August 13 Thursday 2026

ആല്‍ ജിഹാദ്, പിന്നില്‍ ജമാത്തെ ഇസ്‌ലാമി, മതതീവ്രവാദികളുടെ ചട്ടുകമാക്കിയ അംബേദ്കര്‍, ഡിസംബറിലെ ഇസ്‌ലാമോഫോബിക് സംഭവങ്ങള്‍

2025 വര്‍ഷം അവസാനിക്കുമ്പോള്‍ ഇസ്‌ലാമോഫോബിയ കൂടുതല്‍ തീവ്രമായ തോതില്‍ സമൂഹത്തില്‍ വ്യാപിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. (ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട് 2025) എന്നാല്‍, സമൂഹത്തിന്റെ രാഷ്ട്രീയ മാധ്യമ അക്കാദമിക രംഗത്തുള്ളവര്‍ ഇസ്‌ലാമോഫോബിയ എന്നത് വംശീയതയില്‍ നിന്ന് ഉടലെടുക്കുന്ന വെറുപ്പാണ് എന്നും അത് ജനാധിപത്യ വിരുദ്ധമാണ് എന്നും തുറന്നു പറയാന്‍ തുടങ്ങി എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

മതതീവ്രവാദികളുടെ ചട്ടുകമാക്കിയ അംബേദ്കര്‍?
അംബേദ്കറുടെ മുസ്‌ലിം വിമര്‍ശനത്തെ മുന്‍നിര്‍ത്തിയാണ് ഡിസംബര്‍ മാസത്തില്‍ ഇസ്‌ലാമോഫോബിയക്ക് ഹിന്ദുത്വര്‍ മറ്റൊരു പ്രതലമൊരുക്കിയത്. മലയാള മനോരമയുടെ സാഹിത്യോത്സവമായ ഹോര്‍ത്തൂസില്‍ ‘അംബേദ്ക്കറെ എങ്ങനെ വായിക്കണം?’ എന്ന സംവാദത്തില്‍ (നവംബര്‍ 29) ശ്രീജിത് പണിക്കര്‍, ടി.എസ് ശ്യാംകുമാര്‍, സണ്ണി എം കപിക്കാട്, മായ പ്രമോദ് എന്നിവരാണ് പങ്കെടുത്തത്. സംവാദത്തിനിടയില്‍ ശ്രീജിത് പണിക്കര്‍ അംബേദ്ക്കര്‍ നടത്തിയ ഇസ്‌ലാം വിമര്‍ശനത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. സംവാദത്തില്‍ പങ്കെടുത്തവര്‍ ചില മറുപടികളും പറഞ്ഞു. ശ്രീജിത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ പര്യാപ്തമായിരുന്നില്ലെന്ന് ശ്രീജിത്ത് പണിക്കരും അദ്ദേഹത്തിന്റെ അനുയായികളും ആരോപിച്ചു. മറ്റുള്ളവര്‍ മറിച്ചും ആരോപിച്ചു. ഈ വിഷയം സാമൂഹികമാധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളോളം നീണ്ടുനിന്നു.

ഹിന്ദു ഐക്യവേദി കേരളം സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി ബാബു ഇടത് ജിഹാദി അംബേദ്കറിസ്റ്റുകളെ ‘അംബേദ്കറെ അംബേദ്കറിസ്റ്റുകളുടെ തടവറയില്‍ നിന്ന് മോചിപ്പിക്കണം’ എന്ന് ആഹ്വാനം ചെയ്തു. ഡോ. അംബേദ്കറുടെ ഹിന്ദുമത വിമര്‍ശനത്തെ മാത്രം ഉയര്‍ത്തിക്കാട്ടി ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും സിപിഎമ്മും ഒരുക്കുന്ന വേദികളില്‍ ബ്രാഹ്മണ വിരോധത്തിന്റെ മറവില്‍ ഹിന്ദു വിമര്‍ശനത്തിന് ഉപയോഗിക്കുന്ന അംബേദ്കറൈറ്റുകളെയും അദ്ദേഹം വിമര്‍ശിക്കുന്നു. അംബേദ്കര്‍ മലബാര്‍ മാപ്പിള ലഹളയിലെ മുസ്‌ലിം ക്രൂരതകള്‍ക്കെതിരെ നിന്നയാളും, ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ പൊള്ളത്തരം തുറന്നുപറഞ്ഞയാളും, മുസ്‌ലിംകളെ അപരമത വിദ്വേഷികളാണെന്ന് വിശേഷിപ്പിച്ചയാളും, ഇന്ത്യയുടെ സമാധാനത്തിന് ഹിന്ദു-മുസ്‌ലിം കൈമാറ്റം വേണമെന്ന് വാദിച്ചയാളും, നെഹ്റു സര്‍ക്കാരിന്റെ മുസ്‌ലിം പ്രീണനത്തെ ശക്തമായി വിമര്‍ശിച്ചയാളും, ഏകീകൃത സിവില്‍ കോഡിന് ആവശ്യപ്പെട്ടയാളും, 370-ാം വകുപ്പ് അനുയോജ്യമല്ലെന്ന് പ്രഖ്യാപിച്ചയാളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. (ഫേസ്ബുക്ക്/ ഹിന്ദുഇസം മലയാളം, ഡിസംബര്‍ 5). അംബേദ്കറെ ഇസ്ലാമിക മതതീവ്രവാദികളുടെ ചട്ടുകമാക്കി പ്രവര്‍ത്തിക്കുന്ന അംബേദ്കറൈറ്റുകള്‍ കപട വാദികളാണെന്നും അംബേദ്കറുമായി യോജിക്കാത്തവരാണെങ്കിലും ഭാരതത്തിന്റെ മഹാനായ പുത്രനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (ഫേസ്ബുക്ക്/ ആര്‍.വി ബാബു, ഡിസംബര്‍ 6). ഇതിനെതിരെ കെ. സന്തോഷ്‌കുമാര്‍, ആര്‍എസ്എസ്-ഹിന്ദുത്വ ശക്തികള്‍ അംബേദ്കറെ ഇല്ലാതാക്കാന്‍ ആദ്യകാലം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാല്‍ അദ്ദേഹത്തെ മുസ്‌ലിം വിരുദ്ധനാക്കി ഏറ്റെടുക്കാനുള്ള അജണ്ടയാണെന്ന് ആരോപിച്ചു (ഫേസ്ബുക്ക്/ കെ സന്തോഷ്, ഡിസംബര്‍ 6).
അഡ്വ. സജി കെ ചേരമന്‍ ഇതിനോട് പ്രതികരിച്ച്, ഇസ്‌ലാമാണ് വിമോചന പ്രത്യയശാസ്ത്രമെന്ന് പ്രഖ്യാപിക്കുന്ന ശ്രീജിത്ത് പണിക്കരെ പരിഹസിക്കുന്നവരെ അംബേദ്കര്‍ പക്ഷത്ത് കുറവാണെങ്കിലും അത്തരം അപൂര്‍വക്കാരെ മുന്‍നിര്‍ത്തി ബ്രാഹ്മണ്യത്തെ ന്യായീകരിക്കുന്നത് അംഗീകരിക്കില്ലെന്നും, അംബേദ്കറുടെ ഇസ്‌ലാം വിമര്‍ശനത്തെ അംബേദ്കറൈറ്റുകള്‍ തള്ളിയിട്ടില്ലെങ്കിലും ചിലര്‍ അങ്ങനെ ചെയ്യുന്നുണ്ടെന്നും, ‘ലോകത്തിന്റെ വിമോചന പ്രത്യയശാസ്ത്രം ഇസ്‌ലാമാണ്’ എന്ന പബ്ലിക് ഡൊമെയ്ന്‍ പ്രസ്താവനയുണ്ടെങ്കിലും അത്തരക്കാര്‍ അപൂര്‍വരാണെന്നും, സംഘപരിവാര്‍ അംബേദ്കറൈറ്റുകളെ ജിഹാദി ഏജന്റുകളാക്കി ചിത്രീകരിക്കുന്നുവെന്നും വാദിച്ചു (ഫേസ്ബുക്ക്/ അഡ്വ. സജി കെ ചേരമന്‍, ഡിസംബര്‍ 11).

ഏകസിവില്‍ കോഡ് എന്ന നാരങ്ങാനീര്
പാചക വിദഗ്ധനും നമ്പൂതിരി സമുദായ നേതാവുമായ പഴയിടം മോഹനന്‍ നമ്പൂതിരി, ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ നടത്തിയ ഇന്റര്‍വ്യൂവില്‍ ഏക സിവില്‍കോഡ് ആവശ്യമായ ഒന്നാണ് എന്നാണ് വാദിക്കുന്നത്. തന്റെ സംവരണ വിരുദ്ധതയും അദ്ദേഹം ആവര്‍ത്തിക്കുന്നു. വിദ്യാഭ്യാസവും യോഗ്യതയും ഉള്ള എല്ലാവര്‍ക്കും ഉയര്‍ന്നുവരാന്‍ കഴിയുന്ന അനുകൂല സാഹചര്യങ്ങള്‍ ഇല്ലാത്ത നിലവിലെ സാഹചര്യത്തില്‍ സംവരണം വലിയ പ്രശ്‌നമാണ്, കൊടും വെയിലില്‍ ക്യൂ നില്‍ക്കുന്നവരില്‍ ചിലര്‍ക്ക് മാത്രം ക്ഷണിച്ച് നാരങ്ങാനീര്‍ നല്‍കി ബാക്കിയെല്ലാവരെയും ഒഴിവാക്കുന്നതുപോലെയാണ്; ഏകീകൃത സിവില്‍ കോഡ് അതിനാല്‍ ആവശ്യമാണ് ബ്രാഹ്മണനായതിന്റെ പേരില്‍ താന്‍ അപകര്‍ഷതാബോധം അനുഭവിച്ചിരുന്നു, ഇപ്പോള്‍ ആളുകളെ ബ്രാഹ്മണരാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് അന്നത്തെ അപകര്‍ഷതയുടെ തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി (‘വെയിലത്ത് ക്യൂ നില്‍ക്കുന്നവരില്‍ ചിലര്‍ക്ക് മാത്രം നാരങ്ങാനീര്‍’; ഏകീകൃത സിവില്‍ കോഡ് വേണമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി, സമകാലിക മലയാളം, നവംബര്‍ 30/ ഡിസംബര്‍ 1).

സാഹിത്യോത്സവങ്ങളിലെ ജമാലുമാരും അബ്ബാസുമാരും
മനോരമ സാഹിത്യോത്സവമായ ഹോര്‍ത്തൂസില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടിയെ ആദ്യഘട്ടത്തില്‍ ക്ഷണിച്ചെങ്കിലും പിന്നീട് വിളികളൊന്നും വരാതെ തിരസ്‌കരിക്കപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം ‘മനോരമ ഇത് ചെയ്യരുതായിരുന്നു’ എന്ന ശീര്‍ഷകത്തില്‍ ഫേസ്ബുക്ക് കുറിപ്പ് എഴുതി തിരസ്‌കാരം വിവരിച്ചു (നവംബര്‍ 27, ഫേസ്ബുക്ക്/ ജമാല്‍ കൊച്ചങ്ങാടി),ഡിസംബര്‍ 1-ന് എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസും സമാന അനുഭവം പങ്കുവച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ചു: ‘ജമാലുകളും അബ്ബാസുകളും നിങ്ങളുടെ ഉത്സവങ്ങളില്‍ ഇത്തരത്തില്‍ പുറത്താക്കപ്പെടുന്നതിന്റെ രാഷ്ട്രീയം സാംസ്‌കാരിക കേരളത്തിന് മനസ്സിലാവില്ലെന്ന് ധരിക്കരുത്; കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ തൂങ്ങിച്ചാവുമെന്ന് പറഞ്ഞ മുത്തശ്ശനുണ്ടെന്നും അറിയാം; ഈ കാലത്ത് പേരിലെ മതം നോക്കിയാണ് ജമാലിനെയും എന്നെയും മറ്റാരെയെങ്കിലും ഒഴിവാക്കിയതെങ്കില്‍ കഷ്ടം’ എന്നിവയുള്‍പ്പെടെ (ഡിസംബര്‍ 1, ഫേസ്ബുക്ക്/ മുഹമ്മദ് അബ്ബാസ്); സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായ ഈ വിഷയത്തില്‍ മനോരമയുടെ ക്ഷമാപണത്തിനു പിന്നാലെ അബ്ബാസ് പോസ്റ്റ് പിന്‍വലിച്ചു. ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ലഭിച്ചതിനാല്‍ തന്റെ തെറ്റിദ്ധാരണകള്‍ മാറി, ഇനിയും ആ പോസ്റ്റില്‍ കടിച്ച് തൂങ്ങി ആരെങ്കിലും പൊങ്കാലയിട്ടാല്‍ താന്‍ ഉത്തരവാദിയല്ല, ചില സുഡാപ്പി പ്രൊഫൈലുകളുടെ അമിത സ്‌നേഹം കണ്ടതിനാലുമാണ് ഈ കുറിപ്പ് എഴുതിയത് എന്ന് അദ്ദേഹം വിശദീകരിച്ചു (ഡിസംബര്‍ 2, ഫേസ്ബുക്ക്/ മുഹമ്മദ് അബ്ബാസ്; ജമാലുമാരും അബ്ബാസുമാരും പുറത്താക്കപ്പെടുന്ന സാഹിത്യോത്സവങ്ങള്‍; മനോരമ ഹോര്‍ത്തൂസിനെതിരെ വിമര്‍ശനം, മക്തൂബ് മലയാളം, ഡിസംബര്‍ 1).

‘പിന്നില്‍ ജമാത്തെ ഇസ്‌ലാമി’ ആഖ്യാനങ്ങള്‍
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഫലം വന്നെങ്കിലും തിരഞ്ഞെടുപ്പിലെ പ്രധാന ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളില്‍ ഒന്നായിരുന്ന ജമാഅത്തെ ഇസ്‌ലാമിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഡിസംബര്‍ മാസത്തിലും തുടര്‍ന്നു. ദീപിക പത്രം അവരുടെ എഡിറ്റോറിയയിലില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തെ വിമര്‍ശിച്ചു: സഖ്യത്തിലൂടെ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്‍സീറ്റ് ഡ്രൈവിങ് സംഭവിക്കുമെന്നും, ജമാഅത്തിന്റെ രാഷ്ട്രസങ്കല്പം മതേതരത്വവുമായി പൊരുത്തപ്പെടില്ല, വെല്‍ഫെയര്‍ പാര്‍ട്ടിയുമായാണ് സഖ്യമെന്ന യുഡിഎഫ് ന്യായീകരണത്തില്‍ കാര്യമില്ല, ജമാഅത്ത് ജനാധിപത്യവിരുദ്ധ-ഇസ്‌ലാം രാഷ്ട്ര ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ചെന്ന വാദം തെറ്റാണെന്നും, 2019-ല്‍ അമീര്‍ ആരിഫലി ‘മൗദൂദി അല്ല, ഖുര്‍ആനും സുന്നത്തുമാണ് പ്രമാണം’ എന്ന് പറഞ്ഞെങ്കിലും അത് മൗദൂദി വ്യാഖ്യാനമാണെന്നും ഭരണഘടനയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണെന്നും, മുസ്‌ലിംകളെ രാഷ്ട്രവിരുദ്ധരാക്കി അപരവത്കരിക്കുന്ന ജമാഅത്തിന്റെ ലക്ഷ്യം കോണ്‍ഗ്രസ് മുസ്‌ലിം പ്രീണനയ്ക്ക് അനുയോജ്യമെങ്കിലും നാടിന് ആപത്താണെന്നും മറ്റുമാണ് പ്രധാന വാദങ്ങള്‍. (‘സ്ഥാനാര്‍ത്ഥികള്‍ കുറയുന്നുവോ?, ദ്വിജന്‍/അനന്തപുരി, ഡിസംബര്‍ 1); അതേ ദിവസം ദീപികയില്‍ വി. മനോജ് നടത്തിയ പി.കെ കുഞ്ഞാലിക്കുട്ടി അഭിമുഖത്തില്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ കണ്ട് വോട്ട് ചോദിക്കുന്ന വീഡിയോ ഓര്‍മിപ്പിച്ചു (‘അനുകൂല തരംഗം: കുഞ്ഞാലിക്കുട്ടി’). മറുപടിയായി, ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും, ഏകപക്ഷീയ പിന്തുണ മാത്രംമാണ് ഉണ്ടായതെന്നും കോടിയേരി ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച ചെയ്തിട്ടില്ല എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അവകാശപ്പെട്ടു. (കോഴിക്കോട് പ്രസ്സ് ക്ലബ് ‘മീറ്റ് ദി ലീഡര്‍’ പരിപാടി, ‘ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചിട്ടുണ്ട്, പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് എംവി ഗോവിന്ദന്‍’, ജന്മഭൂമി, ഡിസംബര്‍ 1); ഇതിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം, 2006 തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ജമാഅത്ത്-പിഡിപി പിന്തുണ സ്വീകരിച്ചതും, 1994 ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ്, 1996 നിയമസഭാ തെരഞ്ഞെടുപ്പ് ദേശാഭിമാനി എഡിറ്റോറിയല്‍, 2009 ലോക്‌സഭയിലേക്കുള്ള 18 സീറ്റുകളിലുള്ള പിന്തുണ, 2011 തലശ്ശേരിയടക്കം 124 നിയമസഭാ മണ്ഡലങ്ങളിലെ പിന്തുണ, പിണറായി-ആരിഫലി കൂടിക്കാഴ്ച, 2015 അരൂക്കുറ്റി-കാരശ്ശേരി-മലപ്പുറം സഖ്യങ്ങള്‍ എന്നിവ തെളിവായി ചൂണ്ടിക്കാട്ടി (‘ജമാഅത്തെ ഇസ്‌ലാമി പിന്തുണ, പച്ചക്കള്ളം ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍: സിപിഎം ഒരുകാലത്തും സഖ്യമുണ്ടാക്കിയിട്ടില്ലെന്നത് നുണ’, വീക്ഷണം ഡിസംബര്‍ 1). ദേശാഭിമാനി യുഡിഎഫ്-ജമാഅത്ത് ബന്ധത്തെ ‘അവിശുദ്ധ സഖ്യം’മായി വിശേഷിപ്പിച്ചു. (‘ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടില്‍ മറുപടിയില്ല: യുഡിഎഫ് ഗുരുതര പ്രതിസന്ധിയില്‍’, ഡിസംബര്‍ 1)

ആര്‍എസ്എസിനെയും ജമാത്തെ ഇസ്‌ലാമിയെയും സമീകരിച്ചു തന്റെ സ്ഥിരം ശൈലിയില്‍ വിമര്‍ശിക്കുകയാണ് എം.എന്‍ കാരശ്ശേരി. ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്രവാദം പോലെ അപകടകരമാണ് ജമാഅത്തെയുടെ ഇസ്‌ലാം മതരാഷ്ട്രവാദ കൂട്ടുകെട്ടെന്നും അത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും എം.എന്‍ കാരശ്ശേരി. കേരളത്തിലെ നിഷ്പക്ഷ വോട്ടര്‍മാര്‍ ഈ സഖ്യം അംഗീകരിക്കില്ല. ജമാഅത്തെ ഇസ്‌ലാമി വിഷയത്തില്‍ മുസ്‌ലിംലീഗ് കാണിക്കുന്നതും അബദ്ധമാണ്. പത്തുവര്‍ഷമായി ഭരണം ഇല്ലാത്തത് ലീഗിനെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം വര്‍ഗീയ ബന്ധങ്ങള്‍ സ്ഥാപിച്ച് ഭരണത്തിലേറാന്‍ ലീഗ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (ജമാഅത്തെ ഇസ്‌ലാമി ബന്ധം യുഡിഎഫിന് തിരിച്ചടിയാകും, ഡിസംബര്‍ 4, ദേശാഭിമാനി).

കാരശ്ശേരിയുടെ ഈ വിമര്‍ശനം പ്രതിപാദിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരളത്തിലെ മുസ്‌ലിം ബഹുജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത കൂട്ടരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. ‘ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരമായ നിലപാടാണ്. മുസോളിനി പ്രാചീന റോമിന്റെ പാരമ്പര്യം, ഹിറ്റ്ലര്‍ ആര്യവംശ പാരമ്പര്യം എന്നിവ ഇളക്കിവിടുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുല്യമായാണ് ഇവിടെ ഹിന്ദുത്വ വാദികളും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും പ്രവര്‍ത്തിക്കുന്നത്. ജമാഅത്തിന്റെ ഇസ്ലാമിക രാഷ്ട്രവാദം ഹിന്ദുത്വയെപ്പോലെയാണെന്ന് എം.എന്‍ കാരശ്ശേരി പറഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി’ (ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം ആത്മഹത്യാപരമായ നിലപാട്, മുഖ്യമന്ത്രി. ഡിസംബര്‍ 5, ഡൂള്‍ന്യൂസ്).

എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിച്ച പിണറായി വിജയന്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂടുതല്‍ കടന്നാക്രമിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി യെ കൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് നയം ആത്മഹത്യാപരമാണെന്നും ഇസ്‌ലാം വിശ്വാസികളുമായി യാതൊരു ബന്ധവുമില്ലാത്ത മൗദൂദിയന്‍ തീവ്ര ആശയങ്ങളാണ് അവരുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിംകളില്‍ ബഹുഭൂരിഭാഗവും ജമാഅത്തെ ഇസ്‌ലാമിയുടെ നയങ്ങളെ അംഗീകരിക്കുന്നില്ല. എന്നിട്ടും നാല് വോട്ടിനായി കോണ്‍ഗ്രസ് അവരുമായി അവിശുദ്ധ സഖ്യമുണ്ടാക്കുകയാണ്. ഇസ്‌ലാം വിശ്വാസികളുമായി ബന്ധവുമില്ലാത്ത മൗദൂദിയന്‍ തീവ്ര ആശയങ്ങളാണ് അവരുടെ നയമെന്നും അദ്ദേഹം പറഞ്ഞു (ജമാഅത്തെ ഇസ്‌ലാമി സഖ്യം കോണ്‍ഗ്രസ് നാശത്തിന്, ഡിസംബര്‍ 6, കേരള കൗമുദി).

ഇന്ത്യയില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളും ഹിന്ദുതവാദികളും ഒരേ തൂവല്‍പ്പക്ഷികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍: ഇരുകൂട്ടരും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത കത്തിച്ചു പരസ്പര സഹകരണത്തിന്റെ സാധ്യത തേടുന്നു. ഹിന്ദുരാഷ്ട്രവാദം പോലെതന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്‌ലാമിക രാഷ്ട്രവാദവും ഹിന്ദുത്വക്ക് ഹിന്ദുവിശ്വാസവുമായി ബന്ധവുമില്ലാത്തതുപോലെ ജമാഅത്തെ ഇസ്‌ലാമിക്ക് വിശ്വാസികളുടെ ഇസ്‌ലാമുമായും ബന്ധമില്ല. മൗദൂദിയുടെ മതരാഷ്ട്രവാദം പോലുള്ള ആശയങ്ങള്‍ അങ്ങേയറ്റം ഇസ്ലാമികവിരുദ്ധമാണെന്ന് ഇസ്ലാം ഇസ്ലാം. മതപണ്ഡിതര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാകിസ്താനില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ അഹമ്മദീയ മുസ്‌ലിംളെ ക്രൂരമായി വേട്ടയാടിയതാണ് ചരിത്രം. ബംഗ്ലാദേശ് വിമോചന സമരകാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തതും ജമാഅത്തെ ഇസ്‌ലാമിയാണ് (യുഡിഎഫില്‍ അണികള്‍ക്കും എതിര്‍പ്പ്: ജമാഅത്തെ ഇസ്‌ലാമി സഖ്യം ആത്മഹത്യാപരം, ഒക്ടോബര്‍ 6, ദേശാഭിമാനി).

വര്‍ഗീയ പാര്‍ട്ടിയും ജനാധിപത്യ പാര്‍ട്ടിയും
സിപിഎം ജമാഅത്ത് ഇസ്‌ലാമി- കൂട്ടുകെട്ടിനെകുറിച്ച് വി.ഡി സതീശന്‍ പറയുന്നത് നോക്കുക: മുന്‍കാലങ്ങളില്‍ സജീവമായി സഖ്യം സ്ഥാപിച്ച എല്‍ഡിഎഫ്, ജമാഅത്തെ ഇസ്‌ലാമിയെ അറിയില്ല എന്ന് പറയുന്നത് കാപട്യമാണ്. ലീഗ്, എസ്ഡിപിഐ പോലുള്ള പാര്‍ട്ടികള്‍ എല്‍ഡിഎഫുമായി ധാരണയില്‍ എത്തുമ്പോള്‍ അവര്‍ മതേതരവാദികളും കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുമ്പോള്‍ വര്‍ഗീയവാദികളും ആകുന്ന രാഷ്ട്രീയം മുഖ്യമന്ത്രി അവസാനിപ്പിക്കണം (ഡിസംബര്‍ 6, റിപ്പോര്‍ട്ടര്‍ ടിവി).

‘തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങള്‍’ എന്നപേരില്‍ 1996 ഏപ്രില്‍ 22 ലെ ദേശാഭിമാനി മുഖപ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യും ജമാഅത്തെ ഇസ്‌ലാമിയും തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ എടുത്ത ഇടത് അനുകൂല നയത്തെക്കുറിച്ചായിരുന്നു മുഖപ്രസംഗം. ഇതേ കുറിച്ച് ദേശാഭിമാനി ഡിസംബര്‍ 9ന് ‘ജമാഅത്തെയെ വെളുപ്പിക്കാന്‍ വ്യാജപ്രചരണം’ എന്ന ശീര്‍ഷകത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസ്സിന്റെ ഫാസിസ്റ്റ് നയത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഇരു സംഘടനകളും ഇടതുപക്ഷത്തിന് അനുകൂലമായി നിലപാടെടുത്തതെന്നായിരുന്നു ദേശാഭിമാനി എഴുതിയത്: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സഖ്യം ദേശാഭിമാനിയെ മറയാക്കി ന്യായീകരിക്കാനുള്ള കോണ്‍ഗ്രസ് മുസ്‌ലിംലീഗ് വ്യാജ പ്രചരണം പൊളിയുന്നു. ജമാത്തെയെ മഹത്വവല്‍ക്കരിച്ച് ദേശാഭിമാനി മുഖപ്രസംഗം എഴുതി എന്നായിരുന്നു പ്രചരണം. 1996 ഏപ്രില്‍ 22 ലെ മുഖപ്രസംഗം ആധാരമാക്കിയാണിത്. ജമാഅത്തെയുടെ വ്യാജവാര്‍ത്ത വിദഗ്ധനായ സി. ദാവൂദ് പടച്ചുവിട്ട കള്ളമാണ് ദേശാഭിമാനിക്കും ഇടതുപക്ഷത്തിനുമെതിരായി പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം മുഖപ്രസംഗം എടുത്തുകാട്ടി (ജമാഅത്തെയെ വെളുപ്പിക്കാന്‍ വ്യാജപ്രചരണം: ദേശാഭിമാനി ഡിസംബര്‍ 09)

യുഡിഎഫിന്റെ കൂടെയായാല്‍ വര്‍ഗീയ പാര്‍ട്ടിയെന്നും അല്ലെങ്കില്‍ ജനാധിപത്യ പാര്‍ട്ടിയെന്നും തങ്ങള്‍ പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. ചിലയിടങ്ങില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചു. ചിലയിടങ്ങളില്‍ എല്‍ഡിഎഫിനെയും. കോണ്‍ഗ്രസ് ആണ് മതേതര പാര്‍ട്ടിയെന്നും ഇന്ത്യയില്‍ മുഴുവന്‍ പിന്തുണക്കുമെന്നും 2019 മുതല്‍ അവര്‍ എടുത്ത അഖിലേന്ത്യാ നിലപാടാണ്. കേരളം ഇന്ത്യയുടെ ഭാഗമായതുകൊണ്ട് ഇവിടെയും പിന്തുണച്ചു (വെല്‍ഫെയര്‍ ജനാധിപത്യ പാര്‍ട്ടി, അവരുമായി ചില സ്ഥലങ്ങളില്‍ സഹകരിച്ചിട്ടുണ്ട് -കെ. മുരളീധരന്‍; ചാലയില്‍ അവര്‍ പിന്തുണച്ചത് എല്‍ഡിഎഫിനെ, ഡിസംബര്‍ 12, മാധ്യമം).

തുടര്‍ന്നുള്ള ദിവസങ്ങളിലും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ജമാത്തെ ഇസ്‌ലാമിയെ മുന്‍നിര്‍ത്തി മുസ്‌ലിം സംഘടനകളെ പൈശാചികവത്കരിക്കുകയും ജനാധിപത്യത്തിനും മതേതരത്വത്തിനും കൊള്ളാത്തവരായി ചിത്രീകരിക്കുകയും ചെയ്യുന്നത് തുടര്‍ന്നു. തങ്ങളെ പിന്തുണക്കുമ്പോള്‍ ഉണ്ടായിരുന്ന നിലപാടല്ല ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്പോള്‍ ഉള്ളതെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍: പിണറായി ആഭ്യന്തരമന്ത്രിയായതിനാലാണ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാത്തത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ് ജമാഅത്തിന്റെ കൈകളിലാകും (ജമാഅത്തെ ഇസ്‌ലാമിക്ക് എല്‍ഡിഎഫ് അധികാരസ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്- എ.കെ. ബാലന്‍, ഡിസംബര്‍ 9, മീഡിയവണ്‍ ഓണ്‍ലൈന്‍).

വര്‍ഗീയ കുബുദ്ധി, വര്‍ഗീയ വലയം
ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള വര്‍ഗീയ കുബുദ്ധികളുടെ ദിവാസ്വപ്നം വിജയിക്കില്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍: ജമാഅത്തെ ഇസ്‌ലാമിയുടെ വര്‍ഗീയ വലയം ലീഗിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഒരു വര്‍ഗീയതയെയും അംഗീകരിക്കില്ല. എല്ലാ ഘട്ടത്തിലും ഒരേ നിലപാടാണ്. സംഘ്പരിവാറിന്റെ കുത്സിതനീക്കങ്ങളെ ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു: യുഡിഎഫിന്റെ കൂടെ ഉള്ളവര്‍ വന്‍തോതില്‍ കൊഴിഞ്ഞുപോകുകയാണ്. അപ്പോള്‍ പുതിയ ഏതെങ്കിലും ശക്തിയെ ഒന്നിച്ചുകൂട്ടാമോ എന്നാണ് നോക്കിയത്. ശ്രമിച്ചപ്പോള്‍ സാധാരണ നിലയില്‍ മുന്നണികളുടെയൊന്നും ഭാഗമാകാന്‍ പറ്റാത്ത ചിലരായിരുന്നു അത്. ജമാഅത്തെ ഇസ്‌ലാമിയെ അതുവച്ചു കൊണ്ടാണ് ഒന്നിച്ചുകൂട്ടാന്‍ കോണ്‍ഗ്രസും ലീഗും തയ്യാറായത്. ഇത് നാടിന് ഗുണകരമല്ല. നാളെ ജമാഅത്തെ ഇസ്‌ലാമി ലീഗിനെ വിഴുങ്ങും (സംഘിക്കുപ്പായം ചേരുക ശാഖകള്‍ക്ക് കാവല്‍ നിന്നവര്‍ക്ക്: മുഖ്യമന്ത്രി, ഡിസംബര്‍ 10, ജനയുഗം).

പാര്‍ലമെന്റില്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സിപിഎം എം.പി ഡോ. വി. ശിവദാസന്‍ മൗദൂദികളുമായി ലീഗ് സഖ്യം സ്ഥാപിച്ചുവെന്ന് ആക്ഷേപിച്ചു: അധികാരം കൊണ്ട് എല്ലാം മറച്ചുപിടിക്കാമെന്ന് മുസ്‌ലിം ലീഗും കരുതി. അതുകൊണ്ടാണ് മൗദൂദിയുടെ സംഘടനയുമായി കൈകൊര്‍ക്കുന്നത്. ഇന്ത്യന്‍ ജനത സവര്‍ക്കറുടെയും മൗദൂദിയുടെയും ശിഷ്യന്മാര്‍ അടക്കമുള്ള വര്‍ഗീയ ശക്തികളോട് പൊരുതണം- ഡോ. വി ശിവദാസന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു (വന്ദേമാതരം ചര്‍ച്ചയിലും സി.പി.എം മൗദൂദിക്കെതിരെ, ഡിസംബര്‍ 10, മാധ്യമം). ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ജമാഅത്തെ ഇസ്ലാമി വിമര്‍ശനം പക്ഷെ ഇരു മുന്നണികളെയും കുറ്റപ്പെടുത്തിയുള്ളതായിരുന്നു.

സംസ്ഥാനത്ത് തെരഞ്ഞടുപ്പില്‍ ഇടതു-വലതു രാഷ്ട്രീയം നിയന്ത്രിക്കുന്നത് തീവ്ര ഇസ്‌ലാമിക സംഘടനകളാണെന്നും അതില്‍ പ്രധാനം ജമാഅത്തെ ഇസ്‌ലാമിയാണെന്നും ജന്മഭൂമി: ഓരോ തെരഞ്ഞെടുപ്പ് കാലയളവിലും സിപിഎമ്മും, കോണ്‍ഗ്രസും തമ്മില്‍ പ്രധാന രാഷ്ട്രീയ പോരാട്ടം നടക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തിന്റെ പേരിലാണ്. മാറിമാറി ഇരുമുന്നണികളും തരാതരം പോലെ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തേടുകയും പിന്നീട് അവര്‍ അജണ്ട നിശ്ചയിക്കുകയും ചെയ്യുന്നതാണ് അവസ്ഥ. ഓരോ തെരഞ്ഞെടുപ്പ് കാലയളവിലും ഇടതുവലതു മുന്നണികള്‍ തീവ്ര മുസ്‌ലിം സംഘടനകളുടെ പിന്തുണ നേടുന്നതിനുള്ള മത്സരമാണ് നടത്തുന്നത്. ജമാഅത്തെ ഇസ്‌ലാമി തീവ്ര വര്‍ഗീയ സംഘടനയാണോ എന്നതിലായിരുന്നു ഇത്തവണ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാന തര്‍ക്കം. ഇതര മുസ്‌ലിം സംഘടനകളായ സമസ്തയും സലഫികളും പോലും ആവര്‍ത്തിച്ച് ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദ സംഘടനയെന്ന് വിശേഷിപ്പിക്കുമ്പോഴാണ് കോണ്‍ഗ്രസും സിപിഎമ്മും ഇവരുമായി രഹസ്യമായും പരസ്യമായി കൂട്ടുകൂടുന്നത് (ഇടതു-വലതു രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി, ഡിസംബര്‍ 11, ജന്മഭൂമി).
മുഴുവന്‍ പാര്‍ട്ടികള്‍ക്കും തീവ്രവാദ ശക്തികളുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനും ആരോപിച്ചു. യുഡിഎഫിന്റെ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധവും എല്‍ഡിഎഫിന്റെ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധവും ജനം തിരിച്ചറിയും. തീവ്രവാദ ശക്തികളുമായിട്ടാണ് എല്‍ഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത് (യുഡിഎഫിന്റെ ജമാഅത്തെ ഇസ്‌ലാമി ബന്ധവും എല്‍ഡിഎഫിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധവും ജനം തിരിച്ചറിയും; എന്‍ഡിഎക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് കെ. സുരേന്ദ്രന്‍, ഡിസംബര്‍ 11, മറുനാടന്‍ മലയാളി).

സിപിഎമ്മിന് തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് ‘ജനങ്ങളില്‍ നിന്ന് പഠിക്കും’ എന്ന തലക്കെട്ടില്‍ എം. സ്വരാജ് ദേശാഭിമാനിയില്‍ ലേഖനമെഴുതി. ആര്‍എസ്എസ്സിനെയും മുസ്‌ലിം സംഘടനകളെയും താരതമ്യം ചെയ്യുന്ന ലേഖനം ജമാഅത്തെ ഇസ്‌ലാമിയെയും വിമര്‍ശിച്ചു: സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് സംഘ്പരിവാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഈ കൂട്ടര്‍ മതരാഷ്ട്രവാദത്തിന്റെ പിന്നില്‍ ജനങ്ങളെ അണിനിരത്താനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ കാര്‍ബണ്‍ കോപ്പിപോലെ മറുമതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിച്ച് ആര്‍എസ്എസിന് കൂടി വളമാകുന്ന വികല രാഷ്ടീയമാണ് ജമാഅത്തെ ഇസ്‌ലാമിയും കൂട്ടരും മുന്നോട്ടുവെക്കുന്നത്. ഇതെല്ലാം നാടിന്റെ മതനിരപേക്ഷ അടിത്തറയെ പ്രതികൂലമായി ബാധിക്കും. ഇക്കൂട്ടരുമായെല്ലാം സഖ്യം ഉണ്ടാക്കി താല്‍ക്കാലിക നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് തയ്യാറായത് (‘ഒരു തദ്ദേശ തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കില്ലെന്ന് എല്ലാവരും ഓര്‍ക്കണം, ജമാഅത്തെ ഇസ്‌ലാമി ആര്‍എസ്എസിന്റെ കാര്‍ബണ്‍ കോപ്പി’; എം സ്വരാജ്, ഡിസംബര്‍ 15, മീഡിയവണ്‍ ഓണ്‍ലൈന്‍).

ന്യൂനപക്ഷ വര്‍ഗീയത പ്രചരിപ്പിക്കുന്നവരുമായി സഹകരിക്കുമ്പോള്‍ത്തന്നെയാണ് യൂഡിഎഫ് ഭൂരിപക്ഷ വര്‍ഗീയ വാദികളുമായി വോട്ട് കച്ചവടം നടത്തുന്നതെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍: ജനങ്ങളെ വഞ്ചിക്കുന്ന യുഡിഎഫിന്റെ ഈ ഹീനതന്ത്രം ജനാധിപത്യ -മതനിരപേക്ഷവാദികളെ ഞെട്ടിപ്പിക്കുന്നതാണ്. അധികാരക്കൊതി മൂത്ത യുഡിഎഫ് നേതൃത്വം അപകടകരമായ പരിക്ഷണങ്ങളാണ് നടത്തുന്നത്. കോ-ലീ-ബി സഖ്യം എന്നത് പഴങ്കഥയല്ല, വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്; ഇതോടൊപ്പം പുതിയ ചില ഗ്രൂപ്പുകളുംകൂടി ചേര്‍ന്നിട്ടുണ്ടെന്നുമാത്രം (തദ്ദേശ തെരഞ്ഞെടുപ്പിലെ വിപുലീകൃത കോ-ലീ-ബി സഖ്യം, ഡിസംബര്‍ 16, ദേശാഭിമാനി).

തെരെഞ്ഞെടുപ്പ് തോല്‍വിയിലെ ‘തീവ്രവാദം’
വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമല്ല, ക്ഷേമത്തിനും വികസനത്തിനുമൊപ്പമാണ് ജനസമ്മതിയെന്ന് വടക്കന്‍ കേരളം വിധിയെഴുതുമെന്ന് ദേശാഭിമാനി. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫ് സഖ്യം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. സര്‍ക്കാരിലുള്ള വിശ്വാസം പ്രതിഫലിക്കുന്ന ജനകീയ പ്രതികരണങ്ങള്‍ വര്‍ഗീയസഖ്യത്തെ നിരാശപ്പെടുത്തിയിരുന്നുവെന്നം പത്രം എഴുതി (വര്‍ഗീയസഖ്യം വേണ്ട, ഡിസംബര്‍ 11, ദേശാഭിമാനി)
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചതോടെ വിശ്വാസ്യതയും മുഖവും യുഡിഎഫിന് നഷ്ടമായതായി ദേശാഭിമാനി ആരോപിച്ചു. ജമാഅത്തെ ബന്ധം വിനയാകുമെന്ന ആധി കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും ഒരു വിഭാഗത്തിനുമുണ്ട്. എന്നാല്‍ പത്തുവര്‍ഷമായി ഭരണമില്ലാത്തനിലയ്ക്ക് അതിനായി ആരെയും കൂട്ടുപിടിക്കാമെന്നതാണ് ലീഗ് നയം (യുഡിഎഫ്- ജമാഅത്തെ കൂട്ടുകെട്ട്, നിയമസഭയിലേക്കുള്ള ട്രയല്‍ റണ്‍. പ്രതികരിക്കാന്‍ വടക്കന്‍ കേരളം, പി വി ജീജോ, ഡിസംബര്‍ 11, ദേശാഭിമാനി). എന്നാല്‍, യുഡിഎഫിന് സഹായകരമായത് ന്യൂനപക്ഷ ഏകീകരണവും വര്‍ഗീയധ്രുവീകരണമാണെന്നാണ് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല. വര്‍ഗീയത പ്രചരിപ്പിച്ചാണ് യുഡിഎഫ് വോട്ടര്‍മാരെ സമീപിച്ചത് (യുഡിഎഫിന് സഹായകമായത് വര്‍ഗീയ ധ്രുവീകരണം: ഐഎന്‍എല്‍, ഡിസംബര്‍ 24, ദേശാഭിമാനി)

പാകിസ്താന്‍ കൊടിപറത്തി ലീഗ് കേരള രാഷ്ട്രീയത്തില്‍ പടര്‍ന്നുപന്തലിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ റിസള്‍ട്ട് ശേഷം തിരുവനന്തപുരത്ത് എന്‍ഡിഎയ്ക്കായിരുന്നു ഭൂരിപക്ഷം. ഇതേ കുറിച്ച് പിണറായി വിജയന്‍ ആശങ്ക പ്രകടിപ്പിച്ചു. ‘തലസ്ഥാനത്തെ എന്‍ഡിഎ മേല്‍ക്കയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വര്‍ഗീയതയുടെ സ്വാധീനവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

പിണറായി വിജയന്റെ പ്രസ്താവനയും വി.ഡി സതീഷിന്റെ ഫോട്ടോയും ഷെയര്‍ ചെയ്തു കൊണ്ട് ശശികല ടീച്ചര്‍ ഫേസ്ബുക്കില്‍ ലീഗിനെക്കുറിച്ച് പ്രകോപനപരമായി ഇങ്ങനെ എഴുതി: മുസ്‌ലിം ലീഗ് പാക്കിസ്താന്‍ കൊടി പറത്തി കേരള രാഷ്ട്രീയത്തില്‍ പടര്‍ന്നു പന്തലിച്ചതില്‍ ആശങ്കയില്ല. ലോകത്തെ എല്ലാ ഇസ്‌ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളും ഇവിടെ ആഴത്തില്‍ വേരുപിടിച്ചതില്‍ ആശങ്കയില്ല. ജമാഅത്തെ ഇസ്‌ലാമിയെ പാലൂട്ടി തേനൂട്ടി രണ്ടു കൂട്ടരും കൂടി പൊലിപ്പിച്ചു വളര്‍ത്തിയതില്‍ ആശങ്കയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വിളയാട്ടത്തില്‍ ആശങ്ക ഉണ്ടായിരുന്നില്ല. സുഡാപ്പികള്‍ ഇവിടെ തിമര്‍ക്കുമ്പോള്‍ ആശങ്കയില്ല. പര്‍ദക്കുള്ളിലേക്ക് നവോത്ഥാനത്തെ തള്ളിക്കയറ്റുമ്പോള്‍ ആശങ്കയില്ല. രണ്ടാളും കൂടി ഇരുന്നും കിടന്നും നടന്നും ചിന്തിച്ച് ആശങ്ക തീര്‍ക്കണം. നേതാക്കളെ, ”ഇരുമെയ്യാണെങ്കിലും നിങ്ങളൊറ്റക്കരളല്ലേ ജീവന്റെ ജീവനല്ലേ” (ഡിസംബര്‍ 13, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

മുസ്‌ലിം സംഘടനകളെ പൈശാചികവല്‍ക്കരിക്കുന്നു
മുസ്‌ലിം സംഘടനകളെ പൈശാചികവല്‍ക്കരിച്ച് ഭൂരിപക്ഷ സമൂഹത്തിനിടയില്‍ ഭീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ഐഎസ്എം സംസ്ഥാന പ്രവര്‍ത്തന സമിതി: സാമുദായിക സംഘടനകളോടുള്ള വിയോജിപ്പിന്റെ മറവില്‍ ഭൂരിപക്ഷ ഏകീകരണത്തിനുള്ള ഡോഗ് വിസിലുകളെ പ്രതിരോധിക്കാന്‍ ജനാധിപത്യ സമൂഹം തയ്യാറാകണം. വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുന്ന നീക്കങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും അകലം പാലിക്കണം- യോഗം ആഹ്വാനംചെയ്തു (മുസ്‌ലിം സംഘടനകളെ പഴിചാരി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം തിരിച്ചറിയണം: ഐഎസ്എം, ഡിസംബര്‍ 1, ചന്ദ്രിക).

പരലോകത്തും ഗുണമുള്ള സ്ഥാനാര്‍ഥി
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ മുസ്‌ലിം ലീഗ് നേതാവും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഷറഫ് എടനീര്‍, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി പതിനാലാം വാര്‍ഡില്‍ നിന്നും (തുരുത്ത് വാര്‍ഡ്) മത്സരിക്കുന്ന ഷാഹിന സലീം അഞ്ചു നേരം നിസ്‌കരിക്കുന്ന, റമളാനില്‍ നോമ്പെടുക്കുന്ന ഭക്തിയുള്ള മുസ്‌ലിമാണ് എന്ന് പ്രസംഗിച്ചത് വിവാദമായി. ഇതിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മതം പറഞ്ഞ് വോട്ട് തേടിയ സ്ഥാനാര്‍ഥിയെ അയോഗ്യയാക്കണമെന്നായിരുന്നു ആവശ്യം (മതം പറഞ്ഞ് വോട്ട് തേടി മുസ്‌ലിംലീഗ്. ഡിസംബര്‍ 3, ഫേസ്ബുക്ക് പോസ്റ്റര്‍/ജനം ടിവി).

തന്റെ അരമണിക്കൂര്‍ നീളുന്ന പ്രസംഗത്തില്‍ വികസനവും, സ്ത്രീ മുന്നേറ്റത്തെക്കുറിച്ചുമാണ് പറഞ്ഞതെന്നും ഒരു വ്യക്തി എന്ന നിലയില്‍ സ്ഥാനാര്‍ഥിയുടെ ധാര്‍മികതയെപ്പറ്റിയാണ് സംസാരിച്ചതെന്നും അല്ലാതെ വോട്ടുപിടിക്കാന്‍ മതം ഉപയോഗിച്ചില്ലെന്നും അഷ്റഫ് പറഞ്ഞു (ലീഗ്സ് സെക്കുലര്‍ ക്രിഡന്‍ഷ്യല്‍ കംസ് അണ്ടര്‍ ഫ്രഷ് സ്‌ക്രൂട്ടിനി ഇന്‍ ദിസ് ഇലക്ഷന്‍, ഡിസംബര്‍ 3, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്). താമസിയാതെ സമാനമായ ആരോപണം സിപിഎം നേതാവ് കെ.ടി ജലീലിനെതിരേയും ഉയര്‍ന്നു: മലപ്പുറം വളാഞ്ചേരി തോണിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിക്കുവേണ്ടി കെ.ടി ജലീല്‍ എംഎല്‍എ നടത്തിയ വോട്ടഭ്യര്‍ഥനയാണ് വിവാദമായത്. ലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്നും അങ്ങനെയുള്ളൊരാളെ നിര്‍ത്തിയത് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചാണെന്നുമാണ് കെ.ടി ജലീല്‍ പറഞ്ഞത്. വളാഞ്ചേരി മുനിസിപ്പാലിറ്റി തോണിക്കല്‍ ഡിവിഷനിലെ സ്ഥാനാര്‍ഥി ഫൈസല്‍ തങ്ങള്‍ക്കുവേണ്ടിയാണ് കെ.ടി ജലീല്‍ വോട്ട് തേടിയത് (ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണ്; മലപ്പുറം തോണിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിക്കുവേണ്ടി കെ.ടി ജലീല്‍ എംഎല്‍എയുടെ പ്രചാരണം, ഡിസംബര്‍ 10, മീഡിയവണ്‍).

മുഖംമറച്ച ‘യുവത്വത്തിന്റെ പൊന്‍തൂവലും’ വോട്ടിന് വേണ്ടി പെണ്ണുങ്ങളെ കാഴ്ചവെക്കുന്നവരും
മുസ്ലിം സ്ത്രീകള്‍ ഇസ്‌ലാം വിരുദ്ധ വംശീയതയുടെ പ്രധാപ്പെട്ട ഇരകളാണ്. പ്രാകൃതരും പര്‍ദക്കുള്ളിലെ കുടുങ്ങിയവരുമായി മാത്രമാണ് മുസ്‌ലിം വിരുദ്ധ വംശീയ വാദികള്‍ മുസ്‌ലിം സ്ത്രീകളെ സങ്കല്‍പ്പിക്കുന്നത്. അത്തരമൊരു പ്രചാരണത്തിന് ഈ തദ്ദേശ തെരെഞ്ഞെടുപ്പ് കാലം സാക്ഷിയായി. ”യുവത്വത്തിന്റെ പൊന്‍തൂവല്‍, മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ നസീറിനെ വിജയിപ്പിക്കുക”. മലപ്പുറം വേങ്ങര പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ മുഖം മുഴുവനായും മറച്ച് പര്‍ദ്ദയിട്ട സ്ത്രീയുടെ രൂപമുള്ള പോസ്റ്ററിലെ വാചകങ്ങളാണിത്. മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമപഞ്ചായത്ത് 12 വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് പറഞ്ഞാണ് വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ചത്.

യഥാര്‍ത്ഥത്തില്‍ മുസ്‌ലിം ലീഗിന് വേണ്ടി കോണി ചിഹ്നത്തില്‍ മത്സരിച്ചത് എന്‍.ടി മൈമൂനയാണ്. ഇവരുടെ ചിത്രവും മറ്റു വിവരങ്ങളും വെബ്സൈറ്റിലുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഉമൈബയും മത്സരിക്കുന്നുണ്ട്. ഇവര്‍ രണ്ടു പേരും മുഖം മറച്ചവരല്ല (വേങ്ങരയില്‍ മുഖം മറച്ച് ബുര്‍ഖ ധരിച്ച പോസ്റ്ററുമായി ലീഗ് വനിതാ സ്ഥാനാര്‍ഥി..? പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജം, ഡിസംബര്‍ 4, ഫാക്റ്റ് ക്രസന്‍ഡൊ). കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച റിബേഷ് രാമകൃഷ്ണന്‍ എന്ന വ്യാജ പതിപ്പിന്റെ ശിഷ്യഗണങ്ങള്‍ തന്നെയാണ് ഈ വ്യാജ പോസ്റ്ററിന്റെ പിറകില്‍ എന്നത് വ്യക്തമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് കുറ്റപ്പെടുത്തി (നിഖാബ് പോസ്റ്റര്‍ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ തുടര്‍ച്ച: പി.കെ നവാസ്, ഡിസംബര്‍ 6, മീഡിയാവണ്‍).

മലപ്പുറം തെന്നലയില്‍ സ്ത്രീകളെ സിപിഎം ലോക്കല്‍ സെക്രട്ടറി അധിക്ഷേപിച്ചതായി പരാതി ഉയര്‍ന്നു. തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി സയ്യിദ് അലി മജീദിനെതിരെയാണ് പരാതി ഉയര്‍ന്നത്. ‘ജമീലതാത്താനോട് പറയാനുള്ളത്, രാഷ്ട്രീയത്തിലേക്ക് ഇറങ്ങി കഴിഞ്ഞാല്‍ ജമീലത്താനെ മാത്രമല്ല പാണക്കാട് തങ്ങന്മാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അതൊക്കെ കേള്‍ക്കാന്‍ ആണത്തവും ഉളുപ്പും ഉള്ളവരുണ്ടെങ്കില്‍ മാത്രം ഈ പണിക്ക് ഇറങ്ങിയാല്‍ മതി. ഇല്ലെങ്കില്‍ വീട്ടില്‍ വീട്ടുമ്മയായിട്ട് ഇരിക്കാന്‍ സാധിക്കണം. അന്യ ആണുങ്ങളുടെ മുമ്പില്‍ പോയി നിസാര ഒരു വോട്ടിന് വേണ്ടി, സൈദലവി മജീദിനെ തോപ്പിക്കാന്‍ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കൊണ്ട് പോയി മറ്റുള്ളവരുടെ മുമ്പില്‍ കാഴ്ച വെക്കാനുള്ളതല്ല എന്ന് ഞാനീ അവസരത്തില്‍ ഓര്‍മപ്പെടുത്തുകയാണ്. ഞങ്ങളുടെയൊക്കെ മക്കള്‍ കല്യാണം കഴിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊക്കെ പ്രായപൂര്‍ത്തിയായ മക്കള്‍ ഞങ്ങളുടെ വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്കളുടെ കൂടെ അന്തിയുറങ്ങാനും ഭര്‍ത്താക്കന്മാരുടെ കൂടെ അന്തിയുറങ്ങാനുമാണ്.’

സയ്യിദ് അലിയുടെ പ്രസംഗത്തെ പ്രക്ഷേകര്‍ കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചതായും പരാതിയുണ്ട്. തെരഞ്ഞെടുപ്പില്‍ വനിതാ ലീഗുകാര്‍ ഇയാള്‍ക്കെതിരെ പ്രചാരണം നടത്തിയതാണ് പ്രകോപനമെന്ന് കരുതപ്പെടുന്നു. വനിതാലീഗുകാര്‍ മുഖ്യമന്ത്രിക്കും വനിതാകമീഷനും പരാതി നല്‍കി (തെരെഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തു കൊണ്ടുവന്ന പെണ്‍കുട്ടികളെ മുസ്‌ലിം ലീഗ് രംഗത്തിറക്കി; കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി മലപ്പുറത്തെ സിപിഎം നേതാവ് സയ്യിദലി മജീദ്, ഡിസംബര്‍ 15, ഏഷ്യാനെറ്റ് ന്യൂസ്)

പോറ്റിയേ കേറ്റിയേ വിവാദം
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം ആരോപിക്കുന്ന ‘പോറ്റിയെ കേറ്റിയെ’ എന്ന ഗാനം യുഡിഎഫും ചിലയിടങ്ങളില്‍ ബിജെപിയും സിപിഎമ്മിനെതിരേയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഈ പാട്ടിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. സ്വാഭാവികമായും ഇത് വിവാദമായി. താമസിയാതെ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് പരാതി നല്‍കി. അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചു, ഭക്തരെ അപമാനിച്ചു പാട്ട് പിന്‍വലിക്കണം. മതവിദ്വേഷത്തിനും മതസ്പര്‍ധയ്ക്കും കാരണമായതായും ആരോപിച്ചിരുന്നു (‘പോറ്റിയെ കേറ്റിയെ’; പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി, ഡിസംബര്‍ 17, 24ന്യൂസ്).

മലപ്പുറംകാരായ സുബൈര്‍ പന്തല്ലൂരും ഹനീഫ മുടിക്കോടും തങ്ങളുടെ സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടി ചെയ്തതാണ് ഈ ഗാനം. പാട്ടിന്റെ രചയിതാവ് കുഞ്ഞബ്ദുള്ള ചാലപ്പുറം എന്ന ജി.പി ചാലപ്പുറവും പാടിയത് മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളുമാണ്. മൂന്നാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ ജി.പി ചാലപ്പുറം ഖത്തറില്‍ ബിസിനസുകാരനാണ്. മലപ്പുറത്ത് ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ ജോലി ചെയ്യുകയാണ് ഡാനിഷ്. പാട്ട് വൈറലായി കുറച്ചുകഴിഞ്ഞ ശേഷമാണ് രചയിതാക്കളെക്കുറിച്ച വാര്‍ത്ത പൊതുമണ്ഡലത്തില്‍ എത്തിയത്. സ്വാഭാവികമായും അണിയറക്കാരുടെ ഇസ്‌ലാമിക സ്വത്വവും വിവാദകേന്ദ്രമായി (‘പോറ്റിയെ കേറ്റിയെ’പാട്ടിനെതിരെ പരാതി; ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി; ഭക്തിഗാനത്തെ വികലമാക്കി. ഡിസംബര്‍ 16, ന്യൂസ് 18 മലയാളം).

ഒടുവില്‍ പരാതിയില്‍ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ശരണമന്ത്രത്തെ വികലമായി ചിത്രീകരിച്ചു, മതവിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കി വിട്ടു. ഹിന്ദുമത വിശ്വാസിയായ പരാതികാരന്റെ മതവികാരത്തെ വ്രണപ്പെടുത്തി. തുടങ്ങിയ ആരോപണങ്ങളുമുണ്ട് (‘വ്രണപ്പെട്ടത് സിപിഎം വികാരമോ’, സൂപ്പര്‍ പ്രൈം ടൈം, ഡിസംബര്‍ 17, മാതൃഭൂമി ന്യൂസ്). ഈ പാട്ട് സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കാനാവശ്യപ്പെട്ടും കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞും മെറ്റക്ക് കത്തയച്ചു (‘പോറ്റിയെ കേറ്റിയെ’ പാരഡി വിവാദം: വിവരങ്ങള്‍ ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തയച്ച് പൊലീസ്, ഡിസംബര്‍ 18, റിപോര്‍ട്ടര്‍; ‘പോറ്റിയെ കേറ്റിയെ’ പാട്ടിലെടുത്ത കേസില്‍ കടുത്ത നടപടികള്‍ ഉടനില്ല; പ്രതി ചേര്‍ത്തവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും, ഡിസംബര്‍ 18, ഏഷ്യാനെറ്റ് ന്യൂസ്).

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ ‘പോറ്റിയെ കേറ്റിയേ സ്വര്‍ണം ചെമ്പായി മാറ്റിയെ’ പാട്ട് പാടിക്കൊണ്ട് പ്രതിഷേധിച്ചു. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. (‘പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായി മാറ്റിയെ’; പാര്‍ലമെന്റിന് മുന്നില്‍ പാട്ട് പാടി കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ പ്രതിഷേധം, ഡിസംബര്‍ 15, 24 ന്യൂസ്).

പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതി ഗൗരവത്തില്‍ കാണമമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം: അയ്യപ്പനെ പറ്റിയുള്ള ഒരു ശരണമന്ത്രമാണ് അതൊന്നും ഒരു ഭക്തിഗാനമാണ്, ആ ശരണമന്ത്രത്തെ ദുരുപയോഗപ്പെടുത്തുന്ന ഒരു കാഴ്ച നാം ഇപ്പോള്‍ വ്യസനപൂര്‍വ്വം കണ്ടുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ തിരുവാഭരണ സംരക്ഷണ സമിതിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടനകള്‍ പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും വളരെ ഗൗരവത്തില്‍ അന്വേഷിക്കേണ്ട സംഗതിയാണ്. ഏതു മതത്തിന്റെ പ്രധാനപ്പെട്ട ഭക്തികാരങ്ങളെ സംബന്ധിച്ചും പേരഡി പാട്ടുകള്‍ പാടില്ല അത് മതവികാരം വ്രണപ്പെടുത്താന്‍ ഇടവരുത്തുന്ന കാര്യമാണ്, ഒരു കാരണവശാലും അത് അംഗീകരിക്കാന്‍ പാടുള്ളതല്ല (പോറ്റിയെ കേറ്റിയേ പാട്ട് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും; ഭക്തിഗാനങ്ങളെ വികലമായി ഉപയോഗിക്കരുതെന്ന് സിപിഎം നേതാവ് രാജു എബ്രഹാം, ഡിസംബര്‍ 16, ജന്മഭൂമി ഓണ്‍ലൈന്‍).

ഇതുസംബന്ധിച്ച് ഡിവൈഎഫ്ഐ ഉമ്മനഴി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍നിന്ന്: ‘സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണേ അയ്യപ്പാ…’ ഈ വരികള്‍ എഴുതി ചിട്ടപ്പെടുത്തിയ ആ മഹാപ്രതിഭയ്ക്ക് അണയാത്ത അഭിനന്ദന പ്രവാഹങ്ങളാണ് ഇന്ന് ഒഴുകുന്നത്. ലീഗ്കാരോടാണ്. നിങ്ങള്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന് ചുവടുവയ്ക്കൂ. രാത്രിയെന്നില്ല, പകലെന്നില്ല അഭിരമിക്കൂ, ആഘോഷിക്കൂ. കാലം കടന്നുപോകും. പക്ഷേ ഓര്‍ക്കുക ബാങ്ക് വിളികള്‍ ഒരുദിവസം അസ്വസ്ഥതയായി മാറും. നിസ്‌കാര പായ വിരിക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥ വരും. പെരുന്നാളിന് പോത്തിനെ വെട്ടിയാല്‍, കഴുത്തിന് മുകളിലെ തല കാണാതാകും. രാമമന്ത്രം നടുവഴിയില്‍ ഇരുന്ന് ചൊല്ലിക്കൊടുക്കേണ്ടി വരും. അന്ന് നിങ്ങള്‍ക്ക് മറ്റൊരു പാട്ട് വേണം ‘പള്ളി പൊളിച്ചത് ആരപ്പാ സംഘികളാണേ മൊല്ലാക്കാ…’ (ഡിസംബര്‍ 16, ഫേസ്ബുക്ക്/ ഡിവൈഎഫ്ഐ ഉമ്മനഴി)

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കാസ കണ്ണൂര്‍: ലീഗുകാര്‍ മനോഹരമായ അയ്യപ്പഭക്തിഗാനത്തെ രൂപമാറ്റം വരുത്തി പാരഡിയാക്കി ശരണം വിളികളെ പരിഹാസ്യമായി ഉപയോഗിച്ചത് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നു. ഈ പാട്ട് പാരഡിയാക്കിയ ലീഗുകാരനോ പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസുകാരനോ മുസ്‌ലിം ബാങ്ക് വിളിയോ മുസ്‌ലിം മൗലിദോ പാരഡിയാക്കി പ്രചരിപ്പിക്കുമോ? ലീഗിന്റെ താളത്തിനൊത്ത് തുള്ളുന്ന കോണ്‍ഗ്രസിനെ ജയിപ്പിച്ചു വിട്ടതില്‍ പണി കിട്ടാന്‍ പോകുന്നത് ഇവിടുത്തെ ഇതര മതവിശ്വാസികള്‍ക്കായിരിക്കുമെന്ന് ഞങ്ങള്‍ ഉറപ്പിച്ചുപറയുന്നു, കാത്തിരുന്നു കാണാം. ടീം കാസ (ഡിസംബര്‍ 17, ഫേസ്ബുക്ക്/ കണ്ണൂര്‍ കാസ).

പാരഡി ഗാനം വിശ്വാസത്തെ ഹനിക്കുന്നതാണെങ്കില്‍ നടപടി വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു (100 കൊല്ലം പാരമ്പര്യമുള്ള പാര്‍ട്ടിക്ക് രണ്ടുവരി താങ്ങാനാകില്ലേ? പരാതിയില്‍ പേടിയില്ല’ ‘പോറ്റിയെ കേറ്റിയെ’ പാട്ട് എഴുതിയ ജി.പി കുഞ്ഞബ്ദുള്ള, ഡിസംബര്‍ 17 ന്യൂസ് മലയാളം ഓണ്‍ലൈന്‍). പ്രശ്നം സ്വര്‍ണം കട്ടതാണ്. അല്ലാതെ പാട്ടല്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎം എ സലാം (100 കൊല്ലം പാരമ്പര്യമുള്ള പാര്‍ട്ടിക്ക് രണ്ടുവരി താങ്ങാനാകില്ലേ? പരാതിയില്‍ പേടിയില്ല’ ‘പോറ്റിയെ കേറ്റിയെ’ പാട്ട് എഴുതിയ ജി.പി കുഞ്ഞബ്ദുള്ള, ഡിസംബര്‍ 17, ന്യൂസ് മലയാളം ഓണ്‍ലൈന്‍). പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരായ പരാതിയില്‍ ഭയമില്ലെന്നും അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമെന്നും പാട്ടെഴുതിയ ജി.പി കുഞ്ഞഅബ്ദുല്ല (100 കൊല്ലം പാരമ്പര്യമുള്ള പാര്‍ട്ടിക്ക് രണ്ടുവരി താങ്ങാനാകില്ലേ? പരാതിയില്‍ പേടിയില്ല’ ‘പോറ്റിയെ കേറ്റിയെ’ പാട്ട് എഴുതിയ ജി.പി കുഞ്ഞബ്ദുള്ള, ഡിസംബര്‍ 17, ന്യൂസ് മലയാളം ഓണ്‍ലൈന്‍).

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കടന്നാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം നേതാവ് വി.കെ സനോജ്, മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമില്‍: ആവിഷ്‌കാരത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കാര്യങ്ങള്‍ക്കൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാഷ്ട്രീയമായി ഞങ്ങളെ കടന്നാക്രമിക്കാന്‍ ഏതു വരികള്‍ എഴുതിയാലും വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ വെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും. അത് തുറന്നുകാട്ടപ്പെടുമ്പോള്‍ അപ്പുറത്താണ് ആകെ വെപ്രാളം ഉണ്ടാവുന്നത്. സല്‍മാന്‍ റുഷ്ടിയോടും എം.എഫ് ഹുസൈനോടൊക്കെ ഉപമിച്ച് ഇതെന്തോ മഹാസംഭവമാണ് എന്ന രൂപത്തില്‍ വരുത്തി തീര്‍ക്കുകയാണ് (ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പാട്ട് ഉണ്ടാക്കിയാല്‍ ഞങ്ങള്‍ അതിനെ ശക്തമായി പ്രതിരോധിക്കും വി കെ സനോജ്, സിപിഎം, ഡിസംബര്‍ 18, മാതൃഭൂമി ന്യൂസ്).

ഈ പാട്ട് തങ്ങളുടെ ഹൈന്ദവവികാരം വ്രണപ്പെടുത്തിയില്ലെന്ന് സിപിഎം നേതാവ് വി.കെ സനോജ് പങ്കെടുത്ത മാതൃഭൂമി ചര്‍ച്ചയില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു. തുടര്‍ന്നദ്ദേഹം ഗാനവും ആലപിച്ചു. തനിക്കെതിരേ കേസെടുക്കാനും സനോജിനെ പരിഹസിച്ചു. ”ഒരു വിശ്വാസി കേസുകൊടുത്തില്ലേ? ആ ഒരാളുടെ വികാരം വ്രണപ്പെട്ടാലും പ്രശ്നം തന്നെയല്ലേ?” എന്നായിരുന്നു സനോജിന്റെ മറുപടി.

സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്‍: കലയെ അതിന്റെ സൗന്ദര്യാത്മകതക്കപ്പുറം തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കാവശ്യമായ പ്രചാരണ ഉപാധിയാക്കുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കാര്യത്തില്‍ കാര്യവിവരമുള്ള ആര്‍ക്കും സംശയമില്ല. പോറ്റിയെ കേറ്റിയെന്ന പാരഡി ഗാനം അയ്യപ്പവിശ്വാസികളായ സാധാരണക്കാരുടെ വികാരങ്ങളെവെച്ചുള്ള രാഷ്ട്രീയക്കളിയാണെന്ന കാര്യമാണ് മതനിരപേക്ഷവാദികള്‍ കാണേണ്ടത്. അതിന്റെ രചയിതാവിന്റെ എഫ് ബി പോസ്റ്റുകള്‍ പരിശോധിച്ചപ്പോള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധയും അശ്ലീലതയും കൈ മുതലായുള്ള ഒരാളാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത് (ഡിസംബര്‍ 18, ഫേസ്ബുക്ക്/ കെ ടി കുഞ്ഞിക്കണ്ണന്‍).

വി. ശിവന്‍കുട്ടി: ആവിഷ്‌കാരസ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണമെന്ന് ഇടതുപക്ഷം കരുതുന്നു. ശബരിമല ശാസ്താവിനെയും ഗണപതി ഭഗവാനെയും ആറ്റുകാല്‍ ദേവിയെയും കളിയാക്കുന്ന പാട്ടുകള്‍ ഇടതുപക്ഷം ചെയ്തിട്ടില്ല. പാരഡിഗാനങ്ങള്‍ക്ക് കേരളത്തില്‍ സ്പേസുണ്ട്. അവ വ്യക്തിയെയോ സമൂഹത്തെയോ വേദനിപ്പിക്കരുത്. ഏത് ദൈവത്തെ ആരാധിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. കേരളത്തില്‍ ഇക്കാര്യത്തില്‍ നല്ല പരിഗണനനല്‍കുന്നു. വിശ്വാസത്തെയും ദൈവത്തെയും മൂര്‍ത്തിയെയും കളിയാക്കുന്നത് ശരിയല്ല (ശബരിമല ശാസ്താവിനെയും ആറ്റുകാല്‍ ദേവിയെയും കളിയാക്കി ഇടതുപക്ഷം പാട്ട് ചെയ്തിട്ടില്ല, വിശ്വാസികളെ വേദനിപ്പിക്കുന്ന പാരഡി ഗാനം അംഗീകരിക്കാനാകില്ല; വി.ശിവന്‍കുട്ടി, ഡിസംബര്‍ 18, ഏഷ്യാനെറ്റ് ന്യൂസ്).

പോറ്റിയേ കേറ്റിയേ എന്ന പാട്ടിന് കെ. സുരേന്ദ്രന്‍ പുതിയ വരികള്‍ എഴുതിച്ചേര്‍ത്തു. സ്വര്‍ണം കട്ടവനാരപ്പാ സഖാക്കളാണേ അയ്യപ്പാ, സ്വര്‍ണം വിറ്റതാര്‍ക്കപ്പ കോണ്‍ഗ്രസ്സിനാണെ അയ്യപ്പാ എന്നായിരുന്നു പുതിയ വരി. സ്വര്‍ണമോഷണക്കേസില്‍ കോണ്‍ഗ്രസ്സിനും ബന്ധമുണ്ടെന്നായിരുന്നു സുരേന്ദ്രന്‍ തന്റെ പുതിയ ഗാനത്തിലൂടെ ഉദ്ദേശിച്ചത് (പോറ്റിയേ കേറ്റിയേ കെ. സുരേന്ദ്രന്‍ വേര്‍ഷന്‍, ജനുവരി 2, ജാങ്കോ സ്പേസ്). പാട്ട് തയ്യാറാക്കിയത് ലീഗും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന് പ്രസ് വണ്‍ കേരളം യുട്യൂബ് ചാനല്‍ (പാരഡിക്ക് പാരഡികൊണ്ട് മറുപടി, മറുപടി ഗാനവും വൈറല്‍, കേസ് പിന്‍വലിച്ച് രാഷ്ട്രീയപ്രചാരണം, ഡിസംബര്‍ 19, പ്രസ് വണ്‍ യുട്യൂബ് ചാനല്‍).

ആല്‍ ജിഹാദ്
ജിഹാദ് എന്ന സംജ്ഞ ഇസ്‌ലാമോഫോബുകള്‍ക്ക് ഏറെ ഇഷ്ടമുള്ള പദാവലിയാണ്. എന്തിലും ഏതിലും ജിഹാദിനെ കണ്ടെത്തുക എന്നത് ദൈനംദിന ഇസ്‌ലാമോഫോബിയയുടെ പ്രധാന ഹോബിയാണ്. ആശ്ചര്യകരമായ ഒരു പുതിയ ആല്‍ ജിഹാദ് അടക്കം ജിഹാദുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളാണ് ഡിസംബര്‍ റിപ്പോര്‍ട്ട് ചെയ്തത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മാനേജിംഗ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഐഎഎസ് ‘ഖുറാന്‍ അകം പൊരുള്‍ മാനവികാഖ്യാനം’ എന്ന മലയാള പുസ്തകത്തിന്റെ ഒമ്പതാം വാല്യം പ്രകാശനം ചെയ്യുന്നതിനിടെ ജിഹാദിനെക്കുറിച്ച് സംസാരിച്ചിരുന്നു: ജിഹാദ് എന്ന വാക്കിനര്‍ത്ഥം സമരനിരതമായ ജീവിതം എന്നാണ്. നിരന്തരമായ പരിശ്രമം എന്നുള്ളതാണ്, യാതന എന്നുള്ളതാണ്. അല്ലാതെ അന്യനെ നശിപ്പിക്കുക എന്നുള്ളതല്ല ജിഹാദ് എന്ന വാക്കിന്റെ അര്‍ത്ഥം. തീവ്രപക്ഷത്തേക്ക് ചേരുകയോ അണിനിരക്കുകയോ അല്ല. സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും സാമൂഹികമാധ്യമ ഐഡികളും ഇതിനെ വിമര്‍ശിച്ചു: ആഗോളമായുളള ഇസ്‌ലാമിക സമൂഹത്തിലെ ഒരു വിഭാഗത്തെ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തുന്ന ‘ജിഹാദ്’ എന്ന പദത്തെ കാല്പനികവല്‍ക്കരിച്ചു. വെള്ളപൂശുകയും ചെയ്തു. വിവിധ പ്രദേശങ്ങളിലെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ചരിത്രപരമായി തന്നെ ‘ജിഹാദിനെ’ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിച്ചിട്ടുളളത്. ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ ഭീകരാക്രമണങ്ങള്‍ നടത്തുമ്പോള്‍ ഈ ആശയം പ്രയോഗത്തില്‍ വരുത്തുന്നുമുണ്ട്. ജിഹാദ് ഭീകരത മൂലം ഭാരതത്തിന് ആയിരക്കണക്കിന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ദിവ്യ എസ്. അയ്യരുടെ പരാമര്‍ശങ്ങള്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ ‘ജിഹാദിനെ’ കാവ്യാത്മകമായി മഹത്വവത്കരിക്കുന്നതിനു തുല്യമാണ്. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയും കോണ്‍ഗ്രസും തമ്മിലുള്ള സമീപകാല അടുപ്പത്തിന്റെ പശ്ചാത്തലത്തിലും ദിവ്യ എസ്. അയ്യരുടെ അഭിപ്രായങ്ങളെ കണക്കാക്കണം. ഇസ്‌ലാമിക ഗ്രന്ഥങ്ങളെ ചോദ്യം ചെയ്യുമ്പോള്‍, വിമര്‍ശകരെ ‘ഇസ്ലാമോഫോബിക്’ എന്ന് മുദ്രകുത്തുകയാണ് ഇപ്പോഴത്തെ രീതി (ജിഹാദിനെ വെളളപൂശാനുളള ദിവ്യ എസ്. അയ്യരുടെ ശ്രമം വിവാദത്തില്‍, ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം, ഡിസംബര്‍ 6, ജന്മഭൂമി).

മെഡിക്കല്‍ ജിഹാദിന് പുറമെ ഇപ്പോള്‍ ആല്‍ ജിഹാദും നടക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ആരോപിച്ചതാണ് രണ്ടാമത്തേതും ആശ്ചര്യജനകമായതും. ആല്‍ മരങ്ങള്‍ പെട്ടെന്ന് ഉണങ്ങിപ്പോവുന്നതിന് പിന്നില്‍ ആല്‍ ജിഹാദാണ്. ആല്‍ മരങ്ങള്‍ നശിച്ചാല്‍ അതിന്റെ പരിസരത്തേത് തങ്ങളുടെ ആശയം എത്തിക്കാമെന്നാണ് ചില ആളുകള്‍ വിചാരിക്കുന്നത്. നൂറിലധികം ജിഹാദുകളില്‍ കേരളം സംഭാവന ചെയ്ത പുതിയ ജിഹാദാണ് ആല്‍ ജിഹാദ് എന്നും അനില്‍ പറഞ്ഞു (‘ആല്‍ മരങ്ങള്‍ പെട്ടെന്ന് ഉണങ്ങിപ്പോവുന്നതിന് പിന്നില്‍ ആല്‍ ജിഹാദ്’; ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ ജിഹാദുകളെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി, ഡിസംബര്‍ 6, മീഡിയാവണ്‍).

ഇസ്ലാമോഫോബിക് ചാപ്പ
കേരളം പോലെ വ്യത്യസ്ത മത സാമൂഹിക വിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന സ്ഥലത്ത് ‘ഇസ്ലാമോഫോബിയ’ എന്നതിനെ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെ ഉപയോഗിക്കാനുള്ള ആയുധമായും ക്യാന്‍സല്‍ കള്‍ച്ചറിന് സമാനമായ വ്യവഹാരമായും ഉയര്‍ത്തി കൊണ്ടുവരുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് സമകാലിക മലയാളം ലേഖനം: പൊതുസമൂഹത്തില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി എന്ന രീതിയില്‍ ജമാഅത്തും അനുബന്ധ മാധ്യമങ്ങളും നടത്തുന്ന പ്രതിലോമകരമായ വ്യവഹാരങ്ങള്‍ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുന്നതിന് വഴിയൊരുക്കുന്നവയാണ്. ഇവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ദര്‍ശനങ്ങളോടും വ്യവഹാരങ്ങളോടും മതപരമായ കാരണങ്ങളാല്‍ തന്നെ അകലം സൂക്ഷിക്കുന്ന ഭൂരിപക്ഷ മുസ്‌ലിം സമൂഹത്തെ കൂടി അപകടത്തിലാക്കുന്നതാണ് ഈ രീതി- ലേഖനം വാദിക്കുന്നു (ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമോഫോബിയ രാഷ്ട്രീയം എവിടെച്ചെന്നു നില്‍ക്കും?, ജവാദ് മുസ്തഫവി, സമകാലിക മലയാളം, ഡിസംബര്‍ 11).

വെള്ളാപ്പള്ളിയുടെ വിദ്വേഷങ്ങള്‍
വെള്ളാപ്പള്ളി നടേശന്റെ 60 മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ള പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വീണ്ടും പൂര്‍വാധികം ശക്തിയോടെ വിദ്വേഷ പ്രസ്താവനകള്‍ തുടരുകയാണ് വെള്ളാപ്പള്ളി നടേശന്‍.

മുസ്ലീം ലീഗ് കേരളം ഭരിക്കുന്നത് ഭയപ്പെടുത്തി
ഹിന്ദുക്കളെയും ക്രൈസ്തവരെയും ഭയപ്പെടുത്തിയാണ് മുസ്‌ലിം ലീഗ് കേരളം ഭരിക്കാന്‍ ശ്രമിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്‍ ശ്രീനാരായണ ജയന്തി ആഘോഷ സമ്മാനദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ കേരളത്തില്‍ ഭയന്നാണ് ജീവിക്കുന്നത്. പൊതുവായ പല വിഷയങ്ങളിലും കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയും വിരട്ടിയുമാണ് ലീഗ് കാര്യങ്ങള്‍ സാധിപ്പിക്കുന്നത്. സ്വന്തം മതത്തിനുവേണ്ടി മാത്രമാണ് ലീഗും ലീഗ് നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. കേരളത്തിന്റെ പൊതുസമ്പത്ത് മതത്തിന്റെ പേരില്‍ അവര്‍ കവര്‍ന്നെടുക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം ലീഗെന്ന് പേരുള്ള പാര്‍ട്ടി മതേതരത്വം പറയുമ്പോള്‍ ആ കെണിയില്‍ ഇനിയും വീഴരുത്. മതേതരത്വം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല. ഇപ്പോള്‍ മതേതരത്വം പറയുന്നവരുടെ എല്ലാം മനസില്‍ കടുത്ത മതചിന്ത മാത്രമേയുള്ളൂ (മുസ്‌ലിം ലീഗ് ഭയപ്പെടുത്തി കേരളത്തെ നയിക്കുന്നു: വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 6, കേരള കൗമുദി).

കോണ്‍ഗ്രസ്സുകാര്‍ ലീഗിന് അടിമപ്പെടുന്നു
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ലെന്നും അവര്‍ ലീഗിന് അടിമപ്പെടുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിനു കാരണക്കാരിലൊരാള്‍ വെള്ളാപ്പള്ളിയാണെന്നും, അദ്ദേഹത്തിന്റെ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പിന്തുണച്ചത് വിനയായെന്നുമുള്ള ആരോപണങ്ങളില്‍ ‘മാതൃഭൂമി’യോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. 24 മണിക്കൂറും വര്‍ഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ല. അവര്‍ ലീഗിന് അടിമപ്പെടുകയാണ് (‘പാവപ്പെട്ട ജാതിക്കാരനായതുകൊണ്ടാണോ തിരഞ്ഞെടുപ്പ് ഫലത്തിലെ കുറ്റപ്പെടുത്തല്‍?’ വെള്ളാപ്പള്ളി, മാതൃഭൂമി ഓണ്‍ലൈന്‍, ഡിസംബര്‍ 16).

ലീഗിന് അടിമപ്പെട്ടു
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിനു കാരണക്കാരിലൊരാള്‍ വെള്ളാപ്പള്ളിയാണെന്നും അദ്ദേഹത്തിന്റെ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പിന്തുണച്ചത് വിനയായെന്നുമുള്ള ആരോപണങ്ങളില്‍ വെള്ളാപ്പള്ളി ‘മാതൃഭൂമി’യോടു പ്രതികരിച്ചു. കോണ്‍ഗ്രസ് ലീഗിന് അടിമപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി: മുന്നണികള്‍ മത-സാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താന്‍ മാത്രമല്ല എന്‍.എസ്.എസ്. നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? വസ്തുതകളല്ലേ? ഈ വസ്തുത മറച്ചുവെച്ച് വര്‍ഗീയപ്രചാരണം നടത്തുന്നത് മുസ്‌ലിം ലീഗല്ലേ? കോണ്‍ഗ്രസ് അവര്‍ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നത്? 24 മണിക്കൂറും വര്‍ഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ല. അവര്‍ ലീഗിന് അടിമപ്പെടുകയാണ്.പറയുന്ന കാര്യങ്ങളുടെ വസ്തുത നോക്കാതെ വര്‍ഗീയമായി വഴിതിരിച്ചുവിടുന്ന പ്രവണതയാണിപ്പോള്‍. ഭൂരിപക്ഷ സമുദായക്കാര്‍ പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷക്കാര്‍ പറയുന്നത് മതേതരത്വവുമാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നതാണ് അപകടമെന്നും വെള്ളാപ്പള്ളി പറഞ്ഞു (പാവപ്പെട്ട ജാതിക്കാരനായതുകൊണ്ടാണോ തിരഞ്ഞെടുപ്പുഫലത്തിലെ കുറ്റപ്പെടുത്തല്‍ -വെള്ളാപ്പള്ളി, ഡിസംബര്‍ 16, മാതൃഭൂമി ഓണ്‍ലൈന്‍).

മലപ്പുറത്തുകാര്‍ക്ക് ധാര്‍ഷ്ട്യം
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും നീണ്ട (ഒരു മണിക്കൂര്‍) വാര്‍ത്താ സമ്മേളനം ആലപ്പുഴയില്‍ വെള്ളാപ്പള്ളി നടത്തി. തന്നെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണെന്നും, വര്‍ഗീയവാദിയാക്കുന്നതിനായി ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. താനാണ് കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദിയെന്ന് മുസ്ലീം ലീഗ് പറയുന്നതായും അദ്ദേഹം ആരോപിച്ചു. മലപ്പുറത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു: മലപ്പുറത്തുകാര്‍ക്ക് എന്തൊരു ധാര്‍ഷ്ട്യമാണ്, എന്തൊരു അഹങ്കാരമാണ്. പണമുണ്ട് അവര്‍ക്ക്, വിദേശപണമുണ്ട്, സ്വദേശപണമുണ്ട് (‘മലപ്പുറത്തുകാര്‍ക്ക് എന്തൊരു ധാര്‍ഷ്ട്യമാണ്… എന്തൊരു അഹങ്കാരമാണ്, പണമുണ്ട് അവര്‍ക്ക്… വിദേശപണമുണ്ട്, സ്വദേശ പണമുണ്ട്’: വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 17, മീഡിയവണ്‍).

ലീഗ് മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുക്കുന്നു
ലീഗ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍: ലീഗിന് ധാഷ്ട്യവും അഹങ്കാരവുമാണ്. താന്‍ വര്‍ഗീയവാദിയാണെന്ന് ലീഗ് പ്രചരിപ്പിക്കുന്നു. ലീഗ് മലപ്പുറത്തെ പാര്‍ട്ടിയാണ്. അവര്‍ എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു. മണി പവറും മസില്‍ പവറും മാന്‍പവറും കൊണ്ട് ആരോടും എന്തും ചെയ്യാമെന്ന അഹങ്കാരമാണ് ലീഗിനെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ മുസ്ലീം വിരോധിയാക്കാന്‍ ലീഗുകാര്‍ തേജോവധം ചെയ്യുകയാണ്. മുസ്ലീം വിഭാഗത്തെയല്ല മുസ്ലീം ലീഗിനെയാണ് വിമര്‍ശിച്ചത്. തന്റെ ഉള്ളില്‍ ജാതിചിന്തയിലെന്നും അദ്ദേഹം പറഞ്ഞു (മുസ്‌ലിം ലീഗ് മലപ്പുറത്തെ പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു: വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 18, ഡൂള്‍ ന്യൂസ്).

ലീഗിന് അഹങ്കാരം, സര്‍ക്കാര്‍ വകുപ്പ് സമുദായത്തിന്റെ വകുപ്പായി
ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാരെന്നും മണി, മസില്‍, മാന്‍പവര്‍ എന്നിവ ഉണ്ടെന്ന തോന്നല്‍ കൊണ്ട് ആരോടും എന്തും ചെയ്യാം എന്നുള്ള അഹങ്കാരമാണ് അവര്‍ക്കെന്നും വെള്ളാപ്പള്ളി നടേശന്‍. ലീഗുകാര്‍ തങ്ങള്‍ക്കു ലഭിച്ച വകുപ്പുകള്‍ സമുദായത്തിന്റെ വകുപ്പായി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ജനാധിപത്യത്തെ തകര്‍ത്തവരാണ് ഇവര്‍, അവര്‍ അവരുടെ മന്ത്രിമാരെ മലപ്പുറത്ത് പ്രഖ്യാപിച്ചു. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തവരും കശാപ്പ് ചെയ്തവരുമാണ്. മണി പവറും മാന്‍ പവറും മസില്‍ പവറും ഉണ്ട് എന്നുള്ള തോന്നലോടുകൂടി ആരോടും എന്തും ചെയ്യാനുള്ള അഹങ്കാരമാണ് അവര്‍ക്ക്. ലീഗ ഒരു മലപ്പുറം പാര്‍ട്ടിയാണ്. ആ മലപ്പുറം പാര്‍ട്ടി മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുത്തു. അവിടെയുള്ള സമ്പന്നരെ സഹായിച്ചു. ഈ ഇലക്ഷനില്‍ അവരെല്ലാം ജയിച്ചു അപ്പൊ തന്നെ മനസ്സിലായില്ലേ അവരൊരു മലപ്പുറം പാര്‍ട്ടിയാണെന്ന്. ഇത് തുറന്നുപറഞ്ഞപ്പോള്‍ എന്നെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു (ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍, മണി, മസില്‍, മാന്‍ പവര്‍ ഉണ്ടെന്ന തോന്നല്‍ കൊണ്ട് ആരോടും എന്തും ചെയ്യാമെന്നുള്ള അഹങ്കാരമാണ് അവര്‍ക്ക്: വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 18, ഏഷ്യാനെറ്റ്).

ലീഗുകാര്‍ മതേതരത്വം തകര്‍ക്കുന്നു
മുസ്‌ലിം ലീഗിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ തന്നെ വര്‍ഗീയവാദിയാക്കി വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍: മലപ്പുറം പാര്‍ട്ടിയാണ് ലീഗ്. അവരെപ്പോലെ മതേതരത്വം തകര്‍ക്കുന്നവര്‍ വേറെയില്ല. മാറാട് കലാപം പോലും അവര്‍ ഭരിക്കുമ്പോഴല്ലേയുണ്ടായത്. യാഥാര്‍ത്ഥ്യം പറഞ്ഞപ്പോള്‍ എ.കെ ആന്റണിയെ ഇവര്‍ വേട്ടയാടി. മതേതരത്വം പറയുന്ന ലീഗ് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പുചെയ്തു (ലീഗ് വര്‍ഗീയവാദിയാക്കാന്‍ നോക്കുന്നു: വെള്ളാപ്പള്ളി, ഡിസംബര്‍ 19, കേരള കൗമുദി).

മലബാര്‍ കലാപസാഹചര്യം നിലനില്‍ക്കുന്നു
നീതിയെക്കുറിച്ചു പറഞ്ഞാല്‍ മതാധിപത്യമാണെന്നും ജാതിയാണെന്നും പറഞ്ഞ് വേട്ടയാടുന്നുവെന്ന പരാതിയുമായി വെള്ളാപ്പള്ളി നടേശന്‍: മലബാര്‍ ലഹള ഉണ്ടായതിന്റെ പശ്ചാത്തലം ഇന്നും നിലനില്‍ക്കുന്നു. മലബാര്‍ കലാപകാലത്ത് ലീഗും മുസ്ലീങ്ങളും ഹിന്ദുക്കളോടു കാണിച്ച ക്രൂരതയയാണ് കുമാരനാശാന്‍ ‘ദുരവസ്ഥ’യിലൂടെ പറഞ്ഞത്. ഈ സാമൂഹിക സത്യങ്ങളെല്ലാം തുറന്നുപറയുന്ന തന്നെ വര്‍ഗീയവാദിയാക്കിയും 24 മണിക്കൂറും ജാതിയും മതവും വര്‍ഗവും വര്‍ഗീയതയും പറയുന്നവര്‍ മിതവാദികളായും പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സംഘടിതവോട്ട് ബാങ്കുമായി വന്ന് അവരുടെ സമുദായത്തിനായി ഓരോന്ന് വെട്ടിപ്പിടിച്ചു. സോദരചിന്തയോടെ പ്രവര്‍ത്തിച്ച നമ്മള്‍ക്ക് ആരെന്ത് തന്നു.? യോഗത്തിന്റെ നേതൃസ്ഥാനത്ത് 30 വര്‍ഷം പിന്നിടുന്ന ജനറല്‍ സെക്രട്ടറിക്ക് തൃശൂര്‍ യൂണിയന്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം (എല്ലാ മന്ത്രിമാരും നല്ലതല്ല, രാജന്‍ കൊള്ളാം: വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 22, മനോരമ; റവന്യൂ മന്ത്രി കെ രാജന് വെള്ളാപ്പള്ളിയുടെ എ പ്ലസ്, ഡിസംബര്‍ 22, കേരള കൗമുദി).

മുസ്‌ലിംലീഗ് ഈഴവരെ മതേതരത്വം പഠിപ്പിക്കരുത്
വര്‍ഗീയ മതപാര്‍ട്ടിയായ മുസ്‌ലിംലീഗ് ഈഴവരെ മതേതരത്വം പഠിപ്പിക്കേണ്ടതില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം പ്രതിഷ്ഠാ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: ലീഗ് നിശ്ചയിക്കുന്ന ജനപ്രതിനിധികള്‍ മുഴുവന്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരാണ്. മലപ്പുറത്ത് മുസ്‌ലിം വിഭാഗത്തിന് അനുവദിച്ച കോളേജും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത് മുസ്‌ലിം സമ്പന്നരാണ്. അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നതിലൂടെ ഖജനാവ് കൊള്ളയടിക്കുന്നു. ഈഴവര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മുസ്ലീംലീഗ് തന്നെ കൊത്തിക്കീറുന്നു. വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നു (മുസ്‌ലിംലീഗ് ഈഴവരെ മതേതരത്വം പഠിപ്പിക്കരുത് : വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 22, കേരളകൗമുദി).

മലപ്പുറം പരാമര്‍ശം: മാധ്യമപ്രവര്‍ത്തകനെതിരെ വെള്ളാപ്പള്ളി
മലപ്പുറത്ത് എസ്എന്‍ഡിപി യോഗം മാനേജ്‌മെന്റിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് വെള്ളാപ്പള്ളി നടേശന്‍ പ്രകോപിതനായി. ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ റഹീഷ് റഷീദ് എന്ന റിപ്പോര്‍ട്ടറുടെ മൈക്ക് അദ്ദേഹം തട്ടിമാറ്റി. മലപ്പുറത്ത് സ്‌കൂളുകള്‍ തുടങ്ങാന്‍ അവസരം തരുന്നില്ല എന്ന് പറഞ്ഞില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് സത്യമല്ലേ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുചോദ്യം. അതെന്താ സ്ഥലം കിട്ടുന്നില്ലേ എന്ന ചോദ്യത്തിന്- അതെല്ലാം ഉണ്ട്. അനുവാദം കിട്ടണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ആരുടെ എന്ന് ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെ എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരല്ലേ ഇക്കഴിഞ്ഞ ഒന്‍പതുവര്‍ഷം ശ്രമിച്ചുനോക്കിയില്ലേ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചതോടെ- ചോദ്യം ചോദിച്ച മാധ്യമസ്ഥാപനത്തിന്റെ മൈക്ക് തട്ടിമാറ്റുകയായിരുന്നു (കുറേനാളായി നിങ്ങള്‍ തുടങ്ങിയിട്ട്’; കുപിതനായി മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി, ഡിസംബര്‍ 31, മാതൃഭൂമി).

പിന്നീട് പിറ്റേദിവസം മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായതില്‍ വെള്ളാപ്പള്ളി വിശദീകരണവുമായി എത്തി. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും എംഎസ്എഫുകാരനാണെന്നും ഇയാള്‍ മുസ്‌ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ തീവ്രവാദിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് വിശദീകരണം. അടുത്ത ഭരണം കിട്ടിയാല്‍ ഇനിയൊരു മാറാട് കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (‘ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദി, മുമുസ്‌ലിംകളുടെ വക്താവ്’; വീണ്ടും വിദ്വേഷവുമായി വെള്ളാപ്പള്ളി നടേശന്‍, ജനുവരി 2, 2026, മീഡിയാവണ്‍).

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, മീഡിയാവണ്‍ വാര്‍ത്ത
റിപ്പോര്‍ട്ടര്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും അടുത്ത ദിവസം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈഴവര്‍ക്ക് കേരളം മൊത്തത്തില്‍ 18 കോളേജ് മുസ്‌ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 48 ആണ്- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു (‘മതതീവ്രവാദിയെന്ന് ഞാന്‍ പറയാതിരുന്നത് അബദ്ധമായി പോയി’; വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍, ജനുവരി 3, 2026, റിപ്പോര്‍ട്ടര്‍).

ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട് 2025 ലെ വിവരങ്ങള്‍ അനുസരിച് ഇന്ത്യയില്‍ നടക്കുന്ന 98 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്‌ലിംകള്‍ക്ക് എതിരായതാണ്. അതില്‍ തന്നെ പഹല്‍കാം അക്രമം പോലുള്ള സംഭവങ്ങള്‍ക്ക് ശേഷം നടക്കുന്ന വിദ്വേഷപ്രചാരണങ്ങളില്‍ ദേശിയ തലത്തില്‍ മമുസ്‌ലിം വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് ആക്കം കൂട്ടുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

 

Related