1934നും 1968 – നും മധ്യേ ഏതാണ്ട് മൂന്നര പതിറ്റാണ്ടിന്റെ അസ്തമയത്തോളം കാലം ഇന്ത്യയിലെയും അവിഭക്ത ബംഗാളിലെയും പാകിസ്ഥാനിലെയും ദലിതരുടെയും സ്ത്രീകളുടെയും അഭയാര്‍ഥികളുടെയും തിരസ്‌ക്കരിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി വിശ്രമമില്ലാതെ നിരന്തരം പോരാടി ചരിത്രം രചിച്ച മനുഷ്യാവകാശ പോരാളിയും സാമൂഹ്യ പരിഷ്‌കര്‍ത്താവും രാഷ്ട്രീയ നേതാവുമായിരുന്നു ജോഗേന്ദ്രനാഥ് മണ്ഡല്‍. 1946- ല്‍ ബംഗാളില്‍ നിന്നും ബാബാസാഹേബ് ഡോ. ബി.ആര്‍. അംബേദ്ക്കറെ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജോഗേന്ദ്രനാഥ് മണ്ഡല്‍ 1956-ന് ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒഫ് ഇന്ത്യയുടെ സാരഥി എന്ന നിലയിലും നവയാന ബുദ്ധിസ്റ്റുകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ രാഷ്ടീയ നേതാവ് എന്ന നിലയിലും ഇന്ത്യയിലെ അധഃസ്ഥിതരുടെ നവോത്ഥാന, വിമോചന മുന്നേറ്റങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അഭയാര്‍ഥി പ്രശ്‌നം പൊതുസമൂഹത്തിന്റെയും ഭരണാധികാരികളുടെയും മുന്നില്‍ എത്തിച്ച് പരിഹരിക്കുന്നതിലും ജോഗേന്ദ്ര നാഥ് മണ്ഡല്‍ നടത്തിയ ചരിത്രപരമായ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. 1946 – ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ നിയമ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. വിഭജനാനന്തരം മുഹമ്മദാലി ജിന്നയുടെ പ്രത്യേക ക്ഷണപ്രകാരം പാകിസ്ഥാനിലേക്ക് പോയ മണ്ഡല്‍ പാകിസ്ഥാന്‍ ഭരണഘടനാ നിര്‍മാണ സഭയുടെ താത്കാലിക പ്രസിഡന്റായും ജിന്നാ മന്ത്രിസഭയിലെ പ്രഥമ നിയമ – തൊഴില്‍കാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. ദലിതര്‍ ഉള്‍പ്പെടെയുള്ള നിരാലംബരായ മനുഷ്യരെ വേട്ടയാടിയ വര്‍ഗീയ കലാപങ്ങളെയും രാഷ്ടീയ അനിശ്ചിതത്വത്തെയും തുടര്‍ന്ന് 1950 – ല്‍ ഇന്ത്യയിലേക്ക് മടങ്ങിയ മണ്ഡല്‍ ശേഷിച്ച കാലം അഭയാര്‍ഥികളുടെയും നവയാന ബുദ്ധിസ്റ്റുകളുടെയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വക്താവും സംഘാടകനുമായി ഡോ. അംബേദ്കര്‍ വിത്തുപാകിയ രാഷ്ടീയ മുന്നേറ്റങ്ങള്‍ക്ക് ശക്തി പകര്‍ന്നുമാണ് ചരിത്രത്തിലേക്ക് നടന്നു കയറിയത്. എന്നിട്ടും വേണ്ടത്ര അംഗീകരിക്കപ്പെടാതെ വിസ്മരിച്ച ചരിത്ര പുരുഷനാണ് ജോഗേന്ദ്രനാഥ് മണ്ഡല്‍.

1904 ഫെബ്രുവരി 29- ന് ബാംഗാളിലെ ബരിസല്‍ ജില്ലയിലെ ഒരു ദരിദ്ര നമശൂദ്ര ദലിത് കുടുംബത്തിലാണ് ജോഗേന്ദ്രനാഥ് മണ്ഡല്‍ ജനിച്ചത്. ബ്രാഹ്മണാധിപത്യത്തിന്‍ കീഴില്‍ ചരിത്രത്തിലുടനീളം ചണ്ഡാലര്‍ എന്ന പേരില്‍ അപമാനിതരായി ബഹിഷ്‌കൃതരുടെ ജീവിതം നയിക്കേണ്ടി വന്ന നമശൂദ്രര്‍ മതുവ മതസ്ഥാപകനായ ഹരിചന്ദ് താക്കൂറിന്റെയും നവോത്ഥാന നായകനായ അദ്ദേഹത്തിന്റെ പുത്രന്‍ ഗുരുചന്ദ് താക്കൂറിന്റെ നേതൃത്വത്തില്‍ ചുടലമായ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വിധേയമായി വിമോചനത്തിലേക്ക് ഉയര്‍ത്തെഴുന്നേറ്റു കൊണ്ടിരുന്ന ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായൊരു കാലഘട്ടത്തിലായിരുന്നു ജോഗേന്ദ്രനാഥ് മണ്ഡല്‍ ബാല- കൗമാരങ്ങള്‍ പിന്നിട്ടത്. ജാതി സമ്പ്രദായത്തിനും ബ്രാഹ്മണാധിപത്യത്തിനും എതിരെ നിരന്തരം കലഹിച്ച നമശൂദ്ര പ്രസ്ഥാനം ചണ്ഡാലരെ നമശൂദ്രര്‍ എന്നു അഭിസംബോധന ചെയ്തും ഗ്രാമങ്ങള്‍ തോറും സ്‌കൂളുകള്‍ തുറന്ന് വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകര്‍ന്നുമായിരുന്നു ബംഗാളില്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ രണഭേരി മുഴക്കിയത്. സ്വന്തം ഗ്രാമത്തിലായിരുന്നു മണ്ഡല്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ബരിസല്‍ ബ്രജ്‌മോഹന്‍ കോളജില്‍ നിന്നും സംസ്‌കൃതവും ഗണിതവും ഐച്ഛിക വിഷയങ്ങളായി പഠിച്ച് ബി.എ യും പാസ്സായി. 1926-ല്‍ മണ്ഡല്‍ വിവാഹിതനായെങ്കിലും വിദ്യാഭ്യാസം ഉപേക്ഷിച്ചില്ല. 1934-ല്‍ എല്‍.എല്‍.ബി പാസ്സായ മണ്ഡല്‍ പ്രാക്ടീസിന്റെ ഭാഗമായി കല്‍ക്കത്തയിലേക്ക് പോയെങ്കിലും വളരെപ്പെട്ടന്ന് അദ്ദേഹം ബരിസലിലേക്ക് മടങ്ങിയെത്തുകയും ജില്ലാ കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. ഇക്കാലത്താണ് മണ്ഡല്‍ തന്റെ രാഷ്ടീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 1936-ല്‍ അദ്ദേഹം ബംഗാള്‍ നിയമനിര്‍മാണ സഭയിലേക്ക് മകഡ്ഗജഞി പൊതുമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയ മണ്ഡലത്തില്‍ ശ്രദ്ധേയനായി മാറി. നിയമസഭാ സാമാജികനായിരിക്കെ ദലിതര്‍ക്ക് വേണ്ടി സ്‌കൂളുകള്‍ ആരംഭിച്ചതും സര്‍ക്കാര്‍ സര്‍വീസില്‍ അവര്‍ക്ക് പ്രവേശനത്തിന് വഴിയൊരുക്കിയതും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഹോസ്റ്റലുകളും ഏര്‍പ്പെടുത്തിയതും മണ്ഡലിനെ ജനപ്രിയ നേതാവാക്കി മാറ്റി. 1938-ല്‍ കോണ്‍ഗ്രസ്സുമായുള്ള രാഷ്ട്രീയ സൗഹൃദം ഉപേക്ഷിച്ച മണ്ഡല്‍ സ്വതന്ത്ര അനുസുചിത് ജാതി പാര്‍ട്ടിക്ക് രൂപം നല്‍കി ബംഗാളില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ രാഷ്ടീയ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. ഇക്കാലത്ത് സുഭാഷ് ചന്ദ്രബോസുമായും അദ്ദേഹം സൗഹൃദത്തിലേര്‍പ്പെട്ടു. ഇക്കാലത്ത് ഹിന്ദു മഹാസഭയും മുസ്‌ലിം ലീഗും സംയുക്തമായി ബംഗാളില്‍ ഗവണ്‍മെന്റ് രൂപീകരിച്ചെങ്കിലും അതിന് ദീര്‍ഘായുസ്സ് ഉണ്ടായില്ല. 1943-ല്‍ ഖ്വാജ നാസിമുദ്ദീന്‍ ജോഗേന്ദ്രനാഥ് മണ്ഡലിന്റെ പിന്തുണയോടെ ബംഗാളില്‍ ഗവണ്‍മെന്റ് രൂപീകരിക്കുകയും മണ്ഡല്‍ ഉള്‍പ്പെടെ മൂന്നു ദലിതര്‍ക്ക് മന്ത്രിസഭയില്‍ പ്രതിനിധ്യം നല്‍കുകയും ചെയ്തു. 1943-ല്‍ അദ്ദേഹം ജാഗ്രണ്‍ പത്രിക എന്ന മാഗസിന്റെ പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചു. ഇക്കാലത്താണ് ദേശീയ തലത്തില്‍ അധഃസ്ഥിത നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടിരുന്ന ബാബാസാഹേബ് അംബേദ്ക്കറുമായി മണ്ഡല്‍ കൂടുതല്‍ അടുക്കുന്നത്. 1942- ല്‍ ഡോ. അംബേദ്കര്‍ ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ ആരംഭിക്കുമ്പോള്‍ ബംഗാളില്‍ പ്രസ്തുത പ്രസ്ഥാനത്തിന് വേരോട്ടം സൃഷ്ടിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചത് മണ്ഡലായിരുന്നു. 1942 മാര്‍ച്ച് 30, 31 തീയതികളില്‍ ഡെല്‍ഹിയില്‍ വച്ചു നടന്ന ഫെഡറേഷന്റെ അഖിലേന്ത്യ സമ്മേളനത്തില്‍ ബംഗാളില്‍ നിന്നുള്ള പ്രതിനിധിയായി ജോഗേന്ദ്രനാഥ് മണ്ഡലും പങ്കെടുക്കുകയുണ്ടായി.
1946 ല്‍ ഭരണഘടനാ നിര്‍മാണ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബോംബെയില്‍ നിന്നു മത്സരിച്ച ഡോ. അംബേദ്ക്കറെ കോണ്‍ഗ്രസ്സുകാര്‍ പരാജയപ്പെടുത്തിയത് ഒട്ടൊന്നുമല്ല മണ്ഡലിനെ വിഷമിപ്പിച്ചത്. എങ്ങനെയും ഡോ. അംബേദ്കര്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ ഏഴു കോടി അധഃസ്ഥിതരെ പ്രതിനിധീകരിച്ച് എത്തേണ്ടതുണ്ടെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തി. അപ്പോള്‍ ബംഗാള്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗമായിരുന്നു മണ്ഡല്‍. അദ്ദേഹം ഡോ. അംബേദ്ക്കറെ ബംഗാളിലേക്ക് ക്ഷണിക്കുകയും ജയ്‌സോറെ ഖുല്‍ന മണ്ഡലത്തില്‍ നിന്നും മറ്റു അംഗങ്ങളുടെ പിന്തുണയോടെ അദ്ദേഹത്തെ ഭരണഘടനാ നിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുത്ത് അയക്കുകയും ചെയ്തു. എന്നാല്‍, 1947 ജൂലായ് 4-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം പ്രാബല്യത്തില്‍ വന്നതോടെ ജയ്‌സോറെ ഖുല്‍ന മണ്ഡലം ഉള്‍പ്പെട്ട ബംഗാളിന്റെ ഭാഗം പാകിസ്താന്റെ ഭാഗമാവുകയും ഡോ. അംബേദ്ക്കര്‍ക്ക് തന്റെ ഭരണഘടനാ നിര്‍മാണ സഭാ അംഗത്വം നഷ്ടമാവുകയും ചെയ്തു. എന്നാല്‍, ഡോ.അംബേദ്കര്‍ എന്ന നിയമപണ്ഡിതന്റെ പങ്കാളിത്തം ഭരണഘടനാ നിര്‍മാണ പ്രക്രിയയില്‍ അത്യന്താപേഷിതമാണെന്ന് ബോധ്യപ്പെട്ട ഡോ. രാജേന്ദ്ര പ്രസാദ് അദ്ദേഹത്തെ ബോംബെയില്‍ നിന്നും വീണ്ടും മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിയുടെ ചെയര്‍മാനായി നിയോഗിക്കുകയും ചെയ്തു എന്നതാണ് പില്ക്കാല ചരിത്രം.

1946 സെപ്തംബര്‍ 2-ന് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഇടക്കാല ഗവണ്‍മെന്റില്‍ നിയമ മന്ത്രിയായും മണ്ഡല്‍ പ്രവര്‍ത്തിക്കുകയുണ്ടായി. മുസ്ലിം ലീഗിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. ഇടക്കാല മന്ത്രിസഭയില്‍ അംഗമായിരിക്കെ വിഭജനത്തിനെതിരെ പരസ്യമായി രംഗത്ത് എത്തിയ മണ്ഡല്‍ രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്തു. ഇക്കാലത്താണ് മുഹമ്മദാലി ജിന്നയുടെ ക്ഷണപ്രകാരം മണ്ഡല്‍ പാകിസ്താനിലേക്ക് പോകുന്നതും അവിടത്തെ മന്ത്രി സഭയില്‍ ചേരുന്നതും. പാകിസ്താന്‍ മന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച് അഭിപ്രായം തേടി അദ്ദേഹം ഡോ. അംബേദ്ക്കര്‍ക്ക് ടെലിഗ്രാം ചെയ്തിരുന്നെങ്കിലും ഡോ. അംബേദ്കര്‍ അതിനെ സംബന്ധിച്ച് യാതൊന്നും തന്നെ പ്രതികരിച്ചില്ല എന്നാണ് അദ്ദേഹത്തിന്റെ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. കറാച്ചിയിലെത്തിയ മണ്ഡലിനെ ജിന്നയുടെ താല്‍പര്യപ്രകാരം പാകിസ്താന്‍ ഭരണഘടനാ നിര്‍മാണ സഭയുടെ പ്രോടേം പ്രസിഡന്റാക്കുകയും തുടര്‍ന്ന് അവിടത്തെ പ്രഥമ നിയമ, തൊഴില്‍ കാര്യമന്ത്രിയായി അവരോധിക്കുകയും ചെയ്തു. ഇക്കാലത്ത് ഡോ. അംബേദ്കര്‍ ഇന്ത്യയിലെ നിയമമന്ത്രിയും ഭരണഘടനാ നിര്‍മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായും സേവനം അനുഷ്ഠിക്കുകയായിരുന്നു. തൊഴില്‍കാര്യ-നിയമമന്ത്രിയായിരിക്കെ പാകിസ്താനില്‍ തൊഴില്‍ സംസന്ധിയായ നിരവധി പരിഷ്‌കരണങ്ങള്‍ക്ക് മണ്ഡല്‍ തുടക്കം കുറിച്ചെങ്കിലും 1948-ല്‍ ജിന്നയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞ അധ്യായമായി മാറി. അദ്ദേഹം രാഷ്ടീയ നിരീക്ഷണത്തിന് വിധേയമാക്കപ്പെടുകയും മന്ത്രി എന്ന നിലയില്‍ പൊതു പ്രസ്താവനകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. മാത്രമല്ല, പാകിസ്താനിലെ ദലിതര്‍ ഒന്നടങ്കം ശുചിത്വ തൊഴിലാളികളുടെ നിലയിലേക്ക് തരംതാഴ്ത്തപ്പെടുന്ന ഭീകരമായ സാഹചര്യവും സംജാതമായി. അടിയ്ക്കടി ഉണ്ടായികൊണ്ടിരുന്ന വര്‍ഗീയ കലാപങ്ങളില്‍ ദലിതരും കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ദലിതരെ ബലം പ്രയോഗിച്ച് മതം മാറ്റുന്ന സ്ഥിതിവിശേഷവും ഉടലെടുത്തു. കലാപം അടിച്ചമര്‍ത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് 1950 ജനുവരി 19- ന് മണ്ഡല്‍ പാക് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ഏപ്രില്‍ 8- ന് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ഒരു കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. എങ്കിലും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല. ഒടുവില്‍ 1950 ഒക്ടോബര്‍ 8- ന് മണ്ഡല്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കി ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. 1950-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ മണ്ഡല്‍ കല്‍ക്കത്തയില്‍ താമസിക്കുകയും അഭയാര്‍ഥികളുടെ പ്രശ്‌നത്തില്‍ സജീവമായി ഇടപെടാന്‍ ആരംഭിക്കുകയും ചെയ്തു. ഡോ. അംബേദ്ക്കറുടെ പിന്തുണയോടെ പാകിസ്താനില്‍ കുടുങ്ങിപ്പോയ ദലിതരെ ഇന്ത്യയില്‍ എത്തിക്കുന്നതിനും ഇന്ത്യയില്‍ എത്തിയവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനും അദ്ദേഹം വിശ്രമം ഇല്ലാതെ പ്രവര്‍ത്തിച്ചു. 1958 മാര്‍ച്ച് 17 -ന് അഭയാര്‍ഥികളുടെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കൊണ്ട് അദ്ദേഹം ഡല്‍ഹിയില്‍ ഒരു സത്യാഗ്രഹവും സംഘടിപ്പിച്ചു. 1956 ഒക്ടോബര്‍ 14 – ന് ഡോ. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതോടെ ലക്ഷക്കണക്കിന് അനുയായികള്‍ ആ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആരംഭിച്ചത് ദലിത് മുന്നേറ്റത്തിന് നവഭാവുകത്വം നല്‍കി. പുതുതായി ബുദ്ധമതം സ്വീകരിച്ചവരുടെ രാഷ്ടീയ അവകാശങ്ങള്‍ സംരക്ഷിക്കുകയായി പിന്നീട് മണ്ഡലിന്റെ ദൗത്യം. 1963-ല്‍ പശ്ചിമ ബംഗാളില്‍ ആര്‍.പി.ഐ യുടെ സംസ്ഥാന ഘടകം രൂപീകരിച്ച മണ്ഡല്‍ പുതിയൊരു ജനാധിപത്യ രാഷ്ടീയ മുന്നേറ്റത്തിനും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാളിലുടനീളം അദ്ദേഹം റാലികളും സമ്മേളനങ്ങളും ക്യാമ്പയ്‌നുകളും സംഘടിപ്പിച്ചു. പാര്‍ട്ടിയുടെ പ്രചരണാര്‍ഥം മഹാരാഷ്ട്രയിലും ഗുജറാത്തിലും അദ്ദേഹം സന്ദര്‍ശനങ്ങള്‍ നടത്തി. ഒടുവില്‍ 1968- ഒക്ടോബര്‍ 5 – ന് നവോഗവോണില്‍ സംഘടിപ്പിച്ച പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവെ ഹൃദയാഘാതം മൂലം അദ്ദേഹം മരണത്തിന് കീഴടങ്ങി. ചരിത്രത്തിന്റെ ഒരു ദശാസന്ധിയില്‍, വിമോചന മുന്നേറ്റത്തിന്റെ വെളിച്ചവുമായി ഒരു യുഗപ്രഭാവനെ പോലെ കടന്നുവന്ന് അശരണരും നിരാലംബരും അസംഘടിതരുമായ ജനവിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും ശാക്തീകരണത്തിനും മുന്നേറ്റത്തിനും വ്യക്തമായ ദിശാബോധം നല്‍കി അനശ്വരനായ ജോഗേന്ദ്ര നാഥ് മണ്ഡല്‍ എന്ന ചരിത്ര ശില്പിയെ ഇനിയെങ്കിലും നമ്മള്‍ വീണ്ടെടുക്കേണ്ടതുണ്ട്.
