October 10 Saturday 2026

ദലിത് സാഹിത്യ ശില്‍പി നാം ദിയോ ധാസല്‍: ദലിത് പാന്തര്‍ പ്രസ്ഥാനത്തിന്റെ ഉദയം

ജനുവരി 15, ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് രൂപംകൊണ്ട ആധുനിക ദലിത് സാഹിത്യ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതക്കളില്‍ അഗ്രഗാമിയും സാമൂഹിക വിപ്ലവ പ്രസ്ഥാനമായ ദലിത് പാന്തര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രമുഖനുമായിരുന്ന പദ്മശ്രീ നാം ദിയോ ധാസലിന്റെ സ്മൃതി ദിനം. ഡോ.അംബേദ്കറുടെ കാലഘട്ടത്തിന് ശേഷം രൂപംകൊണ്ട ബ്രാഹ്മണിക, ജാതിവിരുദ്ധ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ പ്രമുഖനായി നിന്നുകൊണ്ട് കവിതയെ സാംസ്‌കാരിക വിപ്ലവത്തിന്റെ ആയുധമാക്കി മാറ്റിയ എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്നു നാം ദിയോ ധാസല്‍. മറാത്തി സാഹിത്യത്തിലെ പരമ്പരാഗത സൗന്ദര്യ ശാസ്ത്ര സങ്കല്പങ്ങളെ പൊളിച്ചെഴുതിയ ധാസലിന്റെ എഴുത്തുകള്‍ തീഷ്ണവും അതിലേറെ ഭാവ സാന്ദ്രവുമാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കവിതയെഴുത്ത് എന്നത് രാഷ്ട്രീയ പ്രവര്‍ത്തനവും അതിലേറെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശബ്ദവും പ്രതിഷേധവും പ്രതികരണവുമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകളൊക്കെയും സാമൂഹ്യവിപ്ലവത്തിന്റെ ആഹ്വാനമായാണ് പ്രതിധ്വനിച്ചത്.

1949 ഫെബ്രുവരി15ന് പൂനെയിലായിരുന്നു ധാസല്‍ എന്ന പ്രതിഭാധനനായ എഴുത്തുകാരന്റെ ജനനം. നാം ദിയോ ലക് ഷമണ്‍ ധാസല്‍ എന്നായിരുന്നു പൂര്‍ണ നാമധേയം. ജീവിത പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍ ആറാം വയസ്സില്‍ കുടുംബത്തോടൊപ്പം ബോംബെയിലെ ചേരിപ്രദേശത്തേക്ക് കുടിയേറി. അവിടെയാണ് കടുത്ത ദാരിദ്ര്യത്തിന് നടുവില്‍ ധാസല്‍ ബാല കൗമാരങ്ങള്‍ പിന്നിട്ടതും വിദ്യാഭ്യാസം നേടിയതും. ബോംബെയിലെ ചേരിപ്രദേശങ്ങളില്‍ ജീവിക്കവെ അവിടങ്ങളില്‍ ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട മനുഷ്യജന്മങ്ങളുടെ ജീവിതം ധാസലിന്റെ ചിന്തയെ ആഴത്തില്‍ സ്വാധീനിക്കുന്നതില്‍ നിന്നാണ് അദ്ദേഹത്തിലെ കവിയും എഴുത്തുകാരനും ആക്ടിവിസ്റ്റും ജന്മം കൊള്ളുന്നത്. ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സാമ്‌നയില്‍ കോളമിസ്റ്റായിട്ടായിരുന്നു ധാസല്‍ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചത്. ഇതോടൊപ്പം അമേരിക്കയിലെ ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ദലിത് പാന്തര്‍ എന്ന വിപ്ലവ പ്രസ്ഥാനം രൂപീകരിക്കുന്നതിലും അദ്ദേഹം മുന്‍കൈയെടുത്തു.

ഡോ.അംബേദ്ക്കറുടെ കാലഘട്ടത്തിന് ശേഷം ദലിത് മുന്നേറ്റങ്ങള്‍ക്ക് നവീന ഭാവുകത്വം നല്‍കിയ പ്രസ്ഥാനമായിരുന്നു ദലിത് പാന്തര്‍ പ്രസ്ഥാനം. രാജദലെ, ജെ.വി പവാര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു 1972-ല്‍ നാം ദിയോ ധാസല്‍ ദലിത് പാന്തര്‍ പ്രസ്ഥാനം രൂപീകരിച്ചത്. എഴുപതുകള്‍ക്കൊടുവില്‍ പ്രസ്തുത പ്രസ്ഥാനം അസ്തമിച്ചെങ്കിലും നാം ദിയോ ധാസല്‍ എഴുത്തിന്റെ ലോകത്ത് ഉറച്ചു നില്‍ക്കുകയായിരുന്നു. മറാത്തിയില്‍ ദലിത് സാഹിത്യത്തെ ഊട്ടിയുറപ്പിക്കുന്നതിലും ദലിത് എന്ന സംഞ്ജയെ ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നതിനും ദലിതര്‍ നേരിട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ, രാഷ്ട്രീയ പ്രശ്‌നങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുന്നില്‍ അവതരിപ്പിക്കുന്നതിലും ധാസല്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്. ദലിതര്‍ക്കും ജീവതമുണ്ടെന്ന് അദ്ദേഹം തന്റെ കവിതകളിലൂടെയും എഴുത്തുകളിലൂടെയും വിളിച്ചു പറഞ്ഞു. 1972 ല്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമായ ഗോല്‍പിത ഉള്‍പ്പടെ നോവലുകളും കവിതാ സമാഹാരങ്ങളും ലേഖന സമാഹാരങ്ങളുമായി പത്തിലധികം എണ്ണപ്പെട്ട കൃതികള്‍ ധാസലിന്റെതായിട്ടുണ്ട്.

ബോംബെയിലെ ചുവന്ന തെരുവുകളിലെ ജീവിതവും അവിടത്തെ അധോലോകവും പച്ചയായി ആവിഷ്‌കരിക്കുന്ന ഗോല്‍പിത മറാത്തി സാഹിത്യ ചക്രവാളത്തില്‍ സൃഷ്ടിച്ച അലയൊലികള്‍ ചെറുതായിരുന്നില്ല. മൂര്‍ഖ മ്ഹാതാ, തുഹി കിയത്ത കാഞ്ചന ഖേല്‍, പ്രിയദര്‍ശിനി, അംബേദ്കര്‍ ആനി ആസാദി എന്നീ കവിതാ സമാഹാരങ്ങള്‍ക്കു പുറമേ അന്ധാരേത്‌ലി മുലാന്‍, ഹാഡുക്കി ഹഡാവള എന്നീ നോവലുകളും ധാസലിന്റേതായിട്ടുണ്ട്. ആധുനിക ദലിത് സാഹിത്യത്തിന് അടിത്തറ സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ധാസലിന്റെ കൃതികളില്‍ ഭൂരിഭാഗത്തിനും പില്‍ക്കാലത്ത് ഇംഗ്ലീഷ് പരിഭാഷകളുണ്ടായിട്ടുണ്ട്. (ഉദാ. Namdeo Dhasal : Poet of the underworld ) . പത്മശ്രീക്ക് (1999) പുറമേ സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് (2004), മഹാരാഷ്ട്ര സ്റ്റേറ്റ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളാല്‍ ധാസല്‍ ആദരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സാഹിത്യ ചക്രവാളത്തില്‍ ദലിത് സാഹിത്യത്തിലൂടെ വിപ്ലവഭേരി മുഴക്കിയ നാംദിയോ ധാസലിന്റെ അസ്തമിക്കാത്ത സ്മരണകള്‍ ഇന്നും നമ്മുടെ മനുഷ്യാവകാശ, സാംസ്‌കാരിക മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കുന്ന ഉറവവറ്റാത്ത ഊര്‍ജ സ്രോതസ്സായി നിലകൊള്ളുന്നു.

Related