ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ചുവടുറപ്പിക്കുന്നതിനും ദശാബ്ദങ്ങള്‍ക്ക് മുന്‍പെ റഷ്യന്‍ വിപ്ലവത്തിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവിതാംകൂറിലെ അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി, കേരള ചരിത്രത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി പണിമുടക്ക് സമരം സംഘടിപ്പിച്ച് ഭരണാധികാരികളെയും മാടമ്പിമാരെയും മുട്ടകുത്തിച്ച നവോത്ഥാന ശില്‍പിയാണ് മഹാത്മ അയ്യന്‍കാളി. കേരളീയ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ആത്മീയവും സാംസ്‌കാരികവുമായ ദിശാബോധം നല്‍കിയ നാരായണ ഗുരുവിന്റെയും ജാതി വൈജാത്യങ്ങള്‍ക്കതീതമായി കേരളത്തിലെ അധഃസ്ഥിത വിഭാഗങ്ങളെ വ്യക്തമായ ചരിത്രബോധത്തിന്റെ അടിത്തറയില്‍ സാമുദായികമായി സംഘടിപ്പിച്ച പൊയ്കയില്‍ അപ്പച്ചന്റെയും സമകാലികനായ അയ്യന്‍കാളി ഉപജാതി വ്യത്യാസങ്ങള്‍ക്കക്തീതമായി സാധുജനം എന്ന സാമൂഹിക ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അനാചരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ജാതിവിവേചനങ്ങള്‍ക്കുമെതിരെ പൗരാവകാശങ്ങള്‍ക്കു വേണ്ടി നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ തന്റെ പേര് അടിയാളപ്പെടുത്തപ്പെടുന്നത്. മഹാത്മ അയ്യന്‍കാളിയുടെ നേതൃത്യത്തില്‍ തിരുവിതാംകൂറിലെ അധഃസ്ഥിത വിഭാഗങ്ങള്‍ പൗരാവകാശങ്ങള്‍ക്കും അതിജീവനത്തിനും വേണ്ടി പോരാട്ടവീര്യവും സംഘശക്തിയും ആര്‍ജ്ജിച്ച് ഒരു കൊടുങ്കാറ്റിന്റെ പ്രഹര ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ അത് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയവുമായൊരു അധ്യായത്തിന്റെ രേഖപ്പെടുത്തലായി മാറുകയായിരുന്നു.
തിരുവനന്തപുരത്തിന് തെക്ക് വെങ്ങാനൂരില്‍ പെരുങ്കാറ്റു വിളയിലെ പ്ലാവറ തറവാട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് 1863 ആഗസ്റ്റ് 28ന് (കൊല്ലവര്‍ഷം 1039 ചിങ്ങം 14) അയ്യന്‍കാളി എന്ന കലാപകാരിയുടെ ജനനം. രാജനീതിക്കു കീഴില്‍ സവര്‍ണാധിപത്യത്തിന്റെ വക്താക്കള്‍ തൊട്ടുകൂടാത്തവര്‍ അഥവാ അയിത്തജാതിക്കാര്‍ എന്നു മുദ്രകുത്തി സാമൂഹികമായി ബഹിഷ്‌കരിച്ചിരുന്ന പുലയ സമുദായത്തില്‍ പിറന്നതിനാല്‍ അത്യന്തം പ്രതിലോമകരമായ ജാത്യാചാരങ്ങള്‍ക്കു കീഴില്‍ കാലാകാലങ്ങളായി സമുദായം നേരിട്ടുകൊണ്ടിരുന്ന വിവേചനങ്ങള്‍ക്കും അവഗണനകള്‍ക്കും നേരിട്ട് വിധേയനായിട്ടായിരുന്നു അയ്യന്‍കാളി തന്റെ ബാല്യകാലം പിന്നിട്ടത്. കുട്ടിക്കാലം മുതല്‍ വിലക്കുകളെ ധിക്കരിക്കാനും ചോദ്യം ചെയ്യാനും ജന്മസിദ്ധമായ തന്റേടവും ആര്‍ജ്ജവവും കാട്ടിയിരുന്ന മിടുക്കനായ മകന് മാതാപിതാക്കള്‍ കാളി എന്നാണ് ആദ്യം പേരിട്ടത്. പില്‍ക്കാലത്ത് അനീതിയെ വെല്ലുവിളിച്ചുകൊണ്ടു പൗരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ദലിതരുടെ പോരാട്ടങ്ങളുടെ നെടുനായകത്വം ഏറ്റെടുക്കുന്നതോടുകൂടിയാണ് കാളി എന്ന പേര് അയ്യന്‍കാളിയായി ചരിത്രത്തില്‍ പ്രസിദ്ധിയാര്‍ജ്ജിക്കുന്നത്. അക്കാലത്ത് സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരുന്ന ജാതി നിയമങ്ങള്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നതിനാല്‍ അയ്യന്‍കാളിക്ക് പള്ളിക്കൂടത്തില്‍ പോകാനോ അക്ഷരാഭ്യാസം നേടാനാ കഴിഞ്ഞില്ല. എങ്കിലും ജന്മസിദ്ധമായ പ്രതിഭാവിലാസവും നേതൃത്വ പാഠവും കൈമുതലാക്കി യുവാവായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം അടിസ്ഥാന ജനവിഭാഗങ്ങളുടെ ശബ്ദവും വക്താവുമായി മാറിക്കഴിഞ്ഞിരുന്നു. കലാ-കായിക രംഗങ്ങളിലും ചെറുപ്പത്തില്‍ തന്നെ അദ്ദേഹം മികവ് തെളിയിക്കുകയും കായികാഭ്യാസികളില്‍ നിന്നും ആയോധനകലയില്‍ വേണ്ടത്ര പ്രവീണ്യം നേടുകയും ചെയ്തിരുന്നു. മാത്രമല്ല, യുവാവായിരിക്കുമ്പോള്‍ തന്നെ സമപ്രായക്കാരായ യുവാക്കളുടെ ഒരു സംഘം രൂപീകരിക്കുന്നതിലും കൂട്ടമായി സഞ്ചരിക്കുന്നതിലും നാട്ടില്‍ പുറങ്ങളില്‍ പുലയരാദി അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്നതിനും അസാധാരണമായ ധൈര്യം കാട്ടിയിരുന്നു.
ഇക്കാലത്താണ്, 1887-ല്‍ തിരുവനന്തപുരത്ത് വച്ച് അയ്യന്‍കാളി, ആത്മജ്ഞാനിയായ തൈക്കാട് അയ്യാവ് സ്വാമികളെ കണ്ടുമുട്ടന്നതും അദ്ദേഹത്തില്‍ നിന്നും ഉപദേശം സ്വീകരിക്കുകയും ചെയ്യുന്നത്. സംസ്‌കൃതത്തിലും തമിഴിലും ആംഗലേയ ഭാഷയിലും അസാധാരണമായ പ്രാവീണ്യം ഉണ്ടായിരുന്ന സ്വാമികള്‍ നാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവും യോഗിയും വേദാന്തിയുമായിരുന്നു. അന്നത്തെ തിരുവിതാംകൂര്‍ രാജാവ്, ശ്രീമൂലം തിരുനാളിന്റെ ക്ഷണം സ്വീകരിച്ച് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിന്റെ സുപ്രണ്ടായി ജോലി നോക്കിയിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് തൈക്കാട്ടായിരുന്നു താമസിച്ചിരുന്നത്. അങ്ങനെയാണ് അദ്ദേഹം തൈക്കാട് അയ്യാവു സ്വാമി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. നാരായണ ഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും അയ്യന്‍കാളിക്കും പുറമെ സത്യാന്വേഷകരായ നിരവധി പ്രമുഖര്‍ അദ്ദേഹത്തെ നിരന്തരം സന്ദര്‍ശിക്കുകയും ഉപദേശങ്ങള്‍ സ്വീകരിക്കകയും ചെയ്യുക പതിവായിരുന്നു. ആധ്യത്മിക പ്രഭാഷണങ്ങളിലൂടെയും കീര്‍ത്തനങ്ങളിലൂടെയും ജാതിതിമിരം ബാധിച്ച യാഥാസ്ഥിതിക ഹിന്ദുക്കളുടെ മനസ്സിനെ ശുദ്ധീകരിക്കാന്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്ന അയ്യാവ് സ്വാമികളുടെ പ്രബോധനങ്ങള്‍ ഒരു വേള അയ്യന്‍കാളിയെയും ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. സ്വാമികളുമായി അയ്യന്‍കാളി നടത്തിയ നിരന്തര ആശയ വിനിമയങ്ങള്‍ തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മയും ജാതിവിലക്കുകള്‍ക്കും രാജാക്കന്മാരുടെ തീട്ടുരങ്ങള്‍ക്കുമെതിരെ പോരാടാനുള്ള അദ്ദേഹത്തിന്റെ ആത്മചോദനയെ തൊട്ടുണര്‍ത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിന് വഴിതെളിക്കുകയുണ്ടായി. ജാതിയുടെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അധഃസ്ഥിത വിഭാഗങ്ങള്‍ സംഘടിച്ച് മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആ മുന്നേറ്റത്തിന് അയ്യന്‍കാളി ധീരമായി നേതൃത്വം നല്‍കണമെന്നും അയ്യാവ് സ്വാമികള്‍ അയ്യന്‍കാളിയെ ഉപദേശിക്കുകയുണ്ടായി. ഇക്കാലത്താണ് മഞ്ചാംകുഴിയില്‍ ചെല്ലമ്മയുമായുള്ള അയ്യന്‍കാളിയുടെ വിവാഹം നടക്കുന്നത്. വിവാഹാനന്തരം വെങ്ങാനൂരിലെ തെക്കേവിളയിലേക്ക് താമസം മാറിയ അയ്യന്‍കാളി അവിടെ നിന്നാണ് പില്‍ക്കാലത്ത് തന്റെ സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. തെക്കേവിളയില്‍ താമസിക്കുമ്പോഴാണ് അയ്യന്‍കാളി സ്വസമുദായത്തിന്റെ പൗരാവകാശങ്ങളെപ്പറ്റി കൂടുതല്‍ ബോധവാനാകുന്നതും വിലക്കുകളെ സധൈര്യം ലംഘിച്ചുകൊണ്ടു അവ നേടിയെടുക്കുന്നതിനുള്ള സമുദായ പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ വ്യാപൃതനാവുന്നതും.

അധഃസ്ഥിത, പിന്നോക്ക വിഭാഗങ്ങള്‍ക്ക് അക്കാലത്ത് പൊതുവഴികളിലൂടെ സഞ്ചാരസ്വാതന്ത്ര്യം വിലക്കപ്പെട്ടിരുന്നു. സഞ്ചാരവീഥികളെ രാജവീഥികളെന്നും പൊതുവഴികളെന്നും രണ്ടായി വിഭജിച്ചിരുന്നെങ്കിലും ആ വഴികളില്‍ ഒന്നില്‍ കൂടിയും പറയരും പുലയരും ഈഴവരും ഉള്‍പ്പെട്ടയുളള കീഴാള വിഭാഗങ്ങളെ സഞ്ചരിക്കാന്‍ സവര്‍ണര്‍ അനുവദിച്ചിരുന്നില്ല. കേണല്‍ മണ്‍റോ ദിവാനായിരുന്ന കാലത്ത് തിരുവിതാംകൂറില്‍ പൊതുനിരത്തുകളുടെ നിര്‍മാണത്തെ സംബന്ധിച്ച് ഒരു സര്‍വേ നടത്തിയെങ്കിലും പൊതുനിരത്തുകള്‍ നിര്‍മിക്കുന്നതിനെ രാജഭരണകൂടം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ജാതി നിയമങ്ങളാല്‍ ബന്ധിതമായി നിശ്ചലമായി പോയൊരു സമൂഹത്തില്‍, വിലക്കിനാല്‍ ഭൂരിഭാഗത്തിനും ഉപയോഗശൂന്യമായേക്കാവുന്ന ഒരു സമൂഹത്തില്‍ പൊതുനിരത്തുകള്‍ നിര്‍മിക്കുന്നത് തന്നെ അര്‍ഥശൂന്യമാണല്ലോ? ഇക്കാരണത്താല്‍ തന്നെ പൊതുഗതാഗത സമ്പ്രദായത്തെ കുറിച്ചും ഭരണാധികാരികള്‍ക്ക് ചിന്തിക്കേണ്ടി വന്നില്ല. രാജക്കന്മാര്‍ പരിവാരങ്ങളോടൊപ്പം രാജവീഥികളിലൂടെ തീണ്ടല്‍ ജാതികളെ ആട്ടിയകറ്റി പല്ലക്കുകളില്‍ സഞ്ചരിച്ചപ്പോള്‍ ബ്രാഹ്‌മണാദി ശൂദ്ര വിഭാഗക്കാര്‍ പൊതുവഴികളിലൂടെ ജാതി അകലം പാലിച്ചാണ് നടന്നിരുന്നത്. എന്നാല്‍, അശുദ്ധമാകുമെന്ന ന്യായത്തിന്മേല്‍ ഈ വഴികളിലൂടെ ഒന്നും അടിമ ജാതികള്‍ എന്നു വര്‍ഗീകരിക്കപ്പെട്ടിരുന്ന ഈഴവരാദി അധഃസ്ഥിത വിഭാഗങ്ങളെ സഞ്ചരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നു മാത്രമല്ല, സഞ്ചരിക്കാന്‍ ഈ വിഭാഗക്കാര്‍ തയ്യാറാകുകയും ചെയ്തിരുന്നില്ല. മാത്രമല്ല പലയിടങ്ങളിലും തൊട്ടുകൂടാത്തവര്‍ എന്നു സവര്‍ണരാല്‍ ഗണിക്കപ്പെട്ടിരുന്ന അടിസ്ഥാന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന തീണ്ടപലകകളും സ്ഥാപിച്ചിരുന്നു. വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കിയിരുന്നതിനാല്‍ ആരും വിലക്കപ്പെട്ട വഴികളിലൂടെ സഞ്ചരിക്കാന്‍ ധൈര്യം കാട്ടിയിരുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഐതിഹാസിക സമരത്തിന് അയ്യന്‍കാളിയും കൂട്ടരും തയ്യാറെടുക്കുന്ന്.
മനുഷ്യന്റെ അടിസ്ഥാന മൗലികാവകാശമായ സഞ്ചാര സ്വതന്ത്ര്യം ഒരു പോരാട്ടത്തിലൂടെ നേടിയെടുക്കാന്‍ നിശ്ചയിച്ചുറച്ച അയ്യന്‍കാളി പക്ഷേ അതിന് വേണ്ടി രാജ ഭരണകൂടത്തോടോ ഭരണകൂടത്തിന്റെ സില്‍ബന്തികളോടോ കേണപേക്ഷിക്കുകയല്ല ചെയ്തത്. മറിച്ച് കാളകളെ കെട്ടിയ ഒരു വില്ലുവണ്ടിയില്‍ രാജവീഥിയിലൂടെ സധൈര്യം സഞ്ചരിച്ച് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയായിരുന്നു. 1893-ല്‍ ആയിരുന്നു സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കേരള ചരിത്രത്തിലെ ആദ്യത്തെ ഈ സമരം അരങ്ങേറിയത്. അതോടെ ജാതിവാഴ്ചയ്ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിലക്കുകള്‍ക്കുമെതിരെയുള്ള അടിസ്ഥാന വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സമാരംഭമായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ സംഘടിക്കാന്‍ തുടങ്ങിയ യുവാക്കള്‍ പൊതുവഴികളിലൂടെ കൂട്ടമായി സഞ്ചരിക്കാന്‍ ആരംഭിച്ചതോടെ അതൊരു മുന്നേറ്റമായി മാറി. കീഴാളര്‍ക്ക് പ്രവേശനം വിലക്കപ്പെട്ടിരുന്ന പൊതുവഴികളിലൂടെയെല്ലാം സംഘം സംഘടിതമായി സഞ്ചരിക്കുക പതിവാക്കിയതോടെ അടിയാളര്‍ പൊതുവഴികള്‍ തീണ്ടി എന്ന വാര്‍ത്ത കൊടുങ്കാറ്റുപോലെ നാട്ടിലെങ്ങും വാര്‍ത്തയായി. വൈക്കം ക്ഷേത്ര പരിസരത്തെ റോഡിലൂടെ അവര്‍ണര്‍ക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി 1924-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിതിനും മൂന്നു ദശാബ്ദങ്ങള്‍ക്ക് മുന്‍പാണ് വില്ലുവണ്ടിയില്‍ സഞ്ചരിച്ച് അയ്യന്‍കാളി സഞ്ചാരസ്വാതന്ത്യ പ്രഖ്യാപനം നടത്തുന്നത്.
(തുടരും)
