ഭാവനയും യാഥാർത്ഥ്യവും ഇഴപ്പിഴിയിക്കാൻ പറ്റാത്ത വിധത്തിൽ പരസ്പരം ലയിച്ചുചേർന്നതാണ് തമിഴ്നാട് രാഷ്ട്രീയം. എംജിആർ എന്ന മരുതൂർ ഗോപാല മേനോൻ രാമചന്ദ്രന്റെ കാലം മുതൽ വിജയിയുടെ തമിഴക വെട്രി കഴകം വരെ നീണ്ടുനിൽക്കുന്ന ആ നാട്ടിലെ വീരാരാധന രാഷ്ട്രീയം അതിന് തെളിവാണ്. എം.ജി.ആറിന്റെ മരണത്തെ തുടർന്ന് 30 ഓളം ആത്മഹത്യകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നത് ഇതിന്റെ ആഴം മനസ്സിലാക്കുവാൻ ഉപകരിക്കും.
ജയലളിതയുടെ മരണം സൃഷ്ടിച്ച സാഹചര്യങ്ങളിൽ രൂപപ്പെട്ട എ ഐ ഡി എം കെ യിലെ ആഭ്യന്തര സംഘർഷങ്ങൾ രൂപപ്പെടുത്തിയ പ്രതിപക്ഷ അനൈക്യത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്കാണ് രാജ്യത്തെ ഏറ്റവും താരമൂല്യമുള്ള ചലച്ചിത്രതാരങ്ങളിൽ ഒരാളായ വിജയിയുടെ തമിഴക വെട്രി കഴകം വുമായുള്ള വരവ്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാൾ പളനസ്വാമിയും ജയലളിതയുടെ വിശ്വസ്തനായിരുന്ന ഓ.പനീർ ശെൽവവും രണ്ടു പക്ഷങ്ങളായി പോരടിക്കുന്ന കാഴ്ചയാണ് എ.ഐ.ഡി എംകെയിൽ കാണാൻ സാധിക്കുന്നത്.പ്രതിപക്ഷ ചേരിയിൽ ഉടലെടുത്ത ഈ രാഷ്ട്രീയ അനൈക്യം ഏറ്റവുമധികം സഹായകമായത് മുഖ്യമന്ത്രി സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ ക്കാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈയൊരു രാഷ്ട്രീയ കാലാവസ്ഥയിലേക്കാണ് വിജയിയുടെ രാഷ്ട്രീയ രംഗപ്രവേശനം. തമിഴ്നാട്ടിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്ര അടിത്തറയായ ദ്രാവിഡ രാഷ്ട്രീയത്തിൽ തന്നെയാണ് വിജയിയും നിലയുറപ്പിച്ചത്.സംഘപരിവാറിനെ പ്രത്യയശാസ്ത്ര ശത്രുവായി കണ്ടും ഡി.എം.കെയെ രാഷ്ട്രീയ എതിരാളിയായി പ്രഖ്യാപിച്ചും തമിഴക വെട്രി കഴകം മുന്നോട്ട് പോയത് ഇതിന്റെ നിദർശനമായിരുന്നു.പൗരത്വ ഭേദഗതി നിയമം അടക്കമുള്ള കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെ പരസ്യമായി എതിർത്തുകൊണ്ട് ഉൾക്കൊള്ളൽ രാഷ്ട്രീയമാണ് താൻ മുന്നോട്ടുവയ്ക്കുന്നത് എന്ന സന്ദേശവും പരസ്യമായി പ്രകടിപ്പിക്കുവാൻ വിജയിക്ക് സാധിച്ചിട്ടുമുണ്ട്.
തന്റെ മുൻതലമുറ രൂപപ്പെടുത്തിയ സ്വാഭിമാന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആദർശങ്ങളിൽ ഊന്നി പുരോഗമന ജനകീയ നിലപാടുകളുമായി രണ്ടാമൂഴം ഉറപ്പിച്ച എംകെ സ്റ്റാലിന് തമിഴക വെട്രി കഴകം നിലവിൽ അത്രയ്ക്കൊന്നും ഭീഷണി ഉയർത്തിയിരുന്നില്ല എന്നത് യാഥാർത്ഥ്യമാണ്.
എം.ജിആറി.നു ശേഷം തമിഴ്നാടിന്റെ താര രാജാവായി അവരോധിക്കപ്പെട്ട രജനികാന്തും സമകാലികനായ കമലഹാസനും രാഷ്ട്രീയപാർട്ടി പ്രഖ്യാപനവുമായി സമീപകാലത്ത് രംഗത്ത് വന്നവരാണ്. തമിഴ്നാടിന്റെ സ്വന്തം ക്യാപ്റ്റൻ സൂപ്പർസ്റ്റാർ വിജയകാന്തിന്റെ ഡിഎം ഡി കെ തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷ സ്ഥാനം പോലും വഹിച്ചിരുന്നു.
തീവ്ര തമിഴ് നിലപാടുകളുമായി രംഗത്ത് വന്ന ചലച്ചിത്രതാരം സീമാന്റെ നാം തമ്മിലർ കച്ചിയാണ് മറ്റൊരു താരനിർമ്മിത രാഷ്ട്രീയ പാർട്ടി. പ്രസ്തുത രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം മുന്നോട്ടു നയിച്ചത് തമിഴ് സ്വത്വ പ്രത്യയ ബോധ്യങ്ങളാyയിരുന്നു.
കേന്ദ്ര ഭരണകൂടത്തിന് വിധേയപ്പെട്ട രാഷ്ട്രീയ നിലപാടുകൾ കൈകൊണ്ട് പൗരത്വ ബില്ലിനെയടക്കം പിന്തുണച്ച രജനികാന്ത് പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്തിരിഞ്ഞപ്പോൾ കമലാഹാസൻ തന്റെ പ്രഖ്യാപിത ഹിന്ദുത്വ വിരുദ്ധ നിലപാടിലൂടെ പുതിയ രാഷ്ട്രീയ പാർട്ടിയുമായി മുന്നോട്ടു പോയി.കാശ്മീരിൽ ജനഹിതം നടപ്പാക്കണം തുടങ്ങിയ ധീരവും ഉറച്ചതുമായ നിലപാടുകളാണ് കമലഹാസൻ കൈകൊണ്ടിട്ടുള്ളത്.
എന്നാൽ കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മെയ്യത്തിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാലിടറി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് പിന്തുണ നൽകിയതിന് പ്രതിഫലമായി സ്റ്റാലിൻ വാഗ്ദാനം ചെയ്ത രാജ്യസഭാ എംപി സ്ഥാനം സ്വീകരിച്ച മക്കൾ നീതി മെയ്യം നേതാവ് ഉറച്ച ഹിന്ദുത്വ നിലപാടാണ് കൈക്കൊള്ളുന്നത്.
തമിഴ്നാട്ടിലെ നിലവിൽ സംജാതമായ പ്രതിപക്ഷ ശൂന്യത സൃഷ്ടിച്ച സുവർണാവസരം മുതലാക്കി രംഗത്തെത്തിയ വിജയുടെ പ്രതീക്ഷകളെ തല്ലിക്കൊടുത്തുന്നതായിരുന്നു സെപ്റ്റംബർ 27ന് തമിഴ്നാട്ടിലെ കരൂരിൽ സംഭവിച്ച വൻ ദുരന്തം. ഒടുവിലെ റിപ്പോർട്ടുകൾ അനുസരിച്ച് 41 പേരാണ് ഇതിനോടകം തമിഴ്നാടിനെ നടത്തിയ ദുരന്തത്തിൽ മരണപ്പെട്ടത്. വിജയുടെ തമിഴക വെട്രി കഴകം സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലാണ് ദുരന്തം സംഭവിച്ചത്. എട്ടോളം കുട്ടികൾക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി.
ദുരന്തത്തിലേക്ക് എത്തിപ്പെട്ടതും ദുരന്തത്തെ തുടർന്നും ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്
ദുരന്തം സംഭവിച്ച ഉടൻതന്നെ പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് പുറപ്പെട്ട വിജയിയുടെ നടപടി ഇതിനോടകം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചപ്പോൾ മുഖ്യമന്ത്രി സ്റ്റാലിൻ സ്വീകരിച്ച നിലപാട് പ്രശംസനീയമായിരുന്നു.ദുരന്ത വിവരമറിഞ്ഞ ഉടൻതന്നെ സ്റ്റാലിൻ സംഭവസ്ഥലത്ത് എത്താൻ രണ്ടു മന്ത്രിമാർക്ക് നിർദേശം നൽകി.മുഖ്യമന്ത്രിയുടെ അടിയന്തര നിർദ്ദേശം ജില്ലാ ഭരണകൂടത്തെ ദുരന്തമുഖത്ത് സജ്ജമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.തുടർന്ന് രാത്രി തന്നെ സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു.അപകടത്തെ തഴം താണ രാഷ്ട്രീയ വിമർശനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നില്ല എന്ന സ്റ്റാലിന്റെ നിലപാടും പക്വമായ രാഷ്ട്രീയ സമീപനമായി വിലയിരുത്താവുന്നതാണ്. ദുരന്തം സംഭവിച്ച് മണിക്കൂറുകൾക്കകം തമിഴ്നാട് സർക്കാർ റിട്ടയർ ജസ്റ്റിസ് അരുണ ജഗദീഷിന്റെ നേതൃത്വത്തിലുള്ള ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചപ്പോൾ മരണപ്പെട്ടവർക്ക് 20 ലക്ഷം രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്.എന്നാൽ വിജയ് പ്രഖ്യാപിച്ച തുക കൈപ്പറ്റാൻ ഒരുക്കമല്ല എന്ന തീരുമാനം കൈക്കൊണ്ട് ദുരിതത്തിൽ മരണപ്പെട്ട ചിലരുടെ ബന്ധുക്കൾ രംഗത്ത് വന്നത് വിജയ് എത്തിപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ആഴത്തെയാണ് വ്യക്തമാക്കുന്നത്.
ദുരന്തം ഡി.എം.കെ ആസൂത്രണം ചെയ്തതാണെന്ന് തമിഴക വെട്രി കഴകത്തിന്റെ ആരോപണം തമിഴ് ജനത എത്രത്തോളം ഉൾക്കൊള്ളുമെന്നത് കണ്ടറിയേണ്ടതാണ്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കേണ്ട പരിപാടി ആറു മണിക്കൂർ വൈകി ആരംഭിച്ചത് ജനപങ്കാളിത്തം വർദ്ധിപ്പിക്കുവാൻ വേണ്ടിയായിരുന്നു എന്നും ഇതിനെ തുടർന്നാണ് ദുരിന്തം സംഭവിച്ചതെ ന്നുമുള്ള ഗുരുതരമായ ആരോപണമാണ് വിജയ് നേരിടുന്നത്.
ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പ്രചാരണയോഗത്തിൽ പങ്കെടുക്കവെ ഇത്രയും അധികം ജനങ്ങൾ മരണപ്പെടുന്നതിന് ഇന്ത്യ ചരിത്രത്തിൽ മറ്റൊരു ഉദാഹരണമില്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രചാരണ യോഗത്തിൽ പത്തോളം പേർ മരണപ്പെട്ട ദുരന്തം സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ മകരവിളക്ക് ദർശിക്കാൻ എത്തിയ വിശ്വാസികൾ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട സംഭവവും, പുതുവത്സരാഘോഷത്തിൽ സമാനമായ സാഹചര്യത്തിൽ കുസാറ്റിൽ സംഭവിച്ച ദുരിതവും നമ്മുടെ കൺമുന്നിലുണ്ട്. കരൂരിൽ സംഭവിച്ച പ്രസ്തുത ദുരിതത്തിൽ നിന്നും ക്രമസമാധാന പാലനത്തിൽ ഉണ്ടായ വീഴ്ചയെ മറച്ചുവെക്കാൻ സാധിക്കില്ല. രാജ്യത്തെ ഏറ്റവും താരമൂല്യമുള്ള,ക്രൗഡ് പുള്ളറായ താര ശരീരം സന്നിഹിതനാകുന്ന ഒരു പരിപാടിയിൽ പ്രതീക്ഷിക്കാവുന്ന ജനസാഗരത്തെ മുന്നിൽ കാണാൻ പറ്റാതെ പോയത് പോലീസ് സംവിധാനത്തിന്റെ വീഴ്ച തന്നെയാണ്. ഈ ഉത്തരവാദിത്തത്തിൽ നിന്നും ഭരണകൂടത്തിനും ഒഴിഞ്ഞുമാറാൻ ആകില്ല.
രജനികാന്ത്,കമൽഹാസൻ,വിജയ്കാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശനത്തിൽ നിന്നും വ്യത്യസ്തമായ പ്രതീക്ഷകളുമായാണ് സമീപനാളിൽ വിജയിയുടെ രാഷ്ട്രീയ രംഗപ്രവേശനത്തെ നിരീക്ഷകർ നോക്കി കണ്ടത്.ഗ്രാമങ്ങളെയും ജനങ്ങളെയും ദുരന്തങ്ങളിലും പ്രതിസന്ധികളിലും ഒറ്റയ്ക്ക് രക്ഷപ്പെടുത്തുന്ന ധീരനായകനായി അഭ്രപാളികളിൽ പ്രത്യക്ഷപ്പെടുന്ന നായകൻ ദുരന്തമുഖത്ത് നിന്നും ഒളിച്ചോടി എന്ന ആക്ഷേപമാണ് നിലവിൽ സോഷ്യൽ മീഡിയകളിൽ മുഴങ്ങുന്നത്.തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം അവശേഷിക്കെ സംഭവിച്ച ദുരിതം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നുറപ്പ്.
