ഇസ്‌ലാമോഫോബിയ ഉല്‍പാദിപ്പിക്കുന്നവരും നിഷേധിക്കുന്നവരും
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എം. ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു: ”കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഉണ്ടോ? തീര്‍ച്ചയായും ഇല്ല..! പക്ഷേ ജമാഅത്തെ ഇസ്‌ലാമിയോട് ഫോബിയ തീര്‍ച്ചയായും ഉണ്ട്.” (നവംബര്‍ 24).’ജമാഅത്തെ ഇസ്‌ലാമി ഫോബിയ’ എന്താണെന്ന് ശിവപ്രസാദ് നിര്‍വച്ചിചിട്ടില്ല. കേരളത്തില്‍ പക്ഷേ ഇസ്‌ലാമോഫോബിയ ഇല്ലെന്നതിനു വസ്തുതാപരമോ സൈദ്ധാന്തികമോ ആയ ഒരു വിശദീകരണവും അദേഹം നല്‍കുന്നുമില്ല.
ഇസ്‌ലാമോഫോബിയ കേരളത്തിലുണ്ടോ എന്ന ചോദ്യം, എന്താണ് ഇസ്‌ലാമോഫോബിയയെന്നും കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ വസ്തുത എത്രത്തോളമുണ്ടെന്നുമുള്ള ചര്‍ച്ചക്കുകൂടി വഴിയൊരുക്കി. ഇസ്‌ലാമോഫോബിയക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ചാപ്പയടിക്കുകയോ സൈബര്‍ അറ്റാക്കിന് വിധേയമാക്കുകയോ ചെയ്യുക എന്നതാണ് ഇസ്‌ലാമോഫോബുകളുടെ പ്രതിരോധ തന്ത്രം. എങ്കിലും ശിവപ്രസാദിനെ നേരിട്ടു പിന്തുണച്ച സിപിഎം പ്രമുഖര്‍ ആരുമുണ്ടായില്ല.
മുസ്‌ലിം സംഘടനത്തോടും മുസ്‌ലിംകളുടെ സ്വയം നിര്‍ണയാധികാരത്തോടുമുള്ള നിഷേധം തീര്‍ച്ചയായും ഇസ്‌ലാമോഫോബിയയാണ്. ഇസ്‌ലാമിനോടും മുസ്‌ലിം സംഘടനകളോടുമുള്ള വിമര്‍ശനമോ, വിയോജിപ്പോ ഒന്നും ഇസ്‌ലാമോഫോബിയ അല്ല. എന്നാല്‍, ജമാത്തെ ഇസ്‌ലാമി ഇസ്‌ലാമിഫോബിയ എന്ന ഒന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഇസ്‌ലാമോഫോബിയയാണ്.
മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍ എന്ന പേരുമാത്രം പറഞ്ഞാല്‍മതി എംഎസ്എഫിനെ നേരിടാനെന്നു മാസങ്ങള്‍ക്കു മുന്‍പ് പ്രസ്താവന നടത്തിയത് ഇതേ ശിവപ്രസാദാണ്. ഇസ്‌ലാമോഫോബിയക്കെതിരെ വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ പോസ്റ്ററുകള്‍ പതിക്കുന്ന എസ്എഫ്‌ഐക്ക്, എന്തുകൊണ്ടാണ് കേരളം ഇസ്‌ലാമോഫോബിയയില്ലാത്ത നല്ല തുരുത്തായി മാറുന്നത് എന്ന അന്വേഷണം നടത്തിയാല്‍ അതിന്റെ ഉല്പാദകര്‍ ആദ്യം സംഘപരിവാരമാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അതിന്റെ വാഹകരില്‍ ഇടതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്നതാണ് വസ്തുത. ഇസ്‌ലാമോഫോബിയ റിസര്‍ച്ച് കളക്ടീവിന്റെ പഠനമനുസരിച്ച് കേരളത്തില്‍ ഓരോ 36 മണിക്കൂറിലും ഒരു ഇസ്‌ലാമോഫോബിക് സംഭവമുണ്ടാവുന്നുവെന്നത് രാഷ്ട്രീയ പ്രവര്‍ത്തകരെ ചിന്തിപ്പിക്കേണ്ടതാണ്.
നവംബര്‍ മാസം നടന്ന ഏതാനും ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ വിശകലനമാണ് ഈ ലേഖനം.
മംദാനിയും മലയാള മാധ്യമങ്ങളും
ഇസ്‌ലാമോഫോബിയ എന്നത് മുസ്‌ലിംകളുടെ സ്വയം നിര്‍ണയത്തിനും സംഘടനത്തിനുമെതിരായ വംശീയതയായി നിര്‍വചിക്കാം. അതുകൊണ്ട് തന്നെ, ന്യൂയോര്‍ക് മേയറായി സൊഹ്റാന്‍ മാംദാനി തെരഞ്ഞെടുക്കപ്പെട്ടത് ലോകത്തു വംശീയ വിരുദ്ധ ഇസ്‌ലാമോഫോബിയ വിരുദ്ധ ചേരിയിലുള്ളവര്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്നുനല്‍കിയ ഒന്നാണ്. ‘അന മിന്‍കും വ അലൈകും ‘ ‘ഞാന്‍ നിങ്ങളില്‍ ഒരുവനാണ്’ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കേവലം ഒരു നഗരത്തിന്റെ മേയര്‍ തെരെഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് അപ്പുറം വംശീയ വിരുദ്ധ, അഭയാര്‍ത്ഥി, മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇടയില്‍ ഉണ്ടാക്കാനിടയുള്ള പ്രതീക്ഷ വലുതല്ല. അതുകൊണ്ടാണ്ട് ‘ ദി ഹോപ്പ് ഈസ് സ്റ്റില്‍ അലൈവ്’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
മാംദാനിയുടെ സ്ഥാനാര്‍ഥിത്വവും വിജയവും മലയാള മാധ്യമങ്ങള്‍ പല രീതിയിലാണ് കൈകാര്യം ചെയ്തത്. മോദിയുടെയും ഹിന്ദുത്വയുടെയും കടുത്ത വിമര്‍ശകനായതുകൊണ്ടുതന്നെ ഇന്ത്യന്‍ വംശജര്‍ മറ്റുരാജ്യങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുമ്പോഴുള്ള ആവേശമൊന്നും പലരും മംദാനിയുടെ കാര്യത്തില്‍ കാണിച്ചില്ല. മാംദാനിയെ ഭീകര സംഘടനകളുമായി ബന്ധമുള്ളയാളായി ചിത്രീകരിക്കാനും ശ്രമം നടന്നു. (അമേരിക്കയിലെ ഇസ്‌ലാമിക രാഷ്ട്രീയം മറനീക്കുമ്പോള്‍-എം റിജു- നവംബര്‍ 4 മറുനാടന്‍ മലയാളി). കൊളോണിയല്‍ മുതലാളിത്തത്തിനെതിരായ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന വിജയമായാണ് ഇടതുപക്ഷ നേതാക്കള്‍ വിജയത്തെ കണ്ടത്. ഇസ്‌ലാമോഫോബിക് വംശീയ ആരോപണങ്ങള്‍ നിരന്തരമായി നേരിടേണ്ടിവരികയും അതിനെ മറികടന്ന് ജനങ്ങളുടെ പ്രശ്‌നങ്ങളുന്നയിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കുകയും ചെയ്ത മാംദാനിയുടെ വിജയം ലോകത്താകമാനം ന്യൂനപക്ഷ/ വംശീയതാ വിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതാകുന്നത്.
മുസ്‌ലിം സംഘാടനവും അദൃശ്യ കരങ്ങളും
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ!. താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് തപാലില്‍ ഒരു ഭീഷണികത്ത് ലഭിച്ചു. ഹിജാബ് വിഷയം തങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നും 90 ശതമാനം റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്‌ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണമെന്നുമാണ് കത്തില്‍ പറയുന്നത്. ഐഡിഎഫ്ഐ എന്ന പേരില്‍, കൈപ്പടയില്‍ എഴുതിയ കത്താണ് ലഭിച്ചത്. (നവംബര്‍ 1, മാതൃഭൂമി)
2017 ല്‍ സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് ലഭിച്ച മറ്റൊരു ഭീഷണി കത്തിന്റെ കാര്യം ഓര്‍ത്തെടുത്ത്‌കൊണ്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ സുദേഷ് എം. രഘു ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ. ‘എത്ര പേര്‍ക്ക് ഓര്‍മയുണ്ട്, ‘മതം മാറിയില്ലെങ്കില്‍ കൊന്നുകളയും; ജോസഫ് മാഷിന്റെ അവസ്ഥ വരും’ എന്നു പറഞ്ഞു കൊണ്ട് കെ.പി രാമനുണ്ണിക്കു വന്ന ഊമക്കത്തിനെപ്പറ്റി? ആ കത്തിന്റെ ഫോട്ടോ അന്ന് എഫ്ബിയില്‍ പ്രചരിച്ചിരുന്നു. രാമനുണ്ണി പൊതുവെ മുസ്‌ലിംകളെപ്പറ്റി നല്ല അഭിപ്രായം പറയുകയും മുസ്‌ലിം സംഘടനകള്‍, പത്രങ്ങള്‍ എന്നിവയോടു സഹകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അങ്ങനൊരു വ്യക്തിക്കു തന്നെ ‘ഇസ്‌ലാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊന്നു കളയും’ എന്നു കത്തെഴുതുന്ന ‘മുസ്‌ലിം ഭീകരവാദി’ ആരുടെ ഭാവന ആണെന്നു മനസിലാക്കാന്‍ കോമണ്‍ സെന്‍സ് മതി. മുസ്‌ലിം വിഷയങ്ങളില്‍ കോമണ്‍ സെന്‍സ് എന്നതു പൊതുസമൂഹത്തിനില്ലാത്തതു കൊണ്ട് ആ ഊമക്കത്തും ‘മുസ്‌ലിം ഭീകരവാദമായി” എണ്ണപ്പെട്ടു, മുസ്‌ലിം സംഘടനകള്‍ നിരന്നു നിന്ന് അപലപിച്ചു”. കത്തെഴുതിയ ഐഡിഎഫ്ഐ എന്ന സംഘടനയുടെ പേര് പോപ്പുലര്‍ ഫ്രണ്ടിനോട് സാമ്യമുള്ളതിനാല്‍ അവര്‍ പുതിയരൂപത്തില്‍ അവതരിച്ചതാണ് എന്നും പല സന്നദ്ധ സംഘടനകള്‍ക്ക് പിന്നിലും ഇപ്പോഴും അവര്‍ സജീവമാണ് എന്നും സംഘ്പരിവാര്‍ ആരോപിക്കുന്നു (പിഎഫ്ഐ ഭീകരത പുതു രൂപങ്ങളില്‍. നവംബര്‍ 6 ജന്മഭൂമി).
പുരസ്‌കാരങ്ങളുടെ മതവും രാഷ്ട്രീയവും
‘മുസ്‌ലിം പ്രീണനം’ എന്ന സംജ്ഞ 1980-കള്‍ മുതല്‍ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. മുസ്‌ലിംകള്‍ അനര്‍ഹമായി ഭരണത്തിന്റെ പങ്കുപറ്റുന്നു, സര്‍ക്കാരുകള്‍ മുസ്‌ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുസ്‌ലിംകളെ അധികമായി സഹായിക്കുന്നു, ന്യൂനപക്ഷ സംവരണത്തില്‍ മുസ്‌ലിം വിഭാഗങ്ങള്‍ മറ്റു വിഭാഗങ്ങളുടെ കൂടി അവസരണങ്ങള്‍ തട്ടിയെടുക്കുന്നു തുടങ്ങിയ ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങള്‍ നിരന്തരമായി മുസ്‌ലിംകള്‍ക്കെതിരെ വസ്തുതകളൊന്നുമില്ലാതെ ആരോപിക്കപ്പെടുന്നു (ക്രൈസ്തവ പഠന റിപ്പോര്‍ട്ട് ചിതലരിക്കുമ്പോള്‍. ഷെവലിയാര്‍ വി.സി സെബാസ്റ്റ്യന്‍, നവംബര്‍ 5. ജന്മഭൂമി)
കേരളത്തില്‍ മുസ്‌ലിംകള്‍ക്കും കൃസ്ത്യാനികള്‍ക്കും മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ഇത് രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണെന്നും കേന്ദ്ര ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് അഹിര്‍ പ്രസ്താവനയിറക്കി. (നവംബര്‍ 1, മാതൃഭൂമി)
ഷംല ഫാത്തിമക്ക് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് രണ്ടുതരത്തിലുള്ള ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളാണ് വികസിച്ചത്. മുസ്‌ലിംകള്‍ക്ക് സിനിമ ഹറാമാക്കിയ പണ്ഡിതരുടെ ഫത്വ കളില്‍നിന്നും ‘മോചിതരായ’ ‘പുരോഗമന’ മുസ്‌ലിം എന്ന ആഖ്യാനമാണ് ഒന്നാമത്തേത്. (നവംബര്‍ 4 സമകാലിക മലയാളം )
രണ്ടാമതായി സംഘപരിവാര്‍ വിദ്വേഷങ്ങളാണ്. ‘മേത്ത അവാര്‍ഡുകള്‍ക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് സിനിമാ സംവിധായകനായിരുന്ന രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. (നവംബര്‍ 4). ഒരുപടികൂടി കടന്ന് അവാര്‍ഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ”ബിസ്മയം… ബിസ്മയം…മികച്ച നടി ഷംല ഹംസ…മികച്ച നടന്‍ മമ്മൂട്ടി… പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍… മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ്…ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ”- ഇതാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥും സമാനമായ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. (നവംബര്‍ 4 മീഡിയവണ്‍)
വൈറ്റ് കോളര്‍ ഭീകരതാ അരോപണങ്ങള്‍
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണ സംഘം ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു സംഘത്തെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്‌ഫോടനവും അതിനു മുന്‍പും ശേഷവും നടന്ന അറസ്റ്റുകളും ദേശീയ മാധ്യമങ്ങളും ചില മലയാള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത രീതി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. റിപ്പോര്‍ട്ടര്‍ ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറിന്റെ വൈറ്റ് കോളര്‍ ടെററിസം പ്രസ്താവനയും അതിനെ തുടര്‍ന്ന് മറ്റുമാധ്യമങ്ങളില്‍ ഇതേ രൂപത്തിലുള്ള പദാവലികളും പ്രത്യക്ഷപെട്ടു.
അരുണ്‍കുമാര്‍ പറയുന്നത് ഇങ്ങനെ: ”വൈറ്റ് കോളര്‍ ടെററിസ്റ്റ് എന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. സ്ലീപ്പര്‍ സെല്ലുകള്‍ എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. ഒരു വിഭാഗം, അതായത് ആക്ടീവായി മറ്റേതെങ്കിലും തൊഴിലെടുത്ത് ജീവിക്കുന്ന ഇവര്‍ പ്രൊഫഷണല്‍ മേഖലകളില്‍ അതായത് വൈദ്യ മേഖലകളില്‍ ഡോക്ടര്‍മാരായി, സര്‍വ്വകലാശാലകളില്‍ അധ്യാപകരും ഗവേഷകരുമായി ചില മാധ്യമ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരായി ചില പരസ്യ ഏജന്‍സി കമ്പനികളില്‍ ഫോട്ടോഗ്രാഫര്‍മാരായി, ടൂറിസം ഓപ്പറേറ്റര്‍മാരായി ഒക്കെ വിവിധ മേഖലകളില്‍ പ്രൊഫഷനുകള്‍ ആയിട്ടുള്ള ആളുകള്‍ ചിലര്‍ അഭിഭാഷകരായി ഒക്കെ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ ചില സ്ലീപ്പര്‍ സെല്ലുകള്‍ പല രൂപത്തില്‍ പലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്”. (റിപ്പോര്‍ട്ടര്‍ ചാനല്‍, നവംബര്‍ 11)
അരുണ്‍ കുമാറിന്റെ വൈറ്റ് കോളര്‍ ടെററിസം പ്രസ്താവന മുസ്‌ലിംകള്‍ക്കെതിരായ സാമൂഹ്യ നിരീക്ഷണത്തിനും ബഹിഷ്‌കരണത്തിനുമുള്ള ആഹ്വാനമാണെന്ന് ഗവേഷകനും എഴുത്തുകാരനുമായ വാഹിദ് ചുള്ളിപ്പാറ നിരീക്ഷിക്കുന്നു. നിരീക്ഷണം ശരിവെക്കുന്ന രീതിയിലാണ് പിന്നീടുള്ള സാമൂഹ്യ മാധ്യമ എഴുത്തുകളും നവ യുക്തിവാദികളുടെയും സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെയും പ്രതികരണങ്ങളും കണ്ടത്. പ്രാസംഗികനും മുജാഹിദ് വിദ്യാര്‍ത്ഥി വിഭാഗം നേതാവുമായ ബാസില്‍ അബ്ദുല്ലയെ വൈറ്റ് കോളര്‍ തീവ്രവാദിയായി മുദ്രകുത്തിയ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിറഞ്ഞു. കേരളത്തിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപങ്ങളെയും മുസ്‌ലിം പ്രൊഫെഷനലുകളെയും തീവ്രവാദ നിഴലില്‍ നിര്‍ത്തുന്ന ലേഖനങ്ങള്‍ പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടു. (മലയാള മനോരമ, ജോ ജേക്കബ്. നവംബര്‍ 11, മെട്രോ വാര്‍ത്ത, നവംബര്‍ 14).
കാസര്‍കോട്ടെ പച്ച പെയിന്റും പാലത്തായിയിലെ വിധിയും
മുസ്‌ലിം ലീഗ് ഭരിക്കുന്ന കാസര്‍കോട് മുന്‍സിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിന്റെ ചുറ്റുമതിലിന് പച്ച പെയിന്റടിച്ചതിനേക്കുറിച്ചുള്ള ‘പച്ച പെയിന്റടിക്കാന്‍ ഇതെന്താ പാക്കിസ്താന്‍ ആണോ’ എന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.എ. മുഹമ്മദ് ഹനീഫയുടെ പരാമര്‍ശം തദ്ദേശ തെരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള സിപിഐഎമ്മിന്റെ ഇസ്‌ലാമോഫോബിക് പ്രസ്താവനകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ലീഗിന്റെ അപ്രമാദിത്വവും നാട്ടില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് പച്ച പെയിന്റ്ടിച്ചതിനു പിന്നിലെന്നായിരുന്നു മുഹമ്മദ് ഹനീഫയുടെ ആരോപണം .(നവംബര്‍ 10, മീഡിയവണ്‍)
കണ്ണൂര്‍ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച ആര്‍എസ്എസ് നേതാവും അധ്യാപകനുമായ പദ്മരാജന്‍ കുറ്റക്കാരനാണ് എന്ന് വിചാരണ കോടതി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. വിധിന്യായത്തില്‍ അതിജീവിതയെ കൗണ്‍സില്‍ ചെയ്ത കൗണ്‍സില്‍മാര്‍ക്കെതിരെയും അന്നത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കെതിരെയും പരാമര്‍ശമുള്ളതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചത് സിപിഐഎം നേതൃത്വത്തെ ചൊടിപ്പിച്ചു. പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രന്‍ മുസ്‌ലിം സംഘടനകള്‍ പെണ്‍കുട്ടിക്ക് വേണ്ടി നിലകൊണ്ടത് വര്‍ഗീയതയാണ് എന്ന വിചിത്രവും വംശീയവുമായ പരാമര്‍ശം നടത്തിയത്. അദ്ദേഹം പരാമര്‍ശങ്ങള്‍ ഇങ്ങനെ:
”ഈ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോടുള്ള സഹതാപമായിരുന്നുവെങ്കില്‍ പിന്തുണയായിരുന്നുവെങ്കില്‍ ഈ കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച എത്ര ആണ്‍കുട്ടികളുടെ പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഏത് ഉസ്താദ് പീഡിപ്പിച്ച കേസാണ് ഇവിടെ ഇത്രയും വിവാദം ആയിട്ടുള്ളത്. ആ കേസിന് എന്ത് സംഭവിച്ചു എന്നുള്ളത് ഈ നാടകങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ചര്‍ച്ച ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടു എന്നുള്ളതല്ല പീഡിപ്പിച്ചത് ഹിന്ദുവാണ് പീഡിപ്പിക്കപ്പെട്ടിട്ടുള്ളത് മുസ്‌ലിം പെണ്‍കുട്ടിയാണ് ആ ഒരൊറ്റ ചിന്ത മാത്രമാണ്… എസ്ഡിപിഐ കാരന്റെ ചിന്ത അത് കുടുസ്സായ ചിന്തയാണ്.. ലീഗിന്റെ ചിന്തയാണ്…അത് വര്‍ഗീയതയാണ്. അല്ലാതെ ഈ കേരളത്തില്‍ എത്ര ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചു.. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പീഡിപ്പിച്ചില്ലേ… ആ കേസിന് എന്ത് സംഭവിച്ചു എന്ന് ഇവര്‍ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ… അതിന്റെ പേരില്‍ എന്തെങ്കിലും ആക്ഷന്‍ കമ്മിറ്റികള്‍ ഉണ്ടോ.. പ്രശ്‌നങ്ങള്‍ ഉണ്ടോ… മുദ്രാവാക്യം ഉണ്ടോ.. ഇല്ലല്ലോ…. നിങ്ങളുടേത് വര്‍ഗീയതയാണ് എന്നാല്‍ ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെയല്ല പ്രശ്‌നങ്ങളെ സമീപിക്കുന്നത്. മുസ്‌ലിമാണോ പീഡിപ്പിക്കപ്പെട്ടത് ഹിന്ദുവാണോ പീഡിപ്പിക്കപ്പെട്ടത് എന്നുള്ളതല്ല. പീഡിപ്പിക്കപ്പെട്ട കുട്ടികളോട് എല്ലാക്കാലത്തും യോജിച്ച നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. പാലത്തായിലെ പെണ്‍കുട്ടികളോടൊപ്പം അന്നുമുണ്ട് ഇന്നുമുണ്ട് എന്നുമുണ്ട്. (മീഡിയവണ്‍ ടിവി, നവംബര്‍ 23)
കേസിന്റെ ഗതി പലരൂപത്തില്‍ മാറ്റിമറിക്കപ്പെട്ടിട്ടും മൂന്ന് തവണ അന്വേഷണ സംഘത്തെ മാറ്റേണ്ടിവന്നിട്ടും നാട്ടുകാരുടെയും സംഘടനകളുടെയും നിരന്തരമായ ഇടപെടലാണ് നീതിപൂര്‍വമായ വിധിയിലേക്ക് കേസിനെ എത്തിച്ചത് എന്ന് ഈ കേസിനെ തുടക്കം മുതല്‍ പിന്തുടര്‍ന്ന ആര്‍ക്കും മനസ്സിലാകും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥ, പ്രതിക്ക് അനുകൂലമായ സമീപനങ്ങള്‍ തുടങ്ങിയവകൂടിയാണ് സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കേസില്‍ ഇടപെടാന്‍ ഇടയാക്കിയത്. ഹരീന്ദ്രന്റെ പ്രസ്താവനയെ രാഷ്ട്രീയ വിമര്‍ശനമായി കാണണമെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പത്രസമ്മേളനം നടത്തി പ്രസ്താവിച്ചെങ്കിലും, ഉസ്താദുമാരുടെ മദ്രസ്സാ പീഡനം എന്ന സംഘ്പരിവാര്‍ സൈബര്‍ ആഖ്യാനത്തെ അതേപോലെ ഏറ്റുപിടിച്ചു ഹരീന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചു രാഗേഷും കൃത്യമായ മറുപടി പറഞ്ഞില്ല. ആര്‍ക്ക് വേണ്ടി സംസാരിക്കണം, എവിടെ ആക്ഷന്‍ കമ്മറ്റി ഉണ്ടാക്കണം എന്നത് മുസ്‌ലിം സംഘടനകളുടെ സ്വയം നിര്‍ണയാധികാരത്തിന്റെ പരിധിയിലുള്ളതാണ്. മുസ്ലിം സംഘാടനത്തെയും അതിന്റെ സ്വയം നിര്‍ണയാധികാരത്തെയും ചോദ്യംചെയ്യുകയും വര്‍ഗീയത ആരോപിക്കുകയും ചെയ്യല്‍ തികഞ്ഞ ഇസ്‌ലാമോഫോബിക് വംശീയതയല്ലാതെ മറ്റെന്താണ് ?
ഇസ്‌ലാമിന്റെ ട്രോജന്‍ കുതിര
ഇസ്‌ലാമോഫോബിയ എന്നത് മുസ്‌ലിംകള്‍ക്കെതിരായ വംശീയത മാത്രമല്ല, മുസ്‌ലിംകളെന്ന് തോന്നിപ്പിക്കുന്നവരോടും മുസ്‌ലിംകളുമായി ബന്ധപ്പെടുത്താവുന്നതിന്നെയും ഭീകരവത്കരിക്കുകയും അപരവത്കരിക്കുകയും ചെയ്യുക എന്നതുകൂടിയാണ്. അതുകൊണ്ടാണ് കൃസ്തീയ പ്രഭാഷകനായ മാരിയോ ജോസഫ് -ജിജി ദമ്പതികളുടെ സ്വത്തു തര്‍ക്കത്തില്‍ മാരിയോയുടെ പൂര്‍വകാല മുസ്‌ലിം സ്വത്വത്തെ പ്രശ്‌നവത്കരിച്ചു ഭീകര മുസ്‌ലിമിനെ സൃഷ്ടിക്കാനുള്ള ശ്രമം ഇടതുപക്ഷ സഹയാത്രികനായ റെജി ലൂക്കോസ് പോലുള്ളവര്‍വരെ നടത്തുന്നത്. കാസ പോലുള്ള തീവ്ര സംഘടകളാവട്ടെ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ട്രോജന്‍ കുതിരയായാണ് മാരിയോ ജോസഫിനെ കാണുന്നത്. സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും കാസ ആവശ്യപ്പെടുന്നു. (മാധ്യമം ഓണ്‍ലൈന്‍, നവംബര്‍ 15)
വെള്ളാപ്പള്ളിയുടെ വിദ്വേഷ മാതൃകകള്‍: ചില മതേതര ന്യായങ്ങള്‍
കഴിഞ്ഞ കുറച്ചു മാസങ്ങളായി എസ്എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പളി നടേശന്‍, നിരന്തരമായ ഇസ്‌ലാമോഫോബിക് പ്രസ്താവനകളുമായി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കളം നിറഞ്ഞിട്ട്. മുസ്‌ലിം ലീഗിന്റെ അധികാരത്തെ ഭയപ്പെടുത്തുന്ന, അധികാരം പിടിച്ചെടുക്കുകയും അതുവഴി ഇസ്‌ലാമിനെ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മുസ്‌ലിമിനെ സൃഷ്ടിക്കുകയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ ഉദ്ദേശം. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കവെ അദ്ദേഹം നടത്തിയ പ്രസ്താവന ഇങ്ങനെ: ”മുസ്‌ലിം ലീഗ് ഭരണത്തില്‍ വന്നാല്‍ നമ്മളെല്ലാം ആത്മഹത്യ ചെയ്യേണ്ടി വരും. പേരില്‍ തന്നെയുണ്ട് അതൊരു മുസ്‌ലിം കൂട്ടായ്മയാണെന്ന്. എന്നാല്‍, അവരവകാശപ്പെടുന്നത് മതേതര പാര്‍ട്ടിയാണെന്നാണ്. അവര്‍ക്ക് മുസ്‌ലിം അല്ലാത്ത ഒരു എംഎല്‍എയുണ്ടോ? പേഴ്‌സണല്‍ സ്റ്റാഫില്‍ ഒരു അംഗമുണ്ടോ? ഭരണമില്ലാഞ്ഞിട്ടു പോലും അവര്‍ പറയുന്നത് കണ്ടില്ലേ. ഒമ്പതര കൊല്ലം നഷ്ടപ്പെട്ടത് അടുത്ത ഭരണത്തില്‍ പിടിച്ചെടുക്കണമെന്നാണ് പറയുന്നത്. വര്‍ഗീയ പാര്‍ട്ടിയാണത്. മതരാഷ്ട്രം നടപ്പിലാക്കലാണ് അവരുടെ താല്‍പ്പര്യം. നല്ല വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനേഡാണ് മുസ്‌ലിം ലീഗ്’ (നവംബര്‍2, സമയം മലയാളം),
പ്രസ്താവനയോടുള്ള മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി പ്രതികരിച്ചത്, സാമൂഹികാന്തരീക്ഷം മലീമസമാക്കുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടേത് എന്നാണ്. അതിനു മറുപടി നല്‍കിയാല്‍ സാമൂഹികാന്തരീക്ഷം വഷളാകുമെന്നും അദ്ദേഹം പറഞ്ഞു. (നവംബര്‍ 2, സമയം മലയാളം )
എന്നാല്‍, വെള്ളാപ്പള്ളി തികഞ്ഞ മതേതരവാദിയാണ് എന്നാണ് സിപിഐഎം നേതാക്കള്‍ അവകാശപ്പെട്ടത്. വെള്ളാപ്പള്ളി ഒരു ഹിന്ദു വര്‍ഗീയവാദിയാണെന്ന നിലപാട് മാധ്യമങ്ങള്‍ക്കുണ്ടെങ്കിലും താന്‍ അത് അംഗീകരിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ ഒരു വര്‍ഗീയവാദിയാണെന്ന് ആരും പറഞ്ഞു കേട്ടിട്ടുമില്ല അദ്ദേഹം അങ്ങനെയാണെന്ന് അഭിപ്രായവും ഇല്ല. എസ്എന്‍ഡിപി എന്നത് കേരളത്തിന്റെ പൊതു സ്വത്താണ്. അതിനെ അങ്ങനെയാണ് കാണുന്നത്. കാരണം കേരളത്തില്‍ വ്യത്യസ്തങ്ങളായ സംഘടനകള്‍ രൂപീകരിച്ച സമയത്ത് നവോത്ഥാന മൂല്യങ്ങളെ വിവിധ സമുദായങ്ങള്‍ക്കകത്ത് സാമൂഹ്യ മാറ്റത്തിന് പ്രേരണ നല്‍കിയ സംഘടനയാണത്. അതുകൊണ്ട് എസ്എന്‍ഡിപിയെ സാമൂഹ്യമായിതന്നെയാണ് വിലയിരുത്തുക. അതുകൊണ്ട് വെള്ളാപ്പള്ളി ഒരു ഹിന്ദു വര്‍ഗീയവാദിയാണെന്ന ആരോപണം അംഗീകരിക്കില്ല. (നവംബര്‍ 22, മീഡിയവണ്‍) ഒരുപടി കൂടി കടന്ന്, ‘മതനിരപേക്ഷവാദികളെ വര്‍ഗീയവാദികളായി ചിത്രീകരിക്കരുതെന്നാണ്’ വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ കുറിച്ചുള്ള ചോദ്യത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. (എം.വി ഗോവിന്ദന്റെ 24 ന്യൂസുമായുള്ള അഭിമുഖം നവംബര്‍ 19).
