August 11 Tuesday 2026

ഇസ്‌ലാമോഫോബിയയെ നിരാകരിച്ചുകൊണ്ട് സിപിഐഎമ്മിന് നിലപാടുകളോ സമീപനങ്ങളോ സ്വീകരിക്കാന്‍ കഴിയില്ല

കേരളത്തിലെ സിപിഐ(എം) പാര്‍ട്ടി മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളിലെ ട്രോളര്‍മാരും ജമാഅത്തെ ഇസ്‌ലാമിക്കും അതിന്റെ മാധ്യമമെന്നു പൊതുവില്‍ കരുതപ്പെടുന്ന മീഡിയാവണ്‍ ചാനലിനും അതിന്റെ എഡിറ്റര്‍മാര്‍ക്കും ഒക്കെ എതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ പ്രചരണങ്ങള്‍ അവിശ്വസനീയം എന്നു പറയേണ്ടിവരുന്നിടത്തോളം അത്ഭുതാവഹമാണ്. ജമാഅത്തെ ഇസ്‌ലാമിയും അവര്‍ മുന്നോട്ടുവയ്ക്കുന്ന പാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് സങ്കല്‍പ്പനവും ആസന്നഭാവിയിലൊന്നും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് മാരകമായ എന്തെങ്കിലും ഫലങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നിരിക്കെ ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെ മിക്കവാറും ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനോടും ഹിന്ദുരാഷ്ട്രവാദത്തോടും ഏതാണ്ട് നിര്‍മ്മമമായിരുന്നുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വലിയ പ്രചരണങ്ങള്‍ ഒരു ഇടതുപക്ഷരാഷ്ട്രീയ സംഘടന കെട്ടഴിച്ചുവിടുന്നത് അതിശയകരമാകുന്നു. മറിച്ച്, കേരളത്തിലെ പൊലീസ് നയത്തിലും ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും സംഘപരിവാര്‍ശക്തികളും ഹിന്ദുരാഷ്ട്രവാദികളും കടന്നുകയറിക്കഴിഞ്ഞിരിക്കുന്നതിനെയും അതിലൂടെ കേരളത്തിന്റെ ക്രമസമാധാനമേഖലയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വലിയ വിഭാഗീയതയെയും കുറിച്ച് സിപിഐ (എം) കക്ഷിയും അതിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും ഇപ്പോഴും വേണ്ടത്ര ആകുലമാണെന്നതിന് യാതൊരു തെളിവുകളുമില്ല.

തൃശൂര്‍പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു തന്നെ പലപ്പോഴും സംഘപരിവാറിനു സഹായകമായ നടപടികളാണ് ഉണ്ടായിട്ടുള്ളതെന്നു കൂടി കാണുകയും വേണം. ഇന്ത്യന്‍ ജനസംഖ്യയിലെ 22 ശതമാനത്തോളം വരുന്ന ഒരു ജനവിഭാഗത്തെ അരക്ഷിതാവസ്ഥയില്‍ നിര്‍ത്തുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കടന്നാക്രമണങ്ങളുടെ ഈ സന്ദര്‍ഭത്തില്‍ ഏതെങ്കിലും ഇസ്‌ലാം സംഘടനകളോട് വിഭാഗീയത പ്രകടിപ്പിക്കുന്ന രീതിയില്‍ ഇടതുപക്ഷകക്ഷികള്‍ പെരുമാറുന്നത് ജനാധിപത്യത്തിന് എത്രമാത്രം ഗുണകരമായിരിക്കുമെന്നു ചിന്തിക്കേണ്ടതാണ്. കേരളത്തിലെ പാര്‍ലമെന്റ് രാഷ്ട്രീയത്തിലെയും തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെയും പശ്ചാത്തലത്തില്‍
സംഘപരിവാര്‍ ശക്തികളുമായി നടത്തുന്ന ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് സിപിഐഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷകക്ഷി ഈ രീതിയില്‍ പെരുമാറുന്നതെന്ന ആരോപണങ്ങള്‍ ശക്തമാണ്. ഈ രീതിയില്‍ പാര്‍ലമെന്ററിവ്യാമോഹത്തിനു കീഴ്‌പ്പെട്ടുകൊണ്ടാണ് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് യഥാര്‍ഥത്തില്‍ കേരളത്തിലെ മതേതരരാഷ്ട്രീയത്തോടു ചെയ്യുന്ന കൊടൂംപാതകവും വലിയ അനീതിയുമായിരിക്കും.

അങ്ങനെയെങ്കില്‍, വ്യവസ്ഥാപിത ഇടതുപക്ഷം തീ കൊണ്ടു കളിക്കുകയാണ് എന്ന് പറയേണ്ടി വരും. ഇവിടെ, ജമാഅത്തെ ഇസ്‌ലാമിയും ഇതര ഇസ്‌ലാം രാഷ്ട്രീയ സംഘടനകളും ഇടതുപക്ഷത്തോടു സ്വീകരിക്കുന്ന സമീപനവും പ്രധാനമാണ്. ലോകരാഷ്ട്രീയത്തിലെമ്പാടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ പ്രശ്‌നങ്ങളോടൊപ്പം ഇടതുപക്ഷരാഷ്ട്രീയമാണ് നിലകൊള്ളുന്നതെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ സഖ്യകക്ഷികള്‍ എന്ന നിലയ്ക്ക് അവരെ കാണേണ്ടതുണ്ടെന്നും ഇസ്‌ലാം സംഘടനകളും മറന്നു പോകാന്‍ പാടില്ലാത്തതാണ്. അവരുടെ പാര്‍ലമെന്ററി വ്യാമോഹങ്ങളും ഒവൈസിയിലെന്ന പോലെ ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അപകടകരമായ ഫലങ്ങള്‍ ചെയ്യും. ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ ഒരുമിച്ചു പോരാടിയതിന്റെ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍, അന്ത്യത്തില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഇടതുപക്ഷ മാര്‍ക്‌സിസ്റ്റുപ്രസ്ഥാനങ്ങള്‍ക്കു പില്‍ക്കാലത്തു തോന്നുന്ന രീതിയില്‍ അധികാരം കൈക്കലാക്കിയ ഇസ്‌ലാമികരാഷ്ട്രീയം അവിടെ പെരുമാറിയതിന്റെ അനുഭവങ്ങള്‍ അവിശ്വാസ്യതയെ സൃഷ്ടിച്ചിട്ടുണ്ടെന്ന് അവര്‍ ഇവിടെയും ഓര്‍ക്കേണ്ടതാണ്. മാര്‍ക്‌സിസ്റ്റ് – ദലിത് സംവാദങ്ങളിലെന്നതുപോലെ തന്നെ മാര്‍ക്‌സിസ്റ്റ് – ഇസ്‌ലാം സംവാദങ്ങളിലും പരസ്പരവിമര്‍ശനത്തിനെന്ന പോലെ പരസ്പരവിശ്വാസത്തിന്റെയും മണ്ഡലങ്ങള്‍ സൂക്ഷിക്കാനും പാലിക്കാനും കരുതേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഇടതുപക്ഷ രാഷ്ട്രീയ കക്ഷി എന്ന നിലയ്ക്ക് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വാധികാരവും ഇന്നത്തെ ഇസ്‌ലാം രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ധാരണകള്‍ സുപ്രധാനമാകേണ്ടതാണ്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷം ഏകധ്രുവ ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും ചരിത്രം അവസാനിച്ചിരിക്കുന്നുവെന്നുമുള്ള സാമ്രാജ്യത്വത്തിന്റെ വിജയാഘോഷങ്ങള്‍ക്കിടയില്‍ അത് തന്റെ അടുത്ത ശത്രുവിനെ തേടുകയായിരുന്നുവെന്നും അതിനുള്ള മറുപടി എന്ന നിലയിലാണ് ഇസ്‌ലാമിനെതിരായ അതിന്റെ പ്രചരണങ്ങള്‍ ശക്തമാകുന്നതെന്നും സമകാലലോകത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തെളിയിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍, അബ്രഹാമിന്റെ സന്തതിപരമ്പരകളുടെ കഥകളോളം, കുരിശുയുദ്ധങ്ങളോളം പഴക്കമുള്ള വൈരുധ്യങ്ങളെ മറ്റൊരു രീതിയില്‍ ഉയര്‍ത്തിയെടുക്കുകയാണ് സംസ്‌കാരങ്ങളുടെ സംഘര്‍ഷമെന്ന വാദഗതികളിലൂടെയും മറ്റും സാമ്രാജ്യത്വം ചെയ്തത്. ഇപ്പോഴും തീവ്രമായിരിക്കുന്ന പശ്ചിമേഷ്യയിലെയും മറ്റും പ്രശ്‌നങ്ങള്‍ ഈ വാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടി മനസ്സിലാക്കപ്പെടേണ്ടതാണ്. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഈ ചരിത്രപരമായ ഒരു സമീപനം സ്വീകരിക്കുന്നതിനു സന്നദ്ധമാവേണ്ടതുണ്ട്.

കേരളത്തിന്റെ പുരോഗമന രാഷ്ട്രീയപാരമ്പര്യത്തെ കുറിച്ചും മതേതരമായ സമൂഹബന്ധങ്ങളെ കുറിച്ചും പറയുമ്പോള്‍ തന്നെ ഇസ്ലാമോഫോബിയ കേരളത്തിന്റെ രാഷ്ട്രീയത്തിലും സാമൂഹികജീവിതത്തിലും വളരെ വലിയ ആഘാതങ്ങളും വിള്ളലുകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. വളരെ വിഭാഗീയവും വര്‍ഗീയവും ഒരു ജനവിഭാഗത്തെ അരികുവല്‍ക്കരിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും വ്യാപകമായി അരങ്ങേറുന്നുണ്ടെന്ന് അടുത്തകാലത്തു നടത്തിയ വിശദമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഇസ്‌ലാം രാഷ്ട്രീയത്തിന്റെ വക്താക്കളുടെ നേതൃത്വത്തിലാണെങ്കില്‍ തന്നെയും ഇസ്‌ലാംരാഷ്ട്രീയത്തിന്റെ ദര്‍ശനം അതില്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ആരോപിക്കാന്‍ കഴിയുമെങ്കിലും അതു മുന്നോട്ടുവയ്ക്കുന്ന വസ്തുതാപരമായ കാര്യങ്ങള്‍ തള്ളിക്കളയാവുന്നതല്ല. അവ ഗൗരവപൂര്‍വ്വം പരിഗണിക്കപ്പെടേണ്ടതാണ്. ബാബുരാജ് ഭഗവതിയും കെ. അഷറഫും ചേര്‍ന്നു എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്ന ‘ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട്’, കേരളത്തില്‍ ഇസ്ലാമോഫോബിയയുടെ ഇടപെടലുകള്‍ എത്രമാത്രം മാരകവും ജനാധിപത്യ വിരുദ്ധവും വിഭാഗീയവുമാണെന്ന്, ജനജീവിതത്തെ എത്രമേല്‍ പിളര്‍ത്തുന്നതാണെന്ന്, കേരളത്തിന്റെ പൊതുമണ്ഡലത്തെ എങ്ങനെയെല്ലാം തകര്‍ക്കുന്നതാണന്നു ബോധ്യപ്പെടുത്തുന്നതാണ്. ഈ സമൂര്‍ത്തയാഥാര്‍ഥ്യത്തെ നിരാകരിച്ചുകൊണ്ട് സിപിഐഎമ്മിനെ പോലുള്ള ഒരു പ്രസ്ഥാനത്തിന് കേരളത്തില്‍ നിലപാടുകളോ സമീപനങ്ങളോ സ്വീകരിക്കാന്‍ കഴിയില്ല എന്ന കാര്യം സവിശേഷമായും ശ്രദ്ധിക്കേണ്ടതാണ്. മറിച്ചാണ് അത് ചെയ്യുന്നതെങ്കില്‍ കേരളീയസമൂഹം വലിയ അപചയത്തിലേക്കു നയിക്കപ്പെടുന്നതിന് അതു കാരണമാകും.

Related