August 13 Thursday 2026

സന്ധിയില്ലാത്ത സമരവീര്യം; ദേശീയ രാഷ്ട്രീയത്തിലെ ആ ശരിപക്ഷം, കെ.പി ഉണ്ണികൃഷ്ണന്‍ ഇനി ഓര്‍മ

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഡല്‍ഹിയിലെ അധികാര ഇടനാഴികളില്‍ സ്വന്തം പേര് സുവര്‍ണ്ണാക്ഷരങ്ങളാല്‍ എഴുതിച്ചേര്‍ത്ത വിരളം നേതാക്കളില്‍ ഒരാളാണ് കെ.പി. ഉണ്ണികൃഷ്ണന്‍. വടകരയുടെ മണ്ണില്‍ നിന്ന് പടര്‍ന്ന് പന്തലിച്ച്, ദേശീയ രാഷ്ട്രീയത്തിന്റെ ഉന്നതിയില്‍ തിളങ്ങിനിന്ന ആ മഹാമേരു വിടവാങ്ങുമ്പോള്‍ (ജനനം: 20 സെപ്റ്റംബര്‍ 1936) അത് കേവലം ഒരു വ്യക്തിയുടെ വിയോഗമല്ല, മറിച്ച് ആശയാധിഷ്ഠിത രാഷ്ട്രീയത്തിലെ ഒരു സുവര്‍ണ്ണ യുഗത്തിന്റെ അന്ത്യം കൂടിയാണ്.

1971 മുതല്‍ 1996 വരെ നീണ്ട കാല്‍നൂറ്റാണ്ടുകാലം വടകര എന്ന മണ്ഡലം കെ.പി. ഉണ്ണികൃഷ്ണന്‍ എന്ന പേരിനൊപ്പം ചേര്‍ത്തു വായിക്കപ്പെട്ടു. തുടര്‍ച്ചയായി ആറ് തവണയാണ് അദ്ദേഹം ഇന്ത്യന്‍ പാര്‍ലമെന്റില്‍ വടകരയുടെ ശബ്ദമായത്. 1971-ലും 1977-ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച അദ്ദേഹം, പിന്നീട് കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്തേക്ക് മാറിയിട്ടും വടകര അദ്ദേഹത്തെ കൈവിട്ടില്ല. 1980, 1984, 1989, 1991 വര്‍ഷങ്ങളില്‍ വിവിധ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ചേരിയുടെ ഭാഗമായി ഇടതുപക്ഷത്തിന്ന് നിന്നുകൊണ്ട് അദ്ദേഹം വിജയം ആവര്‍ത്തിച്ചു. അദ്ധേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹി ആയതിനാല്‍ മണ്ഡലത്തില്‍ വളരെ കുറച്ച് മാത്രമേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ലഭ്യമായിരുന്നുള്ളൂ. ഇക്കാരണങ്ങളാല്‍ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ ദേശാടന പക്ഷി എന്നു ആക്ഷേപിച്ചിരുന്നുവെങ്കിലും വടകരയിലെ ജനങ്ങള്‍ അദ്ദേഹത്തെ ആവര്‍ത്തിച്ചു വിജയിപ്പിച്ചിരുന്നു.

കെ.പി. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്നതും സംഭവബഹുലവുമായ കാലഘട്ടമായിരുന്നു 1984 മുതല്‍ 1991 വരെയുള്ളത്. 1984-ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ് 400-ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വന്നപ്പോള്‍, പ്രതിപക്ഷം ചരിത്രത്തിലെ ഏറ്റവും ചെറിയ എണ്ണമായി ചുരുങ്ങി. കേരളത്തില്‍ അന്ന് ഇടതുപക്ഷത്ത് നിന്ന് വിജയിച്ചത് കെ.പി ഉണ്ണികൃഷ്ണന്‍ (വടകര), തമ്പാന്‍ തോമസ് (മാവേലിക്കര), സുരേഷ് കുറുപ്പ് (കോട്ടയം) എന്നിവര്‍ മാത്രമാണ്. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി അന്ന് ആന്ധ്രയില്‍ മാത്രം ഉണ്ടായിരുന്ന തെലുഗുദേശം പാര്‍ട്ടി ആയിരുന്നു. ആ ചുരുങ്ങിയ പ്രതിപക്ഷ നിരയിലിരുന്നുകൊണ്ടാണ് ഉണ്ണികൃഷ്ണന്‍ തന്റെ പാര്‍ലമെന്ററി മികവ് തെളിയിച്ചത്. ബോഫോഴ്സ് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളില്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെ പാര്‍ലമെന്റില്‍ നിരന്തരം പ്രതിരോധത്തിലാക്കിയ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. കേവലം ബഹളം വെക്കുന്നതിന് പകരം, കൃത്യമായ രേഖകളും ചട്ടങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം ഭരണപക്ഷത്തെ നേരിട്ടത്. ഇത് അദ്ദേഹത്തിന് ദേശീയതലത്തില്‍ വലിയ ശ്രദ്ധ നേടിക്കൊടുത്തു. 1989-ലെ ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ ഭരണമാറ്റത്തിലും വി.പി. സിംഗ് മന്ത്രിസഭയുടെ രൂപീകരണത്തിലും കെ.പി. ഉണ്ണികൃഷ്ണന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. രാജീവ് ഗാന്ധി സര്‍ക്കാരില്‍ നിന്ന് പുറത്തുവന്ന വി.പി. സിംഗിന് ദേശീയതലത്തില്‍ ഒരു പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാന്‍ ഏറ്റവും കൂടുതല്‍ പിന്തുണയും നിയമപരമായ ഉപദേശങ്ങളും നല്‍കിയ നേതാക്കളില്‍ ഒരാളായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്‍. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിനുള്ള നയരൂപീകരണങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.
കോണ്‍ഗ്രസിനെതിരെ ജനതാദള്‍, ഡി.എം.കെ, തെലുഗുദേശം, അസം ഗണ പരിഷത്ത് എന്നിവരെയും ഇടതുപക്ഷ പാര്‍ട്ടികളെയും ഒന്നിച്ച് നിര്‍ത്തി ‘ദേശീയ മുന്നണി’ രൂപീകരിക്കുന്നതില്‍ അദ്ദേഹം മുന്‍കൈ എടുത്തു. തന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) ഈ മുന്നണിയുടെ ഭാഗമാക്കുന്നതിലൂടെ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കില്ലെന്ന് അദ്ദേഹം ഉറപ്പാക്കി.

1989-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷം ലഭിച്ചില്ല. ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ പ്രതിസന്ധിയായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുടെയും ഇടതുപക്ഷത്തിന്റെയും പുറത്തുനിന്നുള്ള പിന്തുണയോടെ വി.പി. സിംഗ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നതിലും, ആ സങ്കീര്‍ണ്ണതകളില്‍ തന്ത്രപരമായ പ്രധാന പങ്ക് വഹിച്ചതിലൊരാള്‍ ഉണ്ണികൃഷ്ണനായിരുന്നു. പ്രത്യേകിച്ച് ഇടതുപക്ഷവും ജനതാദളും തമ്മിലെ പാലമായി നിന്നത് അദ്ദേഹമാണ്. വിവിധ പ്രത്യയശാസ്ത്രങ്ങളുള്ള പാര്‍ട്ടികളെ ഒരു പൊതു മിനിമം പരിപാടിയുടെ കീഴില്‍ കൊണ്ടുവരാന്‍ കൂട്ടായ നേതൃത്വത്തില്‍ നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചത്. വി.പി. സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗതം, വാര്‍ത്താവിനിമയം എന്നീ സുപ്രധാന വകുപ്പുകള്‍ അദ്ദേഹത്തിന് ലഭിച്ചു. വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, സാങ്കേതികമായി ഏറെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട വകുപ്പുകള്‍ അദ്ദേഹം ഏറ്റെടുത്തു. മന്ത്രിസഭയ്ക്കുള്ളില്‍ ദേവി ലാല്‍, ചന്ദ്രശേഖര്‍ തുടങ്ങിയ കരുത്തരായ നേതാക്കള്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും വി.പി. സിംഗ് ഏറെ ആശ്രയിച്ചിരുന്നത് കെ.പി. ഉണ്ണികൃഷ്ണനെയായിരുന്നു.

1989-ലെ വി.പി. സിംഗ് സര്‍ക്കാര്‍ എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു പരീക്ഷണമായിരുന്നു. ആ പരീക്ഷണത്തിന് ബുദ്ധിയും ദിശാബോധവും നല്‍കിയവരില്‍ പ്രമുഖനായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്‍. വാര്‍ത്താവിനിമയം, ഷിപ്പിംഗ്, ഗതാഗതം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം സാങ്കേതികമായി ഏറെ അറിവുള്ള മന്ത്രിയെന്ന പേരെടുത്തു. സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശത്തെത്തുടര്‍ന്ന് അവിടെ കുടുങ്ങിയ 1.7 ലക്ഷം ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ സഹായത്തോടെ നടത്തിയ ദൗത്യം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ്. ഇതിന് ഭരണതലത്തില്‍ ചുക്കാന്‍ പിടിക്കാന്‍ നിയോഗിക്കപ്പെട്ടത് കെ.പി ഉണ്ണികൃഷ്ണനായിരുന്നു. 1990-ല്‍ ഇന്ത്യയെ പിടിച്ചുലച്ച മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കല്‍, എല്‍.കെ. അദ്വാനിയുടെ രഥയാത്ര, വി.പി. സിംഗ് സര്‍ക്കാരിന്റെ പതനം എന്നീ സംഭവവികാസങ്ങളില്‍ കെ.പി. ഉണ്ണികൃഷ്ണന്‍ വഹിച്ച പങ്ക് വളരെ സവിശേഷമായിരുന്നു.

ഒ.ബി.സി (OBC) വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഉറപ്പാക്കുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള വി.പി. സിംഗിന്റെ തീരുമാനത്തെ കെ.പി. ഉണ്ണികൃഷ്ണന്‍ ശക്തമായി പിന്തുണച്ചു. തന്റെ സോഷ്യലിസ്റ്റ് പശ്ചാത്തലത്തില്‍ നിന്ന് വന്ന ഉണ്ണികൃഷ്ണന്‍, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്ന് വിശ്വസിച്ചു. സര്‍ക്കാരിനുള്ളില്‍ ഈ വിഷയം ചര്‍ച്ചയായപ്പോള്‍, രാഷ്ട്രീയമായ പ്രത്യാഘാതങ്ങള്‍ ഭയപ്പെടാതെ മുന്നോട്ട് പോകാന്‍ വി.പി. സിംഗിന് ആത്മവിശ്വാസം നല്‍കിയവരില്‍ പ്രധാനിയായിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി നടത്തിയ രഥയാത്ര രാജ്യത്ത് വലിയ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി. ഈ സമയത്ത് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതില്‍ ഉണ്ണികൃഷ്ണന്‍ വലിയ പങ്ക് വഹിച്ചു. രഥയാത്ര തടയുന്നതിനും ബിഹാറില്‍ വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്യുന്നതിനും വി.പി. സിംഗ് എടുത്ത തീരുമാനത്തില്‍ മന്ത്രിസഭയിലെ പ്രമുഖ അംഗമെന്ന നിലയില്‍ ഉണ്ണികൃഷ്ണന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. വര്‍ഗീയതയുമായി സന്ധി ചെയ്ത് അധികാരം നിലനിര്‍ത്തുന്നതിനേക്കാള്‍ നല്ലത് രാജിവെക്കുന്നതാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. അദ്വാനിയുടെ അറസ്റ്റിനെത്തുടര്‍ന്ന് ബി.ജെ.പി വി.പി. സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. 1990 നവംബറില്‍ പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആ പ്രതിസന്ധി ഘട്ടത്തിലും പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ നയങ്ങളെയും മതേതര നിലപാടുകളെയും ന്യായീകരിച്ച് ഉണ്ണികൃഷ്ണന്‍ നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു. തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ സഖ്യങ്ങളേക്കാള്‍ തത്വങ്ങള്‍ക്കായി അധികാരം ത്യജിക്കുന്നതിലെ ധാര്‍മ്മികതയെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

വി.പി. സിംഗ് ഗവണ്‍മെന്റ് വീണതിന് ശേഷം ജനതാദള്‍ പിളര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ ചന്ദ്രശേഖര്‍ അധികാരത്തില്‍ വന്നപ്പോള്‍, ഉണ്ണികൃഷ്ണന്‍ ആ സര്‍ക്കാരിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. വി.പി. സിംഗിനോടുള്ള കൂറ് അദ്ദേഹം തുടര്‍ന്നു. ബി.ജെപിയും കോണ്‍ഗ്രസും ഒരുപോലെ ടാര്‍ഗറ്റ് ചെയ്ത അദ്ദേഹത്തിന് 1991-ലെ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന് ഒരു വലിയ വെല്ലുവിളിയായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബിജെപി എന്നീ കക്ഷികള്‍ അനൗദ്യോഗികമായി കൈകോര്‍ത്ത ‘കോലീബി’ സഖ്യം രൂപപ്പെട്ടതില്‍ വടകരയില്‍ കെ.പി. ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. ഈ ശക്തമായ സഖ്യത്തെയും മറികടന്ന് വടകരയിലെ ജനങ്ങള്‍ ഉണ്ണികൃഷ്ണനെ ആറാം തവണയും ലോക്‌സഭയിലേക്ക് അയച്ചു. രാഷ്ട്രീയ ധ്രുവീകരണങ്ങളെ ജനകീയ പിന്തുണ കൊണ്ട് നേരിടാമെന്ന് അദ്ദേഹം തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ശക്തിയായി മാറുന്നത് മുന്നില്‍ കണ്ട് ആ ഘട്ടത്തില്‍ തന്നെ 1995-ല്‍ തന്റെ രാഷ്ട്രീയ തറവാടായ കോണ്‍ഗ്രസിലേക്ക് അദ്ദേഹം മടങ്ങി. പക്ഷേ തൊട്ടടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ വടകരയില്‍ അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് പ്രവര്‍ത്തന കേന്ദ്രമായ ഡല്‍ഹി വിടുകയും തിരിച്ച് കോഴിക്കോടേയ്ക്ക് മടങ്ങി വരുകയും സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വായനയിലും എഴുത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

പത്രപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ഉജ്ജ്വലനായ എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് വലിയ പാഠങ്ങളായിരുന്നു. വ്യക്തിശുദ്ധിയും ആദര്‍ശവും മുറുകെപ്പിടിച്ച ആ ഉജ്ജ്വല പാര്‍ലമെന്റേറിയന്റെ വിയോഗത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് വിങ്ങുന്നു. വടകരയുടെയും കേരളത്തിന്റെയും രാഷ്ട്രീയ ചരിത്രത്തില്‍ കെ.പി. ഉണ്ണികൃഷ്ണന്‍ എന്ന പേര് എന്നും ഒരു ദീപസ്തംഭമായി അവശേഷിക്കും.

Related