന് രൂപം നല്‍കിയ ആദ്യത്തെ സാമൂഹിക പരിഷ്‌കര്‍ത്താവ് ,ബഹുജന്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്നീ നിലകളിലും വിഖ്യാതനാണ്. നിയതാര്‍ഥത്തില്‍ 19-ാം നൂറ്റാണ്ടില്‍ അദ്ദേഹം തുടക്കംകുറിച്ച ഐതിഹാസികമായ സാമൂഹിക – സാംസ്‌കാരിക – രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയില്‍ ജാതിവിരുദ്ധ, അബ്രാഹ്മണ മുന്നേറ്റങ്ങള്‍ക്ക് ബൗദ്ധികവും സാമൂഹികവുമായ അടിത്തറ പാകിയത്. ഡോ.അംബേദ്കര്‍ മഹാത്മ ഫൂലയെ തന്റെ മൂന്നു ഗുരുക്കന്മാരില്‍ രണ്ടാമനായി പ്രതിഷ്ഠിച്ചിട്ടുള്ളതും സംഘടിത മുന്നേറ്റങ്ങളിലൂടെ അദ്ദേഹത്തിന്റെ ആശയ പ്രപഞ്ചത്തെ വീണ്ടെടുത്ത് തന്റെ കാരവനൊപ്പം വിളക്കിച്ചേര്‍ത്തതും സ്മരണീയമാണ്.

1827 ഏപ്രില്‍ 11-ന് പൂനയിലെ ഒരു ഇടത്തരം മാലി പിന്നോക്ക സമുദായത്തിലായിരുന്നു ഫൂലെയുടെ ജനനം. പരമ്പരാഗതമായി ഫലങ്ങളും പച്ചക്കറികളും പുഷ്പിത ചെടികളും കൃഷി ചെയ്തിരുന്ന കുടുംബമായിരുന്നു ഫൂലെയുടേത്. ആകയാല്‍ ആ കുടുംബം ഫൂലെ കുടുംബം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബ്രാഹ്മണ പേഷ്വാ ഭരണാധികാരി ബാജിറാവു രണ്ടാമന്റെ ഭരണകാലമായിരുന്നതിനാല്‍ ജാതീയമായ നിരവധി തിട്ടൂരങ്ങളും വിവേചനങ്ങളും അക്കാലത്ത് ഒട്ടും അയവില്ലാത്തവിധം നിലനിന്നിരുന്നു. മനുസ്മൃതിയുടെ ദണ്ഡനനീതി നടപ്പിലാക്കുന്നതില്‍ പേഷ്വ ഭരണാധികാരികള്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിരുന്നില്ല.ജാതി നിയമങ്ങളും തൊട്ടുകൂടായ്മയും കര്‍ശനമായി നടപ്പിലാക്കിയിരുന്ന അക്കാലത്ത് അയിത്തജാതിക്കാര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പൊതുയിടങ്ങളും പൊതുവഴികളും ഉപയോഗിക്കുന്നതിന് വിലക്കുകളുണ്ടായിരുന്നു. അവര്‍ സഞ്ചരിക്കുമ്പോള്‍ കഴുത്തില്‍ മണ്‍കുടവും അരയില്‍ ചൂലും കെട്ടിതൂക്കണമെന്നും പാതകളില്‍ നിഴല്‍ വീഴാതിരിക്കാന്‍ ഉച്ചക്ക് ശേഷം പുറത്തിറങ്ങരുതെന്നും സവര്‍ണരെ അനുകരിക്കരുതെന്നും നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നു. ശൂദ്രാദിശൂദ്രര്‍ക്ക് അക്ഷരം പഠിക്കാനോ പഠിപ്പിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അവരുടെ സാമ്പത്തിക സ്വാതന്ത്ര്യവും ഘനിക്കപ്പെട്ടിരുന്നു. ചത്തമൃഗങ്ങളെ മറവ് ചെയ്തും അവയുടെ മാംസം ഭക്ഷിച്ചും മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്തും മറ്റുമാണ് അവര്‍ കാലം കഴിച്ചിരുന്നത്. ചാതുര്‍വര്‍ണ്യക്കാര്‍ മനസ്മൃതി അനുശാസിക്കും വിധം അവരവരുടെ തൊഴിലുകളില്‍ വ്യാപൃതരായിരുന്നപ്പോള്‍ അധ:സ്ഥിത പിന്നോക്കക്കാര്‍ മൃഗങ്ങളെക്കാള്‍ ഗതികെട്ട ജീവിതം നയിക്കാനാണ് വിധിക്കപ്പെട്ടിരുന്നത്. അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് അക്കാലത്ത് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്നെങ്കിലും ഭാഗ്യവശാല്‍ പൂനയിലെ ഒരു മിഷണറി മറാത്തി സ്‌കൂളിലും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പഠിക്കാനുള്ള അവസരം ലഭിച്ചതാണ് പിന്നോക്ക വിഭാഗക്കാരനായ ഫൂലെയുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചതും അദ്ദേഹത്തെ സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനത്തിന്റെ സാരഥ്യത്തിലേക്ക് നയിച്ചതും. ശൈശവ വിവാഹം നിലനിന്നിരുന്ന ആ ഇരുണ്ട കാലഘട്ടത്തില്‍ 12-ാം വയസ്സില്‍ ഫൂലെക്ക് 9 വയസ്സുകാരി സാവിത്രി ഫൂലെയെ വിവാഹം കഴിക്കേണ്ടി വന്നു.

1848- ല്‍ സാവിത്രി ഫൂലെയുടെ പിന്തുണയോടെ സുഹൃത്ത് ഉസ്മാന്‍ ഷെയ്ഖിന്റെ വീടിന്റെ വാരാന്തയില്‍ ഇന്ത്യയിലെ ആദ്യത്തെ പെണ്‍പ്പള്ളിക്കൂടം സ്ഥാപിക്കുന്നതിലൂടെയാണ് ഫൂലെ തന്റെ സാമൂഹിക പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ അപരിയാപ്തയാണ് ശൂദ്രാദിശൂദ്രരുടെയും സ്ത്രീകളുടെയും പതനത്തിന് നിദാനം എന്ന ബോധ്യത്തില്‍ നിന്നായിരുന്നു ഫൂലെ തന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് ഇതേ ലക്ഷ്യത്തോടെ തൊഴിലാളികള്‍ക്കായി നിശാസ്‌കൂളുകള്‍ ഉള്‍പ്പെടെ നിരവധി സ്‌കൂളുകളും അദ്ദേഹം ആരംഭിച്ചു. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രശംസക്കും ആദരവിനും അര്‍ഹനാക്കിയിരുന്നു.1882- ല്‍ ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ നേരിട്ട് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിച്ച ഹണ്ടര്‍ കമ്മീഷന് അദ്ദേഹം നല്‍കിയ നിവേദനം ജാതിമത ഭേദമന്യെ വിദ്യാഭ്യാസം സാര്‍വത്രികമാക്കേണ്ടതിന്റെ അനിവാര്യത വെളുപ്പെടുത്തിയ ചരിത്രരേഖയായിരുന്നു. ഫൂലെ ദമ്പതികളുടെ ധീരമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വേള വിദ്യാഭ്യാസത്തിന്റെ വാതായനങ്ങള്‍ ശൂദ്രാദിശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും മുന്നില്‍ തുറക്കപ്പെട്ടതോടെ അതൊരു പരിവര്‍ത്തന പ്രസ്ഥാനമായി പരിണമിച്ചു. സമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പുകളെ നേരിട്ടു കൊണ്ടായിരുന്നു ഫൂലെ ദമ്പതികള്‍ തങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക നവീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായത്.ഉസ്മാന്‍ ഷെയ്ഖിന്റെ സഹോദരി ഫാത്തിമ ഷെയ്ഖും അദ്ധ്യാപികയായി അവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്നപ്പോള്‍ അതൊരു സാമൂഹിക പ്രസ്ഥാനമായി തന്നെ വളര്‍ന്നു പന്തലിച്ചു. ശൂദ്രര്‍ക്ക് പോലും അക്ഷരാഭ്യാസം വിലക്കപ്പെട്ടിരുന്ന, വേദം ശ്രവിക്കുന്ന ശൂദ്രന്റെ ചെവികളില്‍ ഈയം ഉരുകിയൊഴിക്കണമെന്നു നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്ന മനുസ്മൃതിയുടെ ആ ഇരുണ്ട കാലഘട്ടത്തില്‍ ഭീഷണികള്‍ക്കു നടുവില്‍ വിലക്കുകളെ അതിലംഘിച്ചുകൊണ്ടായിരുന്നു ഫൂലെ ദമ്പതികള്‍ ശൂദ്രാദിശൂദ്ര അധ:സ്ഥിത പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിന് വേണ്ടി യത്‌നിച്ചത്. ഒരു വേള അദ്ദേഹത്തിനും ഭാര്യക്കും സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ പടിയിറങ്ങേണ്ടി വന്നു. 1856-ല്‍ അദ്ദേഹത്തിന് നേരെ വധശ്രമം വരെയുണ്ടായി. എങ്കിലും ആ വിപ്‌ളവകാരി സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള തന്റെ ചരിത്ര ദൗത്യവുമായി സധൈര്യം മുന്നോട്ട് തന്നെ സഞ്ചരിക്കുക തന്നെ ചെയ്തു.

സത്യ ഷോഡക് സമാജം.
ജാതികേന്ദ്രീകൃത ഇന്ത്യന്‍ സമൂഹത്തില്‍ ജാതി ഒരു യാഥാര്‍ഥ്യമായിരിക്കെ ,ആ സമൂഹത്തില്‍ അടിമുടി മാറ്റം ദര്‍ശിച്ച സാമൂഹ്യ ചിന്തകനായിരുന്നു ഫൂലെ. ബ്രാഹ്മണിസം കൊടികുത്തിവാഴുന്ന സമൂഹത്തില്‍ അബ്രാഹ്മണ വിഭാഗങ്ങള്‍ ഭൂരിപക്ഷമാണെന്ന് നിരീക്ഷിച്ച അദ്ദേഹം ഭൂരിപക്ഷത്തിന് (ബഹുജന്‍സ്) ക്ഷേമവും ഐശ്വര്യവും ഉണ്ടാകണമെന്നു ഉറച്ചു വിശ്വസിച്ചിരുന്ന സാമൂഹിക പരിവര്‍ത്തനവാദിയായിരുന്നു. ബുദ്ധനെ പോലെ ബ്രാഹ്മണ സര്‍വാധിപത്യത്തിനെതിരെ ‘ബഹുജനഹിതായ ബഹുജന സുഖായ ‘ എന്ന ജനാധിപത്യ സങ്കല്പം അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുകയും യുക്തിയിലും നീതിയിലും സമതയിലും മൈത്രിയിലും വേരുകളുള്ള ജാതിരഹിത ,വര്‍ഗരഹിത സമൂഹത്തിന്റെ നിര്‍മിതിയെ സംബന്ധിക്കുന്ന ഒരു ബദല്‍ കാഴ്ച്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു. ഒരു പക്ഷേ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സാമൂഹികഘടനയെ ദലിത്-ബഹുജന്‍ പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്ത സാമൂഹിക ചിന്തകന്‍ മഹാത്മ ഫൂലെയായിരിക്കാം .താന്‍ മുന്നോട്ട് വച്ച ആദര്‍ശ സമൂഹത്തിന്റെ സാക്ഷാത്ക്കാരത്തിന് വേണ്ടിയാണ് 1973-ല്‍ അദ്ദേഹം സത്യഷോഡക് സമാജം രൂപീരിക്കുന്നത്. ജാതി -മത വ്യത്യാസങ്ങള്‍ക്കതീതമായി സമൂഹത്തിലെ എല്ലാ ജനവിഭാങ്ങള്‍ക്കും അംഗത്വം നല്‍കിയ സമാജം മനുഷ്യരെല്ലാം തുല്യരാണെന്ന പ്രമാണത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായിരുന്നു. ആര്യസമാജവും ബ്രഹ്മസമാജവും പ്രാര്‍ത്ഥനാ സമാജവും പോലുള്ള സാമൂഹിക പരിഷ്‌കരണ സംഘങ്ങള്‍ സവര്‍ണ വിഭാഗങ്ങളുടെ മാത്രം പരിഷ്‌കരണത്തിലും ഉന്നതിയിലും ശ്രദ്ധയൂന്നിയപ്പോഴാണ് ഫൂലെയുടെ സത്യ ഷോഡക സമാജം സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള മുന്‍ചൊന്ന വിപ്‌ളവകരമായ ചുവടുവയ്പുകള്‍ നടത്തിയത്. സമൂഹത്തില്‍ സത്യവും നീതിയും യുക്തിചിന്തയും പ്രചരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായിരുന്ന സമാജം ജനങ്ങള്‍ക്കിടയില്‍ അവരുടെ അവകാശങ്ങളെ കുറിച്ചും അവര്‍ നേരിട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളെ സംബന്ധിച്ചും വിദ്യാഭ്യാസ വ്യാപനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും നിരന്തരം പ്രചരണം നടത്തികൊണ്ടിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെപ്പറ്റി പ്രബോധനം നടത്തിയ സമാജം സാമൂഹ്യ പരിഷ്‌കരണം ,വിധവാ വിവാഹം ,പൊതുവിദ്യാഭ്യാസം ,സ്വദേശി ഉദ്പനങ്ങളുടെ പ്രോത്സാഹനം ,അന്ധവിശ്വാസത്തില്‍ നിന്നും ജ്യോതിഷത്തില്‍ നിന്നുമുള്ള വിടുതല്‍ ,കുറഞ്ഞ ചെലവില്‍ ലളിതമായ വിവാഹ ചടങ്ങ് ,അനാഥരുടെയും വിധവകളുടെയും സംരക്ഷണം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും കാതലായ ചര്‍ച്ചകളും ഇടപെടലുകളും നടത്തിയിരുന്നു.

നേരത്തെ സൂചിപ്പിച്ചത് പോലെ ഇന്ത്യന്‍ സമൂഹത്തെ ജാത്യാടിസ്ഥാനത്തില്‍ വിമര്‍ശനാത്മക വിശകലനത്തിന് വിധേയമാക്കിയ ആദ്യത്തെ റാഡിക്കല്‍ സാമൂഹിക പരിഷ്‌കര്‍ത്താവും ചിന്തകനുമായിരുന്നു മഹാത്മ ജ്യോതിറ ഫൂലെ .ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ശൂദ്രാദിശൂദ്ര പിന്നോക്ക വിഭാഗങ്ങള്‍ ന്യൂനപക്ഷമായ ബ്രാഹ്മണ സവര്‍ണ വിഭാഗങ്ങളുടെ ആധിപത്യത്തിന്‍ കീഴില്‍ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുകയാണെന്നും അലംഘനീയമായി തുടരുന്ന ഈ ചൂഷണത്തിന് അറുതി വരുത്താന്‍ ശൂദ്രാദിശൂദ്ര പിന്നോക്ക മതന്യൂനപക്ഷങ്ങള്‍ സംഘടിത മുന്നേറ്റമായി പരിണമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു .അതിന് തൊഴിലെടുത്തു കഴിയുന്ന വിഭാഗങ്ങളും കൃഷിയെ ഉപജീവിച്ച് കഴിയുന്ന ജാതികളും ഒന്നിക്കണമെന്നും തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിന്‍ പ്രകാരം കുംബികള്‍, ,മാലികള്‍ ,ധന്‍ഗറുകള്‍ ,മുസ്ലീങ്ങള്‍ ,ഭില്ലുകള്‍ ,കോളികള്‍, മഹറുകള്‍ തുടങ്ങിയ അസംഘടിതരും അശരണരുമായ ജനവിഭാഗങ്ങളെ അദ്ദേഹം തന്റെ സമാജത്തിന്റെ കീഴില്‍ അണിനിരത്തി. ബ്രാഹ്മണിസം നിഷ്‌കര്‍ഷിച്ച ഉന്നത ,അധമ ,ശുദ്ധാശുദ്ധി ,അവമാനവിക,
കീഴാളസങ്കല്പങ്ങളെ പാടെ നിരാകരിച്ചു കൊണ്ടായിരുന്നു ഫൂലെ ഈ സംഘടിത മുന്നേറ്റം യാഥാര്‍ഥ്യമാക്കിയത്. സാര്‍വലൗകിക സാഹോദര്യവും മാനുഷിക സമത്വവും ആത്മാഭിമാനവുമായിരുന്നു ഫൂലെയും ആദര്‍ശവും ഫിലോസഫിയും. ഫൂലെ ഉയര്‍ത്തിയ സാര്‍വലൗകിക സാഹോദര്യം പ്രതിവിപ്‌ളവകരമായ എല്ലവിധ വിഭജനങ്ങളെയും ഭാഷയെയും മതത്തെയും ദേശീയതാ സങ്കല്പങ്ങളെയും അവര്‍ണനീയമാംവിധം മറി കടയുന്നതായിരുന്നു.

വിദ്യാഭ്യാസ വിപ്‌ളവം
വിദ്യാഭ്യാസത്തെ അധ:സ്ഥിത വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രധാന ഉപാധിയായി ദര്‍ശിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് ഫൂലെയെ പൊതുവെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. വിദ്യാഭ്യാസത്തിന്റെ സാര്‍വര്‍ത്രികതക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ അവിസ്മരണീയമായ അദ്ധ്യായങ്ങളാണ്. വിദ്യാദ്യാസം ലഭിച്ച ഒരു ജനത വിലക്കുകളെ അതിലംഘിച്ച് സാമൂഹിക – സാംസ്‌കാരിക വിപ്‌ളവങ്ങള്‍ക്ക് നേതൃത്വം നല്‍കും എന്ന ഫൂലെയുടെ ചിന്തകള്‍ 19-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ അടിത്തട്ടു ജനതയെ ഒന്നാകെ ആഴത്തില്‍ സ്വാധീനിക്കാന്‍ പര്യാപ്തമായിരുന്നു. 1913-ല്‍ കൊളോണിയല്‍ ഭരണകൂടം ഇന്ത്യയില്‍ പൊതുവിദ്യാലയങ്ങള്‍ തുറക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതോടുകൂടിയാണ് ഇന്നാട്ടിലെ വിദ്യാഭ്യാസ സംസ്‌കാരത്തില്‍ കാര്യമായ പരിവര്‍ത്തനങ്ങള്‍ ദൃശ്യമായി തുടങ്ങുന്നത്.1813-ലെ ചാര്‍ട്ടറില്‍ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു ലക്ഷം രൂപ നീക്കിവയ്ക്കപ്പെട്ടിരുന്നു . 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പൂന കേന്ദ്രീകരിച്ച് മിഷണറി മാര്‍ മറാത്തി പള്ളിക്കൂടങ്ങള്‍ ആരംഭിച്ചതായിരുന്നു വിദ്യാഭ്യാസ പുരോഗതിയിലെ മറ്റാരു കാല്‍വയ്പ്പ് .1835 – ല്‍ ലോര്‍ഡ് വില്യം ബെന്റിക് ഇന്ത്യയില്‍ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിക്കാന്‍ തീരുമാനിച്ചതായിരുന്നു വിദ്യാഭ്യാസ പുരോഗതിയിലെ മറ്റൊരു ചുവടുവയ്പ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പുരോഗഗമനപരമായ ഈ ഇടപെടലുകളൊക്കെയും രാജ്യത്തെ അധ:സ്ഥിത ,പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യാശയും പ്രതീക്ഷയും നല്‍കിയപ്പോള്‍ യഥാസ്ഥിതിക ഹിന്ദുക്കള്‍ പാശ്ചാത്യ വിദ്യാഭ്യാസം തങ്ങളുടെ പൈതൃകത്തെയും സംസ്‌കാരത്തെയും തകര്‍ക്കാന്‍ വഴിയൊരുക്കുമെന്നു വിലപിക്കുകയും പ്രതിഷേധിക്കുകയുമാണുണ്ടായത് .വിവിധ ജാതിയില്‍പ്പെട്ടവര്‍ ജാതിഭേദമെന്യെ ഒരുമിച്ച് വിദ്യാലയങ്ങളില്‍ പ്രവേശിച്ചാല്‍ അതു നൂറ്റാണ്ടുകള്‍ കാലപ്പഴക്കമുള്ള ജാതിവഴക്കങ്ങളെ അപ്പാടെ കടപുഴകിയെറിയുമെന്നും ഇക്കൂട്ടര്‍ വിലപിച്ചു. എന്നാല്‍ പാശ്ചാത്യ വിദ്യാഭ്യാസത്തെ സംബന്ധിച്ചുടലെടുത്ത വൈരുദ്ധ്യങ്ങള്‍ക്കു നടുവില്‍ ആദിശൂദ്രരുടെയും സ്ത്രീകളുടെയും വിമോചനം വിദ്യാഭ്യാസത്തിലൂടെ ദര്‍ശിച്ച ഫൂലെ മിഷണറി വിദ്യാഭ്യാസത്തെ പിന്തുണക്കാനും സ്വന്തമായി വിദ്യാലയങ്ങള്‍ തുറക്കാനുമാണ് പരിശ്രമിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹിക പരിവര്‍ത്തനത്തിന്റെ ഏറ്റവും മികച്ച ഉപാധിയായിരുന്നു വിദ്യാഭ്യാസം.ഇക്കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഫൂലെ ഇപ്രകാരം എഴുതി :’വിദ്യാഭ്യാസം ഇല്ലെങ്കില്‍ ചിന്താശക്തി നശിക്കുന്നു, ചിന്താശക്തിയില്ലെങ്കില്‍ ധാര്‍മികത നശിക്കുന്നു ,ധാര്‍മികതയില്ലെങ്കില്‍ വികസനം നശിക്കുന്നു ,വികസനം ഇല്ലെങ്കില്‍ സമ്പത്ത് നശിക്കുന്നു ,സമ്പത്ത് ഇല്ലെങ്കില്‍ ശൂദ്രര്‍ നാശമടയുന്നു .അങ്ങനെ വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ പലതും സംഭവിക്കുന്നു’ ഫൂലെ യുടെ വിദ്യാഭ്യാസ ചിന്തകളുടെ സ്വാധീനത്തില്‍ നിന്നാണ് പില്ക്കാലത്ത് ഡോ.അംബേദ്ക്കറെ പോലുള്ള ധിഷണാശാലികള്‍ സാമൂഹിക പരിവര്‍ത്തനത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ഊന്നി പറഞ്ഞതും അതിനു വേണ്ടി പ്രവര്‍ത്തിച്ചതും. പ്രബുദ്ധരാവുക ,പ്രക്ഷുബ്ധരാവുക ,സംഘടിക്കുക എന്ന ഡോ.അംബേദ്ക്കറുടെ സന്ദേശം പ്രസിദ്ധമാണല്ലോ.

അനാചാരങ്ങള്‍ക്കെതിരെ
നൂറ്റാണ്ടുകള്‍ അറിവിന്റെ ലോകം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് മുന്നില്‍ വിദ്യാലയങ്ങളുടെ വാതായനങ്ങള്‍ തുറന്നിട്ട ഫൂലെയുടെ അടുത്ത ലക്ഷ്യം സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിര്‍മാര്‍ജനം ചെയ്യുകയായിരുന്നു. ഇതിനായി വ്യാപകമായ പ്രചരണം തന്നെ അദ്ദേഹവും അനുയായികളും അഴിച്ചുവിട്ടു .വിധവാ വിവാഹം ഏറ്റവും വലിയ പാപമായി കണക്കാക്കപ്പെട്ടിരുന്ന മനുസ്മൃതിയുടെ കെട്ട കാലഘട്ടത്തിലായിരുന്നു ഫൂലെ ജീവിച്ചിരുന്നത്. ജാതിഹിന്ദുക്കള്‍ വിധവാ വിവാഹത്തെ നിരുല്‍സാഹപ്പെടുത്തുക മാത്രമല്ല വിധവകളെ സതി അനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്നതും സാമൂഹികമായി ഭൃഷ്ട് കല്പിക്കുന്നതും അക്കാലത്ത് സര്‍വസാധാരണമായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയില്‍ 1864-ല്‍ പൂനയില്‍ അദ്ദേഹം ഒരു അനാഥാലയം സ്ഥാപിക്കുകയും അവിടെ വിധവകള്‍ക്കും അവരുടെ കുട്ടികള്‍ക്കും അഭയം നല്‍കുകയും ചെയ്തു. വിധവകളുടെയും അവരുടെ കുട്ടികളുടെയും സംരക്ഷണാര്‍ഥം ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ സ്ഥാപനമായിരുന്നു ഇത്. 1873-ല്‍ ഈ അനാഥാലയത്തില്‍ അഭയാര്‍ഥിയായി എത്തിയ കാശിഭായി എന്ന ബ്രാഹ്മണ സ്ത്രീയുടെ പുത്രനെയാണ് പിന്നീട് ഫൂലെ ദമ്പതികള്‍ ദത്തുപുത്രനായി വളര്‍ത്തിയത്. വിധവകള്‍ക്ക് അഭയം നല്‍കിയതോടെപ്പം വിധവാ വിവാഹങ്ങള്‍ക്കും ഫൂലെ നേതൃത്വം നല്‍കിയിരുന്നു. അധികം പണചെലവില്ലാത്ത ലളിതമായ വിവാഹമായിരുന്നു ഫൂലെ നിര്‍ദ്ദേശിച്ചിരുന്നത്. ഫൂലെയുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി മാധവറാവു റാനഡെയെ പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ പോലും പിന്നീട് അദ്ദേഹത്തിന്റെ പാത പിന്‍ന്തുടരുകയുണ്ടായി.

അടിമത്തം
ബ്രാഹ്മണമേധാവിത്വത്തെയും ജാതി വ്യവസ്ഥയുടെ യുക്തിയെയും ചോദ്യം ചെയ്തു കൊണ്ട് 1873-ല്‍ മഹാത്മ ഫൂലെ രചിച്ച പ്രസിദ്ധമായ കൃതിയാണ് ഗുലാംഗിരി. ഗുലാംഗിരി എന്ന മറാത്തി പദത്തിന് അടിമത്തം എന്നാണ് അര്‍ഥം .ഇന്ത്യന്‍ ജാതിവ്യവസ്ഥയെ അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ണവിവേചനാധിഷ്ഠിത അടിമത്തത്തോട് ഉപമിച്ചുകൊണ്ടു രചിക്കപ്പെട്ട ഈ സവിശേഷ സാമൂഹിക വിമര്‍ശന ഗ്രന്ഥം അമേരിക്കയിലെ അടിമത്തം അവസാനിപ്പിക്കാന്‍ പോരാടിയ അന്നാട്ടിലെ പോരാളികള്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ജാതിവ്യവസ്ഥക്കും ബ്രാഹ്മണിസത്തിനുമെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രസ്താവനയായും, ഇന്ത്യന്‍ സാമൂഹിക വിപ്‌ളവ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഇടപെടലായും വിലയിരുത്തപ്പെടുന്ന ഈ ഗ്രന്ഥം ആര്യന്‍ അധിനിവേശത്തെത്തുട

രാഷ്ട്രീയ പ്രസ്താവനയായും, ഇന്ത്യന്‍ സാമൂഹിക വിപ്‌ളവ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഇടപെടലായും വിലയിരുത്തപ്പെടുന്ന ഈ ഗ്രന്ഥം ആര്യന്‍ അധിനിവേശത്തെത്തുടര്‍ന്നുണ്ടായ തദ്ദേശീയ ജനതയുടെ അധ:പതനത്തെ മുന്‍നിര്‍ത്തിയാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഫൂലെയുടെ സാമൂഹിക ,രാഷ്ടീയ വീക്ഷണങ്ങള്‍ ആഴത്തില്‍ വിശദീകരിക്കുന്ന ഈ ഗ്രന്ഥം കൊളോണിയലിസത്തെക്കാള്‍ ഭീകരമാണ് ബ്രാഹ്മണിസം എന്നും ശൂദ്രാദിശൂദ്രരുടെ പതനത്തിന് നിദാനം അവര്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതാണെന്നും ശാരീരിക അടിമത്തെക്കാള്‍ ഭീകരമാണ് പുരോഹിതവര്‍ഗം അടിച്ചേല്‍പ്പിക്കുന്ന അടിമത്തം എന്നും വിലയിരുത്തുന്നു. സത്യഷോഡക് സമാജത്തിന്റെ നിരവധി ആശയങ്ങളും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് കാണാം. ആര്യാധിനിവേശത്തിലൂടെ സംജാതമായ ബ്രാഹ്മണാധിപത്യവും ജാതി വ്യവസ്ഥയുമാണ് ഇന്ത്യയുടെ പതനത്തിന് വഴിതെളിച്ചതെന്ന മുഖക്കുറിപ്പോടെ ആരംഭിക്കുന്ന ഗുലാംഗിരി ആധുനിക ഇന്ത്യയിലെ ദലിത്-ബഹുജന്‍ രാഷ്ട്രീയത്തിന് അടിത്തറ പാകിയ രാഷ്ടീയ ഗ്രന്ഥമായും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഡോ.അംബേദ്കര്‍ ഉള്‍പ്പെടെയുള്ള നിരവധി ചിന്തകരെ ഗുലാം ഗിരി ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന വസ്തുതയും സ്മരണീയമാണ്. ബ്രാഹ്മണി സവും ജാതിവ്യവസ്ഥയുമാണ് ഇന്ത്യയുടെ പതനത്തിന് വഴിതെളിച്ചതെന്ന ഡോ.അംബേദ്ക്കറുടെ രാഷ്ടീയ പ്രസ്താവന പ്രസിദ്ധമാണല്ലോ . 1883-ല്‍ പ്രസിദ്ധീകരിച്ച കള്‍ട്ടിവേറ്റേഴ്‌സ് വിപ്‌കോഡും 1889-ല്‍ പ്രകാശനം ചെയ്യപ്പെട്ട സാര്‍വജനിക സത്യധര്‍മ പുസ്തകവുമാണ് മഹാത്മ ഫൂലെ യുടെ ശ്രദ്ധേയമായ ഇതര രചനകള്‍.

പൂനെ മുന്‍സിപ്പാലിറ്റിയില്‍
1876-ല്‍ മഹാത്മ ഫൂലെയെ പിന്നോക്ക വിഭാഗങ്ങളുടെ പ്രതിനിധിയായി പൂനെ മുന്‍സിപ്പാലിറ്റിയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിപുലപ്പെടുത്തി. മുന്‍സിപ്പാലിറ്റിയില്‍ അംഗമായിരിക്കുമ്പോഴാണ് ഭരണതലത്തിലെ ബ്രാഹ്മണാധിപത്യത്തെപ്പറ്റി അദ്ദേഹം നേരിട്ട് അനുഭവിച്ചറിയുന്നത്. ഉടന്‍ തന്നെ ഭരണ സംവിധാനത്തില്‍ അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാധിനിത്യം ലഭിക്കേണ്ടതുണ്ടെന്നു അദ്ദേഹം വാദിച്ചു തുടങ്ങി.1876-77 കാലഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ കടുത്ത ക്ഷാമവും ദാരിദ്യവും അനുഭവപ്പെട്ടപ്പോള്‍ അതിന് ഇരയായവരെ സഹായിക്കാന്‍ ഫൂലെയുടെ നേതൃത്വത്തില്‍ സത്യമോഡക് സമാജത്തിന്റെ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങി. 1879-ല്‍ ഫുലെയുടെ നേതൃത്വത്തില്‍ കൃഷ്ണറാവു ഭലേക്കര്‍ എഡിറ്ററായി ദീനബന്ധു എന്ന പേരില്‍ ഒരു ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണവും ഫൂലെ ആരംഭിച്ചു. പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും അധസ്ഥിത വിഭാഗങ്ങളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങമള്‍ ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ദീനബന്ധുവിന്റെ ദൗത്യം. 19-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ദീനബന്ധു സത്യഷോഡക് സമാജത്തിന്റെ ശബ്ദമായും തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും ജിഹ്വയായുമാണ് നിലകൊണ്ടത്. പിന്നീട് മേഘാജി ലോകഖണ്ഡയുടെ കീഴില്‍ ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ ബോംബെ മില്‍ഹാന്‍ഡ്‌സ് അസോസിയേഷന്റെ മുഖപത്രമായി 1920 വരെ ദീനബന്ധു പ്രസിദ്ധീകരണം തുടര്‍ന്നു.

തൊഴിലാളി നേതാവ്
തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശ സംരക്ഷകന്‍ എന്ന നിലയിലും ചരിത്രത്തില്‍ കൈയൊപ്പ് ചാര്‍ത്തിയ മഹാനായിരുന്നു മഹാത്മ ഫൂലെ. ഇന്ത്യയില്‍ ആദ്യമായി തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയവരില്‍ പ്രമുഖനായിരുന്നു മഹാത്മ ഫൂലെ. 1880 കളുടെ തുടക്കത്തില്‍ ബോംബെയിലെ മില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് അദ്ദേഹം മുന്നിട്ടിറങ്ങി. ഇക്കാലത്ത് ദീനബന്ധുവിലൂടെയാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തിയത്. ഫൂലെയും ലോഖണ്ഡെയുമായിരുന്നു മില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി മുന്നിട്ടിറങ്ങിയത് .തല്‍ഫലമായി ബോംബെ മില്‍ഹാന്‍ഡ്‌സ് അസോസിയേഷന്‍ (1884) രൂപീകരിക്കപ്പെടുകയും തൊഴിലാളികളെ സംഘടിതരാക്കുകയും ചെയ്തു .1883-84 കാലഘട്ടത്തില്‍ ഫൂലെ മഹാരാഷ്ട്രയിലെ കൃഷിക്കാരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന കള്‍ട്ടിവേറ്റേഴ്‌സ് വിപ്‌കോഡ് എന്ന മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുകയും ചെയ്തു.

1888 മേയ് 11 -ന് ഫൂലെയുടെ അനുയായികളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ ആദരിക്കാന്‍ ബോംബെയില്‍ ഒരു മഹാസമ്മേളനം സംഘടിപ്പിച്ചു. ഒരു പുരുഷായുസ്സ് മുഴുവന്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും സവര്‍ണാധിപത്യം നിശബ്ദരാക്കിയവരുടെയും അഭ്യുന്നതിക്കും വിമോചനത്തിനും വേണ്ടി ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച ആ മഹാവ്യക്തിത്വത്തെ ആദരിക്കാന്‍ സംഘടിപ്പിച്ച പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് അന്ന് ബോംബെയില്‍ സമ്മേളിച്ചത് .സമ്മേളനത്തിന് അയച്ച അനുമോദന സന്ദേശത്തില്‍ ബറോഡ രാജാവ് ഫൂലെയെ ഇന്ത്യയുടെ ബുക്കര്‍ ടി വാഷിങ്ടണ്‍ എന്നാണ് വിശേഷിപ്പിച്ചത്. ചരിത്രപ്രസിദ്ധമായ പ്രസ്തുത സമ്മേളനം ജ്യോതിറ ഫൂലെയെ ആദരസൂചകമായി മഹാത്മാവ് എന്നു അഭിസംബോധന ചെയ്തതോടെ ചരിത്രത്തില്‍ ആ യുഗപ്രവാചകന്‍ മഹാത്മ ജ്യോതിറ ഫൂലെ എന്ന പേരില്‍ സ്ഥിരപ്രതിഷ്ഠ നേടി. 1964-ല്‍ ഡോ.ധനജയ്കീര്‍ രചിച്ച മഹാത്മ ജ്യോതിറ ഫൂലെ : ദ ഫാദര്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ റവല്യൂഷന്‍ എന്ന ജീവചരിത്ര ഗ്രന്ഥം മഹാത്മ ഫൂലെയുടെ ഐതിഹാസിക ജീവിതത്തെ ആദ്യമായി സമഗ്രതയില്‍ അടയാളപ്പെടുത്തി. 1890 നവംബര്‍ 20 – ന് മഹാത്മ ഫൂലെ എന്ന യുഗപ്രഭാവന്‍ വിടവാങ്ങി. അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ ഇപ്പോഴും ഇന്ത്യയിലെ ദലിത്- ബഹുജന്‍ ജനകോടികളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

 

Related