ഖത്തറിലെ ഇസ്രായേൽ ഭീകരാക്രമണത്തോടെ അമേരിക്കയുടെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുന്നു. രാജ്യങ്ങൾ, നിയമങ്ങൾ, മാനവികത, മനുഷ്യാവകാശങ്ങൾ അവയുടെ മാനദണ്ഡങ്ങൾ ഇതൊന്നും തെമ്മാടി രാജ്യമായ ഇസ്രായേലിനു ബാധകമല്ല. അവർ നടത്തുന്ന എല്ലാ താണ്ഡവങ്ങൾക്കും അവരുടെ തലതൊട്ടപ്പനായ അമേരിക്കയുടെ ഒത്താശയുണ്ടാകും. അവർ ഗസ്സയിലും ഇതര രാജ്യങ്ങളിലും തുടരുന്ന ഭീകരതയുടെയും ഒപ്പം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനത്തിന്‍റെയും തുടർച്ചയാണ് ഖത്തറിൽ നടത്തിയ ആക്രമണം. ഒരു പരമാധികാര രാജ്യവും അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയുമാണ് ഖത്തർ. ഖത്തറിന്‍റെ പരമാധികാരത്തിനുമേൽ ഇസ്രായേൽ നടത്തിയ നഗ്നമായ ലംഘനം ചോദ്യംചെയ്യുന്നതിനു പകരം അമേരിക്ക കാണിക്കുന്ന ഇരട്ടത്താപ്പാണ് അതിനേക്കാൾ വലിയ വിരോധാഭാസം. ഇസ്രയേലിന്‍റെ ലക്ഷ്യം നടന്നില്ലെങ്കിലും മധ്യസ്ഥ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന വേളയെന്ന കൃത്യമായ ടാർഗറ്റിൽ പ്രഹര ശേഷിയുള്ള മിസൈലുകൾ, ചർച്ച നടക്കുന്ന സ്ഥലത്തേക്ക് ഉന്നം വെച്ച് തൊടുത്തത് കൂടുതൽ ആശങ്കപ്പെടുത്തുന്നു. ഖത്തറിന്‍റെ ചെലവിൽ, അവരുടെ ആഭ്യന്തര സുരക്ഷ വാഗദാനം നൽകി ഖത്തറിൽ പ്രവർത്തിക്കുന്ന യു.എസ് സൈനിക താവളം എന്തെടുക്കുകയായിരുന്നു എന്ന ചോദ്യമാണ് രാഷ്ടീയ കേന്ദ്രങ്ങൾ ആദ്യം ഉയർത്തിയത്. സുരക്ഷ ഉറപ്പുനൽകേണ്ട ശക്തിയായി ഉണ്ടാകുമെന്ന നിലപാടുള്ള ഒരു നീക്കത്തിനു പകരം ഉത്തരവാദിത്തപ്പെട്ട അമേരിക്കയുടെ ഭാഗത്ത് നിന്നും അപ്രതീക്ഷിതമായ ഉരുണ്ടുകളിയായിരുന്നു പുറത്ത് വന്നത്.
നയതന്ത്രത്തിന്‍റെ മുഖത്തേറ്റ പ്രഹരമായിരുന്നു ദോഹയിലെ ആക്രമണം. മറ്റൊരർഥത്തിൽ ഇസ്രായേൽ ആക്രമിച്ചത് അമേരിക്കയെ കൂടിയാണ്. ഖത്തർ എന്ന സഖ്യരാഷ്ട്രത്തെ ആക്രമിക്കാൻ അമേരിക്കയുടെ ഒത്താശയുണ്ടായിരുന്നുവെങ്കിൽ അമേരിക്കയും അതിൽ പുതിയ കച്ചവട നേട്ടം കാണുന്നുണ്ട് എന്നാണർഥം. ദോഹയിലെ ഇസ്രായേൽ ആക്രമണം ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ചുള്ളതായിന്നുവെങ്കിലും കൂടി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽപറത്തി അറബ് രാജ്യങ്ങളിൽ ഒന്നൊന്നായി കടന്നു കയറാൻ ശ്രമിക്കുന്ന ഈ തെമ്മാടി രാഷ്ട്രത്തെ പിടിച്ചു കെട്ടാൻ ഇനിയും ആരും തുനിഞ്ഞില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഒരു സ്വതന്ത്ര രാജ്യത്തെ അസ്ഥിരമാക്കാൻ ഇത്തരത്തിൽ ഒരൊറ്റ ഭീകരാക്രമണം മതിയാകും. എന്നാൽ, ഖത്തറിന്‍റെ കാര്യത്തിൽ അങ്ങനെ സംഭവിക്കാതിരിക്കാൻ ഒരു പാട് കാരണങ്ങളുണ്ട്. ലോകത്ത് ഒരു പ്രബല രാജ്യവും ഇസ്രായേലിനും അമേരിക്കക്കും ഒപ്പമില്ല, ഖത്തർ നാളിതുവരെ ഫലസ്തീൻ വിഷയങ്ങളിൽ വഹിച്ച മാദ്ധ്യസ്ഥശ്രമങ്ങളും മൊസാദ് നേതൃത്വം ഉൾപെടെയുള്ളവരെ പങ്കെടുപ്പിച്ച അനുരഞ്ജന നീക്കങ്ങളും ലോകത്തിനു മുന്നിൽ അവർ നേടിയ സൽകീർത്തിയുടെ തെളിവുകളാണ്. ഒരു കൊച്ചു രാജ്യമായിട്ടും ഖത്തർ അടയാളപ്പെടുത്തിയ നയതന്ത്ര നീക്കങ്ങൾ പെട്ടെന്ന് ആരും മറക്കാൻ ഇടയില്ല. അതിനാൽ ഇസ്രായേലിന്‍റെ ആഗ്രഹത്തിനു വിരുദ്ധമായി ഭാവിയിലും ഖത്തർ, അതിന്‍റെ യശസ്സ് ഉയർത്തിപ്പിടിച്ച് ലോകത്തിനു മുന്നിൽ ഉറച്ച നിലപാടോടെ തുടരുമെന്നതിൽ സംശയമില്ല. നഷ്ടപ്പെടുന്നതൊക്കെയും ഇസ്രായേലിനും അമേരിക്കകുമായിരിക്കും.
അമേരിക്കയുടെ വിശ്വാസ്യത ഇല്ലാതാകുമ്പോൾ
ഇസ്രായേലിന്‍റെ ഖത്തർ ആക്രമണം അമേരിക്കയുടെ വിശ്വാസ്യതക്കേറ്റ വലിയ ക്ഷതമാണ്. ഒരു സഖ്യരാഷ്ട്രമെന്ന നിലയിൽ എല്ലാതലത്തിലും അമേരിക്കയെ കൂടെ നിർത്തിയ ഖത്തർ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഏറ്റവുമൊടുവിൽ ഡോണാൾട് ട്രംപിന്‍റെ ദോഹ സന്ദർശനത്തിൽ 3411 കോടി രൂപയുടെ അത്യാഡംബര ജെറ്റ് വിമാനമാണ് ട്രംപിനു ഖത്തർ സമ്മാനിച്ചത്. അത്കൊണ്ട് തന്നെ ഈ ആക്രമണത്തിന്‍റെ ഏറ്റവും വലിയ രാഷ്ടീയ ക്ഷീണം അമേരിക്കക്കായിരിക്കും. ഖത്തറിനും മാത്രമല്ല മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങൾക്കും സഖ്യരാഷ്ട്രമെന്ന നിലയിലുള്ള അമേരിക്കയോടുണ്ടായിരുന്ന വിശ്വാസത്തിൽ സംശയം രൂപപ്പെടുകയാണ്. ഒരു സഖ്യരാജ്യത്തിന്‍റെ സുരക്ഷക്കുമേൽ വിള്ളൽ വീഴ്ത്തിയതിനാൽ മറ്റു രാജ്യങ്ങൾക്കും അമേരിക്കയെ സംശയത്തൊടെയല്ലാതെ കാണാൻ കഴിയുകയില്ല. പ്രശ്നങ്ങൾ ഇല്ലാതാക്കാനും സമാധാനം കൊണ്ട് വരാാനുമുള്ള പരിഹാരശക്തി എന്ന സ്ഥാനവും അമേരിക്കക്ക് നഷ്ടപ്പെട്ടേക്കും. ഒരേ സമയം ഇസ്രായേലിനു ഒത്താശ നൽകുകയും പിന്തുണക്കുകയും ഖത്തറിനെ നയതന്ത്രബന്ധങ്ങൾ സന്തുലിതമാക്കി കൂടെ നിർത്തുകയും ചെയ്യണമെന്ന പ്രതിസന്ധിയിലാണ് അമേരിക്ക. ഇത് വൈറ്റ് ഹൗസിന്‍റെ പരാജയമാണ് എന്ന് വിലയിരുത്തുന്നവരാണ് രാഷ്ട്രീയ നിരൂപകരിൽ അധികവും. സഖ്യകക്ഷിയെ ആക്രമിക്കുന്നത് യു.എസ് താല്‍പര്യങ്ങളെ ദുർബലപ്പെടുതത്തുന്നതിനു തുല്യമാണ്. നഷ്ടപ്പെട്ട വിശ്വാസ്യതക്കും ചോർന്നുപോകുന്ന സ്വാധീനത്തിനും അമേരിക്ക വലിയ വില നൽകേണ്ടി വരും. ഒപ്പം ഈ ആക്രമണം അന്താരാഷ്ട്ര തലത്തിൽ പ്രസിഡണ്ട് ട്രംപിനു വലിയ തിരിച്ചടി നൽകിയേക്കും. രാജ്യസുരക്ഷ ചോദ്യചിന്നമായതിനാൽ അമേരിക്കയുടെ ഉള്ളിലും ഇത് വലിയ ചർച്ചയാകും.
യുദ്ധം സ്ഥിരപ്പെടുത്തി ഇസ്രായേൽ
ബലപ്രയോഗമാണ് സയണിസ്റ്റുകൾ മുന്നോട്ട് വെക്കുന്ന കാഴ്ച്ചപ്പാട്. ബലപ്രയോഗത്തിലൂടെയല്ലാതെ ഈ തെമ്മാടിരാജ്യത്തോട് പ്രതിബദ്ധതയോ ബഹുമാനമോ പ്രകടിപ്പിക്കില്ല. ഒരു ഭാഗത്ത് സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുമ്പോൾ തന്‍റെ ഭാവി മാത്രമോർത്ത് നെതന്യാഹു യുദ്ധം തുടരുകയും അത് വ്യാപിപ്പിക്കുകയും ചെയ്യുന്നു. കാരണം, ഇസ്രായേലിനു നിലനിൽക്കാൻ യുദ്ധവും കുടിയേറ്റവും തുടരണം. ഇസ്രായേൽ അമേരിക്കയോടൊപ്പം യുദ്ധം വികസിപ്പിക്കുമ്പോൾ ഇസ്രായേലിനു മുന്നിൽ പുതിയ സാധ്യതകളുണ്ട്. ഗസ്സയോടൊപ്പം വെസ്റ്റ് ബാങ്കും പിടിച്ചടക്കണം. കിഴക്കൻ ജറൂസലേമിലേക്ക് അനധികൃത കുടിയേറ്റങ്ങൾ വികസിപ്പിക്കണം. നിരപരാധികളായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും രക്തത്തിലൂടെ പൂത്തുലക്കുന്ന രാഷ്ടീയ നേട്ടമാണത്. ഇസ്രായേലിൻ്റെ ഈ സ്ട്രാറ്റജികൾക്ക് രാജ്യങ്ങളുടെ അതിർത്തികളില്ല. ധാർമിക കവചങ്ങകളില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ പരിധികളുമില്ല.
അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ വിള്ളൽ
സൗദിയിലെ ഫൈസൽ രാജാവ് ഒരിക്കൽ ഇസ്രായേലിനെ പിന്തുണച്ച രാജ്യങ്ങൾക്ക് എണ്ണ നൽകുന്നത് നിർത്തലാക്കാൻ തീരുമാനിച്ച ചരിത്രം അറബികളുടെ മുന്നിലുണ്ട്. നല്ല വളക്കൂറുള്ള ബന്ധങ്ങൾ കാത്ത് പോരുന്ന അറബ് രാജ്യങ്ങൾ ഇതോർമിക്കുന്നത് നന്നാകും. എന്നാൽ, ഈ ആക്രമണത്തോടെ അറബ് രാജ്യങ്ങളുമായുള്ള സാധാരണവത്കരണം ഇനിയും സ്വപ്നമായി തുടരും. അറബ് രാജ്യങ്ങളുമായി ഉണ്ടായിരുന്ന അടുപ്പങ്ങളിൽ കൂടുതൽ വിള്ളലുകളുണ്ടാകും. അമേരിക്കയും നാറ്റൊ രാജ്യങ്ങളും പണം മുടക്കുന്ന തെമ്മാടി രാജ്യത്തിന്‍റെ ക്രൂരതകൾക്ക് മുന്നിൽ അറബികൾ ക്രിയാത്മകമായ ശക്തി രൂപപ്പെടുത്തുകയാണ് വേണ്ടത്. ബന്ധങ്ങളിലുള്ള വിള്ളലുണ്ടാകുമെന്ന് ഭയന്ന് നിശബ്ദരായാൽ തെമ്മാടിരാജ്യം അടങ്ങിയിക്കില്ലെന്നും ഖത്തർ ഒരു തുടക്കമാക്കി മറ്റു അറബ് രാജ്യങ്ങളിലും സൈനികാക്രമണങ്ങൾ നടത്തുമെന്ന ബോധ്യമുണ്ടാകണം. ഇതിനെതിരെ ഇച്ചാശക്തിയും ദൃഢനിശ്ചയവുമുള്ള നടപടികളാണിനി ഉണ്ടാകേണ്ടത്.
ബാഹ്യശക്തികളെ ആശ്രയിക്കുന്നത് രാഷ്ട്രീയമായ ആത്മഹത്യയാണ് എന്നതിനാൽ അറബ് രാജ്യങ്ങൾക്കും ഈ ആക്രമണം ഒരു വലിയ പാഠമായി മാറണം. ഒറ്റക്ക് കഴിയാത്തത് ഒന്നിച്ച് ചെയ്യാൻ കഴിയുന്ന കാലത്താണ് നാം ജീവിക്കുന്നത്. അറബ് ഐക്യം തന്നെയാണ് പ്രധാനം. സൈനികമായും സാമ്പത്തികമായും നയതന്ത്രപരമായും സ്വയം പര്യാപ്തത കൈവരിക്കണം. അതുവരെയും മേഖലയിലുള്ള മറ്റു രാജ്യങ്ങളുമായി ഒറ്റക്കെട്ടായി നിൽക്കണം. ഗൾഫ് കറൻസിയും ഇത്തിഹാദ് റെയിൽവെ പദ്ധതിയും ഒരൊറ്റ വിസയിൽ മുഴുവൻ അറബ് രാജ്യങ്ങളും സന്ദർശിക്കാമെന്നുമുള്ള മാറ്റങ്ങൾ വരാനിരിക്കുമ്പോൾ സൈനികമായ അറബ് ഐക്യം കൂടി മുന്നിൽ വെക്കണം. പ്രദേശത്തെ സുസ്ഥിരമായ അമേരിക്കൻ താവളങ്ങൾ എന്ന വൻചതിക്കുമേൽ മറുചിന്തകൾ ഉണ്ടാകണം. അറബികൾ സ്ഥിരമായ ആലസ്യത്തിൽ നിന്നും ഉണരണം. കൂടിയിരുന്ന് കാവകുടിച്ചാൽ തീരുന്ന പ്രശ്നമല്ല മുന്നിലുള്ളത്. വെറും അപലപിക്കലിൻ്റെയും പണമൊഴുക്കി നിശബ്ദമാകുന്നതിൻ്റെയും ചരിത്രം മാറ്റിയെഴുതണം. അറബികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന പോരാട്ടവീര്യം എവിടെയോ ചോർന്നുപോയിട്ടുണ്ട്. അറബ് ശിഥിലീകരണം മുഖമുദ്രയാക്കി പോരാടുന്നവർക്കെതിരെ പോരാട്ടവീര്യം തിരിച്ചുപിടിക്കണം. അറബ്-മുസ്ലിം രാജ്യങ്ങൾ ഒന്നിച്ചു നിന്നുകൊണ്ട് ശത്രുവിനെ തിരിച്ചറിയാനും വേണ്ടിവന്നാൽ നേരിടാനും സന്നദ്ധമാകണം. ഇതുപോലുള്ള പാഠങ്ങൾ എപ്പോഴും ഉണ്ടാകണമെന്നില്ല. പാഠമുൾകൊള്ളാൻ ദൈർഘ്യമെടുത്താൻ ഭൂപടങ്ങൾ മാറ്റിയെഴുതപ്പെടും.
