ഇത്തിരി നേരം എന്ന സിനിമയിൽ അഞ്ജു എന്ന കഥാപാത്രം കടന്നു പോകുന്ന സ്‌പേസുകൾ വ്യത്യസ്തമാണ്. വെർച്വൽ സ്‌പേസ്, നഗരം/റോഡ്, ബാർ തുടങ്ങിയ ഇടങ്ങളിലെ അവരുടെ ജീവിതം ഈ സിനിമയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഒരു കാമുകനുമായുള്ള ഇന്റിമേറ്റ് മുമെന്റ്സ് വീഡിയോയായി ചിത്രീകരിക്കപ്പെട്ടിട്ടും അതിൽ ഒന്നും അവൾക്ക് ഒരു പ്രശ്‌നവുമില്ല. സ്നേഹം എന്ന എല്ലാ ഭാരവും താഴെ വെക്കാവുന്ന അയാളിൽ ഒരു വിശ്വാസം നഷ്ടപ്പെട്ടതിലാണ് അവളുടെ സങ്കടം. അതിൽ നിന്നും അവൾ മൂവ് ഓൺ ചെയ്യുന്നുമുണ്ട്. അതേ സമയം ‘സംസ്കാരത്തിന്റെ’ ചുഴിയിൽ പെട്ടുപോകുന്ന, പേടിക്കുന്ന അനീഷ് എന്ന കാമുക കഥാപാത്രത്തിന് അത്തരമൊരു വീഡിയോ ലീക്ക് ആകുമോ എന്നൊരു ഭയവും കൂടി ഉണ്ട്. അഞ്ജുവിന് ആ പേടിയും ഇല്ല. ഡിജിറ്റലൈസ്ഡ് ലോകത്ത് / എല്ലാം ചിത്രീകരിക്കപ്പെടുന്ന കാലത്തെ ഒരു ജീവിതം ഉൾക്കൊണ്ട് കൊണ്ട് ലൈംഗിക സദാചാരതയുടെ ബോർഡറിൽ കിടന്നു കറങ്ങാത്ത പോസ്റ്റ്‌മോഡേൺ ഗംഭീര കഥാപാത്രമായി അഞ്ജു എന്ന കഥാപാത്രം ഈ സിനിമയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇതിലെ കമ്പി വീഡിയോ കാണുന്ന കൂട്ടുകാരൻ ആ പെൺകുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടു എന്നു സിനിമയുടെ അവസാനം വരെ നിരന്തരം ചോദിക്കുന്നതിലൂടെ ഈ സിനിമയുടെ കാണികളായ മലയാളികളിൽ സൃഷ്ടിക്കുന്ന കൂറിയോസിറ്റിയിലൂടെ മലയാളിയെ തന്നെ ഈ സിനിമ കളിയാക്കുന്നുണ്ട്.
സാധാരണ മലയാള സിനിമയിൽ മഴയത്ത് ചേർന്ന് നിൽക്കുന്ന കാമുകി–കാമുകന്മാരുടെ വിഷ്വലിനെ പൊളിച്ച് കൊണ്ടാണ് അഞ്ജു അനീഷിനെ ബാറിലേക്ക് വിളിക്കുന്നത്. ഏതു നിമിഷവും പാളിപ്പോയേക്കാവുന്ന ഡയലോഗ് പാറ്റേണിൽ ആ ബാർ സീൻ അത്ര മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാറിൽ പോകുന്ന ആണുങ്ങളെ കുറിച്ചുള്ള ക്ലീഷേ വായിനോട്ട കമന്റുകൾ അഞ്ജുവിന്റെ വായിൽ നിന്നും ഉണ്ടാകുന്നുവെങ്കിലും ആ സീൻ മനോഹരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു. ബാറിലെ കള്ളുകുടിക്ക് ശേഷം അവർ യാത്ര ചെയ്യുന്ന ഒരു ഓട്ടോറിക്ഷക്കാരൻ അവൾ കള്ളുകുടിച്ചത് കൊണ്ട് ‘ നിങ്ങൾ ടെക്‌നോപാർക്കിലാണ് അല്ലേ ജോലി ചെയ്യുന്നത് ?’ എന്ന് ചോദിക്കുന്നുണ്ട്. ഇത് ഒരു ചരിത്രപരമായ ചോദ്യം കൂടിയാണ്.
ഒരുപക്ഷേ ടെക്‌നോപാർക്ക് എന്ന സ്ഥാപനം തിരുവനന്തപുരം എന്ന നഗരത്തിന്റെ ആർകിടെക്ചറൽ / ആർകിറ്റൈപ്പിക്കൽ സ്ട്രക്ചർ തന്നെ മാറ്റിയ ഒരു ഇടം അല്ലെങ്കിൽ കാമ്പസ് കൂടിയാണ്. ഒരു സർവകലാശാല അവിടെ ഉണ്ടായിട്ടുപോലും ‘പദ്മനാഭന്റെ മണ്ണ്’ എന്ന രീതിയിലുള്ള ഒരു ടെർമിനോളജിയിൽ നിന്ന് പൂർണ്ണമായും തിരുവനന്തപുരത്തിന് രക്ഷപ്പെടാൻ പറ്റിയിരുന്നില്ല. പക്ഷേ ആ നഗരത്തിന് ടെക്‌നോപാർക്ക് എന്ന ഒരു കാമ്പസും അതുമായി ഉരുത്തിരിഞ്ഞ ജീവിതങ്ങളും പാർപ്പിടങ്ങളും പാർട്ടിയിങ്ങുകളും ചില അട്ടിമറികൾ നടത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് ചെങ്കൽചൂളയും ടെക്‌നോപാർക്കും ഒക്കെ രണ്ട് രീതിയിൽ തിരുവനന്തപുരത്തിന് പ്രശ്‌നമാകുന്നത്. അങ്ങനെ സെക്രട്ടേറിയറ്റിന്റെയും പബ്ലിക് ലൈബ്രറിയുടെയും മണ്ണിൽ ഒരു ആണും പെണ്ണും കള്ളുകുടിച്ച് പൊളിക്കുമ്പോൾ പ്രശ്‌നമാകുന്നത് ഓട്ടോക്കാരന് മാത്രമല്ല, ഒരു ഹൈ ക്ലാസ് ഹോട്ടൽ മാനേജ്മെന്റിനും പോലും പ്രശ്‌നമാണ്.
തിരുവനന്തപുരം എന്ന നഗരം പല രീതിയിൽ മലയാള സിനിമയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് — രാഷ്ട്രീയ ഭരണ സിരാകേന്ദ്രങ്ങളുടെ ഇടമായും, ഗുണ്ടാ വിളയാട്ടങ്ങളുടെ ഇടമായുമെല്ലാം. പക്ഷേ ഈ നഗരത്തിന്റെ നിയോൺ വെളിച്ചങ്ങളുടെ ഇടയിലെ ഒരു കാർ യാത്രയിൽ / നടപ്പുകളിൽ / ഓട്ടോറിക്ഷ യാത്രകളിൽ / ബാറുകളിൽ — എല്ലായിടങ്ങളിലും അതിമനോഹരമായ പ്രണയം ചിത്രീകരിച്ച് ഈ സിനിമയിൽ കാണിക്കുമ്പോൾ രസകരമാണ്. നമ്മൾ കണ്ട, നമ്മൾ ജീവിച്ച, നമ്മൾ സിനിമയിൽ കണ്ട, നമ്മൾ വാർത്തകളിൽ വായിച്ച ഒരു തിരുവനന്തപുര നഗരത്തിൽ നിന്ന് പ്രണയത്തിന്റെ ഇമേജറിയിലേക്കുള്ള ഒരു ചാട്ടം രസമാണ്. അങ്ങനെ വളരെ ചെറിയ ഒരു ഇൻസിഡന്റിൽ നിന്ന് ഒരു പ്രണയ സിനിമ സൃഷ്ടിച്ചെടുത്ത ക്രാഫ്റ്റിന്റെ മനോഹാരിത കൂടിയാണ് ഈ സിനിമ. ഒരു പോസ്റ്റ്‌മോഡേൺ പെൺകുട്ടിയെ കാണിച്ച് തന്ന സിനിമ.
പക്ഷേ ഇന്ത്യൻ സിനിമയിലെ പല മികച്ച സൃഷ്ടികളിലെയും സംഗീതം പരിതാപകരമാണെന്ന് പലപ്പോഴും നമ്മൾക്ക് പറയേണ്ടതായി വരും. അത് ഈ സിനിമയെയും ബാധിച്ചിട്ടുണ്ട്. വേണ്ടാത്തിടത്തും വേണ്ടുന്നിടത്തും സംഗീതം കുത്തിക്കെട്ടുക. സൈലൻസും ഒരു സംഗീതമാണെന്ന് ഈ സിനിമാക്കാർക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്താൽ മതിയായിരുന്നു.
