August 9 Sunday 2026

പൂനാക്കരാർ – രാഷ്ട്രീയ വഞ്ചനയുടെ 93 വർഷങ്ങൾ

ദലിതരുടെ രാഷ്ട്രീയ വിമോചന മുന്നേറ്റ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്നാണ് 1932 സെപ്തംബർ 24 ലെ പൂനാ കരാർ.ഇന്നേക്ക് ഒൻപത് പതിറ്റാണ്ടുകൾക്ക് മുൻപ് 1932 സെപ്തംബർ 24 – ന് ആണ് പൂനയിലെ യർവദാ ജയിലിൽ വെച്ച് രാഷ്ടീയ സമർദ്ദങ്ങൾക്കും ഭീഷണികൾക്കും നടുവിൽ ദലിതരുടെ അനിഷേധ്യ നേതാവും വിമോചകനുമായ ഡോ.അംബേദ്ക്കും ഗാന്ധിയും യാഥാസ്ഥിതിക ഹിന്ദുക്കളും തമ്മിൽ പൂനാക്കരാറിൽ ഒപ്പ് വയ്ക്കുന്നത്.പൂനയിൽ വെച്ച് ഒപ്പുവയ്ക്കപ്പെട്ട കരാറായതിനാലാണ് ഇത് ചരിത്രത്തിൽ പൂനാക്കരാർ എന്നറിയപ്പെട്ടത്.നൂറ്റാണ്ടുകളോളം ജാതിസമ്പ്രദായത്തിൻ കീഴിൽ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും വിധേയമായി ജീവിക്കേണ്ടി വന്ന ദലിതരുടെ രാഷ്ടീയ സ്വയം നിർണയാവകാശത്തെ സാധൂകരിച്ച ,അവർക്ക് പ്രത്യേക വോട്ടവകാശം അംഗീകരിച്ച 1932 ആഗസ്റ്റ് 16-ലെ കമ്യൂണൽ അവാർഡിനെതിരെ ഗാന്ധി നടത്തിയ നിരാഹാര സമര നാടകത്തിനൊടുവിലാണ് പൂനാ കരാർ നിലവിൽ വരുന്നത്.

 

ദലിതരുടെ രാഷ്ടീയ അവകാശങ്ങൾക്കും പരിരക്ഷകൾക്കും വേണ്ടി 1920 കൾ മുതൽ ഡോ.അംബേദ്കർ നടത്തിയ ധീരോജ്ജ്വലമായ പോരാട്ടങ്ങളുടെ വിജയമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ച കമ്യൂണൽ അവാർഡ്. സാമൂഹ്യ, രാഷ്ടീയ ,സാമ്പത്തിക ,സാംസ്കാരിക രംഗങ്ങളിൽ നൂറ്റാണ്ടുകളായി ദലിതർ നേരിട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ വിവേചനത്തിന് അധികാര പങ്കാളിത്തത്തിൽ കുടി മാത്രമേ പരിഹാരം കാണാൻ കഴിയൂ എന്ന ഉത്തമ ബോധ്യത്തിൻ്റെ വെളിച്ചത്തിലായിരുന്നു ഡോ.അംബേദ്കർ 1920 കൾ മുതൽ ദലിതരുടെ രാഷ്ടീയ സ്വയം നിർണയാവകാശം എന്ന ആവശ്യം ഇന്നയിച്ചു പോന്നത് .1922-ലെ സൈമൺ കമ്മിഷന് മുന്നിലും 1930 കളിലെ വട്ടമേശ സമ്മേളനങ്ങളിലും ഡോ. അംബേദ്കർ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ദലിതരെ ഹിന്ദുക്കളിൽ നിന്നു വേറിട്ട ഒരു പ്രത്യേക ജനവിഭാഗമായി പരിഗണിച്ച് ന്യൂനപക്ഷങ്ങൾക്കെന്ന പോലെ നിയമനിർമാണ സഭകളിലേക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ പ്രത്യേക വോട്ടവകാശവും പ്രത്യേക മണ്ഡലങ്ങളും അനുവദിക്കണം എന്ന കാതലായ ആവശ്യമാണ് ഡോ. അംബേദ്കർ വട്ടമേശ സമ്മേളനങ്ങളിൽ ആവശ്യപ്പെട്ടത്. ഇതിൻ്റെ ഫലമായാണ് ജനപ്രതിനിധി സഭകളിലേക്ക് അധ:സ്ഥിത വിഭാഗങ്ങൾക്ക് സെപ്പറേറ്റ് ഇലക്ട്രേറ്റിലൂടെ അവരുടെ യഥാർഥ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അവസരം പ്രദാനം ചെയ്ത കമ്യൂണൽ അവാർഡ് പ്രഖ്യാപിക്കപ്പെടുന്നത്. അതോടു കൂടിയാണ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദലിതർക്ക് അവരുടെ വിമോചനത്തിലേക്ക് വഴിതുറക്കപ്പെടുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം സാക്ഷാത്ക്കരിക്കപ്പെടുന്നത്.

മുസ്ലിം, സിക്ക്, ആംഗ്ലോ ഇന്ത്യയിൻ വിഭാഗങ്ങൾക്കൊപ്പമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ദലിതർക്കും പ്രത്യേക വോട്ടവകാശം പ്രഖ്യാപിച്ചത്. എന്നാൽ അധഃസ്ഥിത വിഭാഗങ്ങൾക്ക് പ്രത്യേക വോട്ടവകാശം നൽകി അവരുടെ രാഷ്ടീയ അസ്തിത്വത്തെ അംഗീകരിച്ചാൽ അത് ഹിന്ദുമതത്തെ വിഘടിപ്പിക്കുമെന്ന് വാദിച്ച ഗാന്ധി കമ്യൂണൽ അവാർഡിനെതിരെ മരണം വരെ നിരാഹാര സമരത്തിലേർപ്പെടുന്നതോടുകൂടിയാണ് അധ:സ്ഥിത വിഭാഗങ്ങളെ രാഷ്ടീയ അടിമത്തത്തിലേക്കും ചട്ടുകയുഗത്തിലേക്കും തളളിവിട്ട 1932 സെപ്തംബർ 24- ലെ പൂനാക്കരാറിന് വഴിയൊരുങ്ങുന്നത്‌. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും മറ്റും നേതൃത്വത്തിൽ ഒത്തുതീർപ്പു ശ്രമങ്ങൾ നടന്നെങ്കിലും ഗാന്ധി അതിനൊന്നും വഴങ്ങാതെ 1932 സെപ്തംബർ 20-ന് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.അതോടുകൂടി ഡോ.അംബേദ്ക്കറും അദ്ദേഹത്തിൻ്റെ അനുയായികളും കടുത്ത സമ്മർദ്ദങ്ങൾക്ക് നടുവിലാവുകയായിരുന്നു. രാഷ്ട്രിയ സമ്മർദ്ദങ്ങൾക്ക് നടുവിൽ പൂനാക്കരാറിൽ ഒപ്പുവയ്ക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി പില്ക്കാലത്ത് ഡോ. അംബേദ്കർ രേഖപ്പെടുത്തിയത് ഇപ്രകാരമാണ് “ഞാൻ വലിയൊരു ആശയകുഴപ്പത്തിലായിരുന്നു.അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. രണ്ടു വ്യത്യസ്തമാർഗങ്ങളിൽ നിന്നും ഒരെണ്ണം എനിക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. മുഴുവൻ സമൂഹത്തിൻ്റെ ഭാഗത്ത് നിന്നും എനിക്ക് ഗാന്ധിജിയുടെ ജീവൻ രക്ഷിക്കുക എന്ന കർത്തവ്യം നിർവഹിക്കേണ്ടി വന്നു. അതോടൊപ്പം അയിത്തജാതിക്കാരുടെ രാഷ്ടീയാവകാശവും സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. ഒടുവിൽ ഞാൻ മനുഷ്യവർഗത്തിൻ്റെ നിലവിളി കേൾക്കുകയും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന് തൃപ്തിവരും വിധം കമ്യൂണൽ അവാർഡിൽ ഭേദഗതി വരുത്താൻ സമ്മതിക്കുകയും ചെയ്തു”. അധഃസ്ഥിത വിഭാഗങ്ങളെ ജാതിവ്യവസ്ഥയുടെ കെടുതികളിൽ നിന്നും മോചിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് കമ്യൂണൽ അവർഡിലൂടെ ഡോ. അംബേദ്കർ ലക്ഷ്യമിട്ടതെങ്കിൽ പൂനാക്കരാർ അധ:സ്ഥിതരെ എന്നെന്നേക്കുമായി ഹിന്ദുമതത്തിൻ കീഴിൽ തളച്ചിടാനും രാഷ്ടീയ വിധേയത്വത്തിലേക്കും ചട്ടുകയുഗത്തിലേക്കും തള്ളിയിടാനുമാണ് വഴിയൊരുക്കിയത്. ഗാന്ധി നടത്തിയ തന്ത്രപരമായ നിരാഹാര സമരത്തിൻ്റെയും രാഷ്ടീയ സമ്മർദ്ദങ്ങളുടെയും ഫലമായിട്ടായിരുന്നു ഡോ.അംബേദ്ക്കർക്ക് പൂനാക്കരാറിൽ ഒപ്പുവയ്ക്കേണ്ടി വന്നതെങ്കിലും കരാർ നിലവിൽ വന്നതിൻ്റെ പിറ്റേ ദിവസം മുതൽ 1956-ലെ മഹാപരിനിമാണം വരെ അദ്ദേഹം അതിനെ നിരാകരിച്ചു കൊണ്ടിരുന്നു. സ്വകാര്യ ചർച്ചകൾ, പൊതുയോഗങ്ങൾ, പ്രധാനപ്പെട്ട എഴുത്തുകൾ എന്നിവയിലെല്ലാം അദ്ദേഹം പൂനാക്കരാറിൻ്റെ നിരാകരണം തുടർന്നു
.1945-ൽ പ്രസിദ്ധീകരിച്ച “കോൺഗ്രസും ഗാന്ധിയും അയിത്തജാതിക്കാർക്കു വേണ്ടി എന്തു ചെയ്തു ?” എന്ന ഗ്രന്ഥത്തിൽ കമ്യൂണൽ അവാർഡിനെതിരെ ഗാന്ധി നടത്തിയ നിരാഹാരത്തെപ്പറ്റി സോ.അംബേദ്കർ രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ് .” ഈ നിരാഹാരത്തിൽ പാവനമായി യാതൊന്നുമില്ല. അത് ഏറ്റവും കുൽസിതവും വൃത്തികെട്ടതുമായൊരു പ്രവർത്തിയായിരുന്നു. നിരാഹാരം അയിത്തജാതിക്കാരുടെ ഗുണത്തിനു വേണ്ടിയായിരുന്നില്ല. അതു അവർക്കെതിരായിരുന്നു. നിസ്സഹായരായവർ ബ്രിട്ടീഷ് പ്രധാമന്ത്രിയിൽ നിന്നും നേടിയെടുത്ത ഭരണഘടനാപരിരക്ഷകൾക്ക് എതിരായിരുന്നു. അതു ഏറ്റവും മോശമായ പ്രവർത്തിയായിരുന്നു. അങ്ങനെയുള്ള ഒരാളെ എങ്ങനെ അയിത്തജാതിക്കാർക്ക് സത്യസന്ധനും ആത്മാർഥതയുമുള്ള ഒരാളെന്ന് വിശേഷിപ്പിക്കാനാവും.” ദലിതരെ രാഷ്ട്രീയ
വിധേയത്വത്തിലേക്ക് തള്ളിവിട്ട, അവരുടെ യഥാർഥ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള രാഷ്ട്രീയ
സ്വാതന്ത്ര്യത്തെ അട്ടിമറിച്ച് , അവരുടെ സ്വതന്ത്ര  രാഷ്ട്രീയ
മുന്നേറ്റങ്ങളെ അസ്ഥിരപ്പെടുത്തിയ പൂനാക്കരാറിൻ്റെ ദുരന്തങ്ങളെപ്പറ്റി ഡോ.അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഇപ്പോഴും പ്രസക്തമാണ്. കരാർ നിലവിൽ വന്ന് ഒൻപത് പതിറ്റാണ്ടുകൾ കഴിയുമ്പോഴും അതിൻ്റെ ദുരന്തങ്ങൾ ഇപ്പോഴും ദലിതരെ വേട്ടയാടി കൊണ്ടിരിയുന്നു എന്നതാണ് ഏറെ ദൗർഭാഗ്യകരം. പൂനാക്കരാറിൻ്റെ പശ്ചാത്തലത്തിൽ നിലവിൽ വന്ന 1935 – ലെ ഗവൺമെൻ്റ് ഒഫ് ഇന്ത്യാ ആക്ടും, പ്രസ്തുത ആക്ടിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിലവിൽ വന്ന ഭരണഘടനയിലെ പരിരക്ഷകളും നിലവിൽ പഞ്ചായത്തുകൾ മുതൽ പാർലമെൻ്റ് വരെയുള്ള ജനപ്രതിനിധി സഭകളിൽ ദലിതർക്ക് ജനസംഖ്യാനുപാതിക പ്രതിനിധ്യം ഉറപ്പാക്കുന്നുണ്ടെങ്കിലും രാഷ്ടീയ ഇച്ഛാശക്തിയോടെ രാഷ്ട്രീയ വിധേയത്വത്തിനും അടിമത്തത്തിനും കടിഞ്ഞാണുകൾക്കുമപ്പുറം ദലിതരുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന, അവർക്കു വേണ്ടി നട്ടെല്ലുറപ്പോടെ ശബ്ദമുയർത്താൻ കഴിയുന്ന നേതാക്കളെയും മുന്നേറ്റങ്ങളെയും സൃഷ്ടിക്കുന്നതിൽ പൂനാക്കരാറിൻ്റെ സ്വാധീനം എത്രത്തോളം പ്രതികൂലമായി ബാധിച്ചു എന്നു പുനപരിശോധിക്കേണ്ടതുണ്ട്‌. അതോടൊപ്പം നിലവിലെ രാഷ്ട്രീയ സംവരണത്തിൻ്റെ പ്രസക്തിയും പുനപരിശോധിക്കേണ്ടതുണ്‌. ഇതാകട്ടെ പൂനാക്കരാറിൻ്റെ തൊണ്ണൂറ്റി മൂന്നാം വാർഷികത്തിലെ ചർച്ചാ വിഷയം.

Related