August 11 Tuesday 2026

ഗസ്സയില്‍നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറാനുള്ള തയ്യാറെടുപ്പിലാണ്

രണ്ടുവര്‍ഷം നീണ്ടുനിന്ന ഇസ്രായേലിന്റെ നരനായാട്ടുകള്‍ക്ക് വിരാമം കുറിച്ച് ഒടുവില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നിരിക്കുകയാണ്. ബന്ദികളെ പരസ്പരം കൈമാറാനും തന്റെ വെടിനിര്‍ത്തല്‍ പദ്ധതിയുടെ ആദ്യഘട്ടം അംഗീകരിക്കാനും ഇസ്രായേലും ഹമാസും തയ്യാറായതായി ട്രംപ് അറിയിച്ചു. ഇസ്രായേല്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ഇസ്രായേല്‍ സൈന്യം പിന്മാറാനുള്ള തയ്യാറെടുപ്പുകള്‍ എടുക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

”ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഇസ്രായേലും ഹമാസും ഒപ്പു വെച്ചതായി പ്രഖ്യാപിക്കുന്നതില്‍ എനിക്ക് വളരെയധികം അഭിമാനം ഉണ്ട്” – തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.

ഈജിപ്തിലെ ശറമുല്‍ ഷൈഖില്‍ ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, അമേരിക്ക എന്നീ രാഷ്ട്രങ്ങളുടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് മധ്യസ്ഥ വഹിച്ച രാജ്യങ്ങളില്‍ ഒന്നായ ഖത്തര്‍ അറിയിച്ചു. നിര്‍ദേശിക്കപ്പെട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി മോചിപ്പിക്കപ്പെടേണ്ട ഫലസ്തീന്‍ തടവുകാരുടെ പേരുകള്‍ അടങ്ങിയ പട്ടിക ഹമാസ് ചര്‍ച്ചയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ട്രംപിന്റെ മരുമകന്‍ ജാര്‍ഡ് കുഷ്‌നര്‍, ട്രംപിന്റെ പശ്ചിമേഷന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, നെതന്യാഹുവിന്റെ വിശ്വസ്തനും ഇസ്രയേല്‍ നയതന്ത്ര വകുപ്പ് മന്ത്രിയുമായ റോണ്‍ ഡെര്‍മര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. ഹമാസ് അംഗങ്ങള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ഇസ്രായേലിന്റെ ദോഹ ആക്രമണത്തെ അതിജീവിച്ച ഖലീല്‍ അല്‍ ഹയ്യ, സാഹെര്‍ ജാബിറിന്‍ എന്നിവരാണ് ഹമാസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഗസ്സയില്‍ നിന്നുള്ള ഇസ്രായേല്‍ സേനയുടെ പൂര്‍ണ്ണ പിന്മാറ്റം, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം, ഭാവി ഗസ്സയുടെ ഭരണം എന്നിവയെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഗസ്സയിലും ഇസ്രായേലിലും തെരുവുകളെ ആഘോഷത്തിലാഴ്ത്തിയിരിക്കുകയാണ്. രക്തച്ചാലുകള്‍ ഒഴികിയെങ്കിലും ഒടുവില്‍ ഹമാസിന്റെ വിജയം കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം പറഞ്ഞുവെക്കുന്നത് എന്നതില്‍ സംശയമില്ല. ബോംബര്‍ വിമാനങ്ങളുടെ ചൂളമടിയും, സ്‌ഫോടന ശബ്ദങ്ങളും കേട്ട് ഞെട്ടിയുണരുന്ന ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് സുഖമായി ഇനി ഉറങ്ങാം.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ എട്ട് മാസം നീണ്ടുനിന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ശേഷമുണ്ടായ പ്രഖ്യാപനം ട്രംപിനെ സംബന്ധിച്ചിടത്തോളം സുപ്രധാന വഴിത്തിരിവാണ്. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വേളയില്‍ ഗസ്സ യുദ്ധം അവസാനിപ്പിക്കുക എന്നത് തന്റെ വിദേശ ഇടപെടലില്‍ പ്രഥമ പരിഗണന നല്‍കുന്ന വിഷയമായിരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ നോബല്‍ സ്വപ്‌നത്തെ പ്രസ്തുത മധ്യസ്ഥ ശ്രമങ്ങള്‍ പൂവണിയിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. കരാറുകളില്‍ നിന്നും ഏകപക്ഷീയമായി പിന്മാറുന്ന ചരിത്രമുള്ള ഇസ്രായേലിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ ഭാവിയെ സംശയത്തോടെ അല്ലാതെ നോക്കി കാണുവാന്‍ സാധ്യമല്ല എന്നതും ഇപ്പോള്‍ പുറത്തുവരുന്ന വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് ചേര്‍ത്തുവയ്‌ക്കേണ്ടതാണ്.

ട്രംപിന്റെ സമാധാന പദ്ധതിയിലെ ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ആദ്യഘട്ടത്തില്‍ അറബ് രാഷ്ട്രങ്ങള്‍ അടക്കമുള്ള രാഷ്ട്രങ്ങള്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നുവെങ്കിലും ചരിത്രപരമായ തീരുമാനം എന്ന് ട്രംപ് സ്വയം പറയുമ്പോഴും പ്രസ്തുത പദ്ധതിയില്‍ പല വ്യവസ്ഥകളും കൃത്യവും വ്യക്തവുമല്ല എന്നതാണ് വസ്തുത. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപിന്റെതായി പുറത്തുവന്ന പ്രസ്താവനകള്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ആശങ്കകള്‍ രൂപപ്പെടുത്തുന്നതായിരുന്നു. അതോടുകൂടിയാണ് അറബ് രാഷ്ട്രങ്ങളും സംശയത്തോടെ പദ്ധതിയെ നോക്കി കണ്ടത്.

ട്രംപിന്റെ 20 ഇന പദ്ധതികളെക്കുറിച്ച് ഉടലെടുത്ത വിമര്‍ശനങ്ങള്‍ പരിശോധിക്കുന്നത് കാര്യം കൂടുതല്‍ വ്യക്തമാക്കാന്‍ ഉപകരിക്കും. അതില്‍ ഒന്നാമത്തേത് ഗസ്സയുടെ ഭരണമാണ്. പദ്ധതി പ്രകാരം അരാഷ്ട്രീയവത്കരിക്കപ്പെട്ട സാങ്കേതിക വിദഗ്ധരുടെ താത്കാലിക ഫലസ്തീന്‍ സമിതിയാകും ഗസ്സയുടെ മേല്‍നോട്ടം വഹിക്കുക. എങ്ങനെയാണ് ഈ സമിതി രൂപീകരിക്കുന്നത് എന്നതിനെക്കുറിച്ചോ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആരൊക്കെ ചേര്‍ന്നാണെന്നോ എന്ന് പദ്ധതി വ്യക്തമാക്കുന്നില്ല. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും ചേര്‍ന്നുള്ള സമാധാന സമിതിയാകും നിലവില്‍ വരാന്‍ പോകുന്ന ഫലസ്തീന്‍ താത്കാലിക ഭരണസമിതിയെ നിയന്ത്രിക്കുക എന്ന് പദ്ധതിയില്‍ പറയുന്നുണ്ടെങ്കിലും സമാധാന സമിതിയും താത്കാലിക ഭരണസമിതിയും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണെന്നോ ദൈനംദിന തീരുമാനങ്ങള്‍ എങ്ങനെയാണ് കൈക്കൊള്ളുക എന്നതിനെക്കുറിച്ചോ പദ്ധതി വിശദീകരിക്കുന്നില്ല.

ഉയരുന്ന മറ്റൊരു ചോദ്യം പദ്ധതിയില്‍ മഹമൂദ് അബ്ബാസ് നേതൃത്വം കൊടുക്കുന്ന ഫലസ്തീന്‍ അതോറിറ്റി ഉള്‍പ്പെടുമോ എന്നതാണ്. ഫലസ്തീന്‍ അതോറിറ്റിയുടെ പരിഷ്‌കരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ താത്കാലിക ഭരണസമിതിയാകും ഗസ്സ ഭരിക്കുക എന്ന് പദ്ധതി നിര്‍ദേശിക്കുമ്പോള്‍ ഗസ്സയുടെ ഭരണം ഏറ്റെടുക്കാന്‍ പറ്റുന്ന വിധത്തില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ പരിഷ്‌കരണ പരിപാടികള്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് ആരാണ് സാക്ഷ്യപ്പെടുത്തേണ്ടത് എന്ന ചോദ്യത്തിന് 20 ഇന സമാധാന പദ്ധതിയില്‍ ഉത്തരമില്ല. ഏതൊക്കെ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോഴാണ് ഫലസ്തീന്‍ അതോറിറ്റിക്ക് ഗസ്സയുടെ ഭരണം കൈമാറ്റം ചെയ്യപ്പെടുക എന്നതും പദ്ധതി പറയുന്നില്ല.

ഗസ്സയുടെ സുരക്ഷിതത്വം ഏറ്റെടുക്കുമെന്ന് പറയപ്പെടുന്ന അന്താരാഷ്ട്ര സേനയെ കുറിച്ചുള്ളതാണ് മറ്റൊരു അവ്യക്തത. താത്കാലിക അന്താരാഷ്ട്ര സുരക്ഷാസേനക്കാണ് ഗസ്സയുടെ സുരക്ഷ ചുമതല ഈ കാലയളവില്‍ ഏല്‍പ്പിക്കപ്പെടുക എന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് എവിടെനിന്നാണ്, എങ്ങനെയാണ് രൂപീകരിക്കപ്പെടുക എന്നത് അവ്യക്തമായി തുടരുന്നു.

ഇസ്രായേലിന്റെ സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം എപ്പോള്‍? എങ്ങനെ സാധ്യമാകും? എന്ന ചോദ്യമാണ് അടുത്തത്. സ്വതന്ത്ര ഫലസ്തീന്‍ സാധ്യമാകുമോ എന്ന നിര്‍ണായക ചോദ്യത്തിനും പദ്ധതിയില്‍ വ്യക്തമായ മറുപടിയില്ല. പ്രസ്തുത ചോദ്യത്തിന് പുകമറകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങള്‍ മാത്രമാണ് 20 ഇന പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തില്‍ ഒരു രാഷ്ട്രത്തിന്റെ ഭാഗദേയത്തെ നിര്‍ണയിക്കേണ്ട സമാധാന പദ്ധതി തീര്‍ത്തും അവ്യക്തമായി നിലനില്‍ക്കെ ആ പദ്ധതി കൊണ്ട് ഉദ്ദേശിക്കപ്പെടുക 1948 ല്‍ ഫലസ്തീനില്‍ അവസാനിച്ച കൊളോണിയല്‍ ആധിപത്യത്തിന്റെ പുനരാവിഷ്‌കാരമാണെന്നേ വിലയിരുത്തുവാന്‍ സാധിക്കുകയുള്ളു.

ഫലസ്തീനികളെ ഫലസ്തീന്‍ ഭരണത്തില്‍ നിന്നും അകറ്റിനിര്‍ത്തി, ഹമാസിനെ നിര്‍വീര്യമാക്കി ഇസ്രായേലിന്റെ ഭാവിയെയും ഭാവി അധിനിവേശ പദ്ധതികളെയും എളുപ്പമുള്ളതാക്കി നല്‍കുക എന്നത് മാത്രമാണ് ട്രംപ് പദ്ധതിയുടെ ഉദ്ദേശം എന്ന് ചിന്തിച്ചു പോയാല്‍ ആ ചിന്തയെ സാധൂകരിക്കുന്ന വിധത്തിലാണ് ട്രംപിന്റെ പദ്ധതി തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് പറയേണ്ടിവരും. വൈറ്റ് ഹൗസിന്റെ പദ്ധതിയെ ഹമാസ് അതേപടി അംഗീകരിക്കാന്‍ സാധ്യതയില്ല.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി ഗസ്സയുടെ സുരക്ഷിതത്വം ഏറ്റെടുക്കുമെന്ന് പറയപ്പെടുന്ന അന്താരാഷ്ട്ര സേനയെ കുറിച്ച് അവ്യക്തതയുണ്ട്. താത്കാലിക അന്താരാഷ്ട്ര സുരക്ഷാസേനക്കാണ് ഗസ്സയുടെ സുരക്ഷ ചുമതല ഈ കാലയളവില്‍ ഏല്‍പ്പിക്കപ്പെടുക എന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് എവിടെനിന്നാണ്, എങ്ങനെയാണ് രൂപീകരിക്കപ്പെടുക എന്നത് അവ്യക്തമായി തുടരുന്നു.

Related