August 13 Thursday 2026

മഹഡ് സത്യഗ്രഹം: ഉപ്പിന് മുൻപെ കുടിവെള്ള സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന മഹാപ്രക്ഷോഭം

ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തെ വെല്ലുവിളിച്ച്, ഉപ്പു കുറക്കലിന് ഏർപ്പെടുത്തിയ അന്യായ നികുതിക്കെതിരെ മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 12-ന് ആരംഭിച്ച ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും ചരിത്രപ്രസിദ്ധമാണല്ലോ. എന്നാൽ, ഉപ്പുസത്യാഗ്രഹത്തിന് മൂന്ന് വർഷം മുൻപ് ബാബാസാഹേബ് ഡോ. ബി.ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ കുടിവെള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു വലിയ പ്രക്ഷോഭം ഇന്ത്യയിൽ അരങ്ങേറുകയുണ്ടായി. ആയിരത്താണ്ടുകൾ പൊതുജലസ്രോതസ്സുകളിൽ നിന്നും കുടിവെള്ളം ശേഖരിക്കാനുള്ള അവകാശം വിലക്കപ്പെട്ടിരുന്ന അധഃസ്ഥിത വിഭാഗക്കാർ സംഘടിതമായി നടത്തിയ ആ മഹാ പ്രക്ഷോഭത്തിൻ്റ ശതാബ്ദി വർഷമാണ് 2026. ദലിതരുടെ മിശിഹയും അനിഷേധ്യനായ മനുഷ്യാവകാശ പോരാളിയുമായ ഡോ. അംബേദ്ക്കറുടെ സംഭവബഹുലമായ സാമൂഹ്യ – രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള സംഭവമായും കുടിവെള്ള സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന ലോകത്തിലെ തന്നെ ആദ്യത്തെ പൗരാവകാശ പോരാട്ടമായും ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന പ്രസ്തുത സമരത്തിന് മഹാരാഷ്ട്രയിലെ കൊളാബ ജില്ലയിലെ മഹഡ് മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ചൗദാർ കുളമാണ് വേദിയായത്. 1927മാർച്ച് 20- ന് ആരംഭിച്ച് രണ്ടു ഘട്ടങ്ങളിലൂടെ 1937 മാർച്ച് 10-ലെ ബോംബെ ഹൈക്കോടതിയുടെ നിർണായകമായ വിധിന്യായത്തോടെ വിജയകരമായി പര്യവസാനിച്ച പ്രസ്തുത പ്രക്ഷോഭം അടിസ്ഥാന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ പൗരാവകാശങ്ങൾ വീണ്ടെടുക്കുന്നതിന് വേണ്ടി ഇന്ത്യയിൽ നടന്ന ഉജ്ജ്വലമായ പോരാട്ടവും ദലിത് ബഹുജൻ മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അദ്ധ്യായങ്ങളിൽ ഒന്നുമാണ്. ജാതിവിവേചനങ്ങൾക്കെതിരെ സമത്വത്തിനും നീതിക്കും പൗരാവകാശങ്ങൾക്കും വേണ്ടി ഇന്ത്യയിലെ അധഃസ്ഥിത വിഭാഗങ്ങൾ നടത്തിയ സംഘടിത മുന്നേറ്റമായും മഹഡ് പ്രക്ഷോഭം വിലയിരുത്തപ്പെടുന്നുണ്ട്. മഹാത്മ ഗാന്ധി ഉപ്പുസത്യാഗ്രഹത്തിലുടെ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്തപ്പോൾ ഡോ. അംബേദ്കർ പോരാടിയത് നൂറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള ജാതിവിവേചനം എന്ന ആഭ്യന്തര ശത്രുവിനെതിരെയായിരുന്നു. അതു കേവലം കുടിവെള്ളത്തിനു വേണ്ടി മാത്രം നടന്ന പോരാട്ടം മാത്രമായിരുന്നില്ല, തദ്വാരാ മനുഷ്യാവകാശ സംസ്ഥാപനത്തിന് വേണ്ടിയുള്ള പൗരാവകാശ പോരാട്ടമായിരുന്നു. അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനം യാഥാർഥ്യമാവുന്ന തിനും രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപാണ് ഈ പൗരാവകാശ പ്രക്ഷോഭം അരങ്ങേറുന്നത്. ഇന്ത്യൻ സാമൂഹിക ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത പൗരാവകാശ പോരാട്ടമായി വിലയിരുത്തപ്പെടുന്ന മഹഡ് പ്രക്ഷോഭം അതിൻ്റെ നൂറാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ആധുനിക ഇന്ത്യയുടെ നിർമിതിയിലും ജാതിവിവേചന നിർമാർജ്ജനത്തിലും ദലിതരുടെ വിമോചന മുന്നേറ്റത്തിലും ആ പ്രക്ഷോഭം എത്രമാത്രം സ്വാധീനം ചെലുത്തി എന്നു വിലയിരുത്തപ്പെടുന്നത് അനുചിതമായിരിക്കും.

പശ്ചാത്തലം
മഹാരാഷ്ട്രയിലെ കൊളാബ ജില്ലയിലെ മഹഡ് മുനിസിപ്പാലിറ്റിക്ക് കീഴിലെ ചൗദാർ കുളമായിരുന്നു ചരിത്രപ്രസിദ്ധമായ മഹഡ് പ്രക്ഷോഭത്തിൻ്റെ വേദിയെന്നു സൂചിപ്പിച്ചല്ലോ. ചൗദാർ കുളം ഒരു പൊതുമുതലയായിരുന്നെങ്കിലും ജാതിയും തൊട്ടുകൂടായ്മയും സവർണാധിപത്യവും മനു നിയമങ്ങളും കൊടികുത്തിവാണിരുന്ന അക്കാലത്ത് തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി അദ്യശ്യവത്ക്കരിക്കപ്പെട്ടിരുന്ന ദലിതരെ ആ ജലാശയത്തിൽ നിന്നും കുടിവെള്ളം ശേഖരിക്കാൻ ജാതിതിമിരം ബാധിച്ച അന്നാട്ടിലെ സവർണർ അനുവദിച്ചിരുന്നില്ല. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന, കാലപ്പഴക്കം കൊണ്ട് തുരുമ്പ് പിടിച്ച അലംഘനീയമായൊരു തിട്ടൂരമായിരുന്നു അത്. സവർണരും ക്രിസ്ത്യാനികളും മുസ്ലിംകളും കന്നുകാലികളും യഥേഷ്ടം ചൗദാർ കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നപ്പോൾ അശുദ്ധിയുടെ പേരിൽ അയിത്തജാതിക്കാർക്ക് മാത്രം അത് വിലക്കപ്പെടുകയായിരുന്നു. സവർണരുടെ ദാർഷ്ട്യത്തെ ചോദ്യം ചെയ്യാൻ അയിത്തജാതിക്കാർക്ക് ധൈര്യമോ സംഘടിതശേഷിയോ നേതൃത്വമോ ഇല്ലാതിരുന്നതിനാൽ നൂറ്റാണ്ടുകൾ ചൗദാർകുളം അയിത്തജാതിക്കാർക്ക് മുന്നിൽ ഒരു അടഞ്ഞ അദ്ധ്യായമായി തന്നെ നിലനിന്നു. ആരും അതിനെ ചോദ്യം ചെയ്യാൻ മുന്നോട്ടു വന്നില്ല . അനിശ്ചിതത്വത്തിൻ്റെ ഈ പശ്ചാത്തലത്തിലാണ് 1923-ൽ ഇതു സംബന്ധിച്ച് ബോംബെ നിയമനിർമാണ സഭയുടെ ഭാഗത്ത് നിന്നും നിർണായകമായ ചില ഇടപെടലുകളുണ്ടാകുന്നത്. എസ്.കെ ബോലെ ബോംബെ നിയമ നിർമാണ സഭയിൽ അവതരിപ്പിക്കുകയും ബോംബെ ഗവൺമെൻ്റ് അംഗീകരിക്കുകയും ചെയ്ത സുപ്രധാനമായൊരു പ്രമേയമായിരുന്നു ഇതിൻ്റെ തുടക്കം. 1923-ൽ നിയമനിർമാണ സഭ പാസ്സാക്കുകയും 1926-ൽ അംഗീകരിക്കുകയും ചെയ്ത ബോലെ പ്രമേയത്തിനനുസൃതമായി മഹഡ് മുനിസിപ്പാലിറ്റിക്ക് കീഴിലെ ചൗദാർ കുളം അയിത്തജാതിക്കാർക്കായി തുറന്നുകൊടുക്കുന്നതായി ഉത്തരവ് പുറപ്പെടുവിച്ചു . എന്നാൽ, ജാതിഹിന്ദക്കളുടെ ധിക്കാരപരമായ എതിർപ്പ് മൂലം മുനിസിപ്പാലിറ്റിയുടെ ഈ തീരുമാനം നീണ്ട കാലം ജലരേഖയായി തന്നെ അവശേഷിച്ചു. മുനിസിപ്പാലിറ്റിയാകട്ടെ നിയമം നടപ്പിലാക്കാൻ യാതൊരുവിധ നടപടിയും സ്വീകരിച്ചതുമില്ല. ഈയൊരു പശ്ചാത്തലത്തിലാണ് ഡോ.അംബേദ്കർ ഈ വിഷയത്തിൽ ഇടപെടുന്നതും ബഹിഷ്കൃത ഹിതകാരിണി സഭയുടെ നേതൃത്വത്തിൽ ചൗദാർകുളം അയിത്തജാതിക്കാർക്ക് തുറന്നുകിട്ടുവാൻ വേണ്ടിയുള്ള പൗരാവകാശ പ്രക്ഷേഭത്തിന് തുടക്കം കുറിക്കുന്നതും.

1927 മാർച്ച് 19,20 തീയതികളിൽ മഹഡിൽ ഒരു കോൺഫറൻസ് നടത്താൽ തീരുമാനിക്കുന്നതോടുകൂടിയാണ് ചരിത്ര പ്രസിദ്ധമായ ഈ മഹാപ്രക്ഷോഭത്തിൻ്റെ തിരശ്ശീല ഉയരുന്നത്. സമര പ്രഖ്യാപനത്തിന് പിന്നാലെ വലിയ പ്രചരണം തന്നെ അരങ്ങേറി. സുരേന്ദ്രനാഥ് ടിപ്‌നിസ്, സുബോദാർ സവാദ്കർ, ആനന്ദറാവു ചിത്രേ എന്നീ പ്രദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കോൺഫറൻസിനു വേണ്ട മുന്നൊരുക്കങ്ങൾ നടന്നത്. ഡോ. അംബേദ്ക്കറുടെ ആഹ്വാന പ്രകാരം മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും വിവിധ ജില്ലകളിൽ നിന്നുള്ള പതിനായിരത്തിലധികം പ്രതിനിധികളും പ്രവർത്തകരും നേതാക്കളുമാണ് കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയത്. അവരിൽ പതിനഞ്ച് വയസ്സ് മുതൽ എഴുപത് വയസ്സ് വരെ പ്രായമുള്ളവർ റൊട്ടിക്കഷണങ്ങൾ നിറച്ച ഭാണ്ഡങ്ങളും പേറി നൂറിലധികം കിലോമീറ്ററുകൾ ക്ലേശിച്ച് കാൽനടയായാണ് മഹഡിൽ എത്തിച്ചേർന്നത്. അവർ എന്തു വില കൊടുത്തും ഏതു പ്രതിസന്ധികളെയും നേരിടാൻ തയ്യാറായിരുന്നു. മാർച്ച് 19-ന് മഹഡിൽ സംഗമിച്ച പ്രതിനിധികളെ ഡോ. അംബേദ്കർ അഭിസംബോധന ചെയ്യുന്നതോടുകൂടിയാണ് കോൺഫൻസ് ആരംഭിക്കുന്നത്. ദലിതരുടെ സമകാലിക അവസ്ഥാന്തരങ്ങളെ, പ്രത്യേകിച്ചും അവർ അഭിമുഖീകരിച്ചുകൊണ്ടിരിക്കന്ന സാമൂഹിക ,രാഷ്ട്രീയ വെല്ലുവിളികളെ വിശകലനം ചെയ്തു കൊണ്ടു പ്രസംഗം ആരംഭിച്ച ഡോ. അംബേദ്കർ ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ സൈന്യത്തിലും മറ്റും ഈ വിഭാഗങ്ങൾക്ക് ലഭിച്ച പരിഗണനകളെ അനുസ്മരിക്കുകയും അതു റദ്ദാക്കിയപ്പോൾ സംജാതമായ ബുദ്ധിമുട്ടുകൾ എന്തെല്ലാമാണെണ് വിശദീകരിക്കുകയും അയിത്തജാതിക്കാർ അവരുടെ മനസ്സിൽ അടിഞ്ഞുകൂടിക്കിടക്കുന്ന അപകർഷതാബോധത്തെ തൂത്തെറിഞ്ഞ് വിദ്യാഭ്യാസത്തിലൂടെയും കൃഷിയിലൂടെയും പുരോഗതിയുടെ ചുവടുകൾ താണ്ടണമെന്നു ആഹ്വാനം മുഴക്കുകയും ചെയ്തു. സമ്മേളനത്തൽ പങ്കെടുത്തു കൊണ്ടിരുന്നവരെ ആവേശഭരിതരാക്കിയ ഡോ. അംബേദ്ക്കറുടെ മാസ്മരിക പ്രഭാഷണം അവസാനിക്കവെ കോൺഫറൻസ് പ്രമേയങ്ങൾ പാസാക്കുന്നതിലേക്ക് പ്രവേശിച്ചു. ചത്ത മൃഗങ്ങളെ സവർണർ തന്നെ മറവ് ചെയ്യണം എന്നതായിരുന്നു ആദ്യത്തെ പ്രമേയം. രണ്ടാമത്ത പ്രമേയം എല്ലാ ജല സ്രോതസ്സുകളും അയിത്തജാതിക്കാർക്കു കൂടി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കാര്യനിർവാഹക സമിതി യോഗം ചേരുകയും പിറ്റേ ദിവസം ചൗദാർ കുളത്തിലേക്ക് മാർച്ച് ചെയ്യാനും കുടിവെള്ള സ്വാതന്ത്ര്യത്തെപ്പറ്റി അവകാശ പ്രഖ്യാപനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. തീരുമാനിച്ച പ്രകാരം പിറ്റേ ദിവസം വൈകുന്നേരം ഡോ. അംബേദ്ക്കറുടെ പിന്നിൽ അണിനിരന്ന പതിനായിരങ്ങൾ സവർണർ തിങ്ങിപ്പാർക്കുന്ന മഹഡ് പട്ടണത്തിലൂടെ, ചരിത്രത്തിലാദ്യമായി തങ്ങൾക്ക് ലഭിച്ച ഒരു അനിഷേധ്യ നേതാവിൻ്റെ പിന്നിൽ അണിനിരന്ന് അവരുടെ അവകാശം നീതികരിക്കാൻ മുദ്രാവാക്യങ്ങൾ മുഴക്കി സാവധാനം ചൗദാർ കുളത്തിനരികിലേക്ക് നീങ്ങി. അവരോടായി ഡോ. അംബേദ്കർ ഇപ്രകാരം ആഹ്വാനം ചെയ്തു “നമ്മൾ ചൗദാർ കുളത്തിലേക്ക് പോകുന്നത് ആ വെള്ളം കുടിച്ചാൽ അമരത്വം ലഭിക്കുമെന്നത് കൊണ്ടല്ല, മറിച്ച് നമ്മളും മനുഷ്യരാണെന്നു തെളിയിക്കാനാണ് “. കുളത്തിനടുത്തെത്തിയ സമരഭടന്മാർ ജാതി “നശിക്കട്ടെ, അയിത്തം തലയട്ടെ ” എന്നിങ്ങനെ മുദ്രാവാക്യം മുഴക്കി കൊണ്ട് കുളത്തിന് ചുറ്റും നിലയുറപ്പിച്ചു, അപ്പോഴേക്കും അവരുടെ ഒരേയൊരു നേതാവ് ഡോ. അംബേദ്കർ തന്നെ അനുഗമിച്ചെത്തിയ പതിനായിരങ്ങളെ സാക്ഷി നിർത്തി ആ കുളത്തിൽ നിന്നും ഒരു കൈകുമ്പിൾ നിറയെ വെളളം കോരിയെടുത്ത് ആവേശത്തോടെ കുടിച്ചു. അതോടെ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. സമരഭടന്മാരുടെ ആവേശം അതിരുകടക്കാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല. അവർ “ജാതി നശിക്കട്ടെ, അയിത്തം തുലയട്ടെ ” എന്നിങ്ങനെ വീണ്ടും വീണ്ടും ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് കുളത്തിൻ്റെ കൽപ്പടവുകൾ ചവിട്ടിയിറങ്ങി കൈകളിൽ വെള്ളം കോരിയെടുത്തു കുടിച്ചു. അതോടെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിലക്കുകളുടെ ചങ്ങലക്കെട്ടുകൾ നുറങ്ങുകയും ഒരു പുതുയുഗം പിറവി കൊള്ളുകയും ചെയ്തു.

സവർണ പ്രതിരോധങ്ങൾ
അങ്ങനെ പൊതുജലസ്രോതസ്സുകളിൽ നിന്നും കുടിവെള്ളം ശേഖരിക്കാനുള്ള ദലിതരുടെ പൗരാവകാശം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ചരിത്രപ്രസിദ്ധമായ മഹഡ് പ്രക്ഷോഭത്തിൻ്റെ ആദ്യഘട്ടം വിജയകരമായി പര്യവസാനിച്ചു. ഐതിഹാസികമായ ആ സമരം അതിൽ പങ്കെടുത്തവരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുകയും ഏതു പ്രതികൂല സാഹചര്യങ്ങളെയും സംഘശക്തിയിലൂടെ അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസം അവരിൽ പ്രോജ്ജ്വലിപ്പിക്കുകയും ചെയ്തു. എല്ലാവിധത്തിലും ആവേശഭരിതരായിരുന്ന അവർ സമ്മേളന നഗരിയിലേയ്ക്കും നഗരത്തിൻ്റെ പല ഭാഗങ്ങളിലേക്കും സ്വന്തം ഗ്രാമങ്ങളിലേക്കു മടങ്ങുകയായിരുന്നു. ഈയൊരു അവസരത്തിൽ സമരക്കാർ സമീപത്തെ വീരേശ്വർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പദ്ധതിയിടുന്നു എന്നൊരു കിംവദന്തി ദുഷ്ടലാക്കുള്ള ചില സവർണ ഹിന്ദുക്കൾ പറഞ്ഞു പരത്തിയിരുന്നു. ഇതിൽ പ്രകോപിതരായ ഒരു സംഘം ആക്രമികൾ മാരകായുധങ്ങളുമായി നിരായുധരായ സമരക്കാതെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കാൻ മുതിർന്നത് സമാധാനപരമായി പര്യവസാനിച്ച ആ പ്രക്ഷോഭത്തെ ചോരയിൽ മുക്കാൻ വഴിയൊരുക്കി. സ്ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയും അക്രമികൾ അതിക്രൂരമായി ആക്രമിച്ചു മുറിവേൽപ്പിച്ചു. ഭയചികിതരായ അവർ നാലുപാടും ചിതറിയോടി. സമ്മേളന നഗരിയിൽ തിരിച്ചെത്തി വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ടിരുന്നവരെ പോലും അക്രമികൾ ആക്രമിച്ചു. ഏതാണ്ട് ഇരുപതോളം പേർക്ക് മാരകമായി പരിക്കേറ്റതായി പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ സമയം ട്രാവലേഴ്സ് ബംഗ്ലാവിൽ വിശ്രമിക്കുകയായിരുന്ന ഡോ. അംബേദ്ക്കറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു കലാപത്തെ തന്നെ ഒഴിവാക്കാനായി. അക്രമത്തിലൂടെയോ കലാപത്തിലൂടെയോ ഒരു പ്രക്ഷോഭവും വിജയിപ്പിക്കാനാവില്ലെന്ന് അദ്ദേഹം അനുയായികളോട് പറഞ്ഞു. അതോടൊപ്പം വീരേശ്വർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സമരക്കാർക്ക് യാതൊരുവിധ പദ്ധതിയുമില്ലെന്ന് അദ്ദേഹം സവർണ ഹിന്ദുക്കളെയും ബോധ്യപ്പെടുത്തി. അതോടെ അക്രമവും കലാപവും കെട്ടടങ്ങുകയും സമരക്കാർ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.

കുടിവെള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഡോ. അംബേദ്ക്കറുടെ നേതൃത്വത്തിൽ ചൗദാർ കുളത്തിലേക്ക് സംഘടിപ്പിച്ച ചരിത്രപ്രസിദ്ധമായ പ്രക്ഷോഭം അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ സാമൂഹിക മുന്നേറ്റത്തിൻ്റെ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ വഴി തുറക്കുകയുണ്ടായി. അയിത്തജാതിക്കാർ ചൗദാർ കുളത്തിലേക്ക് നടത്തിയ മാർച്ചിനെയും കുളത്തിൽ നിന്നും കുടിവെള്ളം എടുത്ത് തങ്ങളുടെ പൗരാവകാശം പ്രഖ്യാപിച്ചതിനെയും സവർണർ അയിത്തജാതിക്കാരുടെ ധിക്കാരമായി ആക്രോശിച്ചപ്പോൾ തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് അയിത്തജാതിക്കാർ പ്രസ്തുത പ്രക്ഷോഭത്തെ വിലയിരുത്തിയത്. തങ്ങളുടെ പൗരാവകാശങ്ങൾ ബോധപൂർവം നിഷേധിക്കുന്ന ജാതിഹിന്ദുക്കളുടെ കാൽക്കൽ വീണ് അകാശങ്ങൾക്കു വേണ്ടി കേണപേക്ഷിക്കുന്നതിനെക്കാൾ ഭേദം പോരാടി മരിക്കുകയാണ് മഹത്തരമെന്ന സന്ദേശവും മഹഡ് സമരം മുന്നോട്ട് വയ്ക്കുകയുണ്ടായി. മാത്രമല്ല പ്രസ്തുത സമരം മാറ്റത്തിൻ്റെ കൊടുങ്കാറ്റ് തന്നെ അഴിച്ചുവിടുകയും ചെയ്തു. മഹഡ് സമരത്തിൻ്റെ ഫലമായി ചത്തമൃഗങ്ങളെ മറവ് ചെയ്യുന്നതും അവയുടെ മാംസം ഭക്ഷിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിൽ തൊഴിലെടുക്കുന്നതും അയിത്തജാതിക്കാർ എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും അതിജീവനാർഥം അവർ കൃഷിയിലും വിദ്യാഭ്യാസത്തിലും ശ്രദ്ധയൂന്നുകയും ചെയ്തു. അതോടെ അധഃസ്ഥിതർക്കിടയിൽ സംഘടിത മുന്നേറ്റത്തിൻ്റെയും അവകാശ പോരാട്ടത്തിൻ്റെയും ഉയർത്തെഴുന്നേൽപ്പിൻ്റെയും പുതിയൊരു കാലഘട്ടം തന്നെ പ്രോദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, ജാതിഹിന്ദുക്കൾ അയിത്തജാതിക്കാരുടെ അവകാശങ്ങൾ അംഗീകരിക്കാനോ ചൗദാർ കുളത്തിൽ നിന്നും കുടിവെള്ളം ശേഖരിക്കാനുള്ള സ്വാതന്ത്ര്യത്തെ വകവച്ചു കൊടുക്കാനോ തയ്യാറായില്ല. അവർ അയിത്തജാതിക്കാരുടെ സ്പർശനത്താൽ അശുദ്ധമാക്കപ്പെട്ട ചൗദാർ കുളം ശുദ്ധീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാൻ വീരേശ്വർ ക്ഷേത്രത്തിൽ യോഗം ചേർന്നു. അതനുസരിച്ച് കുളത്തിൽ നിന്നും 108 മൺകുടങ്ങളിൽ വെള്ളമെടുത്ത് അതിൽ തൈര്, ചാണ്ടകം, പാൽ, ഗോമൂത്രം എന്നിവ നിറച്ച് ബ്രാഹ്മണ പുരോഹിതരുടെ മന്ത്രോച്ചാരണങ്ങൾക്കിടയിൽ കുളത്തിൽ മുക്കുകയും ഉന്നതവർഗ ഹിന്ദുക്കളുടെ ഉപയോഗത്തിനായി കുളത്തിലെ ജലം ശുദ്ധീകരിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു ! ഈ വാർത്ത സാമൂഹിക വിപ്ളവകാരിയായ ഡോ.അംബേദ്ക്കറുടെ ഹൃദയത്തിൽ ഉണ്ടാക്കിയ മുറിവ് അഗാധമായിരുന്നു. ധാർമിക രോഷം പൂണ്ട അദ്ദേഹം തൻ്റെ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സത്യാഗ്രഹ സമരം ആരംഭിക്കാൻ തീരുമാനിച്ചു.

ഡോ.അംബേദ്ക്കറുടെ അദ്ധ്യക്ഷതയിൽ സർ. കവാസ്ജി ജഹാംഗീർ ഹാളിൽ ചേർന്ന യോഗമാണ് ഡിസംബർ 25,26,27 തീയതികളിൽ മഹഡിൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചത്. സത്യാഗ്രഹ വാർത്ത പുറത്തുവന്നതോടെ അധഃസ്ഥിതരുടെ സംഘടനാ ശേഷിയും ആവേശവും അനുദിനം വർദ്ധിച്ചു കൊണ്ടിരുന്നു. മാത്രമല്ല, ദേശീയ തലത്തിൽ മഹഡ് സത്യാഗ്രഹം ഒരു ചർച്ചാ വിഷയമായി മാറുകയും ചെയ്തു. മഹഡ് പട്ടണം ഒരു കലാപഭൂമിയായി മാറാൻ പോകുന്നു എന്ന വാർത്തയും ഇതിനകം പ്രചരിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് 1927 ആഗസ്റ്റ് 4-ന് മഹഡ് മുനിസിപ്പാലിറ്റി അയിത്തജാതിക്കാർക്ക് ചൗദാർ കുളത്തിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്നതിനുള്ള അവകാശം അനുവദിച്ചു കൊണ്ട് മുൻപ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നത്. എന്നാൽ, ഡോ. അംബേദ്കർ മുനിസിപ്പാലിറ്റിയുടെ പ്രതിലോമകരമായ നടപടിയെ ഒരു വെല്ലുവിളിയായി സ്വീകരിക്കുകയും നിശ്ചയിച്ച ദിവസം തന്നെ മഹഡിൽ സത്യാഗ്രഹം സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു . സത്യാഗ്രഹ ദിവസം അടുത്തടുത്ത് വന്നതോടെ മഹഡ് പട്ടണം ഉദ്വേഗത്തിൻ്റെ രംഗഭൂമിയായി മാറി. ഡോ. അംബേദ്ക്കർക്കെതിരെ മഹഡിലെ ജാതിഹിന്ദുക്കൾ രംഗത്ത് എത്തിയത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി. ഡോ. അംബേദ്ക്കറുടെ ലക്ഷ്യം മതപരിവർത്തനം എന്നു വരെ ആരോപിക്കുപ്പെട്ടു. ഇതിനിടയിൽ മഹഡിൽ സംഘർഷം ഉണ്ടായേക്കാം എന്ന പൊലീസ് റിപ്പോർട്ട് പുറത്ത് വന്നതിൻ്റെ വെളിച്ചത്തിൽ ഡിസംബർ 7 – ന് ജില്ലാ മജിസ്ട്രേറ്റ് മഹഡ് സന്ദർശിക്കുകയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. ഇതിനിടെ ജാതി ഹിന്ദുക്കൾ സത്യാഗ്രഹത്തിന് താല്ക്കാലിക നിരോധനം ആവശ്യപ്പെട്ടുകൊണ്ടു സിവിൽ കോടതിയിൽ ഒരു കേസും ഫയൽ ചെയ്തു. ഇതിനെത്തുടർന്ന് നവംബർ 14-ന് കോടതി ഒരു താല്ക്കാലിക ഉത്തരവും പുറപ്പെടുവിച്ചു. എന്നാൽ, കോടതിയുടെ നിരോധന ഉത്തരവിൻ്റെ പശ്ചാത്തലത്തിലും ഡോ. അംബേദ്കർ ഡിസംബർ 25,26,27 തീയതികളിൽ മഹഡിൽ സത്യാഗ്രഹ സമരം നടത്താൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഡോ.അംബേദ്ക്കറുടെ പ്രസ്താവന പുറത്തു വന്നതോടെ ഒരാഴ്ചക്ക് മുൻപ് തന്നെ അദ്ദേഹത്തിൻ്റെ അനുയായികൾ മഹഡിലേക്ക് ഒഴുകിയെത്തി. എന്നാൽ, സമ്മേളനം നടത്താൻ മഹഡിലെ ഒരു ഹിന്ദുവും സ്ഥലം നൽകിയില്ലെന്ന് മാത്രമാമല്ല കടകളിൽ നിന്നും ഒരു അവശ്യസാധനവും സമരക്കാർക്ക് നൽകിയതുമില്ല. ഒടുവിൽ ഒരു മുസ്ലിമിൻ്റെ സ്ഥലത്താണ് സമ്മേളന പന്തൽ നിർമിച്ചും പത്തു കിലോമീറ്റർ അപ്പുറത്ത് നിന്നും കുടിവെള്ളവും മറ്റു സാധനങ്ങളും തലച്ചുമടായി എത്തിച്ചുമാണ് സമ്മേളനത്തിനു വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

ഡിസംബർ 24-ാം തീയതി രാവിലെ ഒരു സംഘം അനുയായികളുമായി ഡോ. അംബേദ്കർ മഹഡിലേക്ക് പുറപ്പെടുകയും പിറ്റേ ദിവസം രാവിലെ ദസ്ഗാവോണിൽ എത്തിച്ചേരുകയും നേരത്തെ നിശ്ചയിച്ച പ്രകാരം മജിസ്ട്രേറ്റുമായി (കളക്ടർ ) കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സത്യാഗ്രഹം നീട്ടിവയ്ക്കാൻ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടെങ്കിലും ഡോ. അംബേദ്കർ വഴങ്ങിയില്ല. ഒടുവിൽ സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ എത്തുന്നവരോട് നേരിട്ട് സംസാരിക്കാൻ അവസരം നൽകണമെന്ന് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. ഇതിനോട്‌ യോജിച്ച ഡോ. അംബേദ്കർ ഉടൻ തന്നെ മഹഡിലേക്ക് പുറപ്പെട്ടു.

മനുസ്മൃതി ചുട്ടെരിക്കുന്നു
ഡിസംബർ 25 ന് വൈകുന്നരം സത്യാഗ്രഹത്തിന് മുന്നോടിയായ സമ്മേളനം ആരംഭിക്കുകയും ഡോ. അംബേദ്കർ പ്രസ്തുത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഡോ. അംബേദ്ക്കറുടെ പ്രസംഗം അവസാനിക്കവെ സമ്മേളനം പ്രമേയങ്ങൾ പാസാക്കുന്നതിലേക്ക് കടക്കുകയും ചെയ്തു. തുടർന്നാണ് മനുസ്മൃതി ചുട്ടെരിക്കാൻ പോകുന്നു എന്ന ഡോ. അംബേദ്ക്കറുടെ അസാധാരണ പ്രഖ്യാപനം ഉണ്ടാവുന്നത്. മഹഡ് സത്യാഗ്രഹ സമരത്തിലെ ഏറ്റവും നിർണായകമായൊരു പ്രഖ്യാപനമായിരുന്നു അത്. ഇതിന് മുൻപ് ആരും തന്നെ ചോദ്യം ചെയ്യാനോ ചുട്ടെരിക്കാനോ ധൈര്യപ്പെടാതിരുന്ന ഹിന്ദുക്കളുടെ നീതിശാസ്ത്ര ഗ്രന്ഥമായ മനുസ്മൃതിയെ ചരിത്രത്തിലാദ്യമായി ഒരു അയിത്തജാതിക്കാൻ ചുട്ടെരിക്കാൻ പോകുന്നതിലെ ഉദ്വേഗത്തിലും അതിലേറെ ആവേശത്തിലുമായിരുന്നു സദസ്സ് മുഴുവൻ. ഉടൻ തന്നെ പുരോഹിത വേഷം ധരിച്ചിരുന്ന ഒരാൾ സദസ്സിന് മുന്നിൽ കൂട്ടിയിരുന്ന തീകുണ്ഡത്തിലേക്ക് മനുസ്മൃതി വലിച്ചെറിഞ്ഞ് അതിനെ അഗ്നിക്കിരയാക്കി. അങ്ങനെ ജാതിയുടെയും തൊട്ടുകൂടായ്മയുടെയും പേരിൽ നൂറ്റാണ്ടുകൾ ഈ മണ്ണിൻ്റെ നേർ അവകാശികളുടെ പൗരാവകാശങ്ങൾ ധ്വംസിച്ച, അവർ മൃഗങ്ങളെക്കാൾ താഴെയാണെന്ന് വിധിച്ച, സ്ത്രീകൾ സ്വാതന്ത്ര്യമേ അർഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച, വേദങ്ങൾ ശ്രവിക്കാനോ പഠിപ്പിക്കാനോ ശൂദ്രന് അവകാശമില്ലെന്ന് വിധിച്ച, ജാതി നിയമങ്ങൾ ലംഘിക്കുന്ന കീഴാളനെ നിഷ്ഠൂരം വധിക്കണമെന്നു നിഷ്കർഷിച്ച മനുസ്മൃതി പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ ചുട്ടെരിക്കപ്പെട്ടു. മനുസ്മൃതി ചുട്ടെരിക്കപ്പെട്ടതോടെ അധഃസ്ഥിതർ ജാതിയുടെ ചങ്ങലക്കെട്ടുകൾ എന്നെന്നേക്കുമായി പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരായിരിക്കുകയാണെന്ന് ബാബാസാഹേബ് അംബേദ്കർ പ്രഖ്യാപിച്ചു. അതോടെ ആദ്യ ദിവസത്തെ സമ്മേളനം അവസാനിച്ചു.

പിറ്റേ ദിവസവും സമ്മേളനവും പ്രമേയങ്ങൾ പാസാക്കലും നടന്നു. സത്യാഗ്രഹത്തെ സംബന്ധിക്കുന്ന പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് ഡോ. അംബേദ്കർ സംസാരിച്ചത്. അടുത്ത ദിവസം നടത്താൻ പോകുന്ന സത്യാഗ്രഹത്തിൻ്റെ ചരിത്രപരമായ പ്രധാന്യത്തെയും ഉത്തരവ് ലംഘിച്ച് സത്യാഗ്രഹം നടത്തിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെയല്ലാതെ ഈ ലോകത്ത് സ്വാതന്ത്ര്യം നേടിയെടുക്കാൻ കഴിയില്ലെന്ന് ഓർമപ്പെടുത്തിയ അദ്ദേഹം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന 3884 പ്രതിനിധികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ അഭിപ്രായ പ്രകടനത്തിനായി ക്ഷണിച്ചു. പന്ത്രണ്ട് പ്രതിനിധികൾ അനുകൂലമായും നാല് പ്രതിനിധികൾ പ്രതികൂലമായും സംസാരിച്ചു. അതിനു ശേഷം നേരത്തെ നിശ്ചയിച്ച പ്രകാരം കളക്ടറെ സംസാരിക്കാൻ ക്ഷണിച്ചു. നിലവിലുള്ള നിരോധനാജ്ഞ്ഞയെ ഓർമപ്പെടുത്തിയ കളക്ടർ സത്യാഗ്രഹത്തിൽ നിന്നും പിന്മാറാൻ സത്യാഗ്രഹികളോട് ആവശ്യപ്പെട്ടു. മാത്രമല്ല അധഃസ്ഥിത വിഭാഗങ്ങൾക്ക് അനുകൂലമായി ചില നടപടികൾ എടുക്കാൻ ആലോചിക്കുന്ന ഗവൺമെൻ്റിനെ സത്യാഗ്രഹം പിന്തിരിപ്പിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളക്ടർ നടത്തിയ നയവിശദീകരണത്തിൻ്റെ വെളിച്ചത്തിൽ രാത്രിയിൽ നിർവാഹക സമിതി യോഗം ചേരുകയും പിറ്റേദിവസം സത്യാഗ്രഹത്തിന് പകരം ചൗദാർ കുളത്തിലേക്ക് ഒരു മാർച്ച് നടത്താൻ തീരുമാനിക്കുകയും ചെയ്തു. അതിൻ പ്രകാരം ഡിസംബർ 27 ന് രാവിലെ സത്യാഗ്രഹത്തിനെത്തിയ ആയിരക്കണക്കിന് പ്രതിനിധികൾ ഡോ. അംബേദ്ക്കറുടെ പിന്നിൽ അണിനിരന്ന് “ബ്രാഹ്മണിസം തുലയട്ടെ , ജാതിവ്യവസ്ഥ തകരട്ടെ, ഉച്ച നീചത്വങ്ങൾ അവസാനിക്കട്ടെ, ബാബാസാ ഹേബ് നീണാൾ വാഴട്ടെ ” എന്നിങ്ങനെ മുദ്രാവാക്യം മുനി ചൗദാർ കുളത്തിലേക്ക് മാർച്ച് നടത്തിയ ശേഷം സമ്മേളന പന്തലിൽ തിരിച്ചെത്തി. അതോടെ മഹഡ് പ്രക്ഷോഭത്തിൻ്റെ രണ്ടാം ഘട്ടം പര്യവസാനിച്ചു. എങ്കിലും ചൗദാർ കുളത്തിൻ്റെ ഉടമസ്ഥയെ സംബന്ധിച്ച്, അത് പൊതുസ്വത്തല്ലെന്നും സ്വകാര്യ സ്വത്താണെന്നും വാദിച്ച് സവർണർ കോടതിയിൽ ഫയൽ ചെയ്ത കേസ് ദീർഘകാലം നിലനിൽക്കുകയുണ്ടായി. ദലിതരെ ചൗദാർ കുളത്തിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്നത് തടയുകയായിരുന്നു സവർണർ കെട്ടിച്ചമച്ച ഈ കേസുകളുടെ ലക്ഷ്യം. നീണ്ട പത്തു വർഷത്തെ നിയമ വ്യവഹാരങ്ങൾക്കൊടുവിൽ 1937 മാർച്ച് 10 ന് ബോംബെ ഹൈക്കോടതി ചൗദാർകുളം ഒരു പൊതുസ്വത്താണെന്നും ജാതിമത ഭേദമന്യെ എല്ലാ വിഭാഗക്കാർക്കും അതിൽ നിന്നും വെള്ളമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വിധിന്യായം പുറപ്പെടുവിക്കുന്നതോടുകൂടിയാണ് ഈ നിയമയുദ്ധം പര്യവസാനിക്കുന്നത്. ഇന്ത്യയിലെ ദലിതരുടെ മനുഷ്യാവകാശ പോരാട്ടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ ഒന്നായ ഈ നിയമ പോരാട്ട വിജയമാണ് പിൽകാലത്ത് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിലൂടെ തൊട്ടുകൂടായ്മ നിയമപരമായി നിരോധിക്കാനും (അനുച്ഛേദം 17 ) ദലിത്- ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള പരിരക്ഷകൾ വ്യവസ്ഥ ചെയ്യാനും വഴിയൊരിക്കിയതെന്നു കാണാം. ചുരുക്കത്തിൽ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ മഹഡ് ഒരു ഉജ്ജ്വല സ്മാരകമായി നിലകൊള്ളുന്നു.

Related