August 11 Tuesday 2026

കന്യാസ്ത്രീകളുടെ ജാമ്യം: ഭരണകൂടങ്ങളെ അഭിനന്ദിക്കാന്‍ മാത്രം ഇന്ത്യന്‍ ജനാധിപത്യം നിസ്സഹായവസ്ഥയിലോ?

മോദിയും അമിത്ഷായും സൃഷ്ടിച്ച വംശീയ ബോധത്തിലാണ് സംഘ്പരിവാര്‍ മതസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാക്കുന്നത്. മനുഷ്യകടത്തും നിര്‍ബന്ധിച്ചുള്ള മതംമാറ്റവും തെളിവില്ലാതെ ആരോപിക്കുക. പിന്നെ അതിനനുസൃതമായി ബി.ജെ.പി ഗവണ്‍മെന്റും അവരുടെ തന്നെ പോലീസും കള്ളക്കേസ് എടുത്ത് ജയിലിലടക്കുക. എന്നിട്ട് അവസാനം അമിത്ഷാ തന്നെ ജാമ്യം വാങ്ങിച്ചു കൊടുത്തു എന്നുപറഞ്ഞ് ചാമ്പ്യനാവുകയും ചെയ്യുക. ഈ നാടകത്തെ അല്ല ജനാധിപത്യം, നീതി വ്യവസ്ഥ എന്നൊക്കെ നമ്മള്‍ വിളിച്ചു ശീലിച്ചത്.

കന്യാസ്ത്രീകളുടെ ജാമ്യം വെറും നിയമാനുസൃതമായ നിബന്ധനയോടെയുള്ള ജാമ്യം മാത്രമാണ്. ആള്‍ക്കൂട്ട വിചാരണ നടത്തിയ സംഘികള്‍ പുറത്ത് വംശീയ രാഷ്ട്രീയത്തിന്റെ ചാവേറുകളായ ‘ധീരദേശാഭിമാനി’കളായി ഇപ്പോഴും വിലസുകയാണ്. അവര്‍ ഇനിയും ചാടിവീഴും. ഇഷ്ടമില്ലാത്തവരെ ആള്‍ക്കൂട്ട വംശീയതക്ക് വിധേയമാക്കും.
അക്രമി തരുന്ന ഇടക്കാല ആശ്വാസത്തില്‍ ആനന്ദം കണ്ടെത്തത്തുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയാണ്. കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റും അവര്‍ക്കെതിരായ കള്ളക്കേസും തന്നെയാണ് പ്രശ്‌നവത്കരിക്കേണ്ടത്.

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ യഥാര്‍ഥത്തില്‍ ചര്‍ച്ചയാവേണ്ടത് ഇവര്‍ ജയിലിലടക്കപ്പെട്ട് ഒമ്പത് ദിവസങ്ങള്‍ക്കു ശേഷമാണ് ജാമ്യം ലഭിച്ചത് എന്ന വിഷയമാണ്. എന്നാല്‍, ജാമ്യം കിട്ടിയെന്നതാണ് ആഘോഷിച്ചുകൊണ്ടിരിക്കുന്നത്.

ആരാണ് പ്രതികള്‍?
യാത്ര ചെയ്യുമ്പോള്‍ രണ്ട് കന്യാസ്ത്രീകളെയും കുട്ടികളെയും ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാക്കി. അവരുടെ മേല്‍ മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചു. ആരോപണങ്ങള്‍ നുണയാണെന്ന് കുട്ടികളും മാതാപിതാക്കളും കൃത്യമായി പറഞ്ഞതാണ്. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയത്. കന്യാസ്ത്രീകളെയും കുട്ടികളെയും ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാക്കി എന്നതാണ് യഥാര്‍ഥ കുറ്റം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് യഥാര്‍ഥത്തില്‍ കുറ്റവാളികള്‍. അവരെ അറസ്റ്റ് ചെയ്യുകയും ശിക്ഷനടപ്പാക്കുയും ചെയ്യുക എന്നതാണ് നടപ്പാക്കേണ്ട നീതി.

ഈ വിഷയത്തില്‍ രണ്ട് പ്രശ്‌നങ്ങളുണ്ട്
ഒന്ന്; മതപരിവര്‍ത്തനം, മതപ്രബോധനം. ഓരോ വ്യക്തിക്കും അവരുടെ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനും അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാ സ്വാതന്ത്ര്യത്തെ നിര്‍ബന്ധിത മത പരിവര്‍ത്തനമെന്ന് പൈശാചികവത്കരിച്ച് നമ്മുടെ രാജ്യത്ത് നിരന്തരം ക്രൈസ്തവ മുസ്‌ലിം വേട്ട നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിതിയുണ്ട്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഒരു പൗരന്റെ വിശ്വാസപരമായ സ്വാതന്ത്രത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വ്യക്തിക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യത്തിനും എതിരായ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. രണ്ട് കന്യാസ്ത്രീകളെ ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നതിലൂടെ അതിനെ നിയമാനുസൃതമാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

രണ്ട്; നമ്മുടെ സാമൂഹിക ഘടനയില്‍ നിലനില്‍ക്കുന്ന ഒരു ജാതി ശ്രേണിയുണ്ട്. ജന്മം കൊണ്ട് വിശുദ്ധരായവരും ജന്മം കൊണ്ട് വിശുദ്ധരല്ലാത്തവരും. സവര്‍ണ മേധാവികള്‍ക്ക് ചൂഷണം ചെയ്യാനും ആക്രമിക്കാനും അവര്‍ക്ക് പീഡിപ്പിക്കാനും പണിയെടുപ്പിക്കാനുമൊക്കെയുള്ളവരാണ് മറ്റു സാമൂഹിക വിഭാഗങ്ങള്‍ അഥവാ അവര്‍ണ്ണര്‍ എന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. ബ്രാഹ്‌മണര്‍ക്ക് പീഡിപ്പിക്കവാനും ദ്രോഹിക്കാനുമുള്ള അവകാശമുണ്ടെന്നും അവര്‍ണ സമൂഹത്തിന് ആട്ടുംതുപ്പുമേറ്റ് അവരുടെ മുന്നില്‍ അടിമത്വം പ്രഖ്യാപിച്ച് അവര്‍ പറയുന്നതുപോലെ അടിമകളായി ജീവിക്കാന്‍ ബാധ്യതയുണ്ടെന്നുമുള്ള വിശ്വാസം നിലനില്‍ക്കുന്ന ഒരു സാമൂഹിക ക്രമം നമ്മുടെ രാജ്യത്തുണ്ട്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. ആള്‍ക്കൂട്ട വിചാരണ നടത്താനും ജയിലിലിടാനും ശിക്ഷിക്കാനുമൊക്കെയുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. അധികാരം ഉപയോഗിക്കുന്നതിനിടയില്‍ ഞങ്ങള്‍ അനുവദിച്ചു തരുന്ന ഇളവുകള്‍ വലിയ സംഭവമായി താഴ്ന്ന ജാതിക്കാര്‍ മനസ്സിലാക്കിക്കൊള്ളണമെന്ന, സവര്‍ണ മേധാവിത്വം ഉണ്ടാക്കിവെച്ച മേധാവിത്വ അധമബോധം അഥവാ വംശീയ ബോധം ഇന്നും നിലനില്‍ക്കുന്നുണ്ട്. ആ ബോധമാണ് യഥാര്‍ഥത്തില്‍ ഇതിനകത്ത് പ്രവര്‍ത്തിക്കുന്നത്. ഒരു ഇളവ് ലഭിക്കുന്നത് ആഘോഷിക്കുന്നതും അത് നിയമപരിരക്ഷയും സ്വാതന്ത്ര്യവും സംരക്ഷണവുമൊക്കെയാകുന്നതും അപകടകരമായ സന്ദേശമാണ്.

മതംമാറ്റം നിയമപരമായി തെറ്റല്ല. ഇന്ത്യയില്‍ മതം മാറ്റം എന്നൊരു ആശയമുണ്ടാകുന്നത് വിശ്വാസത്തെക്കാള്‍ രാഷ്ട്രീയമായാണ്. ബ്രാഹ്‌മണ മേധാവിത്വത്തില്‍ നിന്ന് രക്ഷനേടല്‍ അഥവാ, തൊട്ടുകൂടായ്മയില്‍ നിന്നുള്ള സ്വാതന്ത്ര്യം നേടലിനാണ് ജനത ക്രിസ്തു മതവും ഇസ്‌ലാംമതവും സ്വീകരിച്ചത്. ഇത് ബ്രാഹ്‌മണ മേല്‍കോയ്മയെ പ്രകോപിപ്പിക്കുന്ന ഒന്നായിരുന്നു. മതംമാറ്റത്തെ അതുകൊണ്ട് തന്നെ ഭയത്തോടും ആശങ്കയോടും കൂടിയാണ് അവര്‍ കണ്ടിരുന്നത്. ആ അര്‍ഥത്തിലാണ് എക്കാലത്തും മതപരിവര്‍ത്തനത്തെ ആക്രമിച്ചിട്ടുള്ളത്. ബ്രാഹ്‌മണ മേധാവിത്വത്തില്‍ നിന്നുള്ള രക്ഷപ്പെടലാണ് മതപരിവര്‍ത്തനം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അംബേദ്കര്‍. അംബേദ്കര്‍ ബുദ്ധമതത്തിലേക്കാണ് രക്ഷതേടിയത്. മുമ്പ് മാറ് മറക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി കേരളത്തില്‍ അവര്‍ണ സ്ത്രീകള്‍ ക്രിസ്തു മതവും ഇസ്‌ലാം മതവും സ്വീകരിച്ചിരുന്നു എന്നത് ചരിത്രമാണ്.

മനുഷ്യക്കടത്ത് ആരോപണം നിലനില്‍ക്കുമോ?
18 വയസ്സായ ഒരു വ്യക്തിയെ കുട്ടിയായല്ല മുതിര്‍ന്ന പൗരനായാണ് പരിഗണിക്കുന്നത്. ഇനി കുട്ടികള്‍ 18 വയസ്സിന് താഴെയാണെങ്കില്‍ തന്നെ കുട്ടികളും അവരുടെ അമ്മയും നല്‍കിയ മൊഴി പ്രകാരം അവര്‍ ക്രിസ്തു മതം പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചെയ്തത് അക്രമമാണെന്ന് പറയാം. എന്നാല്‍, അവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടുമില്ല. ഇപ്പോഴും കന്യാസ്ത്രീകളുടെ അറസ്റ്റിനെപ്പറ്റിയും ജാമ്യം ലഭിച്ചതിനെക്കുറിച്ചുമാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. കന്യാസ്ത്രീകള്‍ കുറ്റവാളികളല്ല അവരെ ദ്രോഹിച്ചവരാണ് കുറ്റവാളികളെന്ന പ്രസ്താവന എവിടെയും വന്നിട്ടില്ലെന്ന് മാത്രമല്ല, അവര്‍ക്കു വേണ്ടി സംസാരിച്ചവരെയും അവരുടെ ജാമ്യത്തിനു വേണ്ടി പരിശ്രമിച്ചവരെയും ഛത്തീസ്ഗഢിലെ ബി.ജെ.പി നിരന്തരമായി പരിഹസിച്ചുകൊണ്ടേയിരുന്നു.
കേരളത്തില്‍ മുസ്‌ലിംകളും അല്ലാത്തവരും എന്ന ധ്രൂവീകരണതിതിന്റെ ഭാഗമായി, കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കാസ വഴി വോട്ട് ബാങ്ക് ആക്കികൊണ്ടിരിക്കുന്ന കേരളത്തിലെ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ആ പാലം ഇവിടെ തകരുകയാണ്. ഇത് മനസ്സിലാക്കിയ ബി.ജെ.പി പ്രസിഡണ്ട് ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ സ്വന്തം കാര്‍ വരെ എത്തിച്ച് പരക്കം പായുകയാണ്.

മുസ്‌ലിംകളും ക്രിസ്ത്യാനികളും രാജ്യത്ത് നിന്ന് പുറത്താക്കപ്പെടേണ്ടവരാണെന്നത് ആര്‍.എസ്.എസിന്റെ ദേശീയതയെക്കുറിച്ചുള്ള ആശയമാണ്. എക്‌സ്‌ക്ലൂഷന്‍(പുറത്താക്കല്‍) ആണത്. നമ്മുടെ ഭരണഘടനയാവട്ടെ ഇന്‍ക്ലൂസിവ് ഡെമോക്രസി (ഉള്‍ക്കൊള്ളല്‍ ജനാധിപത്യം) യാണ് പ്രോത്സാഹിപ്പിക്കുന്നത്. പുറത്താക്കല്‍ തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ കാര്യമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും രാജ്യത്ത് നിന്ന് പുറത്തു പോകണം എന്ന ആശയത്തില്‍ നിന്നാണ് പൗരത്വ ഭേദഗതി നിയമം തന്നെ ഉണ്ടാകുന്നത്. ബിഹാറിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് ആളുകള്‍ പുറം തള്ളപ്പെടുന്നത് ഈ കാഴ്ചപ്പാടിന്റെ ഭാഗമാണ്. വംശീയ ഉന്മൂലനം എന്ന് പറയുന്നത് കൊന്ന് തീര്‍ക്കുക എന്നതല്ല. ഇന്ത്യയില്‍ ആര്‍.എസ്.എസ്സിന്റെ വംശഹത്യാ തന്ത്രം എന്ന് പറയുന്നത്, ആ സമൂഹത്തെ നിരന്തരമായി ദ്രോഹിക്കുക, പീഢിപ്പിച്ച് അവരുടെ ആത്മ വിശ്വാസം കെടുത്തുക, അവരുടെ ഉണര്‍വുകളെ തകര്‍ക്കുക, അവരുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്യുക, അവരുടെ മിഷനറി പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യുക, ജീവിത സുരക്ഷിതത്വത്തെ നിരന്തരമായി ചോദ്യം ചെയ്യുക, പൗരത്വം നിഷേധിക്കുക, രാജ്യത്ത് നിലനില്‍ക്കെത്തന്നെ പുറത്താക്കപ്പെടേണ്ടവരായി മാറുക തുടങ്ങിയ രീതികളിലൂടെയാണ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ച അക്രമ രീതികളും ഇതിന്റെ ഭാഗം തന്നെയാണ്.

കേരളത്തിലെ പവര്‍ പൊളിറ്റിക്‌സില്‍ ബി.ജെ.പിക്ക് ഇതുവരെ നിലകിട്ടിയിട്ടില്ല. അതിനു പ്രധാനകാരണം മതന്യൂനപക്ഷങ്ങളും മതേതര സമൂഹവും ഒരിക്കലും ബി.ജെ.പിയെ പിന്തുണക്കുന്നില്ല എന്ന കാരണം കൊണ്ടാണ്. ഈ സാഹചര്യം മറികടക്കണമെങ്കില്‍ കേരളത്തിലെ മുസ്‌ലിം-ക്രൈസ്തവ സൗഹൃദ അന്തരീക്ഷം തകര്‍ക്കപ്പെടണം എന്നത് ആര്‍.എസ്.എസിന്റെ ഇലക്ഷന്‍ എഞ്ചിനീയറിങ് പദ്ധതിയാണ്. ഇതേത്തുടര്‍ന്നാണ് കേരളത്തില്‍ കാസയെ ഉപയോഗിച്ച് നിരന്തരം മുസ്‌ലിം ഭീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ പരസ്പരം പള്ളികള്‍ തകര്‍ക്കുകയോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളോ തുടര്‍ച്ചയായ വിദ്വേഷങ്ങളോ ഈയടുത്ത് വരെ ഉണ്ടായിട്ടില്ല. സമീപകീലത്താണ് കാസ വഴി ഈ ഓപറേഷന്‍ പരീക്ഷിക്കുന്നത്. മുസ്‌ലിംകളെക്കുറിച്ചുള്ള ഭീതി പരത്തി സമൂഹത്തെ വോട്ട് ബാങ്കാക്കി മുറിച്ചുപയോഗിക്കുകയാണ് തന്ത്രം. അതിന്റെ ഭാഗമായി ക്രൈസ്തവരുമായി അടുപ്പവും സ്‌നേഹവും പ്രകടിപ്പിച്ച്, ക്രിസ്തുമസ് നാളുകളില്‍ വീടുകള്‍ തോറും കയറിയിറങ്ങി കേക്ക് മുറിച്ചും സമ്മാനപ്പൊതികള്‍ നല്‍കിയും ആഘോഷങ്ങളില്‍ പങ്കെടുത്തുമൊക്കെ വോട്ടുറപ്പിക്കല്‍ തകൃതിയായി നടക്കുന്നുണ്ട്. ആ പ്രതിഛായയാണ് ഛത്തീസ്ഗഢിലെ സംഭവത്തിലൂടെ പൊളിയുന്നത്.

ഒരു വിഷയത്തില്‍ തന്നെ കേരളത്തിലെ ബി.ജെ.പിയും ഛത്തീസ്ഗഢിലെ ബി.ജെ.പിയുമെടുക്കുന്ന നിലപാട് വ്യത്യസ്തമാണ്. ഗുണ്ടാ സംഘങ്ങള്‍ കന്യാസ്ത്രീകളെ അക്രമിക്കുന്നു, സര്‍ക്കാര്‍ അവരെ സംരക്ഷിക്കുന്നു. അതേസമയം കേരളത്തിലെ ബി.ജെ.പി അവരെ ജാമ്യത്തിലിറക്കാനുള്ള നെട്ടോട്ടത്തിലാണ്.

കുട്ടികളുള്‍പ്പെടെയുള്ളവരെ ചുട്ടുകൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും തുടങ്ങി കേരളത്തില്‍ നിന്ന് അവിടെ പോയി ജോലി ചെയ്യുന്ന പുരോഹിതന്മാരെ ആക്രമിക്കുന്നതുള്‍പ്പെടെയുള്ള ധാരാളം വീഡിയോകള്‍ ഉള്‍പ്പെടെ പുറത്തു വന്നിട്ടുണ്ട്. മണിപ്പൂരിലെ സംഭവവും മുന്നിലുണ്ട്. മുസ്‌ലിംകളെപ്പോലെ തന്നെ ക്രിസ്ത്യാനികളെയും ഉന്മൂലനം ചെയ്യാനുള്ള പദ്ധതി ഉത്തരേന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലും ചെറിയ രീതിയില്‍ അതിന്റെ പ്രതിഫലനമുണ്ടായതായി കാണാം. തൃശൂരില്‍ ക്രിസ്ത്യന്‍ പള്ളി, പണ്ട് ക്ഷേത്രമായിരുന്നു എന്നൊരു അവകാശവാദം ഉന്നയിച്ചിരുന്നു. കേരളത്തില്‍ അതവരുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിന് എതിരായത് കൊണ്ട് അവര്‍ സ്വയം നിയന്ത്രിക്കുകയായിരുന്നു. കന്യാസ്ത്രീകളുടെ വിഷയം ഒരു സൂചനമാത്രമാണ്. യഥാര്‍ഥ പ്രതികള്‍ ശിക്ഷയില്ലാതെ നടക്കുകയും ഇരകളെ പ്രതികളാക്കപ്പെടുകയും ചെയ്യുന്നതാണ് ഇന്നത്തെ നീതി.

 

 

 

 

Related