August 9 Sunday 2026

ഈമാനുള്ള കമ്യൂണിസ്റ്റ്, തീവ്രവാദിയുടെ ചോദ്യം, വിവേചനത്തിന്റെ കണക്കുകള്‍: ജനുവരി മാസത്തെ ഇസ്ലാമോഫോബിയ സംഭവങ്ങള്‍

2026 വര്‍ഷം കേരളത്തെ സംബന്ധിച്ചു പ്രത്യേകതയുള്ളതാണ്. പ്രധാനമായും നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, രാഷ്ട്രീയ മണ്ഡലം സജീവമാണ്. വിവാദങ്ങള്‍ക്കും കുറവില്ല. ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയയുടെ തോത് തെരഞ്ഞെടുപ്പ് കാലത്തു വളരെയധികം വര്‍ധിക്കാറുണ്ടെന്നത് മുന്‍കാല പഠനങ്ങള്‍ പറയുന്നു. ഇന്ത്യ ഹേറ്റ് ലാബ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ 1,318 വിദ്വേഷ പ്രസംഗങ്ങളും സംഭവങ്ങളും ശേഖരിച്ചു നടത്തിയ പഠനത്തില്‍ 98 ശതമാനം വിദ്വേഷങ്ങളുടെയും ഇര മുസ്‌ലിംകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. 12 ശതമാനം ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷങ്ങളുമാണ്. മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ 2024 നെ അപേക്ഷിച്ചു 12 ശതമാനം വര്‍ധിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള വിദ്വേഷം 41 ശതമാനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

2025 ലെ റിപ്പോര്‍ട്ടില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വസ്തുതയുണ്ട്. 2024 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 ല്‍ വിദ്വേഷപ്രസംഗങ്ങളും സംഭവങ്ങളും നിരന്തരമായതും താഴെത്തട്ടിലേക്ക് വ്യാപിച്ചതാണ്. ബിജെപിക്ക് കേന്ദ്രത്തില്‍ സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് താഴെത്തട്ടില്‍ വിദ്വേഷ പ്രചാരണം നടക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ തെരെഞ്ഞെടുപ്പ് വേളകളില്‍ കൂടിവരുന്ന വിദ്വേഷ പ്രചാരണ രീതികളില്‍ നിന്നും വ്യത്യസ്തമായി ദൈനംദിന വിദ്വേഷത്തെ റിപ്പോര്‍ട്ട് തുറന്നു കാട്ടുന്നു. (ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട് 2025 പേജ്-22-23). റിപ്പോര്‍ട്ടിന്റെ പ്രധാന പരിമിതി, ഡാറ്റ ശുഷ്‌കമാണ് എന്നതാണ്. കേരളത്തിലെ ഇസ്‌ലാമോഫോബിയ സംഭവങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇസ്‌ലാമോഫോബിയ റിസര്‍ച്ച് കളക്ടീവ് പ്രസിദ്ധീകരിച്ചു വരുന്ന ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ടുകള്‍ മാത്രം പരിശോധിച്ചാല്‍ കേരളത്തിലെ വിദ്വേഷ പ്രചാരണങ്ങളുടെ വ്യാപ്തി മനസ്സിലാകും. തെരെഞ്ഞെടുപ്പിനോടടുക്കുംതോറും കേരളത്തില്‍ മുസ്‌ലിം വിദ്വേഷ പ്രസ്താവനകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജനുവരിയില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.
ഇസ്‌ലാമോഫോബിയ ആരോപണത്തിനുള്ള മറുപടിയായി മുസ്‌ലിം ചിഹ്നങ്ങളെ എടുത്തുപയോഗിക്കുന്നതും മുസ്‌ലിംകളോട് തങ്ങള്‍ക്ക് കാലങ്ങളായി സമ്പര്‍ക്കമുണ്ട് എന്നത്‌കൊണ്ട് തങ്ങള്‍ മുസ്‌ലിം വിരുദ്ധരല്ല എന്ന് വാദിക്കുന്നതും വിദ്വേഷപ്രചാരകരുടെ ഒരു പരിചയാണ്. ജയിലില്‍ പോവേണ്ടി വന്നാല്‍ ഞാന്‍ ഖുര്‍ആന്‍ വായിച്ചു തീര്‍ക്കുമെന്ന് എ.കെ ബാലനും തന്റെ വക്കീലും ഓഡിറ്ററും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്ന് വെള്ളാപ്പള്ളിയും പറയുന്നത് തങ്ങളുടെ ഇസ്‌ലാമോഫോബിക് വിദ്വേഷ പരാമര്‍ശങ്ങളെ കേവല വിമര്‍ശനങ്ങള്‍ മാത്രമാണ് എന്ന് സ്ഥാപിക്കാനുള്ള ഉദ്യമമാണ്.

‘ഈമാനുള്ള കമ്യൂണിസ്റ്റ്’
തദ്ദേശ തെരെഞ്ഞെടുപ്പിനു മുന്‍പേയുള്ള ആരോപണമാണ് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം ഭരിക്കുന്നത് ജമാത്തെ ഇസ്‌ലാമിയായിരിക്കും എന്നത്. നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഇത്തരം യുക്തിസഹമല്ലാത്ത ആരോപണങ്ങള്‍ ബിജെപി നേതാക്കളും ഇടത് നേതാക്കളില്‍ ചിലരും ഉന്നയിക്കാറുണ്ട്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായ എ.കെ ബാലനാണ് ഇത്തവണ ഈ ആരോപണമുന്നയിച്ചത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്യുമെന്നും കേരളത്തില്‍ വീണ്ടും മാറാട് കലാപങ്ങള്‍ ആവര്‍ത്തിക്കുമെന്നുമുള്ള ബാലന്റെ വിവാദ പ്രസ്താവന വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. (6 ജനുവരി, റിപ്പോര്‍ട്ടര്‍) ബാലന്‍ കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്രസ്താവനയെ ന്യായീകരിച്ചു. യു.ഡി.എഫ് ഭരണകാലത്ത് മാറാട് കലാപബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ പോയ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി, ആര്‍.എസ്.എസിന്റെ നിബന്ധനകള്‍ക്ക് വഴങ്ങി പി.കെ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയാണ് അങ്ങോട്ട് പോയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഈ ന്യായീകരണം പരാജയപ്പെട്ട ഒരു ക്യാപ്റ്റന്റെ വിലാപകാവ്യമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ മറുപടി. (ബാലനെ ന്യായീകരിച്ച് മുഖ്യമന്ത്രി, അതൊരു വിലാപകാവ്യം: മറുപടിയുമായി കെ.സി വേണുഗോപാല്‍, ജനുവരി 9, ദീപിക ).

അതേസമയം, ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് ഉദാഹരണമായി യാതൊരു സത്യസന്ധതയുമില്ലാതെ ജമാഅത്തെ ഇസ്ലാമിയെ ചൂണ്ടിക്കാണിക്കുന്ന സി.പി.എമ്മിന്റെ സമീപനം വലിയ ഉത്തരവാദിത്തമില്ലായ്മയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ വിമര്‍ശിച്ചു. വര്‍ഷങ്ങളോളം സഹകരിച്ചിട്ടും ആ സംഘടനയെ മനസ്സിലാക്കാന്‍ സി.പി.എം ശ്രമിച്ചിട്ടില്ലെന്നും, ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ ഒരു വര്‍ഗീയ പ്രസ്താവന പോലും ചൂണ്ടിക്കാണിക്കാന്‍ ഇടത് നേതാക്കള്‍ക്ക് കഴിയില്ലെന്നും മാറാട് കലാപത്തില്‍ അവര്‍ക്ക് പങ്കുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വസ്തുതാവിരുദ്ധ ആരോപണമുന്നയിച്ച ബാലനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഘടന വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍, മാറാട് പരാമര്‍ശത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ട ഒരു കോടി രൂപയോ മാപ്പോ നല്‍കില്ലെന്ന് വ്യക്തമാക്കിയ എ.കെ ബാലന്‍, തനിക്കെതിരെയുള്ള വക്കീല്‍ നോട്ടീസ് ഗൂഢലക്ഷ്യത്തോടെയാണെന്നും താനൊരു ന്യൂനപക്ഷ വിരുദ്ധനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും തിരിച്ചടിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് പരിഭാഷപ്പെടുത്തിയ ഖുര്‍ആനുമായി മാധ്യമങ്ങളെ കണ്ട അദ്ദേഹം, താനൊരു ‘ഈമാനുള്ള’ കമ്യൂണിസ്റ്റാണെന്നും ജയിലില്‍ പോയാലും ഖുര്‍ആന്‍ വായിച്ചു തീര്‍ക്കുമെന്നും പ്രഖ്യാപിച്ചു. (ഒരു കോടിയുമില്ല, മാപ്പുമില്ല, ജമാഅത്തെ ഇസ്‌ലാമിക്ക് എ.കെ ബാലന്റെ മറുപടി – സിറാജ് – ജനുവരി 11) ഈ വിവാദങ്ങള്‍ക്കിടയിലും എ.കെ ബാലനെ പിന്തുണച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി. വര്‍ഗീയതയെ തുറന്നുകാണിക്കുമ്പോള്‍ മാധ്യമങ്ങളടക്കം അതിനെ മതവിമര്‍ശനമായി വളച്ചൊടിക്കുകയാണെന്നും, മതരാഷ്ട്ര വാദം ഉയര്‍ത്തുന്ന ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടവരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. (എ.കെ ബാലനെ തള്ളാതെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സി.പി.എം – മാധ്യമം – ജനുവരി 11)

എ.കെ ബാലന്റെ വിവാദ പ്രസ്താവനയെയും സജി ചെറിയാന്റെ നിലപാടുകളെയും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി രംഗത്തെത്തി. ജനുവരി 25-ന് ‘മാധ്യമം ഓണ്‍ലൈന്‍’ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. എ.കെ ബാലന്റെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് തുറന്നടിച്ച അദ്ദേഹം, മുമ്പ് മുസ്‌ലിം ലീഗിനെ പുകഴ്ത്തിക്കൊണ്ട് ബാലന്‍ നടത്തിയ പ്രതികരണങ്ങളും അസംബന്ധമാണെന്ന് കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസിനെയും ജമാഅത്തെ ഇസ്ലാമിയെയും സി.പി.എം ഒരുപോലെയല്ല കാണുന്നതെന്നും ഇവ രണ്ടും സമാനമല്ലെന്നും അദ്ദേഹം കൃത്യമായി വ്യക്തമാക്കി. (ബാലനെയും സജി ചെറിയാനെയും തള്ളി പാലോളി മുഹമ്മദ് കുട്ടി; ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല, മാധ്യമം ഓണ്‍ലൈന്‍, ജനുവരി 25).

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒരു കാലത്ത് സി.പി.എമ്മിനും ജമാഅത്തെ ഇസ്ലാമിക്കും ഒരേ നിലപാടായിരുന്നതിനാലാണ് ഇരു വിഭാഗവും അന്ന് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിച്ചതെന്ന് പാലോളി മുഹമ്മദ് കുട്ടി വിശദീകരിച്ചു. ജമാഅത്തെ ഇസ്‌ലാമി മുന്‍കാലങ്ങളില്‍ സി.പി.എമ്മിനെ പിന്തുണച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം പരസ്യമായി സമ്മതിച്ചു. സി.പി.എമ്മിലെ ചില നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നില്‍ക്കുന്ന സാഹചര്യത്തിലാണ്, പാര്‍ട്ടിയുടെ മുന്‍കാല ബന്ധങ്ങളും രാഷ്ട്രീയ നിലപാടുകളും ഓര്‍മിപ്പിച്ചുകൊണ്ട് മുതിര്‍ന്ന നേതാവായ പാലോളി മുഹമ്മദ് കുട്ടി തന്നെ നേരിട്ട് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

എ.കെ ബാലന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നാട്ടില്‍ വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്തരം പ്രസ്താവനകളിലൂടെ എ.കെ ബാലന്‍ നടത്തുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ജനുവരി ഏഴിന് ‘മീഡിയവണ്‍’ പുറത്തുവിട്ട വാര്‍ത്തയിലാണ് അദ്ദേഹം സി.പി.എം നേതാവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എ.കെ ബാലന്റെ ഭാഷയ്ക്ക് കൃത്യമായി ബി.ജെ.പിയുടെ സ്വരമാണെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രധാന ആരോപണം. ബി.ജെ.പി എന്താണോ പറയുന്നത്, അതേ സ്വരത്തിലും അതേ ഭാഷയിലുമാണ് ഇപ്പോള്‍ എ.കെ ബാലനും സംസാരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ന്യൂനപക്ഷങ്ങള്‍ക്കും യു.ഡി.എഫിനുമെതിരെ ബി.ജെ.പി ഉപയോഗിക്കുന്ന അതേ വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങളാണ് ഈ വിഷയത്തില്‍ സി.പി.എമ്മും പയറ്റുന്നതെന്നാണ് ചെന്നിത്തല വ്യക്തമാക്കുന്നത്. (‘ബാലന്റെ ഭാഷയ്ക്ക് ബിജെപിയുടെ സ്വരമാണ്’; എ.കെ.ബാലന്റെ ജമാഅത്ത് പരാമര്‍ശം വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല, ജനുവരി 7, മീഡിയവണ്‍)

എ.കെ ബാലന്റെ വിവാദ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ കോളിളക്കങ്ങള്‍ക്കിടെ, ബാലനെ ന്യായീകരിച്ചുകൊണ്ട് കെ.ടി ജലീല്‍ എം.എല്‍.എ രംഗത്തെത്തി. ‘ലീഗിന്റെ പാന്‍ മുസ്ലിമിസം വിലപ്പോവില്ല’ എന്ന തലക്കെട്ടില്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുസ്‌ലിം ലീഗിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ആര്‍.എസ്.എസ് ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഹിന്ദുക്കള്‍ ആ വകുപ്പ് കൈകാര്യം ചെയ്യരുത് എന്നാണോ എന്ന് ചോദിക്കുന്ന ജലീല്‍, ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിം സമുദായത്തെയും ഒന്നായി കാണുന്ന ലീഗിന്റെ നിലപാട് അപകടകരമാണെന്നാണ് ജലീലിന്റെ വാദം. കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ സുന്നി-മുജാഹിദ് പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് ജമാഅത്തെ ഇസ്ലാമി മെനഞ്ഞെടുത്ത തന്ത്രമാണ് ഈ ‘മുസ്ലിമിസം’ ചിന്തയെന്നും, അത് ലീഗ് ഏറ്റെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

എന്നാല്‍, കെ.ടി ജലീലിന്റെ ഈ വാദങ്ങളെ പൊളിച്ചടുക്കിക്കൊണ്ട് തേജോധരന്‍ പോറ്റി എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ പറയുന്നത് നോക്കുക: തെങ്ങിനും കമുകിനും ഒരേ തളപ്പ് ഇടരുതെന്ന ഓര്‍മ്മപ്പെടുത്തലോടെ ആരംഭിക്കുന്ന ഈ കുറിപ്പില്‍, എ.കെ ബാലന്റെ പ്രസ്താവന മുസ്ലിം വിരുദ്ധമാണെന്നോ ജമാഅത്ത് വിരുദ്ധമാണെന്നോ ആരും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. മറിച്ച്, ഹിന്ദുക്കളെ ഭയപ്പെടുത്തി യു.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകള്‍ കുറയ്ക്കാനുള്ള വെറുമൊരു രാഷ്ട്രീയ അടവ് മാത്രമാണിത്. ജമാഅത്തെ ഇസ്ലാമിക്ക് ഒരിക്കലും പൊലീസിനെയോ ആഭ്യന്തര വകുപ്പിനെയോ സ്വാധീനിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പോലീസില്‍ ആകെ പത്തോ പന്ത്രണ്ടോ ശതമാനം മാത്രം മുസ്ലിം പ്രാതിനിധ്യമുള്ളപ്പോള്‍, ഐ.പി.എസ് തലത്തില്‍ അത് വെറും രണ്ടു ശതമാനം മാത്രമാണ്. പൊലീസിലുള്ള ജമാഅത്ത് അനുഭാവികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും. ഈ സാഹചര്യത്തില്‍ ജമാഅത്ത് പറയുന്നത് കേള്‍ക്കാന്‍ ഒരു ആഭ്യന്തരമന്ത്രിയോ പൊലീസോ തയ്യാറാകില്ലെന്നും, അങ്ങനെ സംഭവിച്ചാല്‍ അതൊരു വലിയ രാഷ്ട്രീയ ആത്മഹത്യയായി മാറുമെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍, ആര്‍.എസ്.എസിന്റെ കാര്യം അങ്ങനെയല്ലെന്നും, ഐ.പി.എസ് അടക്കമുള്ള തലങ്ങളില്‍ അവര്‍ക്ക് ശക്തമായ സ്വാധീനമുള്ളതിനാല്‍ മന്ത്രിയുടെ പിന്തുണയില്ലാതെ തന്നെ അവര്‍ക്ക് വകുപ്പ് കൈയ്യടക്കാനും അജണ്ടകള്‍ നടപ്പാക്കാനും കഴിയുമെന്നും, അതിനാല്‍ രണ്ടിനെയും ഒന്നായി കാണരുതെന്നും കുറിപ്പില്‍ സമര്‍ത്ഥിക്കുന്നു.

ഇതിനിടെ, മലപ്പുറം ജില്ലയെക്കുറിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളെ ന്യായീകരിച്ചുകൊണ്ടും കെ.ടി ജലീല്‍ രംഗത്തുവന്നത് വലിയ ചര്‍ച്ചയായി. മലപ്പുറത്തെക്കുറിച്ച് പറഞ്ഞാല്‍ അത് എങ്ങനെയാണ് മുസ്ലിം സമുദായത്തിന് മാത്രം എതിരാകുക എന്നാണ് ജലീല്‍ ചോദിച്ചത്. മലപ്പുറത്ത് ഹിന്ദുക്കളും മുസ്ലിംകളുമടക്കം എല്ലാവരും ജീവിക്കുന്നുണ്ട്. മുസ്ലിം ലീഗില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ കാരണമാണ് ഒരു സംഘടനാ നേതാവായ വെള്ളാപ്പള്ളി അത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍, ഈ പരാമര്‍ശത്തെ മുസ്ലിംകള്‍ക്കെതിരാണെന്ന് വ്യാഖ്യാനിച്ച് ലീഗ് അപകടകരമായ രീതിയില്‍ ഉപയോഗിക്കുകയാണ് എന്നാണ് ജലീല്‍ കുറ്റപ്പെടുത്തുന്നത്.

യുഡിഎഫ് വന്നാല്‍ ഭരിക്കുക ജമാഅത്തെ ഇസ്ലാമി – രാജീവ് ചന്ദ്രശേഖരന്‍

ഇടതു നേതാക്കളുടെ അതെ വാദംതന്നെയാണ് ബിജെപി നേതൃത്വവും പങ്കുവെക്കുന്നത്. യു.ഡി.എഫിനെ ജനം തിരഞ്ഞെടുത്താല്‍ ഭരിക്കുക ജമാ-അത്തെ ഇസ്ലാമിയും വര്‍ഗീയ കക്ഷികളുമാവും. അതിന് തടയിടുകയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ ലക്ഷ്യമിടുന്നത് എന്ന് കേരള കൗമുദിയിലെ അഭിമുഖത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. (യുഡിഎഫ് വന്നാല്‍ ഭരിക്കുക ജമാഅത്തെ ഇസ്ലാമി, കേരള കൗമുദി, ജനുവരി 18). എന്നാല്‍, ഇടതുപക്ഷത്തെക്കൂടി കുറ്റപ്പെടുതുന്നതാണ് ബിജെപിയുടെ രാഷ്ട്രീയ നയം. ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന വിവാദത്തിന് തുടക്കമിട്ടത് എ.കെ. ബാലനാണ്. സിപി.എമ്മിന്റെ അതേ അഭിപ്രായമാണോ ബി.ജെ.പിക്കും? എന്ന ചോദ്യത്തിന്, ‘സി.പി.എമ്മിന്റെ അഭിപ്രായമല്ല ബി.ജെ.പിയുടേത്. ബി.ജെ.പി എക്കാലവും ഇത്തരം വര്‍ഗീയ സംഘടനകളോട് പൊരുതി വളര്‍ന്ന പാര്‍ട്ടിയാണ്. പിന്നെ സി.പി.എമ്മിന്റെ കാര്യം. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയെ ഏറ്റവും നന്നായി അറിയാവുന്ന പാര്‍ട്ടി സി.പി.എമ്മാണ്. അവരാണല്ലോ അവരെ കൊണ്ടുനടന്നത്. കിട്ടേണ്ടത് കിട്ടിയപ്പോള്‍ മാറി. ഇപ്പോള്‍ തള്ളിപ്പറയുന്നതിന്റെ രാഷ്ട്രീയം വേറെയാണ്. പക്ഷെ, സി.പി.എം ജമാത്തത്തെ ചട്ടക്കൂടില്‍ നിന്ന് രക്ഷപ്പെട്ടു. അത് കോണ്‍ഗ്രസിനാവില്ല. ഇത്തരം വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് അധികാരമേറ്റെടുത്താല്‍ അവരുടെ ചൊല്‍പ്പടിക്ക് കോണ്‍ഗ്രസും യു.ഡി.എഫും നില്‍ക്കേണ്ടിവരും. അത് കേരളത്തിന് ആപത്താണ്. അതിനെ ചെറുക്കുകയാണ് എന്‍.ഡി.എ ലക്ഷ്യമിടുന്നത്.’ എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

‘തീവ്രവാദിയുടെ’ ചോദ്യം!. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകളും പ്രതികരണങ്ങളും

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ പരിശോധിച്ചാല്‍ പലതരത്തിലാണ് ഇസ്ലാമോഫോബിയ കടന്നുവരുന്നത്. മുസ്ലിംകള്‍ കൂടുതല്‍ അധിവസിക്കുന്ന ജില്ല എന്ന അര്‍ത്ഥത്തില്‍ മലപ്പുറം ജില്ലക്ക് എതിരെ, സാമുദായിക രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം ലീഗിന് എതിരെ, മുസ്ലിംകള്‍ക്ക് അധികാര പങ്കാളിത്തത്തിലൂടെ അനര്‍ഹമായത് നേടിയെടുക്കുന്നു എന്ന അര്‍ത്ഥത്തില്‍ മറ്റു മത സംഘടനകള്‍ക്ക് എതിരെയും നിരന്തരമായ വംശീയ സ്വഭാവത്തിലുള്ള പ്രസ്താവനകളാണ് വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇത്തവണ ഒരു പടി കൂടി കടന്ന് തന്നോട് മറുചോദ്യം ഉന്നയിച്ച മുസ്ലിം മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്ന് ആക്ഷേപിക്കുകകൂടി ചെയ്തു വെള്ളാപ്പള്ളി. അദ്ദേഹം ഉന്നയിച്ച കാര്യങ്ങളിലോ പറഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്താവനകളിലോ വ്യക്തമായ നിലപാടെടുക്കാനോ വെള്ളാപ്പള്ളിയെ പൂര്‍ണമായും തള്ളിക്കളയാനോ സിപിഐഎമ്മോ, സര്‍ക്കാരോ തയ്യാറല്ല എന്നതും വസ്തുതയാണ്. സംഘ്പരിവാറാകട്ടെ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള പരിശ്രമത്തിലുമാണ്.

ശിവഗിരി തീര്‍ത്ഥാടനത്തിനിടെ മാധ്യമങ്ങളെ കണ്ട വെള്ളാപ്പള്ളി മലപ്പുറം, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് പറഞ്ഞു. സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ‘സ്ഥലമുണ്ട്, സര്‍ക്കാര്‍ അനുമതി കിട്ടുന്നില്ല’ എന്നായിരുന്നു മറുപടി. പത്ത് വര്‍ഷമായി പിണറായി സര്‍ക്കാറല്ലേ ഭരിക്കുന്നത് എന്ന മറുചോദ്യം റിപ്പോര്‍ട്ടര്‍ ടിവി യുടെ പ്രധിനിധി റഈസ് റഷീദ് ഉന്നയിച്ചത് വെള്ളാപ്പള്ളിയെ പ്രകോപിതനാക്കി. ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ‘താന്‍ കുറേ കാലമായി തുടങ്ങിയിട്ട്, പോടോ’ എന്ന് പറഞ്ഞ മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി മുന്നോട്ടുപോയി” (മലപ്പുറത്തെക്കുറിച്ച് ചോദ്യം, മാധ്യമങ്ങളോട് തട്ടിക്കയറി വെള്ളാപ്പള്ളി, ജനുവരി 1, മെട്രോവാര്‍ത്ത)

പിന്നീട് മറ്റൊരു പരിപാടിയില്‍ ‘റഹീസിനെ മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്നും തീവ്രവാദിയെന്ന് മാത്രമാണ് വിളിച്ചതെന്നും’ വിശദീകരിച്ച വെള്ളാപ്പള്ളി മതതീവ്രവാദിയെന്ന് വിളിക്കാതിരുന്നത് അബദ്ധമായി പോയെന്നും പറഞ്ഞു. പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയെന്നും അത് ഇനിയും പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ പച്ചയായി പിച്ചിക്കീറി തിന്നാന്‍ ചില മാധ്യമങ്ങളും മത്സരിക്കുകയാണ്. താന്‍ എന്ത് തെറ്റാണ് ചെയ്തത്? എന്‍.എസ്.എസ് ചങ്ങനാശേരിയില്‍ ചെന്ന് ഇങ്ങനെ കാണിക്കുമോ? ചങ്ങനാശേരിയില്‍ കയറ്റുമോ, അവിടെ ചെന്ന് പറയാന്‍ തന്റേടമുണ്ടോ? എന്നും വെള്ളാപ്പള്ളി ചോദിച്ചു. (വര്‍ഗീയ പരാമര്‍ശം തുടര്‍ന്ന് വെള്ളാപ്പള്ളി ചന്ദ്രിക ജനുവരി 4)

മലപ്പുറത്ത് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ അനുമതി കിട്ടിയില്ല എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. (മലപ്പുറത്ത് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ വെള്ളാപ്പള്ളിക്ക് അനുമതി കൊടുത്തില്ലേ? മുഖ്യമന്ത്രിയുടെ മറുപടി, ജനുവരി 2, മീഡിയവണ്‍)

മലപ്പുറത്ത് കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് അദ്ദേഹത്തിന്റെ സ്‌കൂളിന് അനുമതി കിട്ടിയിട്ടില്ല, അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നല്‍കിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, അങ്ങനെ ഒരു അപേക്ഷ സര്‍ക്കാരിന്റെ കയ്യിലുണ്ടോ?
പിണറായി വിജയന്റെ മറുപടി: ”എനിക്ക് അതിനെപ്പറ്റി ഇപ്പോള്‍ പറയാന്‍ കഴിയില്ല, അത് കൃത്യമായി എന്താണെന്ന് നോക്കിയല്ലേ പറയാന്‍ പറ്റൂ, എന്താണ് അപേക്ഷ എന്നൊക്കെയുള്ള കാര്യങ്ങള്‍ നോക്കിയേ പറയാന്‍ പറ്റൂ, എന്റെ കയ്യില്‍ ആ വിവരങ്ങള്‍ ഇല്ല”. ആഗോള അയ്യപ്പസംഗമത്തിനെത്തിയ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെ വീണ്ടും ന്യായീകരിക്കാനും പിണറായി വിജയന്‍ മറന്നില്ല. വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ചൂണ്ടിക്കാണിച്ചപ്പോഴാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍. പിണറായി വിജയന്‍ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാട്. എന്നാല്‍, സിപിഐ ചതിയന്‍ ചന്തുവാണെന്ന വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ മുഖ്യമന്ത്രി തള്ളി. (വെള്ളാപ്പള്ളിയെ കാറില്‍ കയറ്റുന്നത് തെറ്റല്ല: ബിനോയ് വിശ്വമല്ല പിണറായി വിജയന്‍, ജനുവരി 2, മാധ്യമം)

മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായതില്‍ വിശദീകരണവുമായി പിന്നീട് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും എംഎസ്എഫുകാരനാണെന്നും ഇയാള്‍ മുസ്‌ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. (ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദി, മുസ്‌ലി വക്താവ്’; വീണ്ടും വിദ്വേഷവുമായി വെള്ളാപ്പള്ളി നടേശന്‍, ജനുവരി 2, മീഡിയവണ്‍) എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ തീവ്രവാദിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളില്‍ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങള്‍ വളഞ്ഞു. ഞങ്ങള്‍ക്ക് മലപ്പുറത്ത് സ്‌കൂളും കോളജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞു. അണ്‍എയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അണ്‍എയ്ഡഡ് കോളജ് മുസ്‌ലിം ലീഗിനുണ്ട്’. വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം സമുദായത്തെ മൊത്തം ഈഴവര്‍ക്ക് എതിരാക്കാനും അടുത്ത ഭരണം കിട്ടിയാല്‍ ഇനിയൊരു മാറാട് കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മത കലഹമുണ്ടാക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. മാറാട് ആവര്‍ത്തിക്കാനാണ് ശ്രമം. മുസ്‌ലിം സമുദായത്തെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ നോക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ലീഗ് സാമൂഹിക നീതി നടപ്പിലാക്കിയില്ലെന്നും മലപ്പുറത്ത് മുസ്‌ലിം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുണ്ട്. ഈഴവ സമുദായത്തിന് നല്‍കിയത് ഒരു എയ്ഡഡ് കോളജാണ്. ഭരണത്തിലിരുന്നപ്പോള്‍ ലീഗ് എന്ത് ചെയ്തുവെന്ന് ആത്മപരിശോധന നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ സത്യം പറഞ്ഞതിന് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വാദിക്കുന്നു.

ഇത്രയൊക്കെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിട്ടും വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവര്‍ത്തിച്ചു. ‘ഒരു കാര്യം പറഞ്ഞാല്‍ ഉടനെ ഒരാള്‍ വര്‍ഗീയവാദിയാകുമോ?’ സിപിഎമ്മിന്റെ ബ്രാഞ്ചിലോ ലോക്കല്‍ കമ്മിറ്റിയിലോ ഉള്ളയാളല്ല വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളെ അംഗീകരിക്കും അതിന് വിരുദ്ധമായ നിലപാടുകളെ സിപിഎം അംഗീകരിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

മുസ്‌ലിം ലീഗിനെതിരെയ വര്‍ഗീയ ആരോപണം
യുഡിഎഫ് ഭരണകാലത്താണ് മാറാട് ഉള്‍പ്പെടെ കലാപങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ ഒമ്പതര വര്‍ഷം പിണറായി ഭരണത്തില്‍ ഒരു കലാപം പോലും ഉണ്ടായിട്ടില്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വീണ്ടും കേരളം കലാപ ഭൂമിയാകുമെന്ന സൂചനയാണ് ലീഗിന്റെ പരിശ്രമത്തില്‍ തെളിയുന്നത് എന്ന് വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് പറഞ്ഞു (മുസ്‌ലിം ലീഗിന്റെ ശ്രമം വര്‍ഗീയ കലാപം ഉണ്ടാക്കാന്‍: വെള്ളാപ്പള്ളി. മംഗളം, ജനുവരി 3.)
‘യുഡിഎഫ് ഭരണകാലത്താണ് മാറാട് ഉള്‍പ്പെടെ കലാപങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ ഒമ്പതര വര്‍ഷം പിണറായി ഭരണത്തില്‍ ഒരു കലാപം പോലും ഉണ്ടായിട്ടില്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വീണ്ടും കേരളം കലാപ ഭൂമിയാകുമെന്ന് സൂചനയാണ് ലീഗിന്റെ പരിശ്രമത്തില്‍ തെളിയുന്നത്. ശ്രീനാരായണ ദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്ന യോഗം എന്തുവിലകൊടുത്തും ഈ നീക്കത്തെ പ്രതിരോധിക്കും. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മുമ്പ് യോഗത്തെ ഒപ്പം കൂട്ടി സംവരണ സമുദായം മുന്നണി രൂപീകരിച്ചവര്‍ ഭരണത്തില്‍ എത്തിയപ്പോള്‍ ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ പൂര്‍ണമായി അവഗണിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ലീഗ് കയ്യടക്കി. മലപ്പുറത്ത് മാത്രം 48 വിദ്യാഭ്യാസം സ്ഥാപനങ്ങളാണ് ലീഗ് സ്വന്തമാക്കിയത്. ഈഴവ സമുദായത്തിന് ഒന്നു മാത്രമാണ് ലഭിച്ചത്. ഈ സാമൂഹിക നീതി നിഷേധം തുറന്നു പറഞ്ഞപ്പോഴാണ് എന്നെ വര്‍ഗീയവാദിയാക്കുന്നത്. എത്ര വളഞ്ഞിട്ട് ആക്രമിച്ചാലും സാമൂഹിക നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തി കൊണ്ടിരിക്കുന്നു. രാഷ്ട്രീയ താല്‍പര്യത്തോടെ ചില മാധ്യമപ്രവര്‍ത്തകര്‍ തീവ്രവാദ ശൈലിയിലൂടെ ആക്ഷേപിക്കാനും ആക്രമിക്കാനുമാണ് ശ്രമിക്കുന്നത്. അതിനെ ചോദ്യം ചെയ്താല്‍ വര്‍ഗീയവാദിയായി മുദ്രകുത്തുന്നത് ശരിയായ മാധ്യമ ധര്‍മ്മമല്ല. മുസ്‌ലിം ജനവിഭാഗത്തോട് അടുപ്പം പുലര്‍ത്തുന്ന എന്നെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാനുള്ള ശ്രമം വിജയിക്കില്ല. എസ്.എന്‍ ട്രസ്റ്റിന്റെ കണക്കുകള്‍ തയ്യാറാക്കുന്നതും കൊല്ലം കോടതിയിലെ കേസുകള്‍ നടത്തുന്നതും മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ളവരാണ്. അവരോടുള്ള സ്‌നേഹബന്ധവും വിശ്വാസ്യതയുമാണ് അതിനുള്ള കാരണം” വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയും ലീഗും ജമാഅത്തെ ഇസ്‌ലാമിയും
വെള്ളാപ്പള്ളി വിവാദത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെയും ആര്‍എസ്എസിനെയും സമീകരിച്ചുകൊണ്ട് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത് ഇങ്ങനെ :”ഇന്നത്തെ പത്രസമ്മേളനത്തില്‍ ശ്രി വെള്ളാപ്പിള്ളി നടേശന്‍ മുസ്‌ലിംലീഗിനോടുള്ള തന്റെ പ്രത്യേക വൈരാഗ്യത്തിന്റെ കാരണം തുറന്നുപറഞ്ഞിട്ടുണ്ട്. അന്നത്തെ ഇടതുസര്‍ക്കാരിനെ താഴെയിറക്കാനും യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനും പിന്നാക്ക (ദലിത്, മുസ്‌ലിം) സമുദായമുന്നണിയുണ്ടാക്കാന്‍ ലീഗ് വിളിച്ചിട്ട് ചെന്നയാളാണ് നാടേശന്‍. അതിനുവേണ്ടി ആളും അര്‍ത്ഥവും നല്‍കി. പക്ഷേ അധികാരത്തിലെത്തിയപ്പോള്‍ അന്ന് കൊടുത്ത വാഗ്ദാനങ്ങളൊന്നും ലീഗും യു.ഡി.എഫും പാലിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ രോഷം.

രാജ്യത്ത് ഭൂരിപക്ഷ ഹിന്ദുമതരാഷ്ട്രവാദം ശക്തിപ്പെടുമ്പോള്‍ സാംസ്‌കാരികമായും സാമൂഹ്യമായും ആക്രമിക്കപ്പെടുന്നവരാണ് ദലിത്, പിന്നാക്ക, ന്യൂനപക്ഷവിഭാഗങ്ങള്‍. അവര്‍ ഐക്യപ്പെടാന്‍ ശ്രമിക്കുന്നത് സ്വഭാവികമാണ്. പക്ഷേ എല്ലാതരം സ്വത്വരാഷ്ട്രീയവും അധികാരത്തിന്റെ കയ്യിലെ പാവകളായി നശിക്കും എന്നതിന്റെ ഉദാഹരണമാണ് അന്നത്തെ പിന്നാക്കസമുദായമുന്നണിയുടെ തകര്‍ച്ച സൂചിപിക്കുന്നത്. പിന്നീട് ജമായത്തെ ഇസ്‌ലാമി രംഗത്തുവന്നതോടെ പിന്നാക്കസമുദായമുന്നണി കൂടുതല്‍ ഇടതുവിരുദ്ധമായ മഴവില്‍സഖ്യമായി മാറിയ വിവരം വെള്ളാപ്പിള്ളി നടേശന്‍ അറിഞ്ഞോ എന്നറിയില്ല. അതില്‍ ആര്‍.എസ്.എസും പങ്കാളിയായി. അവരാണ് കീഴാറ്റൂരിലും നാട്ടികയിലും നാഷണല്‍ ഹൈവേക്കെതിരായും ഗെയില്‍ പൈപ്പ് ലൈന്‍, കെ. റെയില്‍ എന്നിവക്കെതിരായും സമരം നടത്തിയത്. ജനങ്ങള്‍ കൂടെയില്ലെങ്കിലും കേരളരാഷ്ട്രീയത്തില്‍ ആ കൂട്ടിന് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. കേരളത്തില്‍ ദലിത്, പിന്നാക്ക, മുസ്‌ലിം തുടങ്ങിയ മര്‍ദ്ദിതസമുദായങ്ങള്‍ തമ്മിലുണ്ടാവുന്ന ഐക്യത്തെ ആര്‍.എസ്.എസ്. ഏറ്റവുമധികം ഭയപ്പെടുന്നു എന്നത് ഒരു സത്യമാണ്. ഹിന്ദുമതവികാരത്തെ മുന്‍നിര്‍ത്തിയുണ്ടാക്കുന്ന ഐക്യത്തെയും സംഘടനയേയും അത് ശിഥിലമാക്കും എന്നതാണ് കാര്യം. വീണ്ടും ഒരു പിന്നാക്കസമുദായമുന്നണി കേരളത്തില്‍ രൂപപ്പെടാതിരിക്കാന്‍ വേണ്ടിയാണ് വെള്ളാപ്പിള്ളി നടേശന്റെ വിഡ്ഡിത്വംനിറഞ്ഞ പുലമ്പലുകളെ മുന്‍നിര്‍ത്തി ജമായത്തെ ഇസ്‌ലാമിയും മറ്റും വിദ്വേഷപ്രചാരവേല നടത്തുന്നത്. ഈ നീക്കത്തിനു പിന്നില്‍ തീര്‍ച്ചയായും ആര്‍.എസ്.എസ്. ആണ് എന്നതില്‍ സംശയമില്ല. (വെള്ളാപ്പിള്ളിയുടെ രോഷം, അശോകന്‍ ചെരുവില്‍, ജനുവരി 2, അശോകന്‍ ചെരുവില്‍, ഫേസ്ബുക്)
വെള്ളാപ്പിള്ളി നടേശന്റെ വിദ്വേഷത്തെ വിഡ്ഡിത്വംനിറഞ്ഞ പുലമ്പുകളായും അതിനെതിരെയുള്ള വിമര്‍ശനങ്ങളെ വിദ്വേഷ പ്രചാരവേലയയുമാണ് അശോകന്‍ ചെരുവില്‍ മനസ്സിലാകുന്നത്.

വിവേചനത്തിന്റെ കണക്ക്.
വെള്ളാപ്പള്ളി നടേശന്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വിദ്വേഷ പ്രസ്താവനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുസ്‌ലിംകള്‍ക്ക് കൂടുതല്‍ എയ്ഡഡ് കോളജുകളും സ്‌കൂളുകളുമുണ്ട് എന്നത്. സര്‍ക്കാര്‍ പണം മുസ്‌ലിം സമുദായത്തിനായി വലിയ തോതില്‍ ഒഴുക്കുന്നു എന്നതാണ് ഈ പരാമര്‍ശങ്ങളിലെ ധ്വനി. ഇതിന് മറുപടിയെന്നോണം
കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളജുകളുടെയും അതില്‍ എത്ര മുസ്‌ലിം മാനേജ്‌മെന്റ് കോളജുകളുമുണ്ട് എന്ന കണക്ക് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) പുറത്തുവിട്ടു.
റിപ്പോര്‍ട്ട് പ്രകാരം, കേരള സര്‍വ്വകലാശാലയ്ക്ക് കീഴില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ആകെ എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ 46 എണ്ണമാണുള്ളതെന്ന് രേഖപ്പെടുത്തി. മുസ്‌ലിം മാനേജ്മന്റ് കോളജുകള്‍ 4, ക്രിസ്ത്യന്‍ മാനേജ്മന്റ് കോളജുകള്‍ 18, ഈഴവ മാനേജ്മന്റ് കോളജുകള്‍ 10, നായര്‍ മാനേജ്മന്റ് കോളജുകള്‍ 10 എണ്ണവും മറ്റു ഹിന്ദു വിഭാഗം കോളജ് മാനേജ്‌മെന്റുകള്‍ 4 എണ്ണവുമാണ് എന്നാണ് സര്‍വ്വേ കണ്ടെത്തിയത്. (www.keralauniversity.ac.in). (വിവേചനത്തിന്റെ കണക്ക് പുസ്തകം, മെക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ്, ജനുവരി 27, (വിവേചനത്തിന്റെ കണക്ക്.., മെക്ക കേരള- ഫേസ്ബുക് പേജ്, ജനുവരി 26, 2026, വിവേചനത്തിന്റെ കണക്ക്.., മെക്ക കേരള- ഫേസ്ബുക് പേജ്, ജനുവരി 26, 2026)

മറ്റൊരു കണക്ക് കാണുക:
എംഇഎസ് സ്ഥാപനങ്ങളില്‍ 50 ശതമാനം അധ്യാപകരും അമുസ്‌ലിംകള്‍ – ഫസല്‍ ഗഫൂര്‍.

എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 50 ശതമാനം അധ്യാപകരും അമുസ്‌ലിംകള്‍ ആണെന്ന് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. കേരളത്തില്‍ എന്‍എസ്എസിന് 22 ഉം എസ്എന്‍ഡിപിക്ക് 14 ഉം കോളജുകള്‍ ഉള്ളപ്പോള്‍ എംഇഎസ് ഏഴെണ്ണമേ ഉള്ളുവെന്ന് ഫസല്‍ ഗഫൂര്‍. എന്നാല്‍, 7 കോളജ് ഉള്ള എംഇഎസ് ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 30 വര്‍ഷം കൊണ്ട് എവിടെ എത്തി എന്ന് നോക്കണം എന്നും ഏതെങ്കിലും ജില്ലയില്‍ സ്ഥാപനം കിട്ടിയില്ല എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. (എംഇഎസ് സ്ഥാപനങ്ങളില്‍ 50% അധ്യാപകരും അമുസ്‌ലിംകള്‍ ;മറ്റേതെങ്കിലും മതസംഘടനകള്‍ക്ക് ഇത് പറ്റുമോ? ഫസല്‍ ഗഫൂര്‍, മീഡിയവണ്‍ ഓണ്‍ലൈന്‍, ജനുവരി 22)

ഒരിടത്ത് ഒരു സമുദായമാണെങ്കില്‍ മറ്റൊരിടത്ത് മറ്റു സമുദായങ്ങളാണ്. കേരളത്തിലെ 15 മണ്ഡലങ്ങളിലും ഹിന്ദു ഭൂരിപക്ഷമാണ്. ആര് ആരെയാണ് പേടിക്കുന്നത്. മലപ്പുറം ജില്ലയില്‍ വരുമ്പോള്‍ ഭയമാണെന്നാണ് ഒരാള്‍ പറയുന്നത്. അതിനര്‍ത്ഥം ഫസല്‍ ഗഫൂര്‍ മറ്റൊരിടത്ത് പോയാല്‍ ഭയം വരുമോ…? അപ്പോള്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അതിനെ തലയിലേക്ക് കൊണ്ട് നടക്കാനും എതിര്‍ക്കാതിരിക്കാനും ആവില്ലെന്നും കേരളത്തില്‍ വര്‍ഗീയത രാഷ്ട്രീയമായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി – സണ്ണി എം. കപിക്കാട് മറുപടി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബാനറില്‍ സണ്ണി എം കപ്പിക്കാടിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായ സാഹചര്യത്തില്‍, അദ്ദേഹത്തിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടന്നു. ഇതിനെതിരെ അദ്ദേഹം ദി റൂട്ട്‌സ് എന്ന ഫേസ്ബുക് പ്രൊഫൈലിലൂടെ പ്രതികരിക്കുകയുണ്ടായി.
”ജമാഅത്തെ ഇസ്‌ലാമി എന്നല്ല, ഒരു വ്യക്തിയും ഒരു സംഘടനയും എനിക്ക് ഇടനില നിന്നിട്ടില്ല. ജമാഅത്തെ ഇസ്‌ലാമി ഇടനില നിന്നാല്‍ എന്താ കുഴപ്പം. നിരോധിത സംഘടനയാണോ, പാപം ചെയ്യുന്നവരാണോ, അവര്‍ കേരളത്തില്‍ കലാപം ഉണ്ടാക്കിയിട്ടുണ്ടോ, ജമാഅത്തെ ഇസ്‌ലാമിക്ക് സ്വയം പ്രവര്‍ത്തിക്കാനും ന്യായീകരിക്കാനും വിശദീകരണം കൊടുക്കാനും അവര്‍ക്ക് തന്നെ ആള്‍ക്കാരുണ്ട്. ജമാഅത്തെ ഇസ്‌ലാമി ഭീകരസംഘടനാണെന്ന് ഇവര്‍ പറയുമ്പോള്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്.” (അംബേദ്കറൈറ്റ് രാഷ്ട്രീയം അധികാരത്തിന് പുറത്തുനില്‍ക്കുന്ന ഒന്നല്ല: സണ്ണി എം. കപിക്കാട്, ദി റൂട്ട്‌സ് ഫേസ്ബുക്, ജനുവരി 21, 2026)

ഡിഫെന്‍സ് ഫോര്‍മുല
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഒരു ആത്മപരിശോധനക്കുള്ള അവസരമാക്കി മാറ്റി, സംഘടനാപരമായ പോരായ്മകള്‍ നികത്തി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സി.പി.എം കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം, ബി.ജെ.പിയുടെ വളര്‍ച്ച, യു.ഡി.എഫിന്റെ തിരിച്ചുവരവ് എന്നിവ പശ്ചാത്തലമാകുന്ന ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. ഇതിന്റെ ഭാഗമായി, വീടുകളില്‍ കയറിയുള്ള ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ വിശദീകരിക്കുന്ന പത്തു പേജുള്ള സര്‍ക്കുലര്‍ സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദവും ന്യൂനപക്ഷങ്ങളുടെ അകല്‍ച്ചയും തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, വിഷയങ്ങള്‍ വളരെ ശ്രദ്ധയോടെ അവതരിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ആര്‍.എസ്.എസിനെതിരായ വിമര്‍ശനം ഹിന്ദു വിശ്വാസികള്‍ക്കെതിരല്ലെന്നും, ജമാഅത്തെ ഇസ്ലാമിയെയും മുസ്‌ലിം ലീഗിനെയും വിമര്‍ശിക്കുന്നത് ഇസ്‌ലാം മതത്തിനോടുള്ള എതിര്‍പ്പല്ലെന്നും വീടുകളില്‍ വിശദീകരിക്കണം, ഒപ്പം സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പുകഴ്ത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഗൃഹസന്ദര്‍ശന വേളയില്‍ സി.പി.എം മുസ്‌ലിം വിരുദ്ധമാണോ എന്ന ചോദ്യമുയര്‍ന്നാല്‍, തങ്ങളുടെ മതനിരപേക്ഷ നിലപാടുകള്‍ വഴി പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള വലിയ സ്വീകാര്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം. ഇടതുപക്ഷവുമായി അകലം പാലിച്ചിരുന്ന മുസ്‌ലിം സംഘടനകള്‍ ഇപ്പോള്‍ നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും, ഈ ബന്ധം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇത്തരം ‘കുപ്രചരണങ്ങള്‍ക്ക്’ പിന്നിലെന്നും പ്രവര്‍ത്തകര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. ആവശ്യമെങ്കില്‍ മുന്‍കാലത്തെ കോ-ലീ-ബി സഖ്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും, ബി.ജെ.പി വിജയിച്ച മണ്ഡലങ്ങളില്‍ യു.ഡി.എഫ് എങ്ങനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്ന് വിശദീകരിക്കാനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പാര്‍ട്ടി തയ്യാറാക്കിയ ഈ മാര്‍ഗ്ഗരേഖയില്‍ കൃത്യമായി ആവശ്യപ്പെടുന്നുണ്ട്.

സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുന്ന താലിബാന്‍ ലീഗ്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവെന്നതിന് ശേഷം, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കാസറഗോഡ് തൃക്കരിപ്പൂരില്‍ വീടുകയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിച്ചു. ഇത് 2025 -ലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും 2020ല്‍ നടന്നതാണെന്നുമുള്ള റിപ്പോര്‍ട്ട് ഫാക്ട് ക്രെസെന്‍ഡോ എന്ന ഫാക്ട് ചെക്കിങ് വെബ്‌സൈറ്റ് പുറത്തുവിട്ടു. (ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമണം നടത്തുന്നു… വീഡിയോയുടെ സത്യമിതാണ്, ജനുവരി 2, ഫാക്റ്റ് ക്രെസെന്റോ).
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവെന്നതിന് ശേഷം, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തൃക്കരിപ്പൂരില്‍ വീടുകയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. മുസ്‌ലിം ലീഗിന്റെ ലോഗോ പതിപ്പിച്ച പച്ച വസ്ത്രങ്ങള്‍ ധരിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരു വീടിന് മുന്നില്‍ വടികളുമായി നിന്ന് ആക്രോശിക്കുന്നതും ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒപ്പമുള്ള വിവരണം ഇങ്ങനെ: ”തൃക്കരിപ്പൂരില്‍ താലിബാന്‍ ലീഗ് വീട് കയറി സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുന്നു. ഈ ഗുണ്ടാ സംഘത്തെ നിയന്ത്രിക്കേണ്ട ആയിരം പള്ളിയുടെ ഖാളി ചത്തത് പോലെ കിടക്കുന്നു..”

എന്നാല്‍ ”പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ അഞ്ചുവര്‍ഷം പഴയതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി,” ഫാക്ട് ക്രെസെന്‍ഡോ റിപ്പോര്‍ട്ട് ചെയ്യുന്നു.

”ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച പഴയ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സംഭവം 2020 ഡിസംബറില്‍ നടന്നതാണ്, ഇപ്പോഴല്ല. റിപ്പോര്‍ട്ടില്‍ സംഭവം കാഞ്ഞങ്ങാട് പഞ്ചായത്തിലെ കല്ലുരാവിയിലാണ് നടന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ”മുസ്‌ലിം ലീഗിന് വലിയ ഭൂരുപക്ഷമുള്ള പ്രദേശമാണിത്. മര്‍ദ്ദിച്ചവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ ലീഗിന്റെ തന്നെ ചില ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുകയായിരുന്നു. അവിടെ നിന്നാണ് ഇത് പുറംലോകം അറിയുന്നത്. മുസ്‌ലിം ലീഗിന് വോട്ട് ചെയ്തില്ലെന്നരോപിച്ചാണ് കുടുംബത്തെ വീട്ടില്‍കയറി മര്‍ദ്ദിച്ചത്. എന്നാല്‍, സംഭവത്തില്‍ കുടുംബം പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ എല്‍ഡിഎഫ് ഇതിനെതിരേ ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു” എന്നും റിപ്പോര്‍ട്ട് പറയുന്നു.

കുട്ടിക്കടത്തെന്ന ഹിന്ദുത്വ പ്രചാരണം

ഒഡീഷയില്‍ നിന്നും വിവേക് എക്‌സ്പ്രസ്സില്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മൂന്ന് മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, മതിയായ രേഖകളില്ലാതെ യാത്ര ചെയ്തിരുന്ന ഇരുപത്തിയൊന്നോളം കുട്ടികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊലീസ് തടഞ്ഞ സംഭവത്തെത്തുടര്‍ന്ന് വലിയ രീതിയിലുള്ള ഹിന്ദുത്വ പ്രചാരണങ്ങളാണ് ഉയര്‍ന്നുവന്നത്. കൂട്ടിന് ആളില്ലാതെ ട്രെയിനില്‍ സ്വന്തമായി പണം കൊടുത്ത് ഭക്ഷണം വാങ്ങിയ ബിഹാര്‍ സ്വദേശികളായ ഈ കുട്ടികളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, പൊലീസ് ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. ഈ സംഭവത്തെ മതപരിവര്‍ത്തനവുമായി ബന്ധപ്പെടുത്തി ‘ജന്മഭൂമി’ ദിനപത്രം വലിയ വാര്‍ത്തയാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 75,000-ത്തോളം കുട്ടികളെ കേരളത്തിലെ യത്തീംഖാനകളില്‍ എത്തിച്ച് മതപരിവര്‍ത്തനം നടത്തിയതായി സുപ്രീം കോടതി അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ ആരോപിച്ചുവെന്നും, കോഴിക്കോട് അണ്ടിക്കോട്ടെ അംഗീകാരമില്ലാത്ത ‘ഫാത്തിമ ഹിഫ്സുള്‍ ഖുറാന്‍ അക്കാദമി’യിലേക്കാണ് പാലക്കാട് പിടിയിലായ കുട്ടികളെ കൊണ്ടുവന്നതെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ഈ വിഷയത്തെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല രംഗത്തെത്തിയതോടെയാണ് ഇത് കൂടുതല്‍ വിവാദമായത്. കാന്തപുരത്തിന്റെ ‘കേരളയാത്ര’യെ പ്രശംസിച്ചുകൊണ്ട് മന്ത്രി പി. രാജീവ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് ശശികല അധിക്ഷേപകരമായ പ്രതികരണം നടത്തിയത്. ‘സഖാവേ മൊയ്‌ല്യാര് മനുഷ്യര്‍ക്കൊപ്പം തന്നെയാ.. പക്ഷേ മനുഷ്യക്കടത്തു കൂടി ഉണ്ടൊയെന്ന് അന്വേഷിക്കണേ’ എന്നായിരുന്നു പാലക്കാട്ടെ കുട്ടികളുടെ വാര്‍ത്താ പോസ്റ്റര്‍ സഹിതം ശശികല കുറിച്ചത്. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നുള്ള പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള ഈ കുട്ടികളെ കോഴിക്കോട്ടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ രണ്ടുമാസത്തെ കോഴ്‌സിനായി കൊണ്ടുവന്നതാണെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞിരുന്നത്. ഈ മൊഴിയുടെ പശ്ചാത്തലത്തിലാണ് കാന്തപുരത്തിന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ശശികല പരസ്യമായി ആവശ്യപ്പെട്ടത്.

‘ഭൂരിപക്ഷ അവഗണന’ എന്ന ആരോപണം

ആലുവ നിയോജക മണ്ഡലത്തിലെ ത്രിതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഭൂരിപക്ഷ സമുദായങ്ങളെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായും അവഗണിച്ചു എന്നാരോപിച്ച് ‘ജന്മഭൂമി’ ദിനപത്രം രംഗത്തുവന്നു. ആലുവ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഒരു നഗരസഭ, ഏഴ് ഗ്രാമപഞ്ചായത്തുകള്‍, വാഴക്കുളം, പാറക്കടവ് എന്നീ രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെല്ലാം യു.ഡി.എഫിനാണ് ഭരണച്ചുമതല. ഇവിടെ നിലവിലുള്ള പത്ത് അധ്യക്ഷ സ്ഥാനങ്ങളിലും പത്ത് ഉപാധ്യക്ഷ സ്ഥാനങ്ങളിലും ഹൈന്ദവ വിഭാഗത്തെ പരിഗണിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കെ.പി.സി.സിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസഭയിലെ ആകെ 17,763 വോട്ടര്‍മാരില്‍ ഏകദേശം 7500 പേര്‍ ഹൈന്ദവരും 6750 പേര്‍ ക്രൈസ്തവരും ബാക്കിയുള്ളവര്‍ മുസ്‌ലിം വിഭാഗവുമാണ്. എന്നാല്‍, കോണ്‍ഗ്രസ് മത്സരിപ്പിച്ചവരില്‍ പത്തൊമ്പത് പേരും ഒരേ സമുദായത്തില്‍പ്പെട്ടവരായിരുന്നു എന്ന ആരോപണവും ജനുവരി രണ്ടിന് പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയിലുണ്ട്.

ശ്രീമൂലനഗരം, എടത്തല പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് വിട്ടുനല്‍കിയ കാര്യവും റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. എടത്തല പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു വനിതയെയാണ് ലീഗ് വൈസ് പ്രസിഡന്റാക്കിയത്. സാമൂഹിക സമത്വം ഉറപ്പുവരുത്തുന്നതില്‍ മുസ്‌ലിം ലീഗ് കാണിച്ച ഈ മാതൃക, മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് പാലിക്കാന്‍ കഴിഞ്ഞില്ല എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന മറ്റൊരു പ്രധാന വാദം. ഭൂരിപക്ഷ സമുദായങ്ങളെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാന വിതരണം നടത്തിയതെന്ന കുറ്റപ്പെടുത്തലോടെയാണ് ജന്മഭൂമി ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊച്ചി തുരുത്തി ഫ്‌ലാറ്റ് ഒരു മത വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമുള്ളതാണോ? പ്രചാരണങ്ങളും വസ്തുതകളും
കൊച്ചി കോര്‍പ്പറേഷനും സ്മാര്‍ട്ട് സിറ്റി മിഷനും സംയുക്തമായി ഫോര്‍ട്ട് കൊച്ചിയില്‍ നിര്‍മ്മിച്ച തുരുത്തി ടവര്‍ ഫ്‌ലാറ്റ് സമുച്ചയം ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി നല്‍കുന്നുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദിയും ജന്മഭൂമി ദിനപത്രവും വലിയ തോതിലുള്ള വര്‍ഗീയ പ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കോര്‍പ്പറേഷന്റെയും ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ഭവന സമുച്ചയത്തില്‍ മറ്റ് സമുദായങ്ങളെയും കൊച്ചിയിലെ കോന്തുരുത്തി അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരെയും പരിഗണിക്കാതെ മുസ്‌ലിംള്‍ക്ക് മാത്രമായി ഫ്‌ലാറ്റുകള്‍ നല്‍കുന്നു എന്നായിരുന്നു പ്രധാന ആരോപണം. കോര്‍പ്പറേഷനിലെ ഒരു മുസ്‌ലിം ലീഗ് കൗണ്‍സിലറുടെ പിടിവാശി മൂലമാണ് മറ്റുള്ളവരെ ഇവിടെ പാര്‍പ്പിക്കാന്‍ കഴിയാത്തതെന്നും, ഫ്‌ലാറ്റ് ലഭിച്ച 214 കുടുംബങ്ങളും മുസ്‌ലിംകളാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി ബാബു ആരോപിച്ചിരുന്നു. ഇതില്‍ 108 കുടുംബങ്ങള്‍ക്കും മതിയായ രേഖകളില്ലെന്നും ഹിന്ദു ഐക്യവേദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും വലതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

എന്നാല്‍ ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണെന്ന് ‘ഒ.ബി.സി ഫാക്ട് ചെക്ക്’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. 2013-ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാജീവ് ആവാസ് യോജന (RAY) പ്രകാരം അംഗീകരിക്കപ്പെട്ട ഈ പദ്ധതി, കല്‍വത്തി ഡിവിഷനിലെ കോഞ്ചേരി, തുരുത്തി, കല്‍വത്തി കോളനികളിലെ ചേരി നിവാസികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി മാത്രമായി വിഭാവനം ചെയ്തതാണ്. കോര്‍പ്പറേഷന്‍ നിയോഗിച്ച ഏജന്‍സി നടത്തിയ സര്‍വേയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ കാലങ്ങളായി താമസിക്കുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരായതുകൊണ്ടാണ് ഗുണഭോക്തൃ പട്ടികയിലും സ്വാഭാവികമായി ആ വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി വന്നത്. അല്ലാതെ മതം നോക്കി ആരെയും ഒഴിവാക്കുകയോ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് മുന്‍ കൗണ്‍സിലര്‍ ടി.കെ അഷ്റഫ് വ്യക്തമാക്കി.

കോന്തുരുത്തി നിവാസികളെ ഈ ഫ്‌ലാറ്റില്‍ നിന്നും ഒഴിവാക്കി എന്ന പ്രചാരണവും വസ്തുതാവിരുദ്ധമാണ്. കോന്തുരുത്തി കനാല്‍ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ പള്ളുരുത്തിയില്‍ ഒരേക്കര്‍ മുപ്പത് സെന്റ് സ്ഥലം പ്രത്യേകമായി കണ്ടെത്തിയിട്ടുണ്ടെന്നും അതൊരു തികച്ചും സ്വതന്ത്രമായ മറ്റൊരു പദ്ധതിയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. തുരുത്തി ചേരി നിവാസികള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ ഈ ഭവനപദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി കോന്തുരുത്തിക്കാരെ ഒഴിവാക്കി ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നു എന്ന് വരുത്തിത്തീര്‍ക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുഖ്യധാരാ മാധ്യമങ്ങളോ വിശ്വാസയോഗ്യമായ വാര്‍ത്താ ഏജന്‍സികളോ ഈ വര്‍ഗീയ ആരോപണങ്ങളെ ശരിവെച്ചിട്ടില്ല. പൂര്‍ണ്ണമായും അര്‍ഹരായ ആളുകളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് നടപ്പിലാക്കിയ ഒരു ഭവന പദ്ധതിയുടെ പേരില്‍ സംഘപരിവാര്‍ ബോധപൂര്‍വ്വം വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്ന് മുന്‍ കൊച്ചി മേയര്‍ എം അനില്‍കുമാര്‍ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ‘ഫ്‌ലാറ്റ് ജിഹാദ്’ എന്ന പേരിലടക്കം നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതോടെയാണ് പുറത്തുവന്നത്.

കേരള കുംഭമേളയും പ്രചാരണങ്ങളും

മലപ്പുറം തിരുനാവായയില്‍ ഭാരതപ്പുഴയോരത്ത് ജനുവരി 18 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ‘കേരള കുംഭമേള’ അഥവാ മഹാമാഘ മഹോത്സവവുമായി ബന്ധപ്പെട്ട്, അനുമതിയില്ലാതെ നടത്തിയ താല്‍ക്കാലിക പാലം നിര്‍മ്മാണം റവന്യൂ വകുപ്പ് തടഞ്ഞതോടെയാണ് വലിയ വിവാദങ്ങള്‍ക്ക് തുടക്കമായത്. കേരള നദീതീര സംരക്ഷണ നിയമം ലംഘിച്ച്, പുഴ കൈയ്യേറി പാലം പണിയുകയും മണ്ണുമാന്തിയന്ത്രം ഇറക്കി നിരപ്പാക്കുകയും ചെയ്തതിനാണ് തിരുനാവായ വില്ലേജ് ഓഫീസര്‍ ജനുവരി 11-ന് സംഘാടകര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. നവംബര്‍ 14-ന് ഇതിനായി കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെന്നും മറുപടി ലഭിക്കാത്തതിനാലാണ് നിര്‍മ്മാണം തുടങ്ങിയതെന്നുമായിരുന്നു സംഘാടകരുടെ വിശദീകരണം. വിലക്ക് ലംഘിച്ച് ചൊവ്വാഴ്ച വീണ്ടും നിര്‍മ്മാണം തുടങ്ങിയപ്പോള്‍ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അത് തടയുകയായിരുന്നു. (കേരള കുംഭമേള’ ഭാരതപ്പുഴയിലെ താത്കാലിക പാലം നിര്‍മാണം തടഞ്ഞ് റവന്യൂവകുപ്പ്, ആര് തടഞ്ഞാലും പരിപാടി നടത്തുമെന്ന് സംഘ്പരിവാര്‍, ജനുവരി 14, മാധ്യമം)

എന്നാല്‍, സര്‍ക്കാരിന്റെ ഈ ഭരണപരമായ നടപടിയെ കടുത്ത വര്‍ഗീയ പ്രചാരണങ്ങള്‍ക്കാണ് ഹിന്ദുത്വ കേന്ദ്രങ്ങള്‍ ഉപയോഗിച്ചത്. ഹിന്ദുക്കള്‍ ഒരുമിച്ചുകൂടുന്നത് ഭയക്കുന്ന സര്‍ക്കാര്‍, മതതീവ്രവാദികളുടെ കയ്യടി നേടാനാണ് ജനാധിപത്യവിരുദ്ധമായി ഈ പരിപാടി തടഞ്ഞതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു ആരോപിച്ചു. (ഫേസ്ബുക്ക് പോസ്റ്റ്, ആര്‍.വി ബാബു, ജനുവരി 14): കേരളത്തില്‍ ഹിന്ദുക്കളെ രണ്ടാംകിട പൗരന്മാരായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, 1921-ലെ മലബാര്‍ കലാപത്തില്‍ തുവ്വൂര്‍ കിണറ്റില്‍ കൊല്ലപ്പെട്ട പൂര്‍വ്വികര്‍ക്കുള്ള ആദരവാണ് ഈ കുംഭമേളയെന്നും, വോട്ട് ബാങ്ക് കണ്ട് സര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചാല്‍ ഹിന്ദു സമൂഹം ആയുധമെടുക്കുമെന്നും ഭീഷണിപ്പെടുത്തിക്കൊണ്ട് ഗിരീഷ് കണ്ണന്‍ എന്ന വ്യക്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. (ഗിരീഷ് കണ്ണന്‍, ഫേസ്ബുക് പോസ്റ്റ്, ജനുവരി 17) മറ്റ് മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്ക് തടസ്സമില്ലാത്ത നാട്ടില്‍ ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങള്‍ മാത്രം സര്‍ക്കാര്‍ തടയുകയാണെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും ആരോപിച്ചു.

ഈ വിവാദങ്ങള്‍ക്കിടയില്‍, വിഷയത്തെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മര്‍കസ് നോളജ് സിറ്റിയിലേക്ക് തിരിച്ചുവിടാനാണ് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ശ്രമിച്ചത്. (‘നദികളുടെ ഒഴുക്ക് തടഞ്ഞു, പാലങ്ങള്‍ പണിതു, ഒരു കീറക്കടലാസിന്റെ പോലും അനുമതിയില്ല’; നോളജ് സിറ്റിക്കെതിരെ ഹിന്ദു ഐക്യവേദി, മീഡിയവണ്‍ ഓണ്‍ലൈന്‍, ജനുവരി 17) നദികളുടെ ഒഴുക്ക് തടഞ്ഞ് യാതൊരു അനുമതിയും ഇല്ലാതെയാണ് നോളജ് സിറ്റിക്കുള്ളില്‍ പാലങ്ങളും കെട്ടിടങ്ങളും പണിതിരിക്കുന്നതെന്നും, അതിനെതിരെ നടപടിയെടുക്കാത്തവര്‍ സനാതന ധര്‍മ്മത്തിന്റെ ഭാഗമായ പുഴ ശുചീകരണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയാണെന്നും ജനം ടിവി ചര്‍ച്ചയില്‍ അവര്‍ ആരോപിച്ചു. ഏതുവിധേനയും കുംഭമേള നടത്തുമെന്ന് പ്രഖ്യാപിച്ച ശശികല, കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമെല്ലാം സനാതന ധര്‍മ്മത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. ഇതോടൊപ്പം, കാന്തപുരം നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എന്തുകൊണ്ട് തിരുനാവായയിലെ കുംഭമേളയില്‍ പങ്കെടുക്കുന്നില്ല എന്ന ചോദ്യവുമായി അനില്‍ നമ്പ്യാരും രംഗത്തെത്തി. എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ടിനുവേണ്ടിയുള്ള മുസ്‌ലിം പ്രീണനം മാത്രമാണ് ലക്ഷ്യമെന്നും, ഹിന്ദുക്കളെ ജന്തുക്കളായി കണ്ട് മാറ്റിനിര്‍ത്തിയാലും അവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന അഹങ്കാരമാണ് ഇരുമുന്നണികള്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍, ഈ വിഷയത്തില്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണപ്രചാരണങ്ങളാണ് നടന്നതെന്ന് ഡൂള്‍ ന്യൂസില്‍ എഴുതിയ ലേഖനത്തില്‍ ശരീഫ് പാലോളി ചൂണ്ടിക്കാണിക്കുന്നു. (മലപ്പുറം കുംഭമേളയും നുണ കുംഭങ്ങളും മുസ്‌ലിംകളും, ഡൂള്‍ ന്യൂസ്, ശരീഫ് പാലോളി, ജനുവരി 19.) കുംഭമേളയോ അതുമായി ബന്ധപ്പെട്ട ചടങ്ങുകളോ ആരും തടസ്സപ്പെടുത്തിയിരുന്നില്ല എന്നതാണ് വാസ്തവം. ഭാരതപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തിന് മാത്രമാണ് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഈ വിഷയം പിന്നീട് കളക്ടറുമായുള്ള ചര്‍ച്ചയില്‍ പരിഹരിക്കപ്പെടുകയും ചെയ്തു. മലപ്പുറത്തെ ഏതെങ്കിലും വ്യക്തിയോ മുസ്‌ലിം സംഘടനയോ ഈ കുംഭമേളയെ എതിര്‍ത്ത് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. എന്നിട്ടും, മുസ്‌ലിംകള്‍ കുംഭമേള തടഞ്ഞു എന്ന വ്യാജേന ഒരു ഉത്തരേന്ത്യന്‍ സ്വാമി ഉള്‍പ്പെടെയുള്ളവര്‍ മലപ്പുറത്തുകാരെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടായി. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൊടുമ്പിരികൊള്ളുമ്പോഴും, കുംഭമേളക്കെത്തുന്നവര്‍ക്ക് ഐസും ഉപ്പിലിട്ടതും വില്‍ക്കാനുള്ള കടകള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളെന്ന യാഥാര്‍ത്ഥ്യവും ലേഖനം തുറന്നുകാട്ടുന്നു.

പാലക്കാട് നഗരമധ്യത്തിലെ നമസ്‌കാരം

പാലക്കാട് നഗരമധ്യത്തില്‍ ഗതാഗതം തടസ്സപ്പെടുത്തി ഒരു സ്ത്രീ നിസ്‌കരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കോയമ്പത്തൂര്‍ സ്വദേശിനിയായ അനീസ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി തര്‍ക്കത്തിലാണ്. ദീര്‍ഘകാലമായുള്ള ഈ പ്രശ്‌നത്തില്‍ പരിഹാരം കാണാത്തതിലുള്ള പ്രതിഷേധമായിട്ടാണ് റോഡില്‍ നിസ്‌കരിച്ചു പ്രതിഷേധിച്ചത്. ദൃശ്യങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കാതെ ഇതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സീ ഫോര്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു (പാലക്കാട് നഗരമധ്യത്തിലെ നമസ്‌കാരം, സീ ഫോര്‍ മീഡിയ, ജനുവരി 28, 2026)
പാലക്കാട് നഗരമധ്യത്തില്‍ ഗതാഗതം തടസ്സപ്പെടുത്തി ഒരു സ്ത്രീ നിസ്‌കരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കാതെ ഇതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?
കോയമ്പത്തൂര്‍ സ്വദേശിനിയായ അനീസ എന്ന സ്ത്രീയാണ് ഈ ദൃശ്യങ്ങളിലുള്ളത്. പാലക്കാട് കൊല്ലങ്കോട്ടുള്ള തന്റെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി ഇവര്‍ക്ക് നിലവില്‍ തര്‍ക്കമുണ്ട്. ദീര്‍ഘകാലമായുള്ള ഈ പ്രശ്‌നത്തില്‍ പരിഹാരം കാണാത്തതിലുള്ള പ്രതിഷേധമായിട്ടാണ് നഗരമധ്യത്തില്‍ ഇവര്‍ ഇത്തരമൊരു രീതി സ്വീകരിച്ചത് എന്നാണ് പ്രാഥമിക വിവരം. ദൃശ്യങ്ങളില്‍ ഇവര്‍ വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ഉച്ചത്തില്‍ സംസാരിക്കുന്നതും ബഹളം വെക്കുന്നതും വ്യക്തമാണ്.

നിലവില്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. സാധാരണ ഗതിയില്‍ ആരും ചെയ്യാത്ത ഇത്തരമൊരു പ്രവര്‍ത്തിക്ക് പിന്നില്‍ ഒന്നുകില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ആയിരിക്കാം, അല്ലെങ്കില്‍ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അറിവില്ലായ്മ കൊണ്ടുള്ള പ്രതിഷേധമാകാം. ഈ ദൃശ്യങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനും തെറ്റായ രീതിയില്‍ ചിത്രീകരിക്കാനും ചില തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം വിദ്വേഷ പ്രചാരണങ്ങളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വിഷയത്തിന്റെ നിജസ്ഥിതി പരിശോധിച്ച് ആവശ്യമായ നിയമനടപടികള്‍ ഭരണകൂടം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് വസ്തുതകള്‍ തിരിച്ചറിയാന്‍ ശ്രമിക്കുക.(പാലക്കാട് നഗരമധ്യത്തിലെ നമസ്‌കാരം, സീ ഫോര്‍ മീഡിയ, ജനുവരി 28, 2026)

പാലക്കാട്ടെ പ്രാദേശിക ചാനല്‍ സംഭവത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടു.
‘നടുറോഡില്‍ നിസ്‌കരിച്ച വീട്ടമ്മ. തിരക്കേറിയ പാലക്കാട് ഐ.എം.എ ജംഗ്ഷനിലാണ് നിസ്‌കാരം നടന്നത്. ഇതേതുടര്‍ന്ന് പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കുണ്ടായതോടെ പൊലീസ് ഇടപെട്ട് വീട്ടമ്മയെ നീക്കി. കോയമ്പത്തൂരിനടുത്ത് കുനിയമുത്തൂര്‍ സ്വദേശിയായ അനീസയാണ് പാലക്കാട് ഐ.എം.എ ജംഗ്ഷനില്‍ നിസ്‌കരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഒരു പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു വീട്ടമ്മയുടെ നിസ്‌കാരം. അനീസയുടെ മരണപ്പെട്ട ഭര്‍ത്താവിന് അവകാശപ്പെട്ട ഭൂമിയുടെ വിഹിതം ഇവരുടെ കുടുംബത്തിന് നല്‍കാതെ ഭര്‍ത്താവിന്റെ സഹോദരന്മാര്‍ വീതം വെച്ചിരുന്നു. കൊല്ലങ്കോട് നന്ദന്‍കിഴായയിലായിരുന്നു ഭര്‍ത്താവിന്റെ വീട്. ആകെ എട്ട് സെന്റ് ഭൂമിയിലാണ് ഇവര്‍ക്കും അവകാശമുള്ളത്. ഒഴിവാക്കിയതില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇല്ലാതായതോടെയാണ് വീട്ടമ്മ പ്രതിഷേധ നിസ്‌കാരം നടത്തിയത്. വീട്ടമ്മയെ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് നീക്കി. ഇവരുടെ സഹോദരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രണ്ട് മക്കളാണ് തനിക്കുള്ളതെന്നും തനിക്ക് നീതി വേണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ മറ്റൊരു കടയിലേക്ക് പോയ സമയത്തായിരുന്നു റോഡില്‍ വീട്ടമ്മയുടെ പ്രതിഷേധം. (നടുറോഡില്‍ നിസ്‌കരിച്ചു വീട്ടമ്മ ‘ലൈവ് പാലക്കാട്’ റിപ്പോര്‍ട്ട്, ജനുവരി 28)

അതേ വാര്‍ത്ത ജനം ടീവി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ;
പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐ എം എ ജംഗ്ഷനില്‍ നിന്നുള്ള കാഴ്ചയാണിത്. ഗതാഗതക്കുരുക്ക് രൂക്ഷമായ റോഡിന് നടുവില്‍ പായ വിരിച്ച് നിസ്‌കരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍, വാഹനങ്ങള്‍ കടന്നുപോകുന്ന വഴി തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ല. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം.
നമ്മുടെ പൊതുയിടങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അവിടെ ഇത്തരം മതപരമായ ചടങ്ങുകള്‍ വഴിതടസ്സപ്പെടുത്തിക്കൊണ്ട് നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. അധികാരികള്‍ ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
(പാലക്കാട് നഗരമധ്യത്തില്‍ റോഡ് ഉപരോധിച്ച് നിസ്‌കാരം ജനം ടീവി ജനുവരി 28)

തീവ്ര കൃസ്ത്യന്‍ സംഘടനയായ കാസ ഫേസ്ബുക്കില്‍ എഴുതിയത്;
വിസ്മയം ഇങ്ങെത്തി മക്കളെ! അഭയം കൊടുത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന ആ വിസ്മയം ഒടുവില്‍ കേരളത്തിലുമെത്തിയിരിക്കുന്നു. റോഡ് നിസ്‌കരിക്കാനുള്ളതാണ് അല്ലാതെ വാഹനമോടിക്കാനുള്ളതല്ല, ഭരണ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവന കൂടി വന്നാല്‍ പൊളിക്കും. ഇതാണ് ജമാഅത്തെ ഇസ്‌ലാമിയിയും മുസ്‌ലിം ലീഗും എസ്ഡിപി ഐയുമെല്ലാം സ്വപ്നം കാണുന്ന ഭാവി കേരളം.

‘തട്ടമിട്ടവള്‍ കാലനായി’

ബസ് യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയെന്നാരോപിച്ച് വ്‌ളോഗറും അരീക്കോട് പഞ്ചായത്ത് വെള്ളേരി വാര്‍ഡിലെ മുസ്ലിം ലീഗിന്റെ വാര്‍ഡ് അംഗവുമായിരുന്ന ഷിംജിത മുസ്തഫ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്ന്, ആരോപണ വിധേയനാനായ ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തു. ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഷിംജിതക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചു. ഷിംജിതയുടെ മുസ്‌ലിം സ്വത്വവും മുസ്‌ലിം ലീഗ് ബന്ധവും, വിദ്വേഷ പ്രചാരങ്ങള്‍ക്ക് കൂടി വഴിവെച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകയായ ലസിത പാലക്കല്‍ ഫേസ്ബുക്കില്‍ എഴുതുന്നു:
‘മുസ്‌ലിം ലീഗ് നേതൃത്വം അവളെ സംരക്ഷിക്കുന്നതിന് മുമ്പ് നിയമപാലകര്‍ നടപടിയെടുക്കണം.
അരീക്കോട് പഞ്ചായത്ത് വെള്ളേരി വാര്‍ഡിലെ മുസ്ലിം ലീഗിന്റെ കഴിഞ്ഞ ടേമിലെ മെമ്പറായ ഷിംജിതയാണ് വ്യാജ ആരോപണം ഉന്നയിച്ച് റീച്ചിന് വേണ്ടി വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് എന്ന 40 കാരനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത്.. ഒരു വ്യക്തിക്കെതിരെ ആരോപണം ഉണ്ടെങ്കില്‍ നിയമത്തിന്റെ വഴിയില്‍ നീങ്ങാതെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു ആത്മഹത്യയിലേക്കു തള്ളിവിടുകയാണെങ്കില്‍, ഭാരതീയ ന്യായ സംഹിതയുടെ 108 ആം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തേണ്ടതാണ്. പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ഇത്.
ദീപക്കിനെ ആത്മാവിന് നിത്യശാന്തി നേരുന്നു….
(തലക്കെട്ടില്ല, ലസിത പാലക്കല്‍, ഫേസ്ബുക് പോസ്റ്റ്, ജനുവരി 18)

അതെ ദിവസം തന്നെ ലസിത പാലക്കലിന്റെ മറ്റൊരു ഫേസ്ബുക് പോസ്റ്റ്.
തട്ടമിട്ടവള്‍ കാലനായി
”തട്ടമിട്ടവള്‍ കാലനായി, നിങ്ങളിനി ശ്രദ്ധിക്കെണ്ടത് ജസ്നയെ ആണ് അവളും ഇവളും ഒക്കെ കണക്കാ” എന്ന്
(തട്ടമിട്ടവള്‍ കാലന്‍, ലസിത പാലക്കല്‍, ഫേസ്ബുക് പോസ്റ്റ്, ജനുവരി 18)

ദീപകിന്റെ ആത്മഹത്യാ ഷിംജിതക്ക് നിയമ സഹായം ഒരുക്കി മുസ്‌ലിം ലീഗ്’ എന്ന ദേശാഭിമാനി പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ദേവസേന എന്ന ഫേസ്ബുക്ക് പേജ് എഴുതിയ പോസ്റ്റ്:
”അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യചെയ്ത കേസിലെ പ്രതിക്ക് നിയമസഹായവുമായി മുസ്‌ലിംലീഗ്. ലീഗിന്റെ വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുന്‍ അംഗവുമായ പ്രതി ഷിംജിത മുസ്തഫയ്ക്ക് വേണ്ടി ഹാജരായത് യൂത്ത്ലീഗ് കുന്നമംഗലം മണ്ഡലം സെക്രട്ടറി കൂടിയായ ടിപി ജുനൈദാണ്. ജില്ലയില്‍ ലീഗുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരില്‍ പ്രമുഖനാണ് ഇദ്ദേഹം.” (പ്രതിക്ക് നിയമസഹായവുമായി മുസ്‌ലിംലീഗ്, ദേവസേന- ഫേസ്ബുക് പേജ്, ഫേസ്ബുക്ക്, ജനുവരി 28, 2026)

മതമെന്ന പ്രശ്‌നം
മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ ‘മതമാണ് മതമാണ് മതമാണ് പ്രശ്നം’ എന്ന വിവാദ പ്രസംഗത്തിന് മറുപടിയായി ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ‘മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നതല്ല, മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്നമെന്നതാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന പരാമര്‍ശം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സി.കെ നജാഫ് മാധ്യമം ദിനപത്രത്തില്‍ ‘മതം തന്നെയാണ് പ്രശ്‌നം’ എന്ന തലകെട്ടില്‍ മറുപടിയെഴുതി.
‘മതം നോക്കിയാണ് റിയാസ് മൗലവിയെ കൊന്നത്, കൊടിഞ്ഞി ഫൈസലിനെ കൊന്നത്, മുഹമ്മദ് അഖ്ലാഖിനെ കൊന്നത്, മതമല്ല മതമല്ല പ്രശ്നം എന്ന് വെള്ളാപ്പള്ളിയുടെ മുഖത്ത് നോക്കി മന്ത്രിക്ക് പറയാമോ?’ എന്ന് ലേഖനത്തില്‍ പറയുന്നു.
(മതം തന്നെയാണ് പ്രശ്‌നം – അഡ്വ. സി കെ നജാഫ്, മാധ്യമം പത്രം, ജനുവരി 30, 2026)

ഇതേ വിഷയത്തില്‍ ഇടപെട്ട് എസ്.വൈ.എസ് മുന്‍ നേതാവ് മുഹമ്മദലി കിനാലൂര്‍ മതം നോക്കി രാജ്യത്ത് നടന്ന അതിക്രമങ്ങളെ എണ്ണിപ്പറഞ്ഞ് കെ.എന്‍ ബാലഗോപാലിന്റെ പരാമര്‍ശത്തെ വിമര്‍ശിക്കുന്നു. (മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക് പോസ്റ്റ്, ജനുവരി 30)

ഇതേ പ്രശ്‌നത്തില്‍ ‘വര്‍ഗീയത പറയുന്നവരാണ് പ്രശ്‌നം’ എന്ന ക്യാപ്ഷനില്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ ഒരു പോസ്റ്റര്‍ പ്രസിദ്ധീകരിച്ചു. പോസ്റ്ററില്‍ ‘മതമല്ല, മതമല്ല, മതമല്ല പ്രശ്‌നം, വര്‍ഗീയത പറയുന്നവരാണ് പ്രശ്‌നം’ എന്ന കുറിപ്പോടെ അബ്ദുന്നാസിര്‍ മഅദനി, വെള്ളപാളി നടേശന്‍, എ.കെ ബാലന്‍, സജി ചെറിയാന്‍ എന്നിവരുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. പോസ്റ്റ് പുറത്തുവന്നതോടെ വിമര്‍ശനവുമായി പിഡിപി അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.
യൂത്ത് കോണ്‍ഗ്രസിനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നതായി പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ ഫേസ്ബുക്കിലൂടെ പ്രസ്താവന നടത്തി.

”വര്‍ഗീയത പറയുന്നവരാണ് പ്രശ്‌നം എന്ന ക്യാപ്ഷനില്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുള്ള പോസ്റ്റര്‍ വന്ന പശ്ചാത്തലത്തില്‍ പോസ്റ്റര്‍ പിന്‍വലിക്കണം എന്നും യൂത്ത് കോണ്‍ഗ്രസിനെ പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്നും പിഡിപി. പോസ്റ്റര്‍ പിന്‍വലിക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ ആവശ്യപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ഭരണകൂട ഭീകരതയും വിവേചനങ്ങളും അത്യുച്ചത്തില്‍ വിളിച്ച് പറഞ്ഞതിനപ്പുറം മഅ്ദനി വര്‍ഗീയത പറഞ്ഞതായി യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്തെന്ന് ചോദ്യം. മഅ്ദനി പറഞ്ഞ വര്‍ഗീയതയെ കുറിച്ച് തെളിവുകള്‍ നിരത്തി പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കാന്‍ പി.ഡി.പി.യുടെ സാധാരണ പ്രവര്‍ത്തകര്‍ക്ക് പോലും കഴിയും എന്ന് പോസ്റ്റില്‍ പറയുന്നു (മഅ്ദനി പറഞ്ഞ ‘വര്‍ഗീയത’: യൂത്ത് കോണ്‍ഗ്രസിനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നു – പി.ഡി.പി., പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി കേരള ഫേസ്ബുക്ക് പേജ്, ജനുവരി 30, 2026)
വിവാദമായതോടെ പോസ്റ്റര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ഫേസ്ബുക് പേജില്‍ നിന്ന് പിന്‍വലിച്ചു.

ചില പ്രതിരോധങ്ങള്‍
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ രംഗത്തെത്തി. ജനുവരി മൂന്നിന് ‘ദീപിക’ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. എ.ഡി 52 മുതല്‍ ക്രിസ്തുമതം സ്വീകരിച്ച് ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരാണ് ഇവിടുത്തെ ക്രിസ്ത്യാനികളെന്നും, അല്ലാതെ അവര്‍ അറബി രാജ്യങ്ങളില്‍ നിന്നും വന്നവരല്ലെന്നും കാതോലിക്കാ ബാവ വിശദീകരിക്കുന്നു. അതുപോലെതന്നെ, ഇവിടുത്തെ മുസ്‌ലിംകളും ഇവിടെത്തന്നെ ജനിച്ചു വളര്‍ന്നവരാണ്; അല്ലാതെ മധ്യപൂര്‍വ ദേശങ്ങളില്‍ നിന്നുള്ളവരല്ല. ഹിന്ദുമതത്തിന്റേതുപോലെ തന്നെ ഇസ്‌ലാം മതത്തിനും ക്രിസ്തുമതത്തിനും ഈ രാജ്യത്ത് നിലനില്‍ക്കാന്‍ തുല്യ അവകാശമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലുള്ളവര്‍ വിദേശികളാണെന്നും അവര്‍ രാജ്യം വിട്ടുപോകണമെന്നും പറയുന്നവരുടെ അറിവില്ലായ്മയോട് സഹതപിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, ഇത്തരം അറിവില്ലായ്മകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും അവര്‍ക്ക് ഓശാന പാടുകയും ചെയ്യുന്ന ഭരണാധികാരികള്‍ അധികാരത്തിലിരിക്കുമ്പോള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ തമസ്‌കരിക്കപ്പെടുമെന്ന ഗൗരവതരമായ മുന്നറിയിപ്പും മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ തന്റെ ലേഖനത്തിലൂടെ നല്‍കുന്നുണ്ട്.

അതേസമയം മുസ്‌ലിംകളുടെ സാമ്പത്തിക വളര്‍ച്ചയാണ് സാമുദായിക നേതാക്കളുടെ അസൂയക്ക് കാരണമെന്ന് ഏഷ്യാനെറ്റ് ടിവിയുടെ നേര്‍ക്കുനേര്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യു പറയുന്നത്. ക്രിസ്ത്യാനികള്‍ അവര്‍ നേരിട്ട അവകാശ നിഷേധങ്ങള്‍ സ്വയം ബോധിപ്പിക്കട്ടെ, എന്തിനാണ് മറ്റുള്ളവര്‍ അത് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കെതിരെയാണ് വെള്ളാപ്പള്ളി നടേശന്‍ ആദ്യം വിധ്വേഷ പ്രസംഗങ്ങള്‍ പ്രസംഗിച്ചതെന്നും പിന്നീടാണ് മുസ്‌ലിംകള്‍ക്ക് നേരെ തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷത്തോളം സാമുദായിക നേതാക്കളായി ഇരുന്നവര്‍ സമുദായത്തിന് വേണ്ടി എന്ത് പ്രവര്‍ത്തിച്ചുവെന്നും റോയ് മാത്യു ചോദിച്ചു. (മുസ്‌ലിംകള്‍ ഗതി പിടിച്ചതാണ് ഈ ‘സമുദായ നേതാക്കളുടെ’ മുസ്‌ലിം വിരോധത്തിനു പിന്നില്‍, ജനുവരി 27, നേര്‍ക്കുന്നേര്‍ എപ്പിസോഡ് 856)

വിദ്വേഷ പ്രസംഗ വിരുദ്ധ ബില്‍ പാസാക്കണം

കര്‍ണാടക സര്‍ക്കാര്‍ മോഡലില്‍ സംസ്ഥാന സര്‍ക്കാര്‍ വിദ്വേഷ പ്രസംഗ വിരുദ്ധ ബില്‍ പാസാക്കണമെന്ന് മുസ്ലിം എംപ്‌ളോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) ആവശ്യപ്പെട്ടു. മുസ്ലിം മത വിദ്വേഷ പ്രചാരണം സാര്‍വത്രികമായി കൊണ്ടുനടക്കുന്ന രാഷ്ട്രീയ-സമുദായ-മത നേതാക്കളെ നിരുപാധികം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും ഇത് അവസാനിപ്പിക്കമെന്നും മെക്ക സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ.പി നസീര്‍ പറഞ്ഞു.’2025 ഏപ്രില്‍ 5നും ഡിസംബര്‍ 16നും ഇടക്ക് 60 പ്രാവശ്യമാണ് വെള്ളാപ്പള്ളി മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ ഇറക്കിയത്. കേരളീയ ബഹുസ്വരതക്കെതിരെ ആപല്‍ക്കരമായ വെല്ലുവിളി ഉയര്‍ത്തുന്ന വാക് വിലാസത്തെ സരസ്വതി വിലാസമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രഭാഷണം നടത്തിയിട്ടുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തില്‍ അതിഥിയായി കൊണ്ടുവരാന്‍ ശ്രമം നടത്തിയതിലൂടെ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെ അദ്ദേഹം അങ്ങേയറ്റം അവമതിക്കുകയാണ് ചെയ്തത്. ഇത് തിരിച്ചറിഞ്ഞ പിന്നാക്ക ന്യൂനപക്ഷ മത വിഭാഗങ്ങളാണ് ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പ്രതികരിച്ചത്. കേരളീയ സമൂഹം മറക്കുകയും പൊറുക്കുകയും, ഇനിയൊട്ട് സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മാറാട് പോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് വിളിച്ചോതിക്കൊണ്ടിരിക്കുന്നത് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയാണെന്നത് പൊതുജനങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നു’- അദ്ദേഹം പറഞ്ഞു. (സംസ്ഥാന സര്‍ക്കാര്‍ വിദ്വേഷ പ്രസംഗ വിരുദ്ധ ബില്‍ പാസാക്കണം: മുസ്ലിം എംപ്‌ളോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ – മീഡിയവണ്‍ – ജനുവരി 11)

Related