കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിലെ സമാനതകളില്ലാത്ത മനുഷ്യാവകാശ പോരാളിയും വിപ്ളവകാരിയുമായിരുന്നു മഹാത്മ അയ്യൻകാളി. ജാതീയതയും ജന്മിത്തവും രാജവാഴ്ചയും സൃഷ്ടിച്ച സാമൂഹിക ഉച്ചനീചത്വത്തിനും വിവേചനങ്ങൾ ക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ഒടുവിൽ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിലൂടെ നീളം വികസിച്ച കേരളീയ നവോത്ഥാന മുന്നേറ്റങ്ങൾ നിരവധി അടരുകളെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. അതു ഒരേ സമയം സാമൂഹിക ജീർണതകൾക്കെതിരെ വിരൽചൂണ്ടുകയും പൗരാവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുകയും സാമുദായിക പരിഷ്കരണത്തിലൂന്നി സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കുകയും സാംസ്കാരിക പരിവർത്തനത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്തു. സമൂഹത്തിൻ്റെ അടിത്തട്ടിൽ നിന്നും ഉരുവംകൊണ്ട കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളെല്ലാം പില്ക്കാലത്ത് സമൂഹത്തെയാകെ സ്വാധീനിക്കും വിധത്തിൽ പാകപ്പെടുന്നതോടുകൂടിയാണ് സമൂഹം ഒന്നാകെ പരിവർത്തനത്തിലേയ്ക്കും ആധുനികതയിലേയ്ക്കും പ്രവേശിക്കുന്നത്.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രഭവകാലഘട്ടിൽ സാധുജനങ്ങളുടെ സമുദ്ധാരണവും ശാക്തീകരണവും വിമോചനവും ലക്ഷ്യമാക്കി 1907-ൽ സാധുജന പരിപാല സംഘം എന്ന ബഹുജന പ്രസ്ഥാനത്തിന് രൂപം നൽകി അടിസ്ഥാന ജനവിഭാഗങ്ങളുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് അനന്യസാധാരണമായ നേതൃത്വം നൽകി കേരളീയ സമൂഹത്തെ ആധുനികതയിലേയ്ക്ക് നയിച്ച നവോത്ഥാന ശില്പിയാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടിയിരുന്ന ജാതീയമായ വിലക്കുകളെയും സവർണാധിപത്യത്തെയും മേൽക്കോയ്മകളെയും വെല്ലുവിളിച്ച അദ്ദേഹം പ്രതിരോധങ്ങളെയും രാജശാസനകളെയും സംഘടിതമായി അതിജീവിച്ചുകൊണ്ടായിരുന്നു അധ:സ്ഥിത ജനവിഭാഗങ്ങളുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത്. സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസ സ്വാതന്ത്ര്യം, വിഭവാധികാര സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം, വസ്ത്രധാരണ സ്വാതന്ത്ര്യം, അധികാര പങ്കാളിത്തം, അന്തസ്സാർന്ന ജീവിതം എന്നിങ്ങനെ അടിസ്ഥാന ജനവിഭാഗങ്ങളുടെ നിരവധിയായ പൗരാവകാശങ്ങൾക്കുവേണ്ടി അയ്യൻകാളി നേതൃത്വം നൽകിയ പോരാട്ടങ്ങൾ നിരവധിയാണ്. ഐതിഹാസികമായ ഈ പോരാട്ടങ്ങളായിരുന്നു അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും മുങ്ങിപോയിരുന്ന കേരളീയ സമൂഹത്തെ പൗരാവകാശങ്ങളുടെയും ജനാധിപത്യത്തിൻ്റെയും ആധുനികതയിലേയ്ക്ക് നയിക്കാൻ വഴിതുറന്നത്.
വില്ലുവണ്ടി സമരം
അയ്യൻകാളിയുടെ ഉജ്ജ്വലമായ പോരാട്ട ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായമാണ് സഞ്ചാരസ്വാതന്ത്ര്യം ലക്ഷ്യമാക്കി 1893-ൽ അദ്ദേഹം നേതൃത്വം നൽകിയ വില്ലുവണ്ടി സമരം. ജാതിയും അയിത്തവും സവർണാധികാരവും പരസ്പരം ഇഴുകിച്ചേർന്ന് കൊടികുത്തിവാണിരുന്ന ആ ഇരുണ്ട കാലഘട്ടത്തിൽ അവർണ്ണരെന്ന് മുദ്രകുത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങൾക്ക് അശുദ്ധിയുടെ പേരിൽ പൊതുവഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം പോലും വിലക്കപ്പെട്ടിരുന്നു. സഞ്ചാരവീഥികളെ രാജവീഥികളെന്നും പൊതുവഴികളെന്നും രണ്ടായി വിഭജിച്ചിരുന്നെങ്കിലും ആ വഴികളിലൂടെയൊന്നും അവർണ്ണരെ സഞ്ചരിക്കാൻ സവർണ്ണർ അനുവദിച്ചിരുന്നില്ല. ഭരണാധികാരികളും പരിവാരങ്ങളും ഹോയ്, ഹോയ് വിളികളോടെ തീണ്ടൽജാതികളെ ആട്ടിയകറ്റി രാജവീഥികളിലൂടെ പല്ലക്കുകളിൽ സഞ്ചരിച്ചപ്പോൾ ബ്രാഹ്മണാദി ശൂദ്രവിഭാഗക്കാർ പൊതുവഴികളിലൂടെ നിശ്ചിത ജാതി അകലം പാലിച്ചാണ് നടന്നിരുന്നത്. എന്നാൽ, ഈ വഴികളിലൂടെയൊന്നും അവർണ്ണർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അവരുടെ നിഴലുകൾ പോലും അശുദ്ധിയുണ്ടാക്കുമെന്നായിരുന്നു സവർണ്ണരുടെ വിശ്വാസം. അവർ വള്ളിപ്പടർപ്പുകൾക്കിടയിലൂടെയും പൊന്തുകളിലൂടെയും കാട്ടുവഴികളിലൂടെയും മറ്റുമായിരുന്നു സഞ്ചരിക്കേണ്ടിയിരുന്നത്. അലംഘനീയമായ ഈ തിട്ടൂരങ്ങളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു 1893-ൽ കാളകളെ പൂട്ടികെട്ടിയ വില്ലുവണ്ടിയിൽ രാജവീഥിയിലൂടെ സഞ്ചരിച്ച് അയ്യൻകാളി അവർണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. നിയതാർഥത്തിൽ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ നിയമലംഘനമായിരുന്നു വില്ലുവണ്ടി യാത്ര.
വൈക്കം ക്ഷേത്രപരിസരത്തെ റോഡിലൂടെ അവർണ്ണരുടെ നടപ്പുസ്വാതന്ത്ര്യത്തിനു വേണ്ടി 1924-ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹ സമരത്തിനും മൂന്നു ദശാബ്ദങ്ങൾക്ക് മുൻപാണ് അയ്യൻകാളി ഐതിഹാസികമായ വില്ലുവണ്ടി സമരം നടത്തി തിരുവിതാംകൂറിൽ അവർണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുന്നത്ല്ലു. വില്ലുവണ്ടി സമരയാത്രയുടെ വിജയത്തെത്തുടർന്ന് ചന്തകളിലും പൊതുയിടങ്ങളിലും അവർണ്ണർക്ക് പ്രവേശിക്കുന്നതിനുള്ള സംഘടിത മുന്നേറ്റങ്ങൾക്കും അയ്യൻകാളി നേതൃത്വം നൽകുകയുണ്ടായി. വിലക്കുകൾ നിലനിന്നിരുന്ന ഇടങ്ങളിലേയ്ക്കെല്ലാം അയ്യൻകാളി അനുയായികൾക്കൊപ്പം സംഘടിതമായി കടന്നു ചെന്നു. ബാലരാമപുരത്തിനടുത്തുള്ള ആറാലുംമൂട് ചന്തയിലേയ്ക്കും നെടുമങ്ങാട് ചന്തയിലേയ്ക്കും പ്രവേശനം നേടിയെടുക്കുന്നതിനു വേണ്ടി അയ്യൻകാളി നടത്തിയ സംഘടിത മുന്നേറ്റങ്ങളെ സവർണ്ണർ ചെറുത്തതിനാൽ പലയിടങ്ങളിലും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. പുലയ ലഹളകൾ എന്നു വ്യവസ്ഥാപിത ചരിത്രകാരന്മാർ ചാപ്പ കുത്തിയ ഇത്തരം സംഘർഷങ്ങളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു ചാലിയ തെരുവ് ലഹള. ചാലിയ തെരുവ് ലഹളയെത്തുടർന്നാണ് തെക്കൻ തിരുവിതാംകൂറിൻ്റെ പല ഭാഗങ്ങളിലും അധ:സ്ഥിത വിഭാഗക്കാർ തീണ്ടാപ്പലകളിൽ നിരോധനം ഏർപ്പെടുത്തിയ പൊതുവഴിളിലൂടെ സംഘടിതമായി നടന്ന് തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുന്നത്.
വിദ്യാഭ്യാസ സ്വാതന്ത്ര്യം
” വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ടു ശക്തരാവുക” എന്ന നാരായണ ഗുരുവിൻ്റെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന നവോത്ഥാന നായകനായിരുന്നു മഹാത്മ അയ്യൻകാളി. വിദ്യാഭ്യാസത്തെ വിമോചനത്തിൻ്റെ യഥാർഥ മാർഗ്ഗമായി ദർശിച്ച അദ്ദേഹം തിരുവിതാംകൂറിൽ വിദ്യാഭ്യാസം സാർവർത്രികവും സൗജന്യമാക്കുന്നതിനും വേണ്ടി നടത്തിയ പോരാട്ടങ്ങളും ചരിത്രപ്രസിദ്ധങ്ങളായിരുന്നു അഥവാ അത്തരം പോരാട്ടങ്ങളായിരുന്നു കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ ജനകീയവും സാർവത്രികവുമാക്കുന്നതിലേയ്ക്ക് നയിച്ചത്. വേദം ശ്രവിക്കുന്ന ശൂദ്രൻ്റെ കർണ്ണങ്ങളിൽ ഈയം ഉരുക്കിയൊഴിക്കണം എന്ന മനു ശാസനങ്ങൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ വിലക്കുകളെ മറികടന്ന് വെങ്ങാനൂരിൽ സ്വന്തമായി പള്ളിക്കൂടം കെട്ടിയുയർത്തിയും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടി നിവേദനങ്ങളിലൂടെ അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടും കർഷക തൊഴിലാളികളുടെ പണിമുടക്ക് സമരം സംഘടിപ്പിച്ചും വിദ്യാർഥികളോടൊപ്പം വിലക്കുകൾ ലംഘിച്ച് സംഘടിതമായി പള്ളിക്കൂടങ്ങളിൽ പ്രവേശിച്ചും ഒക്കെയായിരുന്നു അധ:സ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യൻകാളി ധീരമായി പോരാടിയത്. “എൻ്റെ കുഞ്ഞുങ്ങളെ പള്ളിക്കൂടങ്ങളിൽ കയറാൻ അനുവദിച്ചില്ലെങ്കിൽ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും” എന്ന അയ്യൻകാളിയുടെ ആഹ്വാനം ഒരു കാട്ടുതീ പോലെയാണ് അക്കാലത്ത് തിരുവിതാംകൂറിൽ പടർന്നുപിടിച്ചത്. പണിമുടക്ക് സമരത്തിൻ്റെ വിജയത്തെത്തുടർന്ന് 1908-ലെ വ്യവസ്ഥ പ്രകാരം അധ:സ്ഥിത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ സ്കൂൾ പ്രവേശനം തത്വത്തിൽ അംഗീകരിച്ചെങ്കിലും സവർണ്ണരുടെ എതിർപ്പിനെത്തുടർന്ന് നാടിൻ്റെ നാനാഭാഗങ്ങളിലും സ്കൂൾ പ്രവേശനത്തിനും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും അധ:സ്ഥിത വിഭാഗങ്ങൾക്ക് സംഘടിത മുന്നേറ്റങ്ങൾ തന്നെ നടത്തേണ്ടി വന്നു. രക്തരൂക്ഷിതമായ ഊരുട്ടമ്പലം ലഹളയും (1910) തൊണ്ണൂറാം മാണ്ട് ലഹളയും പുല്ലാട്ടു ലഹളയും നമ്മുടെ വിദ്യാഭ്യാസ ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായങ്ങളാണ്.
വസ്ത്രധാരണ സ്വാതന്ത്ര്യം
വസ്ത്രം വെറുമൊരു തുണിയല്ലെന്നും, മറിച്ച് മനുഷ്യൻ്റെ ആത്മാഭിമാനത്തിൻ്റെ പ്രതീകവും പ്രതിഫലനവുമാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ സാമൂഹിക പരിഷ്കർത്താവായിരുന്നു മഹാത്മ അയ്യൻകാളി. അക്കാലത്ത് താഴ്ന്ന ജാതിക്കാരായ പുരുഷന്മാർക്ക് മുട്ടിന് താഴെ കോറമുണ്ടുടുക്കാനോ സ്ത്രീകൾക്ക് അരയ്ക്ക് മുകളിൽ റൗക്ക പോലുള്ള മേൽവസ്ത്രം ധരിക്കാനോ അവകാശം ഉണ്ടായിരുന്നില്ല. അവർ കോറമുണ്ട് ചെളിയിൽമുക്കി കീറി മേലാളർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കാൻ പാകത്തിലായിരിക്കണം ധരിക്കേണ്ടതെന്നു രാജകീയ വിളംബരങ്ങൾ പോലും നിലനിന്നിരുന്നു. ചാളകൾ എന്നു വിളിക്കപ്പെട്ടിരുന്ന അവർണ്ണരുടെ കുടിലുകൾ വയലേലകൾക്ക് സമീപത്തായിരിക്കണമെന്നും അവർ സവർണ്ണരെ അനുകരിച്ച് സ്വർണവും വെള്ളിയും ധരിക്കരുതെന്നും സവർണ്ണരെ അനുകരിച്ച് ഭക്ഷണം പാകം ചെയ്യരുതെന്നും നിഷ്കർഷിക്കപ്പെട്ടിരുന്നു. 1822-തോടെയാണ് അവർണ്ണർക്ക് മേൽമുണ്ട് ധരിക്കുന്നതിനുള്ള പ്രക്ഷോഭം തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെടുന്നത്. ചാന്നാർ ലഹളയെന്നു ഇകഴ്ത്തി പരിഹസിക്കപ്പെട്ട പ്രസ്തുത പ്രക്ഷോഭത്തിനൊടുവിൽ തെക്കൻ തിരുവിതാംകൂറിലെ നാടാർ സമുദായത്തിലെ സ്ത്രീകൾക്ക് മാന്യമായി മേൽവസ്ത്രം ധരിക്കാനുള്ള പൗരാവകാശം ലഭിച്ചെങ്കിലും പുലയരാദി അധ:സ്ഥിത വിഭാഗങ്ങൾക്ക് പ്രസ്തുത അവകാശങ്ങൾക്കുവേണ്ടി അയ്യൻകാളിയുടെ കാലംവരെ കാത്തിരിക്കേണ്ടി വന്നു. അടിയാളത്തത്തിൻ്റെ അടയാളമായി കാലാകാലങ്ങളായി മണ്ണിൻ്റെ മക്കൾ ധരിക്കാൻ നിർബന്ധിതരായിരുന്ന വസ്ത്രധാരണത്തിലെ അപരിഷ്കൃത സമ്പ്രദായത്തെ അപ്പാടെ തിരസ്കരിച്ചു കൊണ്ടായിരുന്നു അയ്യൻകാളി വസ്ത്രധാരണ സ്വാതന്ത്ര്യത്തിനുവേണ്ടി വിമോചനത്തിൻ്റെ കലാപം ഉയർത്തിയത്. അദ്ദേഹത്തിൻ്റെ സ്വർണ്ണകരയുള്ള വെള്ളമുണ്ടും തലപ്പാവും കല്ലുവച്ച കടുക്കും തുകൽ ചെരുപ്പും കട്ടിയുള്ള കൊമ്പൻ മീശയും അധികാരത്തിൻ്റെയും പ്രൗഢിയുടെയും ആത്മാഭിമാനത്തിൻ്റെയും പ്രതീകങ്ങളായാണ് പ്രകീർത്തിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു അയ്യൻകാളി തൻ്റെ ജനതയുടെ വസ്ത്രധാരണ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. പ്രജാസഭാ മെമ്പറായതിനു ശേഷം അധികാരത്തിൻ്റെ അടയാളമായി അദ്ദേഹം കോട്ടിൽ തിരുവിതാംകൂർ മുദ്ര പതിപ്പിക്കുകയും കൈവശം എപ്പോഴും ചെമ്പുതകിടിൽ കൊത്തിയെടുത്ത വിസിറ്റിംഗ് കാർഡും കരുതിയിരുന്നു. അടിയാള ഭാഷ പൂർണമായും ബഹിഷ്കരിച്ച അദ്ദേഹം ആശയസംവേദനത്തിനായി അവകാശങ്ങളുടെയും അധികാരത്തിൻ്റെയും മൂർച്ചയേറിയ ഭാഷയും ശൈലിയും ഉപയോഗിച്ചും മാതൃകയാവുകയായിരുന്നു. ഉഗ്രശാസനങ്ങളുടെയും വെല്ലുവിളികളുടെയും ആഹ്വാനത്തിൻ്റെയും ശൈലികൾ നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തിൻ്റെ പ്രസംഗംങ്ങൾ സവർണ്ണാധിപത്യത്തെയും രാജാധികാര കേന്ദ്രങ്ങളെയും ഒരു പോലെ പിടിച്ചുകുലുക്കിയപ്പോൾ സാധുജനങ്ങളെന്നു അദ്ദേഹം വിശേഷിപ്പിച്ച അധ:സ്ഥിത ജനതതി തങ്ങളുടെ വിമോചന ഗാഥയായാണ് യജമാനൻ അയ്യൻകാളിയുടെ വാക്കുകൾ ഉൾക്കൊണ്ടത്.
1911- ൽ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നതോടുകൂടിയാണ് അയ്യൻകാളിയിലെ രാഷ്ടീയ വിപ്ളവകാരി ഉയർത്തെഴുന്നേൽക്കുന്നത്. നീണ്ട 28 വർഷക്കാലം പ്രജാസഭാ അംഗമായിരിക്കെ അദ്ദേഹം പ്രജാ സഭയിൽ നടത്തിയ പ്രസംഗങ്ങളും തയ്യാറാക്കി നൽകിയ നിവേദനങ്ങളും അദ്ദേഹത്തിൻ്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വീക്ഷണങ്ങൾ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. അയ്യൻകാളി എന്ന സാമൂഹിക വിപ്ളവകാരിയുടെ ആശയലോകത്തിൻ്റെ അതിർവരമ്പുകൾ നിർണ്ണയിക്കുന്നതും ഈ പ്രസംഗങ്ങളും എഴുത്തുകളും തന്നെ. നൂറ്റാണ്ടുകളായി സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് അധികാരത്തിലും വിഭവങ്ങളിലും പൗരാവകാശങ്ങളിലും തുല്യത ഉറപ്പാക്കാതെ ഒരു ഭരണകൂടത്തിനും കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ അതിജീവിക്കാനാവില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നവയായിരുന്നു അദ്ദേഹം നടത്തിയ പ്രജാസഭാപ്രസംഗങ്ങൾ. പ്രജാസഭയിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം (പ്രാതിനിധ്യ ജനാധിപത്യം ), ഭൂമി, വിദ്യാഭ്യാസം, തൊഴിൽ, സർക്കാർ ഉദ്യോഗം തുടങ്ങിയ വിഭവങ്ങളിൽ പങ്കാളിത്തം, പൗരാവകാശങ്ങളുടെ സംരക്ഷണം, സാമൂഹിക നീതി, സാമൂഹിക സുരക്ഷ എന്നീ കാതലായ വിഷയങ്ങൾക്കു വേണ്ടി അദ്ദേഹം നിരന്തരം ശബ്ദമുയർത്തി. ഭൂരഹിതർക്ക് സർക്കാർ ഭൂമി കരമൊഴിവാക്കി പതിച്ചുനൽകാനും വിദ്യാഭ്യാസം സൗജന്യമാക്കാനും അദ്ദേഹം പ്രജാസഭയിൽ നിരന്തരം വാദിച്ചു. പ്രജാസഭാ സമ്മേളനങ്ങളോടുബന്ധിച്ച് വി.ജെ.ടി ഹാളിൽ വിളിച്ചുചേർത്തിരുന്ന സാധുജന പരിപാലന സംഘത്തിൻ്റെ വാർഷിക സമ്മേളനങ്ങളിൽ ദിവാൻ്റെയും മറ്റു ഭരണാധികാരികളുടെയും സാനിധ്യത്തിലും അയ്യൻകാളി അധ:സ്ഥിത സമുദായങ്ങളുടെ പ്രശ്നങ്ങളും അവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും യുക്തിസഹമായി അവതരിപ്പിച്ചിരുന്നു.
അയ്യൻകാളി പ്രജാസഭാ അംഗമായിരിക്കുമ്പോഴാണ് 1915-ൽ കൊല്ലം പെരിനാട് കലാപം ഉണ്ടാകുന്നത്. 1915-ൽ അയ്യൻകാളി നടത്തിയ ചരിത്രപ്രസിദ്ധമായൊരു ആഹ്വാനത്തിലൂടെ തെക്കൻ തിരുവിതാംകൂറിലെ പുലയരാദി അധ:സ്ഥിത വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ അപരിഷ്കൃതത്വത്തിൻ്റെ ഭാഗമായി അവർ ധരിച്ചിരുന്ന കല്ലയും മാലയും വലിച്ചെറിഞ്ഞ് അഭിമാനത്തോടെ മേൽവസ്ത്രം ധരിക്കാൻ തുടങ്ങിയത് തിരുവിതാംകൂറിലാകെ വലിയ സാമൂഹിക ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി കൊല്ലം പെരിനാട്ടെ അധ:സ്ഥിത വിഭാഗക്കാരായ സ്ത്രീകൾ ഗോപാല ദാസൻ എന്ന നേതാവിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് കല്ലയും മാലയും ഉപേക്ഷിക്കാനും ആത്മാഭിമാനത്തോടെ മേൽവസ്ത്രം ധരിക്കാനും തയ്യാറായതിനെ സവർണ്ണർ സംഘടിതമായി നേരിട്ടതോടെയാണ് പെരിനാട് ലഹള പൊട്ടിപ്പുറപ്പെടുന്നത്. ഒടുവിൽ അയ്യൻകാളിയുടെ സമയോചിതമായ ഇടപെടലിനെ ഫലമായാണ് പെരിനാട് ലഹളയ്ക്ക് അറുതിയുണ്ടാവുന്നതും അന്നാട്ടിലെ അധ:സ്ഥിത വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ കല്ലയും മാലയും ഉപേക്ഷിച്ച് മാന്യമായി മേൽവസ്ത്രം ധരിക്കുന്നതിനുള്ള അവകാശം സ്വയം ആർജ്ജിച്ചെടുക്കുകയും ചെയ്യുന്നത്. ഇത്തരത്തിൽ സംഘടിതമായും അധികാരത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയും സാധുജന പരിപാലിനി എന്ന പ്രസിദ്ധീകരണത്തിലൂടെയും പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനും തുല്യനീതി വ്യവസ്ഥാപിതമാക്കുന്നതിനും തദ്വാരാ ആധുനിക കേരളീയ സമൂഹത്തെ വാർത്തെടുക്കുന്നതിനും അയ്യൻകാളി എന്ന നവോത്ഥാന നായകൻ നൽകിയ സംഭാവനകൾ ഇന്നും മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് മാർഗ്ഗദർശിയും ഉൾക്കരുത്തമായി നിലകൊള്ളുന്നു.
