നിഷേധിക്കാനാവാത്ത വിധം കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. ഓരോ 36 മണിക്കൂറിലും കേരളത്തില്‍ ഒരു പുതിയ ഇസ്‌ലാമോഫോബിക് പ്രചാരണം നടക്കുന്നു. ആഴത്തില്‍ വേരോടിയ ഒരു വംശീയ പദ്ധതിയായി ഇത് മാറിക്കഴിഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍നിന്നുള്ളവരും സജീവമായി ഈ പ്രചാരണത്തിന്റെ ഭാഗമാണ്. ഒപ്പം ഇതിനെതിരേയുള്ള പ്രതിരോധവും ശക്തിപ്പെട്ടിട്ടുണ്ട്. 2024 വര്‍ഷത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളുടെയും അതിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും രേഖാശേഖരണമാണ് ബാബുരാജ് ഭഗവതിയും കെ. അഷ്റഫ് ചേര്‍ന്ന് തയ്യാറാക്കിയ ‘കേരള ഇസ്ലാമോഫോബിയ റിപ്പോര്‍ട്ട് 2024; എന്ന പുസ്തകം.
ജമാല്‍ കൊച്ചങ്ങാടി
കേരളത്തില്‍ ഓരോ 36 മണിക്കൂറ് കൂടുമ്പോഴും മുസ്‌ലിം വിദ്വേഷം പ്രസരിപ്പിക്കുന്ന എന്തെങ്കിലും പരാമര്‍ശം ഉണ്ടാകുന്നുണ്ടെന്ന് മലയാളത്തിലെ ആദ്യത്തെ ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോ. കെ. അഷറഫിന്റെയും ബാബുരാജ് ഭഗവതിയുടെയും നേതൃത്വത്തില്‍ ഇസ്‌ലാമോഫോബിയ റിസര്‍ച്ച് കലക്റ്റീവ് എന്ന കൂട്ടായ്മയുടെ ഭാഗമായി ഒരു സംഘം യുവ നിരീക്ഷകര്‍ ശാസ്ത്രീയമായി വരിച്ച വസ്തുതാ വിവരങ്ങളുടെ വാര്‍ഷിക റിപോര്‍ട്ടാണിത്. ആസൂത്രിതവും ആകസ്മികവുമായ ഈ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തിന്റെ മാനസികാവസ്ഥയാണ് വെളിപ്പെടുത്തുന്നത്. ദേശീയാടിസ്ഥാനത്തിലും അന്തര്‍ദേശീയാടിസ്ഥാനത്തിലും ഇതുപോലെ ശാസ്ത്രീയമായ പഠനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
(കടപ്പാട്:അപരവത്കരണത്തിന്റെ വിഷക്കായകള്‍, ജൂലൈ 2025, മറുവാക്ക് മാസിക)
ഡോ. ഒ.കെ സന്തോഷ്
സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ സംബന്ധിച്ച്, അവരുടെ ഒരുദിവസം ആരംഭിക്കുന്നത് ശത്രുവിനെയും മറ്റൊരു സുഹൃത്തിനെയും (മിത്രം എന്ന് എഴുതിയാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതിന് വേറെ അര്‍ഥമാണല്ലോ) മുന്നിലെടുത്തുള്ള പോരാട്ടത്തിലൂടെയാണെന്ന് പൊതുവേ പറയാറുണ്ട്. അവര്‍ രാഷ്ട്രീയക്കാരായിരിക്കാം, കലാ-സാംസ്‌കാരിക രംഗത്തെ സെലിബ്രിറ്റികളായിരിക്കാം, മതപുരോഹിതരോ ആത്മീയനേതാക്കളോ ആയിരിക്കാം, ചിലപ്പോള്‍ വഴിയരികില്‍ നില്‍ക്കുന്ന സാധാരണക്കാരായിരിക്കാം. വൈറല്‍ഭ്രമം ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നതില്‍ പ്രായഭേദമോ കാണിക്കുന്ന വൈകാരികതയുടെ ഇരകളോ സഹജീവികളോ ആയി പൗരസമൂഹത്തിലെ ഓരോ വ്യക്തിയും മാറുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിന്റെ പ്രതിഫലനങ്ങളാണിത്. ഇസ്‌ലാമോഫോബിയ ഇന്നേറ്റവും കൂടുതല്‍ സ്വീകാര്യത നേടുന്നത് സമൂഹമാധ്യമ ഇടങ്ങളിലാണെന്ന് ബാബുരാജ് ഭഗവതിയും കെ. അഷറഫും എഡിറ്റ് ചെയ്ത കേരള ഇസ്ലാമോഫോബിയ റിപ്പോര്‍ട്ട് 2024 എന്ന പുസ്തകം വായിക്കുമ്പോള്‍ വ്യക്തമായി കാണാം. ഒരു രാഷ്ട്രീയനേതാവിന്റെ പ്രഭാഷണം പത്രത്തില്‍ അച്ചടിച്ചുവരുമ്പോള്‍ വായിക്കുന്നതിന്റെ പതിന്മടങ്ങ് വൈകാരിക പ്രകടനം സൃഷ്ടിക്കാന്‍ അതിന്റെ ചില ക്ലിപ്പിംഗുകള്‍ക്ക് കഴിയാറുണ്ട്. അത് യാത്രയിലോ തൊഴിലിടത്തിലോ മാത്രമല്ല; വ്യക്തികളോടൊപ്പം എപ്പോള്‍ വേണമെങ്കിലും ലഭിക്കാവുന്നവിധത്തിലായതുകൊണ്ട് വിപുലമായ രീതിയില്‍ ആളുകളുടെ പ്രതികരണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്നു.
(കടപ്പാട്: സൈബര്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണോല്‍സുക രാഷ്ട്രീയം, 18 സെപ്തംബര്‍ 2025, സുപ്രഭാതം)
അജിത് എം പച്ചനാടന്‍
ബാബുരാജ് ഭഗവതിയും ഡോ. കെ. അഷ്‌റഫും തയ്യാറാക്കിയ ”കേരള ഇസ്ലാമോഫോബിയ റിപ്പോര്‍ട്ട് 2024” എന്ന പുസ്തകത്തില്‍ വെള്ളാപ്പള്ളി നടേശനെ പോലെ ഒരാള്‍ രൂപപ്പെട്ടുവന്നതിന്റെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്:
”തങ്ങള്‍ ആരാണെന്നും എന്താണെന്നും തങ്ങളുടെ ഭാവിയും വര്‍ത്തമാനവും ഭൂതകാലവും എന്താണെന്നും നിര്‍വചിക്കാനുള്ള അവകാശം ഏതു മനുഷ്യര്‍ക്കും എന്നപോലെ മുസ്‌ലിംകള്‍ക്കും ഉണ്ട്. സാമൂഹിക/രാഷ്ട്രീയ/ ദൈനംദിന യാഥാര്‍ഥ്യങ്ങളെ കുറിച്ചുള്ള സമീപനങ്ങള്‍ രൂപപ്പെടുത്താനും അവകാശമുണ്ട്. മുസ്‌ലിംകളുടെ ഈ സ്വയംനിര്‍ണ്ണയാവകാശത്തെ നിരാകരിക്കുന്നതും നിഷേധിക്കുന്നതും തള്ളിക്കളയുന്നതും വംശീയതയാണ്. ഒരു വിഭാഗം മനുഷ്യര്‍ക്ക് തുല്യപദവി നിഷേധിക്കുന്നതാണ് വംശീയത. ബഹിഷ്‌കരണം, വിവേചനം, വാര്‍പ്പ് മാതൃകകള്‍, മുന്‍വിധി, വിദ്വേഷം, ആക്രമണം, വെറുപ്പ്, ഉച്ചനീചത്വങ്ങള്‍ തുടങ്ങി സ്വയംനിര്‍ണ്ണയാവകാശ നിഷേധത്തിന്റെ വിവിധ രൂപങ്ങളില്‍ അത് പ്രവര്‍ത്തിക്കുന്നു. ഇസ്‌ലാമോഫോബിയ എന്ന മുസ്ലിം വിരുദ്ധ വംശീയതയ്ക്ക് പിന്നില്‍ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ആധിപത്യ/മേല്‍ക്കോയ്മാ താല്‍പ്പര്യങ്ങളുണ്ട്. ജാതിപരവും, ലിംഗപരവും, സാമുദായികവും, ദേശീയപരവും, മതപരവും, ചരിത്രപരവുമായ ഘടകങ്ങളും ഉണ്ടാകാം. സമൂഹത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള പൊതുവ്യക്തികള്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ ഇസ്‌ലാമോഫോബിയയുടെ ദൈനംദിന ആവിഷ്‌കാരത്തെയും പൊതുപ്രകടനത്തെയും പ്രതിഫലിപ്പിക്കുന്ന സാമൂഹിക മാതൃകയായി പരിഗണിക്കേണ്ടതുണ്ട്.”
കേരളത്തിലെ പ്രബലമായ ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ബോധപൂര്‍വ്വം നടത്തുന്ന വര്‍ഗീയ പ്രസ്താവനകള്‍ സ്വയംനിര്‍ണ്ണയിക്കാനുള്ള മുസ്‌ലിംകളുടെ അവകാശം ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഇത് സംഘ്പദ്ധതിയാണ്. മലപ്പുറം ജില്ലയിലെ ജനസംഖ്യാ പെരുപ്പം, സംസ്ഥാനത്തിന്റെ വിഭവങ്ങളില്‍ വലിയ തോതിലുള്ള പങ്കുപറ്റല്‍ എന്നൊക്കെ വസ്തുനിഷ്ഠ രേഖകളുടെ പിന്‍ബലമില്ലാതെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതിനു പിന്നില്‍ രാജ്യത്തെ പൗരരായ മുസ്‌ലിംകളെ കുറ്റവാളി സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യമാണുള്ളത്.
(കടപ്പാട്: ഇടതു വോട്ടാകര്‍ഷണ യന്ത്രങ്ങള്‍, 3 ഒക്ടോബര്‍ 2025, ട്രൂകോപിതിങ്ക് )
ടി.ടി ശ്രീകുമാര്‍
പത്രപ്രവര്‍ത്തകരും എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും എല്ലാമടങ്ങുന്ന ഒരു സംഘം അന്വേഷകരുടെ സഹായത്തോടെ കേരളത്തില്‍ പടരുന്ന ഇസ്‌ലാംഭീതിയുടെ ആഴങ്ങള്‍, വൃത്താന്തങ്ങളും മറ്റു രേഖകളും സംഭവങ്ങളും വിശകലനം ചെയ്തു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയരേഖയാണ് ഈ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഈ വിഷയത്തെക്കുറിച്ച് എനിക്ക് സംസാരിക്കേണ്ടി വന്നിരുന്നു. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍വച്ച് സുധീഷ് എം. രഘുവും സലിം ദേളിയും ചേര്‍ന്ന് എഡിറ്റ് ചെയ്തു ബുക് പ്ലസ് പ്രസിദ്ധീകരിച്ച ‘ഇസ്ലാമോഫോബിയ’ എന്ന ലേഖനസമാഹാരം ഡോ. മോഹന്‍ ഗോപാല്‍ പ്രകാശനം ചെയ്തു. അദ്ദേഹത്തില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നിര്‍വഹിച്ചപ്പോഴായിരുന്നു അത്. വളരെ സമഗ്രവും വസ്തുതാപരവും വിശകലനത്മകവുമായ പുസ്തകമാണ് ബുക് പ്ലസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനു ശക്തമായ ഒരു അനുബന്ധം എന്നു പറയാവുന്ന കൃതിയാണ് ബാബുരാജ് ഭഗവതിയും കെ. അഷ്റഫും ചേര്‍ന്ന് എഴുതിയിട്ടുള്ളത്. ഇസ്‌ലാമോഫോബിയ എന്നത് ഇസ്‌ലാമിനോടോ മുസ്‌ലിംകളോടോ ഉള്ള ഭയം, വെറുപ്പ് അല്ലെങ്കില്‍ മുന്‍വിധി, അവയുടെ അടിസ്ഥാനത്തിലുള്ള അകറ്റിനിര്‍ത്തല്‍, വിവേചനം, പാര്‍ശ്വവത്കരണം എന്നിവയെ സൂചിപ്പിക്കുന്നു. ഇത് പലപ്പോഴും സ്റ്റീരിയോടൈപ്പുകള്‍, പ്രത്യക്ഷവും പരോക്ഷവുമായ അക്രമവും ഹിംസയുമായി മാറുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പ്രത്യേകിച്ച് 9/11 ന് ശേഷം ആഗോള മാധ്യമങ്ങളും രാഷ്ട്രീയ വ്യവാഹരങ്ങളും ഇസ്ലാംതീവ്രവാദവുമായോ ഭീകരതയുമായോ സത്താപരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിത്രീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ പരികല്‍പ്പന സാംസ്‌കാരിക രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒരു അനിവാര്യതയായി ഉയര്‍ന്നുവന്നതാണ്. അതിന്റെ കാതലില്‍, ഇസ്‌ലാമോഫോബിയ സാംസ്‌കാരികമായും ഘടനാപരമായും പ്രവര്‍ത്തിക്കുന്ന ഒന്നാണ് സാംസ്‌കാരികമായി, മുസ്‌ലിം ആചാരങ്ങളോ മൂല്യങ്ങളോ പിന്നോക്കവും, യുക്തിരഹിതവും, ”ആധുനിക” നാഗരികതയുമായി പൊരുത്തപ്പെടുന്നതുമല്ല എന്ന ആരോപണമായി ഇത് പ്രകടമാക്കപ്പെടുന്നു. പൊതുവില്‍ മതങ്ങള്‍ക്ക് ചേരുന്ന വിമര്‍ശനങ്ങള്‍ പലതും ഇസ്‌ലാമിന്റെ മാത്രം പ്രശ്‌നമായി അവതരിപ്പിക്കപ്പെടുന്നു. കടുത്ത മേല്‍നിരീക്ഷണം, കുടിയേറ്റ നിരോധനങ്ങള്‍, പൗരത്വാവകാശനിഷേധം, തൊഴില്‍ ഭവന സ്വാതന്ത്ര്യ വിവേചനം, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, വിചാരണകള്‍, എന്നിവയിലൂടെയും ഇത് പ്രത്യക്ഷപ്പെടുന്നു.
‘കവറിംഗ് ഇസ്‌ലാം’ എന്ന പുസ്തകത്തില്‍ എഡ്വേര്‍ഡ് സെയ്ദിനെപ്പോലുള്ള പണ്ഡിതന്മാര്‍ കൊളോണിയല്‍ കാലഘട്ടത്തിലെ ഓറിയന്റലിസവുമായി (മുസ്‌ലിം ലോകത്തിന്റെ പാശ്ചാത്യ നിര്‍മ്മിതി) ഇസ്‌ലാമോഫോബിയയെ ബന്ധിപ്പിക്കുന്നുണ്ട്. ഇതൊരു പുതിയ പ്രതിഭാസമല്ല. ശീതയുദ്ധാനന്തരം 9/11ന് ശേഷമുള്ള കാലഘട്ടത്തില്‍, ഇസ്‌ലാമോഫോബിയ ഒരു പ്രധാന പ്രത്യയശാസ്ത്ര രാഷ്ട്രീയ ഉപകരണമായി സാമ്രാജ്യത്വം ഉപയോഗിക്കുന്നു. അത് സൈനിക ഇടപെടലുകളെ ന്യായീകരിക്കുന്നു, സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലുള്ള മനുഷ്യാവകാശ ലംഘനങ്ങളെ നീതിമത്കരിക്കുന്നു, മുസ്‌ലിംകളെ ”അന്യരായി ചിത്രീകരിച്ചുകൊണ്ട് ആഭ്യന്തര സാമൂഹിക പ്രതിസന്ധികളില്‍ നിന്ന് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ജനശ്രദ്ധ തിരിക്കുന്നു. എന്നാല്‍ സമകാലിക ഇസ്‌ലാമോഫോബിയ പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല; അത് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ ഹിന്ദുത്വ സാംസ്‌കാരികരാഷ്ട്രീയം, യൂറോപ്പില്‍ കുടിയേറ്റ വിരുദ്ധ നയങ്ങള്‍, മ്യാന്‍മറിലോ ചൈനയിലോ നടക്കുന്ന വംശീയ പീഡനം എന്നിവയില്‍ ഇസ്‌ലാമോഫോബിയ പ്രകടമാണ്. ഈ റിപ്പോര്‍ട്ട് നമ്മെ ഞെട്ടിക്കുന്നത് കേരളം പോലെ നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്ന ഒരു പ്രദേശത്ത് നിലനില്‍ക്കുന്ന ഇസ്‌ലാംഭീതിയുടെ വ്യവഹാരങ്ങളെ അഴിച്ചുകാണിക്കുന്നതിനാലാണ്. സാരാംശത്തില്‍, ഇസ്‌ലാമോഫോബിയ വംശീയതയുടെ ഒരു ആധുനിക രൂപമാണ്, സാംസ്‌കാരിക വിമര്‍ശനമോ സുരക്ഷാ ആശങ്കയോ സാംസ്‌കാരികാധിനിവേശ ഭീതിയോ ഒക്കെയായി അത് സ്വയം മറച്ചുവെക്കുന്നു. അങ്ങനെ കേരളം മറച്ചുവക്കുന്ന അയുക്തിക ഭീതികളിലൂടെ ഈ റിപ്പോര്‍ട്ട് വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്നു.
(കടപ്പാട്: ബുക്‌റാക്ക്, 8 ഒക്ടോബര്‍ 2025, നവമലയാളി)
ഡോ. വി വിജയകുമാര്‍
ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട് 2024 കേരളത്തില്‍ ഇസ്‌ലാമോഫോബിയയുടെ ഇടപെടലുകള്‍ എത്രമാത്രം മാരകവും ജനാധിപത്യവിരുദ്ധവും വിഭാഗീയവുമാണ് എന്ന്, ജനജീവിതത്തെ എത്രമാത്രം പിളര്‍ത്തുന്നതാണെന്നും കേരളത്തിന്റെ പൊതുമണ്ഡലത്തെ എങ്ങനെയെല്ലാം തകര്‍ക്കുന്നതാണെന്നും ബോധ്യപ്പെടുത്തുന്നതാണ്. ഈ സമൂര്‍ത്ത യാഥാര്‍ത്ഥ്യത്തെ നിരാകരിച്ചുകൊണ്ട് സിപിഐ(എം) പോലുള്ള ഒരു പ്രസ്ഥാനത്തിന് കേരളത്തില്‍ നിലപാടുകളോ സമീപനങ്ങളോ സ്വീകരിക്കാന്‍ കഴിയില്ല എന്ന കാര്യം സവിശേഷമായും ശ്രദ്ധിക്കേണ്ടതാണ്. മറിച്ചാണ് അത് ചെയ്യുന്നതെങ്കില്‍, കേരളീയ സമൂഹം വലിയ അപചയത്തിലേക്കാണ് നയിക്കപ്പെടുക.
(കടപ്പാട്: ഇസ്ലാമോഫോബിയയെ നിരാകരിച്ചുകൊണ്ട് സിപിഐഎമ്മിന് നിലപാടുകളോ സമീപനങ്ങളോ സ്വീകരിക്കാന്‍ കഴിയില്ല, 28 ജൂലൈ 2025 , ജനപക്ഷം ഓണ്‍ലൈന്‍)
