August 9 Sunday 2026

ബ്രാഹ്മണവൽക്കരിക്കപ്പെടുന്ന തൊഴിൽ നയം

“ Bad , bloody , bloodthirsty ”

1938 ൽ മുംബൈ നിയമനിർമ്മാണ സഭയിൽ കോൺഗ്രസ് അവതരിപ്പിച്ച വ്യാവസായിക തർക്ക ബില്ല് തൊഴിലാളികൾക്ക് തൊഴിൽ മുടക്കി സമരം ചെയ്യുവാനുള്ള അവകാശത്തെ ചോദ്യം ചെയ്തപ്പോൾ അതിനെക്കുറിച്ച് ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കർ പറഞ്ഞുവെച്ച വാചകമാണ് മേൽ ഉദ്ധരിച്ചത്.

തൊഴിലാളി സമരങ്ങൾക്കും തൊഴിലാളി പ്രസ്ഥാനങ്ങൾക്കും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കാണ് ഉണ്ടായിരുന്നത്. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം തന്നെ ചമ്പാരനിലെ നീലം കർഷക തൊഴിലാളികൾക്ക് വേണ്ടി ആയിരുന്നുവല്ലോ.ആദ്യ നിരാഹാര സമരം ആകട്ടെ അലഹബാദിലെ തൊഴിലാളികൾക്കായുള്ള അഹമ്മദാബാദ് മിൽസമരവുമായിരുന്നു. AITUC എന്ന ട്രേഡ് യൂണിയൻ പ്രസ്ഥാനം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് എങ്ങനെ ഇന്ധനം പകർന്നു എന്നുള്ളതിന് ചരിത്രം സാക്ഷിയുമാണ്.

ഇങ്ങനെ കാലങ്ങളോളം നീണ്ടുനിന്ന അധിനിവേശവിരുദ്ധ പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും നാം നേടിയെടുത്ത തൊഴിലാളി അവകാശങ്ങളെ കാറ്റിൽ പറത്തുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡുകൾ. ഇതിനോടകം പുതിയ ലേബർ കോഡിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നുവരികയാണ്.

പണിമുടക്കാനുള്ള തൊഴിലാളിയുടെ അവകാശത്തെക്കുറിച്ച് രൂക്ഷമായി നിലപാട് പറഞ്ഞ ഭരണഘടന ശില്പിയുടെ രാജ്യത്ത് പുതിയ കോഡ് പ്രകാരം പണിമുടക്കാനും തൊഴിലാളി യൂണിയനുകൾ സ്ഥാപിക്കുവാനുമുള്ള അവകാശങ്ങൾക്കുമേൽ പൂട്ട് സ്ഥാപിച്ചിരിക്കുന്നു എന്ന് പറഞ്ഞത് സംഘപരിവാർ സംഘടനയായ ബി എം എസ് തന്നെയാണ് എന്നത് സംഗതിയുടെ ആഴം വ്യക്തമാക്കാൻ ഉപകരിക്കും.

നിലവിൽ പൊതുജന സേവന മേഖലയിലെ തൊഴിലാളികൾക്കാണ് സമരത്തിനായി പതിനാല് ദിവസങ്ങൾക്ക് മുമ്പ് നോട്ടീസ് നൽകേണ്ടിയിരുന്നത്.എന്നാൽ പുതിയ കോഡിലൂടെ ഇത് എല്ലാ വ്യാവസായിക മേഖലകൾക്കും ബാധകമായി.മിന്നൽ സമരം എന്ന പ്രതിഷേധ സാധ്യതയെ ഇത് ഇല്ലാതെയാക്കും. ഈ വ്യവസ്ഥ ലംഘിച്ചാൽ ക്രിമിനൽ കുറ്റമായി അതിനെ കണക്കാക്കുകയും ഒരുമാസം തടവും 50,000 രൂപ പിഴയും ഈടാക്കുകയും ചെയ്യും എന്ന് പുതിയ കോഡ് വ്യക്തമാക്കുന്നുണ്ട്.

മുമ്പ് ഒരു സ്ഥാപനം നൂറു തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണെങ്കിൽ തൊഴിലാളികളെ പിരിച്ചുവിടുന്നതിന് സർക്കാരിന്റെ അനുമതി വേണമായിരുന്നു. എന്നാൽ പുതിയ കോഡ് പ്രകാരം ഈ പരിധി ഇപ്പോൾ മുന്നൂറ് തൊഴിലാളികൾ എന്നതിലേക്ക് ഉയർത്തി.ഇത് സ്ഥിരംതൊഴിൽ എന്ന സമ്പ്രദായം കരാർ തൊഴിൽ എന്നതിലേക്ക് മാറുന്നതിന് വഴിവെക്കും. ഇതിലൂടെ തൊഴിൽ സുരക്ഷിതത്വം ഇല്ലാതെയാകും.

യൂണിയനുകളുടെ രജിസ്ട്രേഷനും അംഗീകാരവും സങ്കീർണ്ണമാക്കുകയാണ് പുതിയ നിയമം.കോഡ് പ്രകാരം മൊത്തം ജീവനക്കാരുടെ പത്തുശതമാനമോ നൂറ് ജീവനക്കാരോ ഉണ്ടെങ്കിൽമാത്രമേ ട്രേഡ് യൂണിയൻ അനുവദനീയമാകൂ.ഇത് ചെറു തൊഴിലാളി യൂണിയനകളെയും അതിലെ തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും.

സർക്കാരിന്റെ ലേബർ കോഡുകൾ നടപ്പിലാക്കപ്പെടുന്ന ഫാക്ടറികളുടെ മാനദണ്ഡം വൈദ്യുതിയിൽ പ്രവർത്തിക്കുന്നതെങ്കിൽ പത്തിൽ കൂടുതൽ തൊഴിലാളികളുള്ളതും, വൈദ്യുതിയിൽ പ്രവർത്തിക്കാത്തതെങ്കിൽ ഇരുപത് തൊഴിലാളികളിൽ കൂടുതൽ ജോലി ചെയ്യുന്ന ഫാക്ടറികളും ആയിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് തൊഴിലാളികളുടെ എണ്ണം ഇരുപത് , നാല്പത് എന്ന നിലയിൽ പുനക്രമീകരിച്ചു.ഇതിലൂടെ ലേബർ കോഡിന്റെ ആനുകൂല്യത്തിൽ നിന്നും പല തൊഴിലാളികളും പുറത്താകും.

2015ന് ശേഷം തൊഴിൽ പ്രശ്നങ്ങളെ കേൾക്കുന്നതിനായി സംഘടിപ്പിക്കുന്ന ലേബർ കോൺഫറൻസ് വിളിച്ചുചേർക്കുന്നതിന് കേന്ദ്രസർക്കാർ മുതിർന്നിട്ടില്ല. ലേബർ കോൺഫറൻസ് പോലും വിളിച്ചു ചേർക്കാതെ , തൊഴിൽ സമാവർത്തി ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായിട്ടും സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ , രഹസ്യ സ്വഭാവത്തിലാണ് പുതിയ ലേബർ കോഡ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കൺകറന്റ് ലിസ്റ്റിലുള്ള തൊഴിൽ മേഖല പുതിയ നയം നടപ്പിലാക്കുന്നതോടുകൂടി കേന്ദ്രത്തിന് മേധാവിത്വമുള്ളതായി മാറും. GST, NIA ഭേദഗതി നിയമം അടക്കമുള്ള നിയമനിർമാണങ്ങളിലൂടെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഭരണകൂടം ദേശീയ തൊഴിൽ നിയമത്തിലൂടെ തൊഴിലിനെയും കേന്ദ്രത്തിന്റെ കുത്തകയാക്കുകയാണ്. ഒരു രാജ്യം ഒരു സർക്കാർ എന്ന ഹിന്ദുത്വ പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

1938 ൽ മെയ്ദിനം ആഘോഷിച്ച ഹിറ്റ്ലർ തൊട്ടടുത്ത ദിവസം തൊഴിലാളി യൂണിയനുകളെയും അവരുടെ പടിമുണക്കുകളെയും ജർമ്മനിയിൽ നിരോധിച്ചു.കോർപ്പറേറ്റുകൾ നാസികൾക്ക്‌ നൽകുന്ന പിന്തുണയ്ക്ക് പ്രതിഫലമായാണ് ഹിറ്റ്‌ലറുടെ ഈ തീരുമാനം ഉണ്ടായത്. സംഘപരിവാർ ഭരണകൂടം നിലവിലുള്ള ഈ രാജ്യത്ത് നാസി ജർമ്മനിയുടെ ഈ ചരിത്രം ഇപ്പോൾ ഇവിടെ പറയാൻ ഉണ്ടായ കാര്യം എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.വിശേഷിച്ചും തൊഴിലാളി ദ്രോഹം അധിഷ്ഠാനമാക്കിയ ഒരു ബിൽ രാജ്യത്ത് നടപ്പിലാക്കുന്ന ഈ വേളയിൽ.തൊഴിലാളികൾ സംഘടിച്ചാൽ തൻ്റെ ഫാഷിസ്റ്റ് പദ്ധതികൾ പൂവണിയില്ലെന്ന് ഹിറ്റ്ലർ മനസ്സിലാക്കിയിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിക്കും ആ തിരിച്ചറിവ് ഉണ്ടായിരിക്കുന്നു എന്നതിന്റെ ഫലമാണ് പുതിയ തൊഴിൽ കോഡ് എന്നു പറഞ്ഞാൽ തെറ്റില്ല.

2025 — 2047 ദേശീയ തൊഴിൽ നയത്തിന്റെ കരടുരേഖ കേന്ദ്ര തൊഴിൽ മന്ത്രാലയം ഒക്ടോബർ എട്ടിന് പ്രസിദ്ധീകരിച്ചിരിന്നു. നവംബർ 21ന് അവ നടപ്പിൽ വന്നതായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു.2025–27, 2027–37, 2037- 47 എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് നയം നടപ്പാക്കുക. എന്താണ് തൊഴിൽനയം മുന്നോട്ടുവെക്കുന്ന ആശങ്കകൾ പരിശോധിക്കാം

“ഇന്ത്യന്‍ ലോകവീക്ഷണത്തില്‍, ജോലി കേവലം ഉപജീവനമാര്‍ഗ്ഗമല്ല , മറിച്ച് ധര്‍മ്മത്തിന്റെ വിശാലമായ ക്രമത്തിലേക്കുള്ള സംഭാവനയാണ്…..മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി , നാരദസ്മൃതി , ശുക്രനീതി , അര്‍ത്ഥശാസ്ത്രം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങള്‍ രാജധര്‍മ്മ സങ്കല്‍പ്പത്തിലൂടെ ഈ ധാര്‍മ്മികതയെ വ്യക്തമാക്കി…..കരട് നയം ഈ തദ്ദേശീയ ചട്ടക്കൂടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ഭരണകൂടത്തിന്റെ ഭരണഘടനാപരവും അന്തര്‍ദേശീയവുമായ പശ്ചാത്തലത്തില്‍ അവയെ ഉള്‍പ്പെടുത്തുന്നു.”

ഇത് ഏതെങ്കിലും വേദ ഇതിഹാസ പുരാണങ്ങളെ കുറിച്ചുള്ള ഗ്രന്ഥത്താളുകളിലെ വരികൾ ആണെന്ന് ധരിച്ചാൽ അത് തെറ്റി
ഇത് ആധുനിക ഇന്ത്യ രാജ്യത്തെ പുതിയ ദേശീയ തൊഴിൽ നയത്തിൽ എഴുതിവെച്ച വരികളാണ്.

തൊഴിലാളിക്ക് തൊഴിലിന്റെ വേതനം നിശ്ചയിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന ബ്രാഹ്മണിക്കൽ ഹിജിമണിയെ കുറിച്ച് നാം ചരിത്രത്തിൽ ഒരുപാട് വായിച്ചിട്ടുണ്ടാകും.എന്നാൽ ആ കെട്ടകാലത്തെ സാമൂഹിക വ്യവസ്ഥയെ ആധുനികതയുടെ പുത്തനുടുപ്പ് അണിയിച്ച് രംഗത്തിറക്കുകയാണ് പുതിയ തൊഴിൽ നയത്തിലൂടെ കേന്ദ്രസർക്കാർ ചെയ്യുന്നത്.

ഭരണഘടന വിഭാവനം ചെയ്യുന്ന ആമുഖം , മൗലിക അവകാശങ്ങൾ , നിർദേശക തത്വങ്ങൾ , ഫെഡറലിസം , കോടതി വിധികൾ എന്നിവയെ കണ്ടില്ലെന്ന് നടിക്കുന്നതാണ് പുതിയ നയം.

രാജ്യ വ്യാപക പണിമുടക്ക് സംഘടിപ്പിച്ചുകൊണ്ട് പ്രതിപക്ഷം ഉയർത്തിയ എതിർപ്പുകളെ മറികടന്നു കൊണ്ടാണ് മോദി സർക്കാർ പുതിയ നയമവുമായി രംഗത്തുവരുന്നത്.നയം നടപ്പിലാക്കുന്നതോടുകൂടി സംഘടിത മേഖലയിലുള്ളവർ ഭാഗികമായും അസംഘടിത മേഖലയിലുള്ളവർ പൂർണമായും നിയമത്തിനു പുറത്താകും എന്ന വിമർശനം ശക്തമാണ്.

തൊഴിലാളി വിരുദ്ധം എന്ന് ആരോപണമുയർന്ന ദേശീയ തൊഴിൽ നയത്തിനെതിരെ പാർലമെന്റിൽ തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു.രാജ്യത്ത് നിലനിന്നിരുന്ന ജസ്റ്റിസ് ഗജേന്ദ്ര കമ്മീഷൻ നിർദ്ദേശിച്ച തൊഴിൽ നിയമങ്ങളെ കീഴ്മേൽ മറിക്കുന്നതാണ് പുതിയ ദേശീയ തൊഴിൽ നയം.ഭരണഘടന ഉറപ്പ് നൽകുന്ന പൗരാവകാശങ്ങളെ മാറ്റിനിർത്തി മനുസ്മൃതി പോലുള്ള ബ്രാഹ്മണ പുരാണസാഹിത്യങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ദേശീയ തൊഴിൽ നിയമം എഴുതപ്പെട്ടിരിക്കുന്നത് എന്നത് ഏറെ കൗതുകകരമാണ്.

“ തൊഴിൽ ഒരു അവകാശമാണ് ” എന്ന് രാജ്യത്ത് നിലനിന്നിരുന്ന സങ്കൽപ്പത്തെ പാടെ മാറ്റിമറിച് “ തൊഴിൽ ഒരു ധർമ്മമാണ് ” എന്ന ബ്രാഹ്മണ്യ വ്യാഖ്യാനമാണ് തൊഴിലിന് പുതിയ നയത്തിലൂടെ സർക്കാർ നിർവചിക്കുന്നത്.തൊഴിലാളികളുടെ സംരക്ഷകരാകേണ്ട ഭരണകൂടം പുതിയ നിയമത്തിലൂടെ തൊഴിലുടമയുടെ സംരക്ഷകർ ആകുന്ന കാഴ്ചക്കാണ് രാജ്യം ഇനി സാക്ഷിയാകാൻ പോകുന്നത്. അതായത് തൊഴിലുടമ-തൊഴിലാളി എന്ന ബന്ധം കൂലി-അടിമ എന്ന ബന്ധത്തിലേക്ക് പുതിയ നയം നടപ്പാക്കുന്നതിലൂടെ വഴിമാറും.അതായത് നിരന്തരമായ നവോത്ഥാന പ്രക്രിയയിലൂടെയും സമരങ്ങളിലൂടെയും നാം നേടിയെടുത്ത തൊഴിൽ അവകാശങ്ങളെയും സാമൂഹിക മാറ്റങ്ങളെയും പഴയ ജന്മി കുടിയാൻ ഫ്യൂഡൽ സംസ്കാരത്തിലേക്ക് തിരികെ നടത്തുകയാണ് പുതിയ നിയമം എന്നു പറയേണ്ടിവരും.

തൊഴിൽ ഒരു അവകാശമല്ല ധർമ്മമാണ് എന്ന് നിയമം പറയുന്നതിലൂടെ തോട്ടി പണി തോട്ടിക്കാരന് ധർമ്മമാണ് എന്ന പഴയ പ്രധാനമന്ത്രിയുടെ പ്രസ്താവനയെയാണ് അത്‌ അടിവരയിടുന്നത്.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കൺകറന്റ് ലിസ്റ്റിലുള്ള തൊഴിൽ മേഖല പുതിയ നയം നടപ്പിലാക്കുന്നതോടുകൂടി തൊഴിൽ മേഖല കേന്ദ്രത്തിന് മേധാവിത്വമുള്ളതായി മാറും. GST, NIA ഭേദഗതി നിയമം അടക്കമുള്ള നിയമനിർമാണങ്ങളിലൂടെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഭരണകൂടം ദേശീയ തൊഴിൽ നിയമത്തിലൂടെ തൊഴിലിനെയും കേന്ദ്രത്തിന്റെ കുത്തകയാക്കുകയാണ്.ഒരു രാജ്യം ഒരു സർക്കാർ എന്ന ഹിന്ദുത്വ പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Related