‘എഴുത്തോ നിന്റെ കഴുത്തോ, ഏറെ കൂറേതിനോട്….’ എന്ന് ഇടതുപക്ഷ വേഷാഭിനയം നടത്തുന്ന സിപിഎം ഒരു മാധ്യമ സ്ഥാപനത്തോടും, അതിലെ മാധ്യമപ്രവര്‍ത്തകനായ സി. ദാവൂദിനോടും ചോദിക്കുന്ന വിധത്തില്‍ അപകടകരമാണ് കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗം.
വംശീയ രാഷ്ട്രീയത്തിന് കേരളത്തില്‍ ആശ്രമം പണിയുകയും, സോഷ്യല്‍ ഫാസിസത്തിന്റെ പ്രയോഗ ലഹരിയും തീക്ഷ്ണതയും വര്‍ധിപ്പിച്ച് പുതിയ ‘വിചാരധാര’ ഇടതുപക്ഷ പരിവാര്‍ ഭരണകൂടം രചിക്കുകയും ചെയ്യുമ്പോള്‍, അതെല്ലാം മറ്റു മാധ്യമങ്ങളെപ്പോലെ വെറുമൊരു ‘ചാറ്റ് ഷോ’ ആയി കൈകാര്യം ചെയ്യാതെ, മീഡിയവണ്‍ അതിലെ ചരിത്രപരവും മൗലികവുമായ രാഷ്ട്രീയത്തെ ചര്‍ച്ചയ്ക്ക് വിധേയമാക്കി വിചാരണ ചെയ്യുമ്പോള്‍ സംഘപരിവാറിന്റെ സംഹാര കളി നിയമങ്ങള്‍ എടുത്ത് പ്രയോഗിക്കുകയാണ് സിപിഎം.
കേരളത്തിലെ ഭരണവര്‍ഗ്ഗ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മനസ്സ് ഇടതുപക്ഷ വിരുദ്ധവും അരാഷ്ട്രീയവുമായ ഒരു വംശീയ ഭാവുകത്വത്തിന്റെ വഴിയിലേക്ക് വശീകരിക്കപ്പെടുന്നതിന്റെ വള്‍ഗര്‍ പ്രതിഫലനമാണ് ടീം മീഡിയവണ്ണിനും ദാവൂദിനും എതിരെയുള്ള ഭീഷണികളും ആഭിചാരക്രിയകളും. പാര്‍ട്ടി ഓഫീസുകളില്‍ പണം കൊടുത്ത് വിരിയിച്ചെടുക്കുന്ന പാമ്പിന്‍ കുഞ്ഞുങ്ങളെയാണ് ഇത്തരം കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പലപ്പോഴും വിനിയോഗിക്കുന്നത്.
മീഡിയ വണ്‍ തീര്‍ച്ചയായും ജമാഅത്ത് ഇസ്‌ലാമി എന്ന മുസ്ലിം സംഘാടനത്തിന്റെ കര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അത് മത പ്രബോധന പരിപാടികള്‍ അല്ല സംപ്രേഷണം ചെയ്യുന്നത്. മറിച്ച് ഭരണഘടന, മതനിരപേക്ഷത, ബഹുസ്വരത, സാഹോദര്യം, മനുഷ്യാവകാശം, വികസനം, പരിസ്ഥിതി, തുല്യനീതി, സാമൂഹ്യസമത്വം, ജനാധിപത്യം, മാനവികത, വിദ്യാഭ്യാസം, കോര്‍പ്പറേറ്റ് അധിനിവേശം, സാമ്രാജ്യത്വം തുടങ്ങിയ വിഷയങ്ങള്‍ ആത്മീയ ബാഹ്യമായ പ്രതലത്തില്‍ നിന്നുകൊണ്ട് പ്രശ്‌നവത്കരിക്കുകയും പ്രതിരോധ രാഷ്ട്രീയം ഉയര്‍ത്തുകയുമാണ് മീഡിയവണ്‍ ചെയ്തുവരുന്നത്. മതപരമായ സംജ്ഞകള്‍ ഉപയോഗിച്ചല്ല, മറിച്ച് ആധുനികമായ സാമൂഹ്യശാസ്ത്ര-രാഷ്ട്രീയ-ജനാധിപത്യ വിഹായസ്സില്‍ നിന്നുകൊണ്ടാണ് അതിന്റെ ചര്‍ച്ചകള്‍ മീഡിയവണ്‍ വികസിപ്പിക്കുന്നത്. അത്തരത്തില്‍ ഒരു പരിപാടിയായ ‘ഔട്ട് ഓഫ് ഫോക്കസ് ‘ തീര്‍ച്ചയായും എല്ലാ സ്വേച്ഛാധിപതികളെയും ഉലച്ചുകൊണ്ടേയിരിക്കും.

ലോക ബാങ്കിനു മുമ്പില്‍ ക്യൂ നില്‍ക്കുന്നതും, അദാനി പാര്‍ട്ണര്‍ ആകുന്നതും, വികസനമാണ് എന്ന് പറയുന്ന, വംശീയ രാഷ്ട്രീയം ഒളിച്ചു കടത്തുന്നവര്‍ക്ക് തീര്‍ച്ചയായും ഈ മാധ്യമ പ്രവര്‍ത്തനം പ്രകോപനം സൃഷ്ടിക്കും. പാലാ ബിഷപ്പിന്റെയും വെള്ളാപ്പള്ളി നടേശന്റെയും പ്രസ്താവനകള്‍ക്ക് ക്വാളിറ്റി ലേബലുകള്‍ ഒട്ടിച്ചു കൊടുക്കുകയും, പി.സി ജോര്‍ജ്ജിനോട് കണ്ണിറുക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് സംസ്‌കാരത്തിന്റെ സ്വാഭാവിക വത്കരണം (neutralization) ആണ് സംഘ്പരിവാറിന് ആശയപ്രതിഷ്ഠ ഒരുക്കി കൊടുത്തുകൊണ്ട് സിപിഎം ചെയ്യുന്നത്.
എന്നാല്‍, കേരളത്തിന്റെ പാരമ്പര്യ പത്ര മുത്തശ്ശികള്‍ അതിനെതിരെ നിശബ്ദമാകുന്നു എന്ന് മാത്രമല്ല, മുസ്ലിം വിരുദ്ധതയ്ക്ക് ചാവി കൊടുക്കുക കൂടി ചെയ്യുമ്പോള്‍, അതിനെതിരെ പ്രതികരിക്കാനും നേരിടാനും ഉള്ള ഇടങ്ങള്‍ സൃഷ്ടിക്കുന്ന ഏറ്റവും പ്രധാനമായ മാധ്യമമാണ് മീഡിയവണ്‍.
1980ലെ റമദാനില്‍ അറബി ഭാഷയുടെ സംരക്ഷണത്തിനുവേണ്ടി പ്രക്ഷോഭം നയിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് മൂന്നുപേരെ കൊലപ്പെടുത്തിയ പാര്‍ട്ടിയാണ് സിപിഎം. അതിന്റെ രാഷ്ട്രീയമൊന്നും കേരളം ഇന്നുവരെ ചര്‍ച്ച ചെയ്തിട്ടില്ല. 1980 ല്‍ നായനാര്‍ ചെയ്ത ആ കുരുതിയില്‍ നിന്നും എന്തു വ്യത്യാസമാണ് പൗരത്വ വിവേചന നിയമത്തില്‍ പങ്കെടുത്ത 21 പേരെ യോഗി ആദിത്യനാഥിന്റെ പൊലീസ് വീട്ടില്‍ കയറി വെടിവെച്ച് കൊന്നതില്‍ ഉള്ളത് എന്ന് ചര്‍ച്ച ചെയ്തിട്ടില്ല. അതേ സമരത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം കേസുകളിലായി മൂവായിരത്തോളം പേര്‍ക്കെതിരെയാണ് പിണറായിയുടെ ഭരണകൂടം കേസെടുത്തതത്രേ.
സംഘ്പരിവാറിന്റെ ഏറ്റവും അടുത്ത പ്രത്യയ ശാസ്ത്ര പാരസ്പര്യമായ സയണിസ്റ്റ് ജൂതത്വവുമായി പോലും സാമ്രാജ്യത്വ സംഗമം ഇടതുപക്ഷ ഭരണ കേരളത്തിലാണ് നടന്നത്. കേരള സര്‍ക്കാര്‍ തീവ്രവാദികളെ കണ്ടെത്താന്‍ ഇസ്രായേലി ‘ചാര സോഫ്റ്റ്വെയര്‍ ‘ ഉപയോഗിക്കുന്നുണ്ട്.
‘എല്ലാ മൂല്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള വിശാല മനസ്സിന്റെ ഉടമ’ എന്ന് ശ്രീധരന്‍പിള്ളയെ കുറിച്ചും, ‘ഋഷി തുല്യനായ ചിന്തകന്‍’ എന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ പി. പരമേശ്വരനെ കുറിച്ചും പിണറായി വിജയന്‍ പ്രസ്താവനകള്‍ ഇറക്കിയപ്പോള്‍, സംഘ്പരിവാറിനോടുള്ള പച്ചക്കാമത്തിന്റെ തുറന്ന ശരീരം വ്യക്തമായി കാണാമായിരുന്നു. അപ്പോള്‍ അവര്‍ക്ക് തീര്‍ച്ചയായും മീഡിയവണ്‍ മാധ്യമ പ്രവര്‍ത്തകന്റെ അല്ലെങ്കില്‍ ഏതെങ്കിലും മുസ്ലിം കര്‍തൃത്വത്തിന്റെ രക്തം ആവശ്യമായി വരും. അവിടെയാണ് ഹിന്ദുത്വ-സോഷ്യല്‍ ഫാസിസ്റ്റ് മാധ്യമ വിഷം കഴിക്കുന്നവരെ ബോധ്യപ്പെടുത്തേണ്ട വലിയ ചുമതല ഒരു മുസ്ലിം മാധ്യമ പ്രവര്‍ത്തകന് വന്നു ഭവിക്കുന്നത്.

ഇന്ത്യന്‍ ഫാസിസത്തിനും സയണിസത്തിനും സാമ്രാജ്യത്വത്തിനും എതിരെ പലമട്ടില്‍ പോരാടുന്ന മീഡിയവണ്‍ പോലെയുള്ള മാധ്യമപ്രവര്‍ത്തനങ്ങളെ തല്ലിത്തകര്‍ക്കാന്‍ ആര്‍.എസ്.എസിന് മുളവടി രാകി കൊടുക്കുന്ന സിപിഎം, ‘ലജ്ജ വളരെ മൂര്‍ച്ചയുള്ള ഒരു ആശയമാണ് ‘ എന്ന് കാള്‍ മാര്‍ക്‌സ് പറഞ്ഞത് ഓര്‍ക്കുന്നത് നല്ലതാണ്.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിദ്രോഹാന്ധത ബാധിച്ച സിപിഎം തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇസ്ലാമോഫോബിയ പ്രയോഗിക്കുന്നത് കേവല തെരഞ്ഞെടുപ്പ് കസര്‍ത്ത് മാത്രമായി കാണാന്‍ കഴിയില്ല. അകമേ തകര്‍ന്ന തറവാടായി മാറിയ പാര്‍ട്ടി ഹിന്ദുത്വ സിദ്ധാന്തത്തിന്റെ പുതിയ വംശീയ രാഷ്ട്രീയം കേരളത്തില്‍ പരീക്ഷിക്കുകയാണ് എന്ന് നാം തിരിച്ചറിയണം.
അവ്യക്തതയുടെയോ സന്ദേഹത്തിന്റെയോ വഴുക്കുനിലത്തല്ല മീഡിയവണ്‍ നില്‍ക്കുന്നത് എന്ന് അവരുടെ മാധ്യമപ്രവര്‍ത്തനങ്ങളില്‍ വ്യക്തമാണ്. അതുകൊണ്ടുതന്നെ മീഡിയവണ്‍ സ്വയം വഴുതിവീഴും എന്നോ ആര്‍ക്കെങ്കിലും അതിനെ ചവിട്ടി വീഴ്ത്താന്‍ കഴിയും എന്നോ ആരും വിചാരിക്കേണ്ടതില്ല.
