ഇസ്‌ലാമോഫോബിയ ഒക്‌ടോബര്‍ 2025 റിപ്പോര്‍ട്ട്:
1995 ല്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദിനൊപ്പം എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ.എസ് ഹരിഹരന്‍ എഴുതിയ പുസ്തകമാണ് ‘ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം’. ആര്‍എസ്എസ് സ്ഥാപക ദിനത്തില്‍ കേരളീയം പോഡ്കാസ്റ്റിനുവേണ്ടി നടത്തിയ സംസാരത്തില്‍ ആര്‍എസ്എസ്സിനെ പ്രതിരോധിക്കുന്നതിന്, വിശാലമായ രാഷ്ട്രീയസഖ്യത്തിന്റെ പ്രത്യാശ ഹരിഹരന്‍ പങ്കുവെക്കുന്നത് ഇങ്ങനെ. ”ഇന്ത്യയിലെ ഫാഷിസ്റ്റുകളുടെ ഒന്നാം നമ്പര്‍ ശത്രു മുസ്‌ലിംകളാണ്. ഇസ്‌ലാമോഫോബിയാണ് ഫാഷിസ്റ്റുകളുടെ പ്രധാന ആയുധം. ഇസ്‌ലാമോഫോബിയ ഉപയോഗിച്ച് ക്രിസ്ത്യാനികളെയും ദലിതരെയും കൂടെ നിര്‍ത്താന്‍ കഴിയുമോ എന്നാണ് അവര്‍ പരീക്ഷിക്കുന്നത്, അതിനെതിരെ മുസ്‌ലിംകളും ക്രിസ്ത്യാനികളും ദലിതരും കമ്യൂണിസ്റ്റ്കാരും അംബേദ്കറൈറ്റുകളും സോഷ്യലിസ്റ്റുകളുമൊക്കെ ചേരുന്ന വിശാലമായ സാംസ്‌കാരികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളുള്ള ഒരു ഫാഷിസ്റ്റ് വിരുദ്ധ മുന്നണി രൂപപ്പെടുത്താതെ സംഘപരിവാറിനെ തടയാന്‍ കഴിയില്ല” (ആര്‍എസ്എസിന്റെ വളര്‍ച്ച തടയാന്‍ കഴിയാത്തത് എന്ത് കൊണ്ട്? ഒക്ടോബര്‍ 1, കേരളീയം പോഡ്കാസ്റ്റ് )
എന്നാല്‍, ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന ഒരേയൊരു കമ്യൂണിസ്റ്റ് സര്‍ക്കാരും അതിന്റെ രാഷ്ട്രീയ നേതൃത്വവും പല സന്ദര്‍ഭങ്ങളിലും ‘ഫാഷിസ്റ്റുകളുടെ പ്രധാന ആയുധ’ മായ ഇസ്‌ലാമോഫോബിയയുടെ ഉല്‍പാദകരാണ് എന്നതാണ് വിരോധാഭാസം.
കേരളത്തില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന സമരങ്ങളില്‍ മുസ്‌ലിം സംഘടനകള്‍ക്കെതിരെ നുഴഞ്ഞു കയറ്റ ആരോപണം പുതുമയുള്ള കാര്യമല്ല. ഗെയില്‍ സമരത്തില്‍, ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെയുള്ള സമരം, കോഴിക്കോട് അവിക്കല്‍ത്തോട് മലിന ജല പ്ലാന്റിനെതിരെയുള്ള സമരം തുടങ്ങിയ സമരങ്ങളിലെ മുസ്‌ലിം സാനിദ്ധ്യത്തില്‍ സിപിഐഎം നിലപാട് ഇത് തന്നെയായിരുന്നു. താമരശ്ശേരി കട്ടിപ്പാറയിലെ അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് കോഴിയറവ് മാലിന്യസംസ്‌കരണ പ്ലാന്റിനുനേരേ നടന്ന സമരം അക്രമാസക്തമായതിന് പിന്നില്‍ എസ്ഡിപിഐക്കാരാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയും മന്ത്രിമാര്‍ അടക്കമുള്ള സിപിഐഎം നേതാക്കളും ആരോപിച്ചത്. സംഘര്‍ഷത്തിനിടെ ഫാക്ടറിക്ക് തീയിടുകയും പ്രതിഷേധക്കാര്‍ക്കും എസ്.പി ഉള്‍പ്പെടെയുള്ള 20ഓളം പൊലീസുകാര്‍ക്കും പരിക്കേറ്റു. ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള സമരത്തില്‍ പ്രദേശത്തെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍പെട്ടവരുമുണ്ടെങ്കിലും എസ്ഡിപിഐക്കാര്‍ നുഴഞ്ഞുകയറി എന്നതാണ് സിപിഐഎം ഭാഷ്യം. എന്നാല്‍, സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മൂന്ന് എഫ്‌ഐആറുകളിലായി 361 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസ്. സമര സമിതിയിലുള്ളവര്‍ പ്ലാന്റ് ആക്രമിച്ചിട്ടില്ലെന്നും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സമിതിയുടെ ഭാഗമാണെന്നും സമരസമിതി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ആരെങ്കിലും നുഴഞ്ഞു കയറിയെന്ന് പരിതപിക്കുകയല്ല, മറിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്ന് ജില്ലാ കമ്മറ്റിയെ തള്ളി സിപിഐഎം പ്രാദേശിക നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. (24 ഒക്ടോബര്‍ മീഡിയാവണ്‍)
കടുത്ത മുസ്‌ലിം വിരുദ്ധ വംശീയ പരാമര്‍ശങ്ങള്‍ നിറഞ്ഞ സിപിഐഎം നേതാവ് പി. സരിന്റെ പ്രസംഗമാണ് സിപിഎംന്റെ ഇസ്‌ലാമോഫോബിയ നിര്‍മിതിയുടെ മറ്റൊരു ഉദാഹരണം. മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന പാലക്കാട് ജില്ലയിലെ പട്ടാമ്പി നിയോജക മണ്ഡലത്തിലെ തിരുവേഗപ്പുരയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് സരിന്‍ വംശീയ പ്രസ്താവനകള്‍ നടത്തുന്നത്. ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വര്‍ഗത്തിലേക്കുള്ള വഴിവെട്ടിയിരികുന്നത് എന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്‍ഗ്ഗം കാത്തിരികുന്നവരാണവര്‍ എന്നാണ് ലീഗിനെതിരെയുള്ള വിമര്‍ശമെന്ന പേരില്‍ സരിന്‍ പ്രസംഗിച്ചത്. മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശമായതുകൊണ്ട് തന്നെ ആ ഒരു ജില്ലയുടെ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ, പാലക്കാട് ജില്ലയുടെ സെക്കുലര്‍ രാഷ്ട്രീയത്തിന്റെ മുഖം പോലും തുടച്ചുകൊണ്ട് ലീഗ് കുറെ കാലമായി കൈവശം വെച്ചിരിക്കുകയാണ് എന്നും സരിന്‍ പറയുന്നു. ലീഗിന്റെ രാഷ്ട്രീയം മതഭ്രാന്തിന്റെ രാഷ്ട്രീയമാണെന്നും സരിന്‍ ആരോപിക്കുന്നു. (മീഡിയാവണ്‍ ഒക്ടോബര്‍ 4)
മുസ്‌ലിംകള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശത്തെ മതേതര ലോല പ്രദേശങ്ങളായും വര്‍ഗീയതയുടെ ഇടങ്ങളായും നിര്‍വചിക്കപ്പെടുന്നത് ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതിയുടെ അടയാളമാണ്. മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വങ്ങളെ നിരാകരിക്കുകയും മുസ്‌ലിംകളുടെ നിര്‍വാഹകത്വത്തെ നിരാകരിക്കുകയും ചെയ്യുന്ന ഇസ്‌ലാമോഫോബിക് പ്രവര്‍ത്തിയായാണ് സരിന്റെ പ്രസംഗത്തെ കാണേണ്ടത്. (കേരളം ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട് 2024). എന്നാല്‍, ഇത്തരം പ്രസ്താവനകളോടുള്ള പ്രതികരണങ്ങളിലും നല്ല മുസ്‌ലിം ചീത്ത മുസ്ലിം എന്ന ദ്വന്ദങ്ങള്‍ തരാതരം ഉപയോഗിക്കുന്ന പ്രവണത കാണാം. കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ എഴുതിയത് നോക്കുക. ”1990 കളില്‍ മുസ്‌ലിം സമൂഹം തീവ്രചിന്തകളിലേക്ക് അടുത്തപ്പോള്‍ കേരളത്തില്‍ ആ സമൂഹത്തെ രാഷ്ട്രീയമായി ധ്രുവീകരിച്ച പ്രസ്ഥാനത്തിന്റെ പേര് കൂടിയാണ് മുസ്‌ലിം ലീഗ്. ആ കാലഘട്ടത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാടുകള്‍ക്ക് തീവ്രത പോരാ എന്ന് കുറ്റപ്പെടുത്തി രൂപീകരിച്ച ഐഎന്‍എല്ലിനെ ഒക്കത്തിരുത്തിയാണ് പിണറായി വിജയന്‍ ഇന്ന് ഇസ്‌ലാമോഫോബിയ കത്തിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത്.” (രാജു. പി നായര്‍ ഫേസ്ബുക് പോസ്റ്റ്, ഒക്ടോബര്‍ 5).
മലബാര്‍ ഗോള്‍ഡ്
മുസ്‌ലിം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും വ്യവസായികള്‍ക്കെതിരെയുമുള്ള വിദ്വേഷവും ഇസ്‌ലാമോഫോബിയയുടെ മറ്റൊരു രൂപമാണ്. സ്വര്‍ണാഭരണ രംഗത്തെ പ്രമുഖ ബ്രാന്‍ഡ് ആയ മലബാര്‍ ഗോള്‍ഡിനെതിരെയാണ് ഒക്ടോബര്‍ മാസം വ്യാപകമായ വിദ്വേഷ പ്രചാരണം നടന്നത്. യു.കെയിലെ ബെര്‍മിങ്ഹാമില്‍ മലബാര്‍ ഗോള്‍ഡിന്റെ പുതിയ ബ്രാഞ്ച് തുറക്കാന്‍ സ്ഥാപനം പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ വംശജയായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അലിഷ്ബ ഖാലിദിനെ മലബാര്‍ ഗോള്‍ഡ് സമീപിച്ചു. പഹല്‍ഗാം അക്രമത്തിനു മാസങ്ങള്‍ക്കു മുമ്പാണ് മലബാര്‍ ഗോള്‍ഡും അലിഷ്ബയും തമ്മില്‍ സംസാരിച്ചത്. എന്നാല്‍, അലിഷ്ബ ഖാലിദ് ഇന്ത്യയുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മലബാര്‍ ഗോള്‍ഡിനെതിരെ വിദ്വേഷ പ്രചരണം ആരംഭിച്ചത്. കേരളത്തിന് പുറത്തു സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും തെരുവിലും വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചു വിടുകയും ഇതിനെതിരെ കമ്പനി നിയമ പോരാട്ടം നടത്തുകയും ചെയ്തതിന്റെ ഫലമായി, മലബാര്‍ ഗോള്‍ഡിനെതിരായ മുഴുവന്‍ പോസ്റ്റുകളും മെറ്റ നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവിട്ടു. ‘ഇന്ത്യക്കെതിരെ നിലപാടെടുത്തത് മുതല്‍ പാക് ഇന്‍ഫ്‌ലുവന്‍സറുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ചിരുന്നു’ എന്ന് മലബാര്‍ ഗോള്‍ഡ് കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ പ്രമുഖ സംഘ്പരിവാര്‍ നേതാക്കളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടു. ”ദീപാവലിക്ക് സ്വര്‍ണാഭരണം എടുക്കാന്‍ മലദ്വാര്‍ ഗോള്‍ഡില്‍ പോകാതിരിക്കൂ. അവര്‍ പാകിസ്താന് വേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.” എന്നാണ് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി.പി സെന്‍കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്.
വെള്ളാപ്പള്ളി
ഇസ്‌ലാമോഫോബിക് പ്രസ്താവനകളുടെ നൈരന്തര്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ കുറച്ചു കാലമായി വളരെ മുന്നിലാണ്. ഒക്ടോബര്‍ മാസവും സ്ഥിതി വ്യത്യസ്തമല്ല. ഒരേ സമയം മുസ്‌ലിം വിരുദ്ധ പ്രസ്താവന നടത്തുകയും വസ്തുത പറഞ്ഞാല്‍ തന്നെ വര്‍ഗീയവാദിയാക്കുന്നു എന്ന് പരിതപിക്കുകയും, നിയമ രാഷ്ട്രീയ സംവിധാനങ്ങളുടെ യാതൊരു നടപടിയും നേരിടേണ്ടതില്ലാതെ വിദ്വേഷ പ്രസ്താവനകള്‍ നിര്‍ബാധം തുടരുകയും ചെയ്യുക എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ ഇസ്‌ലാമോഫോബിക് പ്രസ്താവനകളുടെ പ്രത്യേകത. മുസ്‌ലിം സംഘാടനത്തെ, അവരുടെ സാമ്പത്തിക സാമൂഹിക നിര്‍വാഹകത്വങ്ങളെ നിരാകരിക്കുകയും വര്‍ഗീയതയും ഭീകരതയും ആരോപിക്കുകയും ചെയ്യുന്നതാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകളുടെ പൊതുരീതി. അര്‍ഹിക്കാത്തത് ഗൂഢാലോചനയുടെ നേടിയെടുക്കുന്നു എന്ന ‘ജിഹാദി’ ആരോപണങ്ങളുടെ ഘടനതന്നെയാണ് ഇത്തരം ആഖ്യാനങ്ങളും പിന്‍പറ്റുന്നത്.
ഹൈന്ദവ സംഘടനകളും യാചിച്ചു നടക്കുമ്പോള്‍ സമ്പന്ന മുസ്ലിം പ്രമാണിമാര്‍ക്കും തട്ടിക്കൂട്ട് മുസ്‌ലിം പ്രസ്ഥാനങ്ങള്‍ക്കും സ്‌കൂളുകളും കോളജുകളുംവാരിക്കോരി കൊടുത്തവരാണ് നഷ്ടക്കണക്കില്‍ വിലപിക്കുന്നത് എന്നും പൊതുമരാമത്ത് വകുപ്പിന്റെ ഉള്‍പ്പെടെ സര്‍ക്കാര്‍ കരാറുകാരില്‍ വലിയൊരു പങ്കും മുസ്ലികളായത് എങ്ങിനെയെന്ന് രണ്ടുവട്ടം ആലോചിക്കേണ്ടതില്ല തുടങ്ങിയ പ്രസ്താവനകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. (ജന്മഭൂമി ഒക്ടോബര്‍ 17) മതരാഷ്ട്രീയം കളിച്ച് അധികാരം കൈയില്‍ കിട്ടുമ്പോള്‍ സ്വന്തം മതത്തിനും ആളുകള്‍ക്കും വേണ്ടി ഖജനാവും പദവികളും ദുരുപയോഗിച്ചവരാണിവര്‍ എന്നുകൂടി വെള്ളാപ്പള്ളി ആരോപിക്കുന്നു. നൂറുകണക്കിന് ഹിന്ദുക്കളെ കൊന്നുതളളിയ, ക്ഷേത്രധ്വംസനങ്ങള്‍ നടത്തി ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് ലിഗെന്ന കാര്യം ഇവിടത്തെ ഭൂരിപക്ഷ സമൂഹം മറന്നു പോയതാണ് അവര്‍ ചെയ്ത തെറ്റ് എന്ന അവാസ്തവ പ്രസ്താവന കൂടി വെള്ളാപ്പള്ളി നടത്തുന്നുണ്ട്. (ജന്മഭൂമി ഒക്ടോബര്‍ 17).
വംശഹത്യാ വിരുദ്ധ-ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികളോടുള്ള സമീപനം
ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ വ്യക്തികളും സംഘടനകളും നടത്തുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യങ്ങള്‍ക്കെതിരെ തീവ്രവാദം, ഭീകരത തുടങ്ങിയ സംജ്ഞകള്‍ ഉപയോഗിച്ചാണ് ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നത്. മുസ്‌ലിംകള്‍ നടത്തുന്ന ഫലസ്തീനുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വളരെയെളുപ്പം വന്നു ചേരുന്നു. ‘കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടിട്ടാണ് ഫലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചത്, അവിടെയും ആളുകള്‍ കാണുന്നത് എന്റെ മതമാണ്’ എന്ന സിനിമ താരം ഷെയിന്‍ നിഗത്തിന്റെ പ്രസ്താവന ഉദാഹരണമാണ്. (ഒക്ടോബര്‍ 3, 24 ന്യൂസ്)
മുസ്‌ലിം ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഫലസ്തീന്‍ അംബാസഡര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചു ആര്‍എസ്എസ് നേതാവ് ഭാര്‍ഗ്ഗവറാം ദുസൂചനകളോടെ എഴുതുന്നത് ഇത് രണ്ടാം ഖിലാഫത്ത് ഗൂഢാലോചനയാണ് എന്നാണ്. (ഒക്ടോബര്‍ 1, ഭാര്‍ഗവ റാം ഫേസ്ബുക്ക്). വലതുപക്ഷ യുക്തിവാദി നേതാവ് സി രവിചന്ദ്രനാകട്ടെ വംശഹത്യയെ ന്യായീകരിക്കുകയും യൂഎന്‍ പൊതുസഭയില്‍ നെതന്യാഹുവിനെ കൂക്കി വിളിച്ചത് ശരിയായില്ല എന്ന് അഭിപ്രായപ്പെടുകയും ചെയ്തു (ഒക്ടോബര്‍ 2, നോ കാപ്). എന്നാല്‍, ഏറെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് ഏറെ വിവാദം സൃഷ്ടിച്ച സംഭവം കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള മൈം രണ്ട് മിനിറ്റും 10 സെക്കന്‍ഡും വേദിയില്‍ അരങ്ങേറി. തുടര്‍ന്ന് മത്സരാര്‍ഥികള്‍ ഗസ്സ ദൈന്യത പ്ലക്കാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ കര്‍ട്ടന്‍ താഴ്ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അധ്യാപകരുടെ നടപടി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. (മാധ്യമം ഒക്ടോബര്‍ 5) എന്നാല്‍, കലോത്സവത്തിനിടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായതാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് ഡിഡിഓ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് മൈം തടഞ്ഞ സംഘ്പരിവാര്‍ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാര്‍, സുപ്രീത് എന്നിവരെ സംരക്ഷിക്കാനാണെന്നും പരാതി ഉയര്‍ന്നു. (മീഡിയാവണ്‍ ഒക്ടോബര്‍ 5) ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മൈം അവതരണം നടത്തിയതില്‍ തെറ്റില്ലെന്നാണ് പൊതുവി ദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിലപാട്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും വിദ്യാര്‍ഥികള്‍ക്കനുകൂലമായ നിലപാടെടുത്തു. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും മൈം അവതരിപ്പിക്കാന്‍ അവസരം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍, ഹമാസ് അനുകൂലപ്രമേയം കുട്ടികളുടെ മസ്തിഷ്‌കത്തില്‍ അടിച്ചേല്‍പ്പിച്ചത് ആരാണെന്ന് കൂടി വിദ്യാഭ്യാസമന്ത്രി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. (ജന്മഭൂമി, ഒക്ടോബര്‍ 6). കുട്ടികളെ വര്‍ഗ്ഗീയമായി വേര്‍തിരിക്കാനും പരസ്പരം പ്രശ്നമുണ്ടാക്കാനും ഇത്തരം പ്രമേയം കാരണമാകുമെന്നാണ് അവരുടെ ഭാഷ്യം. കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്‌കൂളില്‍ ഫലസ്തീന്‍ പതാക നോട്ടുബുക്കില്‍ വരച്ച വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ സംഭവവും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാം (ഒക്ടോബര്‍ 15 മീഡിയ വണ്‍). സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. വിവരം അറിഞ്ഞ് രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് കയറ്റിയത്. ഇസ്രായേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ കൂടി പശ്ചാത്തലത്തില്‍ 1921 ലെ മലബാര്‍ സ്വതന്ത്ര സമരവുമായി ബന്ധപ്പെടുത്തിയും കേരളത്തിലെ മുസ്‌ലിംകളെ ഭീകരവത്കരിക്കാനും ശ്രമം നടന്നു. (ടിപി സെന്‍കുമാര്‍ ഫേസ്ബുക് പോസ്റ്റ് ഒക്ടോബര്‍ 15).
വാര്‍ഡ് വിഭജനവും ജനസംഖ്യയും
ഭരണകൂട ഏജന്‍സികള്‍ നടത്തുന്ന ഘടനാപരമായ ഇസ്‌ലാമോഫോബിയ ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ അധികാര പങ്കാളിത്തത്തെ നിഷേധിക്കുന്നതിലേക്ക് എത്തിച്ചേരുന്നതാണ്. പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ രാഷ്ട്രീയ സംഘടനാ ശേഷിയെയും വിലപേശല്‍ ശക്തിയെയും ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ജനാതിപത്യം ഉയര്‍ത്തിപിടിക്കേണ്ട രാഷ്ട്രീയ ധാര്‍മികതക്ക് വിരുദ്ധമാണ്. തദ്ദേശ തെരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാര്‍ഡ് വിഭജനത്തില്‍ ജനസംഖ്യാനുപാതികമായി വാര്‍ഡുകള്‍ പുനര്‍ക്രമീകരിക്കുന്നതിനു പകരം, മുസ്‌ലിം ലത്തീന്‍ കൃസ്ത്യന്‍ സമുദായങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന വാര്‍ഡുകളില്‍ അവരുടെ വോട്ടര്‍മാരുടെ എണ്ണത്തിന് ആനുപാതികമായി ലഭിക്കേണ്ടിയിരുന്ന പ്രാതിനിധ്യം ഈ വിഭജനത്തിലൂടെ മനഃപൂര്‍വ്വം വെട്ടിച്ചുരുക്കപ്പെട്ടു. മൂന്നാം വാര്‍ഡായ പാങ്ങപ്പാറയില്‍ വോട്ടര്‍മാരുടെ എണ്ണം 3,153 ആണ്. 13ആം വാര്‍ഡായ ബീമാപ്പള്ളിയില്‍ 17,223 വോട്ടര്‍മാര്‍. വാര്‍ഡുകള്‍ തമ്മില്‍ വോട്ടര്‍മാരുടെ എണ്ണത്തിലെ അന്തരം നാലിരട്ടിയിലധികം. (ഒക്ടോബര്‍ 1, മാധ്യമം). ഇത്തരം വിഭജനം മുസ്‌ലിം ലത്തീന്‍ സമുദായങ്ങളുടെ പ്രാധിനിത്യം ഫലത്തില്‍ കുറയ്ക്കുന്നതും അധികാര പങ്കാളിത്തത്തില്‍നിന്ന് അവരെ അരികുവത്കരിക്കുന്നതുമാണ്.
താലിബാന്‍- തീവ്രവാദി വിളികളും
ന്യൂയോര്‍ക്കില്‍ മുസ്‌ലിമായി ജീവിക്കുക എന്നത് അപമാനങ്ങളെ പ്രതീക്ഷിക്കലാണ്. എന്നാല്‍, ആ അപമാനങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് നമ്മെ വ്യത്യസ്തമാകുന്നത്. അമേരിക്കയിലെ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥി സോഹ്രാന്‍ മാംദാനി ഒക്ടോബര്‍ 24 നു ന്യൂയോര്‍ക്കിലെ മുസ്‌ലിംകളോടായി നടത്തിയ പ്രസംഗത്തിലെ വരികളാണിത്. കേരളത്തിലെ, താലിബാന്‍’, ‘വര്‍ഗീയവാദി’ വിളികള്‍ പ്രതീക്ഷിക്കുക എന്നത് മാറ്റി വായിച്ചാല്‍ കേരള മുസ്ലിം അനുഭവങ്ങളും മറ്റൊന്നല്ല. ദൈനംദിന ഇസ്‌ലാമോഫോബിയയുടെ പ്രധാന ചേരുവ താലിബാന്‍ വിളികളാണ്. കേരളം പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട മീഡിയ വണ്‍ ചാനലിലെ ചര്‍ച്ചയില്‍ സിപിഐ എമ്മിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത എ അനില്‍കുമാര്‍ ചര്‍ച്ചക്കിടെ അവതാരകന്‍ അജിംസിനോട് ‘താലിബാനികളുടെ സ്ഥിരം തൊഴിലായത്‌കൊണ്ട് എനിക്ക് പരാതിയില്ല’ (പാര്‍ട്ടി സെക്രട്ടറിയെ അപമാനിക്കുന്നത്) എന്നാണ് ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചത്. (ഒക്ടോബര്‍ 24 മീഡിയാവണ്‍). വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതിനെ ന്യായീകരിച്ചു ഫേസ്ബുക് പോസ്റ്റിടാനും അനില്‍ കുമാര്‍ മറന്നില്ല.
മുസ്‌ലിം രാഷ്ട്രീയത്തിലെ സ്ത്രീ പ്രധിനിത്യകുറവിനെ വിമര്‍ശിക്കുമ്പോ താലിബാന്‍ മോഡല്‍ എന്ന പാദാവലി ഉപയോഗിക്കുന്നത് സാധാരണയാണ്. എസ്എഫ്ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള മുന്‍ നേതാക്കളുടെ സംഗമ പോസ്റ്ററിലെ സ്ത്രീകളുടെ അസാന്നിധ്യത്തെ പരിഹസിച്ചു യൂത്തലീഗ് നേതാവ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ:
ഇതെന്താ താലിബാന്‍ വിദ്യാര്‍ഥി സമ്മേളനമോ?
അതോ ആറാം നൂറ്റാണ്ടില്‍ നിന്ന് സമ്മേളനമോ? ബസ്‌കിട്ടാത്തവരുടെ മുങ്ങിത്തപ്പിയിട്ടും ഒരൊറ്റ സ്ത്രീയെയും ഇതില്‍ കാണുന്നില്ലല്ലോ?
ഹിജാബും ഭരണഘടനാ അവകാശങ്ങളും, മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസവും അവകാശവും എല്ലാ കാലത്തും മതേതര വിമര്‍ശനത്തിന് വിധേയമാണ്. ഇസ്‌ലാമിക മത മൗലികവാദികളും യാഥാസ്ഥികരും മുസ്‌ലിം സ്ത്രീ ശരീരത്തെ ഹിംസയിലൂടെ നിയന്ത്രിക്കുന്നുവെന്നും വിദ്യാഭ്യാസാവകാശം സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നുമാണ് പൊതുവെ പ്രചരിപ്പിക്കപ്പെടാറുള്ളത്. (കേരള ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട് 2024 പേജ് 141).
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ച് ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് പൊതു സമൂഹത്തിലും മാധ്യമങ്ങളിലും ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങള്‍ക്കും വഴി തുറന്നു. തന്റെ മകളുടെ മതപരവും സാംസ്‌കാരികവുമായ സ്വത്വം നിലനിര്‍ത്തി സ്‌കൂളില്‍ പഠിക്കാന്‍ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍, സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ ന്യായം. കുറെയേറെ ദിവസങ്ങളില്‍ ഹിജാബ് ധരിക്കാതെ എത്തിയ കുട്ടി ആരുടെയൊക്കെയോ പ്രേരണയാലാണ് കുട്ടി ഹിജാബ് ധരിച്ചെത്തുന്നതെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് ആരോപിക്കുന്നത്. ചിലര്‍ സ്‌കൂളിലെത്തി മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതേത്തുടര്‍ന്ന് മറ്റ് കുട്ടികള്‍ ഭീതിയാണെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിന് രണ്ടു ദിവസം അവധി നല്‍കി. (മെട്രോ വാര്‍ത്ത ഒക്ടോബര്‍ 14). സംഭവത്തെ മുസ്ലിംകളുടെ ‘മത വാശി’ യായും തീവ്രവാദ അജണ്ടയായും ഇസ്‌ലാമോഫോബിക് പ്രചാരണങ്ങള്‍ അരങ്ങു തകര്‍ത്തു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള മത തീവ്രവാദ അജണ്ടകള്‍ അനുവദിച്ചു കൊടുക്കാനാവില്ല എന്നും ഇത്തരം തീവ്രവാദ ടെസ്റ്റ് ഡോസുകള്‍ അംഗീകരിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി മാറുമെന്നുമാണ് സിബിസിഐ പ്രതികരിച്ചത്. (മറുനാടന്‍ മലയാളി, ഒക്ടോബര്‍ 13)
ഒരു വിദ്യാര്‍ത്ഥി സ്‌കൂള്‍ തുറന്നത് മുതല്‍ ഇന്നലെ വരെ കൃത്യമായി സ്ഥാപനത്തിന്റെ യൂണിഫോം ധരിച്ച് ക്ലാസ്സില്‍ വന്നശേഷം പെട്ടെന്ന് ഒരു പ്രത്യേക മതപരമായ വസ്ത്രധാരണ രീതി (ഹിജാബ്) നിര്‍ബന്ധമായും ധരിക്കണം എന്ന് ആവശ്യപ്പെടുന്നതിനെ സ്ഥാപനപരമായ അച്ചടക്കത്തിന്റെ വീക്ഷണത്തില്‍ നിന്ന് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പിടിഎ പ്രസിഡന്റും സംഘപരിവാര്‍ അനുകൂല കൃസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍പിപിയുടെ നേതാവുമായ ജോഷി കൈതവളപ്പില്‍ പറഞ്ഞത്. വിവാദത്തില്‍ ഉടന്‍ ഇടപെട്ട ഹൈബി ഈഡന്‍ എം.പി വിവാദം ഒത്തുതീര്‍പ്പായതായും സ്‌കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും പിതാവ് പറഞ്ഞതായി മാധ്യമങ്ങളെ അറിയിച്ചു. കുട്ടിയുടെ ഭരണഘടനാ അവകാശങ്ങള്‍ക്ക് നിലനില്‍ക്കെ ഇതിനെ ഒരു ക്രമസമാധാന പ്രശ്‌നമായി കണ്ടുള്ള ‘ഒത്തുതീര്‍പ്പിന്നാണ്’ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്. എന്നാല്‍, വിഷയത്തില്‍ ഇടപെട്ട വിദ്യാഭ്യാസ മന്ത്രി കുട്ടിയുടെ ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി. വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍, വിദ്യാര്‍ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണമെന്നും ശിവന്‍ കുട്ടി ആവശ്യപ്പെട്ടു (വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്, ഒക്ടോബര്‍ 14). വിവാദം ഇരവാദ നാടകമാണെന്നും പറ്റാത്തവര്‍ക്ക് മറ്റു സ്‌കൂളില്‍ പോകാമെന്നും സംഭവത്തിന് പിന്നില്‍ മുസ്‌ലിംകളുടെ തീവ്ര ചിന്താഗതിയാണെന്നും ദീപിക പത്രം മുഖപ്രസംഗമമെഴുതി. (ദീപിക ഒക്ടോബര്‍ 15).
സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയുടെ ഗൂഢാലോചനയാണെന്ന് സെന്‍കുമാര്‍ അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍ ആരോപിച്ചു. (ജന്മഭൂമി – ഒക്ടോബര്‍ 16). ഭീകരതയെ മുസ്‌ലിം ലീഗ് മതവത്കരിച്ചുവെന്നാണ് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞത്. (മെട്രോവാര്‍ത്ത ഒക്ടോബര്‍ 19). എന്നാല്‍, സര്‍ക്കാരും ചില ക്രിസ്ത്യന്‍ മത നേതാക്കളും കുട്ടിയുടെ അവകാശത്തോടൊപ്പം നിന്നു. അധ്യാപകര്‍ക്കില്ലാത്ത എന്ത് നിബന്ധനയാണ് കുട്ടികള്‍ക്കെന്ന് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത ചോദിച്ചു. കഴുത്തില്‍ കുരിശുമാല, നെറ്റിയില്‍ കുങ്കുമം, കയ്യില്‍ ഏലസ് ഒക്കെ നിരോധിക്കുമോയെന്നും മെത്രാപ്പൊലീത്ത യൂണിഫോം നിബന്ധനയ്ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. (ഡൂള്‍ ന്യൂസ്, ഒക്ടോബര്‍ 14) അനാവശ്യ ഹിജാബ് വിവാദം ഉയര്‍ത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്‌സ് മൂവ്‌മെന്റ് പ്രസ്താവനയിറക്കി. യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്‌കൂളിനുള്ളപ്പോള്‍ തന്നെ പരമ്പരാഗതമായി തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഒരു മതവിഭാഗം അനുവര്‍ത്തിച്ചു വരുന്ന ലളിതമായ വസ്ത്രധാരണരീതികള്‍ സ്‌കൂള്‍ യൂണിഫോമിന് അലോസരമുണ്ടാക്കാത്തതാണ് എങ്കില്‍ മാനേജ്മന്റ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് തികഞ്ഞ ബുദ്ധിശ്യൂന്യതയാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
വിഷയത്തില്‍ മാധ്യമങ്ങളുടെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവി അവതാരകനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ കുട്ടിയുടെ പിതാവിനെ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കാത്തവനായും സ്‌കൂളിനെ ന്യായീകരിച്ചും സംസാരിച്ചു. വിവാദമായപ്പോള്‍ പിറ്റേ ദിവസം നിലപട് മയപ്പെടുത്തി. മാതൃഭൂമി ന്യൂസിലെ അഭിലാഷാകട്ടെ, സംഭവത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ‘ഈമാന്‍ കുറയുന്നുണ്ട്’ പോലുള്ള കമെന്റുകള്‍ മുസ്‌ലിംകളുടെ മത ശാഠ്യം വെളിവാകുന്നതായി ആശങ്കപ്പെട്ടു. ചില തലക്കെട്ടുകള്‍ ശ്രദ്ധിക്കുക ഭീഷണി: സ്‌കൂളിന് അവധി, (മെട്രോ വാര്‍ത്ത, ഒക്ടോബര്‍ 14), യൂണിഫോമിന് പകരം ഹിജാബ്: തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. (ദേശാഭിമാനി, ഒക്ടോബര്‍ 14) ഹിജാബിലെ അജണ്ടയെന്ത്? ചര്‍ച്ച. (ജനം ടിവി, ഒക്ടോബര്‍ 14) ഹിജാബും പഠനവും, (മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ഒക്ടോബര്‍ 14). മത വിദ്യാഭ്യാസം ക്ലാസ് മുറിയിലേക്കോ? (കാരൂര്‍ സോമന്‍ എഴുതിയ ലേഖനം ജന്മഭൂമി ഒക്ടോബര്‍ 14) സമകാലിക മലയാളം നടത്തിയ ഒരു സര്‍വ്വേയുടെ തലക്കെട്ട് ഇങ്ങനെ : പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിഷയം വഷളാക്കിയത് മന്ത്രി ശിവന്‍കുട്ടിയുടെ ഇടപെടലോ?.
ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങള്‍ സൃഷ്ടിക്കുക എന്നത് മാത്രമല്ല ഭരണഘടനാ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നവരെ മതേതരത്വത്തിന് ഭീഷണിയും അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ നടപടി പ്രീണനമായും വിദേയത്വമായും വ്യാഖ്യാനിക്കുകകൂടിയാണ് ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തന രീതി.
