November 23 Monday 2026

സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ്: അമിത്‌ ഷാ എന്താണ്‌ ഹാജരാകാത്തത്‌ എന്ന്‌ ലോയ ചോദിച്ചിരുന്നു

സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സാക്ഷികളായ 92 പേർ വിചാരണ സമയത്ത് കൂട്ടത്തോടെ മൊഴിമാറ്റിയത് ഗൗരവതരമാണെന്നുള്ള നിരീക്ഷണം കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നടത്തിയത്. നിക്ഷ്പക്ഷവും നീതിയുക്തവുമായ വിചാരണയാണോ നടന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി ചില സാക്ഷികളുടെ മൊഴി സ്വയം പരിശോധിക്കുമെന്നും വ്യക്തമാക്കി. അതേസമയം, കേസിലെ മുഖ്യപ്രതികളിലൊരാളായിരുന്ന കേന്ദ്ര അഭ്യന്തമന്ത്രി അമിത്ഷായെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിചാരണക്കോടതിയുടെ നടപടി പുനഃപരിശോധിക്കുകയില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു.

സൊഹ്‌റാബുദ്ദീൻ കേസിന്റെ സവിശേഷത, അതിലെ മുഖ്യ പ്രതിയായി ഉണ്ടായിരുന്നത് കേന്ദ്ര അഭ്യന്തരമന്ത്രി അമിത്‌ ഷായാണ്‌ എന്നുള്ളതാണ്‌. കേസുമായി ബന്ധപ്പെട്ട്‌ അന്ന്‌ വിചാരണ നടത്തിയിരുന്ന സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി ജസ്റ്റിസ്‌ ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കാരവൺ മാസിക 2017 നവംബർ 20 ന് ഒരു അന്വേഷണാത്മക റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്‌തുത റിപ്പോർട്ടിന്‍റെ മലയാള വിവർത്തനമാണ്‌ ചുവടെ.

ഭാഗം 02

സൊഹ്‌റാബുദ്ദീൻ കേസിൽ അനുകൂല വിധിയുണ്ടാകാൻ ചീഫ്‌ ജസ്റ്റിസ്‌ മോഹിത്‌ ഷാ എന്റെ സഹോദരന്‌ 100 കോടിരൂപ വാഗ്‌ദാനം ചെയ്‌തു; അന്തരിച്ച ലോയയുടെ സഹോദരി

നാഗ്‌പൂരിലേയ്‌ക്കുള്ള ഒരു യാത്രയിൽ 2014 നവംബർ 30 രാത്രിക്കും ഡിസംബർ 1 പുലർച്ചക്കും ഇടക്കാണ്‌ മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ ജഡ്‌ജിയായിരുന്ന ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ അന്തരിച്ചത്‌. ബി.ജെ.പി പ്രസിഡന്റ്‌ അമിത്‌ഷാ മുഖ്യപ്രതിയായ സൊഹ്‌റാബുദ്ദീൻ കേസ്‌ ആയിരുന്നു അന്ന്‌ അദ്ദേഹം കേട്ടിരുന്നത്‌. ഹൃദയസ്‌തംഭനം മൂലമാണ്‌ ലോയ മരിച്ചത്‌ എന്നാണ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നത്‌. 2016 നവംബറിനും 2017 നവംബറിനും ഇടയ്‌ക്ക്‌ ഞാൻ നടത്തിയ അന്വേഷണങ്ങൾ മുകളിൽ കൊടുത്തിട്ടുള്ള റിപ്പോർട്ട്‌ അദ്ദേഹത്തിന്റെ മരണ സാഹചര്യങ്ങളെകുറിച്ച്‌ അസ്വസ്‌തപ്പെടുത്തുന്ന ചോദ്യങ്ങളാണ്‌ ഉയർത്തിയത്‌. അദ്ദേഹത്തിന്റെ ശരീരം വീട്ടുകാർക്ക്‌ വിട്ടുകൊടുത്തപ്പോൾ അതിനുണ്ടായിരുന്ന അവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങൾവരെ ഉൾപ്പെടുന്നുണ്ട്‌ അതിൽ.

ഞാൻ അന്ന്‌ സംസാരിച്ചവരിൽ ഒരാൾ ലോയയുടെ സഹോദരിയും മഹാരാഷ്ട്രയിലെ ധൂലെയിൽ ജോലി ചെയ്യുന്ന ഒരു മെഡിക്കൽ ഡോക്ടർ ആയ അനുരാധാ ബിയാനിയാണ്‌. ബിയാനി എന്നോട്‌ ഒരു സ്‌ഫോടനാത്മകമായ വെളിപ്പെടുത്തൽ നടത്തി: അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയ ജസ്റ്റിസ്‌ മോഹിത്‌ ഷാ അനുകൂല വിധിയുണ്ടാകാൻ 100 കോടിരൂപ തനിക്ക്‌ വാഗ്‌ദാനം ചെയ്‌തുവെന്ന്‌ ലോയ അവരോട്‌ പറഞ്ഞിരുന്നു എന്നതായിരുന്നു ആ വെളിപ്പെടുത്തൽ. മരിക്കുന്നതിനും ഏതാനും ആഴ്‌ച്ചകൾക്കു മുമ്പ്‌ കുടുംബത്തിലെ എല്ലാവരും കൂടി ദീപാവലിക്ക്‌ ഗേറ്റ്‌ഗാവിലുള്ള കുടുംബവീട്ടിൽ ഒരുമിച്ചുകൂടിയപ്പോഴാണ്‌ അദ്ദേഹം ഇത്‌ ബിയാനിയോട്‌ പറഞ്ഞത്‌. ലോയയുടെ പിതാവും ഇക്കാര്യം എന്നോട്‌ പറഞ്ഞിരുന്നു. അതായത്‌ പണവും മുംബൈയിൽ ഒരു വീടും നൽകാം, മറിച്ച്‌ അനുകൂല വിധി പുറപ്പെടുവിക്കണമെന്ന്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌ എന്ന്‌ ലോയ അച്ഛനോട്‌ പറഞ്ഞിരുന്നു.

കോടതിയിൽ ഹാജരാകുന്നതിൽ നിന്നും അമിത്‌ഷായെ ഒഴിവാക്കണമെന്ന ഹർജിയിൽ അദ്ദേഹത്തെ ശാസിച്ചതിനെ തുടർന്ന്‌ അന്നത്തെ സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജിയായിരുന്ന ജെ.ടി ഉത്‌പതിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനെ തുടർന്നാണ്‌ ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജിയായി അധികാരമേൽക്കുന്നത്‌. ”ഉത്‌പുത്‌ അധ്യക്ഷം വഹിച്ചിരുന്ന ഒരു വർഷക്കാലത്തിനുള്ളിലും അതിനുശേഷവുമുള്ള സി.ബി.ഐ കോടതിയുടെ രേഖകൾ കാണിക്കുന്നത്‌ അമിത്‌ഷാ ഒരിക്കൽ പോലും-കേസ്‌ കഴിയുന്ന അവസാനത്തെ ദിവസം പോലും-ഹാജരായിട്ടില്ലെന്നാണ്‌. ‘ഒരു ഡയബറ്റിക്‌ രോഗിയായതിനാൽ അധികം സഞ്ചരിക്കാൻ സാധിക്കില്ല’ എന്നതുമുതൽ ‘ദൽഹിയിൽ അദ്ദേഹം തിരക്കിലാണ്‌’ എന്നതുവരെയുള്ള കാരണങ്ങൾ കാട്ടി വ്യക്തിപരമായി അമിത്‌ഷാ ഹാജരാകണമെന്നതിൽ ഒഴിവ്‌ തരണമെന്ന്‌ വാക്കാലുള്ള അദ്ദേഹത്തിന്റെ അഭിഭാഷകന്റെ അപേക്ഷകൾ മാത്രമാണ്‌ കോടതിയിൽ നടന്നിട്ടുള്ളത്‌.” 2015 ഫെബ്രുവരിയിൽ ഔട്‌ലുക്ക്‌ റിപ്പോർട്ട്‌ ചെയ്‌തതാണിത്‌.
ഔട്‌ലുക്ക്‌ റിപ്പോർട്ട്‌ തുടരുന്നത്‌ ഇങ്ങനെയാണ്‌; ”ഷാക്ക്‌ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന്‌ അവധികൊടുക്കുന്ന വേളയിൽ ഉത്‌പുത്‌ തന്റെ അനിഷ്ടം ഷായുടെ അഭിഭാഷകനെ അറിയിക്കുകയും ജൂൺ 20ന്‌ ഷാ ഹാജരാകണമെന്ന്‌ ഉത്തരവിടുകയും ചെയ്‌തിരുന്നു. എന്നാൽ, ആ ദിവസവും ഷാ ഹാജരായില്ല. മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതനുസരിച്ച്‌, ഷായുടെ അഭിഭാഷകനോട്‌ അന്ന്‌ ഉത്‌പുത്‌ പറഞ്ഞത്‌ ഇതാണ്‌; ‘ഒരു കാരണവുമില്ലാതെ എപ്പോഴും നിങ്ങൾ ഹാജരാകുന്നതിൽ നിന്നും ഒഴിവ്‌ ചോദിക്കുകയാണ്‌.”’ അതേ സ്‌റ്റോറിയിൽ വീണ്ടും വ്യക്തമാക്കുന്നതിങ്ങനെ;”ഉത്‌പത്‌ അടുത്ത വിചാരണാദിവസം ജൂൺ 26 ആയി നിശ്ചയിച്ചു. എന്നാൽ ജൂൺ 25ന്‌ അദ്ദേഹം പൂനെയിലേയ്‌ക്ക്‌ സ്ഥാലം മാറ്റപ്പെട്ടു.” 2012 സെപ്‌തംബറിലെ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമായിരുന്നു ഇത്‌; സൊഹ്‌റാബുദ്ദീൻ കേസ്‌ ” വിചാരണ ചെയ്യേണ്ടത്‌ ഒരേ ഉദ്യോഗസ്ഥനായിരിക്കണം” എന്നായിരുന്നു അന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്‌.

ഷായുടെ അപേക്ഷയോട്‌ തുറന്ന സമീപനമായിരുന്നു ലോയക്ക്‌ തുടക്കത്തിൽ ഉണ്ടായിരുന്നത്‌. വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന്‌ ഷായ്‌ക്ക്‌ അദ്ദേഹം ഒഴിവ്‌ നൽകുകയും ചെയ്‌തു. ഔട്‌ലുക്ക്‌ പറയുന്നതനുസരിച്ച്‌; ‘ചാർജ്ജുകൾ ഫ്രെയിം ചെയ്യുന്നതുവരെ’ വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന്‌ ഷായ്‌ക്ക്‌ ഒഴിവ്‌ നൽകിയിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. എന്നാൽ ലോയ ഒരു മാന്യമായ സമീപനം സ്വീകരിച്ചപ്പോഴും ഷാക്കെതിരായ ചാർജുകൾ ഒഴിവാക്കാൻ തയ്യാറായിരുന്നില്ല എന്ന്‌ വ്യക്തമാണ്‌.” സൊഹ്‌റാബുദ്ദീന്റെ സഹോദരനായ റുബാബുദ്ദീന്റെ-ഈ കേസിലെ പരാതിക്കാരൻ-അഭിഭാഷകൻ മിഹിർ ദേശായിയുടെ അഭിപ്രായത്തിൽ പതിനായിരം പേജുകൾ ഉള്ള കുറ്റപത്രം മൊത്തം സ്‌ക്രൂട്ട്‌ണൈസ്‌ ചെയ്യുന്നതിലും തെളിവുകളും സാക്ഷികളും സസൂക്ഷ്‌മം പരിശോധിക്കുന്നതിലും ശ്രദ്ധയോടെ വ്യാപൃതനായിരുന്നു. ”ആ കേസ്‌ വളരെ സെൻസിറ്റീവും പ്രാധാന്യമർഹിക്കുന്നതുമാണ്‌. ഒരു ജഡ്‌ജ്‌ എന്ന നിലയിൽ ലോയക്ക്‌ കീർത്തിയുണ്ടാക്കുകയോ അല്ലെങ്കിൽ അത്‌ നിർണയിക്കുകയോ ചെയ്യുന്ന ഒന്നുമായിരുന്നു പ്രസ്‌തുത കേസ്‌;” ദേശായ്‌ പറയുന്നു. ”എന്നാൽ സമ്മർദങ്ങൾ തീർച്ചയായും ശക്തവുമായിരുന്നു.” അദ്ദേഹത്തിന്റെ മുഖത്ത്‌ സമ്മർദങ്ങൾ നന്നായി പ്രതിഫലിച്ചിരുന്നു എന്നാണ്‌ മുംബൈയിൽ ലോയയുടെ കുടുംബത്തോടൊപ്പം താമസിച്ച അദ്ദേഹത്തിന്റെ മരുമകൾ നുപുർ ബാലപ്രസാദ്‌ ബിയാനി എന്നോട്‌ പറഞ്ഞത്‌. ”കോടതിയിൽ നിന്നും അദ്ദേഹം വരുമ്പോൾ, ‘നല്ല ടെൻഷൻ’ ഉള്ളതായി തോന്നിയിരുന്നു;”അവർ പറഞ്ഞു. ‘സമ്മർദം. ഇത്‌ ഒരു വലിയ കേസ്‌ ആണല്ലോ. എങ്ങനെയാണ്‌ അത്‌ കൈകാര്യം ചെയ്യുക? എല്ലാരും അതിൽ ബന്ധപ്പെട്ടിട്ടുണ്ട്‌.” രാഷ്ട്രീയ മൂല്യങ്ങളുടെ പ്രശ്‌നമായിരുന്നു ഇതെന്നും നിപുർ പറയുന്നു.

ദേശായ്‌ പറഞ്ഞു; ”കോടതി മുറി എല്ലായ്‌പ്പോഴും സംഘർഷാവസ്ഥയിലായിരുന്നു. എല്ലാ ചാർജുകളും അമിത്‌ഷായിൽ നിന്നും ഒഴിവാക്കാൻ പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അതേ സമയം സി.ബി.ഐ സമർപ്പിച്ച തെളിവുകളിലെ ഫോൺകോളുകൾ ട്രാൻസ്‌ക്രിപ്‌റ്റ്‌ ചെയ്യാനും അത്‌ ഇംഗ്ലീഷിൽ നൽകാനുമായിരുന്നു ഞങ്ങൾ ആവശ്യപ്പെട്ടിരുന്നത്‌.” ലോയക്കോ പരാതിക്കാരനോ തെളിവുകളായ ടേപ്പുകളിൽ ഉണ്ടായിരുന്ന ഗുജറാത്തി സംഭാഷണങ്ങൾ മനസിലായിരുന്നില്ല എന്നും ദേശായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ടേപ്പുകൾ ഇംഗ്ലീഷിലേക്ക്‌ ട്രാൻസ്‌ക്രിപ്‌റ്റ്‌ ചെയ്യുന്നതിനെ പ്രതിഭാഗം അഭിഭാഷകൻ ആവർത്തിച്ച്‌ എതിർത്തിരുന്നു എന്നും മറിച്ച്‌ ഷായെ കുറ്റവിമുക്തനാക്കണമെന്ന പരാതി കേൾക്കണമെന്നും നിർബന്ധിക്കുകയും ചെയ്‌തിരുന്നുവെന്നും ദേശായ്‌ വ്യക്തമാക്കുന്നു. അതുപോലെ തന്നെ കോടതി മുറിക്കുള്ളിൽ അറിഞ്ഞുകൂടാത്ത ദുരൂഹമായ ചിലർ എപ്പോഴും ഉണ്ടായിരുന്നുവെന്ന്‌ തന്റെ ജൂനിയർ അഭിഭാഷകർ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രവുമല്ല പ്രതിഭാഗം അഭിഭാഷകനെ ഭീഷണിപ്പെടുത്തുന്ന മട്ടിൽ അവർ പിറുപിറുക്കുകയും പെരുമാറുകയും ചെയ്‌തിരുന്നു.

അമിത്‌ ഷാ എന്താണ്‌ ഹാജരാകാത്തത്‌ എന്ന്‌ ഒക്ടോബർ 21ന്‌ ലോയ ചോദിച്ചിരുന്നുവെന്നും ദേശായ്‌ ഓർമിക്കുന്നു. ഹാജരാകുന്നതിൽ നിന്നും അമിത്‌ ഷായെ ലോയ തന്നെ ഒഴിവാക്കിയിരുന്നുവെന്ന്‌ പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. ഷാ സംസ്ഥാനത്ത്‌ ഇല്ലാത്ത സമയത്ത്‌ മാത്രമാണ്‌ അത്തരമൊരു അവധി ഷാക്ക്‌ നൽകിയതെന്ന്‌ ലോയ വ്യക്തമാക്കി. അന്ന്‌ മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞക്ക്‌ ഷാ പങ്കെടുത്തിരുന്നുവെന്നും അത്‌ കോടതിയിൽനിന്നും ഒന്നര കിലോമീറ്റർ ദൂരെയായിരുന്നു നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ അമിത്‌ഷാ ഉള്ളപ്പോൾ ഹാജരാകുമെന്ന്‌ ഉറപ്പിക്കാൻ ഷായുടെ അഭിഭാഷകനോട്‌ പറഞ്ഞുകൊണ്ട്‌ അടുത്ത വിചാരണ ഡിസംബർ 15ലേക്ക്‌ മാറ്റുകയും ചെയ്‌തു. 2010 ജൂൺ മുതൽ 2015 സെപ്‌തംബർവരെ ബോംബെ ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന മൊഹിത്‌ഷാ അനുകൂല വിധി പുറപ്പെടുവിക്കാൻ ലോയക്ക്‌ 100 കോടി രൂപ കൈക്കൂലിയായി വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന്‌ ലോയ തന്നോട്‌ പറഞ്ഞിരുന്നതായാണ്‌ അനുരാധ ബിയാനിപറഞ്ഞത്‌. മോഹിത്‌ഷാ ”സിവിൽ ഡ്രസിൽ വരികയും ലോയയെ വിളിച്ച്‌ കൂടിക്കാഴ്‌ച്ച നടത്തുകയും എത്രയും പെട്ടെന്ന്‌ വിധി പുറപ്പെടുവിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്‌തിരുന്നു. പോസിറ്റീവ്‌ വിധിയായിരിക്കണമെന്ന്‌ അദ്ദേഹം ഉറപ്പിക്കുകയും ചെയ്‌തിരുന്നു.” ബിയാനി വിവരിക്കുന്നു. ബിയാനി പറയുന്നതനുസരിച്ച്‌, ”അനുകൂല വിധിയുണ്ടാകാൻ എന്റെ സഹോദരന്‌ 100 കോടി കൈക്കൂലി വാഗ്‌ദാനം ചെയ്‌തു. ചീഫ്‌ ജസ്റ്റിസ്‌ ആയ മോഹിത്‌ഷാ നേരിട്ടാണ്‌ അത്‌ ചെയ്‌തത്‌.”
”വിധി ഡിസംബർ 30ന്‌ മുമ്പ്‌ തന്നെ പുറപ്പെടുവിക്കണമെന്നും അല്ലെങ്കിൽ ആളുകളുടെ ശ്രദ്ധ ഇതിലേക്ക്‌ തിരിയുമെന്നും കാരണം, അതേ സമയത്ത്‌ തന്നെ ജനങ്ങളുടെ ശ്രദ്ധ തട്ടിമാറ്റുന്ന സ്‌ഫോടനാത്മകമായ മറ്റൊരു വാർത്ത വരുന്നുണ്ടെന്നു”മാണ്‌ മോഹിത്‌ഷാ തന്റെ സഹോദരനോട്‌ ആവശ്യപ്പെട്ടത്‌ എന്നും അവർ കൂട്ടിച്ചേർത്തു.
ഇതേകാര്യം ലോയയുടെ പിതാവ്‌ ഹർകിഷനും സ്ഥിരീകരിക്കുന്നു. ”അതെ. അവന്‌ പണം വാഗ്‌ദാനം ചെയ്‌തിരുന്നു. നിങ്ങൾക്ക്‌ മുംബൈയിൽ ഒരു വീട്‌ വേണ്ടേ? അതിന്‌ എത്ര ഭൂമിയാണ്‌ നിങ്ങൾക്ക്‌ വേണ്ടത്‌? എത്ര പണം ആവശ്യം വരും? അവൻ ഞങ്ങളോട്‌ ഇക്കാര്യം പറഞ്ഞിരുന്നു. അത്‌ ഒരു ഓഫർ ആയിരുന്നു.” ആ വാഗ്‌ദാനം തന്റെ മകൻ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ”ഒന്നുകിൽ രാജി വെക്കുകയോ അല്ലെങ്കിൽ സ്ഥലം മാറ്റം വാങ്ങിക്കുകയോ ചെയ്യാൻ പോകുന്നുവെന്നും ‘ഞാൻ നമ്മുടെ ഗ്രമത്തിലേക്ക്‌ പോയി കൃഷിപണി ചെയ്യും’ എന്നും അവൻ പറഞ്ഞു;” ഹർകിഷൻ ഓർക്കുന്നു.

ലോയയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലിനോടുള്ള പ്രതികരണത്തിനുവേണ്ടി മോഹിത്‌ഷായെയും അമിത്‌ഷായെയും ഞാൻ ബന്ധപ്പെട്ടിരുന്നു. ഈ സ്‌റ്റോറി പ്രസിദ്ധീകരിക്കുന്നതുവരെയും അവർ പ്രതികരിച്ചിട്ടില്ല. അവർ പ്രതികരിക്കുകയാണെങ്കിൽ ഈ സ്‌റ്റോറി അപ്‌ഡേറ്റ്‌ ചെയ്യുന്നതായിരിക്കും.
ലോയയുടെ മരണ ശേഷം എം.ബി. ഗോസാവിയെ സൊഹ്‌റാബുദ്ദീൻ കേസിൽ ജഡ്‌ജിയായി നിയമിച്ചു. 2014 ഡിസംബർ 15ന്‌ ഗോസാവി ഈ കേസ്‌ കേൾക്കാൻ ആരംഭിച്ചു. ”അമിത്‌ഷായെ എല്ലാ കുറ്റങ്ങളിൽ നിന്നും മുക്തമാക്കാൻ അദ്ദേഹത്തിന്‌ പ്രതിഭാഗത്തെ മൂന്ന്‌ ദിവസം മാത്രമേ കേൾക്കേണ്ടിവന്നുള്ളു. അതേസമയം സി.ബി.ഐയും പ്രോസിക്യൂഷനും 15 മിനിറ്റുകളോളം വാദിച്ചിട്ടുണ്ട്‌. അദ്ദേഹം ഡിസംബർ 17ന്‌ വിചാരണ കേൾക്കുന്നത്‌ പൂർത്തിയാക്കുകയും ഉത്തരവ്‌ പുറത്തുവിടാതിരിക്കുകയും ചെയ്‌തു.”

ലോയയുടെ മരണം കഴിഞ്ഞ്‌ എതാണ്ട്‌ ഒരു മാസത്തിനു ശേഷം ഡിസംബർ 30ന്‌ ഗോസാവി പ്രതിഭാഗം വാദങ്ങളെ ശരിവെക്കുകയും സി.ബി.ഐ രാഷ്ട്രീയപ്രേരിതമായി പ്രതിക്കുമേൽ ആരോപണം ഉന്നയിച്ചതാണെന്ന്‌ വിധിക്കുകയും ചെയ്‌തു. അതിന്റെ അടിസ്ഥാനത്തിൽ അമിത്‌ഷായെ വെറുതെ വിട്ടു. ക്രിക്കറ്റിൽ നിന്നും എം.എസ്‌ ധോണി വിരമിക്കുന്ന വാർത്തകളായിരുന്നു അന്നേദിവസം ടി.വിമൊത്തം. കേവലം ടി.വിയിലെ അടിയിലൂടെ ഒരു ന്യൂസ്‌ ടിക്കറായി ‘അമിത്‌ ഷാ കുറ്റക്കാരനല്ല” എന്ന്‌ എഴുതിക്കാണിച്ച്‌ പോകുകമാത്രമേ ചെയ്‌തിരുന്നുള്ളു. ബിയാനി ഓർക്കുന്നു. ലോയയുടെ മരണം കഴിഞ്ഞ്‌ വീണ്ടും ഏതാണ്ട്‌ രണ്ടരമാസം കഴിഞ്ഞ ശേഷം മാത്രമാണ്‌ മോഹിത്‌ഷാ ലോയയുടെ കുടംബത്തെ സന്ദർശിച്ചിട്ടുള്ളു. ലോയയുടെ കുടുംബത്തിൽ നിന്നും എനിക്ക്‌ ഒരു കത്ത്‌ ലഭിച്ചിരുന്നു. ചീഫ്‌ ജസ്റ്റിസിന്റെ സന്ദർശന ദിവസം ലോയയുടെ മകനായ അനുജ്‌ കുടുംബാംഗങ്ങൾക്ക്‌ എഴുതിയ കത്താണത്‌. അത്‌ 2015 ഫെബ്രുവരി 18നുള്ളതായിരുന്നു. അതായത്‌ ലോയ മരിച്ചിട്ട്‌ 80 ദിവസങ്ങൾക്ക്‌ ശേഷമുള്ളത്‌. അതിൽ അനുജ്‌ എഴുതി; ”ഈ രാഷ്ട്രീയക്കാർ എന്റെ കുടുംബത്തിലെ ഏതെങ്കിലും ഒരാളെ അപകടപ്പെടുത്തുമോ എന്ന്‌ എനിക്ക്‌ പേടിയാവുന്നു. അവരോട്‌ പോരാടാൻ ഞാൻ അത്ര ശക്തനല്ല.” മോഹിത്‌ഷായെയും കത്തിൽ പരാമർശിക്കുന്നുണ്ട്‌. ”അച്ഛന്റെ മരണത്തെ കുറിച്ച്‌ അന്വേഷിക്കാൻ ഒരു എൻക്വയറികമ്മീഷനെ നിയമിക്കണമെന്ന്‌ ഞാൻ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. അവർക്കെതിരെ എന്തെങ്കിലും ചെയ്യുന്നത്‌ തടയാൻ വേണ്ടി ഞങ്ങളുടെ ഏതെങ്കിലും കുടുംബാംഗത്തെ അപകടപ്പെടുത്തുമോ എന്ന്‌ എനിക്ക്‌ പേടിയുണ്ട്‌. ഞങ്ങളുടെ ജീവന്‌ ഭീഷണിയുണ്ട്‌.”
അനുജ്‌ വീണ്ടും കത്തിൽ എഴുതുന്നു; ”എനിക്കോ എന്റെ കുടുംബാംഗത്തിനോ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, ചീഫ്‌ ജസ്റ്റിസ്‌ മോഹിത്‌ ഷായും ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റുള്ളവരുമാകും അതിന്‌ കാരണക്കാർ.”
2016 നവംബറിൽ ഞാൻ കാണുമ്പോൾ ലോയയുടെ അച്ഛൻ പറഞ്ഞു; ”എനിക്ക്‌ 85 വയസായി. എനിക്കിപ്പോൾ മരണഭയമൊന്നും ഇല്ല. എനിക്ക്‌ നീതി വേണം. എന്നാൽ എന്റെ പെൺമക്കളുടെയും പേരക്കുട്ടികളുടെയും ജീവനിൽ എനിക്ക്‌ നല്ല പേടിയുണ്ട്‌.” അതു പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നോട്ടം ചുവരിൽ തൂങ്ങിക്കിടന്നിരുന്ന ലോയയുടെ ചിത്രത്തിലുമായിരുന്നു, ആ കുടുംബവീട്ടിൽ.

കടപ്പാട്‌: കാരവൻ മാസിക | എഴുതിയത്‌: നിരഞ്‌ജൻ താക്ലെ
റിപ്പോർട്ടുകളുടെ മലയാളം വിവർത്തനം (സ്വതന്ത്ര വിവർത്തനം) : ഷഫീഖ്‌ സുബൈദ അബ്‌ദുൽ ഹഖീം
(ജനപക്ഷം മാസിക  2017 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പുനഃപ്രസിദ്ധീകരണം)

Related