August 13 Thursday 2026

കേരള ബജറ്റ് 2026-27: വാഗ്ദാന പെരുമഴയില്‍ ഒലിച്ചുപോകുന്ന സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍

2026 ജനുവരി 29-ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച 2026-27 വര്‍ഷത്തെ ബജറ്റ്, ഒരു സാമ്പത്തിക രേഖ എന്നതിലുപരി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ഒരു രാഷ്ട്രീയ പ്രകടനപത്രികയാണെന്ന വിമര്‍ശനം ശക്തമാണ്. ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേവലം വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമായി ഒതുങ്ങേണ്ട ഒന്നാണിതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന ബജറ്റാണിത്.
ജി.എസ്.ടി നടപ്പാക്കിയതോടെ സ്വന്തമായി നികുതി ഏര്‍പ്പെടുത്താനും വരുമാനം സൃഷ്ടിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെട്ടതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറയ്ക്കുന്നതും വായ്പാ പരിധി നിശ്ചയിക്കുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക കരുനീക്കങ്ങളെ വെറും ‘കൂട്ടലും കിഴിക്കലുമായി’ മാറ്റിയിരിക്കുന്നു. ഈ സാഹചര്യത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഇന്ധന സെസ്സ്, ഭൂമി ന്യായവില വര്‍ധനവ് തുടങ്ങി വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഭാരിച്ച നികുതി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഇക്കുറി അത്തരം കടന്ന കൈ പ്രയോഗങ്ങള്‍ക്ക് സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. പകരം, നിലവിലുള്ള കുടിശ്ശികകള്‍ തീര്‍പ്പാക്കാനുള്ള ആംനസ്റ്റി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്:
നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍: 2017-18 സാമ്പത്തിക വര്‍ഷം വരെയുള്ള 50,000 രൂപ വരെയുള്ള നികുതി കുടിശ്ശികകളുടെ പിഴയും പലിശയും പൂര്‍ണ്ണമായും ഒഴിവാക്കി. 2021 ജൂലൈ വരെയുള്ള ഫ്‌ലഡ് സെസ്സ് കുടിശ്ശിക പലിശയും പിഴയുമില്ലാതെ അടയ്ക്കാന്‍ ‘ഫ്‌ലഡ് സെസ്സ് ആംനസ്റ്റി 2026’ പ്രഖ്യാപിച്ചു.
പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താതെ തന്നെ വന്‍കിട ചെലവുകള്‍ വരുന്ന പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ 1,600 രൂപയില്‍ നിന്ന് 2,000 രൂപയായി തദ്ദേശ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഉയര്‍ത്തിയത് വീണ്ടും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 14,500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഇല്ലാത്ത 35-60 പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കാനുള്ള പദ്ധതിയും നേരത്തേ പ്രഖ്യാപിച്ചതാണ്. അതും ഈ ബജറ്റില്‍ 3,720 കോടി രൂപ മാറ്റിവെച്ച് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്ക് 1,000 രൂപ വരെ ഹോണറേറിയം വര്‍ധനവ് പ്രഖ്യാപിച്ചു. 21,000 രൂപ മാസം ഹോണറേറിയമായി വേണം എന്നാവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോള്‍ പരിഹസിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. തത്കാലം ചെറിയ വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നതും.
പുതിയ വരുമാന മാര്‍ഗം കണ്ടെത്താതെ പ്രഖ്യാപിച്ച പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് കടബാധ്യത വര്‍ധിപ്പിക്കുമെന്നത് വ്യക്തമാണ്. 2025-26 വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ കടം 4,88,910 കോടി രൂപ ആയിരിക്കുമെന്ന് ബജറ്റ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. വരുമാനത്തിന്റെ 25% മാത്രമാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നത് എന്നതും സാമ്പത്തിക ഞെരുക്കം വര്‍ധിപ്പിക്കുന്നു.
ചുരുക്കത്തില്‍, കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ നികുതി വര്‍ധനവുകള്‍ കൊണ്ട് പിടിച്ചുനിന്ന സര്‍ക്കാര്‍, വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇക്കുറി പുതിയ നികുതിഭാരങ്ങള്‍ ഒഴിവാക്കിയെങ്കിലും, പകരമുള്ള വരുമാന സ്രോതസ്സുകള്‍ കണ്ടെത്താത്തത് വരാനിരിക്കുന്ന പുതിയ സര്‍ക്കാരിന് വലിയ സാമ്പത്തിക വെല്ലുവിളിയാകും.
.
സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിക്കുന്നത് ആശങ്കാജനകമായ സാഹചര്യമാണെന്ന് ബജറ്റ് പ്രസംഗവും അടിവരയിടുന്നു. 2024-25ല്‍ 4,35,314 കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ ആകെ കടം 2025-26 വര്‍ഷത്തില്‍ 4,88,910 കോടി രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടവും ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 33.44 ശതമാനമായി കുരഞ്ഞു എങ്കിലും കടത്തിന്റെ ആകെ തുക ഉയരുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയാണ്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് കേന്ദ്ര വിഹിതത്തിലുണ്ടായ ഗണ്യമായ കുറവാണ്. അതോടൊപ്പം വളരെ മോശമായ ധനകാര്യ മാനേജ്‌മെന്റും ഉണ്ട്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് കേന്ദ്ര നികുതി വിഹിതത്തില്‍ 3.88 ശതമാനമായിരുന്ന കേരളത്തിന്റെ ഓഹരി പതിനഞ്ചാം കമ്മീഷന്‍ എത്തിയപ്പോള്‍ 1.92 ശതമാനമായി കുത്തനെ കുറഞ്ഞു.
കേന്ദ്ര ധനകമീഷന്‍ ശുപാര്‍ശ പ്രകാരം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന ഗ്രാന്റിലും കേരളത്തിന്റെ വിഹിതം 4.54 ശതമാനത്തില്‍ നിന്ന് 2.68 ശതമാനമായി ഇടിഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കേന്ദ്രം തന്നെ അംഗീകരിച്ച കടപരിധിയില്‍ നിന്നും 5944 കോടി രൂപ അവസാന മാസങ്ങളില്‍ വെട്ടിക്കുറച്ചത് പ്രതിസന്ധി രൂക്ഷമാക്കി. സംസ്ഥാനത്തിന്റെ ചെലവുകള്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന ഘട്ടത്തിലുണ്ടായ ഈ നടപടി കേരളത്തോടുള്ള ഒരു ‘ഇരുട്ടടി’യായാണ് ബജറ്റ് വിശേഷിപ്പിക്കുന്നത്. ഈ വര്‍ഷം മാത്രം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വരുമാനത്തില്‍ നിന്നും ഏകദേശം 17,000 കോടി രൂപയാണ് കേന്ദ്രം അപ്രതീക്ഷിതമായി വെട്ടിക്കുറച്ചത്. ജി.എസ്.ടി നിരക്ക് പരിഷ്‌കരണത്തിലൂടെ 8000 കോടി രൂപയുടെ വാര്‍ഷിക നഷ്ടവും സംസ്ഥാനത്തിനുണ്ടാകുന്നു.
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി വന്‍കിട പ്രഖ്യാപനങ്ങളാണ് ബജറ്റിലുടനീളം കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഇവ നടപ്പിലാക്കാന്‍ നിലവിലെ സര്‍ക്കാരിന് സമയം ലഭിക്കില്ല എന്നതിനൊപ്പം പല പദ്ധതികളുടെയും പ്രായോഗികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി പ്രഖ്യാപിച്ച ‘അഷ്വേര്‍ഡ് പെന്‍ഷന്‍’ പദ്ധതി 2026 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ഉറപ്പാക്കുമെന്നും ഡി.ആര്‍ (DR) അനുവദിക്കുമെന്നും പറയുന്നുണ്ടെങ്കിലും, ഇത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 1-ന് മാത്രമേ പുറത്തിറക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച ഈ പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സോ ഘടനയോ ഇനിയും വ്യക്തമല്ല എന്നത് പദ്ധതിയുടെ വിശ്വാസ്യതയെ ബാധിക്കുന്നു.
വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ 2045-ല്‍ പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്തിരുന്ന സ്ഥാനത്ത് 17 വര്‍ഷം മുന്‍പുതന്നെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ് . ഭാവി വികസനത്തിന് ഇത് ഊര്‍ജ്ജം നല്‍കുമെങ്കിലും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്ര വലിയ ലക്ഷ്യം കൈവരിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ ബജറ്റ് വ്യക്തമാക്കുന്നില്ല.
വിഴിഞ്ഞം മുതല്‍ ചവറ വഴി കൊച്ചിയെ ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോറിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 തൊഴില്‍ അവസരങ്ങളുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി 100 കോടി രൂപ നീക്കിവെച്ച് ഒരു മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും , പതിറ്റാണ്ടുകള്‍ എടുക്കാവുന്ന ഇത്തരമൊരു വന്‍കിട പദ്ധതി തിരഞ്ഞെടുപ്പ് വര്‍ഷത്തിലെ കേവലമൊരു വാഗ്ദാനം മാത്രമാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിച്ചു എന്നത് ഒരു പ്രധാന നീക്കമാണ്. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സമയബന്ധിതമായി നടപ്പിലാക്കുമെന്നുമാണ് പ്രഖ്യാപനം. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേവലം മൂന്ന് മാസം കൊണ്ട് റിപ്പോര്‍ട്ട് വാങ്ങി അത് നടപ്പിലാക്കാന്‍ നിലവിലെ സര്‍ക്കാരിന് കഴിയില്ലെന്ന് വ്യക്തമാണ്. വരാനിരിക്കുന്ന സര്‍ക്കാരിന് മേല്‍ വലിയൊരു സാമ്പത്തിക ബാധ്യത മുന്‍കൂട്ടി നിശ്ചയിക്കുക എന്ന രാഷ്ട്രീയ തന്ത്രം ഇതിന് പിന്നിലുണ്ടാകും.
നിലവില്‍ കുടിശ്ശികയായിട്ടുള്ള എല്ലാ ഡി.എ., ഡി.ആര്‍. ഗഡുക്കളും നല്‍കാന്‍ തീരുമാനിച്ചതായി ബജറ്റ് വ്യക്തമാക്കുന്നു. ഇതില്‍ ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പവും ബാക്കിയുള്ളവ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പവും നല്‍കുമെന്നാണ് വാഗ്ദാനം . വര്‍ഷങ്ങളായി കുടിശ്ശിക വരുത്തിയ ശേഷം, ഭരണകാലയളവിന്റെ അവസാന രണ്ട് മാസങ്ങളില്‍ ഇവ നല്‍കുമെന്ന് പറയുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ‘വോട്ട് ഉറപ്പിക്കല്‍’ മാത്രമാണ്. ഡി.എ. അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടായതായി സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് ബജറ്റിന്റെ മറ്റ് ഭാഗങ്ങളില്‍ ആവര്‍ത്തിക്കുമ്പോഴും, ആയിരക്കണക്കിന് കോടി രൂപ ആവശ്യമായ ഈ കുടിശ്ശിക വിതരണത്തിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്നതില്‍ വ്യക്തതയില്ല.
പത്തുവര്‍ഷം ശമ്പള പരിഷ്‌കരണവും ഡി.എ. ആനുകൂല്യങ്ങളും തടഞ്ഞുവെച്ച ശേഷം, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തുന്ന ഈ പ്രഖ്യാപനങ്ങള്‍ ജീവനക്കാരുടെ ഇടയിലുള്ള അതൃപ്തി പരിഹരിക്കാനുള്ള രാഷ്ട്രീയ നീക്കം മാത്രമാണ്. ഈ വലിയ സാമ്പത്തിക ബാധ്യതകള്‍ വരാനിരിക്കുന്ന പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക അടിത്തറയെ കൂടുതല്‍ ദുര്‍ബലമാക്കും എന്നതാണ് യാഥാര്‍ത്ഥ്യം.
പദ്ധതികളുടെ ആകെ അടങ്കല്‍ 44,574.66 കോടി രൂപയായി ഉയര്‍ത്തുമ്പോഴും, നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വന്‍കിട പദ്ധതികള്‍ക്കായി കോടികള്‍ വകയിരുത്തുന്നത് എത്രത്തോളം പ്രായോഗികമാണെന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. വരാനിരിക്കുന്ന പുതിയ സര്‍ക്കാരിന് മേല്‍ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന രീതിയിലുള്ള ഈ പ്രഖ്യാപനങ്ങള്‍ വെറും രാഷ്ട്രീയ തന്ത്രമാണെന്ന വിമര്‍ശനത്തിന് ഇത് ശക്തി പകരുന്നു.
ചുരുക്കത്തില്‍, 1.52 ലക്ഷം കോടി രൂപയുടെ അധിക റവന്യൂ വരുമാനം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ആനുപാതികമായ കടബാധ്യതയും വര്‍ധിക്കുന്നു എന്നത് വസ്തുതയാണ്. തിരഞ്ഞെടുപ്പിന് ശേഷം വരുന്ന പുതിയ സര്‍ക്കാരിന് ഈ സാമ്പത്തിക ഭാരം വലിയ വെല്ലുവിളിയായിരിക്കും.

Related